ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, December 24, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ - ഭൂതനാഥോപാഖ്യാനം : അഞ്ചാം അദ്ധ്യായം പൊന്നമ്പല നിര്‍മ്മാണം


ayyappan-new

അന്തഃപുരത്തിലെത്തിയ രാജാവിനോടു രാജ്ഞി പറഞ്ഞു: പ്രാണനാഥാ, അസഹ്യമായ തലവേദന കാരണം ഞാന്‍ വല്ലാതെവലയുന്നു. ഈ വേദന ശമിക്കാന്‍ ഉടന്‍ തന്നെ വല്ല പ്രതിവിധിയും ചെയ്തില്ലെങ്കില്‍ എന്റെ ജീവന്‍ ഇല്ലാതാകുന്നതാണ്. പത്‌നിയുടെ ദൈന്യതനിറഞ്ഞ വാക്കുകള്‍ ശ്രവിച്ച് പന്തളരാജന്‍ ദുഃഖിതനായി. രാജ്ഞിയെ ചികിത്സിക്കുവാന്‍ വൈദ്യനെ കൊണ്ടുവരിക എന്ന രാജ കല്‍പ്പനപ്രകാരം മന്ത്രി വൈദ്യനെ വിളിച്ചുകൊണ്ടുവന്നു. രാജ്ഞിയെ പരിശോധിച്ച വൈദ്യന്‍ രാജാവിനോടു പറഞ്ഞു: പ്രഭോ, അല്‍പം പുലിപ്പാലുകിട്ടിയാല്‍ രാജ്ഞിയുടെ തലവേദന നിശ്ശേഷംമാറുന്നതാണ്. മറ്റേതെങ്കിലും ഔഷധം കൊണ്ട് ഈ അസുഖം മാറ്റാമെന്ന് കള്ളവൈദ്യന്മാരേ പറയുകയുള്ളു.

വൈദ്യന്റെ വാക്കുകേട്ട് വ്യസനിച്ച് രാജാവ്ചിന്തിച്ചു. മനുഷ്യര്‍ എത്രതന്നെ ഉത്‌സാഹിച്ചാലും പുലിപ്പാലുകിട്ടുകഎന്നത് അസാധ്യംതന്നെ. രോഗബാധിതയായ എന്റെ പത്‌നിക്ക് ഇപ്പോള്‍ മരണകാലമടുത്തുവെങ്കില്‍ അതുകണ്ടിരിക്കുകയേ എനിക്കു നിര്‍വ്വാഹമുള്ളൂ. ഇതെല്ലാം എന്റെ ദുഷ്‌ക്കര്‍മ്മങ്ങളുടെ ഫലംതന്നെ. നാനാവിധചിന്തകളാല്‍ ശോകാകുലനായി കണ്ണീര്‍ പൊഴിച്ച് രാജാവിനെ വന്ദിച്ച് മണികണ്ഠന്‍ പറഞ്ഞു: മഹാരാജാവേ, ഞാനുള്ളപ്പോള്‍ അങ്ങ് ഇങ്ങനെ ദുഃഖിക്കുന്നതിനു കാരണമില്ല. അങ്ങ് ഒരു കല്‍പ്പന തന്നാല്‍മാത്രംമതി. വ്യാഘ്രികളെ(പെണ്‍പുലികളെ) കൊണ്ടുവരാന്‍ ഇപ്പോള്‍ത്തന്നെ ഞാന്‍ പോകുന്നതാണ്. ആവശ്യാനുസരണം പാല്‍ നമുക്ക് കറന്നെടുക്കാനാവും. രാജ്ഞിയുടെ രോഗവും മാറും. ഉണ്ണുന്ന ചോറിനു നന്ദികാണിക്കാത്തവന്‍ ആരായാലും അവന്‍ ആണല്ല എന്നറിഞ്ഞാലും.

കുമാരന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിച്ച രാജശേഖരനൃപന്‍ ബഹുമാനത്തോടും സ്‌നേഹത്തോടും പറഞ്ഞു: അടുത്തുചെല്ലുന്ന നേരത്ത്കടിച്ചു തിന്നാന്‍ മിടുക്കോടെ ചാടിയെത്തുന്ന പുലികളെ പിടിച്ചുകൊണ്ടുവന്ന് പാല്‍കറക്കാം എന്നു ചിന്തിക്കുന്നത് എത്രമാത്രം സാഹസികമാണ്. ഒരുവിധത്തില്‍ പുലികളെ കെണിവെച്ചു പിടിച്ചു എന്നുതന്നെ ഇരിക്കുക. എന്നാലും കണികാണാനെങ്കിലുമുള്ള പാല്‍ കറന്നെടുക്കുന്നതെങ്ങിനെ?. അസാദ്ധ്യമായ കാര്യംചിന്തിച്ച് മനസ്സില്‍ ആധിവളര്‍ത്തേണ്ട. മറ്റെന്തെങ്കിലും മരുന്നു നല്‍കി രാജ്ഞിയുടെ രോഗം മാറ്റാന്‍ ശ്രമിക്കാം. നാടിനു യുവരാജാവാകേണ്ട കുമാരനാണു നീ. കാട്ടിലേക്കു പോകാതെ ഇവിടെ ഇരുന്നുകൊള്‍ക.

ഭൂപാലന്റെ വാക്കുകേട്ട് മായാമാനുഷനായ മണികണ്ഠന്‍ തന്റെ മായയാല്‍ രാജാവിനെ മയക്കി. എന്നിട്ട് പറഞ്ഞു. മഹീപതേ, എന്നാല്‍ എന്റെ മനസ്സിലുള്ള ഒരാഗ്രഹംഅങ്ങ് സാധിച്ചുതരുമെന്ന് സത്യംചെയ്താലും. മണികണ്ഠന്റെ മായയ്ക്ക് അടിമപ്പെട്ട രാജശേഖരന്‍ അപ്രകാരം ചെയ്യാമെന്ന് സത്യംചെയ്തു. അപ്പോള്‍ കുമാരന്‍ പറഞ്ഞു: കാട്ടില്‍ചെന്ന് പുലിക്കൂട്ടത്തെ കൂട്ടിക്കൊണ്ടുവരാന്‍ എനിക്ക് ആജ്ഞ തരണം. ഇതല്ലാതെ മറ്റൊരു ആഗ്രഹം എനിക്കില്ല. കല്യാണനിധിയായ അങ്ങ്‌ചെയ്ത സത്യത്തെ പാലിച്ചാലും.

ഈ വാക്കുകള്‍കേട്ട് മഹാരാജാവ് ദണ്ഡുകൊണ്ട് അടികിട്ടിയ പന്നഗത്തെപ്പോലെ ഭൂമിയില്‍ പതിച്ച് ഗദ്ഗദകണ്ഠനായി പുത്രനോടു പറഞ്ഞു. വത്‌സാ, നിന്നാല്‍ ഞാന്‍ വഞ്ചിതനായല്ലോ. എന്നേപ്പോലൊരു ഭോഷന്‍ ഭൂമിയില്‍ ഉണ്ടാവുകയില്ല. പുത്രാ, ഭവാന്‍ രാമനായി മാറിയല്ലോ. എന്റെ പത്‌നി കൈകേയിയും ഞാന്‍ ദശരഥനുമായി മാറിയല്ലോ. സത്യത്തെ ത്യജിക്കാനും പുത്രനെ ത്യജിക്കാനും ശക്തനല്ലാതെ പണ്ട് കോസലാധിപതിയായ ദശരഥന്‍ വലഞ്ഞു. അതു പോലെ ഇപ്പോള്‍ ഞാന്‍ എന്തുചെയ്തിടേണ്ടൂ. ഞാന്‍ എവിടെപ്പോകേണ്ടൂ. ജഗല്‍പതിയായ ശ്രീപരമേശ്വരാ എന്നെ രക്ഷിച്ചാലും. ചിന്തിക്കാതെ ഞാന്‍ ഇന്നു സത്യംചെയ്തു പോയല്ലോ. അയ്യോ! എന്റെചിത്തം വെന്തുരുകുന്നുവല്ലോ.

ഇങ്ങനെ പലതും പറഞ്ഞു വിലപിക്കുന്ന മഹാരാജാവിനോടു ഭൂതനാഥന്‍ പറഞ്ഞു: എന്നില്‍ നിന്നും ഉണ്ടാകേണ്ടകാര്യങ്ങള്‍ ഉണ്ടാകാതെയിരുന്നാല്‍ എന്നേക്കൊണ്ട് ഒരു ഉപകാരവും ഇല്ല എന്നുവന്നുചേരും. ഭക്ഷണവും പാലും ഒന്നുംകഴിക്കാതെ എന്നെക്കണ്ടുകൊണ്ടിരുന്നാല്‍ വിശപ്പും ദാഹവും മാറുമോ?. തനിക്ക് അന്നം തരുന്നവന്റെ കാര്യങ്ങളൊന്നും നന്നായിചെയ്യാത്തവന്‍ വീട്ടിലെ ഭക്ഷണം മോഷ്ടിച്ചു കഴിക്കുന്ന മൂഷികനെപ്പോലെയാണ്. വ്യാഘ്രികളെ കാട്ടില്‍ നിന്നും കൊണ്ടുവരാനുള്ള ആജ്ഞ ശീഘ്രം നല്‍കിയാലും. ഉടന്‍ തന്നെ ഞാന്‍ ചെന്നു പിടിച്ചുകൊണ്ടുവരുന്നുണ്ട്.

പുത്രന്റെവാക്കുകള്‍ കേട്ട മഹാരാജാവ് സത്യപരിപാലനം ചേയ്യേണ്ടതിനാല്‍ ഉള്ളിലെ ദുഃഖം മറച്ച്കല്‍പ്പിച്ചു: സേനകളോടുകൂടി ഭവാന്‍ കാട്ടിലേക്കു പോകുക. കാട്ടില്‍ തനിയേ പോകേണ്ട. കാട്ടാളക്കൂട്ടവും കൂടെവരും. പുലിയെ പിടിക്കാനുള്ള ഉപായവും അവര്‍ പറഞ്ഞുതരും. മണികണ്ഠന്‍ പറഞ്ഞു. പ്രഭോ, കാട്ടിലേക്കു ഞാന്‍ തനിയെ പോകുന്നതാണ്. അല്ലെങ്കില്‍ പുലികളെ കിട്ടാന്‍ പ്രയാസമാണ്. അങ്ങ്അത് സമ്മതിച്ചാലും.ഒടുവില്‍ രാജാവു പറഞ്ഞു. മണികണ്ഠാ, ഞാന്‍ ഇതാ അനുവാദം തന്നിരിക്കുന്നു. ഒറ്റയ്ക്കുതന്നെ പൊയ്‌ക്കൊള്ളുക. ചന്ദ്രശേഖരനായ മഹാദേവന്റെ കാരുണ്യത്താല്‍ ദോഷമില്ലാതെ കാര്യങ്ങളെല്ലാം സാധിച്ചുവരിക. മുക്കണ്ണനെ സദാ സ്മരിക്കുക. ഇതാ ഈ മൂന്നുകണ്ണുള്ള നാളികേരവും ഭക്ഷണപദാര്‍ത്ഥങ്ങളും കൊണ്ടു പോകുക. അല്ലെങ്കില്‍ കാട്ടില്‍പട്ടിണിക്കിടയാകും. തുടര്‍ന്ന് മനസ്സുനിറഞ്ഞ് അനുഗ്രഹിച്ച രാജാവ് ‘വേഗത്തില്‍ മടങ്ങിവരിക’എന്നുകല്‍പ്പിച്ച് ഭക്ഷണപദാര്‍ത്ഥങ്ങളും നാളികേരവുമെല്ലാം അടങ്ങിയ ഭാണ്ഡവും അമ്പും വില്ലുംമണികണ്ഠനു നല്‍കി യാത്രയാക്കി. രാജാവിന്റെസ്‌നേഹചുംബനം ഏറ്റുവാങ്ങി അദ്ദേഹത്തിന്റെ പാദങ്ങള്‍തൊട്ടുവന്ദിച്ച് ഭാണ്ഡം തലയിലേന്തി മണികണ്ഠകുമാരന്‍ യാത്രയാരംഭിച്ചു. മഹാദേവനെ ധ്യാനിച്ച് മഹാരാജാവ് കൊട്ടാരത്തില്‍ കഴിഞ്ഞു.വനത്തിലേക്കുതിരിച്ച കുമാരനെക്കണ്ടു പരിഹാസപൂര്‍വ്വം ചില സ്ത്രീജനങ്ങള്‍ പറഞ്ഞു: തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്കു കളിക്കാനായി ഓരോ പുലിക്കുട്ടികളേക്കൂടികൊണ്ടുവരുമല്ലോ അല്ലേ?’. ‘കൊണ്ടുവരാം’എന്നുമാത്രം പറഞ്ഞ് വീരനായ ആ കുമാരന്‍ കാട്ടിലേക്കു നടന്നു.

മണികണ്ഠന്‍ പോയതോടെ ദുഷ്ടനായ മന്ത്രിക്ക് സന്തോഷവും പന്തളരാജാവിനു ദുഃഖവും ഉള്ളില്‍ വര്‍ദ്ധിച്ചു വന്നു. പന്തളനഗരം വിട്ട് കൊടുംകാട്ടിലെത്തിയ ഭൂതേശ്വരന്റെ മുന്നില്‍ ശിവനിയോഗമനുസരിച്ച് ഭൂതവൃന്ദങ്ങളെല്ലാംഎത്തിച്ചേര്‍ന്നു. അവര്‍ തങ്ങളുടെ സ്വാമിയെ വന്ദിച്ചു. വാപരന്‍, കടുരവന്‍, വീരഭദ്രന്‍, കൂപകര്‍ണ്ണന്‍, ഘണ്ടാകര്‍ണ്ണന്‍, കൂപനേത്രന്‍ തുടങ്ങിയ ഭൂതനാഥന്മാരോടും ലക്ഷലക്ഷം ഭൂതവൃന്ദങ്ങളോടുംകൂടി ഭൂതേശ്വരനായ മണികണ്ഠന്‍ പമ്പാതീരത്തിലെത്തിച്ചേര്‍ന്നു. അവിടെ മഹര്‍ഷിമാര്‍ അതിമോദത്തോടെ ഭക്തിപൂര്‍വ്വം ഭൂതേശനെ പൂജിച്ചു. പമ്പാതീരത്തു നിന്നും പത്തു യോജന ദൂരെ ഭംഗിയേറിയ പര്‍വ്വതശിഖരത്തില്‍ സുന്ദരമായ ഒരു സ്വര്‍ണ്ണമന്ദിരം (ഇന്നത്തെ പൊന്നമ്പലമേട്)തങ്ങളുടെ തപശ്ശക്തികൊണ്ടു മുനിമാര്‍ നിര്‍മ്മിച്ചു. അതിന്റെ മദ്ധ്യത്തില്‍ രത്‌ന സിംഹാസനത്തിലിരുത്തി അവര്‍ ത്രിപുരാന്തക പുത്രനും ദീനവത്‌സലനുമായ ഭഗവാനെ പൂജിച്ചു. ഭക്തന്മാരെകടാക്ഷിച്ചുകൊണ്ട് ഭൂതവൃന്ദങ്ങളോടൊപ്പം ഭൂതനാഥനായതാരകബ്രഹ്മം തന്റെ അവതാരലക്ഷ്യം സാധിക്കുന്നതിനായികാത്തിരുന്നു. (അഞ്ചാം അദ്ധ്യായം സമാപിച്ചു)


സുകേഷ് പി. ഡി.

No comments:

Post a Comment