1. ആന വന്യജീവിയാണ്. അതിനെ ഇണക്കാന്‍ (domesticate) ആവില്ല , മെരുക്കാനേ (tame) കഴിയൂ. രണ്ടായിരത്തിലധികം വര്‍ഷമായി ആനയെ പിടിച്ചു മെരുക്കാന്‍ തുടങ്ങിയിട്ട്. ഇതിനു ശേഷം മരത്തില്‍ നിന്നു പിടിച്ച് വളര്‍ത്താന്‍ തുടങ്ങിയ താറാവുകള്‍ ഇപ്പോള്‍ പറക്കലും അടയിരിക്കലും വരെ മറന്ന് മനുഷ്യനെ ആശ്രയിച്ചു ജീവിക്കുകയാണ്, ഇണങ്ങല്‍ എന്നാല്‍ അങ്ങനെയാണ്.
2. ആനയ്ക്ക് മനുഷ്യസംസര്‍ഗ്ഗം ഇഷ്ടമല്ല. കാട്ടാനയുടെ സേഫ്റ്റി ബബിള്‍ (respectful distance) ലംഘിച്ചാല്‍ നിങ്ങള്‍ക്ക് അത് നല്ലതുപോലെ മനസ്സിലായിക്കോളും.
3. സാധാരണഗതിയില്‍ ആനകള്‍ പറ്റമായി ജീവിക്കുന്ന സാമൂഹ്യജീവികളാണ് (pack animals). അതിനു ഏകാന്തവാസം സഹിക്കാനാവില്ല.
4. ആനയെ ചതിക്കുഴി കുത്തി വീഴിച്ച്, അനങ്ങാന്‍ പറ്റാത്ത കൂട്ടില്‍ ഇട്ട് ദിവസങ്ങളോളം മര്‍ദ്ദിച്ചും പട്ടിണിക്കിട്ടും മുറിപ്പെടുത്തിയും പൊള്ളിച്ചും ശബ്ദവും തീയും കാട്ടി ഭയപ്പെടുത്തിയും അതിന്റെ ഇച്ഛാശക്തി ഇല്ലാതെയാക്കുന്ന പ്രക്രിയയാണ് മെരുക്കല്‍ (crushing). എന്നിട്ടും ആന വഴങ്ങുന്നില്ലെങ്കില്‍ മെരുക്കുന്നവര്‍ മരക്കറകള്‍ ഒഴിച്ച് അതിന്റെ കണ്ണിന്റെ കാഴ്ച കളയും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന പ്രശസ്ത ആന ഒറ്റക്കണ്ണന്‍ ആയത് ഇങ്ങനെയാണ്. മെരുക്കലിലൂടെ ആന അടിമത്തം ശീലിക്കും എന്നല്ലാതെ നിങ്ങളെ സ്നേഹിക്കാന്‍ തുടങ്ങും എന്നു കരുതുന്നെങ്കില്‍ തെറ്റാണ്.
5. തണുപ്പും നനവുമുള്ള കാട്ടുമണ്ണില്‍ ജീവിക്കുന്ന ജന്തുവാകയാല്‍ ആനയ്ക്ക് കുളമ്പുകള്‍ ഇല്ല. ഉറച്ചതും ചൂടുള്ളതുമായ റോഡിലും പറമ്പിലും നടക്കുമ്പോള്‍ ആനയ്ക്ക് കാലു പൊള്ളും. നാട്ടാനകളില്‍ മിക്കതിന്റെയും കാല്‍ പൊള്ളിയും പഴുത്തും പോയ പാടുകള്‍ ഉള്ളവയാണ്.
6. തണലില്‍ ജീവിക്കുന്ന ജന്തുവാകയാല്‍ ആനയ്ക്ക് വിയര്‍പ്പു ഗ്രന്ഥി കാല്‍നഖങ്ങള്‍ക്കു ചുറ്റുമേയുള്ളൂ. ചൂട് ആറ്റാനും പിന്നെ മാനസികപ്രശ്നമുണ്ടാകുമ്പോഴും ഒക്കെയാണ് ആന ചെവിയാട്ടുന്നത്. തുറന്നയിടത്തെ വെയില്‍ ഏറെനേരം താങ്ങാനുള്ള ശേഷി ആനയ്ക്കില്ല.
7. ആന കാട്ടില്‍ സഞ്ചരിച്ച് ഇലകള്‍, തണ്ടുകള്‍ മരത്തൊലികള്‍ പാറയിലെ ഉപ്പുകള്‍ തുടങ്ങി 120 ഓളം വൈവിദ്ധ്യമാര്‍ന്ന ഭക്ഷണം കഴിക്കുന്ന ജന്തുവാണ്. തെങ്ങോലയും പനമ്പട്ടയും അതിന്റെ ആമാശയത്തിനും കുടലിനും താങ്ങാവുന്നതിലപ്പുറം കടുത്ത നാരുകള്‍ ഉള്ള അസ്വാഭാവിക ഭക്ഷണമാണ്. ഇമ്മാതിരി ഭക്ഷണം കുടലില്‍ തടയുമ്പോള്‍ വരുന്ന അസുഖമാണ് എരണ്ടക്കെട്ട് (impaction). നാട്ടാനകളില്‍ എരണ്ടക്കെട്ട് സാധാരണമാണ്. എരണ്ടക്കെട്ട് വന്നാല്‍ ഭൂരിപക്ഷം ആനകളും പിടഞ്ഞ് നരകിച്ച് ദിവസങ്ങള്‍ കൊണ്ട് ദയനീയമായ മരണത്തിനു കീഴടങ്ങും.
8. കാട്ടാന ഒരു ദിവസം 200 ലിറ്ററോളം വെള്ളം കുടിക്കും. കാട്ടില്‍ നിന്നു പുറത്തായാല്‍ ഇതിലും എത്രയോ അധികം വേണ്ടി വരും. നാട്ടാനയ്ക്ക് ആവശ്യത്തിന്, ആവശ്യമുള്ള സമയം വെള്ളം ലഭിക്കുന്നില്ല.
9. മദപ്പാട് (musth) ആനയ്ക്ക് ഭ്രാന്തിളകുന്നതല്ല. അതിന്റെ പ്രജനനവുമായി ബന്ധപ്പെട്ട സ്വാഭാവിക പ്രക്രിയയാണ്. മദപ്പാടുള്ള ആനയുടെ പുരുഷ ഹോര്‍മോണ്‍ (testosterone) 60 മടങ്ങ് വരെ വര്‍ദ്ധിക്കുകയും അത് നിരന്തരം വെള്ളം കുടിക്കുകയും ചെയ്യും. ഈ സമയം അതിനു കുടിവെള്ളം കൊടുക്കാതെ പൂട്ടിയിടുന്ന അടവിനെയാണ് "വാട്ടല്‍" എന്നു നിങ്ങള്‍ വിളിക്കുന്നത്. വാട്ടലിലൂടെ ആന തളര്‍ന്നുപോകുക മാത്രമല്ല, അതിന്റെ ആന്തരികാവയവങ്ങള്‍ക്ക് സ്ഥിരമായി കേടുസംഭവിക്കുകയും ചിലപ്പോള്‍ ചെരിയുകയും ചെയ്യും. മദപ്പാട് അസുഖമാണെങ്കില്‍ മനുഷ്യന്‍ വിവാഹം കഴിക്കുന്നതും മയില്‍ നൃത്തം ചെയ്യുന്നതും ഒക്കെ അസുഖം തന്നെ.
10. മിക്ക ആനകളുടെയും കാലില്‍ കാണുന്ന വ്രണങ്ങള്‍ ചങ്ങല ഉരഞ്ഞുമാത്രം ഉണ്ടായതല്ല. പാപ്പാന്മാര്‍ അവിടെ സ്ഥിരം മുറിവ് ഉണ്ടാക്കിയിടും. ഇതിനു ചട്ടവ്രണം എന്നു പറയും. ചട്ടവ്രണം ഉണ്ടെങ്കില്‍ ആന നിരന്തരം വേദന ഓര്‍ക്കും എന്നു മാത്രമല്ല, തോട്ടികൊണ്ട് അതില്‍ കുത്തിയാല്‍ അസഹ്യമായ വേദന മൂലം ആന എന്തും അനുസരിക്കും.
11. വനജീവി ആകയാല്‍ ആനയ്ക്ക് ശബ്ദവും പുകയും തീയും പേടിയാണ്. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനകളെ തീപ്പന്തം കാട്ടിയും പറകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ഭയപ്പെടുത്തി ഓടിക്കാറുള്ളത്. അതിനെ പിടിച്ചു ബന്ധിച്ച് അതിന്റെ മുന്നില്‍ ചെണ്ടകൊട്ടും തീവെട്ടിയും വൈദ്യുതാലങ്കാരവും കരിമരുന്നു പ്രയോഗവും നടത്തുമ്പോള്‍ ആന അസഹ്യമായ മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ്. ചെവിയാട്ടുന്നത് അസ്വസ്ഥതയും ചൂടും മൂലമാണ്, ഇതൊന്നും ആസ്വദിക്കുന്നതുകൊണ്ടല്ല.
12. നാട്ടില്‍ കാണുന്ന കുട്ടിയാനകള്‍ നിരന്തരം തലയാട്ടുന്നത് മാനസികപ്രശ്നം മൂലമാണ്. അതു കളിക്കുന്നതോ സന്തോഷിക്കുന്നതോ അല്ല. കാട്ടില്‍ പിടിയാനപ്പറ്റത്തിനൊപ്പം ജീവിക്കുന്ന ഒരു കുട്ടിയാനയും ഇങ്ങനെ തലയാട്ടാറില്ല.
13. ആനയ്ക്ക് മനുഷ്യസംസര്‍ഗ്ഗം മൂലം രോഗം ബാധിക്കാറുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. മഹാഭൂരിപക്ഷം നാട്ടാനകള്‍ക്കും ക്ഷയരോഗമുണ്ട്. ഇതിലെ ഭീതിദമായ വസ്തുത കൂപ്പുപണിക്കു പോയ ആനകള്‍ മൂലം പശ്ചിമഘട്ടത്തിലെ കാട്ടാനകള്‍ക്കും ക്ഷയരോഗബാധ കണ്ടുതുടങ്ങി എന്നതാണ്. കരയിലെ ഏറ്റവും വലിയ ജീവി അന്യം നിന്നുപോകാന്‍ നിങ്ങളുടെ ആനപ്രേമം കാരണമായേക്കും എന്ന് നിങ്ങള്‍ അറിയുന്നുണ്ടോ?
14. ആന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല. അപൂര്‍വ്വം ചില ദേവസ്വം ബോര്‍ഡുകളുടേതും പിന്നെ ചില കൂപ്പുകളിലായി മറ്റുമായി 100ഇല്‍ പുറത്ത് ആനകളേ അമ്പതു വര്‍ഷം മുന്നേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. ആനയെ യുദ്ധത്തിനും മറ്റും ഉപയോഗിക്കുന്നതിനാല്‍ സ്വത്ത് ഏറെയുള്ള അമ്പലങ്ങളില്‍ ആനയുണ്ടായിരുന്നു പണ്ട്. ഇന്ന് ഏറ്റവും ധനികമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പോലും ആനയല്ല കാക്കുക്കത്. എന്നാല്‍ മിക്കവാറും 200 സ്വകാര്യവക്തികളുടേതായി 700ഇല്‍ അധികം ആനകള്‍ കേരളത്തിലുണ്ട്.
15. ലോകത്ത് ഏറ്റവും വേഗത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജന്തുക്കളുടെ പട്ടികയില്‍ പെട്ടുപോയ ഹതഭാഗ്യ ജീവിയാണ് ഏഷ്യന്‍ ആന. ഇവയുടെ വാസസ്ഥലങ്ങളും ആനത്താരകളും മനുഷ്യന്‍ അതിക്രമിച്ചു നശിപ്പിക്കുന്നതു മൂലം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അതിനു പുറമേയാണ് കാട്ടാനയെ പിടിച്ചു ദ്രോഹിച്ചു അതിനു പ്രജനനാവസരം കൂടി നഷ്ടമാക്കുന്ന ആനപ്രേമവും. ഇന്ത്യയിലെ നാട്ടാനയുടെ മഹാഭൂരിപക്ഷവും കേരളത്തിലാണ് ഇന്ന്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ കേരളത്തില്‍ മര്‍ദ്ദനവും അമിതാദ്ധ്വാനവും ക്ഷയവും എരണ്ടക്കെട്ടും ഒക്കെമൂലം ആയിരത്തിലധികം ആനകള്‍ ചെരിഞ്ഞിട്ടുണ്ട്.
ഇക്കാര്യങ്ങളെല്ലാം പരമ പൂജ്യ ചിദാനന്ദപുരി സ്വാമികൾ എന്നും പറയാറുള്ളതാണ്. ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളത്തിനും കരിമരുന്ന് പ്രയോഗങ്ങൾക്കുമെതിരേ അദ്ദേഹം ശക്തിയുക്തം വാദിക്കാറുണ്ട്. അനാചാരങ്ങളെ ആചാരങ്ങളായി തെറ്റിദ്ധരിക്കുന്ന നാം എന്നാണ് ഇതൊന്ന് മനസ്സിലാക്കുക. സർവ്വഭൂതമാത്മാനം സർവ്വഭൂതാനി ചാത്മനി, ഈ ഷതേ യോഗയുക്താത്മാ സർവ്വത്ര സമദർശിന: (സർവ്വഭൂതത്തിലും തന്നെയും, തന്നെ സർവ്വഭൂതത്തിലും കാണുന്ന യോഗയുക്താവ് സമദർശി ആവുന്നു)
കടപ്പാട് : Sri.Babu Paleri