ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, December 4, 2017

ശരീരം വെറും ഉപാധി - ശുഭചിന്ത



ലോകത്തിനുവേണ്ടി സ്വന്തം ജീവിതം ഹോമിക്കാന്‍ തയ്യാറായി വരുന്ന മഹാത്മാക്കളുണ്ട്‌. അവരാണ്‌ ലോകവ്യവഹാരങ്ങളില്‍ പങ്കെടുക്കുന്നതും സാധകരെ സാക്ഷാത്ക്കാരത്തിലേക്ക്‌ നയിക്കുന്നതും. അവരുടെ വാക്കും പ്രവൃത്തിയും ജനങ്ങള്‍ക്ക്‌ മാതൃകയായിരിക്കും.

നിത്യാനിത്യവിവേകമെന്തെന്ന്‌ നമുക്ക്‌ അവരുടെ പ്രവൃത്തികള്‍ കണ്ട്‌ മനസ്സിലാക്കാം. ബ്രഹ്മത്യം ജഗന്മിഥ്യ എന്ന ബോധത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ്‌ അവര്‍ ഈ ലോകത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. ലോകത്തിന്റെ നിയമങ്ങള്‍ അനുസരിച്ചുകൊണ്ടും, അതേസമയം അതിന്റെ മിഥ്യാത്വം അറിഞ്ഞുകൊണ്ട്‌ തത്വത്തില്‍ മുറുകെപ്പിടിച്ചുകൊണ്ടും നിഷ്കാമമായി കര്‍മം ചെയ്യേണ്ടതെങ്ങനെയെന്ന്‌ അവര്‍ നമുക്ക്‌ കാണിച്ചുതരുന്നു. ഈ നിയമങ്ങള്‍ അവരനുസരിക്കുന്നത്‌ ജനങ്ങള്‍ക്ക്‌, പ്രത്യേകിച്ച്‌ സാധകര്‍ക്ക്‌ വഴികാട്ടാനാണ്‌.

അവര്‍ക്ക്‌ ശരീരം വെറും ഉപാധിയാണെന്ന അനുഭവമുണ്ട്‌. നമുക്ക്‌ അത്‌ ബുദ്ധിയിലുള്ള അറിവായിട്ടേ ഉള്ളൂ. അതുകൊണ്ട്‌ വിവേകത്തോടെയുള്ള കര്‍മം നമ്മളെ സംബന്ധിച്ച്‌ ഒഴിച്ചുകൂടാന്‍ പറ്റുന്നതല്ല. സാധകന്‍ ഓരോ പ്രവൃത്തിയിലും നിത്യമേത്‌ അനിത്യമേത്‌, ലക്ഷ്യപ്രാപ്തിക്ക്‌ സഹായിക്കുന്നതേത്‌, അതിന്‌ തടസമാകുന്നതേത്‌ എന്നിങ്ങനെ വിചാരം ചെയ്തുനോക്കേണ്ടത്‌ അത്യാവശ്യമാണ്‌.


– മാതാ അമൃതാനന്ദമയി ദേവി


No comments:

Post a Comment