ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, August 23, 2017

നിഗൂഢമാകുന്ന മന്ത്രം നഗ്നമായ പ്രതിഭ



ആചാര്യ ശ്രീ രാജേഷ്


മന്ത്രമെന്ന വാക്ക് ഇപ്പോഴും നമ്മില്‍ നിഗൂഢതയുടെ ഓളങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. കാരണം അനാദികാലമായി നാം കേട്ടുകൊണ്ടുപോരുന്ന വാക്ക്. അതില്‍ നിഗൂഢതയും രഹസ്യാതിരഹസ്യമായ രാസസംയുക്തവുമൊക്കെ അടങ്ങിയിരിക്കുന്നു. മന്ത്രം നിഗൂഢമാണ്. അതിനേക്കാള്‍ നിഗൂഢമായത് മന്ത്രസാധനയാണെന്നു വേദങ്ങളില്‍ കാണാം. ആ മന്ത്രസാധനയുടെ യഥാര്‍ത്ഥമായ ഉള്ളറകള്‍ എന്താണെന്നു നമുക്ക് പരിശോധിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിലെ സര്‍വ ശാസ്ത്രങ്ങളുടേയും ആധികാരികത വേദവുമായി ഉരച്ചുനോക്കിയിട്ടാണു തീരുമാനിക്കുക. അപ്പോള്‍ വേദമാണ് നമുക്ക് മന്ത്രത്തിന്റെ രഹസ്യങ്ങളെ തുറന്നുതരുന്ന ഏക താക്കോല്‍.


അനേകായിരം സംശയങ്ങളില്‍ നാം സ്വയം ഇല്ലാതാകുന്നു. കാരണം സംശയങ്ങള്‍ ഉണ്ടാകുന്നത് അജ്ഞാനത്തില്‍ നിന്നാണ്. യഥാര്‍ത്ഥമായ ജ്ഞാനം വരുന്നതോടെ നമുക്ക് സംശയങ്ങള്‍ അകലുന്നു. ഇതിന്നര്‍ത്ഥം സംശയം ചോദിക്കരുതെന്നല്ല. വേദത്തെയും അതിലടങ്ങിയിട്ടുള്ള മന്ത്രങ്ങളെയും സംബന്ധിച്ചിടത്തോളം അവ കേവലം വാക്കുകളുടെ അടുക്കല്‍ മാത്രമല്ല, അതിനകത്ത് നാമിന്നുവരെ കണ്ടിട്ടില്ലാത്ത അനന്തമായ രഹസ്യകോഡ് ഉണ്ട്. തൈത്തിരീയ ബ്രാഹ്മണത്തില്‍ ഒരു കഥയുണ്ട്. അതിവിടെ ഏറെ പ്രസക്തമാണെന്നു തോന്നുന്നു. ബ്രാഹ്മണം എന്നു കേള്‍ക്കുമ്പോള്‍ പേടിക്കേണ്ട കാര്യമൊന്നുമില്ല. വേദവ്യാഖ്യാനങ്ങളാണ് ബ്രാഹ്മണങ്ങള്‍. അവിടെ പറയുന്ന കഥ ഭരദ്വാജന്‍ എന്ന ഋഷിയുമായി ബന്ധപ്പെട്ടതാണ്. ഭരദ്വാജന്‍ മൂന്നു ജന്മം തുടര്‍ച്ചയായി തപസ്സും വേദാധ്യയനവും ചെയ്തു. അങ്ങനെ തളര്‍ന്നു കിടന്നുപോയി ഭരദ്വാജഋഷി. ഇന്ദ്രന്‍ അദ്ദേഹത്തിന്റെ അരികിലെത്തി ചോദിച്ചു. ”ഭരദ്വാജ, അങ്ങേക്ക് നാലാമതൊരു ജന്മം തരാം. അങ്ങനെയെങ്കില്‍, ആ ജന്മം കൊണ്ട് താങ്കള്‍ എന്തു ചെയ്യും? ഞാന്‍ വേദാധ്യയനവും തപസ്സും തുടരുമെന്നായിരുന്നു ഭരദ്വാജന്റെ മറുപടി.



അതു പറഞ്ഞപ്പോള്‍ അവിടെ നേരത്തെ കണ്ടിട്ടില്ലാത്ത മൂന്നു വലിയ മലകള്‍ കണ്ടു. ഓരോന്നില്‍ നിന്നും ഇന്ദ്രന്‍ ഒരുപിടി മണ്ണുവാരി എടുത്തു. ഇന്ദ്രന്‍ പറഞ്ഞു:


”ഭരദ്വാജാ, ഈ മലകള്‍ പോലെയാണ് വേദങ്ങള്‍. വേദങ്ങള്‍ അനന്തമാണ്. മൂന്നു ജന്മംകൊണ്ട് അങ്ങറിഞ്ഞതാകട്ടെ, എന്റെ കൈയ്യിലിരിക്കുന്ന ഈ മൂന്നു ഉരുളകള്‍ പോലെ ചെറുതും. ബാക്കി ഇനി അറിയാന്‍ കിടക്കുന്നതാണ്. വേദം സമസ്ത ജ്ഞാനവുമാണെന്നു തിരിച്ചറിയുക.” (തൈത്തീരിയ ബ്രാഹ്മണം. 3.10. 11-3-4)


നമ്മളില്‍ പലരും നാല് വേദങ്ങള്‍ കണ്ടിട്ടുണ്ടാകും. ചിലര്‍ കണ്ടിട്ടുണ്ടാവില്ല. എങ്കിലും നാല് വേദങ്ങളും കൂടിച്ചേര്‍ന്നാലും അത് മഹാഭാരതത്തിന്റെ അത്ര വരില്ല. അപ്പോള്‍ ഇന്ദ്രന്‍ പറയുന്നതുപോലെ വേദം അനന്തമാണോ? ആ വേദ മന്ത്രത്തില്‍ സമസ്ത വിദ്യയുമുണ്ടെന്ന ഇന്ദ്രന്റെ പ്രസ്താവന വെറുതേയാണോ? വേദമന്ത്രങ്ങളിലെ അനന്തമായ ജ്ഞാനം നേടുകയെന്നാല്‍ അനന്തമായ സാധനയിലേക്കും തപസ്സിലേക്കും ഊളിയിടുക എന്നാണര്‍ത്ഥം. അനന്തമായ ജ്ഞാനവാരിധിയാണ് വേദങ്ങള്‍. ആ അനന്തജ്ഞാനം നേടുവാന്‍ പരിശ്രമിക്കാനേ നമുക്കാവൂ. ഭരദ്വാജനെപ്പോലുള്ള ഋഷിയ്ക്കും അങ്ങനെത്തന്നെ.



ഋഗ്വേദത്തിലെ ഒരു മന്ത്രം ഇങ്ങനെയാണ്.



അഹമേവ സ്വയമിദം വദാമി

ജുഷ്ടന്ദേവേഭിരുതമാനുഷേഭിഃ

യം കാമയേ തന്തമുഗ്രങ്കൃണോമി

തം ബ്രഹ്മാണന്ത മുഷിന്തം സുമേധാം

                        (ഋഗ്വേദം 10.125.5)


പ്രശസ്തമാണ് ഈ മന്ത്രം. എന്താണ് ഈ മന്ത്രത്തിന്റെ അര്‍ത്ഥം? ആരാണ് ഈ മന്ത്രം പറയുന്നത്. ഈ മന്ത്രമോതുന്നത് സാക്ഷാല്‍ വാഗ്‌ദേവിയാണ്. ‘ഞാന്‍ തന്നെയാണ് ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും പ്രിയമായ ഈ വാസ്തവം പറയുന്നത്. കേള്‍പ്പിന്‍, ആരെ ഞാന്‍ അനുഗ്രഹിക്കുന്നുവോ അവനെ ഞാന്‍ തേജസ്വിയും ഓജസ്വിയുമാക്കുന്നു. എല്ലാ വേദങ്ങളുടേയും ജ്ഞാതാവാക്കുന്നു, ഋഷിയാക്കുന്നു, പ്രതിഭാവാനാക്കുന്നു.” അപ്പോള്‍ പ്രതിഭ നേടാന്‍ അഥവാ തേജസ്വിയും ഓജസ്വിയും ആകാനുള്ള വഴി മന്ത്രത്തെ സാക്ഷാത്ക്കരിക്കലാണെന്ന് ഋഗ്വേദം ഉറപ്പിച്ചു പറയുന്നു. ഈ പ്രതിഭ അഥവാ വാക്തത്ത്വം എന്താണെന്നു നമുക്ക് നോക്കാം. ഋഗ്വേദത്തില്‍ മറ്റൊരു മന്ത്രമിങ്ങനെയാണ്.



സഹസ്രധാ പഞ്ചദശാന്യുക്ഥാ

യാവദ്യാവാ പൃഥിവീ താവദിത്തത്

സഹസ്രധാ മഹിമാനസ്സഹസ്രം ബ്രഹ്മ

യാവദ് ബ്രഹം വിഷ്ഠിതന്താവതീ വാക്

    (ഋഗ്വേദം 10.114.8)



വാക് ആയിരംതരത്തില്‍ വ്യാപിച്ചിരിക്കുന്നു. ദ്യൗലോകവും ഭൂലോകവും എവിടെ വരെ പരന്നു കിടക്കുന്നുവോ അവിടെ വരെ വാക്കുമുണ്ട് എന്നാണ് ഈ മന്ത്രത്തിന്റെ അര്‍ത്ഥം. അതായത് ഇക്കാണുന്ന ലോകമൊന്നാകെ വാക്കിന്റെ അഥവാ ശബ്ദത്തിന്റെ മന്ത്രത്തിന്റെ ശക്തി നിറഞ്ഞു കവിഞ്ഞുകിടക്കുന്നൂ വെന്നു സാരം.


ഭര്‍ത്തൃഹരി തന്റെ വാക്യപദീയമെന്ന ഗ്രന്ഥത്തില്‍ ബ്രഹ്മത്തോടൊത്തു വാക്കും വ്യാപിച്ചിരിക്കുന്നൂവെന്നു പറഞ്ഞതിന്റെ അര്‍ത്ഥവും ഇതുതന്നെ. ഒരുപക്ഷേ ഇതില്‍ നിന്നാവാം വാക്കിന് ശബ്ദബ്രഹ്മമെന്ന പേരുണ്ടായതുതന്നെ. ശബ്ദ ബ്രഹ്മം അനാദിയാണ്; അനന്തമാണ്, ഒരിക്കലും നശിക്കാത്തതുമാകുന്നു. ബ്രഹ്മത്തില്‍ നിന്ന് വസ്തു രൂപത്തിലുള്ള ജഗത്ത് ഉണ്ടായിത്തീര്‍ന്നതുപോലെ പ്രതിഭയില്‍ നിന്ന് അര്‍ത്ഥരൂപത്തില്‍ വികാരം നേടിയതാണിതെല്ലാമെന്ന് ഭര്‍ത്തൃഹരി പറയുന്നു. ഭര്‍ത്തൃഹരിയുടെ തന്നെ ആ പ്രസ്താവം ഇങ്ങനെയാണ്.



”അനാദിനിധനം ബ്രഹ്മ

ശബ്ദതത്ത്വം യദക്ഷരം

വിവര്‍ത്തതേളര്‍ത്ഥഭാവേന

പ്രക്രിയാജഗതോ യതഃ

      (വാക്യപദീയം 1.1)



വാക് തത്ത്വത്തെ ബ്രഹ്മമാക്കി, അങ്ങനെ ശബ്‌ദോപാസനയില്‍, അഥവാ മന്ത്രസാധനയില്‍ ഏര്‍പ്പെടുന്നവര്‍ വാക്കിലൂടെ വെളിപ്പെടുന്ന സര്‍വ്വ അര്‍ത്ഥങ്ങളും വസ്തുക്കളും അടക്കി വാഴുന്നുവെന്ന് ബൃഹദാരണ്യകോപനിഷത്തിലെ ഈ പ്രസ്താവത്തില്‍ നമുക്ക് കാണാം.


സ യോ വാചം ബ്രഹ്മേതി ഉപാസ്‌തേ

യാവദ് വാചോ ഗതം തത്രാസ്യ

യഥാ കാമചാരോ ഭവതി

(ബൃഹ. ഉ. 7.2.2)



വാസ്തവത്തില്‍ മന്ത്രസാധനയുടെ സകല നിഗൂഢതയും ഈ പ്രസ്താവങ്ങ ളില്‍ ഉറങ്ങി കിടപ്പുണ്ട്. വാസ്തവത്തില്‍ മന്ത്രസാധകര്‍ ശബ്ദത്തെ ഉടച്ച് അകത്തു കടക്കുന്നു. അങ്ങനെ പരമാര്‍ത്ഥം കാണുന്ന വിമര്‍ശത്തില്‍ ഏര്‍പ്പെടുമ്പോള്‍ വസ്തുക്കളുടെ എല്ലാം സാരമായ, ഋഗ്വേദത്തില്‍ പറയുന്ന ആ പ്രതിഭയെ സാക്ഷാത് ക്കരിക്കുന്നുവെന്ന് വാക്യപദീയ പ്രകീര്‍ണത്തില്‍ ഭര്‍ത്തൃഹരി പറയുന്നുണ്ട്.



”യേയം വിമര്‍ശരൂപേണ

പരമാര്‍ത്ഥ ചമത്കൃതി:

സൈവസാരം പദാര്‍ത്ഥാനാം……”



എന്ന പ്രസ്താവനയില്‍ മന്ത്രസാധനയുടെ യഥാര്‍ത്ഥഭാവവും അക്ഷര വിജ്ഞാനീയവും ദീപ്തമാകുന്നുണ്ട്. ഇങ്ങനെ മന്ത്രസാധന ചെയ്യുന്ന ഉപാസകന്റെ മുന്‍പില്‍ പ്രതിഭ സ്വയം വന്നുനിന്നു ആത്മസമര്‍പ്പണം ചെയ്യുമെന്ന് ഋഗ്വേദം പറയുന്നു. അതിനിഗൂഢമായ മന്ത്രസാധനയുടെ യഥാര്‍ത്ഥ അവസ്ഥ അനാവരണം ചെയ്യുന്ന ആ ഋഗ്വേദമന്ത്രം ഇങ്ങനെയാണ്.


ഉതത്വഃ പശ്യന്നദദര്ശവാച മുതത്വശൃണ്വന്ന ശൃണോത്യേനാം

ഉതോത്വ സ്‌മൈതന്വം വിസസ്രേ ജായേവപത്യ ഉശതീ

                                (ഋഗ്വേദം 10.71.4)




ഒരാള്‍ എപ്പോഴും വാക്ക് നോക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ വാക്തത്ത്വം അയാള്‍ക്ക് കാണാന്‍ കഴിയുന്നില്ല. വേറൊരാള്‍ വാക്ക് കേട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ അയാളത് കേള്‍ക്കുന്നില്ല. എന്നാല്‍ വേറൊരാള്‍ (അര്‍ത്ഥമറിഞ്ഞ മന്ത്രോ പാസകന്‍) അനുഗൃഹീതനാകുന്നു. അവന്റെ മുന്‍പില്‍ വാഗ്‌ദേവി ഋതുകാലത്ത് പ്രിയതമനെ പ്രാപിക്കാന്‍ വെമ്പിനില്ക്കുന്ന പതിവ്രതയായ പത്‌നി തന്റെ ഭര്‍ത്താ വിന്റെ മുന്നിലെന്നപോലെ, തന്റെ സമ്പൂര്‍ണ സ്വരൂപമായ പ്രതിഭ തുറന്നുകാട്ടി സമര്‍പ്പിക്കുന്നൂവെന്നര്‍ത്ഥം.



പ്രതിഭയിലേക്കുള്ള വഴിയെന്ത്?


അപ്പോള്‍ മന്ത്രസാധനയാണ് പ്രതിഭ (രൃലമശേ്ശ്യേ) യിലേക്കുള്ള വഴികാട്ടി. ഒരു കാലത്ത് ഭാരതത്തില്‍ ഈ പ്രതിഭയുടെ വിലാസം പല രൂപത്തില്‍ പ്രകടമായി. അന്നത് ഐശ്വര്യവും സമൃദ്ധിയും നേടുന്നതിലേക്ക് നമ്മെ നയിച്ചു. സാധനയുടെ ലോകത്തിലൂടെ സഞ്ചരിച്ച അവര്‍ ഗണിതശാസ്ത്രവും ആയോധനകലയും ജ്യോതിശാസ്ത്രവും വികസിപ്പിക്കുന്നതില്‍ വിജയിച്ചു. ഈ പ്രതിഭാസാക്ഷാത്ക്കാ രമാണ് നമുക്ക് ആയുര്‍വ്വേദത്തെയും അര്‍ത്ഥശാസ്ത്രത്തേയും സമ്മാനിച്ചത്. അങ്ങനെ ഭാരതമൊട്ടുമുക്കുമുള്ള ആളുകള്‍ സാധകന്മാരായി, തപസ്വികളായി. മഹാഭാരത കാലത്തുപോലും ഈ പ്രതിഭാ സാക്ഷാത്ക്കാരത്തെക്കുറിച്ച് ഋഷിമാര്‍ ചര്‍ച്ച ചെയ്തതിനു തെളിവുണ്ട്. വാക് തത്ത്വമെന്ന പ്രതിഭയുടെ സാക്ഷാത്ക്കാരം എങ്ങനെ നേടാമെന്ന് മഹാഭാരതകാരന്‍ പറയുന്നുണ്ട്.




ശുശ്രൂഷാ ശ്രവണം ചൈവ

ഗ്രഹണം ധാരണം തഥാ

ഊഹാപോഹോളര്‍ഥ വിജ്ഞാനം

തത്ത്വജ്ഞാനം ച ധീ ഗുണാഃ

(മഹാഭാരതം വനപര്‍വ്വം 2.29)



ദീപ്തിയാണ് പ്രതിഭ. പറയുന്നവനില്‍ നിന്ന് പുറപ്പെട്ട് കേള്‍ക്കുന്നവന്റെ ബുദ്ധിയില്‍ ഉണ്ടാകുന്ന ദീപ്തിയാണ് പ്രതിഭയെന്ന് ഹലായുധം എന്ന ഗ്രന്ഥത്തിലും പറയുന്നു. ഇത് ബുദ്ധി യുടെ ഗുണമാണ്, ബുദ്ധിയല്ല. അതി നാല്‍ തത്ത്വജ്ഞാനം ഉണ്ടാകും. അതി നാല്‍ ആ തത്ത്വജ്ഞാനം ലഭിക്കല്‍ ഒരു ഉപാസനാക്രമത്തില്‍ വരുന്ന സിദ്ധി യാണ്. ആ ഉപാസനാക്രമമാണ് മഹാഭാര തത്തിലെ വിവരണം. ശുശ്രൂഷ, ശ്രവണം, ഗ്രഹണം, ധാരണം, ഊഹാപോഹം, അര്‍ത്ഥവിജ്ഞാനം, തത്ത്വജ്ഞാനം ഇത്രയും ബുദ്ധികൊണ്ടും ഉപാസന കൊണ്ടും നേടിയാലെ പ്രതിഭയെ ലഭിക്കു കയുള്ളു.



ഇങ്ങനെ മന്ത്രസാധന ചെയ്യുന്ന സാധകന്‍ എങ്ങനെയാണ് ശബ്ദത്തിന്റെ സ്രോതസ്സ് എന്താണെന്ന് മനസ്സിലാക്കണം. കാരണം അതു മനസ്സിലാക്കുമ്പോഴേ യഥാര്‍ത്ഥത്തില്‍ ശബ്ദം, മന്ത്രം എന്നിവ എങ്ങനെ നമ്മെ സ്വാധീനിക്കുമെന്ന് മനസ്സിലാക്കാന്‍  സാധിക്കുകയുള്ളു. ശബ്ദം അഥവാ മന്ത്രം യഥാര്‍ത്ഥത്തില്‍ വിചാരമാണ്. വിചാരം എന്നത് കൈകൊണ്ടോ കാലുകൊണ്ടോ ചെയ്യുന്ന ഒന്നല്ല. മറിച്ച് ആത്മാവിന്റെ ഗുണമാണ് വിചാരത്തിനുള്ള സങ്കല്പം ആത്മാവില്‍ ഉണരുമ്പോള്‍ അന്തരിന്ദ്രിയ മനസ്സ് പ്രവൃത്തിയില്‍ ഏര്‍പ്പെടും. മനസ്സില്‍ നിന്ന് പുറത്തേക്കു വരുന്ന വിചാരത്തിന്റെ ഒഴുക്ക് ഏറ്റവും ഒടുവില്‍ ‘ധ്വനി’ ആയി മാറുന്നു. വൈയാകരണനായ പാണിനി ഈ പ്രക്രിയ വിശദമായിത്തന്നെ വിവരിക്കുന്നുണ്ട്. ആത്മാവ് ബുദ്ധിയോട് ചേര്‍ന്ന് അര്‍ത്ഥം അറിയാന്‍ ആഗ്രഹി ക്കുന്നു. അതിനുവേണ്ടി മനസ്സിനെ ചുമതല ഏല്പിക്കുന്നു. മനസ്സ് ശരീരത്തിലെ അഗ്നി തട്ടി ഉണര്‍ത്തുന്നു. ആ ചൂടാകട്ടെ പ്രാണവായുവില്‍ വീര്‍പ്പുണ്ടാക്കും. അത്തരത്തില്‍ പ്രേരിതമായ പ്രാണവായു ഉരസ്സലിലൂടെ നീങ്ങുമ്പോള്‍ മന്ത്രസ്വരം ഉണ്ടാകും. അത് മുകളിലേക്ക് ഉയര്‍ന്ന് മൂര്‍ദ്ധാവിലെത്തി വായുവിനെ വായ്ക്കുള്ളിലെത്തി ക്കുന്നു. മുഖത്തിനുള്ളിലെത്തിയ വായു ധ്വനിയുണ്ടാക്കുന്ന അവയവങ്ങളില്‍ തട്ടുമ്പോള്‍ ആ തട്ടലിലാണ് വര്‍ണങ്ങള്‍ ജനിക്കുന്നതെന്ന് പാണിനീയ ശിക്ഷയില്‍ സുവ്യക്തമായി പറയുന്നുണ്ട്. വര്‍ണങ്ങള്‍ ചേരുമ്പോള്‍ പദം ഉണ്ടാകുന്നു. പദങ്ങള്‍ ചേര്‍ന്ന് വാക്യം ഉണ്ടാകുന്നു. അത് കേള്‍ക്കാന്‍ പാകത്തിലാകുന്നു. ഈ ചേര്‍ച്ചയാകട്ടെ ബോധപൂര്‍വ്വമായ നിയമമനുസരിക്കണം. അല്ലാത്തപക്ഷം ഭാഷയാവുകയില്ല. ആ ഭാഷാരൂപത്തില്‍ ഭാവം അഥവാ ജ്ഞാനം നിറഞ്ഞിരിക്കും.




ഇക്കാര്യം യഥാര്‍ത്ഥത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. ഒരാള്‍ മന്ത്രസാധന ചെയ്യുമ്പോള്‍ അയാളുടെ ആത്മാവും ബുദ്ധിയും മനസ്സും ശരീരവും ഏതു തരത്തില്‍ അതിന്റെ പാലാഴി മഥനത്തില്‍ ഏര്‍പ്പെടുന്നുവെന്നാണ് ഈ പറഞ്ഞതിന്റെ ആന്തരികമായ കഥനം. അങ്ങനെ ആഴത്തില്‍ നടക്കുന്ന ഈ മന്ത്രസാധനയിലൂടെയാണ് നാമിതുവരെ കാണാത്ത പ്രതിഭ നമുക്കായി ലഭിക്കുന്നതും. സാധന അഥവാ തപസ്സ് സൃഷ്ടിക്കുന്നുണ്ട് ‘തപം’ അഥവാ അഗ്നി എങ്ങനെയാണ് മന്ത്രസാധനയുടെ വിത്താകുന്നതെന്ന് പാണിനി നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.   ഈ ശബ്ദവും അര്‍ത്ഥവും നിത്യമാണെന്ന് മീമാംസകന്മാര്‍ അഭിപ്രായപ്പെടുന്നു. ശബ്ദത്തിനും അര്‍ത്ഥത്തിനും തമ്മിലുള്ള സംബന്ധം സ്വതഃസിദ്ധമാണ്, നിത്യമാണ് എന്ന് മഹാഭാഷ്യത്തില്‍ പതഞ്ജലിയും പറയുന്നുണ്ട്.   ഇങ്ങനെ മന്ത്രസാധനയില്‍ ഉണ്ടാകുന്ന ശബ്ദങ്ങളാണ് മന്ത്രങ്ങളായി വീണ്ടും മാറുന്നത്. ഋഗ്വേദത്തിലൊരിടത്ത് ഇക്കാര്യം വെളിവാക്കുന്നുണ്ട്.



സക്തുമിവ തിത ഉനാ പുനന്തോ

യത്രധീരാ മനസാ വാചമക്രത.

അത്രാ സഖായഃ സഖ്യാനി ജാനതേ

ഭദ്രൈഷാം ലക്ഷ്മീര്‍ നിഹിതാധി വാചി.

(ഋ. 10. 71.2)



അരിമാവ് അരിച്ച് ശുദ്ധമാക്കുന്നതുപോലെ വിദ്വാന്മാരായ ആദിഋഷിമാര്‍ മനസ്സുകൊണ്ട് വാക്ക് ശുദ്ധി ചെയ്ത് ഉണ്ടാക്കി. അങ്ങനെ അവര്‍ പരസ്പരം മിത്രങ്ങളായി, മൈത്രി അനുഭവിച്ചു. ഈ വാക്കിന്മേല്‍ ഭദ്രതയുടെ അഥവാ യോഗക്ഷേമത്തിന്റെ മുദ്ര പതിഞ്ഞിട്ടുണ്ട്. ആദികാലത്ത് മനുഷ്യര്‍ മനസ്സില്‍ നിന്ന് ഉദിച്ച ശബ്ദപ്രയോഗംകൊണ്ട് സ്‌നേഹബന്ധം അനുഭവിച്ചു. അങ്ങനെ നന്മയ് ക്കായി സമുദായം ഉടലെടുത്തു.



യഥാര്‍ത്ഥത്തില്‍ മന്ത്രസാധനകൊണ്ട് നാം നേടിയതെല്ലാം ഇപ്പറഞ്ഞ ഒറ്റ പ്രസ്താവനയിലുണ്ട്. ഉപനിഷത്തുക്കളെക്കുറിച്ചും വേദങ്ങളെക്കുറിച്ചും അവ യിലെ ഉദാത്തമായ ആശയങ്ങളെക്കുറിച്ചുമെല്ലാം പുകഴ്ത്തിയവരുടെ പട്ടിക കണ്ടു നാം അത്ഭുതപ്പെടാറുണ്ട്. എന്നാല്‍ ആ മന്ത്രങ്ങളും സൂക്തങ്ങളുമൊക്കെ ആത്മാ വിന്റെ അനുഭൂതികളാണെന്ന ഒറ്റവാക്കില്‍ നാം ഒതുക്കിക്കളയും. യഥാര്‍ത്ഥത്തില്‍ അത് മന്ത്രസാധനയുടെ ജീവിക്കുന്ന സ്പന്ദനങ്ങളാണ്. നിത്യമായ ശബ്ദത്തിന്റെ മുദ്രകളാണ് ഈ വര്‍ണങ്ങള്‍.

No comments:

Post a Comment