ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
Showing posts with label ശ്രീമഹാദേവൻ. Show all posts
Showing posts with label ശ്രീമഹാദേവൻ. Show all posts

Sunday, November 8, 2020

കനകധാരാസ്തോത്രം



സംപത്കരാണി സകലേന്ദ്രിയനന്ദനാനി
സാമ്രാജ്യദാനവിഭവാനി സരോരുഹാക്ഷി
ത്വദ്‌വന്ദനാനി ദുരിതാഹരണോദ്യതാനി
മാമേവ മാതരനിശം കലയന്തു മാന്യേ 16


താമരപ്പൂവു പോലെ മനോഹരമായ നയനങ്ങളോടു കൂടിയ അവിടുത്തേപ്പറ്റി ഞാന്‍ ചെയ്യുന്ന സകല ദുരിതഹരങ്ങളായ സ്തുതികളും വന്ദനങ്ങളും സകല ഇന്ദ്രിയങ്ങളേയും ആനന്ദിപ്പിക്കുന്നവയും സാമ്രാജ്യവിഭവങ്ങളെ ദാനം ചെയ്യുന്നവയും സമ്പത്കരങ്ങളും ആയി ഭവിക്കേണമേ 16

✍അജിത മനോജ് സദ്ഗമയസത്സംഗവേദി

Sunday, November 3, 2019

അന്നദാനം ജീവദാനം


ഉമ



ദാനങ്ങളില്‍ സര്‍വ്വശ്രേഷ്ഠമാണ് അന്നദാനം. ഒരേ സമയം ദൈവികവും മാനുഷികവുമായ കര്‍മമാകുന്നു ദാനം.



വസ്ത്രം, അഭയം, വിദ്യ തുടങ്ങിയതെല്ലാം അതിന് നിര്‍വാഹമില്ലാത്തവര്‍ക്ക് ദാനമായ് നല്‍കണം. പക്ഷേ, അനിവാര്യമെങ്കിലും ഇവയെല്ലാം ജീവന്റെ നിലനില്‍പ്പിന് പരമപ്രധാനമല്ല. അതിജീവനത്തിന്  ആധാരമായ അന്നമാണ് ദാനങ്ങങ്ങളില്‍ ഒന്നാമത്. അന്നദാനം ജീവദാനം കൂടിയാകുന്നു. ആയുസ്സ്, ആരോഗ്യം, ഊര്‍ജം ഇവയെല്ലാം സമ്മേളിക്കുന്ന ദാനം. സഹജീവികളും തന്നെപ്പോലെ ഈ ഭൂമിയില്‍ നിലനില്‍ക്കേണ്ടവരെന്ന ബോധമുറച്ചവനേ അന്നദാനത്തിന്റെ മഹത്വറിയൂ.



ആയിരം ആനകള്‍ അല്ലെങ്കില്‍ കുതിരകള്‍, പത്തു കോടി പശുക്കള്‍, സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത അനേകം പാത്രങ്ങള്‍, പത്തുകോടി കന്യകമാര്‍ക്ക് വിവാഹ സഹായം ഇവയെല്ലാം ദാനമായി നല്‍കിയാലും അന്നദാനത്തോളം വരില്ല. വിശന്നുവലഞ്ഞവര്‍, വഴിയാത്രക്കാര്‍, പക്ഷിമൃഗാദികള്‍ എല്ലാം അന്നദാനത്തിന് അര്‍ഹരാണ്. അവരുടെ വയറു നിറയ്ക്കുക.


മുഖത്ത് സംതൃപ്തിയും മനസ്സില്‍ ശാന്തിയും നിറയ്ക്കുക. സ്നേഹത്തോടെ, പൂര്‍ണമായും മനസ്സ് ആ കര്‍മത്തിലുറപ്പിച്ച്  വേണം അന്നം വിളമ്പാന്‍. അന്നദാനത്തിന്റെ പുണ്യം നമ്മുടെ പുരാണങ്ങളിലെല്ലാം പ്രകീര്‍ത്തിക്കപ്പെിട്ടുണ്ട്. അന്നം പ്രദാനം ചെയ്യുന്നവന്‍ ഭൂമിയിലെ അമൂല്യമായ എല്ലാത്തിനെയും ദാനം ചെയ്യുന്നുവെന്ന് വരാഹപുരാണത്തില്‍ പറയുന്നു. നിങ്ങളുടെ വാതില്‍ക്കലെത്തുന്നവരെ അന്നവും ആതിഥ്യമര്യാദകളും നല്‍കാതെ തിരിച്ചയയ്ക്കരുതെന്ന് തൈത്തരീയ ഉപനിഷത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 



അന്നപൂര്‍ണേശ്വരിയുടെ കഥ

കൈലാസത്തില്‍  ഒരിക്കല്‍ ശിവനും പാര്‍വതിയും സംസാരിച്ചിരിക്കുകയായിരുന്നു. പ്രകൃതിയെയും പുരുഷനെയും കുറിച്ചുള്ള സംഭാഷത്തിനിടെ ശിവന്‍ പുരുഷപ്രാധാന്യത്തെ വാഴ്ത്തിത്തുടങ്ങി. പ്രകൃതിയുടെ ഭൗതിക സ്വാധീനങ്ങളില്‍ നിന്നെല്ലാം സ്വതന്ത്രനാണ് താനെന്നും  വീട്, വസ്ത്രം, വികാരവിചാരങ്ങള്‍, ഭക്ഷണം ഇവയെല്ലാം മായയാണെന്നും ഭഗവാന്‍ പാര്‍വതീദേവിയോട് പറഞ്ഞു. 'മഹാമായ'യായ ദേവി മറുപടിയൊന്നും പറയാതെ ഭൗതികമായതെല്ലാം കൈലാസത്തില്‍ നിന്നെടുത്ത് അപ്രത്യക്ഷയായി.



ദേവി പോയതോടെ കൈലാസത്തില്‍  ഭക്ഷണമില്ലാതായി. ഭഗവാന്‍ വിശപ്പിനെല്ലാം അതീതനായതു കൊണ്ട് ഭക്ഷണമില്ലാത്തത് പ്രശ്നമായില്ല. പക്ഷേ ശിവഭൂതഗണങ്ങള്‍ക്ക് വിശപ്പു സഹിക്കാന്‍ വയ്യാതായി. അവര്‍ കൈലാസം മുഴുവന്‍ തിരഞ്ഞിട്ടും ഭക്ഷണം കിട്ടിയില്ല. എവിടെ നിന്നെങ്കിലും ഭക്ഷണത്തിനായി അവര്‍ ഭഗവാനോട് യാചിച്ചു. അപ്പോഴാണ് ഭഗവാന് തന്റെ തെറ്റ് മനസ്സിലായത്. മഹാദേവനും



യോഗേശ്വരനുമായ തനിക്ക് പ്രകൃതിയെ ആശ്രയിക്കേണ്ടതില്ലെങ്കിലും മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ലല്ലോ എന്ന് ബോധോദയമുണ്ടായി. വിശക്കുന്നവരോട് വേദാന്തം പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഭൂതഗണങ്ങള്‍ക്ക് ഭക്ഷണം കൊടുത്തല്ലേ മതിയാകൂ. ഭഗവാന്‍ ഒരു പാത്രമെടുത്ത് ഭക്ഷണത്തിനാണ് വീടുകള്‍ തോറും കയറി. പക്ഷേ എല്ലായിടത്തും  അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആരും ഭിക്ഷ നല്‍കാന്‍ തയ്യാറായില്ല. അപ്പോഴാണ്, വിശന്നെത്തുന്നവര്‍ക്കെല്ലാം അന്നം നല്‍കുന്ന ഒരു ദേവിയുണ്ട് കാശിയില്‍ എന്ന വിവരം ഭഗവാന്‍ കേട്ടത്.


ഭഗവാന്‍ വൈകാതെ കാശിയിലെത്തി. അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. സര്‍വ്വാലങ്കാര വിഭൂഷിതയായി, തന്റെ പരിചാരകവൃന്ദത്തിനൊപ്പം പാര്‍വതീ ദേവി.  ഭിക്ഷ യാചിച്ചെത്തുന്നവര്‍ക്കെല്ലാം  ദേവി ഭക്ഷണം വിളമ്പുന്നു. ഒടുവില്‍ ഭഗവാന്‍ തന്റെ പാത്രവും ദേവിക്കു നേരെ നീട്ടി. ഭര്‍ത്താവിനെ കണ്ട് സ്നേഹാര്‍ദ്രയായ ദേവി ഭക്ഷണം വിളമ്പിയ ശേഷം ഭഗവാനൊപ്പം കൈലാസത്തിലേക്ക് തിരികെപ്പോയി. ശിവന്  അന്നത്തിന്റെയും അന്നദാനത്തിന്റെയും മഹത്വം അതോടെ ബോധ്യമായി. അന്നു മുതലാണ് പാര്‍വതീ ദേവി അന്നപൂര്‍ണേശ്വരിയായി അറിയപ്പെട്ടത്.


കുചേലന്‍ തന്റെ സതീര്‍ഥ്യനായ ഭഗവാന്‍ ശ്രീകൃഷ്ണനെ കാണാനെത്തിയ കഥയും അന്നദാനത്തിന്റെ മഹത്വമറിയിക്കുന്നു.

Tuesday, September 3, 2019

ശിവസ്തുതികൾ




ശിവം ശാന്തം ഉമാനാഥം
കാലാതീതം ത്രികാലജ്ഞം
ദുഷ്ടനിഗ്രഹകാരകം
യോഗിമാനസപൂജ്യം ച
ഏകവില്വം ശിവാ൪പ്പണം

Monday, September 2, 2019

കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം / 108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്

108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്

100. കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം ശിവൻ പടിഞ്ഞാറ് കാരിക്കോട് തൊടുപുഴ ഇടുക്കി ജില്ല




വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ കാഞ്ഞിരമറ്റത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം.

നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇടുക്കിജില്ലയിലെ ഏക ശിവാലയം കൂടിയാണിത്. വർഷം മുഴുവനും നിറഞ്ഞൊഴുകുന്ന തൊടുപുഴയാറിന്‍റെ തീരത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ പടിഞ്ഞാറ് ദർശനം നൽകി ആറിന്റെ കിഴക്കേക്കരയിൽ നിലകൊള്ളുന്നു.

അധികം ചരിത്രത്താളുകളിൽ ഒന്നും ഇടം നേടാൻ തൊടുപുഴ കാഞ്ഞിരമറ്റം ശിവക്ഷേത്രത്തിനായിട്ടില്ല. എന്നിരുന്നാലും 1500 വർഷത്തെ പഴമയുടെ കഥകൾ പറയാനുണ്ടാവും ഈ മലയോര ശിവക്ഷേത്രത്തിന്.

ഇവിടെ ക്ഷേത്രം പണിതത് വടക്കുംകൂർ രാജാവിന്റെ കാലത്താണ് എന്നാണ് വിശ്വാസം.മുൻപ് കാടുപിടിച്ചു കിടന്ന ഈ പ്രദേശം കൃഷിക്കായി വെട്ടിതെളിക്കുകയും തുടർന്ന് ശിവലിംഗം കാണാനിടയാവുകയും ചെയ്തു. അന്നത്തെ വടക്കുക്കൂർ രാജാവാണ് ഇന്ന് ക്ഷേത്രം നിൽക്കുന്നിടത്ത് ആദ്യമായി നിർമ്മാണം നടത്തിയത്.അതിനുശേഷം പല അവസരങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ നടത്തുകയുണ്ടായിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിനും വർഷങ്ങൾക്കു ശേഷമാണ് തൊടുപുഴയാർ ക്ഷേത്രത്തിനരികിലൂടെ ഒഴുകി തുടങ്ങിയതത്രെ.

തൊടുപുഴയാരിന്‍റെ കിഴക്കേക്കരയിൽ കാഞ്ഞിരമറ്റം ദേശത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നു. രണ്ടാം ചേരസാമ്രാജ്യത്തിനുശേഷം ചെറു നാട്ടുരാജ്യങ്ങളായി രൂപംകൊണ്ട വടക്കുംകൂർ രാജവംശത്തിന്‍റെ സുവർണ്ണ കാലഘട്ടങ്ങളിലാണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു കരുതുന്നു. വിശാലമായ ക്ഷേത്ര മതിലകത്ത് കേരളത്തനിമ വിളിച്ചോതുന്ന ക്ഷേത്ര നിർമ്മാണ ശൈലിയാണ് ഇവിടെ കാണാൻ കഴിയുന്നത്.

ചതുരാകൃതിയിൽ പണിതീർത്ത ഇവിടുത്തെ ശ്രീകോവിലിൽ പടിഞ്ഞാറേക്ക് ദർശനം നൽകി പശുപതി കാഞ്ഞിരമറ്റത്ത് കുടികൊള്ളുന്നു. കാഞ്ഞിരമറ്റത്ത് പുരാതന ദ്രാവിഡ-ശില്പകലാവിദ്യകൾ ഒന്നും നമ്മുക്കു കൂടുതൽ ദർശിക്കുവാൻ കഴിയില്ല. എങ്കിൽ തന്നെയും ക്ഷേത്ര ശ്രീകോവിലിലെ ദ്വാരപാലക വിഗ്രഹങ്ങളും, സോപാനപടികളും മറ്റും മനോഹരങ്ങളാണ്.


മനോഹരങ്ങളായ ദേവ-ദേവി ശില്പങ്ങളാൽ സമ്പന്നമാണ് ഗോപുരമാളിക.ഗോപുരം നിൽക്കുന്നത് അല്പം ഉയർന്ന സ്ഥലത്താണ്. പടിക്കെട്ടുകൾ കയറിചെല്ലുമ്പോൾ ആദ്യം എത്തിചേരുന്നത് പടിഞ്ഞാറേ ആനക്കൊട്ടിലിലേക്കാണ്. അവിടെ നിന്നുതന്നെ ക്ഷേത്രേശനെ ദർശിക്കത്തക്കവണ്ണമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്.


കാഞ്ഞിരമറ്റം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. സദാശിവ സങ്കല്പത്തിലുള്ള ശിവലിംഗ പ്രതിഷ്ഠ. സദാശിവമൂർത്തിയുടെ രൗദ്രഭാവം വീണ്ടും കുറയ്ക്കാനെന്നോണം തൊടുപുഴയാർ മുൻപിലൂടെ ഒഴുകുന്നു.

ഉപദേവപ്രതിഷ്ഠകൾ
ശാസ്താക്ഷേത്രം,ഗണപതി,ഹനുമാൻ സ്വാമി.
തൃകാലപൂജാവിധികളാണ് ഇവിടെ പടിത്തരമായി നിശ്ചയിച്ചിരിക്കുന്നത്.ഉഷഃപൂജ,ഉച്ചപൂജ,അത്താഴപൂജ



ശിവരാത്രിനാളിലെ കാവടിയാട്ടം
കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിതിരുവോണനാളിലാണ്നാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ പ്രത്യേകപൂജകളും എഴുന്നള്ളിപ്പുകളും നടത്തുന്നു. ശിവരാത്രി ദിവസം രാത്രിയിൽ യാമപൂജയും കലശാഭിഷേകവും പതിവുണ്ട്. അതു കണ്ടുതൊഴാൻ ഭക്തർ ഉറക്കമുഴിഞ്ഞ് ക്ഷേത്രത്തിൽ ‍തങ്ങാറുണ്ട്.


ധനുമാസത്തിലെ തിരുവാതിര നാളിലാണ് (മഹാദേവന്‍റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്രദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് തേവരേയും ദേവിയേയും പൂജിക്കുന്നു.


കന്നിമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥിനാളാണ് (അത്തം നക്ഷത്രം) വിനായക ചതുർത്ഥി' ആഘോഷിക്കുന്നത്. അന്നേദിവസം രാവിലെ വിശേഷാൽ ഗണപതിഹോമം നടത്തുന്നു. പ്രത്യേക പൂജകൾ ഗണപതിനടയിലും ശിവക്ഷേത്രത്തിലും ഉണ്ടാവും. വൈകുന്നേരം ദീപാരാധനക്കു വിളക്കുമാടം ദീപപ്രഭയാൽ തെളിയിക്കുന്നു.

തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Thursday, August 29, 2019

ശിവോപാസനയുടെ സവിശേഷതകളും ശാസ്ത്രവും



സമൂഹത്തിലെ മിക്ക ജനങ്ങള്‍ക്ക് ചെറുപ്പത്തിലെ വായിച്ചതും കേട്ടിട്ടുള്ളതുമായ വിവരങ്ങളില്‍ നിന്നായിരിക്കും ദേവീ-ദേവന്മാരെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത്. ഇങ്ങനെ കിട്ടുന്ന അല്പമായ വിവരം കാരണം ഈശ്വര വിശ്വാസവും അവരില്‍ കുറവായിരിക്കും. ദേവീ-ദേവന്മാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിരുന്നാല്‍ ഭഗവാനില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാവുകയും ഈ വിശ്വാസം പിന്നീട് ദൃഢമാകുകയും ദേവതോപാസനയും സാധനയും നല്ല രീതിയില്‍ നടക്കുകയും ചെയ്യും. അതുകൊണ്ടാണ് ഈ ലേഖനത്തില്‍ ശിവനെക്കുറിച്ചുള്ള വളരെ ഉപയോഗപ്രദമായ അധ്യാത്മശാസ്ത്രീയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.



ശിവന്‍

ശിവന്‍ എന്നാല്‍ മംഗളകരവും കല്യാണസ്വരൂപവുമായ തത്ത്വം. ശിവന്‍ സ്വയം സിദ്ധനും സ്വയം പ്രകാശിയുമാണ്. ശിവന്‍ സ്വയം പ്രകാശിച്ചുകൊണ്ട് ഈ സമ്പൂര്‍ണ വിശ്വത്തെയും പ്രഭാമയമാക്കുന്നു. അതിനാലാണ് ശിവനെ പരബ്രഹ്മം എന്നു വിളിക്കുന്നത്. ശിവന്റെ കൃപ നേടുന്നതിനായി ഭക്തന്മാര്‍ മഹാശിവരാത്രി ദിവസം ഭക്തിഭാവത്തോടെ ശിവനെ ആരാധിക്കുന്നു. എപ്പോഴും നാമജപം ചെയ്തു കൊണ്ടിരിക്കുന്ന ഒരേയൊരു ദേവനാണ് ശിവന്‍. ശിവന്‍ എപ്പോഴും ബന്ധമുദ്രയില്‍ ആസനസ്ഥനായിരിക്കും.


ശിവലിംഗത്തിന് അര്‍ദ്ധപ്രദക്ഷിണം വയ്ക്കുന്നതിന്റെ കാരണമെന്ത് ?



പ്രദക്ഷിണം വയ്ക്കുമ്പോള്‍ ഓവ് മുതല്‍ തുടങ്ങി തന്റെ ഇടതുവശത്തു കൂടി നടന്ന് ഓവിന്റെ മറു വശം വരെ പോകുക. ഇനി ഓവ് മുറിച്ചു കടക്കാതെ തിരിച്ച് പ്രദക്ഷിണം തുടങ്ങിയ സ്ഥലം വരെ വന്ന് പ്രദക്ഷിണം പൂര്‍ണമാക്കുക. ഓവിന്റെ സ്രോതസ്സില്‍ നിന്നും ശക്തി ബഹിര്‍ഗമിക്കുന്നതിനാല്‍ സാധാരണ വ്യക്തി ആ ഓവിനെ വീണ്ടും വീണ്ടും മുറിച്ചു കടന്നാല്‍ അയാള്‍ക്ക് ശക്തിയുടെ ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശിവലിംഗത്തിന് അര്‍ദ്ധപ്രദക്ഷിണം മാത്രം വയ്ക്കുക. സ്വയംഭൂ അഥവാ വീട്ടിലെ ശിവലിംഗത്തിന് ഈ നിയമം ബാധകമല്ല.


ഭസ്മം, രുദ്രാക്ഷം എന്നിവയുടെ ആന്തരാര്‍ഥം


ഭസ്മം : ശരീരം നശ്വരമാണ് എന്ന കാര്യം സദാ സ്മരണയിലിരിക്കണം എന്ന് ഭസ്മം സൂചിപ്പിക്കുന്നു.


രുദ്രാക്ഷം : രുദ്രാക്ഷം ബീജമാണ്, അതൊരിക്കലും നശിക്കുകയില്ല. ആത്മാവും അതേ പോലെയാണ്. രുദ്രാക്ഷം ആത്മാവിന്റെ പ്രതീകമാണ്.


ശിവന് കൂവളയില എന്തിന്, എങ്ങനെ അര്‍പ്പിക്കണം ?


കൂവളത്തിലയില്‍ ശിവതത്ത്വം കൂടുതല്‍ ആകര്‍ഷിക്കാനുള്ള കഴിവുള്ളതിനാല്‍ ശിവന് അത് അര്‍പ്പി ക്കുന്നു. ശിവന് 3 ഇലകള്‍ ഒരുമിച്ചുള്ള കൂവളത്തിലകള്‍ അര്‍പ്പിക്കുമ്പോള്‍ ഇലയുടെ അഗ്രഭാഗം നമ്മുടെ നേരെ വരത്തക്ക രീതിയില്‍ ശിവലിംഗത്തില്‍ കമഴ്ത്തി വയ്ക്കുക. ഇതിലൂടെ ഇലകളില്‍നിന്നും നിര്‍ഗുണ തലത്തിലെ സ്പന്ദനങ്ങള്‍ കൂടുതല്‍ അളവില്‍ പ്രക്ഷേപിക്കപ്പെട്ട് ഭക്തര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നു.



മഹാശിവരാത്രി വ്രതത്തിന്റെ മഹത്ത്വം എന്താണ് ?


ശിവന്‍ രാത്രിയുടെ ഒരു യാമത്തില്‍ വിശ്രമിക്കുന്നു. ഈ യാമത്തിനെയാണ്  ‘ മഹാശിവരാത്രി’ എന്നു പറയുന്നത്. ശിവന്റെ വിശ്രമസമയത്ത് ശിവതത്ത്വത്തിന്റെ പ്രവര്‍ത്തനം നില്‍ക്കുന്നു; അതായത് ആ സമയത്ത് ശിവന്‍ ധ്യാനാവസ്ഥയില്‍നിന്നും സമാധി-അവസ്ഥയിലേക്കു പോകുന്നു. ശിവന്റെ സമാധി-അവസ്ഥ എന്നാല്‍ ശിവന്‍ തനിക്കുവേണ്ടി സാധന ചെയ്യുന്ന സമയം. ഈ സമയത്ത്, അന്തരീക്ഷത്തിലെ തമോഗുണം ശിവന്‍ സ്വീകരിക്കാത്തതിനാല്‍ അന്തരീക്ഷത്തില്‍ തമോഗുണവും അതു കാരണം അനിഷ്ട ശക്തികളുടെ ബലവും വളരെയധികം വര്‍ധിക്കുന്നു. അതുകൊണ്ട് അനിഷ്ട ശക്തികളുടെ ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാനായി നാം മഹാശിവരാത്രി വ്രതം അനുഷ്ഠിച്ച് ശിവതത്ത്വം നേടാന്‍ ശ്രമിക്കുന്നു.



വ്രതത്തിന്റെ ഫലം : ‘മഹാശിവരാത്രി വ്രതം’ അനുഷ്ഠിക്കുന്നവരില്‍ എന്റെ കൃപാകടാക്ഷം താഴെ പറയും പ്രകാരമുണ്ടാകും



1. പുരുഷന്മാരുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ണ്ണമാകും,

2. കുമാരികമാര്‍ക്ക് ആഗ്രഹിക്കുന്നതുപോലുള്ള വരനെ കിട്ടും,

3. വിവാഹിത സ്ത്രീകളുടെ സൗഭാഗ്യം നിലനില്‍ക്കും,



എന്നിങ്ങനെ ശിവന്‍ സ്വയം ഭക്തന്മാര്‍ക്ക് വചനം നല്‍കിയിട്ടുണ്ട്.


എന്തുകൊണ്ടാണ് മഹാശിവരാത്രി ദിവസം ശിവന്റെ നാമം ജപിക്കുന്നത് ?
മഹാശിവരാത്രിക്ക് ലോകത്ത് വര്‍ധിക്കുന്ന തമോഗുണത്തില്‍ നിന്നും സംരക്ഷണം നേടുന്നതിനായി ശിവതത്ത്വത്തെ ആകര്‍ഷിച്ചെടുക്കുന്ന ശിവന്റെ നാമം കൂടുതലായി ജപിക്കുവാന്‍ ശ്രമിക്കുക. മഹാശിവരാത്രി ദിവസം ശിവതത്ത്വം മറ്റു ദിവസങ്ങളെക്കാള്‍ 1000 മടങ്ങ് കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നു. അതിന്റെ ഗുണം നേടുന്നതിനായി ‘ഓം നമഃ ശിവായ’ എന്ന നാമം എത്ര അധികം സാധിക്കുന്നുവോ അത്ര അധികം ജപിക്കുക.



ശിവജപം : നമഃ ശിവായ എന്നത് ശിവന്റെ പഞ്ചാക്ഷരീ മന്ത്രമാകുന്നു. ജപത്തിലെ ഓരോ അക്ഷരത്തിന്റെയും അര്‍ഥം ഇപ്രകാരമാണ് :



ന – എല്ലാവരുടേയും ആദിദേവന്‍
മ – പരമജ്ഞാനം നല്‍കുന്നവന്‍, മഹാപാതകങ്ങളെ നശിപ്പിക്കുന്നവന്‍
ശി – മംഗളകാരിയും ശാന്തവും ശിവാനുഗ്രഹം നേടിത്തരുന്നതും
വാ – വൃഷഭവാഹനം, വാസുകി, വാമമംഗി ശക്തി ഇവയുടെ പ്രതീകം
യ – പരമാനന്ദസ്വരൂപനും ശിവന്റെ ശുഭമായ വാസസ്ഥാനവും
അതിനാല്‍ ഈ 5 അക്ഷരങ്ങളെ ഞാന്‍ നമസ്‌കരിക്കുന്നു

Monday, May 27, 2019

ശിവന്‍ ശരീരത്തില്‍ ഭസ്മം പൂശുന്നതിനു പിന്നിലെ എെതിഹ്യ കഥ



ഒരിക്കല്‍ വളരെ ഭക്തനായ ഒരു മുനി ജീവിച്ചിരുന്നു. പ്രാര്‍ത്ഥനകളില്‍ കഠിനമായി മുഴുകിയിരുന്ന അദ്ദേഹം സസ്യങ്ങളുടെ ഇലകള്‍ മാത്രമാണ്‌ ഭക്ഷിച്ചിരുന്നത്‌. ഒരിക്കല്‍ പൂജയ്‌ക്കായി സസ്യങ്ങള്‍ മുറിച്ചു കൊണ്ടരിക്കെ അദ്ദേഹം അറിയാതെ സ്വന്തം വിരലുകളും മുറിച്ചു. അത്ഭുതം എന്ന പറയട്ടെ അദ്ദേഹത്തിന്റെ വിരലുകളില്‍ നിന്നും രക്തത്തിന്‌ പകരം സസ്യങ്ങളിലേത്‌ പോലുള്ള നീരാണ്‌ പുറത്ത്‌ വന്നത്‌. അദ്ദേഹം തന്റെ പ്രാര്‍ത്ഥനയുടെ ഫലമാണ്‌ ഇതെന്ന്‌ കരുതി ആഹ്ലാദിച്ചു. അദ്ദേഹം ആഹ്ലാദത്താല്‍ പാടുകയും ആടുകയും ചെയ്‌തു. ലോകത്തിലെ ഏറ്റവും ഈശ്വരഭക്തിയുള്ള ആള്‍ താനാണ്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. അതേസമയം ഭഗവാന്‍ ശിവന്‍ ഒരു വൃദ്ധന്റെ രൂപത്തില്‍ മുനിയുടെ സമീപത്തെത്തി. മുനിയുടെ സന്തോഷത്തിന്റെ കാരണമെന്താണന്ന്‌ അദ്ദേഹം അന്വഷിച്ചു. കാരണം അറിഞ്ഞപ്പോള്‍ ഭഗവാന്‍ പറഞ്ഞു എല്ലാ ജീവജാലങ്ങളും മരണ ശേഷം ഭസ്‌മമായി മാറും എന്ന്‌ .
നിങ്ങളാണ്‌ ഏറ്റവും വലിയ ഭക്തനെങ്കില്‍ നിങ്ങളില്‍ നിന്നും ഭസ്‌മം ഉണ്ടാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്‌ പറഞ്ഞു കൊണ്ട്‌ ശിവ ഭഗവാന്‍ തന്റെ വിരലുകള്‍ മുറിച്ചു . വിരലുകളില്‍ നിന്നും ഭസ്‌മം ഒഴുകി. മുനിയുടെ അഹങ്കാരം ശമിച്ചു . ശിവഭഗവാന്‍ സ്വയം എത്തി തന്റെ അറിവില്ലായ്‌മ മനസിലാക്കി തന്നതാണന്ന്‌ അദ്ദേഹത്തിന്‌ മനസിലായി. ആ ദിവസത്തിന്‌ ശേഷം ഭഗവാന്‍ ശിവന്‍ പരമമായ സത്യത്തിന്റെ അടയാളം എന്ന നിലയില്‍ തന്റെ ശരീരത്തില്‍ ഭസ്‌മം പൂശാന്‍ തുടങ്ങി.

Thursday, May 9, 2019

ഇന്ന് ശ്രീശങ്കര ജയന്തി


ഇന്ന്‍ ഇന്ത്യയുടെ ആദ്ധ്യാത്മിക നഭസ്സിലെ അമൂല്യ രത്നമായ ശ്രീശങ്കരാചാര്യരുടെ ജയന്തി ദിനമാണ്. ക്രിസ്തുവിന് ശേഷം 788-ല്‍ കേരളത്തിലെ കാലടിയില്‍ ആണ് ശങ്കരാചാര്യര്‍ ജനിച്ചത്. 32-വയസ്സിനുള്ളില്‍ത്തന്നെ തന്നിലുറഞ്ഞു കൂടിയ അദ്വൈത വേദാന്തത്തിന്‍റെ ദിവ്യപ്രഭ ഇന്ത്യയുടെ ആത്മാവില്‍ നിറച്ച ആ മഹാനുഭാവന്‍ 32-ആം വയസ്സില്‍ എ.ഡി.820-ല്‍ ഇന്നത്തെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ വച്ച് സമാധിയായി.
വൈശാഖ മാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിനത്തിലാണ് ശങ്കരജയന്തി ആചരിച്ചു വരുന്നത്. ഇന്ത്യയിലെ ഹൈന്ദവ വിശ്വാസം തളര്‍ച്ചയിലായിരുന്ന കാലഘട്ടത്തില്‍, തന്‍റെ അദ്വൈത ദര്‍ശനങ്ങളിലൂടെയും, ഇന്ത്യയുടെ വിശാലഭൂമികയിലുടനീളം സഞ്ചരിച്ചു കൊണ്ടുള്ള വാദപ്രതിവാദ-താത്ത്വിക പ്രഘോഷണങ്ങളിലൂടെയും ഹൈന്ദവ ദര്‍ശനങ്ങള്‍ക്ക് പുനരുജ്ജീവനം നല്‍കിയ ആദിശങ്കരന്‍ ബ്രഹ്മസൂത്ര ഭാഷ്യം അടക്കമുള്ള പല പ്രശസ്ത ഗ്രന്തങ്ങളുടേയും കര്‍ത്താവാണ്.
ദ്വാരക, പുരി-ജഗന്നാഥ്, ശൃംഗേരി, ബദരിനാഥ് എന്നിവടങ്ങളില്‍ അദ്ദേഹം സ്ഥാപിച്ച അദ്വൈത മഠങ്ങള്‍ പ്രമുഖ വേദാന്തകേന്ദ്രങ്ങളായി ഇപ്പോളും തുടരുന്നു.
ജയന്തി ദിനത്തില്‍ ഇന്ത്യയുടെ ആ അനശ്വര ആത്മീയാചാര്യന് പ്രണാമങ്ങള്‍…

Friday, April 19, 2019

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, #കാസർഗോഡ്.]



         കാസര്‍കോട്‌ ജില്ലയിലെ ഉദുമ പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ തൃക്കണ്ണാട്‌ ത്രയംബകേശ്വര ക്ഷേത്രം. നൂറ്റിയെട്ട്‌ ശിവാലയങ്ങളിലൊന്നാണ്‌. 

അറബിക്കടലിനഭിമുഖമായി കടലോരത്ത്‌ സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രം. ദക്ഷിണകാശിയെന്നും ഇത്‌ അറിയപ്പെടുന്നു. തൊട്ടടുത്ത്‌ പ്രസിദ്ധമായ പാലക്കുന്നില്‍ ഭഗവതി ക്ഷേത്രമുണ്ട്‌. 

ഒരിക്കല്‍ തൃക്കണ്ണാട്‌ ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ കടലിലൂടെ പോവുകയായിരുന്ന മൂന്നുകപ്പലുകള്‍, അവയിലുണ്ടായിരുന്ന പാണ്ഡ്യരാജാവിന്റെ പടയാളികള്‍ തെറ്റിദ്ധരിച്ചുപോയി, ഇവിടം ഏതോ ശത്രുപാളയമാണെന്ന്‌. അവര്‍ പീരങ്കികൊണ്ട്‌ വെടിയും വച്ചു. ക്ഷേത്രത്തിനും തൊട്ടടുത്തുണ്ടായിരുന്ന കൊട്ടാരത്തിനും കേടുപറ്റി. കൊട്ടാരം പാടേ നശിക്കുകയും ചെയ്തു. സംഭവങ്ങളെല്ലാം കണ്ട്‌ കൊടുങ്ങല്ലൂരമ്മ ഒരു ദൂതനെ ക്ഷേത്രത്തിലേയ്ക്ക്‌ അയച്ചു. പൂജാരിയുടെ സഹായത്തോടെ ദൂതന്‍ കടലിലേയ്ക്ക്‌ ദീപമൊഴുക്കി. ആ ദീപത്തിന്റെ അഗ്നിമൂലം രണ്ടുകപ്പലുകളും കത്തിനശിച്ചു. ഇതറിഞ്ഞ പാണ്ഡ്യരാജാവ്‌ മാപ്പ്‌ അപേക്ഷിക്കുകയും ക്ഷേത്രത്തില്‍ ധ്വജം തീര്‍ത്തുകൊടുക്കുകയും ചെയ്തു. ക്ഷേത്രത്തിന്‌ പടിഞ്ഞാറ്‌ മാറി കടലില്‍ കാണുന്ന കല്ലുകള്‍ തകര്‍ന്നടിഞ്ഞുപോയ കപ്പലുകളുടെ അവശിഷ്ടങ്ങളാണെന്നാണ്‌ വിശ്വാസം. പാണ്ഡ്യന്‍കല്ലുകള്‍ എന്നാണ്‌ അവ അറിയപ്പെടുന്നതും. കല്ലിന്റെ ആകൃതിയും പേരും ഈ വിശ്വാസത്തെ ദൃഢപ്പെടുത്തുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന്‌ മൂവാളം കുഴി ചാമുണ്ഡി ഉറഞ്ഞാടുമ്പോള്‍ ക്ഷേത്രപ്പറമ്പില്‍നിന്നും കത്തിക്കരിഞ്ഞ അരിമണികള്‍ പൊന്തിവരാറുണ്ട്‌. പാണ്ഡ്യപ്പടയുടെ വെടിയേറ്റ്‌ കരിഞ്ഞുപോയ കൊട്ടാരത്തിലെ നിലവറയ്ക്കുള്ളിലെ അരിമണികളാണവ എന്നാണ്‌ വിശ്വാസം.



പ്രധാനറോഡിലാണ്‌ ക്ഷേത്രം .ജംഗ്ഷനില്‍ വലുതവശത്ത്‌ ക്ഷേത്രഗോപുരം. നേരെ എതിര്‍വശത്ത്‌ വിസ്തൃതമായ കടല്‍ത്തീരം. മണല്‍പ്പരപ്പില്‍ കാറ്റിലുലഞ്ഞുനില്‍ക്കുന്ന ഒരാല്‍മരം. അകലെ ഉണക്കാനിട്ടിരിക്കുന്ന വലകളും കരയ്ക്ക്‌ കയറ്റിവെച്ച വള്ളങ്ങളും അപൂര്‍വ കാഴ്ച. ഈ മനോഹരതീരത്ത്‌ ബലിതര്‍പ്പണത്തിനെത്തുന്നത്‌ ആയിരക്കണക്കിന്‌ ഭക്തര്‍. അങ്ങനെ ഇവിടം സമുദ്രസ്നാനത്തിനും പിതൃബലിക്കും പേരുകേട്ട സ്ഥാനവും ശ്രീകോവിലില്‍ മഹാദേവന്‍ ത്രയംബകന്‍ പടിഞ്ഞാറോട്ട്‌ ദര്‍ശനം. ഉപദേവന്മാരായി ഗണപതിയെ കൂടാതെ ചുറ്റമ്പലത്തിനുപുറത്തായി ചാമുണ്ഡിത്തറയ്ക്കുള്ളില്‍ കീഴേടങ്ങളായ ചന്ദ്രഗിരി ശാസ്താക്ഷേത്രവും കുതിരക്കാളിയമ്മയും കുടികൊള്ളുന്നു. മൂവാളം കുഴി ചാമുണ്ഡിത്തറ പുനഃപ്രതിഷ്ഠിച്ചു. ക്ഷേത്രത്തില്‍ മൂന്ന്‌ വാവുകള്‍ പ്രധാനം. തുലാം, കുംഭം, കര്‍ക്കടകം മാസങ്ങളിലെ വാവുകളാണവ. എല്ലാദിവസവും പിതൃതര്‍പ്പണം നടക്കുന്ന ക്ഷേത്രമാണ്‌. മരിച്ചവര്‍ക്കായി പ്രതിമ ആവാഹിച്ചുള്ള കര്‍മങ്ങളും ചെയ്തുവരുന്നു.


കുംഭമാസത്തിലാണ്‌ ഉത്സവം. കൃഷ്ണപഞ്ചമിനാളില്‍ കീഴൂര്‍ ക്ഷേത്രത്തില്‍നിന്ന്‌ എഴുന്നെള്ളിപ്പ്‌ എത്തുന്നതോടെ കൊടിയേറും. ഇവിടെ കൊടികയറണമെങ്കില്‍ ചന്ദ്രഗിരി ശാസ്താക്ഷേത്രത്തില്‍നിന്നും തിടമ്പെഴുന്നെള്ളിച്ച്‌ ഇവിടെ എത്തണം. കൊടിയേറ്റം കഴിഞ്ഞാല്‍ കമ്പും കയറും ഏറ്റുവാങ്ങുക എന്നൊരു ചടങ്ങുണ്ട്‌. പിന്നെ നാലുദിവസം അഷ്ടമിവിളക്ക്‌ ഉത്സവമാണ്‌. ഏഴാം ദിവസം ആറാട്ട്‌. അന്ന്‌ വൈകിട്ട്‌ എഴുന്നെള്ളത്ത്‌. ഇവിടെനിന്നും അഞ്ചുകിലോമീറ്റര്‍ അകലെ ആറാട്ടുകടവിലേയ്ക്കാണ്‌ ഘോഷയാത്ര പോകുന്നത്‌. വഴിനീളെ അലങ്കാരങ്ങളും വിളക്കുമുണ്ടാകും.

 കാസര്‍കോട്‌ കുറുംബ ഭഗവതിക്ഷേത്രം, കീഴൂര്‍ കുറുംബ ഭഗവതി ക്ഷേത്രം, ഉദുമ തെരുവത്ത്‌ ഭഗവതിക്ഷേത്രം, കൊട്ടിക്കുളം ശ്രീ ഭഗവതി ക്ഷേത്രം, പാലക്കുന്ന്‌ ഭഗവതി ക്ഷേത്രം, ബേക്കല്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രം, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം എന്നിവര്‍ പാരമ്പര്യരീതിയനുസരിച്ച്‌ ആഘോഷത്തോടെ എത്തും. ആറാട്ടുദിവസം ആറാട്ടുകടവിലേയ്ക്ക്‌ പോകുമ്പോള്‍ ശ്രീ മുച്ചിലോട്ട്‌ ഭഗവതി ക്ഷേത്രസ്ഥാനിമാരും തിരിച്ചെഴുന്നെള്ളുമ്പോള്‍ പാലക്കുന്ന്‌ ഭഗവതി ക്ഷേത്രസ്ഥാനിമാരും അകമ്പടി സേവിക്കും. കൊടിയിറങ്ങിയശേഷം പാലക്കുന്ന്‌ ക്ഷേത്രസ്ഥാനിമാര്‍ ഇവിടെനിന്നും ഓലയും മുളയും കൊണ്ടുപോയി പാലക്കുന്ന്‌ ഭരണി മഹോത്സവത്തിന്‌ തുടക്കം കുറിക്കും.

Wednesday, June 6, 2018

ഗുരുഗീത



''ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,
ഗുരുർ ദേവോ മഹേശ്വരാ 
ഗുരു സാക്ഷാത് പരബ്രഹ്മം
തസ്മൈ ശ്രീ ഗുരു വേ നമഃ ''


നമുക്ക് വളരെ സുപരിചിതമായ വരികളാണിവ. എന്നാൽ ഈ വരികളുടെ ഉദ്ഭവത്തെക്കുറിച്ച് അറിയുന്നവർ ചുരുക്കമാണ്.  ' സ്കന്ദപുരാണ'ത്തിലെ 
'ഗുരുഗീത ' എന്നപേരിൽ അറിയപ്പെടുന്ന ഭാഗമാണിത്. മഹാഭാരതത്തിലെ 
ഭഗവദ്ഗീതപോലെ.


പരമശിവനും പത്നിയായ പാർവ്വതിയും തമ്മിലുള്ള സംഭാഷണമാണ് ഇത് മുഴുവൻ. മിക്കപ്പോഴും ധ്യാനസ്വഭാവത്തിൽ കാണപ്പെടുന്ന പരമശിവനോട് പാർവ്വതി ചോദിക്കുന്നു, 'ലോകം മുഴുവനും അങ്ങയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് 'എന്ന്. ഈ ചോദ്യത്തിന് മറുപടിയായി പരമശിവൻ നൽകുന്ന മറുപടിയാണ് മുകളിൽ പറഞ്ഞ വരികൾ.


പരമശിവൻ പറയുന്നു , 'ഞാനും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാൽ ഞങ്ങൾക്കെല്ലാം ഒരു ഗുരുവുണ്ട് . അത് സാക്ഷാൽ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നിൽക്കുന്ന ഗുരുവിനെയാണ് ഞാൻ പ്രാർത്ഥിക്കുന്നത് '.
തുടർന്ന് അങ്ങനെയൊരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും കിട്ടിയാൽ എങ്ങനെ ആരാധിക്കണമെന്നും ഗുരുവാക്ക് പാലിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും തെറ്റിച്ചാൽ എന്തൊക്കെ ദോഷങ്ങളുണ്ടെന്നും ഇങ്ങനെയുള്ള പാർവ്വതിയുടെ നിരവധി ചോദ്യങ്ങൾക്ക് പരമശിവൻ നൽകുന്ന മറുപടികളാണ് ഗുരു ഗീതയിലെ നൂറുകണക്കിന് വരികൾ.
'ഗുരുഗീത' നൽകുന്ന സന്ദേശമിതാണ് :


'പരബ്രഹ്മ 'മെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മൾ ഏതൊക്കെ പേരിൽ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തിൽ ജീവിച്ചിരുന്ന ഗുരുക്കൻമാരായിരുന്നു.
അവരിലൂടെയാണ് നമ്മൾ ദൈവത്തെ. അറിഞ്ഞതും അനുഭവിച്ചതും.
'മാതാപിതാ ഗുരുർ ദൈവം' എന്ന വരികൾ പറയുന്നതുപോലെ, മാതാവിലൂടെ മാത്രമേ പിതാവിനെ അറിയാൻ കഴിയൂ ,


ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ. അതുകൊണ്ട് 'ഗുരുഗീത' ലോകത്തോടു പറയുന്നു, ''ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ് , ആ ഗുരുവുമായി ഗുരുശിഷ്യബന്ധം പുലർത്തുകയാണ്''.


Tuesday, May 22, 2018

മരണഭയം മറികടക്കാൻ മഹാ മൃത്യുഞ്ജയ മന്ത്രം



ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്


നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെറിയുന്ന മന്ത്രമാണ് ഇത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം. 



ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ് ഇതിലെ വരികള്‍. ഒരു ദിവസം 108 , 1008  ആവൃത്തിയാണ് ഈ മന്ത്രം ജപിക്കേണ്ടത്. ഇനി അതിനു സാധിച്ചില്ല എങ്കിൽ കുറഞ്ഞത് ഒരാവൃത്തി എങ്കിലും ഈ മന്ത്രം ശുദ്ധിയോടെ ജപിക്കുന്നത് ഗുണം ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു.


മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്.നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു. 


ഈ ജന്‍മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.  ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ  സതിക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ മന്ത്രം കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പറയപ്പെടുന്നു. 

കടപ്പാട് ....

Friday, February 23, 2018

ഭക്തവത്സലനായ പരമശിവൻ - പുരാണകഥകൾ



സമ്പല്‍സമൃദ്ധമായ പാണ്ഡ്യരാജ്യം യാതൊന്നിനും ഒരു കുറവും ഇല്ലാത്ത മഹാരാജ്യമായിരുന്നു. ശിവാരാധനയാണ് അവിടുത്തെ എല്ലാ ഐശ്വര്യത്തിനും പ്രധാന കാരണം. ആ പരമശക്തിയെ ആരാധിക്കുന്നതിന് ഒരു മുടക്കവും വരുത്തരുതെന്ന് എല്ലാവര്‍ക്കും വളരെ നിര്‍ബന്ധമാണ്.
അങ്ങനെയിരിക്കെ ഒരു ദിവസം സുപ്രസിദ്ധനായ സംഗീത വിദ്വാന്‍ ഹേമനാഥഭാഗവതര്‍ പാണ്ഡ്യരാജ്യത്ത് വരുന്നുണ്ടെന്ന് അറിഞ്ഞു. വളരെ പ്രൗഢമായ വരവേല്‍പ്പാണ് പാണ്ഡ്യരാജാവ് ഭാഗവതര്‍ക്കായി ഒരുക്കിയത്.
രാജാവിന്റെ അപേക്ഷപ്രകാരം അന്ന്  രാത്രി ഒരു സംഗീതവിരുന്ന് സംഘടിപ്പിച്ചു. എല്ലാവരും രാജാവിന് തുല്യനായ ഭാഗവതരുടെ കച്ചേരി കേട്ടു സന്തോഷിച്ചു. 

രാജാവിനും സന്തോഷമായി. അനേകം സ്വര്‍ണനാണയങ്ങള്‍, വിലമതിക്കാനാവാത്ത പട്ടുവസ്ത്രങ്ങള്‍. അങ്ങനെയെല്ലാം നല്‍കി. അപ്പോഴാണ് എല്ലാവരും ഭാഗവതരുടെ മുഖമാറ്റം ശ്രദ്ധിച്ചത്.  ഭാഗവതർ രാജാവിനോടു പറഞ്ഞു. ഞാന്‍ ഇവിടെ നിന്റെ സമ്മാനങ്ങള്‍ക്കുവേണ്ടിയല്ല പാടിയത്.


ഈ സഭയില്‍ എനിക്കെതിരായി പാടുവാന്‍ യോഗ്യതയുള്ളവര്‍ ഉണ്ടോ അതോ നിന്റെ രാജ്യത്തുതന്നെ ഉണ്ടോ. അതോ നീയോ? നാളെ ഇതേ സമയം എന്നോട് ഈ രാജ്യത്തുള്ള ആരെങ്കിലും പാടി ജയിക്കുകയാണെങ്കില്‍ ഞാന്‍ സമ്പാദിച്ച സ്വത്തുക്കളും മറ്റും കൂടാതെ ഞാന്‍ ഈ പാണ്ഡ്യരാജ്യത്തിന് അടിമയും ആകുന്നതാണ്.  നേരെ മറിച്ച് ഞാന്‍ ജയിക്കുകയാണെങ്കില്‍ എനിക്ക് ഈ പാണ്ഡ്യരാജ്യം തന്നെ വേണം എന്നു നിര്‍ബന്ധം. ഭാഗവതര്‍ തറപ്പിച്ചുപറഞ്ഞു. 


മഹാരാജാവ് ആകെ വ്യാകുലനായി.ഭാഗവതരോട് പാടി ജയിക്കാന്‍ ആരെങ്കിലും ഉണ്ടോ? എല്ലാവരോടുമായി രാജാവ് വീണ്ടും വീണ്ടും ചോദിച്ചു. ആരും സമ്മതം മൂളിയില്ല. പിന്നെ രാജാവിന്റെ ഉത്തരവ് പ്രകാരം ദിവസേന ശിവക്ഷേത്രത്തില്‍ ഭജനയും മറ്റും പാടിക്കൊണ്ടിരിക്കുന്ന ബാണഭദ്രന്‍ എന്ന ബ്രാഹ്മണനെ കാവല്‍ക്കാര്‍ രാജസഭയില്‍ എത്തിച്ചു. ബാണഭദ്രനോടായി രാജാവ് കല്‍പ്പിച്ചു. നാളെ നീ ഹേമനാഥ ഭാഗവതരോടു മത്സരിക്കണം . ബാണഭദ്രന്‍ ഞെട്ടിപ്പോയി. വിവരം ഭദ്രനും അറിഞ്ഞിരുന്നു.
എല്ലാവരും ഉറങ്ങാന്‍ പോയി. ആ സമയം ഒരാള്‍ മാത്രം ഉറങ്ങാതെ ശിവസന്നിധിയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. വേറെ ആരുമല്ല. സാധു ബ്രാഹ്മണന്‍ ബാണഭദ്രന്‍ തന്നെ. അവസാനം ശിവസന്നിധിയില്‍ ബലിക്കല്ലില്‍ തലമുട്ടി പ്രാര്‍ത്ഥിച്ചു. ആ സമയം അയാളുടെ ബോധം തന്നെനഷ്ടപ്പെട്ടു. പെട്ടെന്ന് അത്ഭുതം സൃഷ്ടിച്ചുകൊണ്ട് ശ്രീകോവിലിന്റെ തിരുനട തുറന്നു. ഒരു വിറകുവെട്ടിയുടെ വേഷത്തില്‍ സാക്ഷാല്‍ പരമശിവന്‍ ഭക്തനുവേണ്ടി പുറത്തിറങ്ങി.


ഹേമനാഥഭാഗവതരും പരിവാരങ്ങളും താമസിക്കുന്ന കൊട്ടാരത്തിലെ വരാന്തയില്‍  കിടന്നു വിറകുവെട്ടി അതി മനോഹരമായി ദിവ്യഗീതം ആലപിക്കാൻ തുടങ്ങി.  കുറെ കഴിഞ്ഞപ്പോള്‍  ലോകം തന്നെ നിശ്ചലമായി. ഈ പാട്ടുകേട്ടുകൊണ്ടിരിക്കുന്ന ഹേമനാഥഭാഗവതര്‍ സ്തംഭിച്ചുപോയി.
ഞാനും പാടാറുണ്ട്. പക്ഷേ ലോകം മുഴുവന്‍ സ്തംഭിക്കുന്ന പാട്ട് പാണ്ഡ്യനാട്ടില്‍ മാത്രമേ കേട്ടിട്ടുള്ളൂ.   പരിവാരസമേതം കൊട്ടാരത്തിന് വെളിയില്‍ വരാന്തയില്‍ ഇരിക്കുന്ന വിറകുവെട്ടിയോടു ചോദിച്ചു.

"ഇവിടെ ആരാണ് ഒരു ദേവഗാനം പാടിയത്?" അതിന് മറുപടിയായി വിറകുവെട്ടി വിനയത്തോടെ തുറന്നു പറഞ്ഞു "ഞാന്‍ തന്നെയാണ് പാടിയത് ". 
ശരി നിന്റെ ഗുരു ആരാണ് എന്നുഭാഗവതര്‍ ചോദിച്ചു. അതിന് മറുപടിയായി ബാണഭദ്രന്റെ പേരു പറഞ്ഞു. ഇതുകേട്ടതും സംഗീതചക്രവര്‍ത്തി ഹേമനാഥ ഭാഗവതര്‍ ഞെട്ടി.


പരിഭ്രമിച്ചു കൊണ്ട് ഭാഗവതർ വിറക് വെട്ടിയോടായി പറഞ്ഞു. "ഞാന്‍ ഇവിടെ നാളെ പാട്ടുമത്സരത്തിന് വന്നതാണ്. എന്നാല്‍ നിന്റെ ഈ പാട്ടുകേട്ടതും ഞാന്‍ തോറ്റുപോയിരിക്കുന്നു. അതുകൊണ്ടു ഞാന്‍ സമ്പാദിച്ച സ്വത്തും എല്ലാം ഐശ്വര്യവും ഈ പാണ്ഡ്യനാടിനു ഇതാ ഈ ഓലയില്‍ എഴുതിയിട്ടുണ്ട്. തോറ്റുപോയ എനിക്ക് രാജാവിനേയോ ഭാഗവതരേയോ നോക്കാന്‍ ശക്തിയില്ല. അതിനാല്‍ ഇന്നുരാത്രി തന്നെ ഞങ്ങള്‍ സ്ഥലംവിടുകയാണ് " ഇങ്ങനെ പറഞ്ഞു ഭാഗവതർ സ്ഥലം വിട്ടു.
വിറകുവെട്ടി നേരെ അമ്പലത്തില്‍ ചെന്നു ബലിക്കല്ലില്‍ തളര്‍ന്നുകിടക്കുന്ന ബാണഭദ്രനോടു നടന്ന സംഗതി അതുപോലെ പറഞ്ഞു. കൈയ്യിലുള്ള ഓലയും കൊടുത്തു. ബാണഭദ്രന് മഹാദേവന്‍ ദിവ്യദര്‍ശനവും നല്‍കി അനുഗ്രഹിച്ചു.


കടപ്പാട്:  ജന്മഭൂമി

Sunday, February 18, 2018

ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം

ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം എന്നതിനുള്ള ചിത്രം


 ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം ശിവൻ, പാർവ്വതി പടിഞ്ഞാറ് ആദമ്പള്ളി ചക്കംകുളങ്ങര എറണാകുളം ജില്ല


കേരളത്തിലെ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിലെ ചക്കംകുളങ്ങരയിലുള്ള മഹാദേവക്ഷേത്രമാണ് ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ആദമ്പള്ളിയാണ് ഈ ശിവക്ഷേത്രം, ക്ഷേത്രത്തിലെ ശിവലിംഗപ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു


തൃപ്പൂണിത്തുറ മഹാക്ഷേത്രത്തിന്റെ തെക്കുവശത്തായി മഹാക്ഷേത്ര രൂപകല്പനയിൽ പണിതീർത്തതാണീക്ഷേത്രം. 

തൃപ്പൂണിത്തുറക്ഷേത്രത്തിന്റെ വടക്കുവശത്തു ഒരു ഭഗവതിക്ഷേത്രമുണ്ട്. അത് ആദമ്പള്ളിക്കാവ് ഭഗവതിക്ഷെത്രം എന്നപേരിൽ അറിയപ്പെടുന്നു. കൊച്ചിരാജ്യത്തിലെ പ്രമുഖക്ഷേത്രങ്ങളിൽ ഒന്നാണിത്. 


വടക്കുന്നാഥക്ഷേത്രത്തിലേതുപോലെ പടിഞ്ഞാറേക്ക് ദർശനം നൽകി ശ്രീപരമശിവനും അതേ ശ്രീകോവിലിൽ കിഴക്കു ദർശനം നൽകി പാർവ്വതീദേവിയും കുടികൊള്ളുന്നു. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള മഹാശിവക്ഷേത്രമാണിത്.



ക്ഷേത്ര നിർമ്മിതി

നാലമ്പലവും വിളക്കുമാടവും

സമചതുരാകൃതിയിലുള്ള ചക്കംകുളങ്ങരയിലെ ശ്രീകോവിൽ പടിഞ്ഞാറേക്കാണ് പ്രധാന അഭിമുഖമായാണ് നിർമ്മിച്ചിരിക്കുന്നത്. അതിനുള്ളിലായി ശിവലിംഗപ്രതിഷ്ഠയും അതിനു തൊട്ടുപുറകിലായി പാർവ്വതീദേവിയുടെ പ്രതിഷ്ഠയും നടത്തിയിട്ടുണ്ട്. അനഭിമുഖമായുള്ള ഈ പ്രതിഷ്ഠകൾ അർദ്ധനാരീശ്വര സങ്കല്പമാണ് തീർക്കുന്നത്.


ശ്രീകോവിലിന്റെ പടിഞ്ഞാറുഭാഗത്തായി മഹാദേവനടയിൽ നമസ്കാര മണ്ഡപവും നിമ്മിച്ചിരിക്കുന്നു. മനോഹരമായ നാലമ്പലവും, അതിനുള്ളിലായിതന്നെ നിർമ്മിച്ചിരിക്കുന്ന തിടപ്പള്ളിയും കേരളതനിമ ഒട്ടും ചോരാതെയുള്ള വിളക്കുമാടവും ഒരു മഹാക്ഷേത്ര പ്രൗഡി ഇവിടെ ഒരുക്കുന്നു.


ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വലിയ ഒരു കുളം നിർമ്മിച്ചിട്ടുണ്ട്. പരമശിവന്റെ രൗദ്രഭാവത്തിനു ശമനം നൽകാനാവാം ശിവക്ഷേത്രത്തിന് അഭിമുഖമായി കുളം നിർമ്മിച്ചിരിക്കുന്നത്. നാലമ്പലത്തിനും പടിഞ്ഞാറേക്കുളത്തിനും നടുക്കായിട്ടാണ് ആനക്കൊട്ടിൽ നിർമ്മിച്ചിരിക്കുന്നത്. ഉരുണ്ടതൂണുകളോടുകൂടിയ ഇടത്തരം വലിപ്പമേറിയ ഈ ആനക്കൊട്ടിൽ അടുത്തയിടെ നിർമ്മിച്ചതാവാം. തൃപ്പൂണിത്തുറതേവരുടെ ആറാട്ട് നടക്കുന്നത് ഇവിടുത്തെ പടിഞ്ഞാറേ ക്ഷേത്രക്കുളത്തിലാണ്. അന്നേ ദിവസം ഇവിടെ ചക്കംകുളങ്ങരയിൽ തേവരെ ഇറക്കി എഴുന്നള്ളിക്കുകയും, ആറാട്ടിനുശേഷം ആരതി നടത്തി ആദരപൂർവ്വം എഴുന്നള്ളിച്ചിരുത്തുന്നത് ഇവിടുത്തെ ക്ഷേത്രകുളപ്പുരയിലാണ്.    


ശനീശ്വരക്ഷേത്രം


ഒരേ മതിൽക്കകത്തു രണ്ടു പ്രധാനപ്രതിഷ്ഠാമൂർത്തികൾ എന്നപോലെ ഇവിടുത്തെ ശനിശ്വരപ്രതിഷ്ഠ പ്രസിദ്ധമാണ്. നവഗ്രഹ പ്രതിഷ്ഠയുള്ള ഏകമഹാശിവക്ഷേത്രമാണിത്. എല്ലാശനിയാഴ്ചകളിലും ശിവക്ഷേത്ര ദർശനത്തിനും ശനീശ്വരക്ഷേത്ര ദർശനത്തിനുമായി നൂറുകണക്കിനാളുകൾ ഇവിടെ എത്താറുണ്ട്.



ഉപദേവന്മാർ

ഗണപതി
സുബ്രഹ്മണ്യൻ
അയ്യപ്പൻ
കീഴ്തൃക്കോവിൽ മഹാവിഷ്ണു
നാഗങ്ങൽ
രക്ഷസ്സ്
നവഗ്രഹങ്ങൽ



ഉത്സവം, ശിവരാത്രി


ശിവരാത്രിനാളിലെ ചെണ്ടമേളം

കുംഭമാസത്തിലെ (ഫെബ്രുവരി-മാർച്ച്) തിരുവോണം നക്ഷത്രം വരത്തക്കവണ്ണം എട്ടുദിവസം ഇവിടെ ഉത്സവം കൊണ്ടാടുന്നു. കൊടിയേറ്റ് കഴിഞ്ഞുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും സന്ധ്യക്കും കാഴ്ചശീവേലി എഴുന്നള്ളിപ്പ് പതിവുണ്ട്. ആറാട്ട് മിക്കവാറും ശിവരാത്രിദിവസമായിരിയ്ക്കും.


തിരുവാതിര

ധനുമാസത്തിലെ തിരുവാതിര നാളിലാണ് (ശ്രീമഹാദേവന്റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്ര ദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുന്നു.


മണ്ഡലപൂജ

41 മണ്ഡലദിവസങ്ങളിലും ചക്കംകുളങ്ങരക്ഷേത്രം ഒരുങ്ങി നിൽക്കുന്നു. ഈ ദിവസങ്ങളിലെ പ്രത്യേക ദീപാരാധനയും, ലക്ഷദീപവും നടത്താറുണ്ട്.


ക്ഷേത്രത്തിൽ എത്തിചേരാൻ

തൃപ്പൂണിത്തുറ മഹാക്ഷേത്രത്തിൽ നിന്നും അരകിലോമീറ്റർ തെക്കുമാറിയാണ് ചക്കംകുളങ്ങരക്ഷെത്രം സ്ഥിതിചെയ്യുന്നത്

Monday, February 12, 2018

ആലുവ മണപ്പുറം


Image result for ആലുവ മണപ്പുറം

പഴയ കാലത്ത് ആലങ്ങാട് രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന, പെരിയാറിന്റെ തീരത്തെ ഒരു പ്രദേശത്തിനാണ് ആലുവയെന്നു പേരുണ്ടായത്. കേരളത്തിലെ പുണ്യ നദികളില് രണ്ടാമതു നില്ക്കുന്നതാണ് പെരിയാര്. രാവണന് സീതയെ അപഹരിച്ചുകൊണ്ടു പോകുമ്പോള് മാര്ഗ്ഗതടസമുണ്ടാക്കിയ ജടായുവിനെ രാവണന് ആക്രമിക്കുകയും അത്ചിറകറ്റ് നിലം പതിക്കുകയും താമസിയാതെ മരണം സംഭവിക്കുകയും ചെയ്തുവല്ലൊ.


ജടായുവിന്റെ അന്ത്യ കര്മ്മങ്ങള്, ശ്രീരാമന് ഒരു ശിവരാത്രിനാളില് ആലങ്ങാട്ട് പ്രദേശമായ പെരിയാറിന്റെ തീരത്ത് സ്വയംഭൂവായ ശിവലിംഗത്തിനു സമീപം ജടായുവിന്റെ അന്ത്യ കര്മ്മങ്ങള് ചെയ്തുവെന്നും, ജടായുവിന് മോക്ഷം ലഭിച്ചുവെന്നും പുരാണങ്ങളില് സൂചിപ്പിക്കുന്നു. ഇക്കാരണത്താലാണ് ഇവിടെ പിതൃകര്മ്മങ്ങള്ക്ക് വലിയ പ്രാധാന്യം സിദ്ധിച്ചത്.


വില്വമംഗലം സ്വാമിയാര് പരശുരാമപ്രതിഷ്ഠിതമായ 108 ശിവക്ഷേത്രങ്ങള് സന്ദര്ശിക്കുന്ന കൂട്ടത്തില് പെരിയാറില് കൂടി വഞ്ചിയില് പോകവേ നദിയുടെ തീരത്ത് തുറസ്സായ സ്ഥലത്ത് ഒരു ശിവലിംഗം ഇരിക്കുന്നതു ദൃഷ്ടിയില് പെട്ടു. ആ ശിവലിംഗത്തിന് അതിശയിപ്പിക്കുന്ന രീതിയിലുളള ചൈതന്യവും ശോഭയും വില്വമംഗലം കാണുകയുണ്ടായി.വില്വമംഗലം ആലങ്ങാട്ട് രാജാവിനെക്കണ്ട് കാര്യം ധരിപ്പിക്കുകയും ശിവലിംഗം ക്ഷേത്രം പണിത് മാറ്റി സ്ഥാപിക്കണമെന്ന് നിര്ദ്ദേശിക്കുകയുംചെയ്തു.ആലങ്ങാട്ട് രാജാവ് ക്ഷേത്ര നിര്മ്മാണത്തിനായി പോട്ടയില് ഇളയതിനേയും, മുല്ലപ്പള്ളി നമ്പൂതിരിയേയും തോട്ടത്തില് നമ്പ്യാരേയും ഏല്പിച്ചു. ഇവര് മൂവ്വരും ചേര്ന്ന് ക്ഷേത്ര നിര്മ്മാണം നടത്തുകയും വില്വമംഗലം സ്വാമിയാര് പ്രതിഷ്ഠ നടത്തുകയും ചെയ്തു വെന്നതാണ് പുരാണം. പ്രതിഷ്ഠക്കു ശേഷം വില്വമംഗലം നട്ടു വളര്ത്തിയ ആല്മരമാണ് ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഇന്നു പന്തലിച്ചു നില്ക്കുന്നത്. ഈ ആല്വൃക്ഷത്തെ ആധാരമാക്കിയാണ് ഈ സ്ഥത്തിന് ആലുവായ് എന്ന പേരുണ്ടായത്.


വെട്ടേറ്റു വീണ ജടായുവിന് രാമലക്ഷ്മണൻമാർ ബലിതർപ്പണം നടത്തിയത് ആലുവ മണപ്പുറത്തെന്നാണ് ഐതിഹ്യം. ശിവരാത്രി നാളിൽ പെരിയാറിൽ ഗംഗയുടെ സാന്നിദ്ധ്യമുണ്ടെനാണ് വിശ്വാസം.


                   
മഹാശിവരാത്രി ആശംസകൾ

Saturday, February 10, 2018

ശിവതത്ത്വത്തിന് ജീവന്‍ നല്‍കുന്ന ശിവരാത്രി!



ചേതനയുടെ ഏറ്റവും സൗന്ദര്യമുള്ള ഘടകമായ ശിവതത്വത്തിന് ജീവന്‍ നല്‍കുന്നതിന്റെ പ്രതീകമാണ് ശിവരാത്രി.


ശിവന്‍ ഒരു വ്യക്തിയോ രൂപമോ അല്ല. എല്ലാത്തിന്റേയും സത്തയായ ശാശ്വത തത്ത്വമാണ്. ആതില്‍ നിന്നാണ് എല്ലാം ജന്മംകൊള്ളുന്നത്; അതാണ് നിലനിര്‍ത്തുന്നത്; അതിലേയ്ക്കാണ് എല്ലാം വിലയം പ്രാപിക്കുന്നത്.


ഒരേസമയം ഇത്രയ്ക്കധികം സൂക്ഷ്മവും, എന്നാല്‍ തൊട്ടറിയാന്‍ പറ്റുന്നതുമായ ഇതിനെ ഉള്‍ക്കൊള്ളുകയും, പ്രകാശിപ്പിക്കുകയും ചെയ്യുന്നതെങ്ങനെ എന്ന ചോദ്യം ഇവിടെ ഉയരുന്നു

അതിവിശിഷ്ടവും, അളക്കാന്‍ കഴിയാത്തതുമായ ഈ തത്ത്വത്തെ ഏകദേശം അതിന്റെ പൂര്‍ണ്ണതയോടെത്തന്നെ പ്രകാശിപ്പിക്കുന്നത് പ്രപഞ്ചനര്‍ത്തകനായ നടരാജനാണ്. സൃഷ്ടിയുടെ ഭൗതികവും, ആത്മീയവുമായമേഖലകള്‍ ഇടകലര്‍ന്ന് സമ്മേളിക്കുന്ന ആകര്‍ഷകമായ പ്രതീകമാണ് നടരാജന്‍. നടരാജന്റെ 108 നൃത്തങ്ങളില്‍ ഏറ്റവുമധികം ആരാധിക്കപ്പെടുന്നത് സുന്ദരമായ ആനന്ദതാണ്ഡവമാണ്. അതില്‍ പ്രകടമാകുന്ന സൗന്ദര്യവും മനോജ്ഞതയും ചാരുതയും മറ്റെങ്ങും കാണുകയില്ല.



പ്രപഞ്ചതാളത്തിന്റെ ഈ ആനന്ദനടനം ആസ്വദിക്കണമെങ്കില്‍ ശരീരം, മനസ്സ്, ബുദ്ധി, അഹം എന്നിവയെ അതിവര്‍ത്തിക്കണം.


അനാദിയും അനന്തവുമാണ് ശിവന്‍. നൃത്തച്ചുവടുകള്‍ വയ്ക്കുന്ന ശിവന്റെ മുകളിലേക്ക് പിടിച്ചിരിക്കുന്ന വലതുകയ്യിലെ ഢമരുവിന് അനന്തതയുടെ ആകൃതിയാണ്.


ശബ്ദത്തേയുംആകാശത്തേയും പ്രതിനിധാനം ചെയ്യുന്ന അത്, പ്രപഞ്ചത്തിന്റെ വികാസത്തേയും തകര്‍ച്ചയേയും സൂചിപ്പിക്കുന്നു. അനശ്വരതയിലേക്കെത്തുന്നത് നശ്വരമായ ശബ്ദത്തിലൂടെയാണ്.
ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഇടതുകൈ പ്രപഞ്ചത്തിന്റെ ആദിമ ഊര്‍ജ്ജത്തെ പ്രതിനിധാനം ചെയ്യുന്നു. ആനന്ദം ഊര്‍ജ്ജത്തെ നിലനിര്‍ത്തുമ്പോള്‍ സുഖഭോഗങ്ങള്‍ അതിനെ കുറയ്ക്കുകയാണ് ചെയ്യുക.

അഭയമുദ്രയോടുകൂടി താഴേക്കു പിടിച്ചിരിക്കുന്ന വലതുകൈ സംരക്ഷണവും ക്രമനിബദ്ധതയും ഉറപ്പുവരുത്തുന്നു. പാദങ്ങളിലേയ്ക്കു ചൂണ്ടുന്ന മറ്റേകൈയാകട്ടെ, അനന്തമായ സാദ്ധ്യതകളെയാണ് സൂചിപ്പിക്കുന്നത്.


ശിവന്റെ പാദങ്ങള്‍ക്കുകീഴിലുള്ള അപസ്മാര എന്ന അസുരന്‍ അജ്ഞതയെ പ്രതിനിധാനം ചെയ്യുന്നു. മാത്രമല്ല, ശരീരത്തിന്റെയും ജീവോര്‍ജ്ജത്തിന്റെയും മുകളിലുള്ള നിയന്ത്രണംവിട്ടുപോകുന്ന അപസ്മാരാവസ്ഥയെയാണ് അത് സൂചിപ്പിക്കുന്നത്.


അജ്ഞതയുടെ ബന്ധനത്തില്‍നിന്ന്‌മോചനം നേടാന്‍ മനുഷ്യചേതനയ്ക്കു കഴിയുമ്പോള്‍ അതിന് ശരീരത്തിന്റേയും മനസ്സിന്റേയും മുകളില്‍ ആധിപത്യംലഭിക്കുന്നു. അപ്പോഴാണ് ജീവിതത്തില്‍ ആനന്ദനടനം ആരംഭിക്കുന്നത്. പ്രപഞ്ചത്തില്‍ നടക്കുന്ന സൃഷ്ടിസംഹാരങ്ങളുടെ ചാക്രികതയാണ് ആനന്ദതാണ്ഡവം പ്രതിനിധാനം ചെയ്യുന്നത്.
ഈ ലോകം വീണ്ടും വീണ്ടും ഉയരുകയും താഴുകയും ചെയ്യുന്ന ഊര്‍ജ്ജമല്ലാതെമറ്റൊന്നുമല്ല.


തമിഴ്‌നാട്ടിലെ ചിദംബരം ക്ഷേത്രം നടരാജന്റെ അതീന്ദ്രീയാവസ്ഥയുടെ മനോഹരമായ ആവിഷ്‌ക്കാരമാണ്. ഇവിടെ ‘ചിത്’ എന്നാല്‍ ചേതനയെന്നും, ‘അംബരം’ എന്നാല്‍ പ്രകാശമാനമായ ആകാശമെന്നുമാണ്അര്‍ത്ഥം.


ശിവന്റെ അനന്തനൃത്തം സംഭവിച്ചത് ഭൂമിയിലല്ല. ആ നൃത്തം ശാശ്വതമായ തുടര്‍ച്ചയാണ്.അതിന് അവസാനമില്ല. ചിദംബരം ക്ഷേത്രത്തിലെ മേല്‍ക്കൂരയിലുള്ള 21600 സ്വര്‍ണ്ണ ഓടുകള്‍ ഒരു മനുഷ്യന്‍ ഒരു ദിവസം എത്ര ശ്വാസം എടുക്കും എന്നത് സൂചിപ്പിക്കുന്നു.


”സര്‍വ്വം ശിവമയം ജഗത്” – ശിവന്റെ പ്രകാശനമാണ് ഈ പ്രപഞ്ചം മുഴുവന്‍ എന്ന് പുരാണങ്ങളില്‍ പറയുന്നു.


ഭൗതികതയില്‍നിന്ന് ഉയര്‍ന്ന് അനന്തവും നിഷ്‌കളങ്കവും ആനന്ദകരവുമായ ശിവതത്ത്വത്തിന്റെ പരമപ്രഭാവത്തില്‍ മുങ്ങാന്‍ പറ്റുന്ന ഏറ്റവും ശ്രേഷ്ഠമായസമയമാണ് ശിവരാത്രി. ബാഹ്യമായി നിരവധി ചടങ്ങുകളും പൂജകളും ശിവാരാധനയില്‍ ഉണ്ടെങ്കിലും, ശിവന് നല്‍കാവുന്ന ഏറ്റവും മനോഹരമായ പൂക്കളാണ് ജ്ഞാനം, സമചിത്തത, ശാന്തി എന്നിവ. 


നമ്മളില്‍ത്തന്നെയുള്ള ശിവതത്വത്തെ ആഘോഷിക്കുന്നതാണ് ശരിയായ ശിവരാത്രി.


#ഭാരതീയചിന്തകൾ

Monday, February 5, 2018

കാഞ്ഞിലശേരി മഹാദേവക്ഷേത്രം



കേരളത്തിൽ കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കടുത്താണ് 'കാഞ്ഞിലശ്ശേരി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
കശ്യപമഹർഷി പ്രതിഷ്ഠ നടത്തിയെന്നു വിശ്വസിക്കുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.

കാഞ്ഞിലശേരി മഹാദേവക്ഷേത്രം എന്നതിനുള്ള ചിത്രം

ആറടിയോളം പൊക്കമുള്ള ഇവിടുത്തെ ശിവലിംഗ സങ്കൽപം രൗദ്ര ശിവന്റെതാണ് എന്നു വിശ്വസിക്കുന്നു.

ശിവന്റെ രുദ്രരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ .


യക്ഷയാഗ സമയത്തും അതു കഴിഞ്ഞും ദേഷ്യമടങ്ങാതെ കാണപ്പെട്ട ശിവരൂപമാണ് രുദ്രരൂപം.

കാശി, കാഞ്ചീപുരം, കാഞ്ഞരങ്ങാട്, കാഞ്ഞിലശ്ശേരി എന്നീ ക്ഷേത്രങ്ങള് ഒരേ സമയം പ്രതിഷ്ടിച്ചതാണ് എന്നു പറയപ്പെടുന്നു.


ആദ്യത്തെ മൂന്നിടത്തും പ്രതിഷ്ഠ കഴിഞ്ഞ് കാഞ്ഞിലശ്ശേരി എത്തിയപ്പോള് മുനിവര്യനു സംശയമായി. പ്രതിഷ്ഠ സമയം കഴിഞ്ഞുവോ?. ഈ സമയം “കഴിഞ്ഞില്ല” എന്നൊരു അശരീരി ഉണ്ടാവുകയും അതിനാല് “ശരി” എന്നു നിനച്ച് മുനി പ്രതിഷ്ഠ നടത്തുകയും ചെയ്തു. “കഴിഞ്ഞില്ല”, “ശരി” എന്നിവ കൂടിച്ചേര്ന്ന് ഈ സ്ഥലത്തിന് “കഴിഞ്ഞില്ലശ്ശേരി” എന്നും കാലക്രമേണ മഹത്തായ കാഞ്ഞിലശ്ശേരി ആയി മാറിയെന്നും പഴമക്കാര് പറയുന്നു.
ഗണപതി, ദേവി, പരദേവത, വിഷ്ണു, അയ്യപ്പന്,എന്നീ ഉപദേവന്മാരുടെ സാമീപ്യം ഇവിടെ കാണപ്പെട്ടിരുന്നു.

കാലക്രമേണ അയ്യപ്പനെ ശിവക്ഷേത്രത്തിനു പുറത്ത് വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്വതന്ത്രമായി ക്ഷേത്രമുണ്ടാക്കി പ്രതിഷ്ടിച്ചു.

ഗണപതി, ദേവി എന്നീ ദേവന്മാരെ ശിവസാമീപ്യത്തിൽ നാലമ്പലത്തിനുള്ളിൽ കുടിയിരുത്തി. എന്നാല് നടവഴിയിൽ കാണപ്പെട്ട പരദേവതസാനിദ്ധ്യം ശിവനുള്ള വഴിപാടുകൾ നടവഴിയിൽ വെച്ചു സ്വയം സ്വീകരിച്ചിരുന്നത്തിനാൽ ശിവനു വഴിപാടുകൾ കിട്ടാതായി. ഇതു തുടര്ന്നപ്പോൾ ശിവൻ പരദേവതയുടെ “കുന്നി” (ചെവി) പിടിച്ചു ദൂരേക്ക് വലിച്ചെറിഞ്ഞു. വന്നു വീണ സ്ഥലത്ത് പരദേവത സ്ഥാനമുറപ്പിച്ചു. പിന്നീട് അവിടെ പരദേവത സാനിദ്ധ്യം കാണപ്പെടുകയും അവിടെ “കുന്നിമഠം” എന്നറിയപ്പെടുകയും ചെയ്തു.


ശിവക്ഷേത്രത്തിനു 800 മീറ്ററ് കിഴക്ക് തോരായികടവത്ത് പരദേവതാക്ഷേത്രമായി ഇന്നും കുന്നിമഠം സ്ഥിതി ചെയ്യുന്നു.


വിഷ്ണുവിന്റെ നരസിംഹ രൂപമാണു ശിവക്ഷേത്രത്തില് ദ്യശ്യമായിരുന്നത്. നരസിംഹത്തിനു സ്വന്തമായി ക്ഷേത്രം വേണമെന്നു സ്വര്ണപ്രശ്നത്തിൽ തെളിഞ്ഞതിനാൽ, പുതിയ ക്ഷേത്രത്തിലേക്കു മാറ്റാനായി അന്നത്തെ തന്ത്രി നരസിംഹത്തെ ആവാഹിച്ചു. ശിവക്ഷേത്രത്തിനു പുറത്ത് വടക്ക് ഭാഗത്ത് പ്രതിഷ്ടയും നടത്തി.

പക്ഷെ ആവാഹന സമയത്ത് നരസിംഹം അല്ലായിരുന്നു ആവാഹിക്കപ്പെട്ടത് എന്നു അടുത്ത സ്വർണ്ണപ്രശ്നത്തിൽ തെളിഞ്ഞു.


ശിവക്ഷേത്രത്തിൽ അദ്യശ്യമായി നിലകൊണ്ടിരുന്ന വിഷ്ണുവിന്റെ ഗോപാലരൂപമായിരിന്നു ആവാഹിക്കപ്പെട്ടതും പ്രതിഷ്ടിച്ചതും.
നരസിംഹം ശിവക്ഷേത്രത്തിൽ തന്നെ കുടികൊള്ളുന്നു. നരസിംഹത്തിന് നരച്ചോറ് വഴിപാട് ശിവക്ഷേത്രത്തിൽ ഇന്നും പതിവാണ്.
ഗോപാലക്യഷ്ണനെ ആവാഹിച്ച് പ്രതിഷ്ടിച്ച സ്ഥലം കാഞ്ഞിലശ്ശേരി ശ്രീക്യഷ്ണക്ഷേത്രമായി ഇന്നും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.



ശ്രീകൃഷ്ണ ക്ഷേത്രം 
(കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണക്ഷേത്രം)


എല്ലാ മഹാശിവക്ഷേത്രങ്ങളിലും മഹാവിഷ്ണു സാന്നിധ്യം പതിവുള്ളതുപോലെ ഇവിടെയും ശിവക്ഷേത്രത്തിനോട് ചേർന്ന് വിഷ്ണു സാന്നിധ്യം ഉണ്ട്.

മഹാക്ഷേത്രരീതിയിൽ തന്നെയാണ് ഇവിടെയും ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്. ചതുര ശ്രീകോവിലും നാലമ്പലവും തിടപ്പള്ളിയും എല്ലാം ഇവിടെ പണിതീർത്തിരിക്കുന്നു



ഉപക്ഷേത്രങ്ങൾ

ഗണപതി, ദേവി, പരദേവത, വിഷ്ണു, അയ്യപ്പന്,എന്നീ ഉപദേവന്മാരുടെ സാമീപ്യം ഇവിടെ കാണപ്പെടുന്നു. തോരായികടവത്ത് പരദേവതാക്ഷേത്രമായി ഇന്നും കുന്നിമഠവും സ്ഥിതി ചെയ്യുന്നു.


ക്ഷേത്രത്തിൽ എത്തിചേരാൻ


കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ ദൂരെയാണ് കാഞ്ഞിലശ്ശേരിക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ചേമഞ്ചേരി പൂക്കാട് നിന്നും ക്ഷെത്രത്തിൽ എത്താൻ ഒരുകിലോമീറ്റർ ദൂരം ഉണ്ട്.


#ഭാരതീയചിന്തകൾ

Monday, January 1, 2018

ദേവതമാര്‍ക്കും വിശേഷദിവസങ്ങള്‍


ഓരോരോ ദേവതമാര്‍ക്കും ഓരോരോ വിശേഷ ദിവസങ്ങളുണ്ട്. ഗണപതിക്ക് ചിങ്ങമാസത്തിലെ വിനായക ചതുര്‍ത്ഥിയും, തുലാമാസത്തില്‍ തിരുവോണവും മീന മാസത്തിലെ പൂരവും വിശേഷപ്പെട്ടതാണ്. മാസത്തില്‍ ആദ്യത്തെ വെള്ളിയാഴ്ചയും വിദ്യാരംഭദിവസവും പ്രധാനമാണ്. ദുര്‍ഗ്ഗാഭഗവതിക്ക് കാര്‍ത്തികയും പ്രത്യേകിച്ച് വൃശ്ചികമാസത്തിലെ കാര്‍ത്തികയും ചൊവ്വ, വെള്ളി ദിവസങ്ങളും പ്രധാനപ്പെട്ടതാണ്.

സരസ്വതി ദേവിയ്ക്ക് കന്നിമാസത്തിലെ നവരാത്രികാലം പ്രത്യേകിച്ച് മഹാനവമി, വിദ്യാരംഭദിവസം (വിജയദശമി) എന്നിവ ഏറെ പ്രധാനമാണ്. ഭദ്രകാളി ദേവിക്ക് ചൊവ്വ, വെള്ളി ദിവസങ്ങളും ഭരണി നക്ഷത്രവും, പ്രത്യേകിച്ച് മകരച്ചൊവ്വയും (മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച) മീനമാസത്തിലെ ഭരണിയും കുംഭ മാസത്തിലെ മകം നക്ഷത്രവും പ്രധാനമാണ്.

വിഷ്ണുദേവന് ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയും (ശ്രീകൃഷ്ണ ജയന്തി), ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയും (കുചേലദിനം), കൂടാതെ എല്ലാ മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ചയും ഏകാദശിയും വൃശ്ചികമാസത്തില്‍ മണ്ഡലം തുടങ്ങി ധനുമാസം അവസാനിക്കുന്നതുവരെയും എല്ലാ മാസത്തിലെയും തിരുവോണനക്ഷത്രവും വിശേഷപ്പെട്ടതാണ്. ശിവഭഗവാന് ധനുമാസത്തില്‍ തിരുവാതിരയും കുംഭമാസത്തില്‍ ശിവരാത്രിയും മാസത്തില്‍ ആദ്യംവരുന്ന തിങ്കളാഴ്ചയും പ്രദോഷവും പ്രധാനമാണ്.

ശാസ്താവിന് വിദ്യാരംഭം, മണ്ഡലകാലം, മാസത്തിലെ ആദ്യത്തെ ബുധനാഴ്ച, ആദ്യത്തെ ശനിയാഴ്ച എന്നിവയാണ് പ്രധാനം. കന്നിമാസത്തിലെ കപിലഷഷ്ഠി, തുലാമാസത്തില്‍ സ്‌കന്ദഷഷ്ഠി, മകരമാസത്തിലെ തൈപ്പൂയം (പൂയം നക്ഷത്രം), കൂടാതെ മാസംതോറുമുള്ള ഷഷ്ഠി, പൂയം നക്ഷത്രം, ആദ്യത്തെ ഞാറാഴ്ച എന്നിവയാണ് സുബ്രഹ്മണ്യന് പ്രധാനം. ശ്രീരാമദേവന് മേടമാസത്തിലെ ശ്രീരാമനവമി, എല്ലാ മാസത്തിലെയും നവമി, ഏകാദശി തിഥികളും ബുധനാഴ്ചകളും വിശേഷപ്പെട്ടതാണ്.

Friday, December 8, 2017

കാശി വിശ്വനാഥ അഷ്ടകം - ശിവസ്തുതികൾ


ഗംഗാ തരംഗ രമണീയ ജടാകലാപം
ഗൗരീ നിരന്തര വിഭൂഷിത വാമ ഭാഗം
നാരായണപ്രിയ മനംഗ മദാപഹാരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം!  (1)


വാചാമഗോചരാമന്മനേക ഗുണ സ്വരൂപം
വാഗീശ വിഷ്ണു സുര സേവിത പാദ പീഠം
വാമീന വിഗ്രഹ വരേണ കളത്ര വന്ദം
വാരാണസീ പുരപതിം ഭജ വിശ്വനാഥം!  (2)


ഭൂതാതിപം ഭുജഗ ഭൂഷിത ഭൂഷണാംഗം
വ്യാഘ്രാ ജിനാം ഭരതരം ജടിലം ത്രിനേത്രം
പാഷാങ്കുശാഭയ വരപ്രദ ശൂലപാണിം
വാരാണസീ പുരപതിം ഭജ വിശ്വനാഥം!  (3)


സീതാംശു ശോഭിത കിരീട വിരാജമാനം
ഫാലേക്ഷണാ നല വിശോഷിത പഞ്ചബാണം
നാഗാധിപാ രചിത ഭാസുര കർണ്ണപൂരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം!  (4)


പഞ്ചാനനം ദുരിത മട്ട മടാംഗ ജാനാം
നാഗാന്തകം ധനുജ പുംഗവ പന്നഗാനാം
ദാവാനലം മരണ ശോക ജരാട വീണാം
വാരാണസീ പുരപതിം ഭജ വിശ്വനാഥം!  (5)


തേജോമയം സഗുണ നിർഗ്ഗുണം അദ്വിതീയം
ആനന്ദകന്ദം അപരാജിതം അപ്രമേയം
നാഗാത്മകം സകല നിഷ്കളം ആത്മരൂപം
വാരാണസീ പുരപതിം ഭജ വിശ്വനാഥം!  (6)


രാഗാദി ദോഷ രഹിതം സ്വജനാനുരാഗം
വൈരാഗ്യ ശാന്തി നിലയം ഗിറ്റിജാ സഹായം
മാധുര്യ ധൈര്യ ശുഭഗം ഗരലാഭിരാമം
വാരാണസീ പുരപതിം ഭജ വിശ്വനാഥം!  (7)


ആശാവിഹായ പരിഹൃത്യ പ്രയാസ നിന്ദാം
പാപേരിതം സുനിവാര്യ ച സമാദൗ
ആദായ ഹൃദ് കമല മധ്യഗടം പരേഷം
വാരാണസീ പുരപതിം ഭജ വിശ്വനാഥം!  (8)


വാരാണസീ പുരപതിം ഭജ വിശ്വനാഥം!
വാരാണസീ പുരപതിം ഭജ വിശ്വനാഥം!
വാരാണസീ പുരപതിം ഭജ വിശ്വനാഥം

Thursday, December 7, 2017

ശിവസ്തുതികൾ


Image result for ഭഗവാൻ ശിവ

ആവാഹിച്ചീടുന്നേന്‍ ഞാന്‍ ഭുക്തി, മുക്തികള്‍ നിത്യം
കൈവരുത്തീടുന്നൊരു ശംഭുവെ ഭക്തിയോടെ,

നരകപ്പെരുങ്കടല്‍ക്കക്കരെ കടക്കുവാന്‍
തരണിയായുള്ളൊരു ശിവനെ! നമസ്ക്കാരം.

ശിവനായ് ശാന്താത്മാവായ് സുപ്രജാ രാജ്യാദിക-
ളരുളും മഹാദേവന്നായിതാ നമസ്ക്കാരം!

സൗഭാഗ്യാരോഗ്യവിദ്യാ വൈദുഷ്യവിത്തസ്വര്‍ഗ്ഗ-
സൗഖ്യങ്ങളരുളീടും ശിവന്നു നമസ്ക്കാരം!

ധര്‍മ്മത്തെത്തരേണമേ, ധനത്തെത്തരേണമേ,
നിര്‍മ്മലമൂര്‍ത്തേ! കാമഭോഗങ്ങള്‍ നല്‍കേണമേ!

ഗുണവും സല്‍ക്കീര്‍ത്തിയും സുഖവും നല്‍കേണമേ!
ഗുണവാരിധേ! സ്വര്‍ഗ്ഗമോക്ഷങ്ങള്‍ നല്‍കേണമേ! 

Wednesday, December 6, 2017

ശിവസ്തുതികൾ



ഓംകാരം ബിന്ദു സംയുക്തം
നിത്യം ധ്യായന്തി യോഗിനഃ

കാമദം മോക്ഷദം ചൈവ
ഓംകാരായ നമോ നമ:

നമന്തി ഋഷയോദേവാ:
നമന്ത്യപ്സരസാം ഗണാം:

നരാ നമന്തി ദേവേശം
നകാരായ നമോ നമ:

മഹാദേവം മഹാത്മാനം
മഹാധ്യാനം- പരായണം

മഹാപാപഹരം ദേവം
മകാരായ നമോ നമ:

ശിവം ശാന്തം ജഗന്നാഥം
ലോകാനുഗ്രഹ കാരകം

ശിവമേകപദം നിത്യം
ശികാരായ നമോ നമ:

വാഹനം വൃഷഭോ യസ്യ
വാസുകി :കണ്ഠ ഭൂഷണം

വാ'മോശക്തിധര  ദേവം
വകാരായ നമോ നമ:

യത്ര യത്ര സ്ഥിതോ ദേവാം
സർവ്വവ്യാപീ മഹേശ്വരാം

യോ ഗുരു: സർവദേവാനാം
യകാരായ നമോ നമ:

Tuesday, December 5, 2017

ഓം നമഃ ശിവായ്


ഓം നമഃ ശിവായ്
ഓം നമഃ ശിവായ്

ഹര ഹരേ ബോലേ
നമഃ ശിവായ്

ഓം നമഃ ശിവായ്
ഓം നമഃ ശിവായ്

ഹര ഹര ബോലേ
നമഃ ശിവായ്

രാമേശ്വരാ ശിവ
രാമേശ്വരാ

ഹര ഹര ബോലേ
നമഃ ശിവായ്

ഗംഗാധരാ ശിവ
ഗംഗാധരാ

ഹര ഹര ബോലേ
നമഃ ശിവായ്

ജടാധരാ ശിവ
ജടാധരാ

ഹര ഹര ബോലേ
നമഃ ശിവായ്

സോമേശ്വരാ ശിവ
സോമേശ്വരാ

ഹര ഹര ബോലേ
നമഃ ശിവായ്

വിശ്വേശരാ ശിവ
വിശ്വേശരാ

ഹര ഹര ബോലേ
നമഃ  ശിവായ്