ഓം നമോ ഭഗവതേ വാസുദേവായ
പൂന്താനത്തിന്റെ ഭക്തിയെക്കുറിച്ച് ഗുരുവായൂരപ്പനുമായി ബന്ധപ്പെടുത്തിയുള്ള ചില ഐതിഹ്യങ്ങൾ കൂടി നിലവിലുണ്ട്.
അതിങ്ങനെയാണ്:
പൂന്താനം ഗുരുവായൂരപ്പന്റെ കറതീർന്ന ഭക്തനായിരുന്നുവല്ലോ! പ്രസിദ്ധകൃതിയായ നാരായണീയത്തിന്റെ കർത്താവും,
സംസ്കൃതപണ്ഡിതനുമായിരുന്ന മേല്പത്തൂർ നാരായണ ഭട്ടതിരിപ്പാട്, ഈ കാലയളവിൽ തന്നെയായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ ഉണ്ടായിരുന്നത് എന്നാണ് പറയപ്പെടുന്നത്!
ഒരു ദിവസം പൂന്താനം, താനെഴുതിയ സന്താനഗോപാലംപാനയുമായി ഭട്ടതിരിയുടെ സമീപം ചെന്നിട്ട്, അത് വായിച്ചു നോക്കി തെറ്റുതിരുത്തിക്കൊടുക്കാൻ അപേക്ഷിച്ചു! പക്ഷേ, മേല്പത്തൂരിന്റെ മറുപടി
"മലയാളമല്ലെ, ഇത് മറ്റാരെയെങ്കിലും കാണിക്കൂ, വിഭക്തി (പാണ്ഡിത്യം) ഇല്ലാത്ത തന്റെ കൃതി ഞാനെന്തു നോക്കാനാണ് " എന്നായിരുന്നത്രെ!!
മേൽപ്പത്തൂരിന്റെ മറുപടി കേട്ട പൂന്താനത്തിന് ആകെ സങ്കടമായി. അദ്ദേഹം സങ്കടനിവൃത്തി വരുത്താനായി ഭഗവാനെ വിളിച്ച് പ്രാർത്ഥിച്ചു! അപ്പോൾ ശ്രീകോവിലിൽ നിന്നും ഒരു അശരീരി ഉണ്ടായത്രെ!!
" ഭട്ടതിരിയുടെ വിഭക്തിയേക്കാൾ എനിക്കിഷ്ടം പൂന്താനത്തിന്റെ ഭക്തിയാണ്" എന്നായിരുന്നു അശരീരി .
ഇതുകേട്ട ഭട്ടതിരിക്ക് തന്റെ തെറ്റ് മനസ്സിലായി മനംമാറ്റമുണ്ടാവുകയും അദ്ദേഹം പൂന്താനത്തോട് മാപ്പു ചോദിച്ച്കൊണ്ട്, അദ്ദേഹത്തിന്റെ കൃതി വാങ്ങി തെറ്റ് തിരുത്തി കൊടുക്കുകയും ചെയ്തുവത്രെ!! ഇതാണ് ഒരു ഐതിഹ്യം!
ഭഗവാനേ !!
ഭക്തവത്സലാ !!
വേറൊരു ഐതിഹ്യം കൂടി പറഞ്ഞു കഴിഞ്ഞിട്ട് നമുക്ക് കൃതിയിലേക്ക് കടക്കാം! ഐതിഹ്യം ഇതാണ്:
ഒരിക്കൽ ഒരു വേദപണ്ഡിതൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തിച്ചേർന്നു. അദ്ദേഹത്തിന് ഇരിപ്പിടം നൽകാനായി പൂന്താനത്തെ ക്ഷേത്രാധികാരികൾ ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേൽപ്പിച്ചു വിട്ടു. അദ്ദേഹം വളരെ സങ്കടത്തോടെ ഇറങ്ങിപ്പോയി.എന്നാൽ ഭഗവാൻ അദ്ദേഹത്തിന്റെ അടുത്തെത്തി, പൂന്താനം ഇനി ഇങ്ങോട്ട് വരേണ്ട ,ഞാൻ ഇല്ലത്തേക്ക് വരാം എന്ന് അരുളിചെയ്തു! ഇതു കേട്ട് സന്തോഷത്തോടെ ഇല്ലത്തെത്തിയ പൂന്താനത്തിന്റെ ഇടത്തു പുറത്ത് ഭഗവാൻ ഇരുന്ന് ഭക്ഷണം കഴിക്കുകയും, തന്മൂലം പൂന്താനം അവിടെ ഒരു ക്ഷേത്രം നിർമ്മിച്ച് ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുകയും ചെയ്തു വന്നു. ഈ ക്ഷേത്രം ഇടത്തു പുറത്തമ്പലം എന്ന് പ്രസിദ്ധി നേടുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
പൂന്താനത്തിന് വാർദ്ധക്യമായപ്പോൾ ഗുരുവായൂരിലേക്ക് നടന്നെത്താൻ സാധിക്കാത്തതിനാൽ ഭഗവാൻ പൂന്താനത്തിന്റെ ഇല്ലത്തെത്താം എന്ന് അരുളിച്ചെയ്ത് അവിടെ സാന്നിദ്ധ്യം ഉണ്ടായതാണെന്നാണ് മറ്റൊരു ഐതിഹ്യത്തിൽ പറയുന്നത്!
ഐതിഹ്യമെന്തു തന്നെയായാലും ഗുരുവായൂരപ്പന്റെ ഉത്തമ ഭക്തനായിരുന്നു പൂന്താനം എന്നതിൽ യാതൊരു സംശയവുമില്ല തന്നെ !!
ഹരേ!ഗുരുവായൂരപ്പാ !!
ഓം ശ്രീകൃഷ്ണ പരമാത്മനെ നമഃ
തുടരും ....
ചിന്താമണി വിശ്വനാഥൻ
സദ്ഗമയസത്സംഗവേദി
No comments:
Post a Comment