മഴയ്ക്കൊപ്പം രാമകഥയും കാതിൽ പെയ്തിറങ്ങുന്ന മാസം. കർക്കടകത്തിൽ രാമായണ പാരായണത്തോളം പുണ്യം നാലമ്പല ദർശനത്തിനുമുണ്ടെന്നാണു വിശ്വാസം. ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നതിനാണു നാലമ്പലം ദർശനം എന്നു വിശേഷിപ്പിക്കുന്നത്.
തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതൻസ്വാമി ക്ഷേത്രം, എറണാകുളം ജില്ലയിലെ മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, തൃശൂർ ജില്ലയിലെ പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ ഒരേദിവസം തൊഴുതു പ്രാർഥിക്കുന്നത് ജന്മപുണ്യമായാണു ഭക്തർ കണക്കാക്കുന്നത്. വ്രത ശുദ്ധിയോടെ തൃപ്രയാറിൽ നിർമാല്യം തൊഴുത് ഉച്ചപ്പൂജയ്ക്കു മുൻപ് പായമ്മൽ എത്തണമെന്നാണു വിശ്വാസം. ശത്രുഘ്നസ്വാമിയെ വണങ്ങിയശേഷം വീണ്ടും തൃപ്രയാറിലെത്തി ശ്രീരാമസ്വാമിയെ ദർശിച്ചാലേ നാലമ്പല ദർശനം പൂർണമാകൂ എന്നു വിശ്വസിക്കുന്നവരും ഉണ്ട്.
ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ പൂജ ചെയ്തിരുന്ന വിഗ്രഹങ്ങളാണ് നാലമ്പലങ്ങളിലായി പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ശ്രീകൃഷ്ണന്റെ സ്വർഗാരോഹണത്തോടെ കടലെടുത്ത വിഗ്രഹങ്ങൾ ഒരിക്കൽ കടലിൽപോയ മുക്കുവരുടെ വലയിൽ കുടുങ്ങുകയായിരുന്നു വത്രെ. നാലു വിഗ്രഹങ്ങളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മുക്കുവർക്കു ലഭിച്ചത്. അവർ അത് അയിരൂർ കോവിലകം മന്ത്രിയായിരുന്ന വാക്കയിൽ കൈമളെ ഏൽപ്പിച്ചു. അദ്ദേഹം ജ്യോതിഷികളെ വിളിച്ചു വരുത്തി പ്രശ്നംവച്ചപ്പോൾ ഇവ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണെന്നു മനസ്സിലാക്കുകയും അവ നാലിടങ്ങളിലായി പ്രതിഷ്ഠിക്കുകയുമായിരുന്നു വെന്നാണ് ഐതിഹ്യം. നാലു വിഗ്രഹങ്ങളും ഒരേ ദിവസമാണു പ്രതിഷ്ഠിച്ചതെന്നാണു സങ്കൽപം. നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തണമെന്നു പറയുന്നതും അതുകൊണ്ടുതന്നെ. ഹനുമൽ സാന്നിധ്യം എല്ലാ ക്ഷേത്രങ്ങളിലുമുണ്ട്.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം
കൊടുങ്ങല്ലൂരിനും ഗുരുവായൂരിനും ഇടയിലാണു തൃപ്രയാർ. തൃശൂരിൽ നിന്നു ചേർപ്പു വഴിയും ക്ഷേത്രത്തിലെത്താം. തൃപ്രയാർ ജംക്ഷനിൽ നിന്നു കിഴക്കോട്ട് ഒരുകിലോമീറ്റർ അകലെയാണു തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം. പുറയാർ നദിക്കരയിലാണ് ക്ഷേത്രം. പുറയാർ തിരുപുറയാറും പിന്നീട് തൃപ്രയാറുമായതാണു സ്ഥലനാമ ചരിത്രം.
ഖരവധത്തിനു ശേഷം സംപ്രീതനായിനിൽക്കുന്ന ശ്രീരാമനാണു തൃപ്രയാറിലേത്. വാക്കയിൽ കൈമൾക്കു ലഭിച്ച വിഗ്രഹങ്ങളിൽ ആദ്യം പ്രതിഷ്ഠ നടത്തിയത് തൃപ്രയാറിലാണെന്നാണു വിശ്വാസം. വിഗ്രങ്ങൾ ഒരേ ദിവസം ഒരേ മുഹൂർത്തത്തിലാണു പ്രതിഷ്ഠിച്ചതെന്നു വിശ്വസിക്കുന്നവരും ഉണ്ട്. ഇവിടെ പ്രതിഷ്ഠ നടത്തിയതിനെക്കുറിച്ചും ഒരു ഐതിഹ്യമുണ്ട്. പ്രതിഷ്ഠ നടക്കേണ്ടതിന്റെ തലേന്നാൾ വാക്കയിൽ കൈമളിന്റെ സ്വപ്നത്തിൽ ശ്രീരാമസ്വാമി പ്രത്യക്ഷപ്പെട്ട്, ദിവ്യമായ ഒരു മയിൽ പറന്നുവന്നിരുന്ന് പ്രതിഷ്ഠയ്ക്കുള്ള സ്ഥാനം കാണിക്കുമെന്ന് അരുൾചെയ്തുവത്രെ. എന്നാൽ ഏറെനേരം കാത്തുനിന്നിട്ടും മയിൽ വരാതായപ്പോൾ മുഹൂർത്തം തെറ്റാതിരിക്കാൻ പ്രതിഷ്ഠ നടത്തി. പ്രതിഷ്ഠ നടത്തിക്കഴിഞ്ഞപാടെ അതാ, മയിൽ പറന്നുവരുന്നു. ആ മയിൽ വന്ന സ്ഥാനത്ത് ബലിക്കല്ലു പണിതു. അതുകൊണ്ടുതന്നെ ബലിക്കല്ലിലും ദേവചൈതന്യം ഉണ്ടെന്നു ഭക്തർ വിശ്വസിക്കുന്നു. ആദ്യകാലത്ത് ബലിക്കല്ല് ഉറച്ചിരുന്നില്ല. ഇളകിനിന്ന ബലിക്കല്ല് ഒരിക്കൽ നാറാണത്തു ഭ്രാന്തൻ ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ ആണിയടിച്ച് ഉറപ്പിച്ചുവെന്നു പഴമക്കാർ പറയുന്നു. നാറാണത്തുഭ്രാന്തൻ അടിച്ചതെന്നു വിശ്വസിക്കുന്ന ആണി ഇപ്പോഴും ബലിക്കല്ലിൽ കാണാം.
ശംഖ്, ചക്രം, പിനാകം, അക്ഷമാല എന്നിവ ധരിച്ച ചതുർബാഹുമായ ശ്രീരാമനാണ് ഇവിടെ പ്രതിഷ്ഠ. ശ്രീരാമസ്വാമിയുടെ പ്രതിഷ്ഠയാണെങ്കിലും ത്രിമൂർത്തികളുടെ ചൈതന്യവും തൃപ്രയാറിൽ ഉണ്ടെന്നാണു വിശ്വാസം. ശ്രീദേവി, ഭൂദേവി പ്രതിഷ്ഠകളും ഉണ്ട്. ഒരുനാൾ വില്വമംഗലത്തു സ്വാമിയാർ തൊഴുതു നിൽക്കുമ്പോൾ പടിഞ്ഞാറേ വാതിൽ തുറന്നു ശ്രീദേവി ഭൂദേവിമാർ ശ്രീകോവിലിൽ കടന്ന് ദേവനെ പൂജിക്കുന്നതു കണ്ടു. തുടർന്ന് ശ്രീദേവി ഭൂദേവിമാർ അവിടെത്തന്നെ അനുഗ്രഹം ചൊരിഞ്ഞു നിൽക്കാനായി അവരുടെ വിഗ്രഹങ്ങൾ അവിടെ പ്രതിഷ്ഠിക്കുകയും പടിഞ്ഞാറേ വാതിൽ അടയ്ക്കുകയും ചെയ്തുവത്രെ. അതിനുശേഷം പടിഞ്ഞാറേ വാതിൽ ഇതുവരെ തുറന്നിട്ടില്ല. ദേവൽചൈതന്യം ചോർന്നുപോകാതിരിക്കാൻ നാറാണത്തു ഭ്രാന്തന്റെ നിർദേശപ്രകാരം വലതുഭാഗത്തു ശ്രീദേവിയെയും ഇടതുഭാഗത്ത് ഭൂദേവിയെയും പ്രതിഷ്ഠിച്ചു എന്നൊരു ഐതിഹ്യവും കേൾക്കുന്നുണ്ട്.
സർവവിദ്യാനാഥനായ ദക്ഷിണാമൂർത്തിയുടെ സാന്നിധ്യവും ശ്രീകോവിലിൽ ഉണ്ട്. തെക്കുപടിഞ്ഞാറേ മൂലയിൽ ഗണപതിയും തെക്കേനടയിൽ ധർമശാസ്താവും കുടികൊള്ളുന്നു. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തു ഗോശാലകൃഷ്ണനു പൂജ നടത്തുന്നു.
മഹാവിഷ്ണുവിന്റെ വാമനാവതാരം തൃക്കാക്കരയ്ക്കുള്ള യാത്രാമധ്യേ, കമണ്ഠലുവിൽ നിന്നു വെള്ളമെടുത്തു കാൽ കഴുകുകയും ആവെള്ളം നദിയായി ഒഴുകി പുറയാർ നദിയുണ്ടായി എന്നുമാണ് നദീഉദ്ഭവത്തെക്കുറിച്ചുള്ള വിശ്വാസം. പുറയാറിന് നന്ദിയാർ എന്നും തീവ്രനദിയെന്നും പേരുണ്ട്.
ഉൽസവം ഇല്ലാത്തതിനാൽ കൊടിമരമില്ലെന്ന പ്രത്യേകതയും തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിനുണ്ട്. വൃശ്ചികത്തിലെ ഏകാദശിയും മീനമാസത്തിലെ പൂരവുമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. പൂരത്തിനു പറയെടുക്കാൻ പള്ളിയോടത്തിൽ പുഴകടന്നു തേവർ പോകും. മീനമാസത്തിലെ പൂരത്തോടനുബന്ധിച്ചാണ് പ്രശസ്തമായ ആറാട്ടുപുഴപ്പൂരം നടക്കുന്നത്.
വഴിപാടുകൾ: വെടിവഴിപാടും മീനൂട്ടുമാണ് ഇവിടെ പ്രസിദ്ധം. വെടിവഴിപാടിനെക്കുറിച്ചും ഐതിഹ്യമുണ്ട്. ലങ്കയിൽച്ചെന്നു സീതയെക്കണ്ടുവന്ന ഹനുമാൻ ശ്രീരാമനോട് ‘സീതയെ കണ്ടു ഠോ, എന്നു പറഞ്ഞുവത്രെ. ഈ ‘ഠോ’ ശബ്ദം ഭഗവാന് ഇഷ്ടമായെന്നും അങ്ങനെയാണു വെടിവഴിപാടിനു പ്രാധാന്യം കൽപ്പിച്ചതെന്നും പറയുന്നുമാണ് ഐതിഹ്യം. തൃപ്രയാറിൽ ദിവസം തുടങ്ങുന്നതുതന്നെ വെടിമുഴക്കത്തോടെയാണ്.
കുട്ടികൾക്കുണ്ടാകുന്ന അസുഖങ്ങളും ശ്വാസംമുട്ടലും മാറാൻ ഭക്തർ മീനൂട്ട് വഴിപാട് നേരാറുണ്ട്. അരിയും കദളിപ്പഴവുമാണു മീനുകൾക്കു നൽകുന്നത്.
ദർശന സമയം: രാവിലെ മൂന്നുമണിയോടെ നടതുറന്നാൽ ഉച്ചയ്ക്കു പന്ത്രണ്ടുമണിവരെ ദർശനത്തിനു സൗകര്യമുണ്ട്. വൈകിട്ടു നാലുമണിക്കു നടതുറക്കും. അത്താഴപ്പൂജവരെ ദർശനം
നടത്താം.
കൂടൽ മാണിക്യ ക്ഷേത്രം
തൃപ്രയാറിൽ ശ്രീരാമസ്വാമിയെ തൊഴുതു കഴിഞ്ഞാൽ അടുത്തതായി വണങ്ങേണ്ടത് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഭരതസ്വാമിയെയാണ്. തൃപ്രയാറുനിന്നു പുറപ്പെട്ടാൽ രണ്ടു ചൂട്ട് കത്തിത്തീരുമ്പൊഴേക്കും കൂടൽമാണിക്യ ക്ഷേത്രത്തിലെത്തും - അതാണു പഴമക്കാരുടെ കണക്ക്. തൃപ്രയാറിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ അകലെയാണ് കൂടൽമാണിക്യം ക്ഷേത്രം.
വനവാസം കഴിഞ്ഞ് ശ്രീരാമൻ തിരിച്ചെത്തുന്നതിന്റെ സന്തോഷത്താലുള്ള മുഖഭാവത്തോടു കൂടിയതാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ ഭരത പ്രതിഷ്ഠ. രാമനാമം ജപിച്ചു തപസ്സു ചെയ്യുന്ന ഭഗവാൻ ഒരു കയ്യിൽ വില്ല് ധരിച്ചിരിക്കുന്നു. മരതകപ്പതക്കവും പൊന്മാലയും അണിഞ്ഞ് രാജാവായിത്തന്നെയാണു തപസ്സ്. മറ്റുക്ഷേത്രങ്ങളിൽ നിന്നു വിഭിന്നമായി ഇവിടെ രണ്ടു നാലമ്പലവും ശ്രീകോവിലിനുള്ളിൽ രണ്ട് അറകളുമുണ്ട്. രണ്ടാമത്തെ അറയിൽ ഗർഭഗൃഹ ത്തിലാണ് സംഗമേശ്വരന്റെ പൂർണകായ പ്രതിഷ്ഠ. വലിയ നടപ്പന്തലും കൂത്തമ്പലവും ഒന്നര ഏക്കറിൽ പരന്നുകിടക്കുന്ന കുലീപനീ തീർഥവുമെല്ലാം ക്ഷേത്രത്തിനു പ്രൗഢിചാർത്തുന്നു. ശ്രീകോവിലിന് അശുദ്ധം വന്നാൽ വിഗ്രഹം വയ്ക്കേണ്ടത് കൂത്തമ്പലത്തിലാണ്.
മറ്റുക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി പൂജകളിലും ചടങ്ങുകളിലുമെല്ലാം കൂടൽമാണിക്യം വേറിട്ടു നിൽക്കുന്നു. ഇവിടെ പൂജയ്ക്ക് കർപ്പൂരമോ ചന്ദനത്തിരിയോ ഉപയോഗിക്കാറില്ല. തുളസി പൂജയ്ക്ക് ഉപയോഗിക്കുമെങ്കിലും തുളസി ചെടികൾ ക്ഷേത്രവളപ്പിൽ വളരില്ല. തുളസി, ചെത്തി, താമര എന്നീ മൂന്നു പുഷ്പങ്ങൾ മാത്രമേ പൂജയ്ക്ക് ഉപയോഗിക്കാറുള്ളൂ. ദീപാരാധനയില്ല. ഉഷപൂജ, പന്തിരടി പൂജ എന്നിവയും നടത്താറില്ല. എതിർത്തുപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നീ പൂജകളാണുള്ളത്. ഉൽസവബലിയില്ല, ശ്രീഭൂതബലിമാത്രം. നിവേദ്യംവയ്ക്കുന്നത് എത്രവലിയ പാത്രത്തിലായാലും അത് ഇറക്കാൻ ഒരാൾമതി, സഹായത്തിന് ഹനുമാൻസ്വാമിയുണ്ടാകും.
ഈ ഭാഗത്തു മനുഷ്യവാസം കുറവായ കാലത്തു കുലീപനി മഹർഷി ഇവിടെയെത്തി യാഗം ചെയ്തുവെന്നാണ് വിശ്വാസം. യാഗാദികർമങ്ങൾക്കൊടുവിൽ ലക്ഷ്മീദേവിയും പുരുഷോത്തമനും പ്രത്യക്ഷരായപ്പോൾ ഇവിടെ ശാശ്വത ദൈവസാന്നിധ്യം ഉണ്ടാവണമെന്ന വരം കുലീപനി മഹർഷി ആവശ്യപ്പെട്ടുവെന്നും അങ്ങനെ സംഭവിക്കട്ടെയെന്ന് അനുഗ്രഹിച്ചുവെന്നുമാണ് ഐതിഹ്യം. ഇപ്പോൾ കാണുന്ന കുലീപനി തീർഥത്തിന്റെ അടിത്തട്ടിൽ അന്നത്തെ ഹോമകുണ്ഡങ്ങളുണ്ടെന്നും ഭക്തർ വിശ്വസിക്കുന്നു. ക്ഷേത്രത്തിനു മണിക്കിണറില്ല. പൂജാകർമങ്ങൾക്കുള്ള ജലം ഇപ്പോഴും കുലീപനി തീർഥത്തിൽ നിന്നാണ് എടുക്കുന്നത്. ക്ഷേത്ര പ്രദക്ഷിണത്തോടൊപ്പം ഭക്തർ കുലീപനി തീർഥത്തിനും പ്രദക്ഷിണം വയ്ക്കുന്നു.
കൂടൽമാണിക്യമെന്ന പേരു വന്നതിനെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ വിഗ്രഹത്തിന്റെ നെറ്റിയിൽ ദിവ്യജ്യോതി പ്രത്യക്ഷപ്പെട്ടത്രെ. അത്ഭുതത്തോടെ കണ്ടുനിന്നവരിൽ ഒരാൾ കായംകുളം രാജാവിന്റെ കയ്യിലുള്ള മാണിക്യത്തിന്റെ അത്രയും പ്രകാശം തിരുനെറ്റിയിലെ ജ്യോതിക്കുണ്ടോ എന്നു സംശയം പ്രകടിപ്പിച്ചു. തർക്കമായപ്പോൾ രാജാവിന്റെ കയ്യിലെ മാണിക്യം കൊണ്ടുവരാമെന്ന് അഭിപ്രായമുയർന്നു. അങ്ങനെ മാണിക്യം കൊണ്ടുവന്നു. വിഗ്രഹത്തിന് അടുത്തുവച്ചപ്പോൾത്തന്നെ മാണിക്യം വിഗ്രഹവുമായി കൂടിച്ചേർന്നു. അങ്ങനെയാണത്രെ കൂടൽമാണിക്യം എന്ന പേരിന്റെ പിറവി.
ഉപദൈവങ്ങളില്ലെന്ന പ്രത്യേകതയുണ്ട് കൂടൽമാണിക്യത്തിന്. എല്ലാ ദൈവങ്ങളുടെയും സാന്നിധ്യം ഇവിടെ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഇതുമായി ബന്ധപ്പെട്ടും പഴമക്കാർ പറയുന്ന ഒരു കഥയുണ്ട്. ഒരിക്കൽ ഒരു സ്വാമിയാർ എല്ലാ ക്ഷേത്രങ്ങളിലെയും ദൈവിക ശക്തികളെ ആവാഹിച്ച് തന്റെ ഗ്രാമക്ഷേത്രത്തിൽ (തളിപ്പറമ്പ് രാജരാജേശ്വരനിൽ(ശിവൻ) വിലയിപ്പിക്കാനെന്നും വിശ്വാസം) ലയിപ്പിക്കണമെന്ന ആഗ്രഹവുമായി യാത്ര തുടങ്ങി. അങ്ങനെ കൂടൽമാണിക്യത്തിലുമെത്തിയ അദ്ദേഹം ഇവിടത്തെ ചൈതന്യം ആവാഹിച്ചു തിരിച്ചു നടക്കുമ്പോൾ കയ്യിലിരുന്ന ശംഖ് വീണുടഞ്ഞു. അതുവരെ ആവാഹിച്ച സർവ ചൈതന്യവും ഈ ക്ഷേത്രത്തിൽ ലയിച്ചു.
മേടമാസത്തിലെ ഉത്രം നാളിലാണ് ഉൽസവം കൊടിയേറുന്നത്. തിരുവോണം നാളിലാണ് ആറാട്ട്. തുലാമാസത്തിലെ ഉത്രം നാളിലാണ് പുത്തരി നിവേദ്യവും പുത്തരി സദ്യയും. പിറ്റേന്നു മുക്കുടി നിവേദ്യം.
മുക്കുടി നിവേദ്യത്തെക്കുറിച്ചും ഒരു ഐതിഹ്യമുണ്ട്. അഷ്ടവൈദ്യന്മാരിലെ കുട്ടഞ്ചേരി മൂസ് ഒരിക്കൽ കൂടൽമാണിക്യത്തിൽ ചെന്ന് രാത്രി ഉറങ്ങിയപ്പോൾ ദേവൻ സ്വപ്നത്തിൽ വന്നുപറഞ്ഞു, പുത്തരി നേദ്യം കഴിച്ച് എനിക്ക് വയറുവേദന ഉണ്ടായി. അതുകൊണ്ടു മുക്കുടി ഉണ്ടാക്കി രാവിലെ നടയ്ക്കു വയ്ക്കണം. അതേസമയം മേൽശാന്തിക്കും സ്വപ്നദർശനം ഉണ്ടായി. രാവിലെ കുട്ടഞ്ചേരി മൂസ്സ് നടയ്ക്കുവയ്ക്കുന്ന മുക്കുടി എടുത്ത് നേദിച്ചു ഭക്തർക്കു കൊടുക്കണമെന്നും മുക്കുടി നേദ്യം ഉദരരോഗങ്ങൾക്ക് സിദ്ധൗഷധമായി അറിയപ്പെടുമെന്നുമുള്ള അരുളപ്പാടാണു മേൽശാന്തിക്കു ലഭിച്ചത്.
വഴിപാട്: താമരമാല വഴിപാടാണ് കൂടുതൽപേരും നേരുന്നത്. അഭീഷ്ട സിദ്ധിക്ക് ഉത്തമമാണെന്നാണു വിശ്വാസം. കൂടൽമാണിക്യസ്വാമി രോഗശാന്തിയേകുമെന്നും വിശ്വാസമുണ്ട്. ഉദരരോഗ ശമനത്തിന് വഴുതനങ്ങ നിവേദ്യം അർപ്പിക്കാറുണ്ട്. ശ്വാസകോശരോഗ ശമനത്തിനായി ഭക്തർ മീനൂട്ട് വഴിപാട് നടത്തും. സർവരോഗശാന്തിക്കായി വർഷത്തിലൊരിക്കൽ മുക്കുടി നിവേദ്യം അർപ്പിക്കും. കുട്ടഞ്ചേരി മൂസാണ് മുക്കൂട്ട് തയാറാക്കുന്നത്.
അപ്പം, നെയ്പായസം, കൂട്ട് പായസം, പാൽപായസം, വെള്ളനേദ്യം, നൂറ്റെട്ടു താമരമൊട്ടുമാല എന്നിവയാണു മറ്റു വഴിപാടുകൾ. ആൺകുട്ടികൾ ഉണ്ടാവുന്നതിനു കൂട്ട്പായസവും പെൺകുട്ടികൾ ഉണ്ടാവുന്നതിനു വെള്ളനേദ്യവും വഴിപാട് നടത്താറുണ്ട്. ഹനുമാൻസ്വാമിക്ക് അവൽനിവേദ്യമാണ് വഴിപാട്.
തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം
എറണാകുളം ജില്ലയിൽ ആലുവയ്ക്കും മാളയ്ക്കും ഇടയിൽ അന്നമനടയിൽ നിന്ന് ഏഴുകിലോമീറ്റർ അകലെ ചാലക്കുടി പുഴയുടെ തീരത്താണു തിരുമൂഴിക്കുളം. ഇവിടത്തെ ലക്ഷ്മണസ്വാമിയുടെ പ്രതിഷ്ഠയെക്കുറിച്ചു രണ്ടു വിശ്വാസങ്ങൾ കേട്ടിട്ടുണ്ട്. ഇന്ദ്രജിത്തിനെ വധിക്കാനുള്ള ശക്തി സംഭരിക്കാൻ അഗ്നിമാത്രം ഭക്ഷിച്ചു കഠിന തപസ്സ് അനുഷ്ഠിക്കുന്ന ലക്ഷ്മണന്റെ രൂപമാണെന്നും അതല്ല, വനവാസത്തിനിടെ രാമനും സീതയും ചിത്രകൂടത്തിൽ വസിക്കുമ്പോൾ ഭരതൻ അങ്ങോട്ടുവരുന്നതു കണ്ട് യുദ്ധത്തിനാണെന്നു കരുതി കോപിച്ചശേഷം സത്യം മനസ്സിലാക്കി പശ്ചാത്താപ വിവശനായ ലക്ഷ്മണരൂപമാണു പ്രതിഷ്ഠയെന്നുമാണു വിശ്വാസങ്ങൾ.
ക്ഷേത്രമതിൽക്കെട്ടിനു മധ്യത്തിൽ വ്യാളികൾ കാവൽനിൽക്കുന്ന വിളക്കുമാടത്തോടുകൂടിയതാണു ചുറ്റമ്പലം. തിരുമൂഴിക്കുളം പണ്ടു നിബിഢ വനമായിരുന്നുവത്രെ. ശ്രേഷ്ഠനായൊരു മഹർഷി ഇവിടെ തപസ്സ് അനുഷ്ഠിക്കാനെത്തി എന്നും സംപ്രീതനായ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് കലിയുഗത്തിൽ ജനങ്ങൾ അനുഷ്ഠിക്കേണ്ട ചിട്ടകളെക്കുറിച്ച് വേദരൂപത്തിൽ അരുൾചെയ്തുവെന്നുമാണ് ഐതിഹ്യം. അങ്ങനെ തിരുമൊഴി ഉണ്ടായ കുളം എന്ന അർഥത്തിലാണ് തിരുമൂഴിക്കുളം എന്ന പേരുവന്നതത്രെ.
ശിവൻ, ഗണപതി, ശ്രീരാമൻ, സീത, ഹനുമാൻ എന്നിവരുടെ സാന്നിധ്യവും ക്ഷേത്രത്തിലുണ്ട്. നാലമ്പലത്തിനു പുറത്ത് ഗോശാലകൃഷ്ണന്റെ പ്രതിഷ്ഠയുമുണ്ട്. സർപ്പ ഭയമില്ലാതാക്കാൻ ലക്ഷ്മണസ്വാമി ദർശനം സഹായിക്കുമെന്നാണ് വിശ്വാസം.
കിഴക്കേ നടയിലൂടെ ക്ഷേത്രത്തിനകത്തു കടന്ന് ലക്ഷ്മണസ്വാമിയെ വണങ്ങി, ഗണപതി, ശിവൻ, മറ്റുദേവകൾ എന്നിവരെ തൊഴുത് വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങണം. പ്രദക്ഷിണമായി വന്ന് ശാസ്താവിനെയും ഭഗവതിയെയും തൊഴുത് ഗോശാലകൃഷ്ണനെയും വന്ദിച്ച് വീണ്ടും കിഴക്കേ നടയിലെത്തി ലക്ഷ്മണ സ്വാമിയെ വണങ്ങണം. ഇതാണു
ക്ഷേത്രദർശനത്തിന്റെ ക്രമം.
മേടമാസത്തിലെ അത്തം നാളിൽ കൊടിയേറി തിരുവോണത്തിന് ആറാട്ടോടെ സമാപിക്കുന്ന ഉൽസവമാണ് മൂഴിക്കുളം ക്ഷേത്രത്തിലെ പ്രധാന ആഘോഷം.
വഴിപാട്: സൽസന്തതിക്കായി അംഗുലിയാങ്കം കൂത്ത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ലക്ഷ്മണസ്വാമിക്ക് പ്രധാനവഴിപാട് പാൽപ്പായസമാണ്. ഗണപതിക്ക് ഒറ്റയപ്പം, കുട്ടയപ്പം എന്നിവയും. ഗണപതിക്ക് നാളികേരം ഉടയ്ക്കുന്ന വഴിപാടുമുണ്ട്. ഒരുമുഴം പട്ട്, ഒരുപിടി മഞ്ഞപ്പൊടി, പഞ്ചസാര പായസം എന്നിവയാണ് ദേവിക്കു വഴിപാട്. മംഗല്യഭാഗ്യത്തിനും
ദീർഘസുമംഗലി ഭാഗ്യത്തിനും ഊർമിളദേവിക്ക് താലിവഴിപാടുമുണ്ട്. കുട്ടികളുടെ രോഗശാന്തിക്കും ദീർഘായുസിനും ഗോശാലകൃഷ്ണന് പാൽപ്പായസം വഴിപാട് നടത്തിവരുന്നു.
പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം
കൂടൽമാണിക്യ ക്ഷേത്രത്തിനടുത്താണെങ്കിലും തിരുമൂഴിക്കുളത്തു ചെന്നശേഷമേ പായമ്മൽ ക്ഷേത്രത്തിൽ ദർശനം നടത്താവൂ. കൊടുങ്ങല്ലൂർ - ഇരിങ്ങാലക്കുട റൂട്ടിൽ കൂടൽമാണിക്യ ക്ഷേത്രത്തിൽ നിന്നു ആറു കിലോമീറ്റർ ദൂരെ അരീപ്പാലത്തുനിന്ന് ഒരുകിലോമീറ്റർ അകലെയാണു പായമ്മൽ ക്ഷേത്രം. സാധാരണയായി രാവിലെ 11 വരെയാണ് നടതുറന്നിരിക്കുന്നത്.
കർക്കടക മാസത്തിലും മറ്റു വിശേഷ ദിവസങ്ങളിലും കൂടുതൽ നേരം നടതുറന്നിരിക്കും.
ലവണാസുര വധത്തിനു തയാറായി ക്രോധത്തോടെ നിൽക്കുന്ന ശത്രുഘ്നനാണ് ഇവിടത്തെ പ്രതിഷ്ഠ. ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറായി ഗണപതി വിഗ്രഹവുമുണ്ട്. ശ്രീകോവിലിന്റെ അതേ ശിലയിൽത്തന്നെയാണ് ഗണപതി വിഗ്രഹവും! മഹാവിഷ്ണുവിന്റെ മഹാസുദർശന ചക്രത്തിന്റെ പ്രതീകംകൂടിയാണ് ആ ക്ഷേത്രം. കുംഭമാസത്തിലെ പൂയംനാൾ കൊടിയേറി അഞ്ചുനാൾ നീളുന്നതാണ് ഇവിടത്തെ ഉൽസവം.
ശത്രുഘ്നക്ഷേത്ര ദർശനത്തിനു ശേഷം നടവരമ്പിലെ ഹനുമാൻ ക്ഷേത്രത്തിലും ദർശനം നടത്തുന്നവരുണ്ട്. ഉച്ചയ്ക്കു നടയടയ്ക്കും മുൻപേ തൃപ്രയാർ ക്ഷേത്രത്തിൽ തിരിച്ചെത്തി തൊഴുതാലേ നാലമ്പല ദർശനം പൂർത്തിയാകൂ എന്നാണു വിശ്വാസം.
വഴിപാട്: ഹനുമൽപ്രീതിക്ക് അവൽ നിവേദ്യം ഇവിടെ പ്രശസ്തമാണ്. അറിഞ്ഞോ അറിയാതെയോ ചെയ്ത സകല തെറ്റുകൾക്കും അത്താഴപൂജയ്ക്കു ശേഷം വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടത്തുന്ന പതിവുമുണ്ട്. ഐശ്വര്യത്തിനും ശത്രുദോഷപരിഹാരത്തിനുമായി സുദർശന പുഷ്പാഞ്ജലി മുഖ്യവഴിപാടുകളിലൊന്നാണ്. കർക്കടകത്തിലെ പ്രസാദഊട്ടും പ്രസിദ്ധമാണ്. ഉദ്ദിഷ്ഠകാര്യ പ്രാപ്തിക്കും ആയുരാരോഗ്യദൈർഘ്യത്തിനും ഗണപതിക്ക് പ്രത്യേക പൂജകൾ ചെയ്യാം.