ഓം നമോ ഭഗവതേ വാസുദേവായ
ഗുരുവന്ദനത്തിനു ശേഷം പൂന്താനം കൃതിയിലേക്ക് കടക്കുകയാണ്.
2)ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇനി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ
സാരം: തന്റെ മുജ്ജന്മങ്ങളിൽ താനാരായിരുന്നു എന്നോ, ഇനിയും തനിക്ക് വരാനിരിക്കുന്ന ജന്മങ്ങളിലും താനാരായിരിക്കും എന്നോ ഒരു മനുഷ്യന് അറിയാൻ സാധിക്കുന്നില്ല. ഇന്ന് നാം കാണുന്ന ഈ ശരീരം എപ്പോൾ നശിക്കുമെന്നും നമുക്ക് ആർക്കും അറിയാൻ സാധിക്കുന്നില്ല. അതായത് ഒരുവന് തന്റെ മരണം എപ്പോൾ സംഭവിക്കുമെന്നും ഒരിക്കലും അറിയാൻ സാധ്യമല്ല തന്നെ !! ഈ ഒരു സത്യം വെളിപ്പെടുത്തി കൊണ്ടാണ് പൂന്താനം തന്റെ ഈ കൃതി ആരംഭിക്കുന്നത്!
ഇത് ഒരു പ്രപഞ്ചസത്യം തന്നെയാണ്. പല പല ജന്മങ്ങൾ കഴിഞ്ഞിട്ട് പ്രാപ്തമാകുന്നതാണല്ലോ ഒരു മനുഷ്യജന്മം! കഴിഞ്ഞ ജന്മങ്ങളിൽ താൻ ആരായിരുന്നെന്നോ, ഇനി വരാനിരിക്കുന്ന ജന്മങ്ങളിൽ താൻ ആരായി തീരുമെന്നോ ഒരാൾക്കും അറിയാൻ കഴിയുന്നില്ല.അതു പോലെ തന്നെ അടുത്ത നിമിഷം നമുക്കുള്ളതാണോ എന്നറിയാൻ പോലും നമുക്ക് സാധ്യമല്ല തന്നെ! സാധാരണ മനുഷ്യർക്ക് അപ്രാപ്യമാണ്, ജന്മങ്ങളെക്കുറിച്ചും, ജനനമരണങ്ങളെ കുറിച്ചുമുള്ള അറിവുകൾ എന്നിരിക്കിലും,
സാക്ഷാൽ പരബ്രഹ്മസ്വരൂപനായ ഭഗവാനാണ് ഇതിന്റെയെല്ലാം അധികാരി എന്നതുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്!!
അർജ്ജുനന് ഗീതോപദേശം നൽകുന്ന അവസരത്തിൽ ഗീതോപദേശത്തിന്റെ മാഹാത്മ്യത്തെ പറ്റി, ഭഗവാൻ അർജ്ജുനനോട് പറയുന്നത് എന്താണെന്ന് നോക്കാം.ശ്രീമദ് ഭഗവദ് ഗീതയിലെ നാലാം അദ്ധ്യായത്തിലാണ് ഭഗവാൻ അർജ്ജുനനോട് ഇതെപ്പറ്റി പറയുന്നത്:
"ഈ അവ്യയമായ യോഗത്തെ ഞാൻ സൂര്യന് ഉപദേശിച്ചു. സൂര്യൻ മനുവിനും, മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു. ഇപ്രകാരം പരമ്പരാ പ്രാപ്തമായ ഈ യോഗത്തെ രാജർഷികൾ മനസ്സിലാക്കി.ആ യോഗം കാലക്രമത്തിൽ നഷ്ടമായി. നീ എന്റെ ഭക്തനും, സ്നേഹിതനും ആകയാലാണ്, അത്യന്തം രഹസ്യമായ ആ യോഗം ഞാനിപ്പോൾ നിനക്ക് ഉപദേശിക്കുന്നത്" എന്ന്. ഇതു കേട്ട അർജ്ജുനന് സംശയം: "വിവസ്വാന്റെ (സൂര്യൻ) ജന്മം മുൻപും, അങ്ങയുടേത് പിന്നീടും ആണല്ലൊ, ആ സ്ഥിതിക്ക് അങ്ങ് അത് ആദ്യം വിവസ്വാന് ഉപദേശിച്ചു എന്നു പറഞ്ഞാൽ ഞാൻ എങ്ങിനെ അത് മനസ്സിലാക്കും?" അർജ്ജുനന്റെ ന്യായമായ സംശയമായിരുന്നു അത്. അതിനുള്ള ഭഗവാന്റെ മറുപടി ഗീതയിലെ കുറച്ച് ശ്ലോകങ്ങളിലൂടെ നമുക്ക് വായിച്ചറിയാൻ കഴിയും.
അതിൽ ഒരു ശ്ലോകം നമുക്ക് പരിശോധിക്കാം.
ശ്ലോകം 4 / 5
ബഹൂനി മേ വ്യതീതാനി
ജന്മാനി തവ ചാർജ്ജുന -
താന്യഹം വേദസർവാണി
ന ത്വം വേത്ഥ പരംതപ
സാരം: "അല്ലയോ അർജ്ജുനാ! എനിക്കും നിനക്കും അനേക ജന്മങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്. എന്റെയും നിന്റെയും ജന്മങ്ങൾ എല്ലാം ഞാൻ അറിയുന്നു.പരാക്രമിയായ അല്ലയോ അർജ്ജുനാ, നീ
അത് അറിയുന്നില്ല ." ഇതിൽ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാം, ഈ പ്രപഞ്ചത്തിലെ സത്യങ്ങളെല്ലാം, അറിയാനും മനസ്സിലാക്കാനും, കഴിയുന്നതിന് മനുഷ്യർക്ക് ഒരു പരിധി ഉണ്ട്.
എല്ലാം അറിയുന്നത് പരബ്രഹ്മസ്വരൂപനായ ഭഗവാന് മാത്രമാണെന്ന് !!
തുടർന്നുള്ള ശ്ലോകങ്ങളിലൂടെ ഭഗവാന്റെ നിരവധി മാഹാത്മ്യങ്ങളും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്!
അപ്പോൾ ഇതാണ് അതിന്റെ പരമാർത്ഥം. പരബ്രഹ്മസ്വരൂപനായ ഭഗവാന് മാത്രമെ ഇന്നലെ, ഇന്ന്, നാളെ എന്ത് നടക്കും എന്നറിയാൻ കഴിയുകയുള്ളൂ. സാധാരണ മനുഷ്യരായ നമുക്ക് ഭഗവാനെ ഭക്തിപൂർവ്വം സ്മരിക്കാൻ മാത്രമെ കഴിയൂ ! ഈ പ്രപഞ്ചത്തിലെ ഓരോ സ്പന്ദനവും ഭഗവാന്റെ ഇച്ഛയ്ക്കനുസരിച്ച് മാത്രം നടക്കുകയാണ് !!നാം ഓരോരുത്തരും ഞാൻ ചെയ്യുന്നു എന്ന ഭാവത്തിൽ ചെയ്യുന്ന ഓരോ കർമ്മവും ഭഗവാന്റെ ഇച്ഛയ്ക്കും, നിയന്ത്രണത്തിനും അനുസരിച്ച് മാത്രമാണ് നടക്കുന്നത്! നമുക്ക് ഞാൻ, എന്റേത് എന്ന ഭാവത്തെ ത്യജിച്ച് ഭഗവാൻ എന്ന സത്യത്തെ ഭക്തിപൂർവ്വം സ്മരിക്കാം!
ഹരേ !!
ഗുരുവായൂരപ്പാ !!
ഓം ശ്രീകൃഷ്ണപരമാത്മനെ നമഃ
തുടരും.......
ചിന്താമണി വിശ്വനാഥൻ
സദ്ഗമയസത്സംഗവേദി
No comments:
Post a Comment