ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, September 20, 2017

അർജ്ജുനശപഥവുംഭക്തവത്സലനായ ഭഗവാന്റെ കൗശലവും


സിന്ധൂ രാജാവായിരുന്ന വൃദ്ധക്ഷത്രന്റെ പുത്രനും  കൌരവരുടെ ഒരേയൊരു സഹോദരിയായിരുന്ന ദുശ്ശളയുടെ ഭർത്താവും ആയിരുന്നു ജയദ്രഥൻ. നൂറു സഹോദരന്മാരുടെ ഒരേ ഒരു പെങ്ങളുടെ പതി. മഹാഭാരതത്തിൽ ഇദ്ദേഹത്തെ അഹങ്കാരിയായും, അധർമ്മിയായും പ്രകീർത്തിച്ചിരിക്കുന്നു. 


ജയദ്രഥൻ പാണ്ഡവരുടെ വനവാസക്കാലത്ത് പാഞ്ചാലിയെ അപഹരിക്കാൻ ശ്രമിക്കുകുകയും, തുടർന്നുണ്ടായ സംഘട്ടനത്തിൽ പാണ്ഡവർ ജയദ്രഥനെ പിടിച്ച് കെട്ടിയിട്ട് നഖവും, മുടിയും മുറിച്ച് അപമാനിതനാക്കി വിട്ടയച്ചു. ഇദ്ദേഹത്തെ കൊല്ലാതെ വിട്ടത് അദ്ദേഹം ദുശ്ശളയുടെ ഭർത്താവായതു കൊണ്ടാണ്. കൗരവർക്കും പാണ്ഡവർക്കുമായി ഒരേ ഒരു സഹോദരി ദുശ്ശളായുണുതാനും. 


മഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസം കൗരവർ ചക്രവ്യൂഹം ചമച്ച് അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിക്കുകയും ചെയ്തു. പക്ഷേ കൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് തന്ത്രപൂർവ്വം കൗരവർ മാറ്റുകയും, ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ മാത്രം അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കേണ്ടിവരുകയും ചെയ്തു. പക്ഷേ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കാതെ വരികയും, അഭിമന്യുവിനോടൊപ്പം മറ്റുള്ളവർക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാതിരിക്കാൻ ജയദ്രഥൻ തന്ത്രപൂർവ്വം ശ്രമിച്ചിരുന്നു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം 



ഇദ്ദേഹം പരമശിവനിൽനിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെടുകയും പിന്നീടുണ്ടായ യുദ്ധത്തിൽ അഭിമന്യു കൊല്ലപ്പെടുകയും
ചെയ്തു.അഭിമന്യുവിനെ കൊല്ലാൻ സഹായകമായത് ജയദ്രഥ യുദ്ധനൗപുണ്യമായിരുന്നു. തൻമൂലം അർജ്ജുനനു ജയദ്രഥനോട് വൈരം തോന്നുകയും പിറ്റേന്ന് ജയദ്രഥനെ കൊല്ലുമെന്ന് ശപഥമെടുക്കുകയും ഉണ്ടായി.


മഹാഭാരതയുദ്ധം പതിന്നാലാം നാള്‍ അവസാനിക്കുമെന്നാണ് കൌരവര്‍ കരുതിയത്‌. കാരണം അന്ന് സൂര്യാസ്തമയത്തിനകം ജയദ്രഥനെ വധിച്ചില്ലാ എങ്കില്‍ താന്‍ അഗ്നി പ്രവേശം ചെയ്യുമെന്നാണല്ലോ അര്‍ജ്ജുനന്‍ ശപഥം ചെയ്തത്.  രണ്ട് കാരണങ്ങള്‍ കൊണ്ടും അര്‍ജ്ജുനനു മരണം ഉറപ്പാണ്‌!(1) സൂര്യാസ്തമയം വരെ ജയദ്രഥനെ സംരക്ഷിച്ചാല്‍ മതി. (2) ജയദ്രഥന്‍റെ ശിരസ്സ് നിലത്തിടുന്നവന്‍റെ ശിരസ്സ് നൂറായിത്തകര്‍ന്നുപോകുമെന്ന് വരബലവും ഉണ്ടല്ലോ! അതായത്‌ ഏതു സാഹചര്യത്തിലായാലും പാര്‍ത്ഥനു അന്ത്യമാണ് എന്ന് കൌരവര്‍ കരുതി.


അന്ന് നിലനിന്നിരുന്ന സേനാ വിന്യാസരീതി പ്രകാരം ദേവേന്ദ്രന് പോലും ഒരു പകല്‍ കൊണ്ട് നശിപ്പിക്കാനാവാത്ത ഒരു തരം പുതിയ വ്യൂഹരചനയാണ് ദ്രോണാചാര്യര്‍ ചെയ്തത്.  കമലവ്യൂഹവും അതിനുള്ളിൽ സൂചിവ്യൂഹവും ചമച്ച് (ഇരട്ടവ്യൂഹങ്ങൾ) ജയദ്രഥനെ അതിനുള്ളിൽ നിർത്തി. ജയദ്രഥനു ചുറ്റും ശല്യരും, കർണ്ണനും, അശ്വത്ഥാമാവും, കൃപാചാര്യരും കാവൽ നിന്നു. അതിനു മുൻപിലായി ഭൂരിശ്രവസ്സും, വൃക്ഷസേനനും സൂചിവ്യൂഹത്തിന്റെ പ്രവേശനഭാഗത്ത് കൃതവർമ്മാവും ജയദ്രഥനെ രക്ഷിക്കാൻ നിലയുറപ്പിച്ചു. അതിനു പുറത്ത് കമലവ്യൂഹം ചമച്ച് ദുര്യോധനനും, ദുശ്ശാസനനും ആരെയും ഉള്ളിൽ കടക്കാതിരിക്കാൻ അതിശക്തമായി കാവൽ നിന്നു. ഏറ്റവും പുറത്ത് ദ്രോണാചാര്യരും നിലയുറപ്പിച്ചു. ജയദ്രഥനെ ഇന്ന് സൂര്യാസ്തമയം വരെ രക്ഷിക്കുമ്പോൾ അർജ്ജുനൻ സ്വയം മരിച്ചു കൊള്ളുമെന്നുള്ള അർജ്ജുനശപഥം അവരെ കൂടുതൽ രക്ഷോമുഖന്മാരായി പ്രവർത്തിക്കുവാൻ കാരണമാക്കി.അർജ്ജുനന്റെ ലക്ഷ്യം ജയദ്രഥവധം മാത്രമായിരുന്നു. 



യുദ്ധഭൂമിയിൽ മുഴുവനും തിരഞ്ഞിട്ടും ജയദ്രഥനെ കണ്ടെത്താൻ പാർത്ഥനായില്ല. അവസാനം ജയദ്രഥൻ പത്മവ്യൂഹത്തിനുള്ളിലാണെന്നു മനസ്സിലാക്കി, ഭീമനും അർജ്ജുനനും ചേർന്ന് പത്മവ്യൂഹം തകർത്തു അകത്തുകടക്കാൻ ശ്രമിച്ചു. ധർമ്മപുത്രരുടെ നിർദ്ദേശത്തെത്തുടന്ന് സാത്യകിയും യുദ്ധക്കളത്തിൽ അർജ്ജുനനെ സഹായിക്കാൻ ഇതിനോടകം എത്തിച്ചേർന്നു. ദ്രോണരും, ദുര്യോധനനും, ദുശ്ശാസനനും ചേർന്ന് ഇവരെ അതിശക്തമായി എതിർത്തു. ഈ സമയം കൃഷ്ണൻ തന്റെ സുദർശന ചക്രത്താൽ സൂര്യബിംബത്തെ മറയ്ക്കുകയും സൂര്യാസ്തമയമായി എന്നു തെറ്റിധരിച്ച് ഏവരും യുദ്ധം മതിയാക്കി. കൗരവർ അർജ്ജുനന്റെ ആത്മാഹുതി കാണുവാൻ കൂട്ടത്തോടെ ഒത്തുകൂടി. അവസാനം ജയദ്രഥനും പുറത്തുവന്നു.ജയദ്രഥന്‍ പുറത്തുവന്ന് സന്തോഷത്തോടുകൂടി സൂര്യാസ്തമയം കാണാന്‍ ആകാശത്തേക്കു നോക്കി. അതുകണ്ടു ഭഗവാന്‍ അര്ജുനനോട് പറഞ്ഞു: ”സമയമായി. തീഷ്ണബാണങ്ങള്‍ പ്രയോഗിച്ച് ജയദ്രഥന്റെ തലയറുത്ത് ശപഥം പരിപാലിച്ചുകൊള്ളു. അര്‍ജ്ജുനന്‍ കൃഷ്ണന്റെ കല്പന അനുസരിച്ച് ജയദ്രഥന്റെ തലയറുത്തുകളഞ്ഞു.


അപ്പോഴേക്ക് അന്ധകാരവും പോയി. സൂര്യന്‍ അസ്തമിച്ചില്ലെന്ന് എല്ലാവര്‍ക്കും മനസ്സിലാകുകയും ചെയ്തു. വീണ്ടും ഭഗവാന്‍ അര്‍ജ്ജുനനോടു പറഞ്ഞു: ”ജയദ്രഥന്റെ തല ഭൂമിയില്‍ വീഴാതെ സൂക്ഷിക്കണം. എന്തെന്നാല്‍ ആ തലയറുത്തു ഭൂമിയിലിടുന്നവരുടെ തല നൂറായി നുറുങ്ങിപ്പോകുമെന്ന് ജയദ്രഥന്റെ തപസ്വിയായ പിതാവ് അയാള്‍ക്ക് വരം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് നീ ദിവ്യബാണം പ്രയോഗിച്ച് ആ തല ജയദ്രഥന്റെ അച്ഛന്റെ മടിയില്‍ ഇട്ടുകൊടുക്കണം.


വൃദ്ധനായ അദ്ദേഹം ഇപ്പോള്‍ സൃമന്തപഞ്ചകത്തിന് പുറത്ത് ഒരിടത്ത് സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുകയാണ്.” അര്‍ജ്ജുനന്‍ ഭഗവാന്റെ നിര്‍ദ്ദേശമനുസരിച്ചു ചെയ്തു. 


നോക്കുക, ഭഗവാന്റെ ഭക്തവാത്സല്യവും ദീര്‍ഘദൃഷ്ടിയും എത്ര മഹത്തരം. ഒരു പ്രയോഗം കൊണ്ട് രണ്ട് ആപത്തില്‍നിന്നും തന്റെ ഭക്തനായ അര്‍ജ്ജുനനെ അത്ഭുതകരമാംവണ്ണമല്ലേ അദ്ദേഹം രക്ഷിച്ചത്.തന്നെ ശരണം പ്രാപിക്കുന്ന ഭക്തനെ ഏത് ആപത്തില്‍നിന്നും രക്ഷിക്കുമെന്നുള്ള ശപഥം ഭക്തവത്സലനായ ഭഗവാന്‍ എപ്പോഴും പരിപാലിച്ചുകൊണ്ടാണ് ഇരിക്കുന്നത്. പക്ഷേ നാം അതു കാണുന്നില്ലന്നേയുള്ളൂ.


 ഓം ഭഗവതേ വാസുദേവായ നമഃ 

No comments:

Post a Comment