ഇന്ന് ശ്രീനാരായണ ഗുരുവിന്റെ ജയന്തിദിനം. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് വിവിധ കൈവഴികളുണ്ടായിരുന്നെങ്കിലും അതിന്റെയൊക്കെ മുഖ്യസ്രോതസ് ശ്രീനാരായണ ഗുരുവായിരുന്നു.
ശ്രീനാരായണ ഗുരുവിന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. ഒരു കാലഘട്ടത്തെയും ഒരു ജനതയെയും അറിവിന്റെ പ്രകാശപൂരിതമായ വഴിയിലേക്ക് നയിക്കുകയായിരുന്നു ഗുരു.
നവോത്ഥാനത്തിന്റെ ദൂരക്കാഴ്ചയായി വിശ്വമാനവികതയുടെ മഹാസിദ്ധാന്തം ആവിഷ്കരിക്കുകയായിരുന്നു.
അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന് സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പില്ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനശില. ദേഹത്യാഗത്തോട് കൂടി സാധാരണ മനുഷ്യരുടെ ജീവിതം അവസാനിപ്പിക്കുകയും മഹാപുരുഷന്മാരുടെ ജീവിതം ആരംഭിക്കുകയും ചെയ്യുന്നു എന്ന മഹര്‍ഷി അരവിന്ദന്റെ വാക്കുകള്‍ ഗുരുദേവനെ സംബന്ധിച്ച് ശരിയാണന്ന് വര്‍ത്തമാനകാലം സാക്ഷ്യപ്പെടുത്തുന്നു.
ഈശ്വര കല്പിതമായി തന്നില്‍ നിക്ഷിപ്തമായ ജീവിത ദൗത്യം നിറവേറ്റുവാന്‍ എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്. ജീവിച്ചിരുന്നപ്പോഴും സമാധിയായതിന് ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനക്കും പഠനത്തിനും പാത്രമായ മറ്റൊരു മഹദ് വ്യക്തി ലോകത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും. കര്‍മ്മനിരതനായ ജ്ഞാനി എന്നാണ് ഒരു പാശ്ചാത്യ ചിന്തകന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
സാമൂഹികമായ അസന്തുലിതാവസ്ഥ ദൈവനിന്ദയായി ഗുരുദേവന് കാണുകയും അതിനെതിരെ സ്നേഹത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ പട നയിക്കുകയുമായിരുന്നു.
പൊതുസമൂഹധാരയില്‍ കടക്കാനനുവദിക്കാതെ പുറത്തു മാറ്റി നിര്‍ത്തിയ അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു.
ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങളുണ്ടാക്കി ദൈവത്തെ തിരിച്ചുനല്‍കി. വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു. വഴി നടക്കുവാനുള്ള പൗരസ്വാതന്ത്ര്യം ഉള്‍പ്പെടെ മനുഷ്യന്റെ മൗലികമായ അവകാശങ്ങള്‍ ഗുരു അവര്‍ക്ക് ലഭ്യമാക്കി.
സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ ഭാരതീയ തത്വചിന്തയുടെ ചൈതന്യധാര പൂര്‍ണമായി ഉള്‍ക്കൊണ്ട ആധുനിക കര്‍മ്മയോഗിയാണ് ശ്രീനാരായണഗുരു.
മാറ്റുവിന്‍ ചട്ടങ്ങളെ ഗുരുവിന്റെ കര്‍മ്മകാണ്ഡം ശിഷ്യനിലൂടെ ആജ്ഞാശക്തിയായി ബഹിര്‍ഗമിക്കുകയായിരുന്നു.
കേരളത്തിന്റെ സാമൂഹ്യചരിത്രം മാറ്റിയെഴുതിയ ഒരു മഹാസംഭവമായിരുന്നു 1888ല്‍ അരുവിപ്പുറത്ത് നടന്ന ശിവപ്രതിഷ്ഠ. നിലവിലുള്ള പൗരോഹിത്യ മേധാവിത്വത്തെ ധിക്കരിക്കുകയായിരുന്നില്ല ഗുരു. കര്‍മ്മത്തിലൂടെ ബ്രാഹ്മണ്യം നേടാമെന്ന് വെളിപ്പെടുത്തുകയായിരുന്നു.
ഗുരു ആദ്യം പോരാടിയത് ജാതി വ്യവസ്ഥക്കെതിരെയായിരുന്നു. നരഹരന്‍ അശുദ്ധ വസ്തുവായി, മൃഗതുല്യരായി ജീവിച്ച ഒരു സമൂഹത്തെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മുറുകെ പിടിച്ച ഒരു കാലഘട്ടത്തില്‍ ക്ഷേത്രദര്‍ശനത്തിനോ വഴി നടക്കുവാനോ വസ്ത്രം ധരിക്കുകവാനോ സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിച്ചു. ഗുരുവിന്റെ കൃതികള്‍, തത്വദര്‍ശനങ്ങള്‍, വെളിപാടുകള്‍, വിശദീകരണങ്ങള്‍, ഫലിത രൂപേണയുളള ഉപദേശങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, എഴുതാപ്പുറങ്ങളായ മുഖകമലത്തില്‍ വിരിയുന്ന സന്ദേശങ്ങള്‍ ഇവയൊക്കെ പല ഭാഗങ്ങളിലായി പകുത്തുമാറ്റി പരിശോധിക്കുമ്പോഴാണ് അവയിലെ സത്യസൗന്ദര്യം ദൃശ്യമാവുക.
ഗുരു കര്‍മ്മ മാര്‍ഗ്ഗേ ചില ദാര്‍ശനിക സത്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുകയുണ്ടായി. അരുവിപ്പുറം പ്രതിഷ്ഠയെ തുടര്‍ന്നുള്ള ക്ഷേത്ര നിര്‍മ്മാണങ്ങളും പ്രതിഷ്ഠകളും പിന്നീട് പ്രതിഷ്ഠകള്‍ ഒഴിവാക്കി ഈശ്വരനെന്ന പരമസത്യത്തിലേക്ക് ഒരുപടി കൂടി നമ്മെ ഉയര്‍ത്തുകയുണ്ടായി. കണ്ണാടിയും ഓങ്കാരവും ദീപവും മഹദ് വചനങ്ങളും ശാരദാ മഠവും പ്രതിഷ്ഠകളില്ലാത്ത അദ്വൈതാശ്രമവും സ്ഥാപിച്ചത് സമൂഹത്തെ പരബ്രഹ്മ ചൈതന്യത്തിലേക്ക് ഉയര്‍ത്താന്‍ തന്നെയായിരുന്നു.
സവര്‍ണരായ ഒട്ടേറെ പേര് ഗുരുദേവന്റെ ജാതിക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ന്നിരുന്നു. ചില സവര്‍ണ ജാതിക്കാര്‍ ഗുരുദേവനോടുള്ള ബഹുമാനാര്‍ത്ഥം തങ്ങളുടെ കുട്ടികള്‍ക്ക് ശ്രീനാരായണന് എന്ന് നാമകരണം ചെയ്തിരുന്നു.
മഞ്ചേരി രാമയ്യര് വക്കീല്‍ ജാതിക്കെതിരെ ശക്തമായി പോരാടിയ ബ്രാഹ്മണശ്രേഷ്ഠനാണ്. ജാതിക്കെതിരായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ള ബ്രാഹ്മണരെ സംഘടിപ്പിച്ച് ലീഗ് ഓഫ് ലിബറല്‍ ബ്രാഹ്മിണ്‍സ് എന്നൊരു സംഘടന തന്നെ അദ്ദേഹം രൂപീകരിക്കുകയുണ്ടായി. ബ്രാഹ്മണാന്ദം അബ്രാഹ്മണാന്ദം എന്നിവ ഒരുപോലെ ഗുരുദേവനെ ആദരിച്ചിരുന്നു.
തിയൊസഫിക്കല് സംഘാടകര്‍ സമര്‍പ്പിച്ച മംഗളപത്രത്തില്‍ അവതാരപുരുഷന് എന്നാണ് ഗുരുദേവനെ വിശേഷിപ്പിച്ചത്. ലോകക്ഷേമത്തിന് വേണ്ടിയുള്ള ശ്രമത്തെ തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ പരസ്യമായി അഭിനന്ദിച്ചിരുന്നു. കോടതികളില്‍ ഹാജരാകണമെന്നുള്ള നിര്‍ബന്ധ നിയമത്തില്‍ നിന്നും ഗുരുദേവനെ മഹാരാജാവ് തിരുമനസ്സ് ഒഴിവാക്കിയിരുന്നു.
ആത്മീയ ആചാര്യനായ ഗുരു അദ്വൈത ദര്‍ശനത്തെ സാമൂഹിക തലത്തിലേക്ക് ഇറക്കിക്കൊണ്ടുവരികയായിരുന്നു. രണ്ടെന്ന ഭേദം ഇല്ലാത്തതാണ് അദ്വൈതം. ജീവാത്മ പരമാത്മാ ഭേദം അദ്വൈതം നിഷേധിക്കുന്നു.
ശ്രീനാരായണ ഗുരു ശ്രീ ശങ്കരാചാര്യരെ പോലെ അദ്വൈത വേദാന്തിയായിരുന്നു.
അറിവും അറിവിന്റെ വിഷയവും അറിയുന്നവനും ഒരുതന്നെയാണെന്നും അവ ഭിന്നമല്ലെന്നും ഗുരു അര്‍ത്ഥശങ്കയില്ലാതെ ആത്മോപദേശ ശതകത്തില്‍ സ്ഥാപിച്ചിരിക്കുന്നു.
പ്രാര്‍ത്ഥനാ ഗീതമായ ദൈവശതകത്തില്‍ നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും!
സൃഷ്ടിയും സൃഷ്ടിജാലവും ഒന്നുതന്നെ. അദ്വൈത ദര്‍ശനത്തിന്റെ പരമസത്യം വളരെ ലളിതമായി ഗുരു വെളിപ്പെടുത്തുകയാണ്.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. അദ്വൈത സിദ്ധാന്തത്തിന്റെ പ്രയോഗരൂപമാണ് നാമിവിടെ കാണുന്നത്.
ഭാഗ്യശീലന്‍ ചാലാട
No comments:
Post a Comment