ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, August 17, 2017

മഹാബലിയുടെ കഥ



അചഞ്ചലമായി സ്ഥിരബുദ്ധിയോടെ നിന്ന ഈ അസുരാധിപന്‍ അണുവിടപോലും സത്യത്തില്‍നിന്നു വ്യതിചലിച്ചില്ല. അതുകൊണ്ട് ദേവന്മാര്‍ക്കുപോലും ലഭ്യമല്ലാത്ത ഒരുസ്ഥാനത്ത് ഇവനെ (മഹാബലി ) ഞാന്‍ പ്രതിഷ്ഠിക്കുന്നു. കൂടാതെ സാവര്‍ണിമനുവിന്റെ കാലത്ത് ഈ സത്യവാക്പടുവിന് ഇന്ദ്രനായി വാഴാനുള്ള അവസരവും ഞാനിതാ വാഗ്ദാനം ചെയ്യുന്നു. അക്കാലം വരെ ഇവന്‍ വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിതമായ സുതലത്തില്‍ പോയി സുഖമായി വസിക്കട്ടെ.


Image result for മഹാബലിഓണക്കഥയിലെ വാമനന്റെയും മഹാബലിയുടെയും കഥ മഹാഭാഗവത പുരാണത്തില്‍ നിന്ന് ഇന്ന് വളരെയധികം അകലെയെത്തി വിരൂപമായിരിക്കുന്നു. ആളില്‍ കുറിയവന്‍ എന്നതുകൊണ്ട് വാമനനെ വഞ്ചനയുടെ പ്രതീകമായി നാം ചിത്രീകരിച്ചു. സദ്ഭരണത്താല്‍ ഇതിഹാസാതീതമായ പുരുഷത്വവും മഹത്തായ ത്യാഗം അഥവാ ബലിദാനംകൊണ്ട് മഹാബലിയെന്ന ബിരുദവും കൊടുത്ത് ഇന്ദ്രസേനനെ നാം പലവിധത്തില്‍ കൊണ്ടാടിപ്പുകഴ്ത്തി. അവരുടെ യഥാര്‍ത്ഥത്തിലുള്ള സഞ്ചാരപഥങ്ങള്‍ വ്യാസന്റെ പുരാണവാക്യങ്ങളില്‍ ഒതുങ്ങിക്കിടക്കുമ്പോള്‍ നാം നിരന്തരം വാമൊഴികളില്‍ക്കൂടി മവേലിയെ നൂറ്റാണ്ടുകളായി ആരാധിച്ചും എതിരേറ്റും, തോന്നിയ മാര്‍ഗങ്ങളില്‍ക്കൂടി മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ വാമനന്‍ എന്ന അവതാരകുമാരനെ മഹാഭാഗവത (മൂലം) കഥകളില്‍ക്കൂടി ഇനിയെങ്കിലും നോക്കിക്കാണാന്‍ ഒരു ശ്രമം ആവശ്യമായിവന്നിരിക്കുന്നു.



ഹിന്ദുക്കള്‍ ഇപ്പോഴും വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയെന്നും നല്ലചക്രവര്‍ത്തിയായിരുന്ന അദ്ദേഹം തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ ആണ്ടിലൊരിക്കല്‍ വരുന്നുവെന്നുമുള്ള കഥകളില്‍ അടിയുറച്ചു വിശ്വസിക്കുന്നു. ഭാഗവതതത്ത്വങ്ങള്‍ ഭാഗവതകഥാകാരനായ വ്യാസന്‍ രേഖപ്പെടുത്തിയിട്ടുള്ള അതേവഴികളില്‍ക്കൂടി പാമരജനങ്ങള്‍ക്ക് വായിച്ചുകേള്‍പ്പിച്ച് അതിന്റെ അന്തഃസത്ത അഥവാ ധ്വനി എന്താണെന്ന് അവരെ ബോധ്യപ്പെടുത്തി അന്ധകാരത്തില്‍നിന്ന് ജ്ഞാനത്തിന്റെ മാര്‍ഗത്തിലേക്ക് നയിക്കാനായിരിക്കണം യജ്ഞങ്ങള്‍ നടത്തപ്പെടേണ്ടത്. അപ്രകാരം ഉദ്ദേശിച്ചു നടപ്പാക്കാത്തതുകൊണ്ടാണ് ജനങ്ങള്‍ ഇന്നും പാമരന്മാരായിത്തന്നെ മ്ലേച്ഛകഥകളും പറഞ്ഞ് വിഡ്ഢിത്താഭിമാനികളായി നടക്കുന്നത്.



കഥയും കാഴ്ചപ്പാടും

അസുരാധിപത്യത്തിന്റെ ശക്തമായ കാലം. ദേവവൃന്ദത്തെ പാരമ്പര്യ ശത്രുക്കളായിക്കണ്ട അസുരന്മാര്‍ ദേവന്മാരെ തോല്‍പ്പിച്ച് അവരെ സ്വദേശത്തുനിന്ന് പായിക്കുകയും ദേവേന്ദ്രനെപ്പോലും നാടുകടത്തുകയും ചെയ്തു. ഭഗവാന്‍ വിഷ്ണുവിന്റെ ഭക്തരില്‍ സര്‍വ്വശ്രേഷ്ഠനും ഭഗവദനുജ്ഞയാല്‍ മുപ്പത്താറായിരം വര്‍ഷം നാടുവാഴാന്‍ ഭാഗ്യം ലഭിച്ചവനുമായ പ്രഹ്ലാദന്റെ പൗത്രനായ ഇന്ദ്രസേനനാണ് ഇപ്പോഴത്തെ ദേവേന്ദ്രന്‍. ദേവലോകം മാത്രമല്ല ഇതരലോകങ്ങളും കീഴ്‌പ്പെടുത്തിയെങ്കിലും അഹങ്കാരമത്തുബാധിക്കാതെ അദ്ദേഹം ധര്‍മ്മാനുസൃതമായി പ്രജാപരിപാലനം ചെയ്തുപോരുന്നു. അസുരകുല ജാതരാണെങ്കിലും പ്രപിതാമഹനായ ഹിരണ്യാക്ഷന്റെ കാലത്തിനുശേഷം അസുരഭാവങ്ങള്‍ മാറ്റിവച്ച് കുലമര്യദകള്‍ പാലിക്കുന്നവരും വിഷ്ണുഭക്തരുമായിത്തീര്‍ന്നു പിന്‍തലമുറക്കാര്‍; ഇന്ദ്രസേനനും.


സ്വന്തം ഭൂമിയും കിടപ്പാടവും കൈയൂക്കുകൊണ്ട് അന്യര്‍ തട്ടിയെടുത്തത് തിരിച്ചുകിട്ടുകയും, തങ്ങളുടെ രാജാവിനെ ഇന്ദ്രപദവിയില്‍ തിരിച്ചുകൊണ്ടുവരികയും വേണമെന്നുള്ള ന്യായമായ ആഗ്രഹം മാത്രമേ അന്ന് ദേവസമൂഹത്തിനുള്ളൂ. തന്റെ മുന്നില്‍ മക്കളുടെ ദുരവസ്ഥയോര്‍ത്ത് വിലപിച്ചുനിന്ന ദേവമാതാവായ അദിതിയോട് അതിനുള്ള പരിഹാരം വിഷ്ണുഭഗവാന്‍ ഉപദേശിച്ചു. പക്ഷെ, ആ കാലം അസുരകുലത്തിന് അനുകൂലമാണെന്ന് ഭഗവാന്‍ കണ്ടു. അതോടൊപ്പം ദേവപക്ഷത്തിന് പ്രതികൂലമാണെന്നും.


കാലം സ്വതന്ത്രമാണ്. കാലപുരുഷനായ തനിക്കുപോലും അതിന്റെ ക്രമഗതിയെ മാറ്റിമറിക്കാനാകില്ല. ലോകത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ദേവപക്ഷമായാലും അസുരപക്ഷമായാലും ഇരുകൂട്ടര്‍ക്കും അവസരം കൊടുക്കുകയെന്നുള്ളത് കാലത്തിന്റെ ഒരു ലീലയാണ്. അസുരപക്ഷത്തിന് ഇപ്പോള്‍ അനുകൂലമായ കാലമായതുകൊണ്ട് അവര്‍ സര്‍വൈശ്വര്യങ്ങളും സുഖങ്ങളും അനുഭവിക്കുന്നു. ദേവന്മാര്‍ക്ക് അനുകൂലവും അസുരന്മാര്‍ക്കും അവരുടെ ചക്രവര്‍ത്തിക്കും പ്രതികൂലവുമാകുന്ന കാലഘട്ടം വരുവോളം കാത്തിരിക്കേണ്ടിവരുമെന്ന് ഭഗവാന്‍ അമ്മയോട് പറഞ്ഞു.


എല്ലാം ചിന്തിച്ച ഭഗവാന്‍ കാലത്തെ കുറെക്കൂടി മുന്നോട്ട് കടത്തിവിടാന്‍ ദേവമാതാവായ അദിതിയോട് ഇങ്ങനെ പറഞ്ഞു.- ഭവതി എന്നെ വിഷ്ണുരൂപത്തില്‍ ധ്യാനിച്ച് കഴിഞ്ഞുകൂടുക. ദേവമാതാവിന്റെ ആ ധ്യാനകാലം ആയിരത്തിലധികം ആണ്ടുകളെ തള്ളിനീക്കി. ശേഷം കാലം അനുകൂലമായി വന്നപ്പോഴാണ് വാമനാവതാരത്തിന് സന്ദര്‍ഭം തെളിഞ്ഞത്. ആ അവതാരവേള ഇന്ദ്രസേനന്റെ ഇഹലോകവാസത്തിന്റെ ജാതകാന്ത്യവുമായിത്തീര്‍ന്നു.


അങ്ങനെ കാലപുരുഷന്‍ ചുവടുമാറ്റി ചവുട്ടിയ ഒരു കാലം. നര്‍മ്മദയുടെ വടക്കേക്കരയിലുള്ള ഭൃഗുകച്ഛമെന്ന വയലില്‍ ഇന്ദ്രസേനന്‍ അശ്വമേധയാഗമാരംഭിച്ചു. (വിശ്വജിത്തെന്ന യാഗമായിരുന്നെന്ന് മഹാഭാരതം). ഒരുദിനം യാഗശാലയിലേക്ക് സൂര്യന്മട്ടില്‍ തേജസ്സാര്‍ന്ന മുഖേത്താടെ ബാലനായ ബ്രാഹ്മണവടു കടന്നുവന്നു. ആ തേജസ്സില്‍ മതിമറന്ന എല്ലാവരും ആ വടുവിന്റെ മഹാതേജസ്സില്‍ ആശ്ചര്യംകൊണ്ടു. എല്ലാവരും എഴുന്നെറ്റുചെന്ന് വടുവിനെ വേണ്ടവിധം ബഹുമാനിച്ചാദരിക്കാനാരംഭിച്ചു. ഇന്ദ്രസേനന്‍ ഭാര്യയായ വിന്ധ്യാവലിയുമൊത്ത് അര്‍ഘ്യപാദ്യാദികള്‍വച്ച് പൂജിച്ചു. തനിക്ക് തപസ്സനുഷ്ഠിക്കാന്‍ മൂന്നടി സ്ഥലം വേണമെന്ന് വടു ചക്രവര്‍ത്തിയോട് ആവശ്യപ്പെട്ടു. ദാനശീലനായ ഇന്ദ്രസേനന്‍ വടു ആവശ്യപ്പെട്ട ഭൂമി നല്‍കാന്‍ ഒരുമ്പെട്ടപ്പോള്‍ അസുരകുലഗുരുവായ ശുക്രന്‍ ആഗതനായ വടുവിന്റെ പുറവും അകവും അകക്കണ്ണാല്‍ മനസ്സിലാക്കിയിട്ട് ഇന്ദ്രസേനന്റെ ദാനയത്‌നത്തെ തടഞ്ഞു. പ്രഹ്ലാദന്റെ പൗത്രനായ താന്‍ സത്യംചെയ്തുപോയാല്‍ എന്തു വിപത്തുവന്നാലും പാലിക്കുമെന്ന് പറഞ്ഞ് അദ്ദേഹം ഓം എന്നുചൊല്ലി ദാനം ചെയ്തു നീര്‍വീഴ്ത്തി. അനന്തരം വിന്ധ്യാവലിയുമൊത്ത് ആ വടുവിന് പാദപൂജചെയ്തു.



വടുവായ ബാലന്‍ പെട്ടെന്ന് വളര്‍ന്നു. ആകാശംമുട്ടെ വളര്‍ന്നുകൊണ്ട് തന്റെ വിശ്വരൂപപ്രകടനത്തില്‍ക്കൂടി സകല പ്രപഞ്ചസഞ്ചയത്തെയും ചരാചരവര്‍ഗ്ഗങ്ങളെയും ഇന്ദ്രസേനാദി അസുരവൃന്ദത്തില്‍ ചിലര്‍ക്കും അവിടെ കൂടിയിരുന്ന മഹര്‍ഷിമാര്‍ക്കും കാട്ടിക്കൊടുത്തുകൊണ്ട് രണ്ടു ചുവടുകള്‍ വച്ചു ഭൂലോകവും സ്വര്‍ലോകവും അളന്നുകഴിഞ്ഞു. മൂന്നാമത് ഉയര്‍ത്തിയ കാലുമായി വടു ഇന്ദ്രസേനനെന്ന അസുരാധിപനോട് ചെദിച്ചു:’മൂന്നാമത് കാലടിവയ്ക്കാന്‍ ഇനി സ്ഥലമുണ്ടെങ്കില്‍ കാട്ടിത്തരിക. മൂന്നാമതളക്കാന്‍ ഭൂമി കാട്ടിക്കൊടുക്കാനാവതില്ലാഞ്ഞ് ഇന്ദ്രസേനന്‍ കുഴങ്ങി. അദ്ദേഹം പരവശപ്പെട്ടു. തന്റെ വാക്കുപാലിക്കാനാകുന്നില്ല. തന്നെ സത്യദോഷം ബാധിച്ചിരിക്കുന്നു എന്നൊക്കെ ചിന്തിച്ച് ആകെ വ്യാകുലപ്പെട്ടുനിന്നു. തുടര്‍ന്ന് വാമനന്‍ അനേകതരത്തിലുള്ള ആക്ഷേപവാക്കുകള്‍ പറഞ്ഞ് അനേകരുടെ മുന്നില്‍വച്ച് അദ്ദേഹത്തെ അപമാനിച്ച് പരവശനാക്കി. ദേവദൃഷ്ടി തന്നില്‍ പതിഞ്ഞപ്പോള്‍ ഗരുഡന്‍ പെട്ടെന്നു പറന്നുവന്ന് ഇന്ദ്രസേനനെ വരുണപാശംകൊണ്ട് ബന്ധിച്ചുകഴിഞ്ഞു. എന്തൊരു കഷ്ടം!



ബന്ധനസ്ഥനായ ഇന്ദ്രസേനന്‍ ഭഗവാനോടായി പറഞ്ഞു: ‘ഞാന്‍ അങ്ങയെ വഞ്ചിച്ചിട്ടില്ല. അങ്ങയുടെ മൂന്നാം ചുവട് എന്റെ ശിരസ്സില്‍ അര്‍പ്പിച്ചാലും.അദ്ദേഹം തൊഴുകൈകളോടെ വടുവിന്റെ മുന്നില്‍ കുമ്പിട്ടിരുന്നു. ഭയവിഹ്വലവും കലുഷിതവും അസുരപരിവാരങ്ങളില്‍ കോപത്തിനും കാരണമായിത്തീര്‍ന്ന രംഗങ്ങള്‍ നിറഞ്ഞ ആ യാഗശാലയിലേക്ക് ഒരു മഹാവൃദ്ധതേജസ്സ് കടന്നുവന്നു -പ്രഹ്ലാദന്‍! ഇന്ദ്രസേനന്‍ പരവശനായിട്ടും പിതാമഹനെ ആദരിച്ച് ഒരുതരത്തില്‍ എഴുന്നേറ്റുനിന്നു. ലജ്ജിതനും പരാജിതനും അപമാനിതനുമായി അദ്ദേഹം കണ്ണുനീര്‍ തൂകിപ്പോയി. പ്രഹ്ലാദന്‍ ഭംഗിവാക്കുകള്‍ ചൊല്ലി സാന്ത്വനിപ്പിച്ചുനില്‍ക്കെ ബ്രഹ്മാവ് ഹംസപക്ഷങ്ങളുടെ പ്രവേഗത്തില്‍ അവിടെ എത്തിച്ചേര്‍ന്നു. അദ്ദേഹം ഭഗവാനോടായി പറഞ്ഞു: ‘ദേവദേവ! ഈ സാധുശീലനെ അങ്ങ് മോചിപ്പിച്ചാലും. ഇവന്‍ സമസ്തവിഭൂതികളും സ്വന്തം ദേഹംപോലും സന്മനസ്സോടെ നിന്തിരുവടിക്കായി ദാനം ചെയ്തുകഴിഞ്ഞല്ലൊ. ഇതിനിടയില്‍ സോമരസം പെട്ടെന്ന് ഹവിസ്സായി അഗ്നിയില്‍ അര്‍പ്പിച്ചുകൊണ്ട് ഋത്വിക്കുകള്‍ ഇന്ദ്രസേനനുവേണ്ടി തുടങ്ങിയ യാഗം അവസാനിപ്പിച്ചു.



ഭഗവാന്‍ പറഞ്ഞു:’ബ്രഹ്മദേവാ! ഞാന്‍ എന്റെ ഭക്തനെ അനുഗ്രഹിക്കാന്‍ തുടുങ്ങുമ്പോള്‍ അവന്റെ ഐശ്വര്യം മുഴുവനും ആദ്യമായി അപഹരിക്കുന്നു. ജന്മകര്‍മ്മങ്ങളും വിദ്യയും വയസ്സും സൗന്ദര്യവും ധര്‍മ്മമാര്‍ഗത്തിലൂടെ സമ്പാദിച്ച ധനവും ഐശ്വര്യവും എല്ലാമുണ്ടായിട്ടും അഹങ്കരിക്കാതിരിക്കുവാന്‍ ഇവന് സാധിച്ചത് എന്റെ അനുഗ്രഹംകൊണ്ടുതന്നെയാണ്. ഇവന്റെ സര്‍വ്വ സമ്പത്തുകളും ഞാന്‍ പിടിച്ചടക്കിയിട്ട് ഇവന്‍ ലേശംപോലും ദുഃഖിതനായില്ല. സമ്പത്തും ഇന്ദ്രപദവിയും ബന്ധുക്കളുമൊക്കെ നഷ്ടമായതും ശത്രുക്കള്‍ പരിഹസിച്ചതുമെല്ലാം അവന്‍ സഹിച്ചു. ശുക്രാചാര്യന്‍ നിന്ദാവാക്കുകളോടെ അവനെ ശപിച്ചിട്ടുപോലും അവന്‍ വാക്കുപാലിച്ചു.
‘ഞാന്‍ പരിഹാസ്യമായ നിന്ദാവാക്കുകളോടെയായിരുന്നു അവനോട് ധര്‍മ്മോപദേശം ചെയ്തതുപോലും. എന്നിട്ടും അചഞ്ചലമായി സ്ഥിരബുദ്ധിയോടെ നിന്ന ഈ അസുരാധിപന്‍ അണുവിടപോലും സത്യത്തില്‍നിന്നു വ്യതിചലിച്ചില്ല. അതുകൊണ്ട് ദേവന്മാര്‍ക്കുപോലും ലഭ്യമല്ലാത്ത ഒരുസ്ഥാനത്ത് ഇവനെ ഞാന്‍ പ്രതിഷ്ഠിക്കുന്നു. കൂടാതെ സാവര്‍ണിമനുവിന്റെ കാലത്ത് ഈ സത്യവാക്പടുവിന് ഇന്ദ്രനായി വാഴാനുള്ള അവസരവും ഞാനിതാ വാഗ്ദാനം ചെയ്യുന്നു. അക്കാലം വരെ ഇവന്‍ വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിതമായ സുതലത്തില്‍ പോയി സുഖമായി വസിക്കട്ടെ.


അവിടെ വസിക്കവെ ഈ വീരന് യഥേഷ്ടം എന്നെ വന്നുകാണാനുള്ള അനുവാദവും ഞാന്‍ കൊടുക്കുന്നു. മഹത്തായ ബലിയനുഷ്ഠിച്ചതുകൊണ്ട് ഇന്ദ്രസേനന്‍ ഇന്നുമുതല്‍ മഹാബലിയെന്നു കീര്‍ത്തിക്കപ്പെടും. അവസാനം മഹാബലിയായിത്തീര്‍ന്ന ഇന്ദ്രസേനനോട് വാമനന്‍ പറഞ്ഞു:’അങ്ങേക്ക് ഉണ്ടായിരുന്ന അസുരഭാവം എന്നോടുള്ള സമ്പര്‍ക്കം നിമിത്തം ക്രമേണ നഷ്ടമായിത്തീരട്ടെ! മഹാബലി സന്തോഷവാനായി സുതലത്തിലേക്ക് യാത്രതിരിച്ചു.




No comments:

Post a Comment