ഹരിഹരപുത്രന്റെ ജനനത്തെക്കുറിച്ച് ഇന്ദ്രന്‍ ഇന്ദ്രാണിയോടു പറയുന്നു: ‘അമൃത് ലഭിക്കുവാനായി ദേവാസുരന്മാര്‍ ഒന്നുചേര്‍ന്ന് പാലാഴി കടഞ്ഞു. പാലാഴിയില്‍ നിന്നുയര്‍ന്നുവന്ന അമൃതകലശം തട്ടിയെടുത്ത് അസുരന്മാര്‍ കടന്നുകളഞ്ഞു. ദുഃഖിതരായദേവകള്‍ മഹാവിഷ്ണുവിനെ ആശ്രയം പ്രാപിച്ചു. ഭഗവാന്‍ മോഹിനീ രൂപമെടുക്കുകയും അസുരന്മാരെ മോഹിപ്പിച്ച് അമൃത് ദേവകള്‍ക്കു നല്‍കുകയും ചെയ്തു.
വിഷ്ണുവിന്റെ മോഹിനീ രൂപത്തെക്കുറിച്ച് അറിഞ്ഞ മഹാദേവന്‍ വൈകുണ്ഠത്തിലെത്തി. ശിവന്റെ ആഗ്രഹപ്രകാരം വിഷ്ണു വീണ്ടും മോഹിനീരൂപം കൈക്കൊണ്ടു. മോഹിനിയുടെ ദിവ്യസുന്ദരരൂപം കണ്ട് ശിവന്‍ ദേവിയെ ആലിംഗനം ചെയ്തു. വിവശയായ ദേവി മഹാദേവനോടു ചോദിച്ചു: ‘മഹേശ്വരാ, അവിടുന്ന് എന്തിനാണു ഇപ്പോള്‍ ഉദ്യമിക്കുന്നത്? അങ്ങയുടെ ഈ ആഗ്രഹം ഉചിതമാണോ? ലീലയാല്‍ നാടകമാടുന്ന നമ്മള്‍ കാമശാന്തിക്കായി ഒരുങ്ങുന്നത് ശരിയോ?’
മോഹിനീ ദേവിയുടെ വാക്കുകള്‍കേട്ട് മഹാദേവന്‍ പറഞ്ഞു: ‘ഭവതി എന്റെശക്തിയുടെ പ്രതിരൂപം തന്നെയാണ് എന്ന് വിസ്മരിക്കരുത് (ശിവശക്തിക്കു നാലുരൂപങ്ങളാണുള്ളത്. ശിവനോടൊത്തു സകലജീവജാലങ്ങള്‍ക്കും മുക്തിയരുളാനായി പരിലസിക്കുമ്പോള്‍ പാര്‍വതിയായും, ലോകസംരക്ഷണാര്‍ത്ഥം പുരുഷാകാരമെടുത്ത മഹാവിഷ്ണുവായും, അധര്‍മ്മികളെ നിയന്ത്രിക്കാന്‍ ദുര്‍ഗ്ഗയായും, രണഭൂമിയില്‍ ദുഷ്ടരെ സംഹരിക്കാന്‍ കാളിയായും വിളങ്ങുന്നത് ശിവന്റെ അര്‍ദ്ധഭാഗമായ ശക്തിതന്നെ). മുനിമാരുടെ അഹങ്കാരം ശമിപ്പിക്കാനും മുനിപത്‌നിമാരെ പരീക്ഷിക്കാനുമായി പണ്ട് ദാരുകവനത്തില്‍ ഞാന്‍ സുന്ദരപുരുഷനായി ചമഞ്ഞപ്പോള്‍ സ്ത്രീ വേഷത്തില്‍ ഭവതിയും എന്റെകൂടെ ഉണ്ടായിരുന്നു. അന്ന് എന്നില്‍ അനുരക്തയായ ഭവതിക്ക് ഈ സംഗമം ഞാന്‍ വാഗ്ദാനം ചെയ്തിരുന്നതുമാണ്. വിഷ്ണുരൂപിയായ ഭവതിയുടെ നാഭിയില്‍ നിന്ന് ബ്രഹ്മദേവനെ ജനിപ്പിച്ചതും ഞാന്‍ തന്നെ. ഇന്നു ഭവതിയുമായുള്ള സംഗമവും അതുപോലെ പൂര്‍വനിശ്ചിതമാണ്’.
ഈ വാക്കുകള്‍ കേട്ടു ലജ്ജാവിവശയായ മോഹിനിയുമായി ശിവന്‍ പാലാഴിയുടെ ഉത്തരദിക്കിലുള്ള കദംബവനത്തില്‍ എത്തി. ശിവമോഹിനീ സംഗമത്തില്‍ ഇരുവരുടേയും ശരീരത്തില്‍ നിന്നും ഭൂമിയില്‍ പതിച്ച വിയര്‍പ്പുകണങ്ങളില്‍ നിന്ന് ഗണ്ഡകീ നദി ഉത്ഭവിച്ചു. മഹാദേവന്റെ വീര്യം മോഹിനിയുടെ മടിത്തട്ടില്‍ വീഴുകയും അതില്‍ നിന്ന് അയോനിജനായി ഒരു പുത്രന്‍ ജനിക്കുകയുംചെയ്തു. ശ്യാമവര്‍ണ്ണമാര്‍ന്നവനും ചുവന്ന കേശത്തോടുകൂടിയവനും കയ്യില്‍കദംബ പുഷ്പങ്ങള്‍ കൊണ്ടുള്ള പൂച്ചെണ്ടു ധരിച്ചവനും ആയിശോഭിച്ച ആ ബാലനു ഹരിഹരപുത്രന്‍, ശാസ്താവ് എന്നീ നാമങ്ങള്‍ സിദ്ധിച്ചു.
വീരനായ ശാസ്താവ് മാതാപിതാക്കന്മാരെ വന്ദിച്ചു. മഹാദേവന്‍ പുത്രനെ ഭൂതഗണങ്ങളുടെ നാഥനായി അവരോധിച്ചു. ഋഷിമാര്‍ ശാസ്താവിനെ സ്തുതിച്ചു. ഭൂലോകത്തില്‍ മനുഷ്യരെ സംരക്ഷിക്കുക എന്ന ചുമതലയും ശിവന്‍ ശാസ്താവിനു നല്‍കി. ശാസ്താവിനായി ഒരുദിവ്യനഗരവും ശിവന്‍ സൃഷ്ടിച്ചു. അനേകം ഭക്തജനങ്ങളാല്‍ നിത്യവും പൂജിക്കപ്പെടുന്നവനായി വാഴുക എന്ന അനുഗ്രഹവും ശിവമോഹിനിമാര്‍ ശാസ്താവിനു നല്‍കി. മാതാപിതാക്കന്മാരുടെ അനുഗ്രഹം ഏറ്റുവാങ്ങിയ ശാസ്താവ് ഭൂമിയില്‍ എത്തി ഭക്തസംരക്ഷകനായി വാഴുന്നു.
അല്ലയോ ഇന്ദ്രാണീ, ഇപ്രകാരമുള്ള ആ വീര ശാസ്താവിനെയാണു ഭവതിയുടെ സംരക്ഷണം ഞാന്‍ ഏല്‍പ്പിക്കുന്നത്’. ഇന്ദ്രന്റെ വാക്കുകള്‍ കേട്ടു ശചി വിസ്മയിക്കുകയും അദ്ദേഹത്തിനു യാത്രാനുമതി നല്‍കുകയും ചെയ്തു.
ഇന്ദ്രന്‍ ശാസ്താവിനെ ധ്യാനിച്ചു. പൂര്‍ണ്ണാപുഷ്‌കലാസമേതനായി ഗജാരൂഢനായി ശാസ്താവ്തന്റെ പരിവാരങ്ങളോടൊപ്പം ഇന്ദ്രനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ദ്രനും ശചിയും ശാസ്താവിനെ വന്ദിച്ചു. ഇന്ദ്രന്‍ പറഞ്ഞു:’പ്രഭോ, ശൂരപദ്മാസുരനെ ഭയന്നു ഞങ്ങള്‍ ഇവിടെ രഹസ്യമായി വസിക്കുകയാണ്. ആ ദുഷ്ടനെ വധിക്കാനുള്ള മാര്‍ഗ്ഗംതേടി ഞാനും ദേവകളും മഹാദേവനെ കാണാന്‍ കൈലാസത്തിലേക്കു പോകുന്നു. ഞങ്ങള്‍ തിരികെവരുന്നതുവരെ ദൈത്യരില്‍ നിന്നും അവിടുന്ന്എന്റെ പത്‌നിയെ കാത്തുരക്ഷിച്ചാലും’. ഇന്ദ്രന്റെ അഭ്യര്‍ത്ഥന ശാസ്താവ് സ്വീകരിച്ചു. ഇന്ദ്രാദികള്‍ കൈലാസത്തിലേക്കു പോയി.
ശാസ്താവ് തന്റെ പാര്‍ഷദനായ മഹാകാളനെ ശചിക്കു കാവലായി നിയോഗിച്ച് അപ്രത്യക്ഷനായി. ശിവദര്‍ശനത്തിനു എത്തിയ ദേവകളെ നന്ദികേശന്‍ തടഞ്ഞു. ശിവന്‍ സനകാദികള്‍ക്കു ജ്ഞാനോപദേശം നല്‍കുന്ന സമയമായിരുന്നു അത്. ദേവന്മാര്‍ ക്ഷമാപൂര്‍വ്വം കാത്തിരുന്നു. ഇതേസമയം ശൂരപദ്മന്റെ സഹോദരി അജാമുഖി ഇന്ദ്രാണിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെങ്കിലും മഹാകാളന്റെ ഖഡ്ഗപ്രയോഗത്താല്‍ മുറിവേറ്റ് വീരമാഹേന്ദ്രപുരിയിലേക്കു പലായനം ചെയ്തു. ശാസ്താവിന്റെ ഇംഗിതമറിഞ്ഞു നന്ദികേശനും മഹാകാളനും കൂടി ശചീദേവിയെ മഹാമേരുപര്‍വ്വതത്തിലെ ഒരുഗുഹയില്‍ സുരക്ഷിതയായി പാര്‍പ്പിച്ചു. ശിവ നിര്‍ദ്ദേശമനുസരിച്ച് സുബ്രഹ്മണ്യന്‍ പിന്നീട് ശൂരപദ്മനെ വധിക്കുകയും ലോകത്തുശാന്തി പുനഃസ്ഥാപിക്കുകയും ചെയ്തു.
മോഹിനീഭാവം സ്വീകരിച്ച മഹാവിഷ്ണു ശ്രീപാര്‍വ്വതിയുടെ മറ്റൊരുരൂപം തന്നെ എന്നാണ് ഈ പുരാണ പരാമര്‍ശം സൂചിപ്പിക്കുന്നത്. മഹാവിഷ്ണു മോഹിനീരൂപമാര്‍ന്നു നിലകൊള്ളുന്ന ദിവ്യക്ഷേത്രമാണു മൂകാംബികാ ക്ഷേത്രം എന്ന കോലാപുരമാഹാത്മ്യത്തിലെ വര്‍ണ്ണനയും ഇതാണു സൂചിപ്പിക്കുന്നത്. നാരായണനും നാരായണിയായ പാര്‍വ്വതിയും ഒന്നുതന്നെ എന്നാണു ശാക്‌തേയ സങ്കല്‍പ്പം. ശംഖചക്രധരയായ കാത്യായനീ(വൈഷ്ണവദുര്‍ഗ) സങ്കല്‍പ്പത്തിലാണു കേരളത്തില്‍ ദേവിയെ കൂടുതലും ആരാധിക്കുന്നത് എന്നതും ശ്രദ്ധേയം.
സുകേഷ് പി. ഡി.
No comments:
Post a Comment