ലോപാമുദ്രാപതിയായ അഗസ്ത്യനെ വന്ദിച്ച് സന്ദോഷപൂര്‍വ്വം പന്തളമഹാരാജാവ് ചോദിച്ചു: സൂര്യവംശത്തില്‍ ജനിച്ച ദശരഥമഹാരാജാവ് പിണ്ഡദാനത്തിനാല്‍ ബ്രഹ്മലോകം പ്രവേശിച്ചു എന്ന് അങ്ങ് പറഞ്ഞുവല്ലോ. തപോനിധേ, ആ ചരിത്രം കേള്‍ക്കുവാന്‍ എനിക്ക് മോഹമേറുന്നു. അപ്പോള്‍ അഗസ്ത്യന്‍ പറഞ്ഞു: നൃപമണേ, ചുരുക്കി ഞാന്‍ പറയാം. കേട്ടുകൊള്ളുക. രാവണനെ വധിച്ചശേഷം രാജ്യാഭിഷേകം നടത്തി ശ്രീരാമചന്ദ്രന്‍ സീതാസമേതനായി സാമോദം അയോദ്ധ്യയില്‍ വാണു. അക്കാലത്തൊരു ദിനം സഹോദരനായ ലക്ഷ്മണനോടും സീതയോടും കൗസല്യാകൈകേയിസുമിത്രമാരോടുമൊപ്പം കാശി മുതലായ പുണ്യതീര്‍ത്ഥങ്ങള്‍ കണ്ടു വന്ദിക്കുവാന്‍ ശ്രീരാമചന്ദ്രന്‍ പുറപ്പെട്ടു. പുണ്യതീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്തും എണ്ണമറ്റദാനങ്ങള്‍ ചെയ്തും പിതൃതര്‍പ്പണം നടത്തിയും അവര്‍ ഗയയില്‍ എത്തി.
പിതൃക്കള്‍ നേരിട്ടുവന്ന് പിണ്ഡം സ്വീകരിച്ചു ഭക്ഷിക്കുന്ന പുണ്യമേറുന്ന ഗയയിലെത്തിയ പുണ്ഡരീകേക്ഷണനായ ശ്രീരാമചന്ദ്രന്‍ ഫല്‍ഗു നദീതീരത്തു വിളങ്ങുന്ന ഉത്തമമായ വടവൃക്ഷവും ഗദാധരനായ മഹാവിഷ്ണുവിന്റെ പാദങ്ങളും കണ്ടു വന്ദിച്ചു. തീര്‍ത്ഥപാദനായ രാമനോടൊപ്പം ഉണ്ടായിരുന്നവരും ഗദാധരനെ വന്ദിച്ചു. ആര്‍ത്തവകാലമായതിനാല്‍ സീതാദേവി അവരോടൊപ്പം ചേരാതെമാറി നിന്നിരുന്നു. വിഷ്ണുപാദം പതിഞ്ഞ ആ പുണ്യഭൂമിയില്‍ ലക്ഷ്മണനോടും മാതാക്കളോടുമൊപ്പം ശ്രീരാമന്‍ ദശരഥമഹാരാജാവിനു ആമപിണ്ഡം സമര്‍പ്പിക്കുവാന്‍ ഒരുങ്ങി. ഈ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന സീതാദേവി ഫല്‍ഗുനദീതീരത്ത് മണ്ണുകൊണ്ടുണ്ടാക്കിയ പിണ്ഡം ദശരഥനുവേണ്ടിയെന്ന സങ്കല്‍പ്പത്തില്‍ സമര്‍പ്പിച്ചു. പൂര്‍ണ്ണസങ്കല്‍പ്പത്തോടുകൂടി കര്‍മ്മത്തിനായി സീതാദേവി സമര്‍പ്പിച്ച പിണ്ഡം മര്‍മ്മസ്ഥാനത്തു തന്നെ ചെന്നേറ്റു. ദശരഥന്‍ പിണ്ഡം സ്വീകരിച്ചു സംതൃപ്തനായി.
ഇതേസമയം ദാശരഥിയായ രാമന്‍ പിതാവിനായി വിഷ്ണുപാദത്തില്‍ വിധിപൂര്‍വ്വം ആമപിണ്ഡം സമര്‍പ്പിച്ചു. എന്നാല്‍ ആ പിണ്ഡം ദശരഥന്‍ നേരിട്ടെത്തി വാങ്ങുകയുണ്ടായില്ല. മറ്റ് രാജാക്കന്‍മാര്‍ അവരവരുടെ പിതാക്കന്‍മാരെ സങ്കല്‍പ്പിച്ചുചെയ്ത പിണ്ഡങ്ങളെല്ലാം അതാതു പിതൃക്കള്‍ നേരിട്ടുവന്നു വാങ്ങിത്തുടങ്ങി. സമര്‍പ്പിച്ച പിണ്ഡം ഏറ്റുവാങ്ങാന്‍ തന്റെ പിതാവുമാത്രം വരാത്തതില്‍ നാണവുംകോപവും മനസ്സില്‍ വര്‍ദ്ധിച്ച് രാമചന്ദ്രന്‍ മാതാവായ കൗസല്യയോടു ചോദിച്ചു. മാതാവേ, എന്റെ പിതാവ് വരാത്തതെന്താണ്? ഭവതിക്കു തെറ്റു സംഭവിച്ചുവോ? രാജാക്കന്‍മാര്‍ നല്‍കുന്ന പിണ്ഡം പിതൃക്കള്‍ വന്നുവാങ്ങുന്നതുകാണുന്നില്ലയോ? ഈ ഭൂമിയില്‍ അച്ഛനില്ലാത്തവരായി ഞാനും ലക്ഷ്മണനും നില്‍ക്കുന്നു.
കോപത്തോടെ രാമന്‍ പറഞ്ഞതുകേട്ട് കൗസല്യ പറഞ്ഞു: മകനേ, നിന്റെ പിതാവിനെയൊഴിഞ്ഞു അന്യപുരുഷനെ ഞാന്‍ സ്വപ്‌നത്തില്‍പ്പോലും ചിന്തിച്ചിട്ടില്ല. സൂര്യചന്ദ്രാദികളായ പതിന്നാലുദേവകള്‍ ഇതിന് എപ്പോഴും സാക്ഷികളാണ്.
മാതൃവാക്യംകേട്ട ്ഖിന്നനായി ശ്രീരാമന്‍ പവനസുതനായ ഹനുമാനെ സ്മരിച്ചു. തല്‍ക്ഷണം മാരുതി പ്രത്യക്ഷനായി രാമനെ വന്ദിച്ചു. രാമപാദങ്ങള്‍ കഴുകി തീര്‍ത്ഥത്തില്‍ ആറാടി സാദരം രാമനെ വന്ദിച്ച് ആഞ്ജനേയന്‍ ചോദിച്ചു: ശ്രീപതേ, അടിയനെ സ്മരിച്ചതെന്തിനാണ്? ചിന്തിതചിതാമണേ! മമദൈവമേ! ദയാനിധേ! നിന്തിരുവടിയുടെകാരുണ്യമുണ്ടെങ്കില്‍ എന്തുചെയ്യുവാനും ഞാന്‍ ശക്തനാകും. നിന്തിരുവടിയുടെ മുദ്രാംഗുലീയത്തിന്റെ മാഹാത്മ്യത്താല്‍ ഞാന്‍ ദക്ഷിണസാഗരം ചാടിക്കടന്നുവല്ലോ. വേണ്ടുന്നകാര്യം എന്താണ് എന്ന് എന്നോടുചൊല്ലിയാലും. നിന്തിരുവടിയുടെ കൃപയാല്‍ അതെല്ലാം നടക്കും.
ഇതുകേട്ട് ഭക്തപ്രിയനായ ശ്രീരാമന്‍ വായുപുത്രനെ ആലിംഗനം ചെയ്തു പറഞ്ഞു: എന്റെ പിതാവ് എവിടെയാണു വസിക്കുന്നതെന്നു കണ്ടെത്തി അദ്ദേഹത്തെ വേഗംതന്നെ ഭവാന്‍ ഇവിടെയെത്തിക്കുക. രാമവാക്യം ശ്രവിച്ച മാരുതി തന്റെ ദിവ്യദൃഷ്ടിയാല്‍ ദശരഥനെ കണ്ടെത്തി. രാമപാദാംബുജം വന്ദിച്ചശേഷം ആകാശമാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് ക്ഷണനേരംകൊണ്ട് ഹനുമാന്‍ സത്യലോകത്തിലെത്തി. ബ്രഹ്മലോകത്ത് ബ്രഹ്മദേവനോടൊരുമിച്ച് രത്‌നസിംഹാസനത്തിലിരിക്കുന്ന ദിവ്യനായ ദശരഥമഹാരാജാവിനെ കണ്ട് ഹനുമാന്‍ വന്ദിച്ചു. വിവരങ്ങളെല്ലാം അറിയിച്ച് ബ്രഹ്മദേവന്റെ അനുവാദവും വാങ്ങി ദശരഥമഹാരാജാവിനെ തേരില്‍കയറ്റി ക്ഷണനേരംകൊണ്ട് മാരുതി ഗയയില്‍ എത്തിച്ചേര്‍ന്നു. ദശരഥനെ രാമപാര്‍ശ്വത്തിലെത്തിച്ച് ഹനുമാന്‍ വന്ദിച്ചു നിലകൊണ്ടു.
പിതാവിനെക്കണ്ട് കുണ്ഠിതം വെടിഞ്ഞ് രാമചന്ദ്രന്‍ നമസ്‌ക്കരിച്ചു. മന്ദഹാസത്തോടെ രാമനെ തൊഴുത് ആനന്ദത്തോടെ ദശരഥന്‍ പറഞ്ഞു: ചാതുര്യമേറുന്ന നിന്നുടെ മായയാല്‍ ഈ ലോകങ്ങളില്‍ യാതൊരുവനാണു മയങ്ങാത്തത്?. താരകബ്രഹ്മമാണു ഭവാന്‍ എന്നിരിക്കെ അതുതിരിച്ചറിയാതെ കേവലം എന്റെ പുത്രനാണ് എന്ന്ചിന്തിച്ച് ഞാന്‍ ലാളിച്ചു. കഷ്ടം!. ജഗല്‍പതേ, അതുമൂലം എനിക്കു സംസാരദുഃഖത്തില്‍ നിന്നും കരകയറുവാന്‍ സാധിച്ചില്ല. ദേഹമുണ്ടെങ്കില്‍ മോഹവുംഉണ്ടാകും. മോഹമാണു ദുഃഖബീജമാകുന്നത്. അതിനാല്‍ ഇനി സംസാരദുഃഖം ഉണ്ടാകാതിരിക്കാനുള്ളവരം അങ്ങ് എനിക്കു നല്‍കണം. അങ്ങ് സമര്‍പ്പിച്ച ആമപിണ്ഡം ഞാന്‍ നേരിട്ടുവന്നുവാങ്ങാത്തതിന്റെ കാരണം അങ്ങേയ്ക്ക് അറിയാം.
അല്ലയോ രമാപതേ!, എങ്കിലും ഇവിടെയുള്ള ജനങ്ങളെല്ലാവരും കേള്‍ക്കാനായി ഞാന്‍ പറയാം. അങ്ങയുടെ ശക്തിയായ ജാനകിയെന്ന ചിഛക്തിരൂപിണി മാനുഷരൂപത്തില്‍ പുഷ്പിണിയാണെങ്കിലും എന്നെ സങ്കല്‍പ്പിച്ച് മണ്ണുകൊണ്ടുള്ള പിണ്ഡം സമര്‍പ്പിച്ചു. അതു ഞാന്‍ ഭക്ഷിച്ചു. ആ പിണ്ഡദാനത്തിനാല്‍ ഞാന്‍ സ്വര്‍ഗ്ഗലോകത്തു നിന്നും സത്യലോകത്തിലെത്തി. ഉണ്ടു വയറുനിറഞ്ഞവന്‍ വീണ്ടും ഉണ്ണുവാന്‍ കൊതിക്കുന്നതെങ്ങിനെ? സ്ത്രീരത്‌നമായ കൗസല്യയില്‍ അല്‍പംപോലും ദോഷം ആരും കരുതരുത്. ഇങ്ങനെ പറഞ്ഞു ദശരഥന്‍ മറഞ്ഞു. ഇതെല്ലാംകണ്ടുസര്‍വരും അത്ഭുതപ്പെട്ടു.
ഇനിമുതല്‍ പിതൃക്കള്‍ക്കു നേരിട്ടുവന്നു ആമപിണ്ഡം സ്വീകരിച്ചു ഭുജിക്കുവാന്‍ സാധിക്കാതെ പോവട്ടെ എന്ന് ശ്രീരാമചന്ദ്രന്‍ ശപിച്ചു. അന്നുതൊട്ട് ഗയയില്‍ പിതൃക്കള്‍ നേരിട്ടുവന്ന് പിണ്ഡം സ്വീകരിക്കാതെ അദൃശ്യരായി നിന്ന് പിണ്ഡം വാങ്ങി ഭക്ഷിച്ച് ബ്രഹ്മപദത്തില്‍എത്തുന്നു.
പന്തളമഹാരാജാവേ, ഇങ്ങനെയെല്ലാം വൈശിഷ്ട്യമേറുന്ന ഗയയ്ക്കു സമമാണ് ഇവിടെയുള്ള പമ്പാനദി എന്നറിയുക. താരകബ്രഹ്മമായ ധര്‍മ്മശാസ്താവിനെ അഭിഷേകംചെയ്ത ജലം ചേര്‍ന്നൊഴുകുന്ന കുംഭദളതീര്‍ത്ഥത്തിന്റെ(കുമ്പളത്തോടിന്റെ) മാഹാത്മ്യവും ഇനി പറയാം.
സുകേഷ് പി. ഡി.
ജന്മഭൂമി:
No comments:
Post a Comment