ഇതിഹാസങ്ങളും പുരാണങ്ങളും വേദ- ഉപനിഷത്ത് തത്ത്വങ്ങളെ ബോധിപ്പിക്കുന്നതിനുള്ളതാണ്. കഥകളിലൂടെ നമ്മെ ബോധിപ്പിക്കുന്നത് സത്യദർശനം തന്നെയാണ്. ന്യൂട്ടന്റെ ചലന നിയമങ്ങൾ പറയുന്നതിനു മുൻപ് ടീച്ചർ ഒരു കഥ പറയും, ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണ കഥ. ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴും മുൻപ് ഭൂമിക്ക് ഗുരുത്വാകർഷണമുണ്ടായിരുന്നു. ഇങ്ങനെ പലരുടെ തലയിലും കൈയ്യിൽ നിന്നും പലതും വീണിട്ടുമുണ്ട് താഴെ പോയിട്ടുമുണ്ട്. പക്ഷേ അവരൊന്നും അതു എന്തുകൊണ്ട് എന്ന് അന്വേഷിച്ചില്ല. അപ്പോൾ അന്വേഷകനുമാത്രമാണ് സത്യം വെളിപ്പെടു, അല്ലാത്തവർ മറ്റുള്ളവർ പറയുന്നത് വിശ്വസിച്ചോളണം.
ഇവിടെ ഓരോ കഥയും, കഥാപാത്രങ്ങളും ഓരോ തത്ത്വങ്ങളാണ്. ഉപയോഗിച്ചിരിക്കുന്ന പേരുകൾ പോലും അതു സൂചിപ്പിക്കുന്നുണ്ട്. കഥയിലൂടെ തത്ത്വം പറയുന്നത് ആചാര്യന്റെ ഒരു രീതിയായിരുന്നു. അതിനവർ തത്ത്വങ്ങളെ കഥയും, കഥാപാത്രങ്ങളുമാക്കി ചിത്രീകരിച്ചു. എന്നാൽ നമ്മൾ ഈ കഥയിൽ മാത്രം കുടുങ്ങിപ്പോയി. ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണ കഥ അറിയാം എന്നാൽ ഭൂഗുരുത്വാകർഷണം, ചലന നിയമങ്ങൾ അറിയില്ല. കഥയ്ക്കു പിന്നിലെ തത്ത്വത്തെ അറിയാതെ പോയി. ഉദാഹരണമായി, H2O ജലത്തിന്റെ തന്മാത്ര വാക്യമാണ്. ഇവിടെ വേണമെങ്കിൽ ഹൈഡ്രജനേയും; ഓക്സിജനേയും കഥാപാത്രമാക്കി പഠിപ്പിക്കാം. ഒരു രാജ്യത്ത് ഹൈഡ്രജൻ എന്നു പേരായ രണ്ട് (H2) ഇരട്ട സഹോദരങ്ങൾ ഉണ്ടായിരുന്നു അവർ അയലത്തെ ഓക്സിജൻ എന്നു പേരായ രാജ്ഞിയെ വിവാഹം കഴിച്ചു ഇവർക്ക് വാട്ടർ (H2O) എന്നു പേരുള്ള ഒരു പുത്രനുമുണ്ടായി
ഇങ്ങനെ പറയാം; ഈ കഥ പറയുന്നത് രണ്ട് ഹൈഡ്രജൻ ആറ്റവും ഒരു ഓക്സിജൻ ആറ്റവും ചേർന്നാൽ ജലം ഉണ്ടാകും എന്ന തത്ത്വം പറഞ്ഞു.
ഇതാണ് വ്യാസനും, വല്മീകിയും ചെയ്തത്. പക്ഷേ നാം കഥയിൽ ഭ്രമിച്ച് കഴമ്പില്ലാത്തവരായി മാറി. ഈ തത്ത്വം അറിയാത്തതാണ് പല ചോദ്യങ്ങൾക്കും നമുക്ക് ഉത്തരം ലഭിക്കാതെ പോകുന്നതും. ഈ തത്ത്വം ഗ്രഹിക്കുവാൻ നമുക്ക് സാധിക്കട്ടെ....
ഹരി ഓം
വിഷ്ണു ശ്രീലകം
No comments:
Post a Comment