ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
Showing posts with label ശ്രീമഹാഭാഗവതം. Show all posts
Showing posts with label ശ്രീമഹാഭാഗവതം. Show all posts

Sunday, November 8, 2020

ഭാഗവതകഥാമൃതം



അധ്യായം 33, - പ്രദ്യുമ്നജനനവും വിവാഹവും



ഓം നമോ ഭഗവതേ വാസുദേവായ...


ഭഗവാന്റെ ലീലകൾ പലപ്പോഴും പല തത്ത്വങ്ങൾ ഉൾക്കൊള്ളാൻ സഹായിക്കുന്നവയാണ്. മനുഷ്യന്റെ കുടുംബ ജീവിതം പലപ്പോഴും പ്രാരാബ്ധനിബിഡമാകും. പ്രശ്നങ്ങൾ ഒഴിഞ്ഞ സമയം അധികം ഉണ്ടാവില്ല. ഭഗവാന്റെ കുടുംബ ജീവിതത്തിലും അത്തരം ഉദാഹരണങ്ങൾ ശ്രീശുകൻ കാണിക്കുന്നു. എന്തിനാണെന്നോ? നമ്മളേക്കാൾ വലിയ ആളുകൾക്കുപോലും, ഇങ്ങിനെയൊക്കെ സംഭവിയ്ക്കാറുണ്ടല്ലോ എന്നോർക്കുമ്പോൾ നമ്മുടെ ദുഃഖം സാരമില്ല എന്ന് തോന്നും. ദുഃഖം ഇല്ലാതാവൽ അല്ല, അത് സഹിയ്ക്കാനുള്ള കഴിവ്, അതിനെപ്പോലും സുഖമായി മാറ്റാനുള്ള കഴിവ് - അതാണ് മനഃസംസ്കാരംകൊണ്ട് ഉണ്ടാവേണ്ടത്. കല്യാണം കഴിഞ്ഞാൽ പിന്നെ ഏറ്റവും സുഖം കുഞ്ഞുങ്ങൾ ഉണ്ടായാലല്ലേ. അങ്ങിനെയൊക്കെയാണ് നമ്മുടെ ധാരണ. ഭഗവാന് സന്തതി ഇല്ലാതെ അനവധി നാൾ! പ്രശ്നം വെച്ചപ്പോൾ പരിഹാരം ജഗത്പിതാവായ കാശിവിശ്വനാഥനെ ഭജിക്കലായിരുന്നു. അനുഗ്രഹംകൊണ്ട് ഒരുണ്ണിയുണ്ടായി. എന്നിട്ട് സന്തോഷമായോ?


ഈ ലോകത്തിൽ - ''സുഖവും, അസുഖവും മിശ്രമായ് താനിരിക്കും, ഹാ! സുഖങ്ങൾവെറും ജാലം, ആരറിവൂ നിയതിതൻ ത്രാസ്സ് തൂങ്ങുന്നതും, താനേ താണുപോവുന്നതും!" സുഖം എന്ന് വിചാരിയ്ച്ചിരിക്കുമ്പോഴാണ്, രുഗ്മിണി പ്രസവിച്ച് പെറ്റുവാലായ്മ പോകുന്നതിനു മുൻപുതന്നെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയത്. ഭഗവാന്റെ കുടുംബത്തിലെ കഥയാണ്! ഇന്ന് എവിടെയെങ്കിലും നടക്കുന്ന സംഭവമല്ല. എന്താപത്തുവന്നാലും അമ്മയെ ആശ്രയിക്കും - 'ദുർഗാംദേവീം ശരണം അഹം പ്രപദ്യേ!' കുറേനാൾ കഴിഞ്ഞപ്പോൾ ആ ഉണ്ണി - പ്രദ്യുമ്നൻ - തിരിച്ചുവന്നു. നാരദമഹർഷിയാണ് നടന്ന സംഭവങ്ങളൊക്കെ പറഞ്ഞത്.


"ശംബരൻ എന്നൊരാളാണ് ഉണ്ണിയെ കൊണ്ടുപോയത്. പക്ഷേ അയാളിന്നിപ്പോൾ ജീവിച്ചിരിപ്പില്ല. ഈ ഉണ്ണി തന്നെയാണ് കുറച്ചു വലുതായപ്പോൾ, തന്നെ കട്ടുകൊണ്ടുപോയത് അയാളാണെന്ന് മനസ്സിലാക്കി നിഗ്രഹിച്ചത്. അതുകൊണ്ട് ഇനി ആ വക കേസ്സ് അന്വേഷിച്ചിട്ട് കാര്യമില്ല. പ്രദ്യുമ്നന്റെ കൂടെ കാണുന്ന ആ കുട്ടി ശംബരന്റെ അടുക്കളക്കാരിയായിരുന്നു. അവർ തമ്മിൽ പ്രേമവിവാഹം നടന്നതാണ്." ഭഗവാന്റെ കുടുംബത്തിലെ സീമന്തപുത്രനാണ്, ശത്രുവിന്റെ അടുക്കളയിലെ ദേഹണ്ഡക്കാരിയായ മായാവതിയെ കല്യാണം കഴിച്ചുകൊണ്ടുവന്നിരിയ്ക്കുന്നത്. നമ്മുടെ കുടുംബത്തിലാണ് ഇങ്ങിനെ 'എന്റെ ഹസ്ബൻഡ്' എന്നും പറഞ്ഞ് ഒരു കുട്ടി കേറി വന്നിരുന്നതെങ്കിലോ? മകൻ പറയുന്നു, ''അമ്മക്കറിയ്യ്യോ? എന്റെ ഭാര്യയാണിത്. ഞാൻ കണ്ട്, പ്രേമിച്ച്, വിവാഹം കഴിച്ചു." ഇതൊക്കെ ഭഗവാന്റെ കുടുംബ ജീവിതത്തിലും ഉണ്ടായി.



സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..


 ഉണ്ണിക്കൃഷ്ണൻ കൈതാരം

© സദ്ഗമയ സത്സംഗവേദി 

പദ്മ പുരാണം, ഭാഗവത മാഹാത്മ്യം



ദാരിദ്ര്യദുഃഖജ്വരദാഹിതാനാം മായാപിശാചീപരിമര്‍ദ്ദിതാനാം I സംസാരസിന്ധൌ പരിപാതിതാനാം ക്ഷേമായ വൈ ഭാഗവതം
പ്രഗര്‍ജ്ജതി II

( ദാരിദ്രം, രോഗം മുതലയവയാലുണ്ടാകുന്ന ദുഃഖത്താല്‍ ദഹിപ്പിക്കപ്പെടുന്ന വരുടേയും, മായയാകുന്ന പിശാചിനാല്‍ പീഡിപ്പിക്കപ്പെടുന്ന വരുടേയും, ജന്മമൃത്യു രൂപത്തോടു കൂടിയ സംസാരസാഗരത്തില്‍ ക്ലേശമനുഭവിക്കുന്നവരുടേയും ക്ഷേമത്തിനായി ഞാന്‍ മാത്രം മതിയെന്നു് ശ്രീമദ് ഭാഗവതം ഉറക്കെ വിളിച്ചുപറയുന്നു )

( പദ്മ പുരാണം,
ഭാഗവത മാഹാത്മ്യം, 6.95)

Saturday, February 1, 2020

ശരീരം / ഭാഗവത മാഹാത്മ്യം



അസ്ഥിസ്തംഭം സ്നായുബദ്ധം മാംസശോണിതലേപിതം I
 ചര്‍മ്മാവനദ്ധം ദുര്‍ഗ്ഗദ്ധം
പാത്രം മൂത്രപുരീഷയോഃ I     
 ജരാശോകവിപാകാര്‍ത്തം
 രോഗമന്ദിരമാതുരം II
ദുഷ്പൂരം ദുര്‍ദ്ധരം ദുഷ്ടം
സദോഷം ക്ഷണഭംഗുരം I
കൃമിവിഡ് ഭസ്മസംജ്ഞാന്തം ശരീരമിതി വര്‍ണ്ണിതം II



( എല്ലുകളാകുന്ന തൂണുകളില്‍ ഞരമ്പുകളാകുന്ന കയറുകൊണ്ട് കെട്ടിയുറപ്പിച്ചതും, മാംസം, രക്തം എന്നിവയാല്‍ നിറച്ചതും, തോലി നാല്‍ മൂടപ്പെട്ടും, മലമൂത്രങ്ങളുടെ പാത്രമായിരിക്കുന്നതും, അതിനാല്‍ ദുര്‍ഗ്ഗന്ധത്തോടുകൂടിയതും, ജരാനരകളുടെ കാലത്തില്‍ അത്യന്തം ക്ലേശം വരുന്നതും, രോഗങ്ങളുടെ ഇരിപ്പിടമായതിനാല്‍ എപ്പോഴും ദുഃഖം നിറഞ്ഞതും, തൃപ്തിവരുത്താന്‍ പ്രയാസമുള്ളതും, ദുഷിച്ചതും, വാതപിത്തകഫാദിദോഷങ്ങളോടുകൂടിയതും, പെട്ടെന്നു് നശിക്കുന്ന  സ്വഭാവത്തോടുകൂടിയതും, അവസാനം പുഴുക്കളായിട്ടോ, മലമായിട്ടോ, ഭസ്മമായിട്ടോ തീരുന്നതിനെ ശരീരമെന്നു് പറയുന്നു )


( പദ്മ പുരാണം,  ഭാഗവത മാഹാത്മ്യം, 5-59 & 60)


Monday, October 28, 2019

പിബത ഭാഗവതം രസമാലയം 73



പുരഞ്ജനോപാഖ്യാനം


ശ്രീമദ് ഭാഗവതത്തിലെ അത്യുദാത്തമായ ഒരു ഭാഗമാണ് പുരഞ്ജനോപാഖ്യാനം.  വേദാന്തചിന്തയുടെ ബാലപാഠങ്ങൾ നമുക്കിവിടെ കാണാം.  കഥകളിൽ ഒളിഞ്ഞിരിക്കുന്ന തത്വങ്ങൾ വ്യക്തമായി നാം മനസ്സിലാക്കേണ്ടതുണ്ട്.  നാരദൻ പ്രാചീനബർഹിസ്സിനെ കേൾപ്പിക്കുന്ന ഈ കഥ അതിന്റെ ഉത്തമ ഉദാഹരണമാണ്.


പുരഞ്ജനൻ എന്ന ഒരു രാജാവുണ്ടായിരുന്നു.  അവന്റെ ഏറ്റവും വലിയ സുഹൃത്താണ് അജ്ഞാതൻ.  പുരഞ്ജനൻ തനിക്ക് രാജോചിതമായ ഒരു നഗരിയുടെ നിർമ്മാണത്തിനായി സ്ഥലം അന്വേഷിച്ച് ഭൂതലം മുഴുവൻ ചുറ്റിക്കറങ്ങി.  അപ്പോൾ അവൻ ഒൻപത് കവാടങ്ങളോട് കൂടിയ ഒരു നഗരി കാണാനിടയായി.  അതേസമയം അവിടെ സുന്ദരിയായ ഒരു സ്ത്രീ തന്റെ പത്ത് സഖിമാരോടുകൂടി വന്നുചേർന്നു. അഞ്ച് ശിരസ്സുകളോട് കൂടിയ ഒരു സർപ്പം അവളുടെ സുരക്ഷയ്ക്കായി കൂടെ ഉണ്ടായിരുന്നു.  ആ നഗരത്തിനു ചുറ്റും ഭംഗിയുള്ള പൂന്തോട്ടം ഉണ്ടായിരുന്നു.



കണ്ടമാത്രയിൽ പുരഞ്ജനൻ അവളിൽ മോഹിതനായി.  അവൻ  ചോദിച്ചു: "നീ ആരാണ്?  ഇവിടെ എന്തിനു വന്നു?  ആരുടെ മകളാണ്?"  അവൾ പറഞ്ഞു: "ഇതൊന്നും എനിക്കറിഞ്ഞുകൂടാ.  അതുകൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല.  വരൂ എന്റെകൂടെ. നമുക്ക് ഗൃഹസ്ഥാശ്രമം അനുഭവിക്കാം".  അവൻ അവളുടെ വാക്കുകൾ സ്വീകരിച്ചു.  അവർ രണ്ടുപേരും വളരെ ആനന്ദകരമായി ഒന്നിച്ചുകഴിഞ്ഞു.  കൂടെ കഴിയാൻ തുടങ്ങിയപ്പോൾ അവന്റെ ആസക്തിയും എറിയേറി വന്നു. അവൾ പാടുമ്പോൾ അവനും പാടാൻ തുടങ്ങി.  കരയുമ്പോൾ കരയാനും, ഇരിക്കുമ്പോൾ ഇരിക്കാനും, ഉറങ്ങുമ്പോൾ ഉറങ്ങാനും തുടങ്ങി.



ആ സ്ത്രീയിൽ അവൻ അത്രമാത്രം ആസക്തനായിത്തീർന്നു.  ഫലമോ? അവൻ അവളുടെ കളിപ്പാട്ടം ആയിമാറി.  പുറമെ വലിയ ശൂരവീര പരാക്രമിയാണ്. എന്നാൽ ഭാര്യയുടെ മുന്നിൽ കിടുകിടാ വിറക്കാൻ തുടങ്ങും. അവളെ സന്തോഷിപ്പിക്കാൻ എന്തും ചെയ്യും. ഇപ്രകാരം കാലം കഴിഞ്ഞു.  അവൻ വൃദ്ധനായി.  ഒരുദിവസം ചണ്ഡവേഗൻ എന്ന ഗന്ധർവ്വൻ തന്റെ സൈന്യവുമായി വന്ന് അയാളുടെ നഗരം ആക്രമിച്ചു.  നഗരം കത്തിയെരിയാൻ തുടങ്ങി.  അപ്പോഴും അവൻ ഭാര്യയെക്കുറിച്ച് ആലോചിച്ചു. ഒടുവിൽ അവനും മൃത്യുവിനു ഇരയായി.



സ്ത്രീയിൽ ആസക്തൻ ആയിരുന്നതിനാൽ അടുത്ത ജന്മത്തിൽ പുരഞ്ജനൻ സ്ത്രീയായി പാണ്ഡ്യരാജാവായ മലയധ്വജനെ വിവാഹം ചെയ്തു.  ആ രാജാവ് മഹാഭക്തനായിരുന്നു.  അദ്ദേഹം സമ്പൂർണ്ണ വിരക്തനായി ദേഹം വെടിഞ്ഞു.  തന്റെ ഭർത്താവ് മരിച്ചുപോയെന്ന വിവരം അറിഞ്ഞപ്പോൾ അവൾ  വിലപിക്കാൻ തുടങ്ങി.  അപ്പോൾ പഴയ അജ്ഞാതൻ  എന്ന സുഹൃത്ത് അവിടെയെത്തി അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി.  "നീ ഏതു പുരുഷന് വേണ്ടിയാണു കരയുന്നത്?  നീ എന്നെ തിരിച്ചറിയുന്നില്ലേ ?  നാം ഒന്നിച്ചു പുറപ്പെട്ടതാണ്.  പക്ഷെ നീ ഒരു സ്ത്രീയെക്കണ്ട് മോഹിച്ചുപോയി.  അതിനാൽ നീ എന്നെ മറന്നു.


ഇപ്പോൾ സ്ത്രീയായിരിക്കുന്ന പുരഞ്ജനന് തന്റെ യാഥാർത്ഥരൂപം അജ്ഞാതൻ വെളിവാക്കി കൊടുത്തു.  അതോടെ അവന്റെ എല്ലാ ദുഖവും അവസാനിച്ചു.  കഥ കേട്ടുകഴിഞ്ഞപ്പോൾ പ്രാചീനബർഹിസ്സ് പറഞ്ഞു: "മഹാത്മൻ,  അങ്ങ് പറഞ്ഞ കഥയുടെ പൊരുൾ എനിക്ക് മനസ്സിലായില്ല. വിശദമായി പറഞ്ഞുതന്നാലും.  നമ്മളിലും  പലർക്കും ഈ കഥ എന്താണെന്നു മനസ്സിലായിക്കാണില്ല.

തുടരും.....

Sunday, October 27, 2019

പിബത ഭാഗവതം രസമാലയം 72



പ്രാചീന ബർഹിസ്സിന് നാരദന്റെ ഉപദേശം.



ഇനി പൃഥുവംശ വർണ്ണനയാണ്.  പൃഥുവംശത്തിൽ ബർഹിസ്സ് എന്ന് പേരുള്ള ഒരു മഹാരാജാവുണ്ടായിരുന്നു.  അദ്ദേഹം കർമ്മകാണ്ഡത്തിൽ മഹാകുശലനായിരുന്നു.  യാഗങ്ങളും യജ്ഞങ്ങളും നടത്തുന്നതിൽ അദ്ദേഹത്തിന് വലിയ അഭിനിവേശമായിരുന്നു.  അദ്ദേഹം നടത്തിയ യജ്ഞങ്ങളിൽ വിരിച്ച ദർഭ കൊണ്ട് ഈ ഭൂമി മുഴുവൻ പൊതിയാമത്രേ.  അതുകൊണ്ട് എല്ലാവരും അദ്ദേഹത്തെ പ്രാചീന ബർഹിസ്സ് എന്ന് വിളിച്ചു.



പ്രാചീനബർഹിസ്സിന് പത്ത് പുത്രന്മാർ ഉണ്ടായിരുന്നു.  അവരുടെ എല്ലാവരുടെയും സ്വഭാവം ഒരുപോലെയായിരുന്നു.  അതിനാൽ എല്ലാവരുടെയും പേരുകളും ഒന്നായിരുന്നു.  പ്രചേതസ്സ് 1, പ്രചേതസ്സ് 2 എന്നിങ്ങനെ.  അവരെല്ലാം ഭഗവൽ ഭക്തന്മാർ ആയിരുന്നു. പുത്രന്മാർ ദൂരസ്ഥലത്ത് തപസ്സനുഷ്ഠിച്ചപ്പോൾ പിതാവ് യാഗാനുഷ്ഠാനത്തിൽ മുഴുകി.  നാരദമഹർഷിക്ക് അദ്ദേഹത്തിൽ അനുകമ്പ തോന്നി.  അദ്ദേഹം മനസ്സിലോർത്തു.  'സാത്വികനായ ഈ രാജാവ് തന്റെ മോക്ഷപ്രാപ്തിക്ക് സഹായകമല്ലാത്ത കർമ്മകാണ്ഡത്തിൽ മുഴുകി ജീവിതം വൃഥാവിലാക്കുകയാണ്. ഞാൻ അദ്ദേഹത്തെ ഭക്തിമാർഗം ഉപദേശിച്ച് രക്ഷിക്കുന്നുണ്ട്.



നാരദൻ ബർഹിസ്സ് രാജാവിന്റെ സവിധത്തിൽ എത്തി.  രാജാവ് നാരദനെ യഥായോഗ്യം ബഹുമാനിച്ച് ആസനത്തിൽ ഇരുത്തി അദ്ദേഹത്തിന്റെ കാൽക്കൽ ഇരുന്നു.  നാരദൻ രാജ്യക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചശേഷം ഇപ്രകാരം പറഞ്ഞു:  "ഹേ രാജാവേ, അങ്ങ് എണ്ണമറ്റ യാഗങ്ങൾ ചെയ്തത് കൊണ്ട് എന്ത് പ്രയോജനം?  ഈ കർമ്മകാണ്ഡത്തിന്റെ ഫലമായി അങ്ങേയ്ക്ക് ഒരിക്കലും മുക്തി ലഭിക്കില്ല.  മനുഷ്യർ ഇഹലോകത്തിൽ ദുഃഖപരിഹാരവും, സുഖസമ്പാദനവും ആണ് ആഗ്രഹിക്കുന്നത്.  ഈ കർമ്മങ്ങളും അവയുടെ അനുഷ്ഠാനങ്ങളും കൊണ്ട് കർമ്മികൾക്ക് ഇവ രണ്ടും സാധ്യമല്ലെന്നു പണ്ഡിതന്മാർ പറയുന്നു. അങ്ങയുടെ ഈ പ്രയത്നത്തിൽ മൂന്നാമതൊരു ലക്ഷ്യമുണ്ടോ?



രാജാവ് പറഞ്ഞു: "ഞാൻ കർമ്മകാണ്ഡത്തിൽ തന്നെ മുഴുകിയിരുന്നത് കൊണ്ട് മറ്റൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല.  എന്റെ മനസ്സിന് മോക്ഷം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.  മോക്ഷം നേടാൻ ഞാൻ എന്ത് ചെയ്യണമെന്ന് പറഞ്ഞുതന്നാലും.  ഗൃഹാസക്തി, അർത്ഥ പുത്ര കളത്രം എന്നിവയിൽ ഭ്രമിച്ച് ഇത്രനാളും കഴിഞ്ഞു.  ഇതുകൊണ്ടൊന്നും സദ്ഗതി സിദ്ധിക്കുകയില്ലെന്നു അങ്ങ് ഇപ്പോൾ എന്നോട് പറയുന്നു.  എന്താണ് ഞാൻ ചെയ്യേണ്ടത്?"



നാരദൻ പറഞ്ഞു: "യജ്ഞത്തിൽ നീ കൊന്നൊടുക്കിയ മൃഗങ്ങൾ എല്ലാം നീ മരിക്കുന്നത് കാത്തിരിക്കുകയാണ്".  നാരദൻ പ്രാചീനബർഹിസ്സിന് ആ മൃഗങ്ങളെയെല്ലാം കാട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു: "നോക്കൂ അവയെല്ലാം കൂർത്ത കൊമ്പുകൾ കൊണ്ട് നിന്നെ കുത്തിക്കീറാൻ കാത്തിരിക്കുകയാണ്"  പ്രാചീനബർഹിസ് പേടിച്ചരണ്ടുപോയി.  അയാൾ പറഞ്ഞു: "മഹാത്മാവേ, ഇവയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം പറഞ്ഞുതന്നാലും.

തുടരും..........

Sunday, October 20, 2019

പിബത ഭാഗവതം രസമാലയം # 65



ധ്രുവനക്ഷത്രം



എന്തുകൊണ്ടാണ് ധ്രുവൻ ദുഖിതനായത്?  ഭഗവാൻ അവന്റെ ദൃഷ്ടിയിൽനിന്നും മറഞ്ഞു.  ധ്രുവൻ അവിടെ ഒറ്റക്കായി.  അച്ഛൻ വാഴുന്ന നഗരത്തിലേക്ക് പോകാൻ ആ ബാലൻ തീരുമാനിച്ചു.  പക്ഷെ അവൻ പൂർണമായും സന്തോഷഭാവത്തിൽ ആയിരുന്നില്ല.  ധ്രുവൻ ഓർത്തു: 

 "ഞാൻ ഭഗവാൻ നാരായണനെ ദർശിച്ചിരിക്കുന്നു.  അദ്ദേഹത്തിന്റെ സാന്നിദ്ധ്യം എന്നെ അനുഗ്രഹീതനാക്കി.  സനകാദി ഋഷിമാർക്ക് കൂടി അലഭ്യമായ പരമാനന്ദം എനിക്ക് സിദ്ധിച്ചു.  എന്നിട്ടും മോക്ഷത്തിന് അപേക്ഷിക്കാത്ത ഞാൻ മൂഢൻ തന്നെ.  നിന്ദയും സ്തുതിയും ഹൃദയത്തിൽ കൊള്ളേണ്ട പ്രായമല്ലെന്ന് നാരദമഹർഷി പറഞ്ഞത് എത്ര ശരിയാണ്.  മോക്ഷത്തിൽ നിന്ന് എത്രയോ താഴ്ന്ന പടിയിലുള്ള വരമാണ് ഭഗവാൻ എനിക്ക് അനുവദിച്ചത്.  തീർച്ചയായും എന്റെ അഹന്ത മുഴുവൻ നശിച്ചിട്ടില്ല.  ഒരു യാചകനായതിൽ ഞാൻ ലജ്ജിക്കുന്നു"


അങ്ങിനെയിരിക്കെ, ധ്രുവന് ഭഗവൽദർശനം ലഭിച്ചതും, അവൻ നാട്ടിലേക്ക് മടങ്ങിവരുന്നതും ഉത്താനപാദ മഹാരാജാവ് അറിഞ്ഞു.  ഇളയ പുത്രൻ ഉത്തമനും, സുരുചി, സുനീതി എന്നീ ഭാര്യമാരോടും കൂടി അദ്ദേഹം ധ്രുവനെ സ്വീകരിക്കാനായി പുറപ്പെട്ടു.  നഗരപ്രാന്തത്തിൽ എത്തിയ ധ്രുവനെ രാജാവ് ദൂരെനിന്നു തന്നെ കാണുകയും, ഓടിച്ചെന്നു നിറഞ്ഞ കണ്ണുകളോടെ അവനെ ചുംബിക്കുകയും, 'ദീർഘായുഷ്മാനായി ഭവിക്കട്ടെ' എന്ന് ആശംസിക്കുകയും ചെയ്തു. 


കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഉത്താനപാദൻ ധ്രുവനെ രാജാവായി വാഴിച്ച് സന്യാസവൃത്തിക്കായി രാജ്യം ഉപേക്ഷിച്ച് കാട്ടിലേക്ക് പോയി.  ധ്രുവൻ വളരെക്കാലം ബുദ്ധിപൂർവം രാജ്യത്ത് സൽഭരണം നടത്തി.  യാഗങ്ങളും അശ്വമേധവും നടത്തി.  താൻ ഭൂമി ഭരിക്കാൻ തുടങ്ങിയിട്ട് മുപ്പതിനായിരം സംവത്സരം കഴിഞ്ഞിരിക്കുന്നു എന്ന് അദ്ദേഹം കണ്ടു.  ഭഗവാൻ പറഞ്ഞ കാലാവധി ആയിരിക്കുന്നു. ഭഗവാന്റെ വാക്കുകൾ ഇപ്പോഴും മനസ്സിലുണ്ട്. 


തന്റെ മോക്ഷപ്രാപ്തിയെ കുറിച്ച് മനസാ സന്തുഷ്ടനായ ധ്രുവൻ തന്റെ പുത്രനെ സിംഹാസനാരൂഢനാക്കി ബദരികാശ്രമത്തിലേക്ക് പോയി.  അവിടെ ആദ്യം വിരാടരൂപത്തിൽ മനസ്സുറപ്പിച്ചു.  തുടർന്ന് ഭഗവൽസമാധിയിൽ ലയിച്ചു.  അപ്പോൾ ധ്രുവനെ കൊണ്ടുപോകാനായി ഒരു വിമാനം വന്നുചേർന്നു.  വിമാനത്തിലേറാൻ ധ്രുവൻ ഒരുങ്ങുമ്പോഴേക്കും യമരാജൻ അവിടെ എത്തി പറഞ്ഞു:  "ഈ മൃത്യുലോകത്തിൽ നിന്നും വിടപറഞ്ഞു പോകുന്നവർ എനിക്ക് കരം നൽകാതെ എങ്ങിനെ പോകും?  എന്നാൽ അങ്ങ് മരണത്തെയും അതിജീവിച്ചിരിക്കുന്നു.  അതായത് അങ്ങയിൽ എനിക്ക് ഒരധികാരവും ഇല്ല.  അതിനാൽ എന്റെ ശിരസ്സിൽ പാദങ്ങളൂന്നി അങ്ങ് വിമാനമേറിയലും"


യമന്റെ  തലയിൽ പാദമൂന്നി വിമാനമേറുക എന്നുപറഞ്ഞാൽ അദ്ദേഹത്തെ മരണം ബാധിച്ചില്ല എന്നർത്ഥം.  വളരെക്കാലം മുൻപ്  അഞ്ച് വയസ്സുള്ള ധ്രുവനോട് ഭഗവാൻ ഒരു കാര്യം പറഞ്ഞിരുന്നു.  ധ്രുവലോകം പ്രാപ്തമാകുമെന്ന്.  ഭഗവാനൊഴിച്ച് മറ്റെല്ലാവരേക്കാളും ഉയർന്നതാണ് ആ സ്ഥാനം.  അവിടേക്കാണ് ഇപ്പോൾ ധ്രുവൻ പോകുന്നത്.  സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും സപ്തർഷികളുമൊക്കെ ധ്രുവൻ ഇരിക്കുന്ന ആ സ്ഥാനത്തെ പ്രദക്ഷിണം വെക്കും. 


മൃത്യുവിന്റെ തലയിൽ പാദമൂന്നി ധ്രുവൻ ആ വിമാനത്തിൽ ആരോഹണം ചെയ്തു.  അനശ്വരനായ ധ്രുവൻ മാതാവിനെയും തന്റെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.



തുടരും..........


Temples of India


Saturday, October 19, 2019

പിബത ഭാഗവതം രസമാലയം # 64




ധ്രുവന്റെ ഭഗവൽസ്തുതി


ഭഗവാന്റെ സ്പർശമുണ്ടായപ്പോൾ ധ്രുവനിൽ നിന്നും ഭഗവൽസ്‌തുതികൾ അനർഗ്ഗളമായി പ്രവഹിച്ചു.  അവയിൽ ആദ്യത്തെ കീർത്തനശ്ളോകം  അതിമനോഹരവും, അതിപ്രശസ്തവുമാണ്.  


യോ f ന്തഃ പ്രവിശ്യ മമ വാചമിമാം പ്രസുപ്താം
സംജീവയത്യഖിലശക്തിധരഃ സ്വധാമ്നാ
അന്യാംശ്ച ഹസ്തചരണശ്രവണത്വഗാദീൻ
പ്രാണാന്നമോ ഭഗവതേ, പുരുഷായ തുഭ്യം


പരമപുരുഷനായ ഭഗവാന് നമസ്കാരം.  എങ്ങനെയുള്ള ഭഗവാനാണ്?  'യോ f ന്തഃ പ്രവിശ്യ' - എന്റെ അന്തഃകരണത്തിൽ പ്രവേശിച്ചിട്ട് തന്റെ ചൈതന്യ ശക്തിയാൽ എന്റെയുള്ളിലുള്ള സുപ്തവചസ്സിനെ ഉണർത്തിവിട്ട ആൾതന്നെ.  പിന്നെ പറയുന്നു, വാഗ്‌വിശേഷത്തെ മാത്രമല്ല, ത്വഗാദീൻ - എല്ലാ ജ്ഞാനേന്ദ്രിയങ്ങളെയും കർമ്മേന്ദ്രിയങ്ങളെയും പ്രാണനെയും ഉണർത്തുന്നു.


ഇക്കാര്യം കേനോപനിഷത്തിലും പ്രസ്താവിച്ചിട്ടുണ്ട്.  'ശ്രോത്രസ്യ ശ്രോത്രം ' ഭഗവാൻ കാതുകളുടെ കാതാണ്.  കണ്ണുകളുടെ കണ്ണാണ്.  മനസ്സിന്റെ മനസ്സാണ്.  പ്രാണന്റെ പ്രാണനാണ്.  അദ്ദേഹം കാരണമാണ് കാതുകൾക്ക് ശ്രവണക്ഷമത ഉണ്ടാവുന്നത്.  കണ്ണുകൾക്ക് ദർശനക്ഷമത ലഭിക്കുന്നത്.  അങ്ങനെ മാഹാത്മ്യമുള്ള ഭഗവാനെ ഞാൻ നമസ്കരിക്കുന്നു.  അഖണ്ഡവും ഏകവുമായ അങ്ങ് നാനാരൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. 



ധ്രുവൻ വീണ്ടും ഭഗവാനെ സ്തുതിക്കുന്നു.  "അങ്ങയിൽനിന്നും പരാഭക്തി നേടാൻ സാധിക്കുന്നതാണ്.  എന്നിരുന്നാലും മഹാമൂഢന്മാരായ അജ്ഞാനികൾ അങ്ങയുടെ മായായാൽ മോഹിതരായി ഇന്ദ്രിയ സുഖങ്ങൾ കാംക്ഷിക്കുന്നു.  ആയത് നരകത്തിലും ലഭ്യമാണ്"  എന്താണ് പരാഭക്തി?  പരാഭക്തിയുടെ പ്രത്യേകതകൾ ഇനിപറയാം.  നിത്യവും ഭഗവാന്റെ ഗുണഗണങ്ങളും കീർത്തനങ്ങളും കേൾക്കുക.  ഭഗവാന്റെ  നാമം പ്രകീർത്തിക്കുക.  അവയെ സദാ ഉള്ളിൽ ഇടമുറിയാതെ എണ്ണയൊഴുകുന്നത് പോലുള്ള ഋജുധാരയായി നിലനിർത്തുക.  ഫലപ്രതീക്ഷ കൂടാതെ, ഭഗവാനെ സേവിച്ച് മനസ്സ് പരമപ്രേമത്തിൽ നിമഗ്നമാക്കുക.  ഇതെല്ലാം പരാഭക്തിയുടെ ലക്ഷണങ്ങളാണ്. 



ധ്രുവൻ സ്തുതി തുടരുന്നു. "ആളുകൾ സ്വർഗ്ഗാദികൾ ആർജ്ജിക്കാൻ ആഗ്രഹിക്കുന്നു.  അങ്ങയോടുള്ള പരമപ്രേമം ആഗ്രഹിക്കുന്നില്ല. സ്വർഗ്ഗം നേടിത്തരുന്ന ഭക്തി എനിക്കുവേണ്ട.  കാരണം ആളുകൾ സ്വർഗ്ഗത്തിൽനിന്നു  പതിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.  അതുകൊണ്ട് ഹേ , ഭഗവൻ, അങ്ങ് എന്റെ ഹൃദയത്തിൽ ഭക്തിപ്രവാഹം ഉണ്ടാക്കിയാലും.  എനിക്ക് മറ്റൊന്നും വേണ്ട"  ധ്രുവൻ വീടുവിട്ടിറങ്ങുമ്പോൾ അവന്റെ മനസ്സിൽ സങ്കല്പം ഉണ്ടായിരുന്നു. എന്നാൽ ഭഗവത് ദർശനം ഉണ്ടായപ്പോൾ ആ സങ്കല്പം പൂർണമായി. ഇപ്പോൾ മനസ്സിൽ ആഗ്രഹങ്ങൾ ഒന്നും ഇല്ല. 



ഭഗവാൻ പറയുന്നു:  "വരുമ്പോൾ നിന്റെ ഉള്ളിലുണ്ടായിരുന്ന സങ്കല്പം തീർച്ചയായും പൂർണത നേടും.  ആർക്കും നേടാൻ സാധിക്കാത്ത സ്ഥാനം ഞാൻ നിനക്ക് നൽകുന്നു.  അതിനെ ധ്രുവലോകം എന്ന് പറയും.  ചന്ദ്രതാരങ്ങൾ എല്ലാം സദാ ആ ലോകത്തിനു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കും.  നീ ആ ലോകത്ത് നിശ്ചിന്തന്നയി ഇരിക്കണം.  അവിടെ പോകുന്നതിനു മുൻപ് ദീർഘകാലം രാജ്യം ഭരിക്കുക.  വീട്ടിലേക്ക് തിരിച്ചുപോവുക.  ആർക്കും നിന്നെ തടയാനാവില്ല.  നിനക്ക് എന്റെ അനുഗ്രഹമുണ്ട്"


ധ്രുവൻ ഭഗവാനെ ദർശിച്ചു.  ഭഗവാനോട് സംവദിച്ചു. ഭഗവാൻ ശ്രേഷ്ഠമായ വരം നൽകി പക്ഷെ ധ്രുവൻ സന്തോഷിച്ചില്ല. മാത്രമല്ല ദുഃഖത്തിന്റെ ലാഞ്ഛനയും അവന്റെ മുഖത്ത് നിഴലിച്ചിരുന്നു.



തുടരും.............


Temples of India