ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, November 8, 2017

രാമനാല്‍ ഉപേക്ഷിക്കപ്പെട്ട ലക്ഷ്മണന്‍




രാമലക്ഷ്മണന്മാര്‍ എന്നൊരു ശൈലി തന്നെയുണ്ട്. വിട്ടുപിരിയാത്ത ബന്ധത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഇതിനപ്പുറമൊരു പ്രയോഗമില്ല ഭാരതത്തില്‍. അങ്ങനെ തന്നെയായിരുന്നു രാമനും ലക്ഷ്മണനും. കാരണം, ഒരേ ജീവന്‍റെ അഥവാ ചൈതന്യത്തിന്‍റെ ഇരു രൂപങ്ങളായിരുന്നു രാമനും ലക്ഷ്മണനും. രാമഭാവത്തിന്‍റെ ബഹിര്‍ഭാവമാണ് ലക്ഷ്മണന്‍. രൂപവും നിഴലും പോലെയാണ് ഇരുവരും. എവിടെ രാമനുണ്ടോ അവിടെ ലക്ഷ്മണനുണ്ടാവും.
ജീവിതത്തില്‍ ബാല്യം മുതല്‍ ലക്ഷ്മണനില്ലാതെ ഒരിടത്തും പോയിട്ടില്ല രാമന്‍. വിശ്വാമിത്രന്‍ രാമനെ മാത്രം കൊണ്ടുപോകാനാണ് വന്നത്. അപ്പോഴും ലക്ഷ്മണന്‍ ഒപ്പം പോയി. വനവാസത്തിന് സീതയുമായി പോകാനാണ് രാമന്‍ തീരുമാനിച്ചത്. ജ്യേഷ്ഠന്‍ എവിടെയോ അവിടെ ഞാനുമെന്നതായിരുന്നു അപ്പോഴും ലക്ഷ്മണന്‍റെ നിലപാട്. കാട്ടിലും രാമനെ അനുഗമിച്ചു ലക്ഷ്മണന്‍.  ഇങ്ങനെ ഒരു വ്യക്തിയുടെ അകംപുറം പോലെ ജീവിച്ചു വന്ന രാമലക്ഷ്മണന്‍മാര്‍ക്ക് പിരിയേണ്ടതായി വന്നു.



ഒരു ദിവസം കാലന്‍ രാമനെ കാണാന്‍ വന്നു. കുറെ സ്വകാര്യമായി സംസാരിക്കാനുണ്ടെന്നു കാലന്‍. രാമന്‍ സമ്മതിച്ചു. അപ്പോള്‍ കാലന്‍ ഒരു ഉപാധി വച്ചു. നമ്മളിരുവരും സംസാരിച്ചുപുറത്തിറങ്ങുന്നതുവരെ മറ്റാരും ഇങ്ങോട്ടു വരരുത്. അങ്ങനെ ആരെങ്കിലും വന്നാല്‍ അവര്‍ മരിക്കും. അല്ലെങ്കില്‍ രാമന്‍ അവരെ ഉപേക്ഷിക്കണം. എന്നെന്നേയ്ക്കുമായി. രാമന്‍ സമ്മതിച്ചു. ഈ വാക്ക് ലംഘിക്കുകയില്ലല്ലോ എന്നായി കാലന്‍. സത്യമേവ ജയതേ എന്ന് രാമനും.


രാമനും കാലനും സംഭാഷണം തുടങ്ങി. അപ്പോള്‍ ദുര്‍വാസാവു മുനി അവിടെ എത്തി. അദ്ദേഹം പറഞ്ഞു എനിക്ക് രാമനെ കാണണം. ലക്ഷ്മണന്‍ പറഞ്ഞു. “”അങ്ങ് ഇരിക്കു അകത്ത് ഒരാളുണ്ട്. അദ്ദേഹം പുറത്തിറങ്ങിയാല്‍ ഉടന്‍ കാണാം’’. ഉടന്‍ ദുര്‍വാസാവ് പറഞ്ഞു “”സാധ്യമല്ല. എനിക്ക് ഉടന്‍ കാണണം. ഉടനെ രാമനെ ഞാന്‍ വന്ന വിവരം അറിയിക്കു. ഇല്ലെങ്കില്‍ ഞാന്‍ നിന്നെയും രാമനെയും ശപിക്കും’’. ചെകുത്താനും നടുക്കടലിനുമിടയിലകപ്പെട്ട ലക്ഷ്മണന്‍ മനസില്ലാമനസോടെ, ദുര്‍വാസാവ് വന്ന വിവരം പറയാന്‍ രാമ സവിധത്തിലേക്കു ചെന്നു. വാക്കു തെറ്റിച്ചതു കണ്ടു കാലന്‍ ക്ഷുഭിതനായി. അങ്ങ് സത്യവാനാണെങ്കില്‍ ലക്ഷ്മണനെ ഉപേക്ഷിക്കണം- യമധര്‍മന്‍ രാമനോടു പറഞ്ഞു. പാവം രാമന്‍…സീതാ ദുഃഖം തന്നെ താങ്ങാനാകുന്നില്ല. അതിനുപിന്നാലെയാണു ലക്ഷ്മണനെക്കൂടി ഉപേക്ഷിക്കേണ്ടിവരുന്നത്. ഉപേക്ഷിച്ചില്ലെങ്കില്‍ ലക്ഷ്മണന്‍ മരിക്കും. മറ്റു നിവൃത്തിയില്ലാത്തതിനാല്‍ രാമന്‍ ലക്ഷ്മണനെ ഉപേക്ഷിച്ചു.



രാമപരിത്യാഗത്താല്‍ ദുഃഖിതനായ ലക്ഷ്മണന്‍ പിന്നെ അവിടെ നിന്നില്ല. നേരേ, സരയൂനദിയുടെ തീരത്തെത്തി. വിജനമായ ഒരിടത്തിരുന്നു യോഗനിഷ്ഠയില്‍ പ്രവേശിച്ചു. ഈ യോഗവൃത്തിയിലൂടെ ലക്ഷ്മണന്‍ പ്രാണനെ ദേഹത്തില്‍ നിന്നു യോഗയിലൂടെ വേര്‍പെടുത്തി ജീവനെ പരമധാമത്തിലേക്ക് ഉയര്‍ത്തി.


രാമലക്ഷ്ണ ബന്ധം എന്താണ് ലോകര്‍ക്ക് നല്‍കുന്ന ഗുണപാഠം. എത്ര സുദൃഢമായതെന്ന് നാം കരുതിയാലും കാലമാകുന്ന കാലന്‍ ഏതെങ്കിലും രൂപത്തില്‍ അതിില്‍ ഒരു വിള്ളലുണ്ടാക്കി അതിനെ വേര്‍തിരിക്കും. ഇത് പ്രകൃതി നിയമമാണ്. ബന്ധങ്ങള്‍ കൊഴിയുന്നത്. ഇത്തരം സന്ദര്‍ഭങ്ങള്‍ സ്വജീവിതത്തില്‍ വരുമ്പോള്‍ അവരവര്‍ ഈ പരമസത്യം ഉള്‍ക്കൊള്ളണം. വിടര്‍ന്നാല്‍ കൊഴിയും. ഉദിച്ചാല്‍ അസ്തമിക്കും; ഒരുമിച്ചാല്‍ പിരിയും. അതിന് മറുമരുന്നില്ല.

No comments:

Post a Comment