ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, October 29, 2020

ജ്ഞാനപ്പാന - ഭാഗം-3




ഓം നമോ ഭഗവതേ വാസുദേവായ



കൃഷ്ണ! കൃഷ്ണ! മുകുന്ദാ ! ജനാർദ്ദനാ
കൃഷ്ണ! ഗോവിന്ദ! നാരായണാ !ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!



          ഗുരുവായൂരപ്പന്റെ ഉത്തമ ഭക്തനായ പൂന്താനം ,ഭഗവാന്റെ തിരുനാമങ്ങൾ പ്രകീർത്തിച്ചു കൊണ്ട് തന്റെ കാവ്യരചന ആരംഭിക്കുകയാണ്!!


നമുക്കും ഭഗവന്നാമങ്ങൾ ഉച്ചരിച്ചു കൊണ്ട് ഗുരുവായൂരപ്പന്റെ പാദാരവിന്ദങ്ങളിൽ നമസ്ക്കരിക്കാം !!


ഹരേ !!ഗുരുവായൂരപ്പാ !!

ആദ്യം തന്നെ ഗുരു വന്ദനമാണ്.


1) ഗുരുനാഥൻ തുണ ചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പൊഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ


അർത്ഥം :എന്റെ ഗുരുനാഥൻ എന്നെ എപ്പോഴും തുണച്ചീടണമേ .
നരജന്മത്തിന്റെ സാഫല്യമായ സായൂജ്യം
(മോക്ഷപ്രാപ്തി ) 
ലഭിച്ചീടുവാനായി ഭഗവന്നാമങ്ങൾ എപ്പോഴും നാവുകൊണ്ട് ഉച്ചരിയ്ക്കാറാകേണമേ
എന്നാണ് കവി പ്രാർത്ഥിക്കുന്നത്.



         നമ്മുടെ സനാതന സംസ്ക്കാരത്തിൽ ഗുരു എന്ന പദത്തിന് വളരെ വലിയ അർത്ഥവും, സ്ഥാനവുമാണുള്ളത്.നാം ഏതൊരു കാര്യവും ഗുരുവന്ദനത്തോടെയാണല്ലൊ ആരംഭിക്കുന്നത്. പരമാത്മാവായ ഭഗവാൻ തന്നെയാണല്ലോ യഥാർത്ഥ ഗുരു !!


 ഗുരു എന്ന പദത്തിലെ  'ഗു' എന്നത് അന്ധകാരത്തെയും, 'രു ' എന്നത് ഇല്ലാതാക്കുന്നതിനെയും സൂചിപ്പിക്കുന്നു. അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കി അറിവു പകരുന്നവരാണ് 'ഗുരു'ക്കൻമാർ! ഒരു മനുഷ്യ ജന്മത്തിൽ ആദ്യ ഗുരുവായി അമ്മയും, രണ്ടാമതായി  അച്ഛനും
പിന്നീട് അറിവു പകർന്നു തരുന്ന ധാരാളം ഗുരുക്കന്മാരും ഉണ്ട്. നമ്മുടെ സംസ്ക്കാരമനുസരിച്ച് ഈ പ്രകൃതി തന്നെ ഗുരുവാണ് ! എന്തിനധികം ചെറുജീവികളായ തേനീച്ചയും, ഉറുമ്പും, മറ്റു പക്ഷിമൃഗാദികളും, വൃക്ഷലതാദികളും എല്ലാം ഗുരുക്കന്മാർ തന്നെ!


 സർവ്വപ്രപഞ്ചത്തിനും അധികാരിയായ പരമാത്മാവിനെ തന്നെയും, മറ്റുള്ള അറിവുകൾ പകർന്നു തന്ന ഗുരുക്കന്മാരെയും പ്രണമിച്ചു കൊണ്ടാണ് പൂന്താനം അദ്ദേഹത്തിന്റെ കൃതിയിലേക്ക് കടക്കുന്നത്!



      ഒരു   മനുഷ്യജന്മം സഫലമാകണമെങ്കിൽ ഭഗവന്നാമങ്ങൾ എപ്പോഴും നാവിന്മേൽ പിരിയാതെ ഉണ്ടായിരിക്കണം, അതായത് സദാസമയവും ഈശ്വരനാമം ജപിക്കണം എന്നാണ് കവി നമ്മെ ഓർമ്മിപ്പിക്കുന്നത് . കലിയുഗത്തിൽ ഭഗവന്നാമങ്ങൾക്കുള്ള പ്രാധാന്യം നമ്മുടെ ഋഷീശ്വരൻമാർ, ഇതിഹാസങ്ങളിലൂടെയും, പുരാണങ്ങളിലൂടെയും വ്യക്തമാക്കിയിട്ടുമുണ്ടല്ലോ!


ഏതൊരു കർമ്മവും   ഭഗവാന്റെ സ്മരണയോടെയും, ഭഗവാന്റെ നാമങ്ങൾ ഉച്ചരിച്ചുകൊണ്ടും ചെയ്യാൻ  നമുക്ക് സാധിക്കണം. ഭഗവദ് ഗീതയിൽ ഭഗവാൻ തന്നെ ഇത് വ്യക്തമാക്കുന്നുമുണ്ട്. ഏതൊരു കർമ്മവും, ഫലേച്ഛയില്ലാതെ ഈശ്വരാർപ്പണമായി ചെയ്യണമെന്നാണ് ഭഗവാന്റെ ഉപദേശം! കലിയുഗത്തിൽ മോക്ഷപ്രാപ്തി നേടാൻ നാമജപം ഒന്നുമാത്രം മതിയാവും എന്നാണ് നമ്മുടെ നിരവധി മഹത്ഗ്രന്ഥങ്ങളും  പറയുന്നത്.

ഹരിനാമകീർത്തനത്തിൽ എഴുത്തച്ഛൻ നാമജപത്തിന്റെ പ്രാധാന്യത്തെപ്പറ്റി പലശ്ലോകങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതും കാണാൻ സാധിക്കും! രണ്ട് ശ്ലോകങ്ങൾ ഇവിടെ പരിചയപ്പെടുത്താം.


19.ഊരിന്നു വേണ്ട ചില ഭാരങ്ങൾ വേണ്ടതിനു
നീരിന്നുവേണ്ട നിജ ദാരങ്ങൾ വേണ്ടതിനു
നാരായണാച്യുത ഹരേയെന്നതിന്നൊരുവർ -
നാവൊന്നെവേണ്ടു ഹരി നാരായണായ നമഃ


50. പലതും പറഞ്ഞു പകൽ കളയുന്ന നാവു തവ
തിരുനാമകീർത്തനമിതതിനായ് വരേണമിഹ
കലിയായ കാലമിതിലിതു കൊണ്ടു മോക്ഷഗതി -
യെളുതെന്നു കേൾപ്പു ഹരിനാരായണായ നമഃ


എത്ര അർത്ഥവത്തായ വരികൾ!!നാമജപത്തിന്റെ പ്രാധാന്യം അറിഞ്ഞു കൊണ്ട് തന്നെ നമുക്കും ജപിക്കാം:


ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ !!
ഓം ശ്രീകൃഷ്ണപരമാത്മനേ നമഃ


 തുടരും ....

ചിന്താമണി വിശ്വനാഥൻ
സദ്ഗമയ സത്സംഗവേദി

No comments:

Post a Comment