പൂന്താനത്തു നമ്പൂരിക്കു വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാര്‍ ഭാഗവതം വായിച്ചു അര്‍ത്ഥം പറയുന്നതു കേട്ടുകേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അര്‍ത്ഥം പറയാറായിത്തീര്‍ന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അര്‍ത്ഥം പറയുന്നതു കേള്‍ക്കാന്‍ എല്ലാവര്‍ക്കും വളരെ കൗതുകമുണ്ടായിത്തീര്‍ന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അര്‍ത്ഥം പറയാന്‍ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങള്‍ക്കു നിര്‍ബന്ധമായിത്തീര്‍ന്നു. അതുകൊണ്ടു വിദ്വാന്മാരായവര്‍ക്കു നമ്പൂരിയോടു കുറേശ്ശെ അസൂയയും തോന്നി തുടങ്ങി. എങ്കിലും ആരു വായിച്ചാലും അര്‍ത്ഥം പറയുക പൂന്താനത്തു നമ്പൂരിതന്നെയെന്നു പതിവായിത്തീര്‍ന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭാഗവതം വായന പതിവായിട്ടുണ്ടല്ലോ. ഒരു ദിവസം ഒരു വിദ്വാന്‍ വായിക്കാനും പൂന്താനത്തു നമ്പൂരി അര്‍ത്ഥം പറയാനും തുടങ്ങി. വായന കേള്‍ക്കാന്‍ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു. വ്യുല്പത്തിയില്ലാതിരുന്നതിനാല്‍ നമ്പൂരി അര്‍ത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധര്‍മ്മംപോലെയെന്നല്ലാതെ ശ്ലോകാര്‍ത്ഥം മനസ്സിലായിട്ടല്ലായിരുന്നു. അതിനാല്‍ രുഗ്മണി കൃഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ദിക്കില്‍ നമ്പൂരി "രുഗ്മണി ഇങ്ങനെ ഒക്കെ പറഞ്ഞു ബ്രാഹ്മണന്റെ കൈയിലൊരെഴുത്തും കൊടുത്തയച്ചു" എന്നര്‍ത്ഥം പറഞ്ഞു.
എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവത ത്തില്‍ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാല്‍ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തു നമ്പൂരിയോടു "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിചു. അതു കേട്ടപ്പോള്‍ പൂന്താനത്തു നമ്പൂരി മറുപടി പറയാന്‍ നിവൃത്തിയില്ലാതെ വിഷമിച്ചു. അപ്പോള്‍ ശ്രീകോവിലിനകത്തു നിന്ന്
"എഴുത്തുകൊടുത്തയച്ചില്ല എന്ന് ഏതു ശ്ലോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണന്‍ എന്റെ അടുക്കല്‍ വന്നപ്പോള്‍ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു."
എന്നൊരശരീരി വാക്കു കേള്‍ക്കപ്പെട്ടു. ഇതു കേട്ടപ്പോള്‍ ദുശ്‌ചോദ്യം ചോദിച്ച നമ്പൂരി വളരെ മദ്ധ്യമമാവുകയും പൂന്താനത്തു നമ്പൂരി സന്തോഷിക്കുകയും ശേഷമുള്ളവര്‍ അത്ഭുത പ്പെടുകയും ചെയ്തു.
No comments:
Post a Comment