ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, November 11, 2017

മാടപ്രാവും പെരുമ്പാമ്പും




സ്‌നേഹം ആസക്തിയായി മാറിയാല്‍ അത് ബന്ധന ഹേതുവും നാശകാരണവുമാകും. അതിനാല്‍ ഒന്നിലും അധിസ്‌നേഹം അരുത്.


”നതിസ്‌നേഹ പ്രസങ്‌ഗോ വാ
കര്‍ത്തവ്യഃ ക്വാപികേനചിത്
കുര്‍വന്‍ വിന്ദേത സന്താപം
കപോത ഇവ ദീനധീഃ”


അവധൂതന്‍ വനത്തിലൂടെ യാത്രചെയ്യുകയായിരുന്നു. മാടപ്രാവിനേയും കുടുംബത്തേയും കണ്ടപ്പോള്‍ കൗതുകം. ഇവരുടെ ജീവിതചര്യ പഠിക്കണമെന്നു തോന്നി, പ്രത്യേകം ശ്രദ്ധിച്ചു. മനുഷ്യരെപ്പോലെ തന്നെ പക്ഷിമൃഗാദികളും ഗാര്‍ഹസ്ഥ്യജീവിതത്തില്‍ അതീവ ആസക്തിയുള്ളവരാണെന്ന് വ്യക്തം.



എപ്പോഴെങ്കിലും മരണം മാടിവിളിക്കുമെന്ന് മാടപ്രാവുകള്‍ക്കറിയില്ലെന്നു തോന്നുംമട്ടില്‍ സ്‌നേഹത്തോടെ ആ ഭാര്യാഭര്‍ത്താക്കന്മാര്‍ ഇഴുകിച്ചേര്‍ന്നിരുന്നു. കാലഗതിയില്‍ ഇടയ്ക്ക് കപോതി ആദ്യഗര്‍ഭം ധരിച്ചു. ഈ പക്ഷികളും രതിസുഖത്തിലും പുത്രോല്‍പ്പാദനത്തിലുമെല്ലാമായി ജീവിതകാലം മുന്നോട്ടുപോകുന്നു. ക്രമേണ കപോതി മുട്ടകളിട്ടു. മുട്ടകള്‍ വിരിഞ്ഞു കുഞ്ഞുങ്ങളായി. അവരുടെ കളകളാരവം കേട്ട് കപോത ദമ്പതികള്‍ നിര്‍വൃതിയിലാണ്ടു.


പതിവുപോലെ ഒരുനാള്‍ കപോത ദമ്പതികള്‍ ആഹാര സമ്പാദനത്തിനു പോയി. കപോതിയാണ് ആദ്യം തിരിച്ചുവന്നത്. അപ്പോഴാണ് കുഞ്ഞുങ്ങള്‍ ഒരു വേടന്റെ വലയില്‍ കുടുങ്ങിയിരിക്കുന്നതു കണ്ടത്. അമ്മയെക്കണ്ട കുഞ്ഞുങ്ങള്‍ ഉറക്കെ കരഞ്ഞു. അവരുടെ സമീപത്തെത്താനായി അവളും ആ വലയില്‍ ചാടി വീണു. അവളുടെ ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ കാണുന്നത് ഭാര്യയും മക്കളുമെല്ലാം വേടന്റെ വലയില്‍ കുടുങ്ങിയതാണ്. ഒന്നും ചിന്തിക്കാതെ അവനും ആ വലയിലേക്ക് ചാടി.


കുടുംബജീവിതത്തില്‍ അത്യാസക്തനായി അശാന്താതാമാവാകുന്നവന്‍ നാശത്തെ പ്രാപിക്കുന്നുവെന്ന് ഇതില്‍നിന്ന് പഠിച്ചു. വിശേഷബുദ്ധിയുണ്ടെന്നവകാശപ്പെടുന്ന മനുഷ്യന്റെ അവസ്ഥയും ഭിന്നമല്ല. അവരും പക്ഷിമൃഗാദികളെപ്പോലെതന്നെ ഗാര്‍ഹസ്ഥ്യത്തില്‍ ബന്ധനസ്ഥരാകുന്നു. അനേക ജന്മത്തിലെ പുണ്യത്തിന്റെ ഫലമായാണ് മനുഷ്യജന്മം കിട്ടുന്നത്. എന്നിട്ടും വിശേഷ ബുദ്ധിയുള്ള മനുഷ്യന്‍ വിവേകശൂന്യമായ ബുദ്ധിവിശേഷത്തിലാണ് നില്‍ക്കുന്നത്. ഇത് വൃക്ഷത്തിന്റെ മുകളില്‍ കയറിയിട്ട് പിടിവിട്ടുകളയുംപോലെയാണ്. കേവലം മൃഗങ്ങള്‍ക്കുപോലും ലഭിക്കുന്ന രതിസുഖാദികളുടെ പിന്നാലെ പോകുന്ന മനുഷ്യന്‍, ഈ ദിവ്യജന്മത്തിലും മോക്ഷത്തിനായി ശ്രമിക്കാത്തത് മായാവൈഭവം തന്നെ.



ഇവരൊക്കെ പെരുമ്പാമ്പിനെയെങ്കിലും കണ്ടുപഠിച്ചിരുന്നെങ്കില്‍! അവധൂത ബ്രാഹ്മണന്‍ തന്നെ വനയാത്രയില്‍ മറ്റൊരു ദൃശ്യം കണ്ടു. ഉഗ്രവലുപ്പത്തിലുള്ള പെരുമ്പാമ്പ്. അതിനെ വീക്ഷിച്ചപ്പോള്‍ ഒന്നു വ്യക്തമായി, ഇന്ദ്രിയ സുഖത്തിന് അധ്വാനിച്ച് ജീവിതം അവസാനിപ്പിക്കുന്നതാണ് സാധാരണ മനുഷ്യരുടെ ജീവിതരീതിയെങ്കിലും സുഖത്തെ അതിജീവിക്കാന്‍ മനുഷ്യന്‍ പഠിക്കേണ്ടിയിരിക്കുന്നു. ദുഃഖത്തെ അതിജീവിക്കാനാണ് ഇന്ന് മനുഷ്യന്റെ പരിശ്രമമത്രയും.



എന്നിട്ടും ദുഃഖമുണ്ടായിക്കൊണ്ടേയിരിക്കുന്നു. സുഖവും ദുഃഖവും ഒരേ നാണയത്തിന്റെ വശങ്ങളാണ്. പ്രാരബ്ധങ്ങളും സഞ്ചിതങ്ങളുമായ കര്‍മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കാനാണ് ഓരോ ജന്മവും. അതുകൊണ്ടുതന്നെ അതിനുവേണ്ടി ഏറെ പണിപ്പെട്ട് ആലോചിക്കുകയോ ആലോചിച്ച് അധ്വാനിക്കുകയോ ചെയ്തില്ലെങ്കിലും സുഖവും ദുഃഖവും നമുക്ക് വന്നുചേര്‍ന്നിരിക്കും. ഇന്ദ്രിയ സുഖത്തിനായുള്ള അധ്വാനം തെല്ലും ആവശ്യമില്ല. യദൃഛയാ കിട്ടുന്ന ആഹാരംകൊണ്ട് പെരുമ്പാമ്പ് തൃപ്തനാകുന്നു. പെരുമ്പാമ്പ് ഇരതേടിപ്പോകാറില്ല. അതിനുള്ള ആഹാരം അവിടെയെത്തും.


ഭക്ഷണം കിട്ടാത്തപ്പോള്‍ പട്ടിണി സഹിക്കാനുള്ള മനശ്ശക്തിയും പെരുമ്പാമ്പ് സ്വയമേവ സമ്പാദിക്കുന്നു. മനസ്സിന്റെ സഹനശക്തി പെരുമ്പാമ്പില്‍നിന്നും പഠിക്കാനാവും. ദേഹബുദ്ധിയുപേക്ഷിച്ച് ആത്മധ്യാനത്തില്‍ ഉറയ്ക്കുന്നതായിരിക്കണം ജ്ഞാനിയുടെ മാര്‍ഗം.


കടപ്പാട്:

No comments:

Post a Comment