ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, November 25, 2017

ചിരഞ്‌ജീവിയായ വിഭീഷണന്‍ - പുരാണകഥാപാത്രങ്ങൾ



രാവണന്‌ കുംഭകര്‍ണ്ണനു ശേഷം ലഭിച്ച സഹോദരനാണു വിഭീഷണന്‍.  രാമായണത്തിലെ രണ്ടു കഥാപാത്രങ്ങളേ സപ്‌തചിരഞ്‌ജീവികളിലുളളൂ. അവര്‍ ഹനുമാനും വിഭീഷണനുമാണ്‌.

ബ്രഹ്‌മാവിനെ പ്രസാദിപ്പിക്കാന്‍ രാവണനോടൊപ്പം കുംഭകര്‍ണ്ണനും വിഭീഷണനും തപസനുഷ്‌ഠിക്കുകയുണ്ടായി.  രാവണന്‌ മനുഷ്യരില്‍ നിന്നല്ലാതെ മറ്റാരിലും നിന്നു മരണമുണ്ടാകരുതെന്നും കുംഭകര്‍ണ്ണന്‌ ഉറക്കം വേണമെന്നുമുളള വരങ്ങളാണ്‌ വേണ്ടിയിരുന്നത്‌. എന്നാല്‍ വിഭീഷണന്‍ ബ്രഹ്‌മാവിനോട്‌ അപേക്ഷിച്ചത്‌ വിഷ്‌ണുഭക്‌തി നല്‍കാനാണ്‌.


ലങ്കാപുരിയിലെ ഉദ്യാനമെല്ലാം അടിച്ചുതകര്‍ത്ത ഹനുമാനെ ബ്രഹ്‌മാസ്‌ത്രത്താല്‍ ബന്ധിച്ച്‌ രാവണന്റെ മൂത്തമകനായ ഇന്ദ്രജിത്ത്‌ രാജസഭയില്‍ കൊണ്ടുവന്നു. അപ്പോള്‍ സിംഹാസനത്തിനൊപ്പം ഉയരത്തില്‍ വാല്‍ ചുരുട്ടിവച്ച്‌ അതിന്മേലിരുന്ന്‌ ഹനുമാന്‍ രാവണന്‌ തത്ത്വേപദേശം നല്‍കുകയാണുണ്ടായത്‌. അതു കേട്ടു ക്രുദ്ധനായ രാക്ഷസരാജന്‍ ഈ നിസാരവാനരനെ എളളുകണക്കെ വെട്ടിനുറുക്കുവിന്‍ എന്ന്‌ കിങ്കരന്മാര്‍ക്ക്‌ ആജ്‌ഞ കൊടുത്തു. ആ നിര്‍ണായക സമയത്തായിരുന്നു വിഭീഷണന്റെ രംഗപ്രവേശം. ദൂതനെക്കൊല്ലുന്നത്‌ രാജോചിതമായ പ്രവൃത്തിയല്ല എന്ന്‌ അദ്ദേഹം ജ്യേഷ്‌ഠനെ ഓര്‍മ്മിപ്പിച്ചു. പിന്നീട്‌ രാമനോട്‌ യുദ്ധം ചെയ്യാനുറച്ച രാവണന്‌ സാരോപദേശം നല്‍കുന്ന നിലയിലാണ്‌ വിഭീഷണനെ നാം കാണുന്നത്‌. വരുംവരായ്‌കയെക്കുറിച്ച്‌ ജ്യേഷ്‌ഠനെ ധരിപ്പിച്ച്‌ കുംഭകര്‍ണ്ണന്‍ പിന്‍വാങ്ങിയ ശേഷമായിരുന്നു അത്‌. ശ്രീരാമനോട്‌ യുദ്ധം ചെയ്‌തു ജയിക്കാന്‍ പോന്ന ഒരു വ്യക്‌തിയും ഇന്നോളമുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ശ്രീരാമാവതാരലക്ഷ്യം തന്നെ രാവണനിഗ്രഹമാണ്‌. സീതയെ തിരിച്ചേല്‍പ്പിച്ച്‌ നിരുപാധികം മാപ്പപേക്ഷിച്ചാല്‍ ചിലപ്പോള്‍ രാവണന്‌ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞേക്കും. അതുകൊണ്ട്‌ ഇതൊന്നേ ജ്യേഷ്‌ഠന്റെ നന്മയ്‌ക്കുവേണ്ടി ചെയ്യാനുളളൂ. സജ്‌ജനവൈരം കൊണ്ട്‌ ആരും ഒന്നും നേടുകയില്ല.



ഈ ലോക സത്യങ്ങളാണ്‌ വിഭീഷണന്‍ രാവണനോട്‌ പറഞ്ഞത്‌. പക്ഷേ എന്തു പ്രയോജനം? രാവണന്‌ വിഭീഷണന്റെ വാക്കുകളൊന്നും സ്വീകാര്യമായില്ല. തുടര്‍ന്ന്‌ രാക്ഷസാധീശന്റെ വാളിന്‌ ഇരയാകാതിരിക്കാന്‍ വേണ്ടി സത്ത്വഗുണ സമ്പന്നമായ വിഭീഷണന്‍ അഖിലലോകേശനായ ശ്രീരാമനെ ശരണം പ്രാപിച്ചു. വിഭീഷണന്റെ ഈ പ്രവൃത്തിയില്‍ സംശയാലുവായ സുഗ്രീവന്‍ ചില തടസങ്ങളുന്നയിച്ചു. ആ സമയത്ത്‌ ഹനുമാന്‍ വിഭീഷണന്‍ ഉത്തമനാണെന്ന്‌ ഭഗവാനെ ധരിപ്പിച്ചു. എന്നു മാത്രമല്ല ശരണാഗതിയെ രക്ഷിക്കുന്നത്‌ ഉചിതമാണ്‌.



ശ്രീരാമന്‍ ആ സത്യസന്ധന്റെ വാക്കുകള്‍ മാനിച്ച്‌ വിഭീഷണനെ ഉറ്റ സുഹൃത്തായി സ്വീകരിച്ചു. എന്നിട്ട്‌ വിഭീഷണന്‌ ലങ്കാധിപനായി ലക്ഷ്‌മണനെക്കൊണ്ട്‌ അഭിഷേകം കഴിപ്പിക്കുകയും ചെയ്‌തു. വിഭീഷണന്‍ പറഞ്ഞുകൊടുത്ത ലങ്കയിലെ രാഷ്‌ട്രീയരഹസ്യങ്ങള്‍ രാവണനെ വധിക്കാന്‍ ശ്രീരാമന്‌ ഉപകാരപ്പെട്ടു. രാവണവധം കഴിഞ്ഞ്‌ ശ്രീരാമന്റെ നിര്‍ദ്ദേശവും ദേവേന്ദ്രന്റെ പ്രേരണയും മാനിച്ചു ലങ്കയിലെത്തിയ വിശ്വകര്‍മ്മാവ്‌ ആ പട്ടണത്തെ പഴയപടി പുനരുദ്ധരിക്കുകയുണ്ടായി. കാലമേറെച്ചെന്ന്‌ ശ്രീരാമന്‍ അശ്വമേധയാഗം നടത്തിയപ്പോള്‍ വീഭീഷണനായിരുന്നു അതിനുവേണ്ട ധനകാര്യഭരണം നടത്തിയത്‌. നിര്‍മ്മല ഭക്‌തിയും പരമാര്‍ത്ഥ ജ്‌ഞാനവും ഉണ്ടായിരിക്കുകയും മാതൃകായോഗ്യമായ കര്‍മ്മങ്ങള്‍ മാത്രം അനുഷ്‌ഠിച്ചു ഭഗവാനെ സേവിക്കുകയും ചെയ്‌തതാണ്‌ ചരിത്രത്തിനു മാര്‍ഗദര്‍ശിയായ ചിരഞ്‌ജീവിത്വം കൈവരിക്കാന്‍ വിഭീഷണനു കാരണമായത്‌.

No comments:

Post a Comment