ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, September 30, 2017

യശോദമ്മ - ശ്രീകൃഷ്ണ കഥകൾ




യശോദമ്മ വെറുതെ തൂണിൽ ചാരി കണ്ണടച്ചിരുന്നു. ഒന്നും ചെയ്യാനില്ലാത്തതു പോലെ. അല്ലെങ്കിലും കുറച്ചു കാലമായി ഇങ്ങനെയാണ്. കുട്ടികൾ പോയതിനു ശേഷം ഒന്നും ചെയ്യാൻ ഇല്ലാതായി. രോഹിണിയും അധികമൊന്നും സംസാരിക്കില്യ. കണ്ണന്റെ അച്ഛൻ സദാ നാമം ജപിച്ചിരിക്കും. പശുക്കളുടെ അംബാരവവും ഇല്ലാതായി. കാലിൽ ഒരു തണുപ്പ്. യശോദമ്മ കണ്ണുതുറന്നു. കണ്ണന്റെ പൂച്ചയാണ്. പാവം അതിനും മൌനം തന്നെ. പാലും വെണ്ണയും കൊടുത്താൽ അത്  മുഖത്തേയ്ക്ക് ദയനീയമായി നോക്കും. എന്റെ കണ്ണനെ എവിടെയ്ക്ക് പറഞ്ഞയച്ചു. എന്ന് ചോദിക്കുന്നതുപോലെ. അതു കാണുമ്പോൾ കണ്ണുകൾ അറിയാതെ നിറയും. എന്റെ സങ്കടം അതിനു മനസ്സിലായതുപോലെ അല്പം പാൽ കുടിച്ച് അത് എവിടേയെങ്കിലും പോയി ചുരുണ്ടു കിടക്കും. പാവം കണ്ണന്റെ അച്ഛൻ. ഇടയ്ക്ക് അതിന്റെ അടുത്തുപോയിരുന്ന് തലോടുന്നതു കാണാം. കുരങ്ങന്മാരും തത്തകളും എന്നും വന്ന് ഈ ഗൃഹത്തിന്റെ ചുറ്റുപാടും, കണ്ണന്റെ മെത്തയിലുമെല്ലാം നോക്കി തിരിച്ചുപോകും.


ആകാശത്തില്‍ മാർമേഘം ഉരുണ്ടുകൂടി. പെട്ടന്ന് അത് കണ്ണനല്ലേ...! കണ്ണന്റെ പുഞ്ചരിക്കുന്ന മുഖം. അമ്മയ്ക്ക് മുലപ്പാല്‍ ചുരന്നു. കണ്ണുകൾ നിറഞ്ഞു. പൂച്ച യശോദയുടെ പാദങ്ങളില്‍ നക്കി. 


യശേദ ഒന്നു തേങ്ങി. ശബ്ദം കേട്ട് രോഹിണി വന്ന് നോക്കി.  ഒന്നും പറയാതെ അകത്തേക്ക് പോയി. അല്ലെങ്കിലും ആ സ്വാധ്വി എന്തു പറയാൻ കുട്ടികളെ പിരിഞ്ഞ വ്യഥ അവൾക്കുമില്ലേ?


കണ്ണൻ എത്ര ദിവസായി മഥുരയ്ക്ക് പോയീട്ട്. ആ മുഖം ഒരു നോക്കു കാണണം തോന്നുന്നത് തെറ്റാണോ? എനിക്കെല്ലാം എന്റെ ഉണ്ണിയല്ലേ? എനിക്കു മാത്രോ? ഈ ഗോകുലം മുഴുവനും മൌനമായി കണ്ണന് വേണ്ടി കാത്തിരിക്കുന്നത് കണ്ണൻ അറിയുന്നുണ്ടോ? അന്ന് അച്ഛന്റെ കൂടെ രാമേട്ടനും കൂട്ടുകാരുമായി എത്ര സന്തോഷത്തോടെയാണ് കണ്ണൻ പോയത്. ഉള്ളിൽ വിങ്ങലുണ്ടായീട്ടും കുട്ടികളുടെ സന്തോഷം കണ്ടപ്പോള്‍ തനിക്കവരെ തടയാനായീല്യ. ഗോകുലം മുഴുവനും കരഞ്ഞു പോയി. രണ്ടു ദിവസത്തെ വിരഹം അത്ര്യേ കരിതീള്ളൂ. പക്ഷേ യാഗം കഴിഞ്ഞു അച്ഛനും കൂട്ടുകാരും തനിയെ തിരിച്ചെത്തിയപ്പോള്‍ ആധികൊണ്ട് എനിക്ക് കണ്ണു കാണാതായി. പിന്നീട് അവർ പറഞ്ഞകാര്യങ്ങൾ! ഭഗവാനേ ഏതമ്മയ്ക്ക് സഹിക്കാനാവും? കണ്ണന്‍ ന്റെ ഉണ്ണ്യല്ലാത്രേ.. കംസനെ പേടിച്ച് നന്ദഗോപർ ഇവിടെ കൊണ്ടു വന്നാക്കിയതാണുപോലും. കണ്ണൻ കുവലയാപീഢത്തേയും മല്ലന്മാരേയും കംസനേയും വധിച്ചത് അത്ര അത്ഭുതൊന്നും അല്ല. എന്റുണ്ണി അതികേമനാണ്. കണ്ണൻ ഈശ്വരനാണത്രേ.. എന്റെ പൊന്നുണ്ണി എങ്ങിനെ എന്റേതല്ലാതായി? ആരെങ്കിലും പറഞ്ഞാൽ കണ്ണനെന്റെ മകനല്ലാതാകുമോ? ഈ അമ്മയ്ക്ക് ഒന്നും നിശ്ചല്യ ഉണ്ണീ....നിന്നെ ചിന്തിക്കുന്ന മാത്രയില്‍ എന്റെ മാറിടങ്ങൾ ചുരന്നൊഴുകുന്നു. അമ്മിഞ്ഞ തരൂ അമ്മേ എന്നു ചിണുങ്ങുന്ന ആ പൊന്നോമന എങ്ങിനെ എന്റെതല്ലാതാവും. എല്ലാം കേട്ട് പൊട്ടിക്കരയുവാൻ പോലുമാകാതെ ഞാൻ മൌനിയായി. എന്റെ മൌനവും ഭാവവും അദ്ദേഹത്തെ ഭയപ്പെടുത്തിയതുകൊണ്ടാവും. അതുകൊണ്ടാവണം അന്ന് ഏതോ ഒരാള്‍ വശം അച്ഛന്‍ കണ്ണന് ഒരു കത്തയച്ചിരുന്നു. കണ്ണിനീരോടെ എന്തെല്ലാമോ കുത്തിക്കുറിച്ച് അയാളുടെ കയ്യിൽ കൊടുക്കുമ്പോൾ പൊട്ടിക്കരയാതിരിക്കാൻ അദ്ദേഹം നന്നേ പാടുപെടുന്നതു കണ്ടു. അത് കണ്ണന് കിട്ടിക്കാണില്യേ? നിന്റെ അമ്മയേ നീ എന്തേ ഓർക്കാത്തത്? എനിക്ക് നീ ഇല്ലാതെ ഒന്നിനും കഴിയുന്നില്യ. പാലു തിളപ്പിക്കാന്‍ അടുപ്പിൽ വച്ചാൽ നീ എന്റെ അരികിലേക്കാ വന്ന് വസ്ത്രാഞ്ജലത്തിൽ പിടിച്ചു വലിച്ച് കളിക്കാൻ വിളിക്കുന്നതും നിന്റെ ശാഠ്യവും ഓർത്ത് എന്നും പാൽ തിളച്ചു തൂവുന്നത് ഈ അമ്മ അറിയാറില്യ. അച്ഛനോ രോഹിണിയോ വന്ന് പാൽക്കലം വാങ്ങിവച്ച്  മൃദുവായി എന്റെ കവിളിൽ തഴുകിക്കൊണ്ട് പോകും. ഞാൻ നിറഞ്ഞ കണ്ണുകൾ ആരേയും കാണിക്കാതെ മുറ്റത്തേക്കിറങ്ങുമ്പോൾ മണ്ണിന്റെ സ്പർശനം വീണ്ടും കണ്ണാ എന്നെ നിന്നിലേക്ക് എത്തിക്കും



അന്നു നീ മണ്ണു തിന്നെന്നു പറഞ്ഞു ഞാൻ നിന്നെ ശകാരിച്ചതോർത്ത് അറിയാതെ തേങ്ങിപ്പോകും.


അമ്മ വെറുതെ എന്നെ വഴക്കു പറഞ്ഞില്യേ ന്നു പറഞ്ഞ് അതിനു പ്രായശ്ചിത്തമായി നീ എത്ര തവണ എന്നെക്കൊണ്ട് ഓരോരോ വാശികൾ സാധിപ്പിച്ചിരിക്കുന്നു. ഗോപികമാർ രാമേട്ടൻ സുന്ദരനാണ് കണ്ണൻ കറമ്പനെന്നു വിളിച്ചു കളിയാക്കിയപ്പോൾ ദേഷ്യത്തോടെ നീ ഗോപികമാരുടെ ദേഹത്ത് ചാണകം വാരി തേച്ചതെല്ലാം ആലോചിക്കുമ്പോൾ ഞാനറിയാതെ ചിരിച്ചുപോകും. അതു കേൾക്കുമ്പോഴും അച്ഛന് ആധിയാണ്. എനിക്ക് മനസ്സിന് വിഭ്രമം വരുന്നുവോ എന്ന്. കണ്ണാ!  നീയ്യന്ന് ചങ്ങാതിമാരുടെ കൂടെ കളിക്കുമ്പോൾ ഊണു കഴിക്കാൻ എത്ര വിളിച്ചീട്ടും വന്നില്യ. അന്ന് നിന്റെ പിറന്നാള്‍ ആണ് എന്ന് പറഞ്ഞു സൂത്രത്തില്‍ കൊണ്ടുവന്നപ്പോൾ പിറന്നാളിന് പായസം വേണമെന്ന് വാശിപിടിച്ച് പായസം ഉണ്ടാക്കി തന്നീട്ടേ ഊണുകഴിച്ചുള്ളൂ.  അമ്മയുടെ അകിട്ടിൽ നിന്നും പാൽ കുടിക്കുന്ന നന്ദിനിക്കുട്ടിയെ തള്ളി മാറ്റി നീ പാൽ കുടിക്കുന്നത് എത്ര കൌതുകത്തോടെ ഞങ്ങള്‍ നോക്കി നിന്നിരുന്നു. നിന്റെ കൂടെ ഓടിച്ചാടി കളിച്ച് നിന്റെ വേണുഗാനം കേൾക്കമ്പോൾ ഓടിവന്ന് പാദങ്ങളിൽ നക്കുന്ന ആ നന്ദിനിക്കുട്ടി ഇന്ന് ഒരു പൈക്കുട്ടിയുടെ അമ്മയായി. അവളുടെ അടുത്തു ചെന്നാൽ അവൾ തല എന്റെ ചുമലില്‍ വച്ച് അനങ്ങാതെ നില്ക്കും. നിന്റെ വിരഹത്തിൽ ആ കണ്ണുകൾ നിറഞ്ഞൊഴുകും. എനിക്കും സങ്കടാവും. എല്ലാം  ഞാൻ മൌനമായി സഹിക്കും. പക്ഷേ കണ്ണാ നിന്റെ പ്രിയ സഖി രാധയെ കാണുമ്പോൾ എന്റെ എല്ലാ നിയന്ത്രണവും വിട്ടുപോകുന്നു. അന്ന് മഥുരയിൽ നിന്ന് മടങ്ങുമ്പോൾ  അച്ഛന്റെ കൈവശം കൊടുത്തയച്ച നിന്റെ വേണു അവൾ സദാ മാറോടു ചേർത്ത് ഇരിക്കും. കുവലയാപീഢത്തിന്റെ കൊമ്പിനടിയിൽ നിന്നും വീണ മുത്തുകൾ പെറുക്കിയെടുത്ത് ശ്രോതകൃഷ്ണന്റെ കയ്യിൽ കൊടുത്തതുകൊണ്ട് അവൻ ഒരു മാലയുണ്ടാക്കി രാധയ്ക്ക് നല്കി ആ ഹാരം മാത്രമാണ് ഇന്ന് അവളുടെ ആഭരണം. അവൾ ഒരിക്കലും നിന്നെ ഓർത്ത് കരയുന്നത് ഞാൻ കണ്ടില്ല. സദാ മൌനമായി കണ്ണടച്ച് ആ ഓടക്കുഴലും മറോടു ചേർത്ത് ഇരിക്കും. ഞാൻ ഒട്ടും ശബ്ദമുണ്ടാക്കാതെ അടുത്തു ചെന്നാലും എന്റെ സാമീപ്യം അവൾ അറിയും. മെല്ലെ കണ്ണു തുറന്ന് എന്നെ നോക്കും. അവളുടെ കണ്ണുകൾ തിളങ്ങുന്നത് എനിക്കു കാണാം. കണ്ണനെക്കുറിച്ചെന്തെങ്കിലും വിവരം പറയാനുണ്ടോ എന്നു ചോദിക്കുന്നതുപോലെ എനിക്കു തോന്നും. രാധയുടെ നോട്ടത്തിനു മുന്നിൽ ഞാൻ എല്ലാം മറന്ന് പോട്ടിക്കരയും. അതുകണ്ട് അവൾ എന്നെ ആ മാറിൽ ചേർത്തണച്ച് മെല്ലേ എന്റെ പുറം തടവി സമാധാനിപ്പിക്കും. ഓടക്കുഴൽ പിടിച്ച കൈകൊണ്ട് എന്നെ ചേർത്തു പിടിക്കുമ്പോൾ കണ്ണാ ഞാൻ നിന്നെ അനുഭവിക്കുന്നു. എപ്പോഴൊക്കെ നിന്റെ വിരഹത്താൽ ഞാൻ തപിക്കുന്നുവോ അപ്പോഴെല്ലാം ഞാൻ രാധയുടെ അടുത്തേക്ക് ഓടിയെത്തും. എന്നാലും കണ്ണാ ഒന്നു വരുമോ ഈ അമ്മയുടെ മുന്നിൽ. പണ്ട് എത്ര പ്രാവാശ്യം എന്നോടു പിണങ്ങി നീ ഒളിച്ചു നിന്നീട്ടുണ്ട്. എത്ര തിരഞ്ഞീട്ടും കാണാതെ പരഭ്രമിക്കുമ്പോൾ "അമ്മേ കണ്ണന് വിശക്കുന്നു" എന്നു പറഞ്ഞ് ഓടി വന്ന് എന്നെ കെട്ടിപ്പിടിക്കാറുള്ളതല്ലേ..? അതുപോലെ ഒന്നോടി വരൂ കണ്ണാ...



കണ്ണാ..  മനസ്സാകുന്ന മൺകലത്തിൽ പ്രേമനവനീതവുമായി യശോദയെപ്പോലെ ഞങ്ങളും കാത്തിരിക്കുന്നു. ഒരിക്കലെങ്കിലും ഒന്നു വരൂ കണ്ണാ!  കാത്തിരിക്കുന്നു കൊതിയോടെ.

കാരുണ്യ മൂർത്തിയല്ലേ ..

എന്റെ പ്രേമസ്വരൂപനല്ലേ..

എല്ലാ അക്ഷരപ്പൂക്കളും എന്റെവകണ്ണന് പ്രേമ സമർപ്പണം.


ഹരേ..കൃഷ്ണ
കടപ്പാട് 

No comments:

Post a Comment