ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, September 25, 2017

ഭഗവാന്‍ ഗോവര്‍ദ്ധനപര്‍വ്വതം ധരിച്ച് വ്രജത്തെ രക്ഷിച്ചത് – ഭാഗവതം (243)




ന ഹി സദ്ഭാവയുക്താനാം സുരാണാമീശവിസ്മയഃ
മത്തോഽസതാം മാനഭംഗഃ പ്രശമായോപകല്‍പ്പതേ (10-25-17)


ദേവേ വര്‍ഷതി യജ്ഞവിപ്ലവരുഷാ വജ്രാശ്മവര്‍ഷാനിലൈഃ
സീദത്‌ പാലപശുസ്ത്രി ആത്മശരണം ദൃഷ്ട്വാനുകമ്പ്യുത്സ്മയന്‍
ഉത്പാട്യൈകകരേണ ശൈലമബലോ ലീലോച്ഛിലീന്ധ്രം യഥാ
ബിഭ്രദ്‌ ഗോഷ്ഠമപാന്‍മഹേന്ദ്രമദഭിത്‌ പ്രീയാന്ന ഇന്ദ്രോ ഗവാം (10-26-25)



ശുകമുനി തുടര്‍ന്നു:


തനിക്കു കിട്ടാറുളള അര്‍ഘ്യം നിഷേധിക്കപ്പെട്ടതില്‍ ക്രുദ്ധനായ ഇന്ദ്രന്‍ തന്റെ അധീനതയിലുളള പ്രത്യേക മേഘങ്ങളോട്‌ ഗോപഗ്രാമം മുഴുവന്‍ നശിപ്പിക്കാനാജ്ഞാപിച്ചു. ആ മേഘങ്ങള്‍ക്ക്‌ പ്രളയമഴയുണ്ടാക്കാന്‍ കഴിവുണ്ട്‌. ദുരഭിമാനംകൊണ്ട്‌ മനസ്സു നിറഞ്ഞിരുന്നതിനാല്‍ കൃഷ്ണന്റെ ദിവ്യത ഇന്ദ്രന്‍ മറന്നുപോയിരുന്നു. കൃഷ്ണനെ വെറുമൊരു മനുഷ്യനായി ഇന്ദ്രന്‍ കരുതി. മഴയുടെ ദേവനായ ഇന്ദ്രന്റെ ആജ്ഞപ്രകാരം മേഘങ്ങള്‍ വൃന്ദാവനത്തിനു മുകളില്‍ തങ്ങളുടെ നശീകരണശക്തി മുഴുവനും പ്രയോഗിക്കുവാന്‍ തുടങ്ങി. ഭയന്നുവിറച്ച ഗോപന്മാരും ഗോപികമാരും കൃഷ്ണനെ അഭയം പ്രാപിച്ചു. ഇത്‌ ഇന്ദ്രന്റെ പകപോക്കലാണെന്ന് കൃഷ്ണന്‌ ഉടനേ മനസ്സിലായി. കൃഷ്ണന്‍ അവരെ സമാധാനപ്പെടുത്തി: “ഞാനിപ്പോള്‍ ദിവ്യശക്തികൊണ്ട്‌ ഇന്ദ്രന്റെ അഹങ്കാരം അവസാനിപ്പിക്കാന്‍ പോവുന്നു. ദേവന്‍മാര്‍ കളങ്കമറ്റവരാണെങ്കിലും അവരാണ്‌ ലോകത്തിന്റെ നിയന്താക്കള്‍ എന്നു കണക്കാക്കാന്‍ പാടില്ല. അവരുടെ അഹങ്കാരം അവസാനിപ്പിക്കുന്നത്‌ അവരുടെ തന്നെ ശാന്തിക്കുതകുന്നുതാണ്‌. എന്നിലഭയം തേടിയവരെ ഞാന്‍ രക്ഷിക്കുക തന്നെ ചെയ്യും.”



ഇത്രയും പറഞ്ഞ് ഭഗവാന്‍ ലീലയായി ഗോവര്‍ദ്ധനപര്‍വ്വതത്തെ ഒരു കൈ കൊണ്ടുയര്‍ത്തി. പര്‍വ്വതത്തെ ഒരു കുടപോലെ പിടിച്ച്‌ വൃന്ദാവനവാസികളോട്‌ അതിനു കീഴില്‍ നില്‍ക്കാന്‍ കൃഷ്ണന്‍ പറഞ്ഞു. എന്റെ കയ്യില്‍ നിന്നും ഇത്‌ ചാടിപ്പോവുമെന്ന് പേടിക്കേണ്ട. ഇതിനു താഴെ നിങ്ങള്‍ക്ക്‌ മഴയില്‍നിന്നും കൊടുങ്കാറ്റില്‍നിന്നും ഉപദ്രവം ഉണ്ടാവുകയില്ല. ഗ്രാമം മുഴുവനും ജനങ്ങളും പൈക്കളുംമെല്ലാം ഗോവര്‍ദ്ധനത്തിനു കീഴില്‍ നിരന്ന് അഭയം തേടി. കൃഷ്ണന്‍ ഒരാഴ്ച ഗോവര്‍ദ്ധനത്തെ താങ്ങി അവിടെ നിന്നു. അങ്ങനെ ഗ്രാമത്തെ നശിപ്പിക്കാന്‍ കഴിയാതെ കൃഷ്ണനില്‍നിന്നും പരാജയം ഏറ്റുവാങ്ങി ഇന്ദ്രന്‍ മഴമേഘങ്ങളെ പിന്‍വലിച്ചു. വെളളപ്പൊക്കം അവസാനിച്ചപ്പോള്‍ ആളുകള്‍ വീടുകളിലേക്കു മടങ്ങി. കൃഷ്ണന്‍ പര്‍വ്വതം തഴെവച്ചു. ജനം കൃഷ്ണനെ അഭിനന്ദിച്ച്‌ ആരാധിച്ചു.



അവര്‍ നന്ദഗോപനോട്‌ ഇങ്ങനെ തങ്ങളുടെ അത്ഭുതം പറഞ്ഞു: “ആരാണീ കൃഷ്ണന്‍? ശിശുവായിരിക്കുമ്പോള്‍ പൂതനയെക്കൊന്നു. പിന്നീടും പല രാക്ഷസരേയും കൃഷ്ണന്‍ വധിച്ചു. ഭയങ്കരനായ കാളിയനെ കീഴടക്കി. മാത്രമല്ല, ഞങ്ങളെല്ലാം തീവ്രമായി സ്നേഹിക്കുന്ന രീതിയില്‍ ഒരാകര്‍ഷണീയത കൃഷ്ണനുണ്ട്‌. കൃഷ്ണനും ഞങ്ങളെ സ്നേഹിക്കുന്നു. ബാലന്‌ ഏഴു വയസ്സേയുളളൂ. എന്നിട്ട്‌ ഈ മല ​‍മുഴുവന്‍ ഉയര്‍ത്തി പിടിച്ചിരിക്കുന്നു. ആരാണിവന്‍ എന്നാണ്‌ ഞങ്ങള്‍ക്കല്‍ഭുതം.” ഗര്‍ഗ്ഗമുനി നാമകരണസമയത്ത്‌ പറഞ്ഞ കാര്യം നന്ദന്‍ അവരോട്‌ പറഞ്ഞു. എനിക്കിപ്പോള്‍ ഉറപ്പാണ്‌ കൃഷ്ണന്‍ ഭഗവാന്‍ നാരായണന്റെ അംശാവതാരം തന്നെയാണെന്ന്. ഗ്രാമീണര്‍ സംതൃപ്തരായി.



തനിക്കുളള അര്‍ഘ്യം നഷ്ടപ്പെട്ട ക്രോധത്തില്‍ ഗ്രാമത്തെ പ്രളയത്തിലാഴ്ത്താന്‍ ഘോരമഴ പെയ്യിച്ച ഇന്ദ്രന്റെ പ്രതികാരത്തില്‍ നിന്നും വൃന്ദാവനത്തെ രക്ഷിക്കാന്‍ ഗോവര്‍ദ്ധനപര്‍വ്വതത്തെ ഒരു കൈ കൊണ്ടുയര്‍ത്തി പിടിച്ച ഭഗവാന്‍ കൃഷ്ണന്‍ ഞങ്ങളിലും കൃപാലുവാകട്ടെ.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

No comments:

Post a Comment