ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, December 31, 2016

ശ്രീ പത്മനാഭ പ്രതിഷ്ഠ

ഓം നമോ നാരായണായ

അനന്തശായിയായ വിഷ്ണു


അനന്തന്റെ മുകളിൽ യോഗനിദ്രയിൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. പതിനെട്ടടി നീളം വരുന്ന വിഗ്രഹം. പത്മനാഭസ്വാമിയുടെ വിഗ്രഹം കടുശർക്കരയോഗക്കൂട്ടുകൊണ്ടുണ്ടാ
ക്കിയതിനാൽ അഭിഷേകം ചെയ്താൽ അലിഞ്ഞുപോകും. അതിനാൽ ഭഗവാന്റെ മറ്റൊരു വിഗ്രഹം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ വിഗ്രഹത്തിലാണ് അഭിഷേകം നടത്തുന്നത്. ശ്രീ ഭഗവത് രൂപം മൂന്നു ഭാഗങ്ങളായി മാത്രമേ ദർശിക്കാനാകൂ. വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതൽപത്തിനു സമീപം തൂക്കിയിട്ടിരിക്കുന്നു. അതിനു താഴെ ശിവലിംഗപ്രതിഷ്ഠയുണ്ട്, ഭഗവാൻ ശ്രീ മഹാദേവനെ നിത്യവും പൂജിക്കുന്നതായി സങ്കല്പം. അനന്തന്റെ പത്തികൊണ്ട് ദേവന്റെ മൂർധാവ് മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയിൽചതുർമുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. ഒരേ ശ്രീകോവിലിൽ ത്രിമൂർത്തികളുടെ  ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സാന്നിദ്ധ്യം ഈ ദേവാലയത്തിന്റെ പ്രത്യേകതയാണ്. അതിനു പുറകിലായി ഋഷിവര്യന്മാരുടെ കല്ലിൽ വാർത്ത രൂപങ്ങളുമുണ്ട്. ഭഗവാന്റെ മാറിടത്തിനെതിരെയായി ശ്രീഭഗവതിയെയും അൽപം അകലെ ഭൂമീ ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. അനന്തന്റെ മുകളിൽ പള്ളികൊള്ളുന്ന തേവർ കുടികൊള്ളുന്ന ദേശത്തിനു തിരുവനന്തപുരം എന്നപേരും ലഭിച്ചു


.
കടുശർക്കര യോഗപ്രതിഷ്ഠ

പന്തീരായിരത്തി എട്ട് സാളഗ്രാമങ്ങൾ അടുക്കി വച്ചുള്ള രൂപകൽപനയ്ക്കു ശേഷം ഏതാണ്ട് അഷ്ടബന്ധത്തിന് തുല്യമായ കടുംശർക്കര കൂട്ടുണ്ടാക്കി അത് പുറമെ പൂശി ശരീര തുല്യമാക്കി തീർത്ത് അതിൽ ജീവാവാഹനം ചെയ്തതാണ് ഇവിടുത്തെ “കടുംശർക്കര യോഗ വിഗ്രഹം”. 

കടുശർക്കരയോഗമായതിനാൽ മൂലബിംബത്തിൽ അഭിഷേകം പതിവില്ല. ഇതിനുപകരം ഒറ്റക്കൽമണ്ഡപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള അലങ്കാര വിഗ്രഹത്തിലാണ് നിത്യേന അഭിഷേകം നടത്താറുള്ളത്.
ദിവാകരമുനി/വില്വമംഗലം സ്വാമിയാർ ഭഗവാനെ ദർശിച്ചത് ഇരിപ്പമരച്ചുവട്ടിലാണ് എന്ന ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധത്തിൽ ഇവിടത്തെ ആദ്യത്തെ വിഗ്രഹം ഇരിപ്പമരത്തിന്റെ  തടികൊണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ ഒരു വലിയ അഗ്നിബാധയിൽ അത് കത്തിപ്പോയി. അതിനെത്തുടർന്നാണ് ഇപ്പോഴുള്ള വിഗ്രഹം പ്രതിഷ്ഠിച്ചത്. നേപ്പാളിലുള്ള ഗണ്ഡകി നദിയുടെ തീരങ്ങളിൽ കണ്ടുവരുന്ന വിശേഷാകൃതിയിലുള്ള കല്ലുകളാണ് സാളഗ്രാമങ്ങൾ. ഇവ വിഷ്ണുഭഗവാന്റെ പല രൂപങ്ങളെയും പ്രതിനിധീകരിയ്ക്കുന്നതായി കരുതപ്പെടുന്നു. പലനിറത്തിലും ഇവയുണ്ടെങ്കിലും കറുപ്പാണ് പ്രധാനനിറം. ഇന്ത്യയിലെ പല ഹൈന്ദവഭവനങ്ങളിലും ആശ്രമങ്ങളിലും സാളഗ്രാമങ്ങൾ പൂജിയ്ക്കപ്പെടുന്നു. ഗുരുവായൂരിലെ ക്ഷേത്രക്കിണറിൽ സാളഗ്രാമം പോലുള്ള വിശിഷ്ടവസ്തുക്കളുള്ളതായി വിശ്വസിച്ചുവന്നിരുന്നു. ഇത് സത്യമാണോ എന്നറിയാൻ 2013 മാർച്ചിൽ ക്ഷേത്രക്കിണർ വറ്റിച്ച് പരിശോധന നടത്തി. അഞ്ച് കുടങ്ങളും പത്ത് ഓട്ടുവിഗ്രഹങ്ങളും 19 മൺകുടങ്ങളും ധാരാളം പഴകിയ നാണയങ്ങളും ഏതാനും സാളഗ്രാമങ്ങളും ലഭിയ്ക്കുകയുണ്ടായി. ഇപ്പോൾ അവ ക്ഷേത്രത്തിൽ പൂജിയ്ക്കപ്പെടുന്നു

ഗായത്രി മന്ത്രം

ഗായത്രീമന്ത്ര ശക്തിയും സിദ്ധിയും - 3

ഗായത്രീമന്ത്രത്തിന്റെ ഓരോ അക്ഷരത്തിലും ഓരോ വാക്കിലും ഉപവിഷ്ടസ്ഥാനത്തും ഗൂഢരഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി ഉപദേശങ്ങള്‍ ഒളിഞ്ഞിരിപ്പുള്ളതായി പണ്ഡിതന്മാര്‍ പറയുന്നു.

”മഹാമന്ത്രസ്യ ചാപസ്യ
സ്ഥാനേ സ്ഥാനേ പദേപദേ
ഗൂഢോ രഹസ്യഗര്‍ഭോ-
നന്തോപദേശ സമുച്ചയഃ”

ഗായത്രീഭാഷ്യകാരനായ ശ്രീശങ്കരാചാര്യരുടെ ഗായത്രീ സ്തുതി ഇങ്ങനെയാണ്:


”ഗായത്രൈ്യ ജഗതാം മാത്രേ
വേദമാത്രേ നമോ നമഃ
യസ്യാസ്തത്ത്വാനു സന്ധാനാത്
കൈവല്യം ലഭതേനരഃ
സച്ചിദാനന്ദസദന-
മനര്‍ത്ഥപരിഭര്‍ജനം
ധിയാം പ്രചോദനം ധ്യായാ-
മ്യാത്മാനം ബ്രഹ്മപാവനം”

ഗായത്രികൊണ്ട് സൂര്യോപാസനയും സര്‍വദേവോപാസനയും പരമാത്മാവിന്റെതന്നെ ഉപാസനയുമാണ് ചെയ്യുന്നത്.


”ഗായത്രീ വേദജനനീ
ഗായത്രീ പാപനാശിനീ
ഗായത്ര്യാസ്തുപരം നാസ്തി
ദിവി ചേഹ ച പാവനം”

എന്നിങ്ങനെ യാജ്ഞവല്ക്യ മുനി ഗായത്രീമന്ത്രത്തിന്റെ മഹത്വത്തെ ഉദ്‌ഘോഷിക്കുന്നു.

മനുസ്മൃതി പറയുന്നത്


”ത്രിഭ്യ ഏവതുവേദേഭ്യഃ
പാദം പാദമദൂദുഹത്
തദിത്യ ഋചോളസ്യഃ സാവിത്ര്യാഃ
പരമേഷ്ഠീ പ്രജാപതിഃ”

(പരമേഷ്ഠിയായ പ്രജാപതി ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നിവയാല്‍ ഗായത്രിയുടെ മൂന്നുപാദങ്ങളെ ദോഹനം ചെയ്തു. ഗോവില്‍നിന്ന് ലഭിക്കുന്ന ദുഗ്ദ്ധം ഗോവിന്റെ സാരമാണ്. അതുപോലെ ശ്രുതിയാകുന്ന ഗോവില്‍നിന്ന് ഗായത്രിയെന്ന ശുദ്ധമായ ദുഗ്ദ്ധം കറന്നെടുത്തു. ഇത് വേദങ്ങളുടെ സാരമാണ്).


”സര്‍വേഷാം വേദാനാം 
ഗുഹ്യോപനിഷത്
സാരഭൂതാം തതോ 
ഗായത്രീം ജപേത്”

എന്ന് ഛാന്ദോഗ്യോപനിഷത്തില്‍ പറയുന്നു.
(ഗായത്രി സര്‍വവേദങ്ങളുടേയും ഉപനിഷത്തുകളുടെയും സാരമാണ്. അതിനാല്‍ ഗായത്രീ മന്ത്രം നിത്യവും ജപിക്കണം)


”സര്‍വവേദസാരഭൂതാ ഗായ-
ത്ര്യാസ്തു സമര്‍ച്ചന
ബ്രഹ്മാദയോപി സന്ധ്യായാം തം-
ധ്യായന്തി ജപന്തിച”

എന്ന് ദേവീ ഭാഗവതത്തില്‍ കാണുന്നു.
(ഗായത്രി മന്ത്രം സമസ്തവേദങ്ങളുടെയും സാരാംശമാണ്. ബ്രഹ്മാവുമുതലുള്ള ദേവതകള്‍ പോലും സന്ധ്യാവേളയില്‍ ഗായത്രീ മന്ത്രോപാസന ചെയ്യുന്നു).


”സര്‍വവേദോദ്ഖൃതഃ സാരോ
മന്ത്രോയം സമുദാഹൃത
ബ്രഹ്മദേവാദി ഗായത്രീ-
പരമാത്മാ സമീരിതഃ”
(ഗായത്രീ മന്ത്രം)

(എല്ലാ വേദങ്ങളുടെയും സത്തയും സാരാംശവുമാണ് ഗായത്രി. ബ്രഹ്മാദി ദേവകളെങ്ങനെയോ അതുപോലെയാണ് പരമാത്മ സ്വരൂപയായ ഗായത്രി).

”ഏതദക്ഷരമേതാം ച
ജപന്‍ വ്യാഹൃതി പൂര്‍വകം
സന്ധ്യയോര്‍വ്വേദവിദ്വിപ്രോ
വേദപുണ്യേന യുജ്യതേ”

ഓങ്കാരത്തേയും വ്യാഹൃതി സഹിതമായ ഗായത്രിയെയും പ്രാതഃകാല സായംകാല സന്ധ്യകളില്‍ ജപിക്കുന്നതുകൊണ്ടുമാത്രം സര്‍വവേദങ്ങളും അധ്യയനം ചെയ്ത ഫലം ലഭിക്കും.


”ഗീതാ ഗംഗാ ച ഗായത്രീ
ഗോവിന്ദേതി ഹൃദിസ്ഥിതേ
ചതുര്‍ഗഗാര സംയുക്തേ
പുനര്‍ജന്മ നവിദ്യതേ”

ഗീതയും ഗംഗയും ഗായത്രിയും ഗോവിന്ദനും ആരുടെ ഹൃദയത്തിലാണോ സ്ഥിതി ചെയ്യുന്നത് അവര്‍ക്ക് ജനനമരണാദികളെ ഭയപ്പെടേണ്ടതില്ല.

ബ്രഹ്മാവും വിഷ്ണുവും ശിവനും ഒന്നുചേര്‍ന്നതാണ് ഗായത്രീമന്ത്രമെന്ന് കാശീഖണ്ഡത്തില്‍ പറയുന്നു. ഗായത്രി സാക്ഷാല്‍ പരബ്രഹ്മം തന്നെയെന്ന് വേദവ്യാസന്‍. സര്‍വലോകങ്ങളെയും പവിത്രമാക്കുന്ന മന്ത്രമാണ് ഗായത്രി. ലോകജനനിയും ലോകപാവനിയുമായ ഗായത്രിയെക്കാള്‍ ശ്രേഷ്ഠമായ മന്ത്രമില്ല എന്നു കൂര്‍മപുരാണത്തില്‍ പറയുന്നു.

പ്രാതഃകാലത്തില്‍ ഗായത്രിയായും മധ്യാഹ്നത്തില്‍ സാവിത്രിയായും സായാഹ്നത്തില്‍ സരസ്വതിയായും സ്ഥിതിചെയ്യുന്ന ദേവിയാണ് സാവിത്രി. ജപകര്‍ത്താവിനെ രക്ഷിക്കുന്നതിനാല്‍ ഗായത്രിയെന്നും സവിതുര്‍ദ്യോതകമായതിനാല്‍ സാവിത്രിയെന്നും വാണീസ്വരൂപയായതിനാല്‍ സരസ്വതിയെന്നും പറയുന്നതായി ഛാന്ദോഗ്യോപനിഷത്തിലുണ്ട്. ഗായത്ര്യുപാസനയിലൂടെ ബ്രഹ്മപദപ്രാപ്തി ഉണ്ടാകുമെന്നു ബൃഹദാരണ്യകോപനിഷത്തില്‍ കാണുന്നു.

സര്‍വപാപവിമോചിനിയായ ഗായത്രീ മന്ത്രത്തെ പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും സാധകം ചെയ്യുന്നവരുടെ പൂര്‍വപാപവും പരപാപവും നശിക്കും. പത്തുപ്രാവശ്യത്തെ ജപംകൊണ്ട് രാവും പകലും ചെയ്ത ചെറിയ പാപങ്ങള്‍ ഇല്ലാതാകും. ഗായത്രി നൂറുരു ജപിച്ചാല്‍ അനേകപാപങ്ങള്‍ ശരിക്കും. സഹസ്രജപത്തിലൂടെ മഹാപാതകവും ഇല്ലാതാകും.

ജലത്തില്‍ മുങ്ങി മൂന്നുതവണ ഗായത്രി ജപിച്ചാല്‍ സര്‍വപാപമുക്തിയാണ് ഫലമെന്ന് ഗായത്രീ കല്‍പ്പത്തില്‍ പറയുന്നു. സര്‍വ ദുഃഖനിവാരണിയും സുധാമയിയും മോക്ഷദായിനിയും സത്യജ്ഞാനസ്വരൂപിണിയുമായ സാവിത്രീരൂപയായ ഗായത്രി. ഭാരതീയ ധര്‍മത്തിന്റെ മൂലമന്ത്രമായി ഗായത്രി വാഴ്ത്തപ്പെടുന്നു. സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ, സല്‍ബുദ്ധിയുടെ സദാചാരത്തിന്റെ, ത്യാഗത്തിന്റെ, ശാന്തിയുടെ, നന്മയുടെ, ഐക്യത്തിന്റെ പ്രതീകങ്ങളാണ് ഗായത്രീമന്ത്രാക്ഷരങ്ങള്‍. സഹസ്രാബ്ദങ്ങളായി വരേണ്യയായ ഗായത്രിയുടെ ഭര്‍ഗതേജസ് ഭാരതത്തിന്റെ ഹൃദയധമനികളെ പവിത്രമാക്കിക്കൊണ്ട് അതിന്റെ തീര്‍ത്ഥയാത്ര തുടരുന്നു.

ചാണക്യദര്‍ശനം


നാളന്നോദക സമം ദാനം
ന തിഥിര്‍ദ്ദ്വാദശി സമാ
ന ഗായത്ര്യാ പരോ മന്ത്രോ
ന മാതുഃ പരം ദൈവതം


ശ്ലോകാര്‍ത്ഥം

‘ജീവിതത്തില്‍ ഏറ്റവും വിശിഷ്ടമായി ചെയ്യാവുന്ന ഏതാനും കാര്യങ്ങളുണ്ട്‌. ദാനം ചെയ്യാന്‍ ഏറ്റവും ഉത്തമം പാനീയങ്ങളാണ്‌. തീയതികളില്‍ വെച്ച്‌ ഏറ്റവും ശ്രേഷ്ഠം 12 ആണ്‌ (ദ്വാദശി), മന്ത്രങ്ങളില്‍ വച്ച്‌ അത്യുത്തമം ഗായത്രി തന്നെ, ഈശ്വര തുല്യമായി കരുതേണ്ടത്‌, നിസ്സംശയം പറയാം, അമ്മയേയും!’
ആചാരാനുഷ്ഠാനങ്ങളില്‍ വളരെ പ്രസിദ്ധവും ഭാരതമാകെ അടിയുറച്ച്‌ വിശ്വസിക്കപ്പെടുന്നതുമായ ചില കാര്യങ്ങള്‍ ഒരു സാരോപദേശം എന്ന നിലയ്ക്ക്‌ ചാണക്യനിവിടെ നിരത്തുന്നു. ഓരോ മാസവും പലതരം അനുഷ്ഠാനങ്ങള്‍ പതിവുണ്ട്‌. എന്നാല്‍ അതിലേറ്റവും ഉത്തമമായി ആദരിച്ചുവരുന്നത്‌ ഏകാദശിയും ദ്വാദശിയുമാണ്‌. അതായത്‌ മാസത്തിന്റെ 11 ഉം 12 ഉം ദിവസങ്ങള്‍. അതിലും ഉത്തമം ദ്വാദശി. ഏകാദശി നോല്‍ക്കുകയും ദ്വാദശി നാള്‍ കുളി കഴിഞ്ഞ്‌ വിഷ്ണുവിനെ തൊഴുത്‌ തീര്‍ത്ഥം സേവിക്കുകയും ചെയ്യുമ്പോഴേ വ്രതം പൂര്‍ണമാവുന്നുള്ളു. പല പുരാണങ്ങളിലും ദ്വാദശി മാഹാത്മ്യം വര്‍ണിക്കപ്പെട്ടിട്ടുണ്ട്‌.ഇതേപോലെ വിശിഷ്ടങ്ങളായ മറ്റുപലതും ചൂണ്ടിക്കാണിക്കുകയാണ്‌ ഗുരുചാണക്യന്‍.

ഭക്ഷ്യവസ്തുക്കളും ജലവും ദാനം ചെയ്യുന്നതിനേക്കാള്‍ സ്വര്‍ഗ്ഗീയമായി മറ്റൊരു കര്‍മവുമില്ല. അശരണനും അനാഥനുമായ ഒരാള്‍ക്ക്‌ ഈ ദാനം എത്ര കണ്ട്‌ ഉപകാരപ്പെടും എന്ന്‌ ചിന്തിക്കാവുന്നതേയുള്ളൂ. ദാനത്തിന്റെ മഹത്വവും ഇവിടെ പറയുന്നു. യാതൊന്നാണോ നമ്മെ രക്ഷിക്കുന്നത്‌, അതാണല്ലോ മന്ത്രം. വളരെ ഗഹനവും ഗാഢവുമായ മന്ത്രാര്‍ത്ഥത്തിന്റെ വിദൂരതലങ്ങളിലേക്ക്‌ നാം ഇറങ്ങിച്ചെല്ലേണ്ട ആവശ്യമില്ല. അത്രമാത്രം ഒരു ജനപ്രിയമായ മന്ത്രമാണ്‌ ഗായത്രി. അമ്മയേക്കാള്‍ വലിയ ആരാദ്ധ്യദേവത മറ്റൊരാളില്ല. ഇവിടെയും ആദ്ധ്യാത്മികഭാവത്തോടെയാണ്‌ ഗുരു ചാണക്യന്‍ അമ്മയെ അവതരിപ്പിക്കുന്നത്‌.



വിമലീകരണം - ഗുരുവരം - 01


ഒ.വി. ഉഷ

കലിയുഗം അഴുക്ക് മുറ്റിയതാവുമെന്ന് ഭാരതീയ പാരമ്പര്യം പ്രവചിച്ചിട്ടുണ്ട്. നമ്മള്‍ ഓര്‍ക്കേണ്ടത് ഈ അവസ്ഥ പൊടുന്നനെ ഈ കലിയുഗത്തിന്റെ അയ്യായിരത്തി ഒരുനൂറ്റി ശിഷ്ടം വര്‍ഷങ്ങള്‍ കൊണ്ടു മാത്രം ഉണ്ടായതാവാന്‍ വഴിയില്ല എന്നാണ്. പോയ മൂന്നു യുഗങ്ങളിലൂടെയും വളരെ പതുക്കെ ഉണ്ടായി വന്ന അപചയങ്ങള്‍ അടിഞ്ഞതായിരിക്കണം, യുഗാന്തരങ്ങളിലൂടെ മനുഷ്യരാശിയുടെ കര്‍മ്മങ്ങള്‍ ദുഷിച്ചെത്തിയതായിരിക്കണം, നമ്മുടെ വര്‍ത്തമാനകാലം.


എന്റെ ഗുരു കരുണാകര ഗുരു അനുയായികളോട് ചോദിച്ച ഒരു ചോദ്യവും മറുപടി കാക്കാതെ ഗുരുതന്നെ പറഞ്ഞ ഉത്തരവും ഇങ്ങനെയാണ്: ‘എന്താണു നിങ്ങള്‍ക്കാവശ്യം? ആത്മശുദ്ധീകരണം മാത്രം.’ ഒറ്റനോട്ടത്തില്‍ ലളിതമായി തോന്നാം. പക്ഷേ അതേപ്പറ്റി ചിന്തിക്കുമ്പോള്‍ ദുര്‍ഗ്രഹമായ ആഴങ്ങളുടെ മുന്നിലെത്തിയതുപോലെ. ഏതാനും പേരോടായി പറഞ്ഞതാണെങ്കിലും അതൊരു പൊതു ആവശ്യമായി, കാലത്തിന്റെ ആവശ്യമായി എനിക്ക് തോന്നുന്നു.


കലിയുഗം അഴുക്ക് മുറ്റിയതാവുമെന്ന് ഭാരതീയ പാരമ്പര്യം പ്രവചിച്ചിട്ടുണ്ട്. നമ്മള്‍ ഓര്‍ക്കേണ്ടത് ഈ അവസ്ഥ പൊടുന്നനെ ഈ കലിയുഗത്തിന്റെ അയ്യായിരത്തി ഒരുനൂറ്റി ശിഷ്ടം വര്‍ഷങ്ങള്‍കൊണ്ടു മാത്രം ഉണ്ടായതാവാന്‍ വഴിയില്ല എന്നാണ്. പോയ മൂന്നു യുഗങ്ങളിലൂടെയും വളരെ പതുക്കെ ഉണ്ടായി വന്ന അപചയങ്ങള്‍ അടിഞ്ഞതായിരിക്കണം, യുഗാന്തരങ്ങളിലൂടെ മനുഷ്യരാശിയുടെ കര്‍മ്മങ്ങള്‍ ദുഷിച്ചെത്തിയതായിരിക്കണം, നമ്മുടെ വര്‍ത്തമാനകാലം. മന്വന്തരകലണ്ടര്‍ അനുസരിച്ച് നമ്മള്‍ ഈ കല്‍പത്തിന്റെ പകുതിയിലാണ്, ഏഴാമത്തെ മന്വന്തരത്തില്‍.


ഈ മന്വന്തരത്തിന്റെയാകട്ടെ പകുതി ആയിട്ടില്ല. ഇരുപത്തിയെട്ടാമത്തെ ചതുര്യുഗത്തിന്റെ, കലിയുടെ തുടക്കമേ ആയിട്ടുള്ളൂ. കണക്കനുസരിച്ച് വളരെ നീണ്ട ഒരു കാലയളവാണ് ബാക്കി നില്‍ക്കുന്നത്. ഈ ചതുര്യുഗത്തിന്റെ ഈ അവസാനപാദത്തിനു നാലുലക്ഷത്തില്‍ പരം വര്‍ഷം ഇനിയുമുണ്ടെന്നാണ് കണക്ക്. അടുത്തത് സത്യയുഗമായിരിക്കുമല്ലോ. അങ്ങനെയെങ്കില്‍ ഈ കലിയുഗത്തില്‍ തന്നെ നടത്തുന്ന ശ്രമംകൊണ്ടു മാത്രമേ മനുഷ്യനു സത്യയുഗത്തിലെ പൗരനായി മാറാന്‍ ഒക്കുകയുള്ളൂ എന്നു വേണം കരുതാന്‍. സത്യയുഗമനുഷ്യര്‍ കളങ്കമില്ലാത്തവരായിരിക്കും എന്നാണല്ലോ പറയുന്നത്.


അങ്ങനെ നോക്കുമ്പോള്‍ ആത്മശുദ്ധീകരണത്തിന്റെ വഴികള്‍ ഇപ്പോഴേ തേടാന്‍ തുടങ്ങുക തന്നെയാണ് മനുഷ്യന്റെ ആവശ്യം. മനസ്സിന്റെ പടിപടിയായുള്ള വിമലീകരണം മര്‍ത്ത്യപരിണാമത്തിന്റെ ഭാഗമാണ്. വിമലീകരണം വഴിതെളിക്കുന്നത് സഹജാവബോധത്തിന്റെ വികാസത്തിനാണ്. ബോധത്തിനു വികാസമുണ്ടാവുന്നു, തെളിച്ചം വര്‍ദ്ധിച്ചു വരുന്നു. നമ്മള്‍ ആന്തരികമായി ഉയരുന്നു.


പ്രകൃതി ഒരു പരിണാമചക്രത്തിലാണ് നമ്മെ അകപ്പെടുത്തിയിരിക്കുന്നത്. ലോകത്തില്‍ കിട്ടുന്ന അവസരം നമ്മുടെ കര്‍മ്മവിപര്യയങ്ങള്‍ കാരണം പലപ്പോഴും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാറില്ല. ഉയരുന്ന മനുഷ്യന് വീഴ്ച പറ്റുന്നതിനും സാധ്യതകള്‍ ഏറെ. ഭാരതീയപാരമ്പര്യം പറയുന്നത് ഉയര്‍ച്ചതാഴ്ചകള്‍ വീണ്ടും ജനിക്കാന്‍ കാരണമാകുന്നു എന്നാണ്. ജീവിതത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങളിലൂടെ ഉയര്‍ന്നുയര്‍ന്ന് ജനിമൃതിചക്രത്തിന്റെ പുറത്തുകടന്ന് ജന്മവും കര്‍മ്മവും അറ്റാല്‍ മുക്തി കിട്ടുമെന്നാണല്ലോ വിശ്വാസം.


അടുത്ത ജന്മങ്ങളും മുക്തിയും സത്യയുഗത്തിലേക്കുള്ള ചുവടുവയ്പും മാറ്റിനിര്‍ത്തിയാലും നമുക്ക് ആത്മശുദ്ധിയുടെ ആവശ്യമുണ്ട്. നല്ല മനസ്സുകള്‍ക്കേ നല്ല സമൂഹം ഉരുവപ്പെടുത്താനാകൂ. ഭൗതികമായ മെച്ചങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതിനും സമൂഹത്തില്‍ ശാന്തമായ അന്തരീക്ഷം വേണ്ടതാണ്. രാഷ്ട്രത്തിന്റെ പുരോഗതിയും മനുഷ്യനന്മയിലും സന്തോഷത്തിലും അധിഷ്ടിതമാണ്.


പണത്തിനും അതുവഴി നേടാവുന്ന സൗകര്യങ്ങള്‍ക്കും വേണ്ടി മിടുക്ക് കാണിക്കാന്‍ മത്സരിക്കുന്ന ഈ ലോകത്തില്‍, ഇന്നത്തെ സ്ഥിതിവിശേഷത്തില്‍, വിമലീകരണത്തിന് നമുക്ക് മനസ്സു വരിക എന്നത് അസാധ്യം എന്നുതന്നെ പറയാം. എങ്കിലും ‘ഗുരൂപദിഷ്ട മാര്‍ഗ്ഗേണ മനഃശുദ്ധിം തു കാരയേത്’ എന്ന പൗരാണികമായ ഗുരുഗീതാവാക്യത്തിനു വലിയ പ്രസക്തിയാണുള്ളത്.




ശ്യാമള


കാളികയെന്നാല്‍ കറുത്തവള്‍ എന്നാണ് സാരം. കറുപ്പ് വര്‍ണശൂന്യതയാണ്. സപ്തവര്‍ണങ്ങളിലൊന്നിന്റെയും സാന്നിധ്യമില്ലായ്മയാണ് കറുപ്പ്. ആകാശത്തിന്റെ അന്തരാളങ്ങളിലും ബാഹ്യതലങ്ങളിലും കുടികൊള്ളുന്ന ശൂന്യതയിലേക്കുള്ള കവാടമായി കാളിയെന്ന കറുപ്പ് നില്‍ക്കുന്നു. എല്ലാ പ്രകാശങ്ങളെയും തന്നിലേക്കാകര്‍ഷിച്ചുകൊണ്ട്, ഒന്നിനെയും പുറത്തേക്കുവിടാതെ കാളി കുടികൊള്ളുന്നു. എല്ലാ പ്രഭാജാലങ്ങളും ക്രമേണ അന്ധകാരത്തിലേക്ക് ചുരുങ്ങിച്ചുരുങ്ങി കാളികയില്‍ എത്തിക്കൊണ്ടിരിക്കുന്നു. സകലപ്രപഞ്ചത്തിലും കാളി വ്യപിച്ചുകിടക്കുന്നു.



ശ്യാമള എന്നാല്‍ കാളികാ അഥവാ കറുത്തവള്‍ എന്നു സാരം. വികസ്വരോന്മുഖമായ പ്രപഞ്ചത്തിന്റെ എഴുപതു ശതമാനം ഇരുണ്ട ഊര്‍ജ്ജവും ബാക്കി ഇരുപത്തഞ്ച് ശതമാനം ഇരുണ്ട ദ്രവ്യവുമാണെന്നാണ് ഇന്നത്തെ ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ശ്യാമോര്‍ജ്ജത്തിന്റെയും ശ്യാമപിണ്ഡത്തിന്റെയും പിന്നാലെയുള്ള ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിനുവേണ്ടിയുള്ള അത്ഭുത സന്നാഹമാണ് ജനീവയിലെ സേണില്‍ ഭൗമാന്തരഗുഹയില്‍ ഈയിടെയൊരുക്കിയ ‘ലാര്‍ജ് ഹൈഡ്രജന്‍ കൊളൈഡര്‍’. പ്രപഞ്ചോല്‍പ്പത്തിക്കു നിദാനമായ ആദ്യ സന്ദര്‍ഭത്തെ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ടുള്ള പരീക്ഷണമാണ് നടക്കുന്നത്. ശ്യാമദ്രവ്യത്തിന്റെ കാരണഭൂതമായ കണികകള്‍ ഏതെന്ന കണ്ടെത്തലാണ് ഈ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം.



ഗുരുത്വാകര്‍ഷണങ്ങളെ മറികടക്കുന്ന ദുര്‍ജ്ഞേയമായ ഊര്‍ജ്ജം പ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവണം. അനുമാനങ്ങള്‍ക്കുമങ്ങേപ്പുറം അതിവേഗത്തില്‍ ഗാലക്‌സികളെ -താരാപഥങ്ങളെ- വലിച്ച് ദൂരേക്കെത്തിക്കുന്നതും എന്നാല്‍ പ്രവേഗത്താല്‍ തെറിച്ചുപോകാതെ അടുക്കി നിര്‍ത്തുന്നതും വികാസത്വരകവുമായ ഏതോ ഒരു ഊര്‍ജ്ജം പ്രവര്‍ത്തിക്കുന്നുണ്ടാകണം എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. അത് ഗാലക്‌സികള്‍ക്കു ചുറ്റും ശക്തിയേറിയ ഒരു ഗുരുത്വാകര്‍ഷണ സ്രോതസ്സായി ഉണ്ടായിരിക്കണം. അത് ആ ഇരുണ്ട ദ്രവ്യത്തിന്റെ ഗുരുത്വാകര്‍ഷണമാണെന്നാണ് കരുതപ്പെടുന്നത്.



കൂടാതെ ശ്യാമമായ ഊര്‍ജ്ജത്തെ പിന്തള്ളുന്ന ഒരു ശ്യാമമായ പിണ്ഡവും വര്‍ത്തിക്കുന്നുണ്ടാകണം. ഇവ രണ്ടിന്റെയും സ്രോതസ്സായാണ് നാം ശ്യാമളയെ കാണുന്നത്. അമേയ വൈഭവത്വത്തിലെ അവാച്യതയാണ് കാളിയുടെ സ്വഭാവം എന്നു മായാതത്ത്വവാദം. ലളിതാസഹസ്രനാമത്തില്‍ ശ്യാമാഭയായും കാളിദാസന്റെ ശ്യാമളാദണ്ഡകത്തില്‍ ശ്യാമളയായും ഈ കാളിയാണ് വര്‍ണിക്കപ്പെട്ടിരിക്കുന്നത്.



ഭൃഗുശാപം. - ശ്രീമദ്‌ ദേവീഭാഗവതം. 4. 10. - ദിവസം 77.



സന്ദേഹോ f യം മാഹനത്ര പാരാശര്യ കഥാനകേ
നരനാരായണൌ ശാന്തൌ വൈഷ്ണവാംശൌ  തപോധനൌ
തീരത്ഥാശ്രമൌ സത്വ യുക്തൌ വന്യാശന പരൌ സദാ
ധര്‍മ്മപുത്രൌ മനാത്മാനൌ താപസൌ സത്യസംസ്ഥിതൌ


ജനമേജയന്‍ വീണ്ടും സംശയം ഉന്നയിച്ചു. 'അതീവ ശാന്തന്മാരും വൈഷ്ണവാംശങ്ങളുമായ നരനാരായണന്‍മാര്‍, സത്യവാന്മാരും തപോധനന്മാരുമാണല്ലോ. കായ്കനികള്‍ തിന്നു കഴിയുന്ന ധര്‍മിഷ്ഠരായ ഈ മഹാരഥന്മാര്‍ ധ്യാനമൊക്കെ ഉപേക്ഷിച്ചു പോരിനായി പുറപ്പെടാന്‍ കാരണമെന്ത്? അതും നൂറു വര്‍ഷമാണ്‌ അവര്‍ യുദ്ധം ചെയ്തത്! ഈ യുദ്ധമുണ്ടാവാനുള്ള ശരിയായ കാരണവും ആ യുദ്ധത്തിന്റെ വിവരണവും കേള്‍ക്കാന്‍ എനിക്കാഗ്രഹമുണ്ട്. സാധാരണയായി കലഹമുണ്ടാവാന്‍ ഒന്നുകില്‍ കനകം, അല്ലെങ്കില്‍ കാമിനി ഇവയാണ് കാരണം. എന്നാല്‍ ഈ വിരക്തന്മാര്‍ക്ക് അങ്ങിനെയുള്ള കാര്യങ്ങളില്‍ താല്‍പര്യം ഉണ്ടാവാനിടയില്ല. പിന്നെയെങ്ങിനെ ഈ യുദ്ധബുദ്ധി അവരില്‍ അങ്കുരിച്ചു? സുഖഭോഗങ്ങളോ അത്ഭുതസിദ്ധികളോ അവരെ പ്രലോഭിപ്പിച്ചു എന്ന് പറയാന്‍ കഴിയുമോ? നൂറു ദിവ്യവര്‍ഷങ്ങള്‍ തപം ചെയ്ത് ക്ഷീണിച്ച ദേഹത്തെ അവര്‍ യുദ്ധം ചെയ്തു വീണ്ടും തപിപ്പിച്ചു! രാജ്യം, ധനം, സ്ത്രീ എന്നിത്യാദി വിഷയങ്ങള്‍ അവരെ സ്വാധീനിക്കാനിടയില്ല. യാതൊരാഗ്രഹവും ഇല്ലാത്തവര്‍ എന്തിനായി യുദ്ധത്തില്‍ ഏര്‍പ്പെടണം? ബുദ്ധിയുള്ളവര്‍ ശരീരത്തെ അനാവശ്യമായി പീഡിപ്പിക്കുകയില്ല. ഹരിവംശജരായ ഇവര്‍ സര്‍വ്വ ഗുണ സമ്പന്നരുമാണല്ലോ! പിന്നെ അവര്‍ എന്തിനായി ഈ ധര്‍മ്മവിരുദ്ധമായ യുദ്ധം ചെയ്തു? സമാധിയില്‍ ആനന്ദപൂര്‍വ്വം നിലകൊണ്ടിരുന്ന ഇവര്‍ അതിനെ ഉപേക്ഷിച്ചത് എന്തിനാണ്?


അഹങ്കാരം ഹേതുവായി രാജാവായ യയാതി ഭൂമിയിലേയ്ക്ക് നിപതിച്ചതിന്റെ കഥ ഞാന്‍ കേട്ടിട്ടുണ്ട്. ‘ദാനയജ്ഞാദികളിലും ധര്‍മ്മ പ്രവര്‍ത്തനങ്ങളിലും കേമനായ ഒരു രാജാവാണ് ഞാന്‍’ എന്ന് പറഞ്ഞ നിമിഷത്തില്‍ അദ്ദേഹം താഴെ വീണു. അഹങ്കാരം തന്നെയാണ് യുദ്ധ ഹേതു. മുനിമാര്‍ക്ക് യുദ്ധം കൊണ്ട് പുണ്യക്ഷയമല്ലാതെ എന്ത് പ്രയോജനം?'


വ്യാസന്‍ പറഞ്ഞു: 'സംസാരഹേതുവായ അഹങ്കാരം മൂന്നു വിധത്തിലാണ് രാജാവേ. ദേഹമെടുത്തിട്ടുള്ള എല്ലാവര്ക്കും അഹങ്കാരം സഹജമായുണ്ട്. മുനിമാര്‍ക്കും അങ്ങിനെ തന്നെയാണ്. തപസ്സ്, ദാനം, യജ്ഞം, എന്നിവയെല്ലാം സാത്വീകാഹങ്കാരത്തിന്റെ ഫലമായി ഉണ്ടാവുന്നതാണ്. രാജസാഹങ്കാരവും അവയ്ക്ക് കാരണമാവാം. കലഹത്തിനു കാരണമാവുന്നത് താമസാഹങ്കാരമാണ്. ഏതു കാര്യം നടത്താനും കാരണം കൂടിയേ തീരൂ. അഹങ്കാരം തന്നെയാണ് ശുഭാശുഭങ്ങളായ എല്ലാ കര്‍മ്മത്തിന്റെയും ഹേതു. വിശ്വം ഉണ്ടായത് പോലും ഈ അഹങ്കാരം മൂലമാണ്. പിന്നെ അതിന്റെ കെട്ടെങ്ങിനെ വിട്ടു പോകാനാണ്? ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരും അഹങ്കാരത്തോടുകൂടിയവരാണ്‌. ജനനം, മരണം, അവയുടെ ആവര്‍ത്തനം, എന്നിവ മാമുനിമാര്‍ക്കും മാനുഷര്‍ക്കും തിര്യക്കുകള്‍ക്കും ബാധകമാണ്. തേരിന്റെ ചക്രമുരുളുന്നത് പോലെ തുടര്‍ച്ചയായ ജനനമരണ ചക്രം ഉത്തമവും അധമവും ആയ യോനികളില്‍ പിറന്നു വളര്‍ന്നു മരിച്ചു തുടര്‍ന്നു പോകുന്നു. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരങ്ങള്‍ക്കും എണ്ണമുണ്ടോ? മീനായും ആമയായും പന്നിയായും നരസിംഹമായും വാമനനായും മറ്റും ജനിച്ച ഭഗവാന്‍ ഓരോരോ യുഗങ്ങളിലും വാസുദേവന്‍, ജഗന്നാഥന്‍, ജനാര്‍ദ്ദനന്‍ എന്നിങ്ങിനെ അവതാരങ്ങള്‍ കൈക്കൊള്ളുന്നത് കര്‍മ്മവശഗതനായിട്ടാണ്. ഏഴാം വൈവസ്വതമന്വന്തരത്തില്‍ ഭഗവാന്‍ കൈക്കൊണ്ട അവതാരങ്ങള്‍ ഏതൊക്കെയെന്ന് ഞാന്‍ പറഞ്ഞു തരാം. ഭൃഗുവിന്റെ ശാപമാണ് വിഷ്ണുവിന്റെ ഈ അവതാരങ്ങള്‍ക്ക് ഹേതുവായത്.'


ജനമേജയന്‍ പറഞ്ഞു: 'മഹാമതേ, എന്റെ സംശയങ്ങള്‍ വര്‍ദ്ധിക്കുകയാണ്. എന്തിനാണ് ഭഗവാനെ ഭൃഗുമഹര്‍ഷി ശപിച്ചത്? ആ മുനിക്ക് എന്തപ്രിയമാണ് ഭഗവാന്‍ ചെയ്തത്? ദേവന്മാര്‍ പൂജിക്കുന്ന ആ ദിവ്യ പ്രഭു മുനിക്കെതിരായി എന്തപരാധമാണ് ചെയ്തത്?'


വ്യാസന്‍ തുടര്‍ന്നു: 'പണ്ട് ഹിരണ്യകശിപു രാജാവായിരിക്കുമ്പോള്‍ ഒരു ദേവാസുരയുദ്ധം ഉണ്ടായി. ഹിരണ്യകശിപു കൊല്ലപ്പെട്ടപ്പോള്‍ മകനായ പ്രഹ്ലാദന്‍ രാജ്യഭാരമേറ്റു. പ്രഹ്ലാദന്‍ ദേവന്മാരെ പീഡിപ്പിച്ചപ്പോള്‍ ദേവേന്ദ്രന്‍ പ്രഹ്ലാദനുമായി യുദ്ധം ചെയ്തു. ആ ഭീകരയുദ്ധം നൂറുവര്‍ഷം നീണ്ടു നിന്നു. അതില്‍ പരാജിതനായ പ്രഹ്ലാദന്‍ സനാതനധര്‍മ്മം ഉള്‍ക്കൊണ്ടു വിരക്തനായി വിരോചനന്റെ പുത്രനായ ബലിയെ രാജ്യം ഏല്‍പ്പിച്ചു. പിന്നെ അദ്ദേഹം തപസ്സിനായി ഗന്ധമാദനത്തിലേയ്ക്ക് പോയി. രാജാവായ ബലിയും ദേവന്മാരോടു യുദ്ധം ചെയ്തു. ദേവന്മാര്‍ക്ക് ദേവേന്ദ്രന്റെയും മഹാവിഷ്ണുവിന്റെയും തുണ ലഭിച്ചതിനാല്‍ യുദ്ധത്തില്‍ അവര്‍ ജയിച്ചു. പരാജിതരായി ഓടിപ്പോയ ദൈത്യന്മാര്‍ ശുക്രാചാര്യനെ ശരണം പ്രാപിച്ചു. ‘അങ്ങയുടെ സഹായം കൂടാതെ ഞങ്ങള്‍ക്ക് സ്വരാജ്യത്ത് നിലനില്‍പ്പില്ല. ഞങ്ങള്‍ പാതാളലോകമായ രസാതലത്തിലെയ്ക്ക് പോകുന്നു.’


‘പേടിക്കേണ്ട, ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കാം. എന്റെ തേജസ്സും മന്ത്രങ്ങളും ഔഷധങ്ങളും നിങ്ങള്‍ക്ക് തുണയാകും. പേടി വേണ്ട’ എന്ന് മുനി അവര്‍ക്ക് വാഗ്ദാനം ചെയ്തു.


ശുക്രമുനിയുടെ പരിരക്ഷയില്‍ ദൈത്യന്മാര്‍ ഭയം കൂടാതെ ജീവിച്ചു. ദേവേന്ദ്രന്‍ വിവരമറിഞ്ഞ് ആശങ്കാകുലരായി. ‘ശുക്രാചാര്യരുടെ മന്ത്രശക്തി അപാരമാണ്. അതുമൂലം നമുക്ക് സ്ഥാനഭ്രംശം ഉണ്ടാവുന്നതിനു മുന്‍പ് അവരോടു യുദ്ധം ചെയ്ത് എല്ലാവരെയും പാതാളത്തിലേയ്ക്ക് പായിക്കാം’ എന്നദ്ദേഹം നിശ്ചയിച്ചു. വിഷ്ണുവിന്‍റെ സഹായത്തോടെ ദേവന്മാര്‍ ദൈത്യരെ ആക്രമിക്കാന്‍ തുടങ്ങി. ഭയചകിതരായ അസുരന്മാര്‍ ശുക്രാചാര്യരോട് സങ്കടം പറഞ്ഞു. അദ്ദേഹം അവര്‍ക്ക് അഭയം നല്‍കി. ശുക്രാചാര്യരുടെ മന്ത്രബലവും ഔഷധബലവും അറിയാവുന്ന ദേവന്മാര്‍ അസുരന്മാരെ ആക്രമിക്കുന്നതെല്ലാം നിര്‍ത്തി രണത്തില്‍ നിന്നും പിന്തിരിഞ്ഞു.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

പ്രദോഷ വ്രതം

വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍ - 2


പ്രദോഷ സന്ധ്യാവേളയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും.

സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. പ്രദോഷം മാസത്തില്‍ രണ്ടെണ്ണം ഉണ്ട്, കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലേതും. രണ്ടു പ്രദോഷവും വ്രതം അനുഷ്ഠിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷം ആണ് പ്രധാനം. ശനിയാഴ്ച വരുന്ന കറുത്തപക്ഷ പ്രദോഷം ഏറ്റവും ഉത്തമം (ശനി പ്രദോഷം). സാധാരണ പ്രദോഷം നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് ശനിപ്രദോഷം. പുണ്യക്രിയകള്‍ക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് പ്രദോഷം.


പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും.


”കൈലാസശൈലഭവനേ ത്രിജഗജ്ജനിത്രിം
ഗൗരിം നിവേശ്യ കനകാചിത രത്‌നപീഠേ!
നൃത്തം വിധാതുമഭിവാഞ്ചത ശൂലപാണൗ
ദേവാഃ പ്രദോഷ സമയേനു ഭജന്തി സര്‍വ്വേ!!”
”വാഗ്‌ദേവീ ധൃതവല്ലകീ ശതമഖോ വേണും
ദധത് പത്മജഃ
താലോന്നിദ്രകരാ രമാഭഗവതീ ഗേയപ്രയോഗാന്വിതാ!
വിഷ്ണുസാന്ദ്രമൃദംഗവാദനപടുര്‍ദേവാഃ
സമന്താത്സ്ഥിതാഃ
സേവന്തേ തമനു പ്രദോഷസമയേ ദേവം
മൃഡാനീപതിം!!”
”ഗന്ധര്‍വയക്ഷപതഗോരഗ സിദ്ധസാധ്യ-
വിദ്യാധരാമരവരാപ്‌സരാം ഗണാശ്ച!
യേളന്യേ ത്രിലോകനിലയാഃ സഹഭൂതാവര്‍ഗാഃ
പ്രാപ്‌തേ പ്രദോഷസമയേ ഹരപാര്‍ശ്വസംസ്ഥാ!”


ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കുന്നു.


അങ്ങനെ പ്രദോഷസന്ധ്യാ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ട്. പ്രദോഷ സന്ധ്യാവേളയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും.


പ്രദോഷവ്രതം ഉപവാസമായി ആണ് അനുഷ്ഠിക്കേണ്ടത്. പ്രദോഷവ്രതത്തിന് തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം കുളിച്ച് ശുദ്ധിയായി പ്രദോഷപൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷ സ്‌തോത്രങ്ങള്‍, പ്രദോഷ കീര്‍ത്തനം (ശങ്കരധ്യാനപ്രകാരം….) ഇവ ജപിച്ച് ഭഗവാനെയും ദേവിയെയും പ്രാര്‍ത്ഥിക്കുക.


പ്രദോഷവിധിയും മഹിമയും പുണ്യവും ഫലപ്രാപ്തിയും വിളിച്ചോതുന്ന കീര്‍ത്തനമാണ് ഈ പഴയ കീര്‍ത്തനം. ശംഭു പ്രസാദമുണ്ടായാല്‍ മറ്റെന്താണ് വേണ്ടത്. പ്രദോഷവ്രതം അനുഷ്ഠിക്കുന്നവര്‍ ഏതെങ്കിലും ദാനം നടത്തണം.


ഗ്രഹങ്ങളുടെ പ്രീതിക്കുവേണ്ടിയുള്ളതാണ് ആഴ്ചവ്രതങ്ങള്‍. സൂര്യാദിഗ്രഹങ്ങളുടെ സ്വാധീനം മൂലമാണ് മനുഷ്യന്റെയും, പ്രപഞ്ചത്തിലുള്ള മറ്റു ജീവജാലങ്ങളുടെയും ചലനസംവേഗതയുള്ള നിലനില്‍പ് സാധ്യമാകുന്നത്. ആ സ്വാധീനം നമുക്ക് അനുകൂലമാക്കാന്‍ അഥവാ ശാന്തിയും സമാധാനവും ലഭിക്കാന്‍ ഗ്രഹങ്ങളെ നാം പ്രാര്‍ത്ഥിക്കുന്നു-പൂജിക്കുന്നു.


ആഴ്ചയിലെ ഓരോ ദിവസത്തിനും നാഥന്മാരായി ഓരോ ഗ്രഹങ്ങളുണ്ട്. എല്ലാ ഗ്രഹങ്ങളുടെയും ദോഷപരിഹാരത്തിനായി അഥവാ പ്രീതി ലഭിക്കാന്‍ എല്ലാ ദിവസവും നവഗ്രഹസ്‌തോത്രം ജപിക്കുന്നത് ഉത്തമം. വാരവ്രതങ്ങള്‍ക്ക് തുടങ്ങുന്ന ദിവസത്തെ നിയമം ആയിരിക്കണം തീരുന്നതുവരെ പാലിക്കേണ്ടത്.



ഞായറാഴ്ച വ്രതം

സൂര്യന് പ്രാധാന്യമുള്ള ദിവസമാണ് രവിവാരം അഥവാ ഞായര്‍. സൂര്യഭഗവാനെ പ്രീതിപ്പെടുത്തുവാനാണ് ഞായാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. കര്‍മസാക്ഷിയായ സൂര്യഭഗവാനെ സാക്ഷിനിര്‍ത്തിയാണ് നമ്മുടെ ഓരോ കര്‍മവും. എല്ലാ ഊര്‍ജ്ജവും നമുക്ക് സൂര്യനില്‍നിന്നാണ് ലഭിക്കുന്നത്. സൂര്യന്‍ ഇല്ലാത്ത ഒരു ദിവസം സങ്കല്‍പ്പിക്കാന്‍ പോലും പറ്റുമോ. ഏതിനും സ്ഥിരത ഉണ്ടാവാന്‍ സൂര്യഭഗവാന്റെ അനുഗ്രഹം വേണം. അനാരോഗ്യം, ജോലിപരമായ അലട്ടലുകള്‍ ഇവയെല്ലാം സൂര്യദേവനെ പ്രാര്‍ത്ഥിച്ച് ഞായറാഴ്ച വ്രതം അനുഷ്ഠിച്ചാല്‍ മാറിക്കിട്ടും.


ഞായറാഴ്ച ഒരിക്കല്‍ ആയി വേണം എടുക്കാന്‍ (ഒരു നേരം അരിഭക്ഷണം). രണ്ടുനേരം സ്‌നാനം, സൂര്യക്ഷേത്രദര്‍ശനം, സൂര്യകീര്‍ത്തനം ജപിക്കല്‍ ഇവ നടത്തണം. രാവിലെ കുളി കഴിഞ്ഞ് സൂര്യനെ നോക്കിനിന്ന് ‘ആദിത്യഹൃദയമന്ത്രം’ ജപിക്കുന്നത് ഉത്തമം. ഗോപൂജ ചെയ്ത് സൂര്യനെ നോക്കിനിന്ന് ‘ആദിത്യഹൃദയ മന്ത്രം’ ജപിച്ചാല്‍ സകല ആഗ്രഹങ്ങളും സാധിക്കും. ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ എണ്ണയും ഉപ്പും ഉപയോഗിക്കരുത്. സൂര്യനോട് ആരോഗ്യവും അഗ്നിയോട് ധനവും, ശിവനോട് ജ്ഞാനവും, വിഷ്ണുവിനോട് മോക്ഷവും ആഗ്രഹിക്കണം.


ഡോ. അംബിക

സാളഗ്രാമം


സാളഗ്രാമങ്ങള് വൈഷ്ണവ പ്രതീകമാണ്. തീ൪ത്ഥാടന സമയത്താണ് അധികവും ഇവ പൂജിക്കാറുള്ളത്. വീടുകളില് വച്ച് പൂജിക്കുന്നവരും ഉണ്ട്. പ്രത്യേകം പാത്രങ്ങളില് വെള്ളത്തിലാണ് സൂക്ഷിക്കുക. പൂജയ്ക്ക് പൂക്കളും തുളസിയും ഉപയോഗിക്കാറുണ്ട്. ജലാംശം നിശ്ശേഷം വറ്റിപോകരുതെന്ന് വിവിഷ്ണുവിന്റെ പ്രതിമ നിർമ്മിക്കുന്ന കല്ലാണ് സാളഗ്രാമം. 


ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് ജന്മമെടുക്കേണ്ടിവരില്ലെന്നും അവർ സർവ്വഗുണങ്ങളും തികഞ്ഞവരായി തീരുന്നുവെന്നുമാണ് ഹിന്ദുക്കളുടെ വിശ്വാസം. സ്ത്രീകൾ സാളഗ്രാമം തൊടുകയോ പൂജിക്കുകയോ ചെയ്യാൻ പാടുള്ളതല്ല എന്നും നിഷ്കർഷയുണ്ട്.
പത്തൊൻപത് വിധത്തിലുള്ള സാളഗ്രാമങ്ങളുണ്ട് ‍- ലക്ഷ്മിനാരായണം, ലക്ഷ്മിജനാർദ്ദനം,രഘുനാഥം, വാമനം, ശ്രീധരം, ദാമോദരം, രണരാമം, രാജരാജേശ്വരം, അനന്തം, മധുസൂദനം,സുദർശനം, ഗദാധരം, ഹയഗ്രീവം, നരസിംഹം, ലക്ഷ്മീനരസിംഹം, വാസുദേവം, പ്രദ്യുമ്നം, സങ്കർഷണം, അനിരുദ്ധം എന്നിങ്ങനെ.


മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പേടുന്ന കല്ലുകൾ. ശാസ്ത്രദൃഷ്ടിയിൽ അമോണൈറ്റ് കല്ലുകളാണിവ. കടലിനടിയിൽ ടെതിസ് എന്ന ജുറാസിക് യുഗത്തിൽ കാണപ്പെട്ടിരുന്ന ചുരുൾ പോലുള്ള ഫോസിലുകൾ(അശ്മകങ്ങൾ) ആണിവ. 1940-ൽ സ്വാമി പ്രണവാനന്ദജി ഹിമാലയത്തിലെ കുടി എന്ന ഗ്രാമത്തിൽ നിന്നും ശേഖരിച്ച നിരവധി സാളഗ്രാമങ്ങളെ പഠനവിധേയമാക്കി.ബനാറസ് സർവ്വകലാശാല സ്വാമിജിക്കു ഡോക്റ്ററേറ്റ് നൽകി.ടിങ്കർ, ലിപു, കങ്കർ-ബിങ്കർ,നീതി എന്നീ ചുരങ്ങളിലും സാളഗ്രാമങ്ങൾ കാണപ്പെടുന്നു


സാളഗ്രാമങ്ങളുടെ തരം

1.ലക്ഷ്മീജനാർദനം:
കറുപ്പുനിറം

2.ലക്ഷ്മീനാരായണം:
ഒരു സുഷിരം,നാലുചക്രം,വനമാലപോലുള്ള വര

3.വാമനം:
കറുപ്പുനിറം,വളരേ ചെറിയ ചക്രം

4.രഘുനാഥം:
രണ്ടു സുഷിരം,,നാലുചക്രം,കന്നുകാലികളുടെ കുളമ്പടി അടയാളം

5.ശ്രീധരം:
വളരേ ചെറിയ രണ്ടു ചക്രം,കറുപ്പുനിറം,വനമാലപോലുള്ള വരയില്ല

6.രണരാമം;
രണ്ടു അമ്പുകളുടേയും ആവനാഴിയുടേയും ചിഹ്നം,ഇടത്തരം വലിപ്പം

7.ദാമോദരം:
ഇരുണ്ട വലിയ ശില, രണ്ടു ചക്രം,വനമാലപോലുള്ള വരയില്ല

8.അനന്തശില:
ശ്യാമമേഘവർണ്ണനീയത,പതിനാലു ചക്രം

9.രാജരാജേശ്വരം:
ഏഴു ചക്രം

10.മധുസൂദനം:
അത്യുജ്വല തേജസ്സാർന്ന രണ്ടു ചക്രം

11.സുദർശനം;
ഒരു ചക്രം

12.ഗദാധരം:
തേജസ്സാർന്ന ഒരു ചക്രം

13.ഹയഗ്രീവം:
രണ്ടു ചക്രം,കുതിര മുഖം

14.നാരസിംഹം:
സിംഹരൂപം,രണ്ടു ചക്രം

15.ലക്ഷ്മീനരസിംഹം:
രണ്ടു ചക്രം,വനമാലപോലുള്ള വര,

16.പ്രദ്യുമ്നം:
ചാരനിറം,സൂക്ഷ്മമായ ഒരു ചക്രം,അനവധി ച്ഛിദ്രങളുള്ള ഏക സുഷിരം

17.വാസുദേവം:
സ്ഫടിക സദ്രിശം

18.സങ്കർഷണം:
ദ്വിമുഖസഹിതം,

19.അനിരുദ്ധം;
ആകൃതി  ഒത്ത് ഉരുണ്ടത് 



അശ്മകങ്ങൾ

എല്ലുകൾ കല്ലിക്കുമ്പോൾ പാറകളിൽ ജീവികളുടെ പ്രതിരൂപങ്ങൾ പതിയും അത്തരം അർദ്ധത്രിമാന ചിത്രങ്ങളാണ് ഫോസിലുകൾ അഥവാ അശ്മകങ്ങൾ


സ്ട്രാറ്റിഗ്രഫി

ബി.സി.ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദാർശനികൻ സിനോഫാസ് മലമുകളിൽ കക്കകളുടെ ഫോസിലുകൾ കണ്ടെത്തി. ആ മലകൾ ഒരുകാലത്ത് കടലിനടിയിലായിരുന്നു എന്നദ്ദേഹം വാദിച്ചു. ഇംഗ്ലീഷ്കാരനായ് വില്യം സ്മിത് ഫോസിൽ പഠനം തുടങ്ങി.1791 ല് ഒരു സർവ്വേയിൽ കണ്ടെത്തിയ ഫോസിലുകളാണ് പ്രചോദനം ആയത്സ്ട്രാറ്റിഗ്രഫി എന്ന ശാസ്ത്രവിഭാഗം അങ്ങനെ ഉടലെറ്റുത്തു.ധാതുവർഗ്ഗങ്ങളുടെ മിശ്രിതരൂപമാണ് സാളഗ്രാമങ്ങൾ. ജീവനുള്ള്വയും ഇല്ലാത്തവയും ഉണ്ട്.ജീവനുള്ളവ ചലിക്കും.ജീവനില്ലാത്തവയെ പൂജക്കുപയോഗിക്കുന്നു. വെള്ളിപ്പാത്രങ്ങളിൽ ജലത്തിൽ വേണം ഇവയെ സൂക്ഷിക്കാൻ. ഭാഗവതത്തിൽ 19 ഇനം സാളഗ്രാമങ്ങളെക്കുറിച്ചു പറയുന്നു.ഉത്തമമായ വിധം വേണം അവയെ പൂജിക്കാൻശ്വാസം

ഗജേന്ദ്രമോക്ഷം


പുരാണം എന്നാല്‍ നിത്യനൂതനം എന്നാണ്  അര്‍ഥം..കാലം നീങ്ങിയാലും കഥയുടെ ആശയത്തിന്  മാറ്റം വരികയില്ല...കല്ലില്‍ കൊത്തിയെടുത്ത കവിതപോലെയാണ് ഇത്തരം കഥകള്‍ എന്ന്  പറഞ്ഞാല്‍പോലും ഉപമ 
ശരിയാകുകയില്ല...കല്ലുകള്‍  തേഞ്ഞുപോകും... ഇല്ലാതാകും... പുരാനകധകളുടെ  ആഴം ഇനിയും മനുഷ്യന്‍ കാണാനിരിക്കുന്നതെയുള്ളൂ... ആധുനിക  സയന്‍സിന്റെ പുരോഗതിക്കനുസരിച്ച് നമുക്ക് ഈ 
കഥകളെ പുനര്‍വിചിന്തനം ചെയ്യാന്‍ കഴിയുന്നു...


പുനര്‍വായനകളിലൂടെയാണ് നാമിത് 
ആസ്വദിക്കുന്നത്.. .നമ്മുടെ ദൈനംദിന  ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ  കഥകളില്‍ ഒളിഞ്ഞിരിക്കുന്നത്...   അതിനാല്‍ ഇതു  കഥയും ആലോജനാമൃതമായി മാറുന്നു


ഗജേന്ദ്രമോക്ഷം എന്നാ കഥ യഥാര്‍ത്ഥത്തില്‍ ഒരു  ആനകഥയല്ല....അത് പച്ചയായ ഒരു മനുഷ്യന്റെ  കഥയാണ്‌...ലളിതമായി പറഞ്ഞാല്‍ നമ്മുടെ തന്നെ കഥയാണ്‌..ഇന്ദ്രദ്യുമ്നന്‍ എന്ന ഒരു രാജാവാണ്‌  കഥയിലെ നായകന്‍ ...അദേഹം ഒരിടത്ത്  ധ്യാനനിരതനായ് ഇരിക്കുന്നു...ഈ  അവസരത്തിലാണ്  അഗസ്ത്യമുനി  അവിടെക്കുവരുന്നത്‌...മുനിയെ കണ്ടില്ല  എന്നതിനാല്‍ ആദരസൂചകമായി രാജാവ് ഒന്നും  തന്നെ ചെയ്തില്ല....ഇതു അഗസ്ത്യനെ  ക്ഷുഭിതനാക്കി...നീ ഒരു ആനയായി ഏറെക്കാലം  ജീവിക്കുകയെന്നു ശപിക്കുകയും  ചെയ്തു...ശാപമോക്ഷമെന്നോണം  അഗസ്ത്യമഹര്‍ഷി പിന്നീട് അരുളി  ചെയ്തു,വിഷ്ണുവിനെ ധ്യാനിച്ച്‌ പിന്നീട്  മോക്ഷപ്രാപ്തിയിലേക്ക് ഉയരും എന്നതിനാല്‍  അനുഭവിക്കേണ്ടത് അനുഭവിച്ചു തീര്‍ക്കുക....


സ്വന്തം മാനസിക മണ്ഡലത്തില്‍ നാമെല്ലാം രാജാക്കന്മാരാണ്‌... നമ്മുടെലോകത്ത് നാം യഥേഷ്ടം  വിഹരിക്കുന്നു...മഹാന്മാരായ വ്യക്തികളെ നമുക്ക്  തിരിച്ചറിയാന്‍ കഴിയുന്നില്ല...നമ്മുടെ  ധ്യാനരഹസ്യം എന്തുതന്നെയായാലും ഋഷീശ്വരന്മാരെ നമുക്ക് ആദരിക്കാന്‍ കഴിയണം.... ഇന്ദ്രദ്യുമ്നന്‍ ഒരു ആനയായി  വനത്തില്‍ വിഹരിക്കാന്‍ തുടങ്ങി...
തന്റേടിയായ ഗജേന്ദ്രന്‍ കാട് കുലുക്കി നടന്നു...ഒരു  ആനയ്ക്ക് ആരെയാണ് ഭയപ്പെടാനുള്ളത്  ..?...  സഹായികളായി വേറെയും ആനകള്‍  . അങ്ങനെയിരിക്കെ  ഒരിക്കല്‍ തടാകത്തില്‍ വെള്ളം  കുടിക്കാനിറങ്ങി..വെള്ളം കുടിച്ചു  വിനയാന്വിതനായി മടങ്ങിയിരുന്നെങ്കില്‍   ഇങ്ങനെയാകുമായിരുന്നില്ല...ഗജേന്ദ്രന്‍ കാല്‍  വെള്ളത്തിലിട്ടു വെള്ളം കലക്കി...ഈ അവസരത്തിലാണ് ഒരു മുതല കാലില്‍ കടിക്കുന്നത്..തുടക്കത്തില്‍ എത്രയോ നിസ്സാരമായി  ഒരു കാര്യമായിട്ടാണ് ഗജെന്ദ്രന് തോന്നിയത്  .ഗജെന്ദ്രനായ തന്റെ മുമ്പില്‍ ഒരു മുതലയ്ക്ക് എന്ത്  പ്രസക്തിയാനുള്ളത് ...തനിക്കുവേണ്ടി ജീവന്‍  ബലിയര്‍പ്പിക്കാന്‍ വേറെയും  ഗജെന്ദ്രന്മാരുണ്ട്.... മുതലയോടുള്ള പരിഹാസം  മനസ്സിലുറപ്പിച്ചു കാല്‍ വലിച്ചു... അതോടെ  മുതലയുടെ പല്ലുകള്‍ കാലില്‍ കോര്‍ത്തു... ഗജ്ന്ദ്രന്‍  ക്ഷീണിതനാകുകയാണ് .. 

മുതല ഗജേന്ദ്രനെ  വെള്ളത്തിലേക്ക്‌ വലിച്ചുകൊണ്ടുപോകുന്നു... ഈ അവസരത്തില്‍ സംഘതില്പെട്ട എല്ലാ ആനകളും  ഗജേന്ദ്രനെ സഹായിച്ചുവെങ്കിലും അതൊക്കെ  നിഷ്പ്രഭമായി..ആപതുവരുന്നത്‌  അപ്രതീക്ഷമായിട്ടാണ്... നിസ്സാരമെന്നു കരുതുന്ന ഒരു തീപ്പൊരിയാണ് ഒരു  അഗ്നിയായി മാറുന്നത്...കുറച്ചു നേരം  കഴിഞ്ഞപ്പോള്‍ സഹായികള്‍ സ്ഥലം 
വിട്ടു...ഗജേന്ദ്രന്‍ ഒറ്റക്കായി...ജീവന്മരണപോരാട്ടം..അതോടെ അഹങ്കാരം നശിച്ചു..ഒരു  താമരയെടുത്തു മഹാവിഷ്ണുവിനെ പ്രാര്‍ഥിച്ചു  അര്‍ച്ചനചെയ്തു..വിഷ്ണു പ്രത്യക്ഷപ്പെടുകയും  മുതലയില്‍ നിന്നും രക്ഷപ്പെടുത്തുകയും  ചെയ്തു...കൂട്ടത്തില്‍ മുതലയ്ക്കും കിട്ടി  ശാപമോക്ഷം...


വളരെ വലിയ ഒരു സന്ദേശമാണ് ഈ കഥ  മാനവരാശിക്ക് നല്‍കുന്നത്...തങ്ങള്‍ എത്ര ശക്തര്‍  എന്ന് വ്യക്തികളും സമൂഹവും അഹങ്കരിച്ചുകൊണ്ടിരിക്കുന്നു..തനിക്കു  ഒരിക്കലും ആപത്തു വരില്ലന്നും വരുകയാണെങ്കില്‍  എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നും  കരുതുന്നു...പതനങ്ങളില്‍ നിന്നും കരകയറാന്‍  കഴിയാതെ വരുമ്പോളാണ് നാം ദൈവത്തെ  വിളിക്കുന്നത്‌....സുദര്‍ശനചക്രം നമ്മെ  സഹായിക്കുന്നു...നല്ല ദര്‍ശനങ്ങള്‍ എന്നാണ്  സുദര്‍ശനം എന്നതുകൊണ്ട്‌ ഉദേശിക്കുന്നത്  ആപതുവരുമ്പോള്‍ ഋഷിവചനങ്ങളാകുന്ന  സുദര്‍ശനം നമ്മെ സഹായിക്കുന്നു...

താമര നല്ലൊരു പ്രതീകമാണ് ...ചേറില്‍ നിന്നും  വെള്ളത്തിലേക്ക് വെള്ളത്തിന്റെ  ഉയര്‍ച്ചതാഴ്ചക്കനുസരിച്ച് താമര 
സ്ഥിരപ്രജഞഭാവത്തില്‍  നിലകൊള്ളുന്നു..താമര 
വായുവിലേക്കും  അഗ്നിയിലേക്കും തുടര്‍ന്ന്  ആകാശത്തിലേക്കും നീങ്ങുന്നു...ഭൂമിയില്‍നിന്നും  ആകാശത്തിലെത്തുകയെന്ന കര്‍മ്മം 
പ്രതീകാത്മകമായി താമര നിര്‍വ്വഹിക്കുന്നു...ഗജേന്ദ്രന്‍ ആ താമര തുമ്പികൈകൊണ്ടു എടുത്തശേഷം  വിഷ്ണുവിനെ ധ്യാനിച്ചുകൊണ്ട് മുകളിലെക്കെറിഞ്ഞു...അഹങ്കാരം അസ്തമിക്കുമ്പോള്‍ ആത്മജ്ഞാനം  മുളപൊട്ടുന്നു...അപ്രതീക്ഷമായ വീഴ്ചകള്‍  സല്‍ബുദ്ധി പ്രധാനം ചെയ്യുന്നു...ഞാന്‍ ഒരു  നിസ്സാരനാണ്‌ എന്ന് ആ നിമിഷങ്ങളില്‍ മനസിലാക്കുകയും ചെയ്യുന്നു...

ഗജേന്ദ്രമോക്ഷം കഥ  ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ തീര്‍ച്ചയായും  അതിന്റേതായ പരിവര്‍ത്തനം നമ്മുടെ മനസ്സില്‍  ഉണ്ടാകും...വീഴ്ചകള്‍ക്ക് മുന്‍പുതന്നെ  ഗുണപാടങ്ങള്‍ മനസ്സിലാക്കുന്നവര്‍  ഭാഗ്യവാന്മാരാണ് ...അതിനായി ഗജേന്ദ്രമോക്ഷം കഥ  സൂക്ഷമത്തില്‍ പഠിച്ചശേഷം അതിന്റെ ആശയത്തെ ചിന്തയുടെ ആഴങ്ങളിലേക്ക്  കൂട്ടികൊണ്ടുപോവുക..

വിശ്വാസബലം

amruthanandamayiമക്കളേ, ഈശ്വരനെ അറിയുവാന്‍ ഗുരു അത്യാവശ്യമാണ്. ഗുരുവിന്റെ വാക്കുകളില്‍ ഉറച്ച വിശ്വാസം വേണം. മക്കള്‍ ചോദിച്ചേക്കും അത് അന്ധവിശ്വാസമല്ലേ എന്ന്? ഒരുക്കലുമില്ല. ഈ പ്രപഞ്ചം തന്നെ നിലനില്‍ക്കുന്നത് വിശ്വാസത്തിന്മേലാണ്. ഒരു യുവാവിന് അച്ഛന്‍, തന്റെ മകളെ വിവാഹം കഴിച്ചുകൊടുക്കുന്നത്, അയാള്‍ തന്റെ മകളെ സംരക്ഷിച്ചുകൊള്ളുമെന്നുള്ള വിശ്വാസം കൊണ്ടല്ലേ? ഹോട്ടലില്‍ നിന്ന് നമ്മള്‍, ആഹാരസാധനങ്ങള്‍ വാങ്ങിക്കഴിക്കുന്നത് അതില്‍ വിഷാംശമില്ല എന്ന വിശ്വാസത്തിലല്ലേ? കടല്‍ ഇങ്ങോട്ട് കയറില്ല എന്ന വിശ്വാസത്തിലല്ലേ നാം തീരത്ത് വീട് കെട്ടി താമസിക്കുന്നത്?

തന്റെ ആധ്യാത്മിക പുരോഗതിക്ക് മറ്റൊരാളുടെ ശിക്ഷണം സ്വീകരിക്കാനോ, അല്ലെങ്കില്‍ മറ്റൊരാളിന് വിധേയനാകാനോ ചിലര്‍ ഇഷ്ടപ്പെടില്ലെന്ന് വരാം. ചിട്ടയോടുകൂടിയുള്ള ജീവിതക്രമമോ തിരുത്തലുകളോ ഒന്നും അക്കൂട്ടര്‍ക്കിഷ്ടമില്ല. അവര്‍ തന്നിഷ്ടംപോലെ ജീവിക്കുകയും, ‘ഞാന്‍ ബ്രഹ്മാവാണ്’ എന്ന് സ്വയം പറഞ്ഞുനടക്കുകയും ചെയ്യും. അത് ദുര്‍ബ്ബലതയാണ്. അനുഭവതലത്തില്‍ അവര്‍ക്ക് ഒന്നും നേടാനും കഴിയില്ല.

രണ്ടുതരം കോഴികളെക്കുറിച്ച് കേട്ടിട്ടില്ലേ? നാടന്‍ കോഴിയും, ശീമക്കോഴിയും. തള്ളക്കോഴിയുടെ ചൂടേറ്റ് വിരിയുന്ന നാടന്‍ കോഴിക്കുഞ്ഞുങ്ങള്‍ പ്രകൃതിയെ അതിജീവിക്കാനുള്ള കരുത്തോടെയാണ് വളര്‍ന്നുവരുന്നത്. അതിന് പ്രത്യേകം കൂടും വേണ്ട, തീറ്റയും വേണ്ട. വെയിലോ മഴയോ ഒന്നും അതിനു പ്രശ്‌നമല്ല. രാത്രി വല്ല മരക്കൊമ്പത്തും കയറിയിരുന്ന് ഉറങ്ങിക്കൊള്ളും. എന്നാല്‍ ശീമക്കോഴിയുടെ കഥയോ? കൃത്രിമ സാഹചര്യങ്ങളിലൂടെയാണ് അത് വളര്‍ന്നുവരുന്നത്. അവയ്ക്ക് പ്രകൃതിയെ അതിജീവിക്കാന്‍ കഴിയുന്നില്ല.

ദ്രൌപതി 5 പേരുടെ പത്നിയാകാൻ ഉണ്ടായ അവസ്ഥ.


പണ്ട് കൃതയുഗത്തിൽ ഒരുനാൾ പത്നീ സമേതരയായി രുദ്രനും ഭാര്യ പാർവതിയും, ഇന്ദ്രനും ശചിയും, യമദേവനും ശ്യാമളയും , അശ്വനിടെവന്മാരും ഉഷയും, ബ്രഹ്മദേവനെ സന്ദർശിക്കാൻ പുറപ്പെട്ടു. . ഹാവവും, ഭാവവും, വിലാസവുമൊക്കെ പ്രകടിപ്പിക്കുന്നവരായിട്ടാണ് സ്ത്രീകൾ ഭാര്താക്കന്മാരോടൊപ്പം സഞ്ചരിച്ചിരുന്നത്. അതെല്ലാം കണ്ടു കോപിഷ്ടനായ ബ്രഹ്മാവ്‌ "നിങ്ങൾ ഇളകിയാടുന്നവരാകയാൽ ഭൂമിയിൽ മനുഷ്യ സ്ത്രീകളായി ജനിക്കട്ടെ " എന്ന് അവരെ ശപിച്ചു. "അവിടെ നിങ്ങൾ ഓരോരുത്തരും അവരവരുടെ ഭര്താകാന്മാരോട് ചെരുന്നവരാകട്ടെ " എന്നും കൂട്ടിച്ചേർത്തു.


ശപ്തരായ സ്ത്രീകൾ മേരുപർവതതിലെത്തി ബ്രഹ്മാവിന്റെ സൃഷ്ടിയിൽ പെടാതെ ഒളിച്ചിരുന്ന്. ബ്രഹ്മാവ്‌ ആ സമയത്ത് മേരുപർവതത്തിൽ തന്നെ ഉണ്ടായിരുന്നു. "ബ്രഹ്മദേവനെ നമുക്ക് വഞ്ചിക്കാം"എന്നുള്ളിൽ വിചാരിച്ചു സ്ത്രീകൾ നിശബ്ദരായി അവിടെ കഴിഞ്ഞു. മൂന്നാഴ്ചക്കാലമങ്ങിനെ കഴിഞ്ഞു പോയി. നാലാമത്തെ ആഴ്ചയിൽ അവരെ കാണാനിടയായ ബ്രഹ്മാവ്‌ "മൂന്നാഴ്ച്ചക്കാലം " എന്നെ വഞ്ചിച്ചു മറഞ്ഞിരിക്കയാലും, നാലാ വാരത്തിൽ എന്റെ ദൃഷ്ടിയിൽ പെടുകയാലും , എന്റെ വാക്കുകൾ ധിക്കരിക്കയാലും നാല് ജന്മങ്ങൾ പിന്നിടുംവരെയും നിങ്ങൾ ഭൂമിയിൽ വസിക്കുന്നവാകട്ടെ എന്ന് വീണ്ടുമാവരെ ശപിച്ചു. നാല് ജന്മങ്ങളിലും നിങ്ങൾ നാൽവരും ഒരു മനുഷ്യ ശരീരത്തിൽ തന്നെ കുടി കൊള്ളുന്നവരായിരിക്കും. രണ്ടാം ജന്മത്തിൽ നിങ്ങള്ക്ക് പരപുരുഷ ഗമനമെന്ന ദോഷം വന്നു ചേരും. മൂന്നാം ജന്മത്തിൽ നിങ്ങൾ ഭര്താക്കന്മാരോട് കൂടിചേരുന്നവരാകും. ഒന്നാം ജന്മത്തിലും നാലാം ജന്മത്തിലും പരപുരുഷ ഗമന യോഗമുണ്ടാവുകയില്ല, ശാപവാക്യതോടൊപ്പം ബ്രഹ്മാവ്‌ കൂട്ടിച്ചേർത്തു.


ബ്രഹ്മശാപമേട്ടുവാങ്ങിയ സ്ത്രീകൾ കാര്യവിചാരം നടത്തി. മനുഷ്യരുമായി സങ്കമിക്കുകയെന്നതു നിന്ന്യമാണ് . ഉത്തമ സങ്കമം ദൈവനിസ്ച്ചയമായിട്ടു മാത്രമേ വന്നു ചേരുകയുള്ളൂ. ദേവന്മാരിൽ ഉത്തമൻ വായുദേവൻ ആണ്. അങ്ങിനെ അവർ വായുദേവ പത്നിയായ ഭാരതി ദേവിയെ തപസ്സു ചെയ്തു. ആയിരം വര്ഷം തപസ്സു ചെയ്തതിനു ശേഷം ഭാരതി ദേവി പ്രത്യക്ഷയായി. ബ്രഹ്മ ശാപം എല്ലാം ധരിപ്പിച്ചതിനു ശേഷം, ഇങ്ങനെ പറഞ്ഞു. വായുദെവനുമായി സങ്കമിക്കുന്നതായാൽ ഞങ്ങള്ക്ക് പരപുരുഷ ഗമനം വന്നു ഭവിക്കില്ല. അതുകൊണ്ട് വരും ജന്മങ്ങളിലെല്ലാം ഞങ്ങൾ നാൽവരും ഒരു ശരീരമായിരിക്കുന്നതിനും അന്യഗാത്വം വന്നു ഭാവിക്കതെയിരിക്കുന്നതിനും ഞങ്ങളെ അനുഗ്രഹിച്ചാലും. ആഗ്രഹം സാധിക്കുന്നതാണെന്നു അവര്ക്ക് വാക്ക് കൊടുത്ത ശേഷം ഭാരതി ദേവി അപ്രത്യക്ഷയായി.


അനന്തരം പാർവതി തുടങ്ങിയ നാല് സ്ത്രീകളോടും ചേർന്ന്, ഏക ശരീരിണിയായി ഭാരതി ദേവി ഭൂമിയിൽ അവതരിച്ചു. ശിവൻ എന്ന് പേരുള്ള ഒരു ബ്രാഹ്മണന്റെ പുത്രിയായി ട്ടാണ് അവതരിച്ചത്. കർമങ്ങൾക്ക് ഐക്യ രൂപം കൈവരിക്കുന്നതിന് വിഷ്നുദെവനെ തപസ്സു ചെയ്തു പ്രീതനാക്കി. വിഷ്നുദെവൻ പ്രത്യക്ഷനായി "നിങ്ങള്ക്ക് കൃഷ്നാവതാരത്തിൽ നിങ്ങളിചിക്കുന്ന തരത്തിൽ ഭാര്തൃ സംയോഗമുണ്ടാകുമെന്നു" എന്ന വരം ഭാരതി ദേവിക്ക് നല്കുകയും ചെയ്തു. രുദ്രന്റെ സംയോഗമുണ്ടാവുകയില്ലെന്നും, ബ്രഹ്മദെവന്റെ മുന്നിൽ വിലാസഭാവങ്ങൾ പ്രകടിപ്പിച്ചവരിൽ പാർവതി ഉൾപ്പെടുന്നില്ലെന്നും വിഷ്ണു വ്യക്തമാക്കി. പരപുരുഷാഗമനം പരിഹരിക്കുന്ന തരത്തിലായിരിക്കും ഭാര്തൃ സങ്കമം ഉണ്ടാവുകയെന്നും ദേവൻ അരുളി ചെയ്തു ദേവൻ അപ്രത്യക്ഷനായി.


അപ്പോൾ ആ സ്ത്രീകൾ സ്വന്തം ശരീരങ്ങൾ ഉപേക്ഷിക്കയും ഏക ശരീരത്തോടെ നളകന്യകാസ്ഥാനം സ്വീകരിക്കയും ചെയ്തു. പൊതുവിൽ ഇന്ദ്രസേന എന്ന പേര് സ്വീകരിച്ചു. കാട്ടിൽ സഞ്ചരിക്കുന്നതിനിടയിൽ മുഗ്ദലൻ എന്ന മുനിയെ കാണുകയും , ആ നിമിഷം തന്നെ ഏക ശരീരം സ്വീകരിച്ചിരുന്ന അവര്ക്ക് മുനിയിൽ കാമമുദിചു. അപ്പോൾ തന്നെ വായുദേവൻ, മുഗ്ദനിൽ പ്രവേശിക്കയും , മുനി അറിയാതെ തന്നെ മുനി ശരീരത്തിലൂടെ സ്വന്തം ഭാര്യയായ ഭാരതിയോടോത് രമിക്കയും ചെയ്തു. ഇന്ദ്രസേനാ ശരീരത്തിൽ ശചി തുടങ്ങിയ മറ്റു സ്ത്രീകള്ക്ക് ഭർതൃ സംയോഗം ഉണ്ടായതുമില്ല. വായുദേവൻ പിൻവാങ്ങി കഴിഞ്ഞപ്പോൾ ഇന്ദ്രസേന ദേഹം ഉപേക്ഷിക്കയും ദ്രൗപതിയായി അവതരിക്കയും ചെയ്തു.

അര്ജുനൻ ദ്രൌപതിയോട് സംഗമിച്ച വേളയിൽ, ശചി ഭാര്താവായ ഇന്ദ്രനോട് ചേരുകയാണ് ചെയ്തത്. അപ്പോൾ ശ്യാമള ആദികളുടെ സാന്നിധ്യം ദ്രൌപതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. യുധീഷ്ടരാൻ, ദ്രൗപതിയെ സംഗമിച്ച വേളയിൽ, ശ്യാമളയും യമദേവനും തമ്മിലാണ് വേഴ്ച നടന്നത് . ഭീമസേനന്റെ ശരീരത്തിൽ പ്രവേശിച്ചു ദ്രൗപതിയുമായി സംഗമിച്ചത് വായുദേവൻ ആയിരുന്നു, അപ്പോൾ ദ്രൌപതി, ഭാരതി തന്നെയായിരുന്നു.. നകുല സഹദെവന്മാർ, ദ്രൗപതിയുമായി സംഗമിച്ചപ്പോൾ, ദ്രൌപതി , ഉഷ ആയിരുന്നു. അങ്ങിനെ ഓരോ സംഗമ വേളയിലും അതാതു ദേവനും, ദേവിയും മാത്രമാണ് ദ്രൌപതി ദേഹവുമായി സംഗമിക്ക യുണ്ടായത് . ആാകയാൽ അവര്ക്ക് അന്യഗാത്വ ദോഷം വന്നു ചേരുകയോ , ബ്രഹ്മ ശാപം നിഷ്ഫല മാകുകയോ ഉണ്ടായില്ല. അതുകൊണ്ട് കൃഷ്ണയുടെ ശരീരത്തിൽ, ദേവന്മാരുടെയും, ദേവിമാരുടെയും സംഗമത്തിൽ അസാങ്ങത്യമില്ലെന്നു അറിയുക


(ശ്രീ കൃഷ്ണൻ ഗരുടനോട് പറഞ്ഞത്) (അവലംബം:ഗരുഡ മഹാപുരാണം , ബ്രഹ്മകാണ്ടം , അംശം മൂന്ന് , അദ്ധ്യായം - 17 - ഭാരത്യാദി മര്ത്യ ദേഹ സമ്പ്രാപ്ത്യാദി നിരൂപണം)

Friday, December 30, 2016

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം




ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്റെ കാലടികള്‍ പതിഞ്ഞതും അവിടുത്തെ ധന്യമായ ജീവിതം കൊണ്ടു പവിത്രമായതും തൃപ്പാദങ്ങളുടെ തിരുശരീരം അടക്കം ചെയ്തിരിക്കുന്നതുമായ ശിവഗിരി മഠം 84-ാമത് തീര്‍ത്ഥാടനത്തിന് ഒരുങ്ങുകയാണ്.


1928ലാണ് നാഗമ്പടം ക്ഷേത്രത്തില്‍ വിശ്രമിച്ചിരുന്ന തൃപ്പാദങ്ങള്‍ വല്ലഭശേരി ഗോവിന്ദന്‍വൈദ്യരുടെയും ടി.കെ. കിട്ടന്‍ റൈട്ടരുടെയും അപേക്ഷപ്രകാരം ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത്. ജനുവരി ഒന്നിന് ആയിക്കൊള്ളട്ടെ ശിവഗിരി തീര്‍ത്ഥാടനം എന്നാണ് ഗുരു അരുളിയത്. ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടെ പത്തുദിവസത്തെ വ്രതം എടുത്താല്‍ മതിയെന്നും തൃപ്പാദങ്ങള്‍ കല്‍പിക്കുകയുണ്ടായി. ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി, എന്നിവയാണ് അവ.


ജീവന്‍ വസിക്കുന്ന ശരീരം ക്ഷേത്രമെന്നാണ് ഹൈന്ദവശാസ്ത്രം ഉദ്‌ഘോഷിക്കുന്നത്. ആഹാരശുദ്ധിയോടുകൂടിയ ക്ഷേത്രശുദ്ധി മനഃശുദ്ധിക്ക് കാരണമാവുകയും തദ്വാരാ വാക് കര്‍മ്മങ്ങളെ സംയമനം ചെയ്യാന്‍ ഉപകരിക്കുകയും ചെയ്യും. ഇതില്‍ പരമ പ്രധാനമായത് മനഃശുദ്ധിയാണ്. അതുണ്ടായാല്‍ മറ്റ് നാല് ശുദ്ധികളും സ്വാഭാവികമായി അയാളില്‍ സമ്മേളിക്കുക തന്നെ ചെയ്യും. ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും വസ്ത്രമായ മഞ്ഞവസ്ത്രം തീര്‍ത്ഥാടകര്‍ ഉപയോഗിക്കണമെന്നും അവിടുന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി.


ഉത്സവങ്ങള്‍പോലെ തീര്‍ത്ഥാടനം ആഡംബരങ്ങളുടെയും ആര്‍ഭാടങ്ങളുടെയും അരങ്ങാക്കി മാറ്റരുതെന്നും പഴനി, ശബരിമല മുതലായ തീര്‍ത്ഥാടനം പോലെയല്ല ശിവഗിരി തീര്‍ത്ഥാടനമെന്നും ഈ തീര്‍ത്ഥാടനത്തിന് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം എന്നും ഗുരുദേവന്‍ കല്‍പിക്കുകയുണ്ടായി. വല്ലഭശേരിയും കിട്ടന്‍ റൈട്ടറും ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍ എഴുതിയെടുക്കുകയും ചെയ്തു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ എട്ട് വിഷയങ്ങള്‍ തീര്‍ത്ഥാടന ദിവസം ചര്‍ച്ച ചെയ്യപ്പെടണമെന്ന് വ്യവസ്ഥപ്പെടുത്തി.


ഒരു സമൂഹത്തിന്റെ സര്‍വവിധ പുരോഗതിക്കും അടിസ്ഥാനമായിരിക്കുന്നത് വിദ്യാഭ്യാസമാണ്. വ്യക്തിയുടെ പൂര്‍ണതയ്ക്ക് വഴിയൊരുക്കേണ്ടത് വിദ്യാഭ്യാസമാണെങ്കിലും ഇന്നത്തെ വിദ്യാഭ്യാസം വ്യക്തിയെ സ്വാര്‍ത്ഥനാക്കി മാറ്റുകയാണ് ചെയ്യുന്നത്. മതഭ്രാന്തുകളിലും വിഭാഗീയതകളിലും നമ്മെ തളച്ചിടാത്ത ശുദ്ധമായ ഒരാദ്ധ്യാത്മിക പദ്ധതി കൂടിയായിരിക്കും വിദ്യാഭ്യാസം. എങ്കിലേ ആ വ്യക്തിത്വത്തിന് വിദ്യാഭ്യാസം കൊണ്ടുള്ള പൂര്‍ണതയും നിസ്വാര്‍ത്ഥതയും സംഭവിക്കുകയുള്ളൂ.


അനുഭവങ്ങള്‍ അദ്ധ്യാപകരാവാത്തിടത്തോളം കാലമത് സാദ്ധ്യമല്ല. ശരിയായ വിദ്യാഭ്യാസക്രമത്തിന്റെ ഭാഗമായുള്ള ഹൃദയത്തിന്റെ സമഗ്ര വികാസത്തിന് രണ്ടുതരം കാര്യങ്ങള്‍ കൂടിയേ കഴിയൂ. ശുചിത്വവും ഈശ്വരഭക്തിയും. തീര്‍ത്ഥാടന ലക്ഷ്യങ്ങളില്‍ പ്രധാനമായ ഇവ രണ്ടും ഒരാളില്‍ പൂര്‍ണമായി പ്രകാശിക്കുമ്പോഴാണ് അയാളിലൂടെ വിദ്യയുടെ വെളിച്ചം സമൂഹത്തിലെ അന്ധകാരത്തെ അകറ്റുന്നത്.


മാറിമാറി വരുന്ന സാഹചര്യത്തിനനുസരിച്ച് വ്യക്തിയോ സമൂഹമോ കാലോചിതമായി സ്വീകരിക്കേണ്ടതും ആര്‍ജിക്കേണ്ടതുമാണ് മറ്റ് അഞ്ച് ലക്ഷ്യങ്ങള്‍. ഒരു രാഷ്ട്രത്തിന്റെ അല്ലെങ്കില്‍ ലോകത്തിന്റെ എക്കാലത്തേയും നിലനില്‍പ്പിനും ഐക്യത്തിനും അനിവാര്യമാണ് സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നിവ. എന്നാല്‍ വ്യക്തിയുടെ സമ്പൂര്‍ണ വികാസത്തിന് അടിത്തറയായിരിക്കേണ്ടത്  വിദ്യയും ശുചിത്വവും ഈശ്വരഭക്തിയുമാണ് എന്ന് മറക്കരുത്.


ഇന്ന് ലോകം നേരിടുന്ന ഭീകരവാദവും മതവിദ്വേഷവും യുദ്ധവും അസഹിഷ്ണുതയും ഇല്ലാതാകണമെങ്കില്‍ വിദ്യാഭ്യാസത്തിലൂടെയുള്ള തെളിച്ചം പരമപ്രധാനമാണ്. വിദ്യയില്‍നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ദൈവസങ്കല്‍പം തീവ്രവാദവും മതഭ്രാന്തും കൊണ്ടുവരും. ‘നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ’. ജ്ഞാനത്തേക്കാള്‍, അറിവിനേക്കാള്‍ പവിത്രമായി ഇവിടെ മറ്റൊന്നില്ലായെന്ന് ഭവഗത്ഗീത പറയുന്നു. നീ സത്യം ജ്ഞാനം, ആനന്ദം.


ദൈവമേ നീ തന്നെയാണ് സത്യമായും ജ്ഞാനമായും ആനന്ദമായുമിരിക്കുന്നത് എന്ന് ഗുരുവും പറഞ്ഞിരിക്കുന്നു. അന്ധമായ ഈശ്വരവിശ്വാസവും മതഭ്രാന്തും മതംമാറ്റവും ദൈവത്തിന് വേണ്ടിയുള്ള യുദ്ധവും വര്‍ത്തമാന ലോകത്തെ അശാന്തമാക്കുന്ന സാഹചര്യത്തില്‍ മനുഷ്യനായി മാറാന്‍, മനുഷ്യനെ മനുഷ്യനാക്കി മാറ്റാന്‍ ശിവഗിരി തീര്‍ത്ഥാടനം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യനാണ് പരമപ്രധാനം. ദൈവമല്ല. ഇന്ന് ദൈവവും മതവും പ്രശ്‌നമാവുകയാണ്.


ആരോഗ്യപരമായി ചിന്തിക്കുമ്പോള്‍ ബലപ്രയോഗത്തിലൂടെയോ അല്ലാതെയോ ഒരു മതത്തിലേക്ക് ആളെ ചേര്‍ക്കുന്നുവെങ്കില്‍ ആ മതത്തിന് എന്തോ കുഴപ്പമുണ്ടെന്ന ധാരണ പ്രബലമായി വരും. ശരിയായ മതത്തിന് ആളെചേര്‍ത്ത് ഭൗതികബലം ഉണ്ടാക്കേണ്ട ആവശ്യമില്ല. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ പോരെയെന്ന് ഗുരുവിനെപ്പോലെയുള്ള ഋഷിമാര്‍ നമ്മോട് ചോദിക്കുമ്പോള്‍ ആദ്ധ്യാത്മികതയില്ലാത്ത മതവിശ്വാസിക്ക് ഈ ഗുരുവാക്യം മനസ്സിലാക്കാന്‍ പ്രയാസമാണ്. അതുകൊണ്ടായിരിക്കാം ഈശ്വരഭക്തിക്ക് ഗുരു മൂന്നാം സ്ഥാനം കൊടുത്തത്.


ആദ്യം വേണ്ടത് വിദ്യയാണ്. വിദ്യയും വിദ്യാഭ്യാസവും ഇല്ലാത്ത ജനതയ്ക്ക് ദൈവം എന്നത് ലോകത്തെ മുഴുവന്‍ നശിപ്പിക്കുന്ന ആയുധമായി മാറും. വിദ്യ ഇല്ലാത്തവന്റെ മതം എത്ര പാരമ്പര്യം ആവശ്യപ്പെട്ടാലും എന്ത് പ്രയോജനം. ദാരുണമായി മരിച്ചുവീഴുന്ന കശാപ്പുശാലകളായി മനുഷ്യവംശം മാറുന്ന കാഴ്ച നാം കാണുകയാണ്. സാഹചര്യങ്ങളെ അനുകൂലമാക്കി വളരാനും വികസിക്കാനും നമുക്ക് കഴിയണമെന്നും ഒരു വ്യക്തിയിലെ ഈശ്വരനെ കണ്ടെത്താനുമുള്ള അറിവും ആഹ്വാനവുമാണ് ഗുരുദര്‍ശനത്തിന്റെ കാതലായ സന്ദേശമെന്നും നാം മനസ്സിലാക്കണം. പദയാത്രകളും തീര്‍ത്ഥാടനങ്ങളും ഉത്സവമായി മാറുമ്പോള്‍ നാം ഗുരുവിന്റെ തീര്‍ത്ഥാടന മഹാസങ്കല്‍പത്തെ കാണാതെ പോകുകയാണ് ചെയ്യുന്നത്.


ആനുകൂല്യങ്ങള്‍ക്ക് വേണ്ടി വ്യക്തിപൂജ നടത്തുന്ന വേദിയായി തീര്‍ത്ഥാടനത്തെ മാറ്റാതെ അറിവും യോഗ്യതയുമുള്ള പണ്ഡിതന്മാര്‍ക്ക് മനുഷ്യനെ അഭിസംബോധന ചെയ്യാനുള്ള അറിവിന്റെ വേദിയാക്കി മാറ്റുമ്പോഴാണ് ശിവഗിരി തീര്‍ത്ഥാടനം അര്‍ത്ഥവത്താകുന്നത്. ഈ വര്‍ഷം ഗുരുവിന്റെ നമുക്ക് ജാതിയില്ലായെന്ന വിളംബരത്തിന്റെ ശതാബ്ദി സര്‍ക്കാര്‍ ഔദ്യോഗികമായി ആഘോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം ജാതിയില്ലാ വിളംബരത്തിന്റെ അര്‍ത്ഥമായി നമുക്ക് സ്വീകരിക്കാം.


മനുഷ്യനും ദൈവവും ജാതിയും ഒന്ന്. ജാതി, മതം, പാര്‍ട്ടി, ദൈവം ഇതൊന്നും മനുഷ്യനെ സൃഷ്ടിക്കുന്നതില്‍ സ്വാധീനം ചെലുത്തരുത്. പാര്‍ശ്വവത്കരിക്കപ്പെടുന്ന എല്ലാവിധ സ്വാധീനതകളില്‍നിന്നും നമ്മെ മോചിപ്പിക്കാന്‍ സഹായിക്കുന്നതായിരിക്കണം ശിവഗിരി തീര്‍ത്ഥാടനം. എന്തെന്നാല്‍ ജാതിമതഭേദമന്യേ ശിവഗിരി മാനവസമുദായത്തിന്റെ മടിത്തട്ടായി നിലകൊള്ളുന്നു എന്നതുതന്നെ.


സ്വാമി ശിവസ്വരൂപാനന്ദ

ശര്യാതിവംശവര്‍ണ്ണന – ഭാഗവതം (196)



അഹോ രാജന്‍ നിരുദ്ധാസ്തേ കാലേന ഹൃദി യേ കൃതാഃ
തത്പുത്രപ്ത്രനപ്തൃണാം ഗോത്രാണി ചന ശൃണ്‍മഹേ (9-3-32)
കാലോതഽഭിയാതസ്ത്രിണവചതുര്യുഗവികള്‍പിതഃ
തദ്ഗച്ഛ ദേവദേവാംശോ ബലദേവോ മഹാബലഃ (9-1-33)


ശുകമുനി തുടര്‍ന്നുഃ

ശര്യാതി ചക്രവര്‍ത്തി വൈവസ്വതമനുവിന്റെ മറ്റൊരു പുത്രനാണ്‌. അദ്ദേഹത്തിന്‌ അതിസുന്ദരിയായ ഒരു മകളുണ്ടായിരുന്നു. സുകന്യ. ഒരു ദിവസം രാജാവ്‌ വനത്തില്‍ പോയി. ച്യവനമഹര്‍ഷിയുടെ പര്‍ണ്ണശാലയ്ക്ക്‌ സമീപം കുറച്ചുസമയം ചെലവഴിച്ചു. അവിടെ സുകന്യ ഒരു മണ്‍പുറ്റുനുളളില്‍ രണ്ടു തിളങ്ങുന്ന തുളകള്‍ കണ്ടു. ബാലസഹജമായ കുസൃതിയില്‍ അവള്‍ ആ തുളകളും ഒരു കാട്ടുമുളെളടുത്ത്‌ കുത്തി. തുളയില്‍നിന്നു്‌ രക്തം പ്രവഹിക്കുവാന്‍ തുടങ്ങി. ഉടനെതന്നെ രാജാവിന്റെ കൂട്ടത്തിലുളള എല്ലാവര്‍ക്കും മലമൂത്രതടസ്സവും തുടങ്ങി. ശര്യാതി സ്വയം ആത്മസാക്ഷാത്കാരം നേടിയ ആളായതു കൊണ്ട്‌ അദ്ദേഹം ഉടനേ അന്വേഷിച്ചു.


“ച്യവനമുനിയുടെ പര്‍ണ്ണശാലക്ക്‌ ആരെങ്കിലും ക്ഷതമുണ്ടാക്കുകയുണ്ടായോ?” സ്വന്തം മകള്‍ കുറ്റമേറ്റു പറഞ്ഞു. കുട്ടിക്കളിക്കിടയിലെ കുസൃതിയാണെന്നു മനസ്സിലായ രാജാവ്‌ ച്യവനമുനിയുടെ അരികില്‍ ചെന്നു് ക്ഷമ യാചിച്ചു.

വയസ്സായ മുനി തനിക്ക്‌ രാജകുമാരിയെ വിവാഹം ചെയ്താല്‍ കൊളളാമെന്ന് അറിയിച്ചു. രാജാവത്‌ സമ്മതിക്കുകയും ചെയ്തു. കുമാരിയെ മുനിക്കു നല്‍കി രാജാവ്‌ കൊട്ടാരത്തിലേയ്ക്കു മടങ്ങി. സുകന്യ ആത്മാര്‍ത്ഥയോടെ മുനിയെ പരിചരിച്ചു. മുനി ക്ഷിപ്രകോപിയായിരുന്നുവെങ്കിലും സുകന്യ അദ്ദേഹത്തിന്‌ അനിഷ്ടമായതൊന്നും ചെയ്യാതെ സേവിച്ചു വന്നു.
ഒരു ദിവസം സ്വര്‍ഗ്ഗവൈദ്യന്മാരായ അശ്വിനീകുമാരന്മാര്‍ മുനിയെ സന്ദര്‍ശിച്ചു. മുനി അവരോട്‌ തനിക്ക്‌ യൗവ്വനം വീണ്ടെടുത്തു കൊടുക്കാനാവശ്യപ്പെട്ടു. അതിന്‌ പ്രതിഫലമായി മുനി അവര്‍ക്ക്‌ സോമം കുടിക്കാന്‍ നല്‍കാമെന്നേറ്റു. അശ്വിനീകുമാരന്മാര്‍ക്ക്‌ നിഷിദ്ധമായിട്ടുളളതത്രേ സോമം. അവര്‍ മുനിയെ ഒരു പൊയ്കയില്‍ കൊണ്ടുപോയി അദ്ദേഹത്തോട്‌ മുങ്ങാന്‍ പറഞ്ഞു. പൊയ്കയില്‍നിന്നു്‌ മൂന്നു യുവ കോമളന്മാര്‍ കയറി വന്നു. സുകന്യ ആകെ ചിന്താക്കുഴപ്പത്തിലായി. മൂവരും ഒരേ രൂപഭാവങ്ങളുളളവര്‍. സുകന്യ തന്റെ ഭര്‍ത്താവിനെ കാണിച്ചുതരണമേയെന്നു് അശ്വിനീകുമാരന്മാരോട്‌ പ്രാര്‍ത്ഥിച്ചു. അവളുടെ പാതിവ്രത്യത്തിലും ആത്മാര്‍ത്ഥതയിലും സംതൃപ്തരായ അവര്‍ ച്യവനനെ കാണിച്ചു കൊടുത്തു.


താമസംവിനാ, ശര്യാതി ച്യവനന്റെ കുടിലിലെത്തി. മകള്‍ ഒരു യുവതരുണനുമായി ജീവിക്കുന്നുതു കണ്ട്‌ അഛന്‍ മകളെ ശാസിച്ചു. അവളുടെ ചാരിത്രശുദ്ധിയെ അപലപിച്ചു. എന്നാല്‍ കാര്യമറിഞ്ഞു് അദ്ദേഹം സന്തുഷ്ടനായി. രാജാവിന്റെ സഹായത്തേടെ മുനി സോമയാഗം നടത്തി. കുറച്ചു സോമരസം അശ്വിനീകുമാരന്മാര്‍ക്കും നല്‍കി. ഇതറിഞ്ഞ ഇന്ദ്രന്‍ കോപിഷ്ഠനായി മേഘാസ്ത്രമെടുത്തു കുലയ്ക്കാനാഞ്ഞു. എന്നാല്‍ ആ കൈ ക്ഷണത്തില്‍ സ്തംഭിക്കപ്പെട്ടു. അന്നു മുതല്‍ അശ്വിനീകുമാരന്മാര്‍ക്കും സോമരസം കിട്ടിത്തുടങ്ങി.


ഉത്താനബര്‍ഹി, ആനര്‍തന്‍, ഭൂരിസേനന്‍ എന്നിവര്‍ ശര്യാതിയുടെ പുത്രന്മാര്‍. ആനര്‍തന്റെ പുത്രന്‍ രേവതന്‍. അദ്ദേഹത്തിന്‌ നൂറ്‌ പുത്രന്മാര്‍. അതിലൊരാളായ കകുദ്മിക്ക്‌ രേവതിയെന്നൊരു മകളുണ്ടായി. ഒരു ദിവസം അദ്ദേഹം മകളുമൊത്ത്‌ ബ്രഹ്മലോകത്തു ചെന്നു. തന്റെ മകള്‍ക്കനുരൂപനായ ഒരു വരനെ തേടിയാണവിടെ ചെന്നത്‌. അവിടെ ഒരു സംഗീതസദസ്സ്‌ നടക്കുന്നതു കൊണ്ട്‌ അതു കഴിഞ്ഞിട്ടേ ബ്രഹ്മദേവനെ സന്ദര്‍ശിക്കാന്‍ രാജാവിനു കഴിഞ്ഞുളളൂ. കണ്ടപ്പോള്‍ ബ്രഹ്മദേവന്‍ പറഞ്ഞു. “നിങ്ങള്‍ ഇവിടെ വരുമ്പോള്‍ ആരെയാണോ മനസ്സില്‍ നിനച്ചിരുന്നത്‌ അവരെല്ലാം, അവരുടെ മക്കളും, ചെറുമക്കളുമടക്കം മരിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളിവിടെ ചിലവഴിച്ച നിമിഷങ്ങള്‍ക്കുളളില്‍ ഭൂമിയില്‍ യുഗങ്ങള്‍ കടന്നുപോയിരിക്കുന്നു. തിരികെപ്പോയി കൃഷ്ണന്റെ ജ്യേഷ്ഠനായ ബലരാമന്‌ അവളെ വിവാഹത്തില്‍ നല്‍കുക.” രാജാവ്‌ അങ്ങനെ ചെയ്തു. വിവാഹത്തിന്‌ ശേഷം അദ്ദേഹം ബദരികാശ്രമത്തിലേക്ക്‌ പോയി.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

വിശ്വാമിത്രനും ഗായത്രിയും


ഗായത്രീമന്ത്ര ശക്തിയും സിദ്ധിയും - 2


ഗായത്രീമന്ത്രത്തിന്റെ ദ്രഷ്ടാവ് വിശ്വാമിത്ര മഹര്‍ഷിയാണ്. അരുണപ്രഭ വിതറി കിഴക്കുദിച്ചുയര്‍ന്ന സവിതാവിനെ ദര്‍ശിച്ചപ്പോള്‍ വിശ്വാമിത്ര മഹര്‍ഷിക്കുണ്ടായ ആത്മപ്രഹര്‍ഷമാണ് ലോകോത്തര മന്ത്രമായ ഗായത്രിയായി പരിണമിച്ചത്. ഈ മന്ത്രത്തിന്റെ പിറവിയോടെ വേദഭൂമിയും ദേവഭൂമിയുമായ ഭാരതം ലോകത്തിന്റെ ജ്ഞാനചക്ഷുസ്സായി മാറി. ഋഷി സത്യദര്‍ശിയായ ഗുരുവാണ്. മനനം ചെയ്യുന്നതുവഴി ത്രാണനം ചെയ്യുന്നതാണ് മന്ത്രം. പരിശുദ്ധമായ മനസ്സിലാണ് ഈശ്വരാദേശം ഉണ്ടാവുക. ഏകാഗ്രതയില്‍ സ്ഫുടം ചെയ്‌തെടുത്ത വിശ്വാമിത്രന്റെ മനസ്സില്‍ വിരിഞ്ഞ ഇരുപത്തിനാല് വര്‍ണങ്ങളാണ് വേദസ്വരൂപിണിയായ ഗായത്രീ മന്ത്രം.



ലോകത്തില്‍ ഇന്നോളം ഉണ്ടായതില്‍വച്ച് ഏറ്റവും ശ്രേഷ്ഠമായ മന്ത്രം ഗായത്രി തന്നെ. മന്ത്രങ്ങളുടെ രാജ്ഞി എന്ന് ഗായത്രിയെ വിശേഷിപ്പിക്കാം. ‘സപ്തകോടി മഹാമന്ത്രജനനീ’ എന്ന് ഗായത്രിക്ക് നല്‍കിയ വിശേഷണം ഇതിനുപോല്‍ബലകമാണ്. ഗായത്രീ മന്ത്രത്തിന് പ്രകൃതി രചിച്ച ഭാഷ്യമാണ് പ്രപഞ്ചം.


പ്രകൃതിയിലെ ‘പ്ര’ പ്രകൃഷ്ടാര്‍ത്ഥവും കൃതി എന്നത് സൃഷ്ടി വാചകവുമാണ്. പ്രകൃതി എന്ന പദത്തിന് സൃഷ്ടിക്ക് മുഖ്യമായത് എന്നര്‍ത്ഥമാണ് ദേവീഭാഗവതം കല്‍പിക്കുന്നത്. ‘പ്രകൃതി’യിലെ മൂന്നക്ഷരങ്ങള്‍ യഥാക്രമം സത്വരജസ്തമോ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നവയാണെന്നും അതിനാല്‍ ത്രിഗുണാത്മികയായ ശക്തിയോടു കലര്‍ന്നു നില്‍ക്കുന്ന പ്രധാന സൃഷ്ടികര്‍ത്രി എന്നും പ്രകൃതിക്കു അര്‍ത്ഥം പറയാം. ഇതിനു പുറമെ ‘പ്ര’ ശബ്ദത്തിന് മുന്‍പ് ഉള്ളത് എന്നും ‘കൃതി’ ശബ്ദത്തിന് സൃഷ്ടിയെന്നും മറ്റൊരര്‍ത്ഥമുണ്ട്. പ്രകൃതി എന്നാല്‍ സൃഷ്ടിക്കു മുന്‍പുള്ള അവസ്ഥ തന്നെ. ഗായത്രി നിഖാലാഗമസ്ഥിതയും നിഖിലാഗമ മധ്യസ്ഥയും നിത്യകര്‍മഫലപ്രദയും ഭദ്രകല്യാണദായിനിയും ഭക്തവത്സലയും ഭവബന്ധവിമോചിനിയുമാണെന്ന് ദേവീഭാഗവതത്തില്‍ പറയുന്നു.


മഹാലക്ഷ്മിയും മഹാകാളിയും മഹാസരസ്വതിയും ബ്രഹ്മരൂപിണിയുമായ ചൈതന്യമാണ് ഗായത്രി. ഈരേഴുപതിന്നാലു ലോകങ്ങളെയും പ്രകൃതിയെയും മനുഷ്യനേയും പാരസ്പര്യത്തിന്റെ പട്ടുനൂലാല്‍ ബന്ധിപ്പിക്കാന്‍ സമര്‍ത്ഥമായ മന്ത്രമാണ് ഇത്. ഗായത്രിയിലെ ഇരുപത്തിനാല് വര്‍ണങ്ങള്‍ വാക്കായി, വാണിയായി, വൈഖരിയായി കല്‍പ്പവൃക്ഷത്തിലെ കാന്തിയും സുഗന്ധവും പൊഴിക്കുന്ന പൂക്കളായി മാറി. ദേവനാഗരിയുടെ മഹാപ്രവാഹത്തില്‍നിന്ന് കോരിയെടുത്ത ഈ ഇരുപത്തിനാലക്ഷരതത്വങ്ങള്‍ അനന്തകോടി നക്ഷത്രപ്രഭ ചൊരിയുന്നു. പ്രകൃതിയുടെ സമസ്ത സൗന്ദര്യവും ഗായത്രിയുടെ ഇരുപത്തിനാല് അക്ഷരങ്ങളില്‍ ആലേഖനം ചെയ്തിട്ടുണ്ട്.


സര്‍വമംഗളകാരിണിയായ ഗായത്രി മന്ത്രത്തിന്റെ ദ്രഷ്ടാവായതുകൊണ്ടാണ് വിശ്വാമിത്രന് ആ പേര് സിദ്ധിച്ചത്. വിശ്വത്തിന്റെ മിത്രമെന്നാണ് വിശ്വാമിത്രപദത്തിനര്‍ത്ഥം. ലോകത്തെ സ്‌നേഹിക്കുന്നവന്‍, ലോകോപകാരിയെന്നെല്ലാം വിശ്വാമിത്രപദത്തിനര്‍ത്ഥമുണ്ട്. ഋഗ്വേദത്തിലെ ഏകദേശം നാല്‍പ്പത്തെട്ട് സൂക്തങ്ങളില്‍ ഋഷിയായി പരാമര്‍ശിച്ചു കാണുന്നത് വിശ്വാമിത്രനെയാണ്. ഋഗ്വേദത്തിന്റെ അഞ്ചാം മണ്ഡലം വിശ്വാമിത്രകുലത്തിന്റേതാണ്.

വിശ്വാമിത്രനെക്കുറിച്ച് അറിവുപകരുന്ന ഒരു ഋക്ക് ഋഗ്വേദത്തിലുണ്ട്.
മഹാനായ ഋഷി എന്നാണദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്.


”മഹാഋഷിര്‍ദ്ദേവ ജാദേവ ജൂതോ
സ്തഭ്‌നാത് സിന്ധുമര്‍ണ്ണവം നൃചക്ഷാഃ
വിശ്വാമിത്രോളയ ഭവഹല്‍സുദാസ-
മപ്രിയായ ത കുശികേഭിരിന്ദ്രഃ”


(വലിയ തപസ്സിദ്ധിയുള്ളവനും അതീന്ദ്രിയനും തേജസ്വിയും കര്‍മനേതാക്കളായ അധ്വര്യു മുതലായവരെ സസൂക്ഷ്മം നിരീക്ഷിക്കുന്നവനുമായ വിശ്വാമിത്രനെന്ന ഞാന്‍ വിപാട്, ശുതുദ്ര എന്നീ നദികളുടെ ഒഴുക്കു തടഞ്ഞു നിര്‍ത്തിയവനാണ്).


ഭൗമമായ ഭോഗ്യങ്ങള്‍ക്കുവേണ്ടി അദ്ദേഹവും ദേവന്മാരോടു പ്രാര്‍ത്ഥിക്കുന്നുണ്ട്. അന്നവും സമ്പത്തും ഗോക്കളും ഭൂമിയും ശതായുഷികളും യോദ്ധാക്കളുമായ പുത്രപൗതന്മാരും വേണമെന്നാണ് അര്‍ത്ഥിക്കുന്നത്. നന്മയുടെയും സ്‌നേഹത്തിന്റെയും പ്രവാചകമന്ത്രമായ ഗായത്രിയുടെ പുരസ്‌കര്‍ത്താവ് എന്ന നിലയിലാണ് വിശ്വാമിത്രമഹര്‍ഷി പ്രശസ്തനായത്. തന്റെ കാവ്യങ്ങള്‍ വരാനിരിക്കുന്ന യുഗങ്ങളിലും ശ്രേഷ്ഠതമമായിരിക്കുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.


”ഉത്തരയുഗാനി ഉക്‌ഥേഷു
ഹേകാരോ നഃ പ്രതിജുഷസ്വ”


(അല്ലയോ സ്‌തോത്ര കര്‍ത്താവേ വരാനിരിക്കുന്ന യുഗങ്ങളിലും ഉക്ഥങ്ങളിലൂടെ ഞങ്ങളെ പ്രശംസാവാക്യങ്ങളാല്‍ സേവിച്ചാലും -3.33.8) മാത്രമല്ല, കവിയായ തന്റെ വാക്കുകള്‍ ലോകം ശ്രദ്ധിക്കണമെന്ന നിര്‍ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നതായി മറ്റു ചില സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. ”ഭൂവും ദ്യോവും ജലവും സൂര്യനും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശവും എന്റെ സ്‌ത്രോത്രം കേള്‍ക്കട്ടെ” (3.54. 19-20) ”സ്‌തോത്രകര്‍ത്താവായ (വിശ്വാമിത്രനായ) എന്റെ ഈ സ്‌തോത്രത്തെ ഭരതകുലത്തിലുള്ള ജനസമൂഹം കാത്തു രക്ഷിക്കുന്നു” (3.53.12)
ഋഗ്വേദകാലത്തുതന്നെ ഗായത്രീ മന്ത്രം അദ്വിതീയവും അത്യുന്നതവുമായിരുന്നു. കവിയായ വിശ്വാമിത്രന്‍ ദീര്‍ഘദര്‍ശനം ചെയ്തതുപോലെ സഹസ്രാബ്ദങ്ങള്‍ക്കുശേഷവും അദ്ദേഹത്തിന്റെ ഗായത്രീ മന്ത്രമാണ് ഇരുസന്ധ്യകളിലും ജനം ഉരുവിട്ടു ശക്തിയും സിദ്ധിയും നേടുന്നത്.



മനുഷ്യനില്‍ എല്ലാ ദൈവിക ശക്തികളും ബീജരൂപത്തില്‍ കുടികൊള്ളുന്നുണ്ട്. അവനിലെ ആ ശക്തികളെ തുടികൊട്ടി തുയിലുണര്‍ത്താന്‍ മന്ത്രങ്ങള്‍ക്ക് കവിയും. ഓരോ മന്ത്രവും പ്രത്യേക കാര്യസിദ്ധിക്കുവേണ്ടി രൂപപ്പെട്ടവയാണ്. എന്നാല്‍ മാനവചേതനയുടെ സര്‍വാഭീഷ്ടങ്ങളും സഫലമാക്കാന്‍ ശക്തമായ മന്ത്രം ഗായത്രി മാത്രമാണ്. ആധിദൈവികവും ആധിഭൗതികവുമായ ദുഃഖങ്ങളെ നിവാരണം ചെയ്യുന്നതോടൊപ്പം ഭൗതികവും ആത്മീയവുമായ സര്‍വസിദ്ധികളും ഗായത്രീമന്ത്രോപാസനയിലൂടെ കരഗതമാക്കാം.


നമ്മുടെ ബുദ്ധിയെ ഉത്തേജിപ്പിക്കുന്ന ചൈതന്യവും സമസ്ത വിശ്വപ്രകാശമായ തേജസ്സും ഒന്നാണെന്ന ഭാവനയോടെയാണ് ആ പരമസത്തയുമായി ബന്ധം സ്ഥാപിക്കേണ്ടത്. ഗായത്രീ മന്ത്രോപാസകന്റെ പ്രാര്‍ത്ഥനകള്‍ അതിസൂക്ഷ്മമായ മാര്‍ഗ്ഗത്തിലൂടെ ഇഷ്ടദേവതയെ പ്രാപിക്കുന്നതോടെ അയാളിലേക്ക് സംക്രമിക്കയായി. സ്‌നാനംകൊണ്ട് ശരീരം ശുദ്ധമാകുന്നതുപോലെ മന്ത്രജപംകൊണ്ട് അന്തരംഗം സംശുദ്ധമാകുന്നു. മനസ്സിന്റെ ചാഞ്ചല്യം അകറ്റി ധര്‍മാര്‍ത്ഥകാമമോക്ഷങ്ങളെ പ്രദാനം ചെയ്യുന്നു.


ഗായത്രീമന്ത്രത്തിന്റെ മഹത്വം സര്‍വവിദിതമാണ്. ഋഷിയുഗത്തിലെ എല്ലാ തപസ്വികളും ഗായത്രീ ഉപാസനയിലൂടെ പുരോഗതി നേടിയവരാണ്. അഷ്ടസിദ്ധികളും നവനിധികളും ഗായത്രിയുടെ വിഭിന്ന സാധനകളിലൂടെ ലഭിക്കുമെന്ന് സിദ്ധപുരുഷന്മാര്‍ പറയുന്നു. അഗ്നിയോടൊന്നിച്ച് ബ്രഹ്മമുഖത്തുനിന്ന് ജാതമായതിനാല്‍ അഗ്നിമുഖിയായിത്തീര്‍ന്ന ഗായത്രിയെ ബ്രഹ്മസാരൂപ്യത്തിന് ഉതകുന്ന മഹാമന്ത്രമായി കരുതിപ്പോരുന്നു. ”ബ്രഹ്മത്തില്‍ നിന്ന് പ്രണവവും പ്രണവത്തില്‍നിന്ന് വ്യാഹൃതികളും അവയില്‍ നിന്ന് ഗായത്രിയും ഉണ്ടായി. ലോകങ്ങളുടെ ഉത്ഭവസ്ഥാനം ഗായത്രിയാണ്. അവിടെനിന്നാണ് സര്‍വചരാചരങ്ങളും ഉണ്ടായത്” എന്നാണ് ശ്രുതികള്‍ ഉദ്‌ഘോഷിക്കുന്നത്.



ഗായത്രിയുടെ ഭാഷ്യമാണ് ഭാഗവതം എന്ന് (ഗായത്രീ ഭാഷ്യരൂപോളസൗവേദാര്‍ത്ഥപരിജാംഹിതഃ) ഗരുഡപുരാണം പ്രകീര്‍ത്തിക്കുന്നു. ഗായത്രീമന്ത്രത്തില്‍ അറുന്നൂറിലധികം ശ്ലോകങ്ങളെക്കൊണ്ട് ഗായത്രിയുടെ ഉപാസനയും ഹോമവും മാഹാത്മ്യവും വിസ്തരിക്കുന്നു. ഗായത്രീ സഹസ്രനാമസ്‌ത്രോത്രം ഉള്‍ച്ചേര്‍ന്നിരിക്കുന്ന കൃതി കൂടിയാണിത്. ആദികവിയായ വാല്മീകി മഹര്‍ഷി ഗായത്രിയുടെ ഓരോ അക്ഷരംകൊണ്ടാണ് രാമായണത്തിലെ ഓരോ സര്‍ഗ്ഗകവും തീര്‍ത്തത്. ബ്രഹ്മപുരാണം, സ്‌കന്ദപുരാണം, വിഷ്ണുധര്‍മോത്തര പുരാണം, ദേവീഭാഗവതം എന്നിവയിലെല്ലാം ഗായത്രീ മന്ത്രാര്‍ത്ഥം വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്.



ഡോ. ഇന്ദിരാ ബാലചന്ദ്രന്‍

കര്‍മ്മങ്ങളുടെ ഫലം

കര്‍മണ സുകൃതസ്യാഹു: സാത്ത്വികം നിര്‍മലം ഫലം
രജസസ്തു ഫലം ദുഃഖമജ്ഞാനം തമസ: ഫലം.



സത്കര്‍മ്മത്തിന്‍റെ ഫലം വിശുദ്ധമാണ്. അത് സാത്ത്വിക ഗുണത്തിലാണ് എന്ന് പറയപ്പെടുന്നു. രജോഗുണത്തില്‍  ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം ദുഃഖമാകുന്നു. തമോ ഗുണത്തിലെ പ്രവര്‍ത്തനങ്ങളുടെ ഫലം അജ്ഞാനവും.



സത്ത്വഗുണത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം വിശുദ്ധങ്ങള്‍ ആണ്... തന്മൂലം മോഹമുക്തരായ ഋഷികള്‍ സന്തുഷ്ടരാണ്. രജോഗുണ സ്വഭാവമുള്ള കര്‍മ്മങ്ങള്‍ തികച്ചും ദുഃഖകരങ്ങളാണ്. ഭൌതിക സുഖത്തിനു വേണ്ടി ചെയ്യുന്ന ഏതു പ്രവൃത്തിയും പരാജയത്തിനേവഴിവയ്ക്കു. ഉദാ...ഒരാള്‍ വലിയ ഒരു കെട്ടിടം പണിയാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ അതിനായി  എത്ര മനുഷ്യര്‍ കഠിനമായി ക്ലേശിക്കണം. വീട്ടുടമയ്ക്ക് ഇതിനുള്ള പണം
സമ്പാദിക്കാനും വളരെ ക്ലേശിക്കേണ്ടിവരുന്നു. അതുകൊണ്ടാണ് രജോഗുണ കര്‍മ്മങ്ങള്‍ തികച്ചും ദുഃഖകരങ്ങള്‍ എന്ന് ഭഗവദ് ഗീത പറയുന്നത്..ഈ വീട്
അല്ലെങ്കില്‍ സമ്പത്ത് എന്‍റെതാണ് എന്നുള്ള തെല്ലൊരു മാനസിക ആഹ്ലാദമുണ്ടായേക്കാം. അത് യഥാര്‍ത്ഥമായ ആനന്ദമല്ല.



തമോഗുണത്തില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ മൂഡനാണ്. അതുകൊണ്ട് എല്ലാ കര്‍മ്മങ്ങളും ദുഖത്തിലേയ്ക്ക് നയിക്കുന്നു..അവസാനം ഗജീവിതത്തിലേയ്ക്കും. മൃഗജീവിതം ദുഃഖപൂര്‍ണ്ണമാണ്. അവര്‍ അറിയുന്നില്ലെന്ന്  മാത്രം. പാവപ്പെട്ട മൃഗങ്ങളെ കൊല്ലുന്നതും തമോഗുണത്താല്‍ തന്നെ. ഒരിക്കല്‍ തങ്ങളെ കൊല്ലാന്‍ ഉതകുന്ന ശരീരം ആ മൃഗങ്ങള്‍ക്ക് കിട്ടുമെന്ന് മൃഗങ്ങളെ കൊല്ലുന്നവര്‍ക്ക് അറിഞ്ഞുകൂടാ. പ്രകൃതി നിയമംഅതാണ്‌..മനുഷ്യസമുദായത്തില്‍ ഒരാള്‍ മറ്റൊരുവനെ
കൊല്ലുന്നുവെങ്കില്‍ കൊലപാതകി തൂക്കിലിടപ്പെടുന്നു. രാജ്യത്തിന്‍റെ നിയമമാണിത്.


ഈശ്വരന്‍റെ ഭരണത്തിന്‍ രാജ്യത്തെ ആരും കാണാത്തത് അജ്ഞതയാലാണ്. ഏതൊരു ജീവിയും ഭഗവാന്‍റെ സന്താനമാണ്. ഒരു ഉറുമ്പിനെ പോലും കൊള്ളുന്നത്‌  അദ്ദേഹം പൊറുക്കുകയില്ല. അതിന്റെ ഫലം അനുഭവിച്ചേ
തീരു. നാവിന്‍റെ തൃപ്തിക്ക് വേണ്ടി മൃഗങ്ങളെ ഹിംസിക്കുന്നത് ഏറ്റവും വലിയ അജ്ഞതയാണ്.


മനുഷ്യന് മൃഗങ്ങളെ കൊല്ലേണ്ട ആവശ്യമില്ല. നമുക്ക് ഈശ്വരദത്തങ്ങളായി വളരെ നല്ല ഭക്ഷ്യപദാര്‍ത്ഥള്‍ ഉണ്ട്...


ജന്തുഹിംസകളില്‍ വെച്ച് ഏറ്റവും ദുഷ്ടമായത് ഗോഹത്യ ആണ്.പാല്‍ കുടിച്ച് പൂര്‍ണ്ണ സംതൃപ്തനായ ഒരാള്‍ പശുവിനെ കൊല്ലുന്നത് കടുത്ത തമോഗുണത്താലാണ്.

ഭഗവാന്‍ പശുക്കളുടെയും ബ്രാഹ്മണരുടേയും സംരക്ഷകനാണ്..കാരണം ബ്രാഹ്മണര്‍ ആദ്ധ്യാത്മിക സംസ്കാരത്തിന്‍റെയും പശുക്കള്‍ അതിവിശിഷ്ടമായ ആഹാരത്തിന്റെയും (പാല്‍ ) പ്രതീകങ്ങളാണ്. ബ്രാഹ്മണര്‍ക്കും ഗോക്കള്‍ക്കും സര്‍വ്വസംരക്ഷണവും  നല്‍കണം. അതാണ്‌ സംസ്കാരത്തിന്‍റെ പുരോഗതി.
ആധുനിക മാനവസമൂഹത്തില്‍ ആദ്ധ്യാത്മിക സംസ്കാരം  അവഗണിക്കപ്പെടുന്നു. ഗോവധത്തെ പ്രോത്സാഹിപ്പിക്കുന്നു.

മനുഷ്യവര്‍ഗ്ഗത്തെ ഒരു മഹാ ആപത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി ലളിതമായ  കൃഷ്ണാവബോധപ്രക്രിയയിലേയ്ക്കു നയിക്കാന്‍ എല്ലാ
രാഷ്ട്രങ്ങളും ശ്രദ്ധിക്കണം.



(ഭഗവദ് ഗീത...................14...16...ശ്രീല. പ്രഭുപാദര്‍.)

വക്രോക്തി ജീവിതം - ഭാരതീയ കാവ്യമീമാംസ - 5

വക്രമായ ഉക്തിയാണ് വക്രോക്തി. ‘വളച്ചുകെട്ടി പറയല്‍’ എന്നര്‍ത്ഥം. കവിതയുടെ ആശയാനുഭൂതി സംക്രമണം വാച്യമല്ല, വ്യംഗ്യവും രസധ്വനിയുമാണെന്ന സിദ്ധാന്ത പശ്ചാത്തലത്തില്‍ വേണം വക്രോക്തി വാദത്തെ വിശകലനം ചെയ്യാന്‍. കാവ്യത്തിന്റെ ലാവണ്യാത്മകമായ നിയോഗ ചര്‍ച്ചയിലാണ് കുന്തകന്റെ ‘വക്രോക്തി ജീവിതം’ എന്ന മീമാംസാഗ്രന്ഥം ശ്രദ്ധേയമാകുന്നത്. ലക്ഷ്യാര്‍ത്ഥവും വ്യംഗാര്‍ത്ഥവും ആചാര്യന്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ലക്ഷണയെയും വ്യഞ്ജനയെയും സ്വീകരിക്കാതെ ‘അഭിധ’യെ മാത്രമാണ് കാവ്യചിന്തയില്‍ മുന്‍നിര്‍ത്തുന്നത്. ഒരര്‍ത്ഥത്തില്‍ ധ്വനിസിദ്ധാന്തത്തെ നിരാകരിക്കുകയാണ് വക്രോക്തി ദര്‍ശനം.

ആവിഷ്‌കരണത്തിന്റെ അപൂര്‍വത്തില്‍ കാവ്യഭാഷകൊണ്ട് സാധിക്കുന്ന ഉക്തിവ്യതിയാനമാണ് കുന്തകന്‍ വക്രോക്തികൊണ്ട് വിവക്ഷിക്കുക. എന്നാല്‍ ‘വളച്ചുകെട്ടി പറയല്‍’ എന്നര്‍ത്ഥത്തിനു പകരം വൈവിധ്യവും വൈചിത്ര്യവുമുള്ള കാവ്യാവിഷ്‌കാരകൗതുകമാണ് ‘വക്രോക്തി’ എന്ന സംജ്ഞ സൂചിപ്പിക്കുന്നത്. നാലുവര്‍ഷം കഴിഞ്ഞു എന്ന സാമാന്യവ്യവാഹത്തിന് പകരം ‘നാലുവട്ടമിഹ പൂത്തു കാനനം’ എന്ന് കുമാരനാശാന്‍ എഴുതുമ്പോള്‍ അത് കവിതയായി എന്ന് കുന്തകമതമനുസരിച്ച് ഇത് ഉദാഹരിക്കാം.


”ശബ്ദാര്‍ത്ഥൗ സഹിതൗ വക്ര-
കവി വ്യാപാര ശാലിനി
ബന്ധേ വ്യവസ്ഥിതൗ കാവ്യം
തദ്വിദാഹ്ലാദ കാരിണി”

ഭാവപ്രകാശത്തിനുള്ള ഉപാധിസങ്കേതമാണ് വക്രോക്തി. ‘കവി വ്യാപാര വക്രതയുടെ’ ഫലത്തെയാണ് കുന്തകന്‍ വക്രോക്തിയെന്ന് പേരിട്ട് വിളിക്കുന്നത്. ശബ്ദം എന്നത് വിവക്ഷിതമായ അര്‍ത്ഥത്തിന്റെ വാഹനം മാത്രമാണെന്നും, ആ ശബ്ദത്തിന്റെ ആഹ്ലാദാനുഭൂതി സ്വാംശീകരിക്കുന്ന അര്‍ത്ഥരുചിയാണ് യഥാര്‍ത്ഥ അര്‍ത്ഥമെന്നും ആചാര്യന്‍ കണ്ടെത്തുന്നു. ശബ്ദാര്‍ത്ഥങ്ങളുടെ അപൂര്‍വ സങ്കലനവും സഹിതത്വവുമാണ് സാഹിത്യലക്ഷണമെന്ന് ചുരുക്കം. വക്രകവി വ്യാപാരമാണ് ഇതിന് കാരണഭൂതമായി നില്‍ക്കുന്നത്. ശബ്ദാര്‍ത്ഥങ്ങള്‍ അലങ്കാര്യവും വക്രോക്തി അവയുടെ അലങ്കാരമാണെന്നും കുന്തകന്‍ സ്ഥാപിക്കുന്നു. അലംകൃതമായതിന് മാത്രമെ കാവ്യത്വമുണ്ടാകൂ എന്നാണ് ആചാര്യമതം. കവിതയുടെ ‘കാവ്യത്വ’ത്തെയാണ് വക്രോക്തിയെന്ന അഭിധാനമേകി കുന്തകന്‍ ആദരിക്കുന്നത്.

കവി വ്യാപാരം അനന്തവും വക്രതാ സാധ്യതകള്‍ വിപുലവുമാണ്. ഉപമാദ്യലങ്കാരങ്ങളെല്ലാം ആചാര്യന് വക്രോക്തിയുടെ ഉക്തിവൈചിത്ര്യങ്ങള്‍ മാത്രമാണ്. നൈസഗര്‍ഗികവും അപൂര്‍വവുമായ ലാവണ്യധര്‍മമാണ് വക്രോക്തിയെന്ന് എസ്.കെ.ഡെയെപ്പോലുള്ള വ്യാഖ്യാതാക്കള്‍ മൂല്യനിര്‍ണയം ചെയ്തിട്ടുണ്ട്. കവി വ്യാപാരങ്ങളുടെ വിസ്മയവും വിചിത്രവുമായ വ്യവഹാരശ്രേണിയില്‍ വക്രോക്തി ലോകം അതീത സാധ്യതാപ്രകൃതിയുടെ മായാലോകം തുറക്കുന്നു. എങ്കിലും പ്രാമുഖ്യമേറിയ ആറുതരം വക്രതകളുടെ പട്ടിക കുന്തകന്‍ പേരിട്ട് നിരത്തുന്നുണ്ട്. വര്‍ണവിന്യാസ വക്രത, വാക്യവക്രത, പ്രകരണവക്രത, പ്രബന്ധ വക്രത, പദപൂര്‍വാര്‍ധ വക്രത, പദപരാര്‍ധ വക്രത. വര്‍ണാവര്‍ത്തനത്തിന്റെ അസാധാരണതയാണ് വര്‍ണവിന്യാസ വക്രത.


”അക്കുംഭി വക്ത്രന്റെയിടത്തുകൊമ്പൊന്നു
നിര്‍ഘാത ഘോരരാവമായ് നിലത്തും’
എന്ന വള്ളത്തോള്‍ വരി ഇതിനുദാഹരിക്കാം.

പ്രാതിപദികവും ധാതുരൂപവുമായ പ്രയോഗവിചിത്രതയെയാണ് പദപൂര്‍വാര്‍ധ വക്രതകൊണ്ട് ലക്ഷ്യമാക്കുന്നത്. ‘അമ്പിളിക്കല ചൂടുന്ന തമ്പുരാന്‍ താപനാശനന്‍’ എന്ന വരിയിലെ ‘അമ്പിളിക്കല’ എന്ന വാക്ക് ശീതകിരണനായും താപനാശനനായും പാരസ്പര്യം നേടുന്നു.
പദപരാര്‍ധവക്രതയെ പ്രത്യയവക്രത എന്നും പറയും. കാലം, കാരകം, സംഖ്യ തുടങ്ങിയ അംശങ്ങളിലാണ് പ്രത്യവക്രത പ്രത്യക്ഷപ്പെടുക. കല്‍പനാശക്തിയില്‍ തിളങ്ങുന്ന വാക്യവക്രതയില്‍ അലങ്കാരങ്ങളാണ് ആവിര്‍ഭവിക്കുക.


പ്രകരണ വക്രത കൃതിയുടെ സവിശേഷ സന്ദര്‍ഭത്തെ ഹൃദയഹാരിയാക്കുന്ന കവിതന്ത്രത്തില്‍ ചേര്‍ക്കുന്നു. കുമാരനാശാന്റെ ലീലാ കാവ്യത്തില്‍ അശോകപ്പൂങ്കുലയുടെ ദര്‍ശനവും സുഗന്ധവും ഇതിന് ഉദാഹരിക്കാം.

സമഗ്രകാവ്യമാണ് പ്രബന്ധം. കാവ്യത്തില്‍ വ്യാപിയായ വക്രതയാണ് പ്രബന്ധവക്രത. മൂലകാവ്യത്തിലെ ഒരു രസത്തിന്റെ സ്ഥാനത്ത് മറ്റൊരു രസം പ്രതിഷ്ഠാപിതമാകുന്നു.

എന്തുപറയുന്നു എന്നതിനപ്പുറം എങ്ങനെ പറയുന്നു എന്ന അന്വേഷണത്തില്‍ നിന്നാണ് കുന്തകന്റെ വക്രോക്തിസിദ്ധാന്തം രൂപപ്പെടുന്നത്. കാവ്യശൈലിയിലെ ‘വ്യതിരേക’ങ്ങളാണ് ഇത്തരമൊരു ചിന്താപഥത്തെ ഉണര്‍ത്തുക. ആധുനിക ശൈലീസിദ്ധാന്തവുമായി വക്രോക്തി ദര്‍ശനം സമരസപ്പെടുന്നു.

ശിവനും ശക്തിയും



ദേവിയും ദേവനും ഭിന്നവ്യക്തികളായിട്ടാണ് സാധാരണ മനസ്സിലാക്കുന്നത്. ശിവനും ശക്തിയും അതേമമാതിരി രണ്ടാണെന്ന് പലരും ധരിച്ചിട്ടുണ്ട്. ഇത് തികച്ചും തെറ്റാണെന്നു തെളിയിച്ചുകൊണ്ടാണ് ശൈവസിദ്ധാന്തത്തില്‍ ശിവശക്തൈക്യം സ്ഥാപിച്ചിരിക്കുന്നത്.


ത്രിഗുണസമാനത്വമുള്ള പ്രകൃതിയില്‍നിന്നു നാദമുണ്ടായതായിട്ടാണ് ശിവപുരാണകല്പന. അനന്തരം ബിന്ദു ആവിര്‍ഭവിച്ചു. സദാശിവന്‍ ബിന്ദുവില്‍നിന്നു ജനിച്ചു.


സദാശിവനില്‍നിന്ന് മഹേശ്വരനും, മഹേശ്വരനില്‍നിന്ന് ശുദ്ധവിദ്യയും മായയില്‍ നിന്ന് കാലം, നിയതി, കല, വിദ്യ, രാഗം, ത്രിഗുണം എന്നിവയുമുണ്ടായി.

ശിവന്റെ സഹചാരിണിയായി ഉമയെ വര്‍ണിക്കുമ്പോള്‍ രണ്ടു വ്യത്യസ്ത വ്യക്തികളുടെ ചിന്ത സാധാരണയായി രൂപം കൊള്ളും. എന്നാല്‍ യോഗസിദ്ധാന്തപ്രകാരം ജീവന്‍ സഹസ്രാരപദ്മത്തിലെത്തി അനുഭൂതി നേടുന്ന അനുഭവസിദ്ധാന്തമാണ് ശിവശക്തൈ്യക്യംകൊണ്ട് ലഭിക്കുന്നത്.


ഭൗതികമായ ജീവന്റെ ദൈവതഭാവങ്ങളെല്ലാം അദൈ്വതമായ ശിവസങ്കല്പത്തില്‍ ലയിക്കുന്നതായണ് ശിവശക്തൈക്യം.

ഇത് സമാധിസ്ഥനും ജ്ഞാനവാനുമായ യോഗിയുടെ അവസ്ഥയാണ്. ശിവനും ശക്തിയും വ്യക്തികളല്ല, തത്ത്വമാണെന്ന് ഗ്രഹിക്കുക. ശിവനില്ലാത്ത ശക്തിക്കോ ശക്തിയെ കൂടാതുള്ള ശിവനോ വ്യക്തിത്വമില്ല.

മൂല പ്രകൃതിയെന്ന് വര്‍ണിച്ചിരിക്കുന്നതും ശിവനില്‍നിന്ന് ശക്തിയുണ്ടായിയെന്ന് പറഞ്ഞിരിക്കുന്നതും സൃഷ്ടിയുടെ ആദ്യഭാവത്തെ സൂചിപ്പിക്കുന്ന ശിവതത്ത്വത്തില്‍ പ്രകൃതിയും, പ്രകൃതിയില്‍ ശിവതത്ത്വവും അടങ്ങിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതിനാണ്.



'ഏതാവാനസ്യ മഹിമാf തോജ്യായാംശ്ച പുരുഷ:

പാദോസ്യ വിശ്വാഭൂതാനി ത്രിപാദസ്യാമൃതം ദിവി


പുരുഷസൂക്തഭാഗത്തിലെ പ്രകൃതിപുരുഷഭാവനയും ശിവതത്ത്വത്തിലെ ശിവശക്തൈ്യക്യവും രണ്ടായി കാണാന്‍ സാധിക്കുന്നില്ല.

ശിവനും ശക്തിയും തമ്മിലുള്ള അഭേദ്യം സ്ഥാപിച്ചുകൊണ്ടാണ് ശിവമഹിമ വര്‍ണിക്കപ്പെട്ടിരിക്കുന്നത്.

സൂര്യചന്ദ്രന്‍മാരും രശ്മികളുമായിട്ടുള്ള ബന്ധം പോലെ അഭേദ്യമാണ് ശിവശക്തിസ്വരൂപം. അവ പരസ്പരം ആശ്രയിക്കപ്പെട്ടിരിക്കുന്നു.

പുരുഷഭാവമാര്‍ന്നതെല്ലാം ശിവനെന്നും, സ്‌ത്രൈണങ്ങളായവ ശക്തിയെന്നും സാധാരണ സങ്കല്പിക്കുക പതിവാണ്. എന്നാല്‍ എല്ലാം പൗരുഷമാണെന്നാണ് ശിവപുരാണമതം.


ശിവശക്തൈ്യക്യത്തിന്റെ അനന്യഭാവമാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.

സൃഷ്ടികളെല്ലാം ശിവസങ്കല്പത്തിലുദ്ഭവിക്കുകയും പ്രളയ സങ്കല്പത്തില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷങ്ങളെ സൂചിപ്പിക്കുകയാണ് ശിവശക്തൈ്യക്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തിസ്വരൂപിണിയായ പ്രകൃതി ശിവതത്ത്വത്തില്‍ വിലയം പ്രാപിക്കുന്നു. ആദിപുരുഷനായ ശിവനില്‍നിന്ന് വീണ്ടും ഉല്‍പത്തി സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ സൃഷ്ടി സ്ഥിതിലയഭാവങ്ങളില്‍ ശിവശക്തൈക്യം നിലനില്ക്കുന്നു.

 ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തിസ്വരൂപിണി  എന്നിങ്ങനെയുള്ള വര്‍ണനയുടെ രഹസ്യവും ഈ തത്ത്വം വെളിവാക്കുന്നു.

മാര്‍ക്കണ്ഡേയപുരാണത്തില്‍ ശക്തിയുടെ അനന്തമായ വൈഭവങ്ങളെ വര്‍ണിക്കുന്ന ഒരേ കാരണത്തിന്റെ സഗുണനിര്‍ഗുണഭാവങ്ങള്‍ തന്നെയാണ് പുരുഷനെന്നും പ്രകൃതിയെന്നും ശിവനെന്നും ശക്തിയെന്നും വര്‍ണിക്കപ്പെട്ടിരിക്കുന്നത്.



‘രുദ്രോ ഗന്ധ: ഉമാ പുഷ്പം
രുദ്രോfര്‍ഥ: അക്ഷര: സോമാ
രുദ്രോ ലിംഗമുമാപീഠം
രുദ്രോ വഹ്നിരുമാ സ്വാഹാ
രുദ്രോ യജ്ഞ ഉമാ വേദി:
രുദ്രോ ദിവാ ഉമാ രാത്രി:
രുദ്ര: സോമ ഉമാ താര
രുദ്ര: സൂര്യ ഉമാച്ഛായാ
തസ്‌മൈ തസൈ്യ നമോ നമ:’ (രുദ്രഹൃദയോപനിഷത്ത്)



എന്നിങ്ങനെ ഉമാമഹേശ്വര മാഹാത്മ്യം വര്‍ണിക്കുന്നിടത്ത് അഭിന്നവും അനന്യവുമായ തത്ത്വമാണ് ശിവനും ശക്തിയുമെന്ന്‌വ്യക്തമാക്കപ്പെട്ടിരിക്കുന്നു

കൃപയും സമര്‍പ്പണവും


ദിവസവും നമ്മള്‍ അനേകകാര്യങ്ങള്‍ക്കായി പ്രയത്‌നിക്കുന്നു. എന്നാല്‍ അവയില്‍ ചിലതു മാത്രമേ വിജയത്തിലെത്താറുള്ളൂ. നമ്മള്‍ എത്ര ശ്രദ്ധിച്ചു വാഹനമോടിച്ചാലും എതിരെ വരുന്ന വാഹനത്തിലെ െ്രെഡവര്‍ അശ്രദ്ധയോടെയോ, മദ്യപിച്ചോ വാഹനമോടിക്കുകയാണെങ്കില്‍ ആ വാഹനം നമ്മെ ഇടിച്ചെന്നിരിക്കും. അതുപോലെ ഒരു വിദ്യാര്‍ഥി വളരെ കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷ എഴുതിയാലും മാര്‍ക്കിടുന്ന അധ്യാപകന്‍ അശ്രദ്ധകാണിച്ചാല്‍ ആ വിദ്യാര്‍ഥിക്ക് അര്‍ഹിക്കുന്ന മാര്‍ക്ക് കിട്ടാതിരിക്കാം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഒരു വ്യക്തിക്ക് എത്രമാത്രം കഴിവുണ്ടായാലും അവന്‍ എത്രയധികം പ്രയത്‌നിച്ചാലും ഈശ്വരകൃപയുണ്ടെങ്കില്‍ മാത്രമേ അവനു കര്‍മത്തില്‍ യഥാര്‍ഥവിജയം കൈവരിക്കാന്‍ സാധിക്കൂ.


ഒരു ദിവസം ഭീമന്‍ ഏകനായി കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ഭീമന്‍ ദൂരത്ത് ഗര്‍ഭിണിയായ ഒരു മാന്‍ നില്‍ക്കുന്നതു കണ്ടു. ഭീമനെക്കണ്ട് പേടിച്ചരണ്ട മാന്‍ നാലുദിക്കുകളിലേക്കും നോക്കിയിട്ട് അനങ്ങാതെ നിന്നു. ഭീമന്‍ ചുറ്റും നോക്കിയപ്പോള്‍ അതിന്റെ കാരണം മനസ്സിലായി. മാനിന്റെ മുന്‍വശത്തായി ഒരു സിംഹം അതിനെ പിടിക്കാനായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പിറകുവശത്ത് ഒരു വേടന്‍ വില്ലുകുലച്ച് അമ്പെയ്യാനായി ഒരുങ്ങിനില്‍ക്കുന്നു. വേടനെ കണ്ടതുകൊണ്ടാണ് സിംഹം മുന്നോട്ടുവരാതിരുന്നത്. വലതുവശത്ത് അതിശക്തമായി ഒഴുകുന്ന നദി, മറുവശത്ത് ആളിക്കത്തുന്ന കാട്ടുതീ. മാനിനു നാലുചുറ്റും ആപത്തു മാത്രം.


ആ മാന്‍പേടയുടെ ദയനീയാവസ്ഥ കണ്ട് ഭീമന്റെ മനസ്സലിഞ്ഞു. എന്നാല്‍ ഭീമന്‍ നിസ്സഹായനായിരുന്നു. വേടനെ ഓടിക്കാന്‍ ശ്രമിച്ചാല്‍ അതുകണ്ട് മാന്‍ പേടിച്ചോടി സിംഹത്തിന്റെ വായില്‍ചെന്നുചാടും. കാട്ടുതീ അണയ്ക്കാമെന്നുവെച്ചാല്‍ മാന്‍ നദിയിലേക്കു ചാടി ഒഴുക്കില്‍പ്പെട്ടുമരിക്കും. മാനിനെ രക്ഷിക്കാന്‍ ഒരു മാര്‍ഗവും കാണാതെ ഭീമന്‍ ഒടുവില്‍ ഈശ്വരനെ വിളിച്ച്, ”ഭഗവാനേ, ഞാന്‍ തികച്ചും നിസ്സഹായനാണ്. ഈ മാനിനെ രക്ഷിക്കാന്‍ അവിടത്തേക്കു മാത്രമേ സാധിക്കൂ. അവിടുന്നുതന്നെ അതിനെ രക്ഷിക്കണേ” എന്നു പ്രാര്‍ഥിച്ചു.
അടുത്തനിമിഷം മാനത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി, ഭയങ്കരമായി ഇടിവെട്ടി. തുടര്‍ന്ന് അതിശക്തമായ മഴപെയ്തുതുടങ്ങി. ഇടിമിന്നലേറ്റ് വേടന്‍ ബോധംകെട്ടുവീണു. മഴയില്‍ കാട്ടുതീയണഞ്ഞു, സിംഹം ഭയന്നോടിപ്പോയി. ആപത്തെല്ലാമൊഴിഞ്ഞതോടെ മാന്‍പേടയും ഓടിരക്ഷപ്പെട്ടു. ഇതെല്ലാം കണ്ടുനിന്ന ഭീമന്‍ അത്ഭുതപരതന്ത്രനായി.




രുദ്രാക്ഷ മാഹാത്മ്യം

കേരളത്തിലെ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കണ്ടുവരുന്ന ഒരിനം നിത്യഹരിതവൃക്ഷമാണ് രുദ്രാക്ഷം (ശാസ്ത്രീയനാമം: Elaeocarpus ganitrus). രുദ്രാക്ഷമരത്തിന്റെ കുരുവും രുദ്രാക്ഷം എന്നാണ് അറിയപ്പെടുന്നത്. രുദ്രാക്ഷമരം കൂടുതലായും നേപ്പാളിലും ഉത്തരേന്ത്യൻ പ്രദേശങ്ങളിലും ആണ് കാണപ്പെടുന്നത്

പുരാതനകാലം മുതൽക്കേ ഭാരതീയ ഋഷിവര്യന്മാർ രുദ്രാക്ഷം ശരീരത്തിൽ ധരിച്ച് നടന്നിരുന്നു. ഭക്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായ രുദ്രാക്ഷത്തിന് വമ്പിച്ച ഔഷധഗുണങ്ങൾ ഉണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു

രുദ്രാക്ഷം ധരിക്കുന്നവർ മത്സ്യ മാംസങ്ങൾ കഴിക്കരുത്. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാൻ പാടില്ല. ചുവന്ന ഉള്ളീ, വെളുത്തുള്ളി, മുരിങ്ങാക്കായ എന്നിവ ഉപയോഗിക്കരുതു എന്നും പറയുന്നു

ഐതിഹ്യം

രുദ്രാക്ഷം ഒരു പൂജ്യവസ്തുവായത്തീരുന്നതിന് നിദാനമായ ഒരു പുരാണകഥ ദേവീഭാഗവതം ഏകാദശ സ്കന്ധത്തിലിങ്ങനെ കാണുന്നു.

പണ്ട് ത്രിപുരൻ എന്നൊരു അതിശക്തിമാനും പരാക്രമിയുമായ അസുര പ്രമാണിയുണ്ടായിരുന്നു. അവൻ ദേവന്മാരേയും ദേവാധിപരെയും തോല്പിച്ച് ഏകചത്രാധിപതിയായിതീർന്നു. തന്നിമിത്തം സങ്കടത്തിലായ ദേവന്മാർ പരമശിവന്റെ അടുക്കൽ ചെന്ന് പരാതി ബോധിപ്പിച്ചു. ത്രിപുരനെ എങ്ങനെ വധിക്കേണ്ടു എന്ന വിചാരത്തിൽ കണ്ണടച്ചിരുന്ന് ധ്യാനിച്ച പരമശിവൻ ഒരായിരം ദിവ്യവർഷങ്ങൾ ദീർഘിച്ച ശേഷമാണ് കണ്ണ് തുറന്നത്. അപ്പോൾ നേത്രങ്ങളിൽ നിന്ന് അശ്രുബിന്ദുക്കൾ താഴെവീണു. ഈ ബാഷ്പ ബിന്ദുക്കളിൽ നിന്നാണത്രെ രുദ്രാക്ഷ വ്യക്ഷങ്ങളുണ്ടായത്.

പരമശിവന്റെ സൂര്യ നേത്രത്തിൽ നിന്ന് പന്ത്രണ്ട് വിധരുദ്രാക്ഷങ്ങളും, ചന്ദ്ര നേത്രത്തിൽ നിന്ന് പതിനാറുവിധ രുദ്രാക്ഷങ്ങളും , അഗ്നി നേത്രത്തിൽ നിന്ന് പത്ത് വിധ രുദ്രാക്ഷങ്ങളും ആണ് ഉണ്ടായത്.

സൂര്യനേത്രത്തിൽ നിന്ന് ഉണ്ടായവ രക്ത വർണ്ണമാണ്. ചന്ദ്രനേത്രത്തിൽ നിന്ന് വെള്ള നിറത്തിലുള്ള രുദ്രാക്ഷങ്ങളും ഉണ്ടായി. അഗ്നിനേത്രത്തിൽ നിന്ന് ഉണ്ടായവയുടെ നിറം കറുപ്പാണ്. പുരാണങ്ങളിൽ ത്രിപുരനെ പരമശിവൻ തന്നെ വധിക്കുന്നു. അങ്ങനെ മഹാദേവന് ത്രിപുരാന്തകൻ എന്നൊരു നാമംകൂടി വന്നു

രുദ്ര എന്നാൽ ശിവനും അക്ഷം എന്നാൽ കണ്ണെന്നും പൊരുൾ.അതുകൊണ്ട് ശിവന്റെ കണ്ണായി കരുതപ്പെടുന്ന രുദ്രാക്ഷത്തിൽ മാഹാത്മ്യമേറെയാണ്. വിധിപ്രകാരം രുദ്രാക്ഷം ധരിച്ചാൽ പാപം ശമിക്കുമെന്നും അതുവഴി ഏറെ ഗുണം ലഭ്യമാകുമെന്നും ദൈവിക സാമീപ്യമുണ്ടാകുമെന്നുമാണ് സങ്കൽപ്പം. കഴുത്തിൽ മുപ്പത്തിരണ്ട്, ശിരസ്സിൽ നാൽപ്പത്, കാതിൽ ആറു വീതം, കൈകളിൽ പന്ത്രണ്ട് വീതം, ഭുജങ്ങളിൽ പതിനാറ് വീതം, കണ്ണിൽ ഒന്ന് വീതം, ശിഖയിൽ ഒന്ന്, വക്ഷസ്ഥലത്ത് നൂറ്റിയെട്ട് എന്ന രീതിയിൽ രുദ്രാക്ഷം ധരിക്കാനായാൽ അത് സാക്ഷാൽ പരമേശ്വരൻ ആകുന്നുവെന്ന് നാരദരോട് നാരായണമഹർഷി വെളിപ്പെടുത്തുന്ന ഒരു ഭാഗം ദേവീഭാഗവതത്തിൽ കാണുന്നുണ്ട്. വിധിപ്രകാരമല്ലാതെ രുദ്രാക്ഷം ധരിച്ചാൽ ഗുണത്തെക്കാളുപരി ദോഷം ഭവിക്കും.

രുദ്രാക്ഷമാല ധരിക്കുന്നതിനു മുൻപ് അത് ധരിക്കാൻ ചില വിധികൾ പൂർവികർ അനുശാസിച്ചിട്ടുണ്ട് . ആ വിധിയനുസരിച് മാല ധരിച്ചൽ മാത്രമേ അതിൽ നിന്നും ശരിയായ പ്രയോജനം നമുക്ക് ലഭിക്കുകയുള്ളു . ധരിക്കുന്നതിനു മാല വാങ്ങുമ്പോൾ അത് ശരിയായ രുദ്രാക്ഷമാണോ എന്ന് പരിശോധിക്കണം അതിനുശേഷം ഒരേമുഖ രുദ്രാക്ഷം കൊണ്ടുള്ള മാല വേണം തയ്യാറാക്കേണ്ടത്. പലമുഖ രുദ്രക്ഷം ഉപയോഗിച്ചുള്ള മാല ഒരേമുഖ രുദ്രാക്ഷം കൊണ്ടുള്ള മാലയുടെ അത്രയും ഫലം നൽകില്ലെന്നു പറയുന്നു .

കഴുത്തിൽ അണിയുന്ന മാല ജപിക്കുവാൻ ഉപയോഗിക്കരുത്, ജപിക്കുന്ന മാല കഴുത്തിലും അണിയുവാൻ പാടുള്ളതല്ല, ജപമാല പ്രത്യേകം കരുതണം, ജപമാലയിൽ ജപിക്കുന്ന ആളിൻറെ സൗകര്യം പോലെ എണ്ണം നിശ്ചയിക്കാം അത് 27 ൽ കുറയാൻ പാടില്ല

പലവിധപാപങ്ങളും രുദ്രാക്ഷം ധരിക്കുന്നതുമൂലം ഇല്ലാതാകുന്നു. ജാതകവശാലുള്ള കാളസർപ്പ ദോഷത്തിന് പരിഹാരമായിട്ട് രുദ്രാക്ഷം ധരിക്കുന്നു.

ഒരുമുഖം-ശിവൻ, ഇത് ധരിച്ചാൽ ബ്രഹ്മഹത്യാപാപത്തെ നശിപ്പിക്കും
രണ്ട് മുഖം-ദേവി(ഗൌരീശങ്കരം), ഇത് ധരിച്ചാൽ ധ്വവിധ പാപങ്ങളും നശിക്കും
മൂന്ന് മുഖം-അഗ്നി, ഇത് സ്ത്രീഹത്യാപാപത്തെ ഇല്ലാതാക്കും
നാല് മുഖം-ബ്രഹ്മാവ്, ഇത് നരഹത്യാപാപത്തെ ഇല്ലാതാക്കും
അഞ്ച് മുഖം-കാലാഗ്നി, ഇത് തുല്യനായ രുദ്രൻ തന്നെ
ആറ് മുഖം-സുബ്രഹ്മണ്യന്‍, ഇത് ധരിച്ചാൽ ബ്രഹ്മഹത്യാപാപത്തെ നശിപ്പിക്കും
ഏഴ് മുഖം-സപ്തമാതൃക്കൾ, സൂര്യൻ‍, സപ്തർഷി, ഇത് ധരിച്ചാൽ സ്വർണ്ണാപഹരണങ്ങളിൽ നിന്നുള്ള പാപങ്ങളിൽ നിന്നും മുക്തനാകും
എട്ട് മുഖം-വിനായകൻ‍, ഇതു ധരിച്ചാൽ അന്നം വസ്ത്രം സ്വർണ്ണം മുതലായവ മോഷ്ടിച്ച പാപങ്ങളിൽ നിന്നും ,നീചകുലത്തില്പ്പെട്ട സ്ത്രീയേയൊ ഗുരുപത്നിയേയൊ സ്പർശിക്കുന്നതിൽ നിന്നുള്ള പാപ കർമ്മങ്ങളിൽ നിന്നും രക്ഷപെടും , എല്ലാവിഗ്നങ്ങളും നശിച്ച് ഈശ്വരപദത്തിലെത്തും.
ഒമ്പത് മുഖം-യമൻ‍, ഇത് ഇടത്തേ കരത്തിലാണ് ധരിക്കേണ്ടത് ,അങ്ങനെ ധരിച്ചാൽ അവന് ഭക്തിയും മുക്തിയും ലഭിക്കും ,ഭഗവാനു തുല്യം ബലവാനായി ഭവിക്കും നൂറു ബ്രഹ്മഹത്യാപാപങ്ങളും നശിക്കും
പത്ത് മുഖം- ദേവേശനായ ജനാർദ്ധനമൂർത്തിയാണ് ,നീചഗ്രഹങ്ങൾ ,പിശാച്ചുക്കൾ , വേതാളങ്ങൾ , ബ്രഹ്മരക്ഷസുകൾ ,സർപ്പങ്ങൾ , മുതലായവ മൂലമുണ്ടാകുന്ന പീഡകൾ ഇത് ധരിക്കുന്നതുകൊണ്ട് ഇല്ലതാകും
പതിനൊന്ന് മുഖം-ഏകാദശ രുദ്രൻ, അത് ശിഖയിലാണ് ധരിക്കേണ്ടത് ,അത് ധരിക്കുന്നതുകൊണ്ട് ആയിരം അശ്വമേധവും നൂറു വാജ്പേയവും പതിനായിരം ഗോധാനവും ചെയ്ത പുണ്യം ലഭിക്കും
പന്ത്രണ്ട് മുഖം-വിഷ്ണു, ഇത് കാതിൽ വേണം ധരിക്കാൻ ,അതുകൊണ്ട് ഗോമേധത്താലും അശ്വമേധത്താലും ലഭിക്കുന്ന ഫലം ലഭിക്കുന്നു ,കൊമ്പുള്ള മൄഗങ്ങളിൽ നിന്നോ ശസ്ത്രങ്ങളിൽ നിന്നോ വ്യാഘ്രമൃഗങ്ങളിൽ നിന്നോ അവന് യാതൊരു ഭയവുമുണ്ടാകില്ല ,ആധിയും വ്യാധിയും അവനെ ബാധിക്കുകയില്ല ആന ,കുതിര , പൂച്ച , മാൻ , സർപ്പം , എലി, തവള, കഴുത , നായ് , കുറുക്കൻ , തുടങ്ങിയ ജീവികളെ കൊന്ന പാപം ഇല്ലാതകുന്നു
പതിമൂന്ന് മുഖം-കാമദേവൻ‍, സർവ്വ കാമാർത്ഥങ്ങളും പ്രധാനം ചെയ്യും , രസവും രസായനവും അവനു ലഭിക്കും , അച്'ഛനേയും അമ്മയേയും സഹോദരനേയും കൊന്ന പാപം ഇല്ലാതകും
പതിനാല് മുഖമുള്ള രുദ്രാക്ഷം ധരിക്കുന്നവർ സാക്ഷാൽ പരമശിവന് തുല്യനായി തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ശിരസ്സിൽ വേണം ധരിക്കാൻ
ദേവപ്രീതി,പാപമുക്തി,രോഗമുക്തി എന്നിവയ്ക്കായി രുദ്രാക്ഷം ധരിക്കാം. രുദ്രാക്ഷമാലയുടെ മുത്തുകളുടെ എണ്ണവും ഫലങ്ങളിൽ വ്യത്യാസമുണ്ടാക്കും.

രുദ്രാക്ഷം ഈ ചെടിയുടെ കായയിൽ നിന്നു ലഭിക്കുന്നു. രുദ്രാക്ഷത്തിന്റെ ഉളളിൽ‌ അതിന്റെ വിത്തുകൾ ഉണ്ടാകും.  വിത്തുകളുടെ എണ്ണം അനുസരിച്ചു രുദ്രാക്ഷത്തെ മുഖങ്ങൾ എത്രയെന്നു കണക്കാക്കുന്നു. രുദ്രാക്ഷത്തെ 1999 ലെ ഇന്ത്യൻ ജെമോളജിക്കൽ കോൺഫറൻസ് ജൈവരത്നമായി അംഗീകരിച്ചിട്ടുണ്ട്. ഓർഗാനിക് ജെം ആണു രുദ്രാക്ഷം. രുദ്രാക്ഷരത്നം എന്നു വിളിക്കാം. രുദ്രാക്ഷങ്ങളുടെ ഗുണങ്ങളെക്കുറിച്ചു പത്മപുരാണം, ശിവപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. പരമശിവന്റെ നേത്രങ്ങൾ‌, ദുഃഖത്തെ നശിപ്പിക്കുന്നത് എന്നിങ്ങനെ പല അർഥങ്ങൾ ഉണ്ട്.

രുദ്രാക്ഷത്തിന്റെ മുഖങ്ങൾ

1 മുതൽ 21 വരെയാണു സാധാരണ ലഭ്യമായ രുദ്രാക്ഷങ്ങളുടെ മുഖം. ഇതിൽ 3, 4, 5, 6 മുഖരുദ്രാക്ഷങ്ങൾ കൂടുതലായി ലഭിക്കുന്നു. മറ്റുളളവ ദുർലഭമാണ്. ഒരേ രുദ്രാക്ഷ മരത്തിൽ തന്നെയാണു വിവിധ മുഖമുളള രുദ്രാക്ഷങ്ങൾ ഉണ്ടാകുന്നത്. ഭൂരിപക്ഷവും പഞ്ചമുഖരുദ്രാക്ഷങ്ങൾ ആയിരിക്കും. ഗൗരീശങ്കരം എന്ന ഇരട്ട രുദ്രാക്ഷം, ഗണേശരൂപം ഉളള ഗണേശമുഖി, സവാർ (നാഗ) ഏകമുഖം, ത്രിജ്യുതി എന്നിവയാണു ലഭ്യമായ രുദ്രാക്ഷങ്ങൾ.

വിവിധ മുഖത്തിൽ ഉളള രുദ്രാക്ഷങ്ങൾ ഉണ്ടെങ്കിലും 3, 4, 5, 6 മുഖരുദ്രാക്ഷങ്ങൾ ആണു കൂടുതലായി ലഭിക്കുന്നത്. മറ്റുളളവയ്ക്കു വലിയ വിലയാണ്‌. നേപ്പാളിൽ നിന്നു ലഭിക്കുന്നവയാണു യഥാർ‌ഥ രുദ്രാക്ഷം. ഭാരതത്തിൽ നിന്നു ലഭിക്കുന്നവയെ ഭദ്രാക്ഷം എന്നും ഇന്തോനേഷ്യയിൽ നിന്നു ലഭിക്കുന്നവയെ ഇന്ദ്രാക്ഷം എന്നും വിളിക്കുന്നു. ഇവയെല്ലാം തന്നെ രുദ്രാക്ഷം എന്ന ലേബലിൽ വിൽക്കപ്പെടുന്നു. മറ്റെല്ലാ രംഗങ്ങളിലെയും പോലെ വ്യാജ രുദ്രാക്ഷങ്ങളും ഉണ്ട്. അവ തിരിച്ചറിയാൻ പരിശീലനം ലഭിച്ചവർക്കു മാത്രമേ കഴിയൂ. വിശ്വസ്തമായ സ്ഥാപനങ്ങളിൽ നിന്നു രുദ്രാക്ഷം വാങ്ങുക.

ചില രുദ്രാക്ഷങ്ങളുടെ വിശേഷങ്ങൾ

മൂന്നു (3) മുഖ രുദ്രാക്ഷം :– ചൊവ്വാ ദോഷത്തിന്റെ കാഠിന്യം കുറയ്ക്കാനും നല്ല ദാമ്പത്യ ജീവിതം ഉണ്ടാകാനും ദീർഘ സുമംഗലീഭാഗ്യം അനുഭവിക്കാനും ഉത്തമം. സ്ത്രീകൾ താലിയോടൊപ്പം ധരിക്കുക.

നാലു (4) മുഖ രുദ്രാക്ഷം:– വിദ്യാഭ്യാസ കാലത്ത് ധരിക്കാൻ ഉത്തമം. മത്സരപരീക്ഷകളിൽ ഉന്നത വിജയം ലഭിക്കാനും വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കാനും സദ്ബുദ്ധി ഉണ്ടാകാനും ഉത്തമം.

അഞ്ചു (5) മുഖ രുദ്രാക്ഷം :– ഏറ്റവും ഗുണപ്രദമാണ് എല്ലാ വിധ സൗഭാഗ്യങ്ങളും ലഭിക്കുന്നു. ദൈവാധീനം ഉണ്ടാകാനും, അഭിമാനകരമായ പൊതു ജീവിതത്തിനും ഉത്തമം.

ആറു (6) മുഖ രുദ്രാക്ഷം:– ധൈര്യം, ക്ഷമ എന്നിവയ്ക്ക് ഉത്തമം പ്രതിസന്ധികളെ അതിജീവിക്കാനുളള മാർഗ്ഗങ്ങൾ തെളിയും, മടി, മന്ദത, അലസത എന്നിവ ഒഴിവാക്കി കർമ്മരംഗത്ത് ശോഭിക്കാൻ ഇടയാക്കും.

രുദ്രാക്ഷങ്ങൾ മാലയായിട്ടും ഒറ്റയ്ക്കും മൂന്നായിട്ടും കഴുത്തില്‍ ധരിക്കാം. ബ്രേയ്സ് ലെറ്റ് ആയും ധരിക്കാം. സ്വർ‌ണം, വെളളി, ചരട് എന്നിവയിൽ ധരിക്കാം. എല്ലാ ജാതിമതക്കാർക്കും രുദ്രാക്ഷം ധരിക്കാം. 24 മണിക്കൂറും ധരിക്കാം. ഒരു നെല്ലിക്കാ വലുപ്പം ഉളളത് ഉത്തമം. നെല്ലിക്കാ കുരുവിന്റെ വലിപ്പം ഉളളതു മധ്യമം. തീരെ ചെറുത് അധമം. 108 രുദ്രാക്ഷവും ചുട്ടിയായി കുറച്ച് വലിയ രുദ്രാക്ഷവും ചേർ‌ത്തു മാലയായി ധരിക്കാം. വെളളി, സ്വർ‌ണം തുടങ്ങിയ ലോഹങ്ങളിൽ രുദ്രാക്ഷം ധരിക്കുന്നതാണ് ഉത്തമം. ശരീരത്തിലെ ജൈവ വൈദ്യുതിയുടെ നിയന്ത്രണത്തിനും പോഷണത്തിനും രുദ്രാക്ഷം സഹായിക്കും എന്ന അഭിപ്രായവും ഉണ്ട്. ധരിക്കാൻ താൽപര്യമില്ലാത്തവർക്ക് പൂജാവസ്തുവായി ഉപയോഗിക്കാം. സർ‌വപാപദോഷമുക്തിയാണു രുദ്രാക്ഷധാരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

രുദ്രാക്ഷത്തിന്റെ രത്നശാസ്ത്രവിവരണങ്ങൾ :– നിറം– ഇരുണ്ട തവിട്ടുനിറത്തിന്റെ രൂപഭേദങ്ങള്‍. സുതാര്യത ഇല്ല, തിളക്കക്കുറവ്, കാഠിന്യം–4, ആപേക്ഷിക സാന്ദ്രത– 1.3 – 1.6 വരെ. ജൈവരത്നം (seed of elaco carpus ganiturs) ദുഃഖത്തെ അകറ്റി ജീവിതലക്ഷ്യങ്ങൾ പൂർത്തീകരിച്ചു മോക്ഷത്തെ പ്രാപ്തമാക്കും എന്നു നൂറ്റാണ്ടുകളായി ഭാരതീയർ വിശ്വസിച്ചുപോരുന്നു. അതിശയോക്തിപരമായ പല‌ കഥകളും രുദ്രാക്ഷധാരണവുമായി ബന്ധപ്പെട്ടു പ്രചാരത്തിൽ ഉണ്ട്. എന്തായാലും രുദ്രാക്ഷധാരണം സർ‌വപാപഹരം ആണ്.

ഗുണങ്ങൾ

രുദ്രാക്ഷധാരണം ശരീർത്തെ ഒരു കവചം പോലെ സംരക്ഷിക്കുന്നു . മനസ്സിന് ശാന്തിയും ഉന്മേഷവും നൽകുന്നു . വിഷജന്തുക്കളും മറ്റുപദ്രവജീവികളും അയാളുടെ സമീപത്തുകൂടി വരില്ല , മനസ്സിൽ ഏകാഗ്രത ലഭിക്കുന്നു , മുഖം ഐശ്വര്യവും പ്രശാന്തവുമാകുന്നു, രുദ്രക്ഷ ദാരികൾ പറയുന്നത് ഫലിക്കുന്നു , അവരെ എല്ലാവരും ബഹുമാനിക്കും ,ദുഷ്ട ശക്തികളും ദുഷ്ടലക്ഷ്യത്തോടെ പ്രയോഗിക്കുന്ന മന്ത്രശക്തികളും മറ്റും രുദ്രാക്ഷധാരികൾക്ക് ഏൽക്കുകയില്ല.

ശരീരത്തിന്റെ ഓറയെ ബലപ്പെടുത്തുവാൻ രുദ്രാക്ഷധാരണം കൊണ്ടു സാധിക്കും എന്നു ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ഒരു പഠനം തെളിയിച്ചിരുന്നു. ഓറയുടെ സ്വാധീനത്തിലൂടെ ഹൃദയസ്പന്ദനത്തെ ക്രമീകരിക്കാനും രുദ്രാക്ഷത്തിനു കഴിവുണ്ടെന്നു ഈ പഠനത്തെ അടിസ്ഥാനപ്പെടുത്തി പത്രങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

സ്ത്രീകളിൽ പഴയകാലത്ത് രുദ്രാക്ഷം ധരിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കിയിരുന്നു . അക്കാലത്ത് ഋഷിപത്നിമാർ രുദ്രാക്ഷം ധരിച്ച് പൂജാകർമ്മങ്ങൾ നടത്തിയിരുന്നതായി  പുരാണങ്ങളിൽ പറയുന്നുണ്ട് . മാസമുറക്കാലത്ത് സ്ത്രീകൾ മാല ഊരിവയ്ക്കണമെന്ന് നിർദ്ദേശിക്കുന്നു .അവരുടെ താലിയോടൊപ്പം മൂന്നു മുഖ രുദ്രാക്ഷംകൂടി ബന്ധിച്ചു ധരിക്കുന്നത് വീടിൻറെ ഐശ്വര്യത്തിനും ദീർഘസുമഗലിയായിരിക്കുന്നതിനും സഹായിക്കുന്നു . കുട്ടികൾ ഇല്ലാത്ത സ്ത്രീകൾ രണ്ടുമുഖ രുദ്രാക്ഷം ധരിക്കുന്നത് സന്താന ലബ്ധിക്കു നല്ലതാണ് .ചില ഗ്രന്ധങ്ങളിൽ അവരുടെ ആർത്തവം കഴിഞ്ഞതിനു ശേഷമേ രുദ്രാക്ഷം ധരിക്കാൻ പാടുള്ളൂവെന്നു പറയുന്നുണ്ട്.

പിത്തം, ദാഹം, വിക്കു എന്നിവ മാറിക്കിട്ടാൻ രുദ്രാക്ഷം നല്ലൊര് ഔഷധമാണ് എന്ന് ആയുർവേദം സമർത്ഥിക്കുന്നു. മാത്രമല്ല കഫം, വാതം, തലവേദന തുടങ്ങിയ രോഗങ്ങൾക്കും നല്ലതാണ്. രുചിയെ വർദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുള്ള രുദ്രാക്ഷത്തിന് മാനസികരോഗങ്ങൾ ശമിപ്പിക്കുവാനുള്ള കഴിവുമുണ്ട്.ഇതൊക്കെ കൊണ്ടാകണം പഴമക്കാർ രുദ്രാക്ഷധാരണത്തിന് ഇത്രയധികം പ്രാധാന്യം നൽകിയത്.

രുദ്രാക്ഷത്തിന് നല്ല നിറവും ബലവും ലഭിക്കുന്നതിന് എള്ളെണ്ണ നല്ലതാണെന്നു പറയുന്നു. ആറുമാസം രുദ്രാക്ഷം എള്ളെണ്ണയിൽ സൂക്ഷിക്കണം.എണ്ണ പരിശുദ്ധമായിരിക്കണം .അങ്ങനെ എള്ളെണ്ണയിൽ സൂക്ഷിച്ചാൽ രുദ്രാക്ഷത്തിന് നിറവും ബലവും ദീർഘായുസും ലഭിക്കുമെന്ന് പറയുന്നു , രുദ്രാക്ഷം സൂക്ഷച്ച എണ്ണയ്ക്ക് ഔഷധഗുണമുണ്ടാകുമെന്നും വാതരോഗികൾ ഈ എണ്ണ ശരീരത്തില്പുരട്ടിയാൾ രോഗശമനമുണ്ടാകുമെന്ന് പറയപ്പെടുന്നു.