ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
Showing posts with label ഓം ശരവണ ഭവഃ. Show all posts
Showing posts with label ഓം ശരവണ ഭവഃ. Show all posts

Sunday, July 9, 2017

ഓം ശരവണ ഭവഃ ഭാഗം :- 8 പഴനി ശ്രീ ദണ്ഡായുധപാണി ക്ഷേത്രം (തുടർച്ച...)



ഇനി നമുക്ക് പഴനിമല വേൽമുരുകനെ ദർശനം നടത്താം. ഈ വേളയിൽ സർവ്വ പ്രഥമമായി ദർശനം ചെയ്യേണ്ടത് മൂലസ്ഥനമായ തിരുവാവിനംകുടി ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിൽ ഭക്തരെ സ്വാഗതം ചെയ്യുന്നത് ഒരു രാജഗോപുരവും മുഖമണ്ഡപവുമാണ്. അകത്തേക്ക് പ്രവേശിച്ചാൽ ഇടതു ഭാഗത്തുള്ള ഗണപതിയെ വണങ്ങി മുരുകന്റെ സന്നിധിയിൽ എത്തണം. മയിലിനു മേലേയാണ് ഇവിടെ ഭഗവാൻ ഇരിക്കുന്നത്. അതിനാൽ തന്നെ ഇവിടെത്തെ സ്വാമിയെ കുഴന്തൈ വേലായുധസ്വാമി എന്ന തിരുനാമത്തിൽ അറിയപ്പെടുന്നു. ഉപദേവതകളായി ദുർഗ, ശനീശ്വരൻ, നക്കീരർ മുനി എന്നിവരും കുടികൊള്ളുന്നു. ക്ഷേത്രത്തിന് അൽപം വടക്കുകിഴക്കു മാറി ശരവണ തീർത്ഥം സ്ഥിതി ചെയ്യുന്നു. ആറു പടൈ വീടുകളിൽ ഈ തീർത്ഥം ഉണ്ട്.



അങ്ങനെ ഇവിടെത്തെ ദർശനത്തിനു ശേഷം പഴനിമലയുടെ അടിവാരത്തുള്ള ഗണപതി സന്നിധിയിലെത്തണം. ഇവിടെ ഗണപതിക്ക് നാളികേരം ഉടച്ച് കർപ്പുരം കത്തിച്ച് പ്രാർത്ഥിച്ച് ഒരു പ്രദിക്ഷണം ചെയ്യുക. ( ചില ഭക്തന്മാർ ഗിരി പ്രദക്ഷിണം നടത്താറുണ്ട്. ഗിരിപ്രദക്ഷിണം എന്നു പറയുന്നത് മലയെ ഒരു വലംവയ്ക്കലാണ്.). ഇനി മല കയറണം, മലകയറുമ്പോൾ ഇരുവശങ്ങളിലുമായി പരിവാര ദേവതമാരുടെ സന്നിധികൾ കാണാം. പാദവിനായകരുടെ സന്നിധിയുടെ മുന്നിലുള്ള മണ്ഡപത്തിൽ കണ്ണപ്പനയനാർ ദേവയാനി കല്യാണം, ശൂരസംഹാര സുബ്രഹ്മണ്യസ്വാമി, വീരബാഹു തുടങ്ങിയവരുടെ ശില്പങ്ങൾ കാണാം. ഇതിനടുത്തുള്ള മണ്ഡപമാണ് മയിൽ മണ്ഡപം. പടിഞ്ഞാറ് പാതയിൽ ഇടക്ക് വള്ളിനായകി, വിനായകർ, ഹിഡുംബൻ, ചന്ദ്രൻ ഇവരുടെ ശില്പങ്ങളും കാണാം.


693 പടികൾ പിന്നിട്ടുവേണം 1068 അടി ഉയരത്തിലുള്ള പഴനിമല ക്ഷേത്രത്തിലെത്താൻ. കുത്തനെയുള്ള പടികൾ കയറാൻ ബുദ്ധിമുട്ടുളളവർക്ക് അൽപം പടികൾ പിന്നിട്ട ശേഷം ക്ഷേത്രത്തിലെ എഴുന്നളളത്തിന് ആനയെ കൊണ്ടു പോകുന്നതിനുള്ള ആനപ്പാതയെന്ന ആനച്ചാൽ വഴി പോകാവുന്നതാണ്. ഈ വഴിയിൽ ഇടക്കു മാത്രം മന്നുനാലു പടികൾ വീതം കാണാം. ഈ വഴിയിലൂടെ പോകുമ്പോൾ ഭഗവാൻ അവ്വയാർക്ക് ദർശനം കൊടുക്കുന്നതും ഹിഡുംബൻ മലകൾ ചുമന്നുകൊണ്ട് വരുന്നതുമായ ശില്പങ്ങൾ കാണാം. ഇതിനും ബുദ്ധിമുട്ടുണ്ടെങ്കിൽ മലകയറുന്നതിനായി വിഞ്ച് റയിൽ എന്നറിയപ്പെടുന്ന ചെറു ബോഗികൾ അടങ്ങിയ റയിൽ സംവിധാനം അതുമല്ലെങ്കിൽ റോപ് കാർ തുടങ്ങിയവ ആശ്രയിക്കാം. കാൽനടത്തം തന്നെയാണ് ഏറ്റവും നല്ലത്.


ഏറെക്കുറെ പകുതി ഭാഗം പിന്നിടുമ്പോൾ ഹിഡുംബൻ സന്നിധി കാണാം. ഇവിടെ ഹിഡുബന് നാളികേരമുടച്ച് കർപ്പൂരം കത്തിച്ചും പ്രാർത്ഥിക്കുന്നു. ഇവിടെ കുറുവടിവേലൻ എന്നൊരു സന്നിധിയും കാണാം. വീണ്ടും യാത്ര മലമുകളിലേക്ക്... മുകളിലെത്തുമ്പോൾ പടികൾ അവസാനിക്കുന്ന ഭാഗത്ത് മരച്ചുവട്ടിലിരിക്കുന്ന ഗണപതി ഭഗവാനെ വണങ്ങുക. തുടർന്ന് പഴനിമല മുരുക ക്ഷേത്രത്തെ പുറത്ത് കൂടെ ഒരു പ്രദക്ഷിണം വച്ച് അകത്ത് കയറാവുന്നതാണ്. ഈ പ്രദക്ഷിണ വഴിയിൽ അറുപടൈ വീടുകളിലെ മൂത്തികളുടെ ശില്പങ്ങളുണ്ട്. അകത്തേക്കു പ്രവേശിക്കുന്ന ഭാഗത്ത് മണിക്കെട്ടുമണ്ഡപം അതിനടുത്ത് വല്ലഭ വിനായക സന്നിധിയും സ്ഥിതി ചെയ്യുന്നു.


മണിക്കെട്ട് മണ്ഡപത്തിന്റെ സമീപമുള്ള നായ്ക്കർ മണ്ഡപത്തിൽ സുബ്രഹ്മണ്യ വിനായകർ, നക്കീരർ, അരുണഗിരിനാഥർ ഇവരുടെ സന്നിധികളുണ്ട്. അങ്ങനെ അഞ്ചു നിലകളുള്ള ഗോപുരം കടന്നാൽ പദവേൽ മണ്ഡപവും നവരംഗ മണ്ഡപവും സ്ഥിതി ചെയ്യുന്നു. 12 കൽത്തുണുകളിൽ നിൽക്കുന നവരംഗ മണ്ഡപത്തിന്റെ ആരംഭത്തിൽ കുക്കുടധ്വജം കാണാം. ഈ കൊടിമരത്തിന്റെ മുകളിൽ ജീവനുള്ള ഒരു പൂവൻകോഴി വന്നിരിന്നു കൂവുമത്രെ! നടരാജനി നവവീരന്മാർ, വേലായുധ വിശ്വനാഥൻ എന്നിവരുടെ മണ്ഡപമാണ് അടുത്തത്. ഈ മണ്ഡപം കഴിഞ്ഞ് ആദ്യ പ്രദക്ഷിണ വഴിയിൽ വടക്കു ഭാഗത്ത് മലെെകെശ്ശനീശ്വരൻ, അംബിക നവവീരന്മാർ, ചണ്ഡീശ്വരൻ മുതലായവരുടെ സന്നിധികളുമുണ്ട്.


ഇനി നമ്മൾ ദർശിക്കുവാൻ പോകുന്നത് പടിഞ്ഞാറ് ദർശനമായി നിൽക്കുന്ന സാക്ഷാൽ ദണ്ഡായുധപാണി സ്വാമിയുടെ പ്രതിഷ്ഠക്ക് മുന്നിലാണ്.നവപാഷാണത്തിൽ നിർമ്മിതമായ ഈ വിഗ്രഹത്തിനെ കുറിച്ച് ഒന്നു നോക്കാം.



ദോഗരും ദണ്ഡായുധപാണിയും

ദക്ഷിണ ദേശത്തെ പതിനെട്ടു സിദ്ധന്മാരിൽ ഒരാളായ ഭോഗര്‍ മഹര്‍ഷിയാണ് മുരുകന്റെ വിഗ്രഹം പഴനി മലയില്‍ സ്ഥാപിച്ചതെന്നു കരുതുന്നു. നവപാഷാണത്തിന്റെ ഒരു മിശ്രിതമാണത്രെ ഇതിനുപയോഗിച്ചത്. ആദിയിൽ ഭോഗർ പഴനിമലയിൽ പഞ്ചലോഹ വിഗ്രഹം വെച്ചാണ് പൂജ നടത്തിയത്. വൈദ്യവിധി അറിയാവുന്ന അദ്ദേഹത്തിന് വിവിധ മൂലികകൾ ചേർത്ത ഔഷധ ഗുണമുള്ള ഒരു വിഗ്രഹം നിർമാണം ചെയ്ത് പ്രതിഷ്ഠിക്കണമെന്ന് ഒരാഗ്രമുണ്ടായി. പക്ഷേ പഞ്ചലോഹ വിഗ്രഹത്തിന്റെ പൂജകൾ മുടക്കി പോകുവാൻ മനഃപ്രയാസവും ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു ശിഷ്യനെ കിട്ടി. പുലിപ്പാണിയെന്നായിരുന്നു ശിഷ്യന്റെ പേര്. അദ്ദേഹം ശിഷ്യന് മൂലമന്ത്രം ഉപദേശിച്ചു. പൂജാവിധാനങ്ങൾ ചൊല്ലി കൊടുത്ത് കൂടെ പാർപ്പിച്ചു. ആ ഉത്തമ ശിഷ്യൻ ശീഘ്രം തന്നെ ഉപാസനയും പൂജയും നല്ല വിധം അഭ്യസിച്ചു. ആ സമയം ഗുരു ശിഷ്യനെ വിളിച്ച് തന്റെ ആഗ്രഹം അറിയിച്ചു. ഔഷധ ഗുണമുള്ള വിഗ്രഹനിർമ്മാണത്തിനാവശ്യമായ മൂലികകൾ തേടി താൻ ഹിമാലയത്തിലേക്ക് പോകുകയാണ്. താൻ തിരിച്ചു വരുന്നതുവരെ മുരുകന്റെ പൂജ മുടങ്ങാതെ കൃത്യമായി നടത്തുവാൻ ശിഷ്യനെ ഏർപ്പാട് ചെയ്ത് ഗുരു ഹിമാലയത്തിൽ പോയി.


അങ്ങനെ കാലങ്ങൾ വളരെ പിന്നിട്ടു. അങ്ങനെ ഒരു ദിവസം ഭോഗർ മൂലാധികൾ ശേഖരിച്ച് തിരിച്ചെത്തി. പക്ഷേ അപ്പോഴെക്കും ദോഗർ മൂലമന്ത്രം മറന്നിരിന്നു. അദ്ദേഹം പുലിപ്പാണിയോട് ആ മന്ത്രം ഉപദേശിക്കുവാൻ നിർദേശിച്ചു. പുലിപ്പാണി വഴങ്ങിയില്ല. കാരണം ഗുരുവിനെ താൻ ഉപദേശിക്കുന്നത് മഹാപാപമാണ്. അതിനാൽ ഭോഗർ ദണ്ഡ് വച്ചു കൊടുത്തു. നീ ഈ ദണ്ഡിന് ഉപദേശിക്കുക, താൻ ദണ്ഡിൽ നിന്നും ഉപദേശം വാങ്ങിക്കോളാം എന്ന് നിർദ്ദേശിച്ചു. അങ്ങനെ ഭോഗരുടെ ഗുരുവായി മാറി ഈ ദണ്ഡ്. തുടർന്ന് നവപാഷാണം കൊണ്ട് വിഗ്രഹം നിർമ്മിച്ചു. വളരെ വേഗം ഉറക്കുന്ന ഒരു രാസമിശ്രിതം ആണ് ഇത്. അതുകൊണ്ടു തന്നെ ശില്പിക്ക് വളരെ പെട്ടെന്നു തന്നെ വിഗ്രഹം സൗന്ദര്യവൽകരിക്കാനുള്ള പ്രയത്‌നം തുടങ്ങേണ്ടി വന്നു. എന്നിരിക്കിലും, വിഗ്രഹത്തിന്റെ മുഖം, വളരെ വിശിഷ്ടമായ രീതിയില്‍ പൂര്‍ത്തീകരിക്കാനായി അദ്ദേഹം വളരെയധികം സമയമെടുത്തു. അതുകൊണ്ടു തന്നെ, വിഗ്രഹത്തിന്റെ മറ്റു ഭാഗങ്ങള്‍ മുഖം പോലെ തന്നെ മനോഹരമാക്കാന്‍ ശില്പിക്കു സാധിച്ചില്ല. മുരുകസ്വാമിയുടെ വിഗ്രഹത്തില്‍ മുഖവും, ശരീരത്തിന്റെ ബാക്കി ഭാഗങ്ങളുമായുള്ള ഒരു തുലനമില്ലായ്മ കാണാന്‍ കഴിയും, സൗന്ദര്യത്തിന്റെ കാര്യത്തില്‍. വിഗ്രഹനിർമാണം പൂർത്തിയായപ്പോൾ ഇടക്കാലം കൊണ്ട് തന്റെ ഗുരുവായ ദണ്ഡിനെ ഭഗവാന് സമർപ്പിച്ചു. ഇപ്രകാരം ഭഗവാൻ ദണ്ഡായുധപാണി എന്ന നാമത്തിൽ അറിയപ്പെടുന്നു. ഈ ദണ്ഡിനെ ജ്ഞാനദണ്ഡ് എന്നും അറിയപ്പെടുന്നു.




ശിരസ്സ് മുണ്ഡനം ചെയ്ത് വെള്ള കൗപീനവും ധരിച്ച് ആണ്ടിയായിട്ടാണ് ഭഗവാൻ നിൽക്കുന്നത്. വൈകുനേരത്തെ അഭിഷേകം കഴിഞ്ഞ് മാത്രം ഭഗവാനെ രാജകീയ അലങ്കാരത്തിൽ ദർശിക്കാവുന്നതാണ്. ഭഗവാനെ കൺനിറയെ കണ്ടു കൊണ്ട് കൈകൂപ്പി തോഴുതുകഴിഞ്ഞാൽ ഭോഗര്‍ മഹര്‍ഷിയുടെ  സന്നിധിയിൽ ചെല്ലണം. ഈ ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറേ ഇടനാഴിയില്‍ സ്ഥാപിച്ചിട്ടുള്ളതാണ് ഭോഗർ സന്നിധി. ഇവിടെയാണ് ഭോഗർ പണ്ടുകാലത്ത് വസിച്ചിരുന്നത്. അന്ന് ദോഗർ പൂജിച്ചിരുന്ന ഭുവനേശ്വരീ വിഗ്രഹം ഇന്നും ഇവിടെ പൂജിക്കപ്പെടുന്നു. ഇവിടെ നിന്നും ദണ്ഡായുധപാണി സ്വാമിയുടെ ഗർഭഗൃഹത്തിലേക്ക് ഒരു തുരങ്ക പാതയുണ്ട്.  ഇവിടെയാണ് ഇദ്ദേഹം, അഷ്ടദിക്പാലകന്മാരുമായി ധ്യാനത്തിലേര്‍പ്പെടുന്നത് എന്നു വിശ്വസിക്കുന്നു. ഒരു നാൾ ഭോഗർ ഈ തുരങ്ക പാതവഴി പോകുന്നത് കണ്ടവരുണ്ട്. ഭോഗരെ പിന്നെ ആരും കണ്ടിട്ടില്ല. അതിനാൽ തന്നെ ഇന്ന് നാം കാണുന്ന ഭോഗർ സന്നിധി അദ്ദേഹത്തിന്റെ സമാധി സ്ഥാനമായി കരുതുന്നു. ഉൾപ്രകാരത്തിൽ അടുത്തകാലത്തായി പ്രശസ്തരായ 18 സിദ്ധന്മാരുടെ  മൂർത്തികൾ പ്രതിഷ്ഠിച്ചു.

01. അഗസ്ത്യർ
02. ഭോഗർ
03. പുലിപ്പാണി
04. തിരുമൂലർ
05. ഇടയ്ക്കാടർ
06. രാമദേവർ
07. കമലമുനി
08. കരുവൂരാർ
09. കുരുംബൈ സിദ്ധർ
10. കൊങ്കണർ
11. കോരക്കർ
12. ജഡൈ മുനി
13. ചന്ദ്രാനന്ദർ
14. ധന്വന്തരി
15. നാന്ദിദേവർ
16. പതഞ്ജലി
17. പാമ്പാട്ടി
18. മത്സമുനി

അങ്ങനെ ഈ 18 സിദ്ധന്മാരെയും അവരുടെ സമീപമുള്ള ഗണപതിയേയും വണങ്ങി പുറത്തിറങ്ങി ഒന്നു കൂടെ പഴനിയാണ്ടവനെ വണങ്ങി മലയിറങ്ങണം. പഴനിയാണ്ടവാ ഹരഹരോ ഹരഹരാ....... 

Saturday, July 8, 2017

ഓം ശരവണ ഭവഃ ഭാഗം:- 7 പഴനി ശ്രീ ദണ്ഡായുധപാണി ക്ഷേത്രം

ഭാഗം:- 7 

പഴനിമല  വാണരുളും  വേലായുധ വേൽ
പഴനിമല കോവിൽ എന്നു കേൾക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ഭക്തിഗാനം ഇതാണ്

പഴനിമലകോവിലിലെ പാൽക്കാവടി
ബാലസുബ്രഹ്മണ്യന്റെ  പീലിക്കാവടി.....


ഈ ഗാനത്തിൽ പറയുന്നത് എത്ര സത്യമാണ്. ദേവനു മുന്നിൽ കാവടിയെടുത്തു തുള്ളിയുറഞ്ഞു വരുന്ന അനേകം ഭക്തരില്ലാത്ത ഒരു ദിവസം പോലും ഇല്ലയെന്നു തന്നെ പറയാം. കാവടിയുടെയും വാദ്യമേളങ്ങളുടെയും ഹരഹരോ ഹരഹരാ.. എന്ന ഭക്തിമയമായ വിളിയിലും നമുക്കും ഒന്നുലയിച്ചു ചേരാം. ഞാൻ ഈ ക്ഷേത്രത്തിൽ ആറ് തവണ ദർശനം നടത്തിയിട്ടുണ്ട്. ഈ പുണ്യഭൂമിയിൽ ദർശനത്തിന് സാധിച്ചുതു തന്നെ വേലായുധന്റെ കൃപകൊണ്ട് തന്നെയാണ്. ഇനി നമുക്ക് ക്ഷേത്രത്തിന്റെ വിവരണത്തിലേക്ക് കടക്കാം.


പഴം നീയെന്ന പഴനി എന്ന നഗരത്തിലുള്ള പഴനി മലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ രണ്ട് മലകൾ ഉണ്ട് ഒന്ന് മുരുകന്റെ മല മറ്റൊന്ന് ഇഡുംബന്റെ (ഹിഡുംബന്റെ) മല. പഴനി മുരുകനെ ദർശിക്കുവാൻ പോകുന്നവർക്ക് ദൂരെ നിന്നു തന്നെ മലയെയും ക്ഷേത്രത്തെയും കാണാൻ സാധിക്കും. ഈ മലയ്ക്ക് താഴെയാണ്, മുരുകന്റെ അറുപടൈവീട് എന്നറിയപ്പെടുന്ന ആറു ഗൃഹങ്ങളില്‍ ഒന്നു സ്ഥിതിചെയ്യുന്നത്. ഇതിന്റെ പേര് തിരുഅവിനാന്‍കുടി എന്നറിയപ്പെടുന്നു. മുരുകദർശനത്തിന് മുമ്പ് മുരുകൻ തിരുഅവിനാൽ കുടിയിൽ വരാനുള്ള കാരണവും പഴനി എന്ന സ്ഥലനാമവും മലയും വരാനുള്ള കാരണത്തെയും ചുണ്ടിക്കാണിക്കുന്ന കഥയിലേക്ക് കടക്കാം.



മുരുകൻ പഴനിയിൽ

നാരദ മഹര്‍ഷി ഒരിക്കല്‍ പരമശിവന്റെ ഇരിപ്പിടമായ ദിവ്യമായ കൈലാസപര്‍വ്വതം സന്ദര്‍ശിക്കുകയുണ്ടായി. ആ അവസരത്തില്‍ നാരദന്‍ അദ്ദേഹത്തിനു ജ്ഞാനപഴം നല്കി. ഇത് വിജ്ഞാനത്തിനു വേണ്ടിയുള്ള അമൃത് ആയി കണക്കാക്കപ്പെടുന്ന ഒരു പഴമാണ്. തന്റെ പുത്രന്മാരായ ഗണപതിക്കും കാര്‍ത്തികേയനും തുല്യമായി നല്കാനായി അദ്ദേഹം അത് മുറിക്കാനായി ഭാവിച്ചപ്പോള്‍, പഴത്തിന്റെ അമൂല്യശക്തി നഷ്ടപ്പെട്ടു പോകുമെന്ന് പറഞ്ഞത് നാരദ മഹര്‍ഷി അത് തടഞ്ഞു. വിഷമഘട്ടത്തിലായ പരമശിവന്‍, പഴം തന്റെ ബുദ്ധിമാനായ മകനു നല്കാനായി ഒരു മത്സരം നിശ്ചയിച്ചു. ഈ ലോകത്തെ മൂന്നു പ്രാവശം വലംവെച്ചു വരുന്നതാരാണോ, അയാള്‍ക്ക് ഈ പഴം സമ്മാനമായി നൽകുമെന്നു പറഞ്ഞു. ഇതു കേട്ടപാടെ സുബ്രഹ്മണ്യന്‍ തന്റെ വാഹനമായ മയിലിന്റെ പുറത്ത് ലോകം ചുറ്റിവരാന്‍ പുറപ്പെട്ടു. എന്നാല്‍ ഗണപതി, തന്റെ മാതാപിതാക്കളായ പരമശിവനേയും, പാര്‍വ്വതിയേയും കവിഞ്ഞ് മറ്റൊരു ലോകമില്ലെന്ന വിശ്വാസത്താല്‍ അവരെ വലംവെക്കാന്‍ തുടങ്ങി. തന്റെ പുത്രന്റെ വിവേകത്തില്‍ സന്തുഷ്ടനായ പരമശിവന്‍ ജ്ഞാന പഴം ഗണപതിക്കു തന്നെ നല്കി. കാര്‍ത്തികേയന്‍ തിരിച്ചുവന്നപ്പോള്‍ തന്റെ പ്രയത്‌നം പാഴായതറിഞ്ഞ് ക്രുദ്ധനായി. ദേഷ്യവും, വിഷമവും കൊണ്ട് വലഞ്ഞ കാര്‍ത്തികേയന്‍ കൈലാസ പര്‍വ്വതത്തില്‍ നിന്നു പോകാന്‍ തീരുമാനിച്ചു. അവിടെന്ന് യാത്ര തിരിച്ച് ദക്ഷിണദേശത്തുള്ള തിരുവാവിനം കുടിയിൽ എത്തി. പുത്രന്റെ അഭാവം കൈലാസത്തിൽ മാതാപിതാക്കളെ ദുഃഖിതരാക്കി. ഒടുവിൽ അദ്ദേഹത്തെ തിരിച്ചു കൈലാസത്തിലേക്കു വിളിക്കാന്‍ വന്ന മാതാപിതാക്കള്‍, കാര്‍ത്തികേയനെ സമാധാനിപ്പിക്കാന്‍ പറഞ്ഞ വാക്കാണ്, പഴം നീ. ഇതില്‍ നിന്നുമാണ് ഈ പ്രദേശത്തിനു പഴം നീ ലോപിച്ച് പഴനി എന്ന് പേരു വീണത്.



മുരുകമലയും ഹിഡുംബമലയും

മഹാമുനിയായ അഗസ്ത്യർ കൈലാസത്തിലെത്തി മഹാദേവനെ പൂജിച്ചു മടങ്ങുമ്പോൾ ഭഗവാന്റെ അനുഗ്രഹത്തോടെ രണ്ടു പർവതങ്ങൾ നേടി. ഹിഡുംബൻ എന്ന അസുരനായ അനുചരന്റെ തോളിൽ ഒരു ദണ്ഡിന്റെ രണ്ടറ്റങ്ങളിലായി മലകൾ എടുത്ത് തന്റെ പർണശാലയിലെത്തിക്കാൻ ചട്ടംകെട്ടിയ ശേഷം അഗസ്ത്യമുനി കൈലാസത്തിൽ നിന്നു മടങ്ങി. പഴനിക്കു സമീപമെത്തിയപ്പോൾ ക്ഷീണം കാരണം ഹിഡുംബൻ വിശ്രമിക്കാനായി ഈ മലകൾ തോളിൽ നിന്നിറക്കി. അവ പിന്നീട് ഉയർത്താൻ ശ്രമിച്ചെങ്കിലും അതിനായില്ല. കാരണം തേടിയ ഹിഡുംബന് മലകളിലൊന്നായ ശിവഗിരിയിൽ തേജ്വസാർന്ന ഒരു ബാലൻ കൗപീനം മാത്രം ധരിച്ച് വടിയും ധരിച്ചു നിൽക്കുന്നതാണ് കാണാനായത്. ഈ ബാലനാകട്ടെ, കൈലാസപർവതനിരയുടെ ഭാഗമായ മല തന്റേതാണെന്ന് ഹിഡുംബനോട് വാദിച്ചു. വാക്കുതർക്കത്തിനു ശേഷമുണ്ടായ യുദ്ധത്തിൽ ഹിഡുംബനെ ബാലൻ വധിച്ചു. ദിവ്യദൃഷ്ടിയിൽ ഇക്കാര്യം അറിഞ്ഞ അഗസ്ത്യമുനിയും ഹിഡുംബന്റെ ഭാര്യയ്ക്കൊപ്പം അവിടെയെത്തി ദിവ്യബാലനായ സുബ്രഹ്മണ്യനെ സ്തുതിച്ച് ക്ഷമ യാചിച്ചു. പ്രീതനായ ദണ്ഡായുധപാണി ഹിഡുംബനെ ജീവൻ നൽകി. പുനർജനിച്ച ഹിഡുംബനാവട്ടെ രണ്ടു വരങ്ങളാണ് ചോദിച്ചത്. ഒന്ന് തന്നെ പഴനിയാണ്ടവന്റെ ദ്വാരപാലകനാക്കണം. രണ്ട് മലകൾ താൻ കൊണ്ടു വന്നപോലെ പൂജാദ്രവ്യങ്ങൾ ക്ഷേത്രത്തിൽ കാവടിയായി കൊണ്ടു വരുന്നവരെ അനുഗ്രഹിക്കണം. ഈ രണ്ടു വരങ്ങളും മുരുകൻ ഹിഡുംബനു നൽകി. കുടെ വേൽമുരുകൻ മറ്റൊരു വരം കൂടി നൽകി "ഇതിലെ ഒരു മല എന്റെ പേരിലും മറ്റേ മല നിന്റെ പേരിലും അറിയപ്പെടും. എന്റെ മലയിൽ വന്ന് എന്നെ ദർശിക്കുന്ന ഭക്തന്മാർ നിന്നെ ദർശനം ചെയ്ത ശേഷമേ എന്നെ ദർശിക്കുവാൻ പാടുള്ളു. അതിനാൽ ഈ മലയുടെ മധ്യഭാഗത്തിൽ എന്റെ വഴികാട്ടിയായി നീ ഇരിക്കണം. മലകയറുന്ന ഭക്തൻ അടിവാരത്തിൽ വന്ന് ഗണപതിയെ വണങ്ങി മധ്യത്തിൽ വന്ന് നിന്നെയും വണങ്ങിയ ശേഷമേ മലമുകളിൽ വസിക്കുന്ന എന്നെ ദർശിക്കുകയുള്ളു.

Friday, July 7, 2017

ഓം ശരവണ ഭവഃ ഭാഗം:- 6

ഭാഗം:- 6 ആറുപടൈ വീടുകൾ

മുരുകാ  വേലായുധാ
ആണ്ടവനെ

തമിഴ്നാട്ടിൽ മുരുക ക്ഷേത്രം ഇല്ലാത്ത ഒരു ഗ്രാമങ്ങൾ പോലും കാണില്ല. കാരണം തമിഴർക്ക് തങ്ങളുടെ കൺകണ്ട ഈശ്വരൻ വേലായുധൻ തന്നെയാണ്. ആയതിനാൽ മുരുകഭക്തിയുടെ ഹൃദയഭൂമിയായി മാറി ഈ തമിഴകം. അങ്ങനെയുള്ള ദേവസേനാധിപനായ ശ്രീ സുബ്രഹ്മണ്യ ദേവന്റെ സർവ്വ പ്രശസ്തമായി ആറു ക്ഷേത്രങ്ങളെ കണക്കാക്കുന്നു. ഈ ആറ് ക്ഷേത്രങ്ങളെയും ആറുപടൈ വീടുകൾ എന്നു പറയുന്നു.


സംഘകവിയും ജ്ഞാനിയുമായ നക്കീരറാണ് തിരുമുരുക തൃപ്പടി എന്ന തന്റെ കൃതിയില്‍ ആറുപടൈവീടുകളെപ്പറ്റി പരാമർശിച്ചത്. ശൂരപദ്മനെതിരെയുള്ള യുദ്ധനീക്കത്തില്‍ ബാലസുബ്രഹ്മണ്യന്‍ സൈന്യവുമായി തമ്പടിച്ച ആറു പുണ്യസ്ഥലങ്ങളാണിവ എന്നാണ് ഐതിഹ്യം. ആണ്ടവന്റെ ആറുപടൈവീടുകളില്‍ ദർശനം നടത്തുന്നത് കലിയുഗപുണ്യമെന്നാണ് വിശ്വാസം. തമിഴ്‌നാടിന്റെ ഓരങ്ങളിലും മധ്യഭാഗത്തുമായി ചിതറിക്കിടക്കുന്ന ഈ ക്ഷേത്രങ്ങൾ ഹൈന്ദവരുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ തന്നെയാണ്.


ഈ ആറ് ക്ഷേത്രങ്ങളും യഥാക്രമം മനുഷ്യ ശരീരത്തിലെ ആറ് ചക്രങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ശരീരാന്തസ്ഥമായ ചക്ര ഭാഗത്ത് ബാധിക്കുന്ന രോഗങ്ങൾ മാറുവാൻ അതാത് ചക്രത്തെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രത്തിലെ മൂർത്തിയെ ആരാധിക്കുകയും അവിടത്തെ അഭിഷേക ദ്രവ്യങ്ങൾ ഭുജിക്കുന്നതും നല്ലതാണ്.


ചക്രംക്ഷേത്രം
മുലാധാരംതിരുപ്പറകുണ്ട്രം
സ്വാധിഷ്ഠാനംതിരുച്ചെന്തൂർ
മണിപൂരകംപഴനി
അനാഹതംസ്വാമിമല
വിശുദ്ധിതിരുത്തണി
ആജ്ഞപഴമുതിർചോല

നമ്മുടെ ശരീരത്തിലെ ആറ് ചക്രങ്ങളെ കുറിച്ച് പിന്നൊരിക്കൽ പറയാം.


ഈ തിരുപ്പറകുണ്ട്രത്തിൽ ഭജിച്ചാല്‍ സമ്പത്ത്. തിരുച്ചെന്തൂരില്‍ തൊഴുതാല്‍ ആത്മവിശ്വാസം. പളനിയില്‍ രോഗശാന്തിയും ആത്മശാന്തിയും. സ്വാമിമലയില്‍ ജ്ഞാനം. തിരുത്തണിയില്‍ ശാന്തിയും ഐശ്വര്യവും. പഴമുതിര്‍ച്ചോലയില്‍ വിവേകം. ഐശ്വര്യദായകനായ സുബ്രഹ്മണ്യന്റെ പെരുമയേറിയ ആറു കോവിലുകളിലൂടെ, ആറു പടൈവീടുകളിലൂടെ ഒരു തീര്‍ഥാടനം ഏതൊരു ഭക്തരുടെയും ആഗ്രഹം തന്നെയാണ്. ഞാൻ പളനിയിൽ ദർശനം നടത്തിയിട്ടുണ്ട്, പക്ഷേ അഞ്ച് ക്ഷേത്രങ്ങൾ ഇനിയും ബാക്കി നിൽക്കുന്നു.

 എന്റെ വേൽമുരുകാ ഈ ആറുപടൈ വീടുകളിലൂടെയുള്ള ഒരു പുണ്യ യാത്രക്ക് ഞാനും കാത്തിരിക്കുന്നു....

Thursday, July 6, 2017

ഓം ശരവണ ഭവഃ ഭാഗം:- 5

ഭാഗം:- 5 ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം



ഹരിപ്പാട്ടിൽ വാഴും ശ്രീ മുരുകാ
അടിയന്റെ മനസ്സിലും നിറഞ്ഞവനെ
കേരളത്തിനകത്ത് ഞാൻ പ്രധാനമായി രണ്ട് സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ മാത്രമേ ദർശനം നടത്തിയിട്ടുള്ളു. അതിൽ ഒന്ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രങ്ങളിലൊന്നായ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തന്നെയാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ സുബ്രഹ്മണ്യൻ ആണ്. ഇവിടെത്തെ വട്ടശ്രീകോവിലിൽ ശ്രീ സുബ്രഹ്മണ്യൻ വാണരുളുന്നത്. ക്ഷേത്രത്തിന് മുന്നിൽ സ്വർണ്ണ ധ്വജം രാജകീയ പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്നു. ഭഗവാന്റെ വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരം ഇതുതന്നെയാണ്. ചുറ്റമ്പലത്തിലേയും ബലിക്കൽപ്പുരയിലേയും കരിങ്കൽ തൂണുകൾ അലങ്കാര പണികളാൽ ആകർഷകമാക്കുന്നു. ശ്രീ കോവിൽ നിർമ്മിച്ചിരിക്കുന്നതും കരിങ്കല്ല് കൊണ്ടാണ്.


ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠാ വിഗ്രഹത്തിന്റെ വലിപ്പത്തിന്റെ കാര്യത്തിലും ഹരിപ്പാട് തന്നെയാണ് കേരളത്തിലെ സുബ്രഹ്മണ്യ സ്വാമിക്ഷേത്രങ്ങളിൽ മുമ്പിൽ. കിഴക്കോട്ട് ദർശനമായി പിതാവായ ശിവന്റെയും മഹാവിഷ്ണുവിന്റെയും ചൈതന്യത്തോടെ എട്ടടി പൊക്കമുള്ള കൃഷ്ണശിലാ വിഗ്രഹത്തിലാണ് സുബ്രഹ്മണ്യൻ വാഴുന്നത്.  ഇവിടത്തെ ഈ പ്രതിഷ്ഠയെ കുറിച്ചുള്ള ആദ്യസങ്കല്പം വിഷ്ണുവായിരുന്നുവെന്നും പിന്നീട് വിഷ്ണുവിനെ ശിവനും ഒടുവിൽ ശിവസുതനായ സുബ്രഹ്മണ്യനുമാക്കി മാറ്റുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഇതിനുള്ള തെളിവുകൾ വിഗ്രഹത്തിൽ വ്യക്തമായി കാണാൻ കഴിയും. ഉയർത്തിപ്പിടിച്ച രണ്ടുകൈകളിൽ ശംഖചക്രങ്ങളും താഴോട്ടുള്ള ഇടതുകൈ ഇടുപ്പിൽ പിടിച്ചും. വലതുകൈയിൽ വരദമുദ്രയും വലതുചുമലിൽ വേലും ഇടതുചുമലിൽ ത്രിശൂലവും കിരീടവും ജടാമകുടവും ഗംഗാജലവും ചന്ദ്രക്കലയും ത്രിനേത്രങ്ങളുമെല്ലാം കാണാൻ സാധിക്കും. അങ്ങനെയുള്ള ഇവിടെത്തെ സുബ്രഹ്മണ്യനെ തൊഴുതാൽ ശിവക്ഷേത്രത്തിലും വൈഷ്ണവ ക്ഷേത്രത്തിലും  തൊഴുത ഫലം കൂടി ലഭിക്കുമെന്നാണ് വിശ്വാസം. സുബ്രഹ്മണ്യസ്വാമിയുടെ പ്രധാന വഴിപാടുകൾ ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ്.


ഈ പ്രതിഷ്ഠയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ. ഇവിടെ മൂന്ന് ഉത്സവങ്ങളുണ്ട്. എല്ലാം പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവങ്ങളാണ്.


1. ചിങ്ങത്തിലെ തിരുവോണം ആറാട്ട് മഹാവിഷ്ണു സങ്കല്പത്തിലാണ്.

2. ധനുവിലെ തിരുവാതിര ആറാട്ട് ശിവ സങ്കല്പത്തിലാണ്.

3. മേടത്തിലെ വിഷുവിന് കൊടികയറി പത്ത് ദിവസത്തെ ഉത്സവം സുബ്രഹ്മണ്യ സങ്കല്പത്തിലാണ്.

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് ഒരു കഥ നിലനിൽക്കുന്നുണ്ട്. പണ്ട് ഈ സ്ഥലത്തിന്റെ പേര് 'കുമാരപുരം' എന്നായിരുന്നു. അന്നിവിടത്തെ പ്രമാണിമാരുടെ ഉടമസ്ഥാവകാശത്തിൽ ഒരു സുബ്രഹ്മണ്യസ്വാമിക്ഷേത്രം നിലനിന്നിരുന്നു. 'കീഴ്തൃക്കോവിൽ ക്ഷേത്രം' എന്നായിരുന്നു അതിന്റെ പേര്. അതിന്റെ സമീപത്തായി ഒരു മഹാക്ഷേത്രം നിർമ്മിച്ച് അവിടെ അയ്യപ്പസ്വാമിയെ പ്രതിഷ്ഠിയ്ക്കാൻ പ്രമാണിമാർ തീരുമാനിച്ചു. അവർ വിദഗ്ദ്ധരായ പണിക്കാരെ അതിന് നിയോഗിച്ചു. അങ്ങനെ മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ ക്ഷേത്രനിർമ്മാണം പൂർത്തിയായി. അവിടെ പ്രതിഷ്ഠയ്ക്കുള്ള ദിവസവും നിശ്ചയിയ്ക്കപ്പെട്ടു.


അങ്ങനെയിരിയ്ക്കെ ഒരുദിവസം എല്ലാ പ്രമാണിമാർക്കും ഒരേ സമയം സ്വപ്നദർശനമുണ്ടായി. അവർ നിർമ്മിച്ച മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വിഗ്രഹം കായംകുളം കായലിൽ ജലാധിവാസമേറ്റു കിടപ്പുണ്ടെന്നതായിരുന്നു ദർശനത്തിൽ പ്രത്യക്ഷപ്പെട്ട ദിവ്യന്റെ വാക്കുകൾ. പണ്ട് പരശുരാമൻ പൂജിച്ച് ജലാധിവാസം ചെയ്ത ചതുർബാഹു സുബ്രഹ്മണ്യവിഗ്രഹമാണ് അതെന്നും അത് എടുക്കാനായി ഉടനെത്തന്നെ പുറപ്പെടണമെന്നും അത് അന്വേഷിച്ച് അവിടെച്ചെല്ലുമ്പോൾ ഒരുസ്ഥലത്ത് നീർച്ചുഴിയും പൂജാപുഷ്പങ്ങളും പ്രത്യക്ഷപ്പെടുമെന്നും അവിടെ ഇറങ്ങിത്തപ്പിയാൽ വിഗ്രഹം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് എല്ലാവരും കൂടി അത്യുത്സാഹത്തോടെ വിഗ്രഹം തപ്പാനായി കായംകുളത്തെത്തി. അവിടെ കായലിൽ നീർച്ചുഴിയും പൂജാപുഷ്പങ്ങളും കണ്ട സ്ഥലത്ത് ഇറങ്ങിത്തപ്പിയപ്പോൾ അവർക്ക് വിഗ്രഹം കിട്ടി. തുടർന്ന് അവർ അതെടുത്ത് അടുത്തുള്ള നാലുപറക്കടവിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് പായിപ്പാട്ടാറ്റിലൂടെ ചുണ്ടൻ വള്ളങ്ങളുടെ അക,മ്പടിഘോഷയാത്രയായി വിഗ്രഹം കുമാരപുരത്തിച്ചു. ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഇന്നും ചിങ്ങമാസത്തിലെ ചതയം നാളിൽ പായിപ്പാട്ടാറ്റിൽ വള്ളംകളി നടത്തിവരുന്നു.



തുടർന്ന് പുതിയ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയ വിഗ്രഹം സകലവിധ താന്ത്രികച്ചടങ്ങുകളോടെയും പ്രതിഷ്ഠിച്ചു. ആ സമയത്ത് ഒരു ദിവ്യൻ അവിടെ പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം ജീവകലശാഭിഷേകം നടത്തിയെന്നും ആ ദിവ്യൻ സാക്ഷാൽ പരശുരാമൻ തന്നെയായിരുന്നു വെന്നും പറയപ്പെടുന്നു. അങ്ങനെ, ശ്രീഹരിയുടെ, അതായത് മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ കാലുകുത്തിയ സ്ഥലം 'ഹരിപ്പാദപുരം' എന്നും കാലാന്തരത്തിൽ 'ഹരിപ്പാട്' എന്നും അറിയപ്പെടാൻ തുടങ്ങി. ഒരു വൃശ്ചികമാസത്തിൽ കാർത്തിക നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസം നട്ടുച്ചയ്ക്കായിരുന്നു പ്രതിഷ്ഠ. അതിനാൽ ഇന്നും ആ ദിവസം ക്ഷേത്രത്തിൽ വളരെ പ്രധാനമാണ്.


ഏകദേശം ഏഴേക്കർ വരുന്ന വിശാലമായ മതിലകത്തിനത്തിനുള്ളിലെ ചെമ്പുമേഞ്ഞ വലിയ വട്ടശ്രീകോവിലിനു പുറമേ വലിയ ആനക്കൊട്ടിൽ, മൂന്ന് ഭാഗത്തുമുള്ള ഗോപുരങ്ങൾ, വിളക്കുമാടം, കൂത്തമ്പലം എന്നിവയും ഉണ്ട്. ക്ഷേത്ര വളപ്പിൽ കൂത്തമ്പലമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ക്ഷേത്രത്തിന് രണ്ടു കുളങ്ങളുണ്ട്. അതിൽ ചെറിയ കുളത്തെ വേലക്കുളം എന്നാണ് പറയുന്നത്. ഇതിനു സമീപത്താണ് വേലകളി അരങ്ങേറുന്നത്.
മയിൽ വാഹനനായ സുബ്രഹ്മണന്റെ പേരിലുള്ള ഈ ക്ഷേത്രത്തിൽ സംരക്ഷിച്ചു വളർ‍ത്തപ്പെട്ടിരിക്കുന്ന മയിലുകൾ ഇവിടെയെത്തുന്നവർക്കൊരു വിശേഷ കാഴ്ചയാണ്.


ക്ഷേത്രത്തിൽ ഉപദേവതകളായി ദക്ഷിണാമൂർത്തി, ഗണപതി, അയ്യപ്പൻ, കീഴ്തൃക്കോവിൽ സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, ദുർഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങൾ,  ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർ കുടികൊള്ളുന്നു.

Wednesday, July 5, 2017

ഓം ശരവണ ഭവഃ ഭാഗം:- 4

ഭാഗം:- 4 വേളിമല ശ്രീകുമാരകോവിൽ



വേളിമലയിൽ വാണരുളും വേലായുധ വേൽ......

ദേവസേനാധിപനായ ശ്രീ സുബ്രഹ്മണ്യ ദേവന്റെ തമിഴ്നാട്ടിലെ സർവ്വ പ്രശസ്തമായ അറുപടൈ വീടുകൾ കേരളക്കരയിലും പ്രശസ്തമാണ്. അതുപോലെ തന്നെ തെക്കൻ കേരളിയർക്ക് പ്രശസ്തമായ ഒരു സുബ്രഹ്മണ്യക്ഷേത്രം കൂടി തമിഴ്നാട്ടിലുണ്ട്. ഞാൻ അനേകം തവണ ദർശനം നടത്തിയിട്ടുള്ള തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള  ഈ ക്ഷേത്രത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്.


വേളിമല ശ്രീകുമാരകോവിൽ

തിരുവനന്തപുരം കന്യാകുമാരി ദേശിയ പാതയ്ക്ക് അടുത്താണ് ശ്രീകുമാരകോവിൽ സ്ഥിതി ചെയ്യുന്നത്. ഈ പുരാതന ക്ഷേത്രം പണ്ട് കേരളത്തിന്റെ ഭാഗമായിരുന്നു. ഈ ക്ഷേത്രം വേളിമലയിലെ പച്ചപുതച്ച പാടങ്ങളുടെയും മനോഹരങ്ങളായ കുളങ്ങളും നിറഞ്ഞ താഴ്വാരകളിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീകുമാരന്റെയും വള്ളിയുടെയും പ്രണയവും തുടർന്നുള്ള വേളിയും നടന്നത് ഇവിടെത്തെ വേളിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗിരിവർഗ്ഗ രാജാവായ നാഞ്ചിക്കുറവന്റെ മകളാണ് വള്ളിയെന്ന് ഐതിഹ്യം പറയുന്നു. അങ്ങനെ നാഞ്ചികുറവൻ ഭരിച്ച ഈ ദേശം നാഞ്ചിനാടായതെന്നു പുരാവൃത്തങ്ങൾ ചൂണ്ടി കാണിക്കുന്നു.  ചരിത്രരേഖകളിൽ ഈ നാഞ്ചിനാട് കേരളത്തിന്റെ ഭാഗം തന്നെയാണ്. കേരളത്തിനു നഷ്ടപ്പെട്ട ഈ നാഞ്ചിനാട്ടിലെ ഓരോ മണൽത്തരിയിലും ഉണ്ട് ഈശ്വരമാഹാത്മ്യത്തിന്റെ കഥകൾ പറയുവാൻ.


ദേശിയപാതയിൽ തക്കല കഴിഞ്ഞ് കുമാരമണ്ഡപം എന്ന സ്ഥലത്തു നിന്നും ഇടത്തോട്ട് 2കി.മി സഞ്ചരിച്ചാൽ നമുക്ക് ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം. ഇരുന്നൂറ് അടി പൊക്കമുള്ള പാറയിലുള്ള ഈ ക്ഷേത്രത്തിന്റെ തെക്കുവശത്തായി ഒരു വലിയകുളമുണ്ട്. ഇവിടെ എത്തുന്ന ഭക്തർ ക്ഷേത്ര ദർശനത്തിനു മുമ്പ് ഈ കുളത്തിൽ ഇറങ്ങി ശരീരം ശുദ്ധീകരിക്കുന്നു. അതിനു ശേഷം കുളത്തിനോട് ചേർന്നുള്ള ഗണപതി സന്നിധിയിലും നാഗർ സന്നിധിയിലും തൊഴുന്നു. ഇവിടെ ദർശനം നടത്തി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ എത്തുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് തമിഴകത്തിന്റെ ശില്പഭംഗിയിൽ തീർത്ത ഗോപുരം തന്നെയാണ്. ഏകദേശം ഇരുപത്തഞ്ച് കരിങ്കൽ പടവുകൾ കയറി വേണം ഈ പ്രവേശന ഗോപുരകവാടം കടക്കുവാൻ. അങ്ങനെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഏതൊരു ഭക്തനേയും അദ്യം ആകർഷിക്കുന്നത് ചെമ്പിൽ പൊതിഞ്ഞ് ഉയർന്ന് നിൽക്കുന്ന ധ്വജം തന്നെയാണ്.


ധ്വജത്തിന് അരികിലൂടെ നടന്നു നീങ്ങുമ്പോൾ നാം ആദ്യം കാണുന്നത് ഗണപതി സന്നിധിയാണ്.  ഈ ശ്രീകോവിലിനുള്ളിൽ കുടിയിരിക്കുന്ന ഗണപതി ഭഗവാനെ *കല്യാണ ഗണപതി* എന്ന നാമത്തിലാണ് അറിയപ്പെടുന്നത്. ഇതിനു പിന്നിലുള്ള ഐതീഹ്യവും പുരാണങ്ങളിൽ നിന്നും മനസ്സിലാക്കാം. ആ കഥ ഇങ്ങനെയാണ്. നാഞ്ചിനാട്ടിലെ കുറവ രാജാവായിരുന്ന നാഞ്ചിലിന്റെ പുത്രിയായിരുന്നു വള്ളി. അതിസുന്ദരിയായ വള്ളി രാജകുമാരിയില്‍ ശിവ-പാര്‍വ്വതി പുത്രനായ സുബ്രഹ്മണ്യന്‍ അനുരക്തനായി. പ്രണയവിവശനായ സുബ്രഹ്മണ്യന്‍ തന്റെ ആഗ്രഹം വള്ളിയെ അറിയിക്കാന്‍ തീരുമാനിച്ചു. ഒരു ധൈര്യത്തിന്‌ സഹോദരനായ ഗണപതിയേയും കൂടെ കൂട്ടി.
വേളിമലയില്‍ കുളിക്കാനെത്തിയ വള്ളിയുടെ സമീപത്തേക്ക്‌ നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രകാരം ആനയുടെ രൂപത്തില്‍ ഗണപതിയെത്തി. കാട്ടാന മദമിളകി വരുന്നതാണെന്ന്‌ ധരിച്ച്‌ ഭയചകിതയായ രാജകുമാരി ചെന്നുപെട്ടത്‌ സാക്ഷാല്‍ സുബ്രമണ്യന്റെ മുന്‍പിൽ. സുബ്രമണ്യനെ കണ്ട്‌ വള്ളി പ്രണയാതുരയായി. വള്ളിയുടെയും സുബ്രഹ്മണ്യന്റേയും പ്രണയസാഫല്യത്തിന്‌ കാരണക്കാരനായ ഗണപതി കല്യാണഗണപതിയായി കുടികൊള്ളുന്നു.
വള്ളിക്കും മുരുകനും കല്യാണം... തിരു കല്യാണം

ഗണപതിയുടെ ശ്രീകോവിലിനു മുന്നിലുള്ള കൽത്തൂണുകളിൽ ഒന്നിൽ ഭക്തർ തൊഴുന്ന ശ്രീ ഹനുമാന്റെ ഒരു ശില്പമുണ്ട്. ഗണപതി സന്നിധിയുടെ അടുത്തു കൂടെയാണ് നാലമ്പലത്തിലേക്കുള്ള പ്രവേശനകവാടം. നാലമ്പലത്തിനു മുൻവശത്തു കാണുന്ന മണ്ഡപമാണ് *തൃക്കല്യാണ മണ്ഡപം*. ഇവിടെ വെച്ചാണ് വർഷം തോറും വള്ളിയുടെയും മുരുകന്റെയും കല്യാണം ആഘോഷിക്കുന്നത്. ഈ തൃക്കല്യാണത്തിൽ പങ്കെടുത്ത് തൊഴുതാൽ ഭാര്യാ-ഭർത്ത് ബന്ധം സുദൃഢമാകുമത്രേ.


നാലമ്പലത്തിനുള്ളിൽ ആദ്യം ദർശനം നടത്തുന്നത് ശ്രീ സുബ്രഹ്മണ്യ സന്നിധിയിലാണ്. ഏകദേശം 10 അടിയോളം ഉയരമുള്ള മുരുക വിഗ്രഹം വള്ളിയോടൊപ്പം ശ്രീകോവിലിൽ പരിലസിക്കുന്നു. ദേവൻ കിഴക്ക് ദർശനത്തിലാണ്.  ദേവന്റെ രണ്ട് കൈകളിൽ ഒന്നിൽ വരദമുദ്രയും മറ്റേ കൈ അരയിലും പിടിച്ചിരിക്കുന്നു. പിന്നെ മാറോട് ചേർത്ത് ശക്തിവേലും കാണാൻ സാധിക്കുന്നു. ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിയുന്ന വള്ളിസമേതനായ ശ്രീ മുരുകനെ എല്ലാവരും ഒന്ന് ഭക്തിയോടെ കൈകൂപ്പി നമസ്കരിക്കും. ശ്രീ കുമാരന്റെ ശ്രീകോവിലിലെ തെക്ക് വശത്തുള്ള ചെറിയ കവാടം വഴി ഇറങ്ങിയാൽ നാലമ്പലത്തിന് പിന്നിലെത്താം. ഇവിടെ ആത്മലിംഗം, കാശിലിംഗം, മണവാളകുമാരൻ എന്നിവരുടെ സാന്നിധികൾ നിരയായി കാണാൻ സാധിക്കുന്നു. ചണ്ഡികേശ്വരൻ  നാലമ്പലത്തിലെ വടക്ക് ഭാഗത്തുള്ള പ്രത്യേക സ്ഥലത്തും അധിവസിക്കുന്നു. ചണ്ഡികേശ്വരൻ ഇവിടെ സദാധ്യാനത്തിലാണ്. ആയതിനാൽ കൈകൊട്ടി ശബ്ദമുണ്ടാക്കി ഉണർത്തിയാണ് തൊഴുന്നത്. ദേവന്റെ അനുവാദം വാങ്ങിയാലേ ശിവഭഗവാനെ ദർശനം നടത്താവൂയെന്നാണ് വിശ്വാസം. വടക്ക് വശത്ത് മറ്റൊരു ഭാഗത്ത് ശ്രീ മുരുകന്റെ മറ്റൊരു സന്നിധി കാണാം, ഈ സന്നിധിയെ "വടക്കേ ഇടം" എന്ന് അറിയപ്പെടുന്നു. ഇവിടെ മുരുകനോടൊപ്പം വള്ളിയും ദേവയാനിയും സാന്നിദ്ധ്യമരുളുന്നു. കുടാതെ നടരാജനും ഗണപതിയുമുണ്ട്.


ഇനിയുള്ളത് ശിവശങ്കരൻ വാണരുളുന്ന സന്നിധിയാണ്. ശിവനും ശിവകാമി അമ്മനും  ഒരു പ്രതേക മണ്ഡപത്തോട് കൂടിയുള്ള രണ്ട് ശ്രീകോവിലായാണ് നിലകൊള്ളുന്നത്. ഈ ക്ഷേത്രനിർമ്മാണ ശൈലി വളരെ പ്രതേകതയുള്ളതാണ്.  അങ്ങനെ ശിവ സന്നിധിയിലും തൊഴുതു കഴിയുമ്പോൾ നാലമ്പലത്തിന് ഉള്ളിലുള്ള എല്ലാ ദൈവസന്നിധിയിലും ദർശനം നടത്തി കഴിഞ്ഞു. നാലമ്പലത്തിന് പുറത്തേക്ക് ഇറങ്ങുന്ന നടയിലെ മണ്ഡപത്തിൽ അല്പമൊന്ന് ഇരിക്കണം. അവിടെ ഇരിക്കുമ്പോൾ നമ്മുടെ ശ്രദ്ധ  നാലമ്പലത്തിനകത്തുള്ള ഒരു മരത്തിലേക്ക് പതിക്കുന്നു. ആ മരമാണ് *വേങ്ങുമരം*. ഈ വേങ്ങുമരത്തിനും പറയാനുണ്ട് കുമാരന്റെയും വള്ളിയുടെയും പ്രണയത്തിന് സാക്ഷിത്വവും തണലും നൽകിയ ദിവ്യമുഹൂർത്തങ്ങളെ കുറിച്ച്. അങ്ങനെ അവരുടെ പ്രണയകാലത്തെ അനുഭവങ്ങളെ സ്മരിച്ചു കൊണ്ട് ഈ ദിവ്യവൃക്ഷം ഇന്നും ഇവിടെ നിൽക്കുന്നത് ഒരു അതിശയം തന്നെയാണ്.  പ്രണയസാക്ഷാത്കാരത്തിന് ഈ വൃക്ഷത്തെ പ്രണയിനികൾ ആരാധിക്കുന്നു. നാലമ്പലത്തിന് പുറത്തിറങ്ങി ക്ഷേത്രത്തെ വലയം ചെയ്യുമ്പോൾ തെക്ക് പടിഞ്ഞാറ് ശാസ്താ സന്നിധി കാണാൻ സാധിക്കും. ക്ഷേത്രത്തിനുള്ളിൽ തന്നെ ഒരു കാളയെയും ഒരു വിശാലമായ കൂട്ടിൽ മയിലിനെയും വളർത്തുന്നു. അങ്ങനെ ഒരു വലയം പൂർത്തിയാക്കി ഒരു നോക്കുകൂടി ശ്രീ മുരുകനെ വണങ്ങി കിഴക്കു ഭാഗത്തെ പടിക്കെട്ടുകൾ വഴി താഴെ ഇറങ്ങുന്നു.


ഇടവമാസത്തിലെ പത്ത് ദിവസത്തെ ഉത്സവം, തുലാം മാസത്തിലെ ഷഷ്ഠി, വൃശ്ചികമാസത്തിലെ കാർത്തിക നാളിലെ ദീപക്കാഴ്ച്ച എന്നിവയാണ് ഇവിടെത്തെ പ്രധാന വിശേഷ ദിവസങ്ങൾ.


ഈ ക്ഷേത്രത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന മേലാങ്കോട് എന്നൊരു സ്ഥലമുണ്ട്. 'ശിവാലയ ഓട്ടത്തിലെ' എട്ടാമത്തെ ശിവ ക്ഷേത്രമായ മേലാങ്കോട് ശ്രീമഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. അതിനോടൊപ്പം തന്നെ രണ്ടു പ്രശസ്തമായ യക്ഷി അമ്പലങ്ങളും ഉണ്ട്. ഇവ ചേട്ടത്തി അമ്പലം,അനിയത്തി അമ്പലം എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

Tuesday, July 4, 2017

ഓം ശരവണ ഭവഃ ഭാഗം:- 3

ഭാഗം:- 3

മയൂരവാഹനനേ ഹരഹരോ 
               ഹരഹരാ...


വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു സ്കന്ദഷഷ്ഠി നാളിൽ നമ്മുടെ വീട്ടിനു മുകളിലെത്തെ ഓടിട്ട മുറിക്ക് മുകളിൽ ഒരു വിരുന്നുകാരൻ വന്നു. ആ വിരുന്നുകാരനെ കണ്ട ഞാനും അമ്മയും അതിശയിച്ചു നിന്നു പോയി. കാരണം ഈ വിരുന്നുകാരൻ എങ്ങനെ നമ്മുടെ നാട്ടിലെത്തി... അങ്ങനെ നിൽക്കെ അമ്മ കൊണ്ടുവാ തങ്കമയിലേ.... എന്ന  ശ്രീ സുബ്രഹ്മണ്യന്റെ കീർത്തനം ഈണത്തിൽ പാടി. പാടിതീരും വരെ ആ വിരുന്നുകാരൻ നമ്മളെ കണ്ടിട്ടും ഓടി ഒളിക്കാതെ അവിടെതന്നെ ഇരുന്ന് പാട്ട് കേട്ടു.....വേലായുധന്റെ ആ മയിൽ വാഹനം..


കൊണ്ടുവാ തങ്കയിലേ...

കൊണ്ടുവാ തങ്കമയിലേ വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ
കണ്ടൊന്നു കൈതൊഴാനായ് വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

അമ്പിളിതുമ്പചാമ്പൽ പീലിത്തുകൽ
തുമ്പയും ഉമ്പർനാദീ
അൻപിനോടങ്ങണിയും ശിവാത്മജൻ
തമ്പുരാൻ ലീലചെയ്വാൻ

ആനന്ദമായി അമ്മ മടിയിൽ വെ-
ച്ചമ്മിഞ്ഞ നൽകിടുമ്പോൾ
വിങ്ങിവിങ്ങിക്കുടിച്ച കുമാരനെ
കൊണ്ടുവാ തങ്കമയിലേ

ഇല്ലെനിക്കന്യദൈവം വൻകൃപ
അല്ലയോ ഞാൻ ദിവസം
വള്ളിയമ്മ ഭജിക്കാൻ വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

ഈരേഴുലോകത്തിനും വിളക്കതിൽ
വേരായി നിന്നൊരാളായ്
ശൂരപത്മാരിയാകും വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

ഉമ്പർകോനും വണങ്ങും ഉമാമകൻ
തമ്പുരാൻ താരകാരേ
ശംഭു തൻ പുത്രനാകും വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

ഊനം ഉഴിഞ്ഞുവാഴും പ്രകളനെ
കാണുവാനാണു മോഹം
മനസാനന്ദമേകും വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

എട്ടുദിക്കും കലിക തവവെളി-
പ്പെട്ടുനിന്നിട്ടും പുണ്യം
നാട്ടുയുഗാർത്തൊരാളായ് വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

ഏറിയശോഭകളായ് അതിനായി
ആറുമുഖവുമായി
ഏറിവരും മകനെ വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

ഒന്നായവാമയിലിൽ എഴുന്നെള്ളു
വാമകൻ ഭാഗ്യശാലി
വാമകശോ കാട്ടും വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

ഓങ്കാരരൂപിയായി വിളങ്ങുന്ന
തമ്പുരാനെ ഭജിക്കാൻ
നിത്യവും കൈതൊഴുന്നേൻ വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

ഔദാര്യമേറിവാഴും തിരുവടി
ധാതാവിനെ ജയിപ്പാൻ
കൗമാരമൂർത്തിയാകും വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

അയ്ങ്കരനോടു ചേർന്നുകുറക്കുല
മങ്കയെ വേട്ടുകൊൾവാൻ
കങ്കണചെട്ടിയാകും വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

അപ്പമടയവലും പനിനീരും
ജ്ഞാനപ്പഴവുമായി
പഞ്ചാമൃതം പകരാൻ വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

ആറുമുഖവുമായി പഴനിയിൽ
കർപ്പൂരദീപവുമായ്
കലിയുഗവരദനായി വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

Monday, July 3, 2017

ഓം ശരവണ ഭവഃ ഭാഗം :- 2

ഭാഗം :- 2



 വേൽമുരുകാ ഹരഹരോ
                        ഹരഹരാ..... 


കാണുമാറാകണം കാണുമാറാകണം
കാർത്തികേയ നിന്നെ കാണുമാറാകണം 

ശിവ-പാർവ്വതിമാർ സന്തോഷത്തോടെ കൈലാസത്തിൽ വസിച്ചു. എന്നാൽ വളരെ കാലമായിട്ടും ശിവപുത്രൻ അവതരിച്ചില്ല. അതിനാൽ ദേവന്മാർ വീണ്ടും ശിവ-പാർവ്വതിമാരെ കാണാൻ കൈലാസത്തിൽ എത്തി അവരെ സ്തുതിച്ചു. ശിവ-പാർവ്വതി പുത്രനായി സ്കന്ദന് ജന്മം നൽകി ദേവാദികളുടെ ദുഃഖത്തിന് ശമനമുണ്ടാകണമെന്ന് ബ്രഹ്മാവ്  വിഷ്ണു തുടങ്ങിയവർ ശ്രീ പരമേശ്വരനോട് അഭ്യർത്ഥിച്ചു. തുടർന്നു ഭഗവാൻ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങ്ങളിൽ നിന്നും അഞ്ചു ദിവ്യജ്യോതിസ്സുകളും പാർവ്വതീദേവിയുടെ മുഖത്ത് നിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു. ആ ദിവ്യജ്യോതിസ്സുകളെ ശിവനും പാർവ്വതിദേവിയും ചേർന്ന് അഗ്നിദേവനു നൽകി. അഗ്നിദേവൻ ദിവ്യജ്യോതിസിനെ ഗംഗാദേവിക്ക് നൽകുവാൻ യാത്രയായി. വഴിമദ്ധ്യ അഗ്നിദേവന് ഈ ദിവ്യജ്യോതിസിന്റെ താപം താങ്ങാൻ കഴിയാതെ വായുദേവനെ ഏൽപ്പിച്ചു. വായുദേവനും ഏതാനും നാഴിക പിന്നിട്ടപ്പോൾ തളർന്നു. പിന്നെ അഗ്നിദേവന് ഇതു കൈമാറി. അങ്ങനെ അഗ്നിദേവനും വായൂദേവനും ചേർന്ന് ഈ ദിവ്യജ്യോതിയെ ഗംഗയിൽ നിക്ഷേപിക്കുകയും ചെയ്തു. ഗംഗാദേവിക്കും ഈ തേജസ്സിനെ അതികനേരം വഹിക്കുവാൻ കഴിഞ്ഞില്ല. പിന്നീട് ബ്രഹ്മദേവന്റെ നിർദേശപ്രകാരം ഗംഗ ഈ തേജസ്സിനെ ശരവണ പൊയ്കയിൽ എത്തിച്ചു. നാളുകൾ കടന്നു നീങ്ങി. അങ്ങനെ ഒരു നാൾ ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ബാലസൂര്യനു തുല്യമായ ശരീര കാന്തിയോടു കൂടി ഒരു ആൺകുട്ടി പിറന്നു. ആ കുട്ടിയാണ് *ശ്രീ സുബ്രഹ്മണ്യൻ*.


ശരവണത്തിൽ പിറന്ന ആ ദിവ്യ സായുജ്യത്തിൽ എല്ലാവരും ആനന്ദിച്ചു. ആ ദിവ്യാവതാരത്തെ ഒരു നോക്കു കാണാനായി ബ്രഹ്മവിഷ്ണുവും ദേവേന്ദ്രനും ദേവന്മാരും മാമുനിമാരും ശരവണപ്പൊയ്കയുടെ തീരത്തെത്തി. വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരയ ആറു ദേവിമാർ സുബ്രഹ്മണ്യനെ മുല കൊടുത്ത് വളർത്തുവാൻ എത്തി. അവർ ആ ശിശുവിനെ വാരിപ്പുണർന്ന് പാലൂട്ടാൻ വെമ്പൽപൂകി. അവർ പരസ്പരം മത്സരിച്ചു. ഇതുകണ്ട ആ ബാലൻ ആറുപേർക്കും മുന്നിൽ ആറു ബാലനായി തീർന്നു. അങ്ങനെ ശരവണപ്പൊയ്ക  ശ്രീകുമാരന്റെ അത്ഭുത ലീലകൾ കൊണ്ട് പ്രകാശമയമായി. ശ്രീകുമാരനെ ദർശിക്കുവാൻ വന്ന ദേവന്മാർ കുമാരനെ പല നാമങ്ങളും നൽകി.


👉 അതിശ്രേഷ്ഠമായ ബ്രഹ്മത്തില്‍ നിന്ന് ഉത്ഭവിച്ചതിനാൽ *ശ്രീ സുബ്രഹ്മണ്യൻ*

👉 വൈശാഖ മാസത്തിലെ വിശാഖ നക്ഷത്രത്തിൽ ജനിച്ചതിനാൽ *വൈശാഖന്‍‍, വിശാഖദത്തൻ.*

👉 ഉയര്‍ന്ന കാന്തിയോട് കൂടിയവനായി ജനിച്ചതിനാൽ *ശ്രീകുമരൻ*

👉 അഗ്നിയിൽ നിന്നും പിറവിയെടുത്തതിനാൽ  *ബാഹുലേയൻ.*

👉 വായു വഹിച്ചതിനാൽ *വായുവാഹനൻ*

👉 ഗംഗയുടെ മകനായതിനാൽ *ഗംഗേയൻ, കാങ്കേയന്‍*

👉 ശരവണപ്പൊയ്കയിൽ ജനിച്ചതിനാൽ *ശരവണഭവൻ, ശരവണന്‍*

👉 കാർത്തികമാർ പാലൂട്ടി താരാട്ടു പാടിയതിനാൽ *കാർത്തികേയൻ*

👉 കാർത്തികമാർക്ക് പാലൂട്ടാൻ വേണ്ടി ആറുരൂപം കൈകൊണ്ടതിനാൽ *ആറുമുഖൻ, ഷണ്മുഖൻ*

അങ്ങനെ ആറു ശിശുകളായി പിറവിയെടുത്ത ശ്രീകുമാരനും ശ്രീശങ്കരനും രണ്ടല്ല, ഒന്നാണ് എന്ന ഓങ്കാരസത്യം മനസ്സിലാക്കിയ ദേവവാസികൾ *ഹരഹരോ ഹരഹരാ..*യെന്ന് ചൊല്ലി ശ്രീകുമരനെ സ്തുതിച്ചു.


അങ്ങനെ ഒരു നാൾ ശിവശങ്കരനും ശ്രീ പാർവ്വതി ദേവിയും ഋഷവാഹനാരൂഢരായി ശരവണപ്പൊയ്കയിൽ എത്തി. ശ്രീ പാർവ്വതിദേവി മാതൃഹൃദയത്തിന്റെ താരാട്ടു പാട്ടുമായി ശിശുക്കളെ ലാളിക്കാൻ വെമ്പൽ കൊണ്ടു. അങ്ങനെ ലോകജനനി ആറ് കുമാരന്മാരെ ഒന്നായ രൂപമാക്കി മാറ്റി, ആറുമുഖങ്ങളുള്ള ആറുമുഖദേവനായി അനുഗ്രഹിച്ചു. ആറു രൂപത്തെ ഒന്നായി കണ്ട്, ഈ വിശ്വലോകം ഒന്നാണെന്ന സന്ദേശം ലോകത്തിന് അരുൾ ചെയ്തു. അങ്ങനെ ശ്രീകുമാരനെ ലോകമാതാവായ ശ്രീ പാർവ്വതി അനുഗ്രഹിച്ചപ്പോൾ ശ്രീകുമാരൻ ഏകരൂപനായി, *സ്കന്ദദേവനായി* ഭവിച്ചു. ആ ധന്യമുഹൂർത്തത്തിന് എല്ലാ ദേവന്മാരും സാക്ഷ്യംവഹിച്ചു.



👉 ശക്തിയാല്‍ ചേര്‍ക്കപ്പെട്ടതിനാലും ശിവനിൽ നിന്ന് സ്കലിച്ചതിനാലും *സ്കന്ദദേവനൻ* എന്നും പേരുവന്നു.

അങ്ങനെ ശ്രീകുമാരനെയും കൊണ്ട് ശിവ- പാർവ്വതിമാർ കൈലാസത്തിൽ പോയി. ശിവഭഗവാൻ പത്നിയോടും പുത്രനോടും ഒന്നിച്ച് സുവർണ്ണക്ഷേത്രത്തിലെ രത്നസിംഹാസനത്തിൽ ഉപവിഷ്ടനായി. മദ്ധ്യത്തിൽ ശ്രീകുമാരനും, വാമഭാഗത്തായി പാർവ്വതി ദേവിയും ഉപവിഷ്ടയായി. അതുവരെ നിശ്ശബ്ദമായിരുന്ന കൈലാസാദ്രി ശൃഗങ്ങൾ അന്നുമുതൽ അനക്കം വച്ചു തുടങ്ങി. പിന്നീട് ബ്രഹ്മലോകത്തിൽ നിന്ന് യുദ്ധവിദ്യയും, അസ്ത്രവിദ്യയും, സകല ശാസ്ത്രവിദ്യയും ശ്രീകുമാരൻ നേടിയെടുത്തു.


അങ്ങനെ ആ നാൾ വന്നെത്തി. ബ്രഹ്മവിഷ്ണുമഹേശ്വരാദികൾ കുമാരനെയും കൊണ്ട് കുരുക്ഷേത്രത്തിലെ സരസ്വതി തീർത്ഥത്തിൽ പോയി. അവിടെ വച്ച് ത്രിമൂർത്തികൾ ശ്രീകുമാരനെ ദേവന്മാരുടെ സേനാപതിയായി അഭിഷേകം ചെയ്തു.


👉 അങ്ങനെ ദേവന്മാരുടെ സേനാപതിയെ *ദേവസേനാപതി* എന്നു വിളിച്ചു.

ശ്രീ മുരുകൻ അഭിഷേകം ചെയ്യപ്പെട്ടതിനു ശേഷം ദേവകൾ ആ സേനാപതിക്ക് പരാക്രമികളായ സേനകളെ സംഭാവന ചെയ്തു. ഘണ്ടാകർണ്ണൻ, ലോഹിതാക്ഷൻ, കമുദമാലി, സ്ഥാണു, സംക്രമൻ, വിക്രമൻ എന്ന് തുടങ്ങി നൂറ്റിയെട്ട് സേനാനായകന്മാരെ കിട്ടി. ഇതിനു പുറമേ ഗരുഡൻ അതിവേഗത്തിൽ പറക്കുന്ന സ്വപുത്രനായ മയിലിനേയും, അരുണൻ സ്വപുത്രനായ കോഴിയേയും നൽകി. അഗ്നി ശക്തിവേലും, ബൃഹസ്പതി ദണ്ഡും കടില കമണ്ഡലവും വിഷ്ണു മാലയും ശിവൻ പതക്കവും നൽകി.



👉വേല്‍ ആയുധമാക്കിയതിനാൽ *വേലായുധൻ*

👉 മയൂരത്തെ വാഹനം ആക്കിയതിനാൽ *മയൂരവാഹനൻ*

👉 കടമ്പമാല അണിഞ്ഞതിനാൽ *കടമ്പന്‍‍*

സുബ്രഹ്മണ്യനെ സേനാപതിയായി അഭിഷേകം ചെയ്യപ്പെട്ടതോടു കൂടി ദേവന്മാർക്ക് ഒരു ഉണർവ്വുണ്ടായി. അങ്ങനെ വീണ്ടും ദേവാസുരയുധത്തിന് തുടക്കമായി. പോർക്കളത്തിലേക്ക് സർവ്വായുധധാരിയായി ശ്രീ സുബ്രഹ്മണ്യനും എണ്ണിയാൽ ഒടുങ്ങാത്ത ഭൂതഗണങ്ങളും ശിവഗണങ്ങളും നൂറ്റിയെട്ട് സേനാനായകന്മാരും എത്തി. തുടർന്ന് സ്കന്ദൻ ഘോരയുദ്ധം ചെയ്ത് താരകാസുരനെയും സിംഹവക്രതനെയും വധിച്ചു. അതിനു ശേഷം അവരുടെ ജ്യേഷ്ഠനായ ശൂരപദ്മാസുരനുമായി സ്കന്ദൻ അനേക കാലം യുദ്ധം ചെയ്തു. മായാവിയായ ശൂരപദ്മാസുരൻ തന്റെ മായ കൊണ്ട് സ്കന്ദനെ മറച്ചു കളഞ്ഞു. ഇതുകണ്ട ദേവന്മാരും പാർവ്വതീ ദേവിയും വളരെയധികം ദുഃഖിതരായി. അവർ കഠിനമായ വ്രതനിഷ്ഠയോടെ *ഷഷ്ഠിവ്രതം* അനുഷ്ഠിക്കുകയും അതിന്റെ ഫലമായി സ്കന്ദൻ ശൂരപദ്മാസുരന്റെ മായയെ ഇല്ലാതാക്കി അവനെ വധിക്കുകയും ചെയ്തു.  അങ്ങനെ ദേവന്മാരും പാർവതിദേവിയും എടുത്ത ഈ ഷഷ്ഠിവ്രതമാണ് *സ്കന്ദഷഷ്ഠി*യെന്നു പറയുന്നത്.


അസുരന്മാരെ വധിച്ച് ദേവന്മാർക്ക് ദേവലോകം തിരിച്ചുനൽകിയ ശ്രീ സുബ്രഹ്മണ്യൻ കൈലാസത്തിലേക്ക് തിരിച്ചു പോയി.


👉 അങ്ങനെ അസുരന്മാരെ പരാജയപ്പെടുത്തി ജയത്തോടെ തിരിച്ചു വന്നതിനാൽ *വേലൻ*
എന്നും പേരുവന്നു.


ശ്രീ വേലായുധന്റെ മാഹാത്മ്യ കഥകൾ ഇവിടെ അവസാനിക്കുന്നില്ല. ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് ഒരോ മഹാത്മ്യ കഥകളിൽ നിന്നും ഒരോ നാമങ്ങൾ ലഭിച്ചിട്ടുള്ളതായി കാണാൻ സാധിക്കും. അതിന് ഉദാഹരണമാണ് ഗുഹൻ, ആണ്ടവൻ, വള്ളിമണാളൻ, സ്വാമിനാഥൻ തുടങ്ങിയ നാമങ്ങൾ.


  വേൽമുരുക ഹരോഹര
  ശ്രീമുരുക ഹരോഹര
  കാർത്തികേയ ഹരോഹര
  ആദിരൂപ ഹരോഹര