ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, December 16, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ – കിരാത ശാസ്താവും വേട്ടയ്‌ക്കൊരുമകനും (15)


kirathasastha


ധരാധരശ്യാമളാംഗം
ക്ഷുരികാചാപധാരിണം
കിരാതവപുഷംവന്ദേ
കരാകലിത കാര്‍മ്മുകം

ഭഗവാനെ കിരാതഭാവത്തില്‍ (വനവേടന്‍, കാട്ടാളന്‍) ആരാധിക്കുന്ന സമ്പ്രദായം കേരളത്തിലേതു പോലെവേറൊരുദേശത്തുമില്ല. ശിവപാര്‍വ്വതിമാരെ കിരാതരുദ്ര കിരാതപാര്‍വ്വതീ സങ്കല്‍പ്പങ്ങളില്‍ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. കിരാതഭാവത്തില്‍ ആരാധിക്കപ്പെടുന്ന മറ്റ് പ്രധാന ദേവന്മാരായ കിരാതശാസ്താവും കിരാതരുദ്രിയും(കിരാതസൂനു, വേട്ടയ്‌ക്കൊരുമകന്‍) കിരാതരൂപം കൈക്കൊണ്ട മഹാദേവന്റെ പുത്രന്മാരാണ്.



ഈ മൂന്നുദേവന്മാരുടേയും ആരാധനാക്രമങ്ങള്‍ കൂടിക്കലര്‍ന്നിരിക്കുന്നു. ധ്യാനശ്ലോകങ്ങളിലും, മൂലമന്ത്രങ്ങളിലും ആരാധനാക്രമങ്ങളിലും കിരാതരുദ്ര, കിരാതശാസ്താ, കിരാതസൂനു സങ്കല്‍പ്പങ്ങള്‍ വേറിട്ടുനില്‍ക്കുന്നു. പക്ഷേ പലപ്പോഴും കിരാതരുദ്രനെ വേട്ടയ്‌ക്കൊരുമകനായും, കിരാതശാസ്താവിനെ വേട്ടയ്‌ക്കൊരുമകനായും കരുതി ആരാധിക്കുന്നു.


പാശുപതാസ്ത്രം നേടണമെന്ന തീവ്ര ആഗ്രഹത്തോടെ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ചു തപസ്സുചെയ്തു. അര്‍ജ്ജുനന്റെ അസ്ത്രപ്രയോഗസാമര്‍ത്ഥ്യം പരീക്ഷിക്കുവാന്‍ മഹാദേവനും പാര്‍വ്വതിയും തീരുമാനിച്ചു. ശിവന്‍ കിരാതനായും പാര്‍വ്വതി കിരാതിയായും രൂപം മാറി അര്‍ജ്ജുനന്‍ തപസ്സുചെയ്തിരുന്ന വനത്തിലെത്തി. പന്നിയുടെരൂപം ധരിച്ച മൂകാസുരനെ ഒരേസമയം അര്‍ജ്ജുനനും കിരാതനും അമ്പെയ്തു വീഴ്ത്തി. തുടര്‍ന്നു പന്നിയെ എയ്തുവീഴ്ത്തിയതാര് എന്നതിനെ ചൊല്ലി അര്‍ജ്ജുനനും കിരാതനും തമ്മില്‍ തര്‍ക്കമാരംഭിക്കുകയും അതൊടുവില്‍ ഘോരയുദ്ധത്തിലേക്കു നയിക്കുകയുംചെയ്തു.


ഒടുവില്‍ കിരാതന്‍ പരമശിവനാണെന്നു തിരിച്ചറിഞ്ഞ അര്‍ജ്ജുനന്‍ ശിവപാര്‍വ്വതിമാരെ നമസ്‌ക്കരിച്ചു. തന്നിലും വീരനായ വില്ലാളിയില്ല എന്ന അര്‍ജ്ജുനന്റെ അഹന്തശമിപ്പിക്കാനാണു ഭഗവാന്‍ ഈ പരീക്ഷണം നടത്തിയത്. അഹന്തനീങ്ങിയഅര്‍ജ്ജുനന് പാശുപതാസ്ത്രം നല്‍കി ശിവന്‍ അനുഗ്രഹിച്ചു.


കിരാതരൂപമാര്‍ന്ന ശിവപാര്‍വ്വതിമാര്‍ കുറച്ചുകാലം വനത്തില്‍ കഴിയുകയും ആ ദിവ്യദമ്പതിമാര്‍ക്ക് ഒരു പുത്രന്‍ ജനിക്കുകയും ചെയ്തു. കിരാതരുദ്രിയായ ആ പുത്രന്‍ വേട്ടയ്‌ക്കൊരുമകന്‍ എന്ന നാമത്തിലാണു കേരളഭൂമിയില്‍ അറിയപ്പെടുന്നത്. വേട്ടയ്ക്കിറങ്ങിയ കുമാരന്‍ അനേകം അസുരന്മാരേയും ദുഷ്ടമൃഗങ്ങളേയും സംഹരിച്ചു. കുമാരന്റെ ശരവര്‍ഷത്താല്‍ മുനിമാര്‍ക്കും ദേവന്മാര്‍ക്കും മുറിവേറ്റു. ദേവാദികള്‍ പരാതിയുമായി ശിവനെ സമീപിച്ചു.


ബാലകന്റെ ലീലകളായികണ്ടു ക്ഷമിക്കാന്‍ ശിവന്‍ നിര്‍ദ്ദേശിച്ചു.  ഒടുവില്‍ ദേവകളുടെ ആവശ്യ പ്രകാരം മഹാവിഷ്ണു ഒരു വൃദ്ധകിരാതന്റെ രൂപം സ്വീകരിച്ച് കുമാരനെ സമീപിച്ചു. ശക്തിയേറിയതും സ്വര്‍ണ്ണനിര്‍മ്മിതവുമായ ഒരുചുരിക വൃദ്ധന്റെ കയ്യില്‍ ഉണ്ടായിരുന്നു.


ചുരികയില്‍ ആകൃഷ്ടനായ വേട്ടയ്‌ക്കൊരുമകന്‍ അതു തനിക്ക് നല്‍കണമെന്ന് വൃദ്ധനോട് അപേക്ഷിച്ചു. മറ്റുള്ളവരെ ഉപദ്രവിക്കാതെ സം രക്ഷകനായിരുന്നാല്‍ ചുരികതരാംഎന്നായിരുന്നു വൃദ്ധന്റെ മറുപടി. അതുസമ്മതിച്ച കൈരാതരുദ്രി ചുരിക ഏറ്റുവാങ്ങി ശിവന്റേയും വിഷ്ണുവിന്റേയും നിര്‍ദ്ദേശമനുസരിച്ച് ഉത്തരകേരളത്തിലെ  ബാലുശ്ശേരിയിലെത്തി കേരള സംരക്ഷകനായി വാണു എന്നാണ്‌ ഐതിഹ്യം.


വലതുകയ്യില്‍ ചുരികയും ഇടതുകയ്യില്‍ അമ്പും വില്ലും ധരിച്ചും മഞ്ഞപ്പട്ടുടുത്തവനായും മുടിയില്‍മയില്‍പ്പീലി അണിഞ്ഞവനായും കാര്‍മ്മേഘവര്‍ണ്ണമാര്‍ന്നവനായും നല്ലകറുപ്പുനിറമാര്‍ന്ന താടിയോടുകൂടിയവനായും യുദ്ധഭൂമിയില്‍ ശത്രുക്കളെ സംഹരിക്കുന്നവനായും ഭക്തരെ സംരക്ഷിക്കുന്നവനായും വേട്ടയ്‌ക്കൊരുമകന്‍ നിലകൊള്ളുന്നു.


വീരശ്രീരംഗഭൂമിഃകരധൃതവിലസച്ചാപബാണഃകലാപീ
യുദ്ധാസൃഗ്ഭൂഷിതാംഗോ
രണവിജയപടുഃ
പീതകൗശേയവാസാഃ
ഭക്താനാമിഷ്ടദായീജലധരപടലശ്യാമളശ്മശ്രുജാലഃ
പായാന്നഃ പാര്‍വ്വതീശപ്രിയതനയ വപുഃശക്തിമാന്യഃശിവോളയം

കിരാതശാസ്താവും വേട്ടയ്‌ക്കൊരുമകനും വില്ലാളിവീരന്മാരും കയ്യില്‍ അമ്പും വില്ലുംചുരികയും ധരിക്കുന്നവരുമാണ്. അയ്യപ്പനു മുന്നില്‍ നാളികേരമെറിയുന്നതു ഒരു വഴിപാടാണ്. അതുപോലെ വേട്ടയ്‌ക്കൊരുമകന്‍ ആരാധനയിലെ മുഖ്യചടങ്ങാണു പന്തീരായിരം തേങ്ങകള്‍ ഏറിഞ്ഞുടയ്ക്കുന്ന പന്തീരായിരം വഴിപാട്.


കളമെഴുത്തും പാട്ടുംഇരുദേവന്മാര്‍ക്കും നടത്താറുണ്ട്. കളമെഴുതുമ്പോള്‍ വില്ലും അമ്പും ധരിച്ച്‌ സൗമ്യമൂര്‍ത്തിയായി കുതിരയോടുകൂടിയവനായി ശാസ്താവിനെ ചിത്രീകരിക്കുമ്പോള്‍ വില്ലും അമ്പും ചുരികയും ധരിച്ച് താടിയോടുകൂടിയവനും ഉഗ്രഭാവമാര്‍ന്നവനുമായി വേട്ടയ്‌ക്കൊരുമകനെ ചിത്രീകരിക്കുന്നു. അയ്യപ്പന്‍ തീയാട്ടും വേട്ടയ്‌ക്കൊരുമകന്‍പാട്ടും ആചാരാനുഷ്ഠാനങ്ങളില്‍ സാാദൃശ്യമുള്ളവയാണ്.


കിരാതശാസ്താവും കിരാതസൂനുവും തമ്മിലുള്ള സാദൃശ്യം കാരണം പല വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രങ്ങളും ശാസ്താക്ഷേത്രങ്ങളായി പരിണമിച്ചിട്ടുണ്ട്. കൊച്ചി, മലബാര്‍ ഭാഗങ്ങളിലാണു വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രങ്ങള്‍ അധികവും കാണുന്നത്.


തിരുവിതാംകൂറിലുള്ള വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രങ്ങളെല്ലാം മലബാറില്‍ നിന്നും പലകാലങ്ങളിലായി തിരുവിതാംകൂറില്‍ കുടിയേറിയവരുടെ പരദേവതാ ക്ഷേത്രങ്ങളാണ്. ബാലുശ്ശേരി, നിലമ്പൂര്‍, കോട്ടയ്ക്കല്‍ എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങള്‍ വേട്ടയ്‌ക്കൊരുമകന്റെ മഹിമകള്‍ക്കുസാക്ഷ്യമായി നിലകൊള്ളുന്നു.




സുകേഷ് പി. ഡി.


No comments:

Post a Comment