ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, December 26, 2017

ആലുവ ശിവക്ഷേത്രം - 108 ശിവ ക്ഷേത്രങ്ങൾ



108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്



ആലുവ ശിവക്ഷേത്രം ശിവൻ കിഴക്ക് ആലുവ ആലുവ എറണാകുളം ജില്ല



പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവാ ശിവക്ഷേത്രം.


എറണാകുളം ജില്ലയിലെ ആലുവയിൽ പെരിയാറിന്‍റെ തീരത്താണ് ആലുവ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.പെരിയാറിന്‍റെ തീരത്തുള്ള ആലുവാ മണപ്പുറത്തെ മഹാശിവരാത്രി കൊണ്ട് പ്രശസ്തമായതാണ് ഈ ക്ഷേത്രം.
ആലുവ മഹാദേവക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണ്




പെരിയാറിലൂടെ സഞ്ചരിക്കുകയായിരുന്ന വില്വമംഗലം സ്വാമിയാര്‍ മണപ്പുറത്തെ ശിവചൈതന്യം തിരിച്ചറിഞ്ഞ് സ്വയംഭൂവായി അവിടെയുണ്ടായിരുന്ന ശിവലിംഗത്തിലേക്ക് ആ ചൈതന്യം ആവാഹിച്ച് ശിവപൂജ ചെയ്തു. സ്വാമിയുടെ പൂജയില്‍ സംപ്രീതനായ മഹാദേവന്‍ വില്വമംഗലത്തിന് മുന്നില്‍ പ്രത്യക്ഷനായി അനുഗ്രഹം നല്‍കി. സ്വാമിയും നാട്ടുകാരും ചേര്‍ന്ന് മണപ്പുറത്ത് ക്ഷേത്രം നിര്‍മ്മിക്കുകയാണുണ്ടായത്.
ക്രി.വ. 1343 ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ ആദ്യപ്രതിഷ്ഠ നിലനിന്നിരുന്ന ക്ഷേത്രം നശിച്ചു പോവുകയും പകരം വടക്ക് വശത്തുള്ള ഉയർന്ന കരയിൽ പുതിയ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. എങ്കിലും എല്ലാവർഷവും ശിവരാത്രിക്ക് പഴയ ശിവപ്രതിഷ്ഠ നിലകൊണ്ട സ്ഥാനത്ത് താൽകാലിക ക്ഷേത്രം നിർമ്മിക്കുകയും അത് വെള്ളത്തിൽ ലയിച്ച് ചേരുകയും ചെയ്യുന്നു.



വൃത്താകൃതിയില്‍ കെട്ടിയ പടികള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ ചെറിയ ഒരു ആല്‍ത്തറ, ഇതിന് മുമ്പിലായി ഭൂനിരപ്പില്‍ നിന്ന് 3 അടിയോളം താഴെയാണ് പുരാതനമായി നിലനില്‍ക്കുന്ന തറയില്‍ സ്വയംഭൂവായ ശിവലിംഗം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്‍റെ വടക്കുകിഴക്ക് ഭാഗത്തായി ഗണപതി, ഭദ്രകാളി, അനന്തന്‍ എന്നീ പ്രതിഷ്ഠകളുമുണ്ട്. യഥാവിധി പ്രതിഷ്ഠിക്കാത്തതും പൂജകള്‍ ഒന്നും നടക്കാത്തതുമായ ഈ ദൈവീകശിലകളില്‍ ഭക്തജനങ്ങളുടെ നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമായി ദേവീകചൈതന്യമുണ്ടായി എന്നാണ് പറയപ്പെടുന്നത്.
ആലുവശിവക്ഷേത്രത്തിന്‍റെ പടിഞ്ഞാറുള്ള ആൽ മരത്തിൽ നിന്നാണ് " ആലുവ " എന്ന പേരു വന്നതെന്ന് ഒരു വിശ്വാസം ഉണ്ട്. വില്വമംഗലം സ്വാമിയാരാണ് ഈ ആൽ വച്ച് പിടിപ്പിച്ചത് എന്ന് വിശ്വസിക്കുന്നു. വിശ്വവിജ്ഞാനകോശത്തിലും ഇത് ഉദ്ധരിച്ച് കാണുന്നുണ്ട്. എന്നാൽ ആലല്ല ,ശിവക്ഷേത്രം തന്നെയാണ്‌ സ്ഥലനാമോല്പത്തിക്ക് കാരണമെന്ന് വാദങ്ങളും ഉണ്ട്.



മധുര കേന്ദ്രീകരിച്ച് വികസിച്ച് ശൈവ മതപ്രസ്ഥാനം പടിഞ്ഞാറോട്ട് വികസിക്കുകയും ആദ്യം തൃക്കരിയൂർ ശിവക്ഷേത്രം സ്ഥാപിക്കപ്പെടുകയും ചെയ്തു. പിന്നീട് ആലുവയിലും ക്ഷേത്രം സ്ഥാപിക്കപ്പെട്ടു. മധുരയിലെ ശിവക്ഷേത്രത്തെ ആലവായിൽ എന്ന് വിളിച്ചിരുന്നത് അനുകരിച്ച് ഈ പ്രതിഷ്ഠക്കും ആലവായിൽ എന്ന് വിളിക്കുകയും അത് പിന്നീട് ആലുവാ എന്നാകുകയും ചെയ്തതായി കരുതുന്നു.



ആലുവായ-നടുങ്ങല്ലൂർ-തിരുവാല്ലൂർ എന്നിങ്ങനെ ഒരു പാമ്പിന്‍റെ വായയും നടുഭാഗവും വാലുമായി മൂന്നമ്പലങ്ങളെ (ശിവക്ഷേത്രം, കടുങ്ങല്ലൂരമ്പലം, തിരുവാല്ലൂരമ്പലം) ബന്ധിപ്പിക്കുന്ന ഒരു കഥയും ആലുവഭാഗത്തു പ്രചാരത്തിലുണ്ട്.



പ്രകൃതിയുടെ നിയന്ത്രണത്തില്‍ സ്വഭാവികമായി ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നാണ് ആലുവ ശിവക്ഷേത്രം. മഴക്കാലത്ത് പെരിയാര്‍ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തില്‍ മുങ്ങുപ്പോഴാണ് ഇവിടെ ആറാട്ട് നടക്കുക എന്നത് ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്. ചമ്രവട്ടം അയ്യപ്പക്ഷേത്രം, താന്നിക്കുടം ഭഗവതി ക്ഷേത്രം, ഊരമന ശാസ്താക്ഷേത്രം, തൃപ്പുലിക്കല്‍ ശിവക്ഷേത്രം എന്നിവയാണ് ഇതുപോലെ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ മറ്റ് ക്ഷേത്രങ്ങള്‍



ഏകദേശം 11 ഏക്കറോളം വരുന്ന മണല്‍പ്പുറത്ത് ലക്ഷക്കണക്കിന് ആളുകൾ എല്ലാ ശിവരാത്രിക്കും ആലുവാമണപ്പുറത്ത് ശിവരാത്രിദിവസം രാത്രി ഉത്സവം ആഘോഷിക്കാൻ ഒത്തുകൂടുന്നു.ശിവരാത്രിക്കുശേഷമുള്ള ദിവസം രാവിലെ തീര്‍ത്ഥാടകര്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നു. ശ്രീരാമന്‍ ശിവരാത്രി ദിവസം ഇവിടെ ജഡായുവിനു കര്‍മ്മങ്ങള്‍ ചെയ്തുവെന്നു ഐതിഹ്യമുണ്ട്.


ദക്ഷിണഗംഗയായ പെരിയാര്‍ ആലുവയിലെത്തി രണ്ടായി പിരിയുന്നിടമാണ് ത്രിവേണി സ്‌നാനഘട്ടം. ഇവിടെ എത്തിച്ചേരുന്ന ജലം നീലക്കോടുവേലി എന്ന അപൂര്‍വ്വ ഔഷധ സസ്യത്തിന്റെ വേരുകള്‍ തട്ടിയാണ് ഒഴുകുന്നത് എന്നാണ് പഴമക്കാര്‍ പറയുന്നത്. അതിനാല്‍ ഇവിടെ സ്‌നാനം ചെയ്യുന്നവര്‍ക്ക് ഉണര്‍വ്വും രോഗപ്രതിരോധശേഷിയും ലഭിക്കുമെന്നും പറയപ്പെടുന്നു.ഇത് മനസിലാക്കിയ തിരുവിതാംകൂര്‍ മഹാരാജാവ് ഇവിടെയെത്തുമ്പോള്‍ കുളിച്ച് തൊഴുന്നതിന് വേണ്ടി പുഴയുടെ തീരത്ത് ഒരു കൊട്ടാരം പണികഴിപ്പിച്ചു. ഇന്ന് അത് കേരള സര്‍ക്കാരിന്‍റെ അതിഥിമന്ദിരമാണ്.1789-ൽ തിരുവിതാംകൂർ മഹാരാജാവ് ആലുവാ മണപ്പുറത്ത് വച്ച് യാഗം നടത്തിയതായി രേഖകൾ ഉണ്ട്. ആലുവ പാലസ്, അന്ത്രപ്പേർ കെട്ടിടം, കോഡർ മാളിക, ചൊവ്വര കൊട്ടാരം തുടങ്ങിയവ ഇന്നും അവശേഷിക്കുന്നുണ്ട്.


ചേരരാജാക്കന്മാരുടെ കാലത്തേ തന്നെ പ്രധാനപ്പെട്ട ഒരു വാണിജ്യോത്സവമായി ആലുവാശിവരാത്രി കൊണ്ടാടിയിരുന്നു. ഒരു വർഷത്തേക്ക് വേണ്ട ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ, കാർഷിക വിത്തുകൾ, വസ്ത്രങ്ങൾ എന്നിങ്ങനെ എല്ലാം ഇവിടെ വില്പനക്കെത്തിയിരുന്നു. പിന്നീട് കൊച്ചി രാജ്ഞിയാണ് ആലുവ ചന്ത നിർമ്മിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി പണ്ടാരം വകയിൽ നിന്ന് സ്ഥലവും വിട്ടുകൊടുത്തു. ഈ ചന്തയെ ചുറ്റിപ്പറ്റിയാണ് നഗരം വികസിച്ചത് തന്നെ.



വര്‍ഷത്തില്‍ മൂന്ന് മാസം മാത്രമേ ഇവിടെ ദിവസപ്പൂജയുള്ളൂ. ബാക്കി ഒമ്പത് മാസവും രണ്ട്‌നേരം നിവേദ്യം മാത്രമാണുള്ളത്.

മകരസംക്രമം മുതല്‍ വിഷു വരെയുള്ള കാലം ക്ഷേത്രത്തിലെ ഉത്‌സവക്കാലമാണ്. മകരവിളക്ക്, ശിവരാത്രിവിളക്ക്, കൊടിപ്പുറത്ത് വിളക്ക്, ഉത്രവിളക്ക്, വിഷുവിളക്ക് എന്നിങ്ങനെ പഞ്ചവിളക്കുകളും ഇവിടെ വളരെ പ്രധാനമാണ്.


വില്വമംഗലത്ത് സ്വാമിയാര്‍ സ്വയംഭൂവായ ശിവലിംഗത്തെ ദര്‍ശിച്ചത് മകരസംക്രമണത്തിലാണെന്ന കരുതിവരുന്നു. അതുകൊണ്ട് ഈ ദിവസം മകരസംക്രമണവിളക്കായി കൊണ്ടാടുന്നു. ഈ ദിനം മുതല്‍ കുംഭമാസത്തിലെ കറുത്ത വാവ് വരെ താത്കാലികമായി കെട്ടിയുണ്ടാക്കിയ ശ്രീകോവിലില്‍ ശീവേലീവിഗ്രഹം പ്രതിഷ്ഠിച്ച് പൂജകള്‍ നടത്തുന്നു.


കൊടിയേറ്റമോ ആറാട്ടോ ഇല്ലാത്ത ഉത്സവമാണ് ആലുവ ശിവക്ഷേത്രത്തിലുള്ളത്. മീനമാസത്തിലെ തിരുവാതിര നാളില്‍ തുടങ്ങി ഉത്രം നാളില്‍ ഉത്സവം സമാപിക്കുന്നു. ഉത്സവം പ്രമാണിച്ച് നടക്കുന്ന ഏഴ് ദിവസത്തെ വിളക്കാണ് കൊടിപ്പുറത്ത് വിളക്ക്.

ശിവന് ഏറെ പ്രിയമുള്ള വഴിപാടാണ് അഭിഷേകം. ഈ ക്ഷേത്രത്തില്‍ എണ്ണമയമുള്ളതൊന്നും അഭിഷേകം നടത്താറില്ല. ശുദ്ധജലം, ഭസ്മം, കരിക്ക്, പാല്‍, പനിനീര് എന്നിവയാണ് പ്രധാനപ്പെട്ടവ.
ആയിരംകുടം അഭിഷേകം, ശംഖാഭിഷേകം എന്നിവയുമുണ്ട്.


അസ്ഥിസംബന്ധമായ അസുഖങ്ങള്‍ക്ക് വിറക് കൊണ്ട് തുലാഭാരവും, ആസ്ത്മയ്ക്ക് കയറും പാളയും നടയ്ക്ക് വയ്ക്കുന്ന ചടങ്ങും മഹാദേവക്ഷേത്രത്തിലെ വേറിട്ട വഴിപാടുകളില്‍ ചിലതാണ്.

No comments:

Post a Comment