ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

സ്റ്റീവന്‍സണ്‍ രേഖപ്പെടുത്തിയ മുജ്ജന്മ സ്മരണകള്‍ - 03

ഡോ.സ്റ്റീവന്‍സന്റെ ഗവേഷണങ്ങള്‍ ശരീരത്തിന്റെ മരണത്തിനുശേഷമുള്ള ആത്മാവിന്റെ അതിജീവനവും അതിന്റെ പുനര്‍ജന്മവും വെളിച്ചത്തു കൊണ്ടുവന്നു. ശരീരം മരിക്കുമ്പോള്‍ നശിക്കുന്ന തലച്ചോറല്ല ഓര്‍മയുടെ ആവാസസ്ഥാനമെന്നും ശരീരമരണത്തിനുശേഷവും അത് ആത്മാവിനൊപ്പമുണ്ടെന്നും ഇത് തെളിയിച്ചു. ഡോ. റെയ്മണ്ട് മൂഡി, ഡോ.എലിസബത്ത് കുബ്‌ളര്‍-റോസ് തുടങ്ങിയവര്‍ പുനര്‍ജന്മം നേടിയ രോഗികളുടെ മരണാനുഭവവും ശേഷമുള്ള അനുഭവങ്ങളും കേട്ടു. ഇത്തരം അനുഭവങ്ങളെയാണ് ഇവിടെ മരണാനുഭവങ്ങള്‍ എന്നുപറയുന്നത്.
life-after-life

അധ്യായം 1 ഭാഗം 2


മരണശേഷമുള്ള ആത്മാവിന്റെ അതിജീവനം 1970 ന് മുന്‍പ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരായിരുന്നെങ്കിലും, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ മുജ്ജന്മ സ്മരണകള്‍ അന്വേഷിക്കാന്‍ ഒരുമ്പെട്ടു. ബൈബിള്‍, വേദങ്ങള്‍, പ്രാചീന ഗ്രീക്ക് എഴുത്തുകാരായ പൈതഗോറസ്, പ്ലാറ്റോ, ആധുനിക ജര്‍മന്‍ ചിന്തകരായ ഗോയ്‌ഥേ, ഷോപ്പന്‍ ഹോവര്‍ എന്നിവരുടെ രചനകള്‍ എന്നിവയില്‍ ആത്മാവിന്റെ അതിജീവനത്തെപ്പറ്റി നിരവധി പരാമര്‍ശങ്ങള്‍ ഉള്ളത് ശാസ്ത്രീയമായി പരിശോധിക്കണമെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാം. കിഴക്കും പടിഞ്ഞാറുമുള്ള പല രാജ്യങ്ങളിലും നടത്തിയ വിശദമായ അന്വേഷണങ്ങള്‍ ആത്മാവിന്റെ അതിജീവനത്തെയും പുനര്‍ജന്മത്തെയും വെളിപ്പെടുത്തി.

1882 ല്‍ എസ്പിആര്‍ രൂപീകരിച്ചശേഷമുള്ള കാലത്ത് മുജ്ജന്മത്തെ സംബന്ധിച്ച വര്‍ത്തമാനകാല ഓര്‍മകളെപ്പറ്റി പത്രങ്ങളില്‍ പലപ്പോഴും വാര്‍ത്തകള്‍ വന്നു. അതില്‍ പലതും രണ്ടുമുതല്‍ നാലുവയസ്സുവരെയുള്ള കുട്ടികള്‍ മുജ്ജന്മവുമായി ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍ എന്നിവ ഓര്‍ക്കുന്നതായിരുന്നു. അവയില്‍ പരിശോധിച്ചറിയാവുന്ന വിശദാംശങ്ങള്‍ അടങ്ങിയിരുന്നു. 1960 ന് മുന്‍പ് മുതല്‍തന്നെ ഡോ. സ്റ്റീവന്‍സണ്‍ ഇത്തരം വാര്‍ത്തകള്‍ ശേഖരിച്ചിരുന്നതിനാല്‍ 1977 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ശേഖരം 1600 ല്‍ അധികം മുജ്ജന്മ സ്മരണങ്ങളിലേക്ക് വളര്‍ന്നിരുന്നു.
1961 ല്‍ തന്നെ അദ്ദേഹം സംഭവസ്ഥലങ്ങള്‍ കണ്ട് കാര്യങ്ങള്‍ വിലയിരുത്താന്‍ വിവിധരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയിരുന്നു. ഇത്തരം 300 ല്‍ അധികം വാര്‍ത്തകളുമായി ബന്ധപ്പെട്ട്, പ്രാദേശിക ഡോക്ടര്‍മാരുടെയും പ്രൊഫസര്‍മാരുടെയും സഹായത്തോടെ മുജ്ജന്മ സ്മരണകളുള്ള കുട്ടികളുടെ വാസസ്ഥലത്തും അവര്‍ ഓര്‍മിക്കുന്ന വ്യക്തികളുടെ സ്ഥലത്തും വിശദമായ അന്വേഷണങ്ങള്‍ നടത്തിയ അദ്ദേഹം കുട്ടികളുടെ മുജ്ജന്മ സ്മരണകളില്‍ പറഞ്ഞ പല വിശദാംശങ്ങളും കൃത്യമാണെന്നു കണ്ടെത്തി. പല സംഭവങ്ങളിലും കുട്ടികളുടെ മുജ്ജന്മത്തിലെ വ്യക്തികള്‍ അവര്‍ക്ക് ഈ ജീവിതത്തില്‍ അപരിചിതമായ വിദൂരസ്ഥലങ്ങളില്‍, തീര്‍ത്തും വ്യത്യസ്തമായ കുടുംബങ്ങളില്‍പ്പെട്ടവരായിരുന്നു. എന്നാല്‍ മുജ്ജന്മ സ്മരണയുള്ള കുട്ടികള്‍ ആ വ്യക്തികളുടെ പേര്, വീട്, തൊഴില്‍, മരിച്ച വിധം എല്ലാം പറഞ്ഞിരുന്നു.
europeanഅവസരം കിട്ടിയപ്പോള്‍, ഓര്‍മയുടെ കൃത്യത ആ കുട്ടികള്‍ തെളിയിച്ചു. ഉത്തര്‍പ്രദേശിലെ ബിസൗലിയിലുള്ള പ്രമോദ് 1944 ഒക്‌ടോബര്‍ 11 നാണ് ജനിച്ചത്. 1949 ഓഗസ്റ്റ് 15 ന് പ്രമോദിനെ പിതാവ് 100 ലധികം കിലോമീറ്റര്‍ അകലെ മൊറാദാബാദിലേക്ക് ആദ്യമായി കൊണ്ടുപോയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ അപരിചിതനായ ഒരാളുടെ കാലുകളില്‍ കെട്ടിപ്പിടിച്ച് അത് തന്റെ മൂത്തസഹോദരനായ കരംചന്ദ് ആണെന്ന് പറഞ്ഞു. പ്രമോദ് മുജ്ജന്മത്തില്‍ താനാരായിരുന്നു എന്നുപറഞ്ഞതുവച്ച് ഇത് കൃത്യമായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ, മുജന്മത്തിലെ വീട്ടിലേക്ക് വളഞ്ഞുതിരിഞ്ഞ കവലകളിലൂടെ അവന്‍ ടാക്‌സിഡ്രൈവറെ കൃത്യമായി നയിച്ചു; അവിടെ നിരവധിയാളുകളെ പേരും ബന്ധവും പറഞ്ഞ് കൃത്യമായി തിരിച്ചറിഞ്ഞു. സ്റ്റീവന്‍സണ്‍ തന്റെ ട്വന്റി കേസസ് സജസ്റ്റീവ് ഓഫ് റീഇന്‍കാര്‍ണേഷന്‍, യൂറോപ്യന്‍ കേസസ് ഓഫ് ദ റീഇന്‍കാര്‍ണേഷന്‍ ടൈപ് എന്നീ പുസ്തകങ്ങളില്‍ ഇത്തരം നിരവധി ഉദാഹരണങ്ങള്‍ നിരത്തുന്നു.
ഇങ്ങനെ ചെറിയ ബാല്യത്തില്‍ വരുന്ന മുജ്ജന്മ സ്മൃതികള്‍ വലിയ ഇടവേളകളില്ലാത്ത പുനര്‍ജന്മങ്ങളില്‍ സംഭവിക്കുന്നതാകാം. ശരീരം വിട്ടൊഴിഞ്ഞ ഒരാത്മാവ് ഉടന്‍ പുനര്‍ജന്മമെടുക്കുന്നുണ്ടാകാം; അത് താമസിപ്പിക്കുന്നുണ്ടാകാം. ഇത് വ്യക്തികളെ സംബന്ധിച്ച് ഭിന്നമായിരിക്കും. യെശയ്യാ പ്രവാചകന്‍ യോഹന്നാനായി പുനര്‍ജന്മമെടുക്കുന്നതിനിടയ്ക്കുള്ള ഇടവേള എട്ടുനൂറ്റാണ്ടുകളായിരുന്നു. ഭാരത തത്വചിന്തയനുസരിച്ച്, ലൗകികജീവിതത്തില്‍ വലിയ ഉല്‍കണ്ഠകളുമായി മരിക്കുന്നയാളുടെ പുനര്‍ജന്മം പെട്ടെന്നുണ്ടാകും. ഡോ. സ്റ്റീവന്‍സണ്‍ ശേഖരിച്ച വിവരമനുസരിച്ച് മൊറാദാബാദിലെ പരമാനന്ദ് 1943 മെയ് 9 ന് മരിച്ചു; 1944 ഒക്‌ടോബര്‍ 11 ന് ബിസൗലിയിലെ പ്രമോദായി പുനര്‍ജനിച്ചു. ബ്രസീലിലെ റിയോ ഗ്രാന്‍ഡേയിലുള്ള മരിയോ ജനുവരിയ 1917 ഒക്‌ടോബറില്‍ മരിച്ച് 1918 ഓഗസ്റ്റ് 14 ന് മാര്‍ത്താ ലോറന്‍സ് ആയി പുനര്‍ജനിച്ചു.
ദക്ഷിണ അലാസ്‌കയിലെ അപ്രൂണിലെ വിക്ടര്‍ വിന്‍സന്റ് 1946 ജൂണില്‍ മരിച്ചു; 1947 ഡിസംബര്‍ 15 ന് കോര്‍ലിസ് ചോറ്റ്കിനായി പുനര്‍ജനിച്ചു.
ഇങ്ങനെ, ഡോ.സ്റ്റീവന്‍സന്റെ ഗവേഷണങ്ങള്‍ ശരീരത്തിന്റെ മരണത്തിനുശേഷമുള്ള ആത്മാവിന്റെ അതിജീവനവും അതിന്റെ പുനര്‍ജന്മവും വെളിച്ചത്തു കൊണ്ടുവന്നു. ശരീരം മരിക്കുമ്പോള്‍ നശിക്കുന്ന തലച്ചോറല്ല ഓര്‍മയുടെ ആവാസസ്ഥാനമെന്നും ശരീരമരണത്തിനുശേഷവും അത് ആത്മാവിനൊപ്പമുണ്ടെന്നും ഇത് തെളിയിച്ചു.


മരണാനുഭവങ്ങള്‍


നിരവധി ഡോക്ടര്‍മാര്‍ സ്വതന്ത്രമായി, മരണശാസ്ത്രമായ താനറ്റോളജിയില്‍ ഗവേഷണങ്ങള്‍ ചെയ്തിരുന്നു. ഡോ. റെയ്മണ്ട് മൂഡി, ഡോ.എലിസബത്ത് കുബ്‌ളര്‍-റോസ് തുടങ്ങിയവര്‍ പുനര്‍ജന്മം നേടിയ രോഗികളുടെ മരണാനുഭവവും ശേഷമുള്ള അനുഭവങ്ങളും കേട്ടു. ഇത്തരം അനുഭവങ്ങളെയാണ് ഇവിടെ മരണാനുഭവങ്ങള്‍ എന്നുപറയുന്നത്.
ഒരു രോഗിയുടെ ഹൃദയസ്പന്ദം നിലച്ച്, ശ്വാസം തല്‍ക്കാലത്തേക്ക് നിലയ്ക്കുമ്പോള്‍, കൃഷ്ണമണി ചുരുങ്ങുകയും ശരീരം വിറങ്ങലിക്കുകയും ചെയ്യുമ്പോള്‍ രോഗി മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നു. ഇതിനുശേഷം ഹൃദയസ്പന്ദവും ശ്വാസോച്ഛാസവും ശരീരത്തിലുണ്ടാകുമ്പോള്‍ അയാള്‍ ജീവിതത്തിലേക്കു തിരിച്ചുവന്നതായി പ്രഖ്യാപിക്കുന്നു. ഇത്തരം തിരിച്ചുവരവുകള്‍ സ്വാഭാവികമാകാം, കൃത്രിമവുമാകാം.
ഷോക്ക്, ശ്വാസംമുട്ടല്‍, ഹൃദയാഘാതം എന്നിവ വഴി മരിച്ചവരില്‍, തിരിച്ചുവരവ് അപൂര്‍വമായിട്ടെങ്കിലും ചിലയിടങ്ങളില്‍ ആദ്യകാലം മുതല്‍ ഉണ്ടായിട്ടുണ്ട്. 1986 സെപ്തംബര്‍ നാലിന് ‘മാതൃഭൂമി’യില്‍ വന്ന ഒരു വാര്‍ത്തയില്‍ പറയുന്നത്, രാത്രിയില്‍ തൂങ്ങിമരിച്ച ഒരാളുടെ ശരീരം കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവന്നുവെന്നും അയാള്‍ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു എന്നുമാണ്. പോസ്റ്റ്‌മോര്‍ട്ടം കാത്ത് ആ ജഡം മോര്‍ച്ചറിയില്‍ കിടന്നു. കുറച്ചുകഴിഞ്ഞ് രാത്രി കാവല്‍ക്കാരന്‍ മുറി പൂട്ടാന്‍ പോയപ്പോള്‍, ഈ രോഗി മേശമേല്‍ ഇരിക്കുന്നതാണ് കണ്ടത്. അയാള്‍ ഡോക്ടറെ അറിയിച്ചു; ഡോക്ടര്‍ രോഗിയെ വാര്‍ഡില്‍ ശുശ്രൂഷയ്ക്ക് എത്തിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് അയാള്‍ വീട്ടിലേക്ക് മടങ്ങി. ഇത് സ്വാഭാവിക പുനര്‍ജന്മമായിരുന്നു.
എന്നാല്‍, കൃത്രിമ ശ്വാസോച്ഛ്വാസം വഴി പുനരുജ്ജീവനം പ്രചോദിത അതിജീവനമാണ്. അപകടത്തില്‍ മരിച്ചയാളെയോ ഷോക്ക്, ശ്വാസംമുട്ടല്‍, ഹൃദയസ്തംഭനം എന്നിവ വഴി മരിച്ചവരെയോ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ഡോക്ടര്‍മാര്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു. ചുണ്ട് ചുണ്ടോടു ചേര്‍ത്ത് കൃത്രിമശ്വാസോഛ്വാസം വഴിയുള്ള പുനരുജ്ജീവനം കാലങ്ങളായിത്തന്നെ പ്രചാരമുള്ളതാണ്. സമീപകാലത്ത് പുനരുജ്ജീവന പ്രക്രിയകള്‍ വികസിച്ചിട്ടുണ്ട്. പുനരുജ്ജീവന സഹായികള്‍ പലതുമുണ്ടായിട്ടുണ്ട്. തലച്ചോര്‍ ജീര്‍ണിക്കുന്നതു വൈകിപ്പിക്കാനുള്ള മരുന്നുകള്‍, നെഞ്ചില്‍ ഇടിക്കാനും ഹൃദയം സ്പന്ദിക്കാനുമുള്ള ഉപകരണങ്ങള്‍, ഓക്‌സിജന്‍ ശ്വാസകോശങ്ങളിലേക്ക് കയറ്റാനുള്ള സംവിധാനം, ഹൃദയം തടവാനുള്ള ശസ്ത്രക്രിയ എന്നിവയെല്ലാമുണ്ട്.
1960 മുതല്‍ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍ നിരവധിയാളുകളെ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. ഈ രോഗികള്‍ അവര്‍ അതിജീവിച്ച മരണം കാരണമുള്ള ദീനതകള്‍ ഒന്നും പ്രകടമാക്കുന്നില്ല. ഈ രോഗികള്‍ ശ്വാസം നിലച്ച സമയം മുതല്‍ ശ്വാസം വീണ്ടുകിട്ടിയ സമയംവരെ അവര്‍ കടന്നുപോയ അനുഭവങ്ങള്‍ വിവരിക്കുന്നതാണ് ഇവിടെ മരണാനുഭവങ്ങള്‍ എന്നു വിവക്ഷിക്കുന്നത്. പരസ്പരമറിയാതെ, ഭിന്നമേഖലകളിലെ ഭിന്ന ആശുപത്രികളില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടവരെല്ലാവരും പങ്കുവച്ചത് ഏതാണ്ട് ഒരേതരം അനുഭവങ്ങളാണ് എന്ന സത്യം, അവയുടെ യാഥാര്‍ത്ഥ്യത്തില്‍ നമുക്ക് വിശ്വാസമുളവാക്കുന്നു.
പണ്ടും പുനരുജ്ജീവിപ്പിക്കപ്പെട്ട മനുഷ്യര്‍ മറ്റുള്ളവരോട് മരണം മുതല്‍ ഉയിര്‍പ്പുവരെയുള്ള വിസ്മയാവഹമായ അനുഭവ കഥനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പുനരുജ്ജീവനം സ്വാഭാവികവും അപൂര്‍വവുമായ ആ കാലത്ത്, ഒരാള്‍ ഒന്നില്‍ കൂടുതല്‍ മരണാനുഭവങ്ങള്‍ കേട്ടിട്ടില്ലാത്തതിനാല്‍ താരതമ്യത്തിന് അവസരമില്ലാത്ത ആ കാലത്ത്, മരണാനുഭവങ്ങള്‍ കേട്ടാല്‍ ആളുകള്‍ അതിനെ ഭാവനയായി പരിഹസിക്കുകയും അവിശ്വസിക്കുകയും പെയ്തുപോന്നു.
1965 ല്‍ വിര്‍ജീനിയ സര്‍വകലാശാലയില്‍ താന്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ആ കാമ്പസിലെ പുനരുജ്ജീവിപ്പിക്കപ്പെട്ട ഒരു പ്രൊഫസറുടെ മരണാനുഭവ കഥനം വെറും തോന്നലായി നിരാകരിക്കപ്പെട്ട വസ്തുത ഡോ. റെയ്മണ്ട് മൂഡി ‘ലൈഫ് ആഫ്റ്റര്‍ ലൈഫ്’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. 1971 ല്‍ നോര്‍ത് കരോലിനയിലെ ഒരു സര്‍വകലാശാലയില്‍ തത്വശാസ്ത്രം പഠിപ്പിക്കേ, തന്റെ വിദ്യാര്‍ത്ഥി ഡോ.മൂഡിയോടു പറഞ്ഞ ഒരു ഗ്രാമീണ മുത്തശ്ശിയുടെ മരണാനുഭവ കഥയ്ക്ക് 1965 ല്‍ വിര്‍ജിനിയയിലെ പ്രൊഫസറുടെ കഥനവുമായുള്ള സാമ്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഇത് മരണാനുഭവം എന്ന യാഥാര്‍ത്ഥ്യത്തെപ്പറ്റി അദ്ദേഹത്തില്‍ കൗതുകം ഉണര്‍ത്തി.
അദ്ദേഹം ആശുപത്രികളില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടവരുടെ ടേപ് ചെയ്ത മരണാനുഭവങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. രോഗിയുടെ ഓര്‍മ മറ്റ് ഓര്‍മകളുമായി കൂടിക്കുഴയും മുന്‍പ് ടേപ് ചെയ്യുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. 1975 ല്‍ അദ്ദേഹം മെഡിക്കല്‍ ഡോക്ടറായപ്പോഴേക്കും അദ്ദേഹത്തിന്റെ കൈയില്‍ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുവരുന്നവരുടെ ഏതാണ്ട് ഇത്തരം 150 കഥനങ്ങള്‍ ഉണ്ടായിരുന്നു. ഈ സംഭവങ്ങള്‍ വച്ചാണ് 1975 നവംബറില്‍ അദ്ദേഹം ലൈഫ് ആഫ്റ്റര്‍ ലൈഫ് എഴുതിയത്. പുസ്തകത്തില്‍ പറഞ്ഞ അനുഭവങ്ങള്‍ മരണത്തിനും പുനരുജ്ജീവനത്തിനുമിടയില്‍ പത്തുമിനുട്ടുമുതല്‍ അരമണിക്കൂര്‍വരെ നീണ്ടവ മാത്രമായിരുന്നുവെങ്കിലും, അവ ശരീരമരണത്തിനുശേഷവും ആത്മാവ് നിലനില്‍ക്കുന്നതിന്റെ സ്ഥിരീകരണമായി.
‘ലൈഫ് ആഫ്റ്റര്‍ ലൈഫി’ല്‍ പുനരുജ്ജീവനം നേടിയവര്‍ പറഞ്ഞ കഥനങ്ങളില്‍ ആത്മാവ് എങ്ങനെയാണ് ശരീരം വിട്ടതെന്നും അവതാരമൊഴിഞ്ഞ ആത്മാവ് ആശുപത്രിയുടെ അടഞ്ഞവാതിലുകളിലൂടെ, കനത്ത ഭിത്തികളിലൂടെ, കോണ്‍ക്രീറ്റ് മേല്‍ക്കൂരകളിലൂടെ തടസങ്ങളില്ലാതെ എങ്ങനെയാണ് സഞ്ചരിച്ചതെന്നും കൃത്യമായി വിവരിക്കുന്നു. ജീവിച്ചിരിക്കുന്ന ഒരാളിലെ അവിച്ഛിന്നമായ ഘടകമാണ് ആത്മാവെന്നും മരണശേഷം അത് ശരീരത്തോട് വിടപറയുന്നുവെന്നും അവ ഉദാഹരിക്കുന്നു. ഈ ആഖ്യാനങ്ങളില്‍ ഓരോ രോഗിയും ആത്മാവ് ശരീരം വിട്ടപ്പോള്‍, അതാണ് താനെന്നും തന്റെ സ്വത്വമെന്നും തിരിച്ചറിഞ്ഞതായും അവ കാണിക്കുന്നു. ആത്മാവാണ് യഥാര്‍ത്ഥ സ്വത്വം; യഥാര്‍ത്ഥ വ്യക്തി. സത്യത്തില്‍, ആത്മാവ് വിട്ടൊഴിയുന്നതിനെപ്പറ്റി ഉപനിഷത്തുക്കളില്‍ പറയുന്ന വിവരങ്ങളുമായി ‘ലൈഫ് ആഫ്റ്റര്‍ ലൈഫി’ലെ ആഖ്യാനങ്ങള്‍ ചേര്‍ന്നുപോകുന്നുണ്ട് (രണ്ടാം അധ്യായത്തില്‍ പറയും).
ആത്മാവ് ഇങ്ങനെ അവശ്യവും അവിച്ഛിന്നവുമായ ഘടകമാണെന്നു കണ്ട സ്ഥിതിക്ക്, അതിന്റെ സ്വഭാവ സവിശേഷതകളെപ്പറ്റി വിശദമായി പരിശോധിക്കാം.


ജന്മഭൂമി

No comments:

Post a Comment