ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
Showing posts with label ഭാരതീയ കാവ്യമീമാംസ. Show all posts
Showing posts with label ഭാരതീയ കാവ്യമീമാംസ. Show all posts

Wednesday, January 4, 2017

കാവ്യലാവണ്യത്തിന്റെ അലങ്കാരം - ഭാരതീയ കാവ്യമീമാംസ - 9


അലങ്കാര ശാസ്ത്രം എന്ന വിളിപ്പേരിലാണ് ഭാരതീയ കാവ്യശാസ്ത്രം അറിയപ്പെട്ടത്. അലങ്കാരം എന്ന ലാവണ്യാത്മകമായ പദത്തിന്റെ സംസ്‌കാരഗരിമ വിവിധാര്‍ത്ഥങ്ങളില്‍ പ്രയോഗിക്കപ്പെട്ടിരുന്നു എന്ന് താല്‍പര്യം. കാവ്യലാവണ്യത്തിന്റെ ലക്ഷണയുക്തമായ പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് അലങ്കാരമെന്ന പരികല്‍പനക്ക് സവിശേഷവും സൂക്ഷ്മവുമായ അര്‍ത്ഥതലം നേടാനായത്. ഉപമാദ്യലങ്കാരം എന്ന നിലയില്‍ ഈ അര്‍ത്ഥരുചി പ്രചുരപ്രചാരം നേടുകയായിരുന്നു. വിശദീഭൂതമായ അര്‍ത്ഥരൂപം നേടി കവിതയിലെ സൗന്ദര്യധര്‍മ്മമായ അലങ്കാര മീമാംസ ശാസ്ത്രപദവിയിലെത്തി. രണ്ടുതരത്തിലും ‘അലങ്കാര പ്രയോഗത്തെ’ അംഗീകരിക്കുകയായിരുന്നു മീമാംസകന്മാര്‍.


കാവ്യശരീരത്തിന്റെ ബാഹ്യമായ ഭൂഷണങ്ങള്‍ മാത്രമാണ് അലങ്കാരങ്ങളും മാധുര്യസൗകുമാര്യാദി ഗുണങ്ങളുമെന്ന് ഭരതന്‍ പറയുന്നു. ഉപമ, ദീപകം, രൂപകം, യമകം എന്നീ നാല് അലങ്കാരങ്ങളാണ് കാവ്യപ്രപഞ്ചത്തില്‍ പ്രാധാന്യമായുള്ളതെന്ന് നാട്യാചാര്യമതമുണ്ട്.
രൂപകാദ്യാലങ്കാരങ്ങള്‍ ബാഹ്യമെന്ന് തന്നെയാണ് ഭാമഹനും ഗണിക്കുന്നത്. വനിതാമുഖത്തിന്റെ തനതായ ‘കാന്തി’ക്ക് ഭൂഷണം വേണമെന്ന് ആചാര്യന്‍ ‘കാവ്യാലങ്കാര’ത്തില്‍ എടുത്തുകാട്ടുന്നു.


‘നകാന്തമപി നിര്‍ഭൂഷം
വിഭാതി വനിതാനനം’

അലങ്കാര ചര്‍ച്ചയുടെ സമഗ്രഭാഗവും ‘കാവ്യാലങ്കാര’ത്തിന്റെ രണ്ടാം പരിച്ഛേദത്തില്‍ കാണാം. ആക്ഷേപം, അര്‍ത്ഥാന്തരന്യാസം, വ്യതിരേകം, വിഭാവന, സമാസോക്തി, അതിശയോക്തി എന്നീ ആറ് അലങ്കാരങ്ങള്‍ അറുപത്തിയാറാം കാരികയില്‍ വായിക്കാം. മൂന്നാം പരിച്ഛേദം പരിചയപ്പെടുത്തുന്നത് ഇരുപത്തി മൂന്ന് അലങ്കാരങ്ങളാണ്.


ഭട്ടോദ്ഭടന്‍ രസാഭിവ്യഞ്ജകമായ കാവ്യധര്‍മത്തെ ധ്വനിയായല്ല അലങ്കാരമായാണ് ദര്‍ശിക്കുന്നത്. വിഭാവാനുഭാവ വ്യഭിചാരികള്‍ മാത്രമല്ല രസാനുഭവങ്ങളും വ്യഞ്ജകങ്ങളാണെന്ന് ഉദ്ഭടന്‍ ഉറപ്പിച്ചുപറയുന്നു. യഥാര്‍ത്ഥത്തില്‍ ഉക്തിവൈചിത്ര്യത്തില്‍ അധിഷ്ഠിതമായ കാവ്യരൂപത്തിന്റെ വിവിധസന്ദര്‍ഭങ്ങളില്‍ വിവിധങ്ങളായ അലങ്കാരങ്ങള്‍ ജനിക്കുകയാണ്. ഓരോ ഉക്തിക്കും ഉക്തി വ്യതിയാനത്തിനും നിര്‍ണായകമായ നാമം നല്‍കി അലങ്കാരസംജ്ഞകള്‍ പെരുകുകയായിരുന്നു. മമ്മടന്‍ അറുപത്തിയേഴ് അലങ്കാരങ്ങളുടെ പട്ടിക നിരത്തുമ്പോള്‍ അപ്പയ്യ ദീക്ഷിതര്‍ നൂറ്റിരുപത്തഞ്ച് അലങ്കാരമാണ് ഗണിക്കുന്നത്.


വാസ്തവം, ഔപമ്യം, അതിശയം, ശ്ലേഷം എന്നീ നാലു സംവര്‍ഗ്ഗങ്ങളായാണ് അലങ്കാരങ്ങളെ രുദ്രടന്‍ സ്വീകരിക്കുന്നത്. അലങ്കാരം രസപോഷകമാവണമെന്ന സിദ്ധാന്തം ആനന്ദവര്‍ദ്ധനന്റെയാണ്.
”കാവ്യ ശോഭാകരാന്‍ ധര്‍മ്മാന്‍

അലങ്കാരാന്‍ പ്രചക്ഷതേ”

എന്ന് അലങ്കാരത്തെ ‘കാവ്യദര്‍ശ’ത്തില്‍ ആചാര്യദണ്ഡി നിര്‍വചിക്കുന്നു. കാവ്യലാവണ്യത്തിന്റെ ധര്‍മ്മം തന്നെയാണ് അലങ്കാരമെന്ന മീമാംസക വചനം ശ്രദ്ധേയമാണ്.


”വൈചിത്ര്യമലങ്കാരഃ” എന്നും ”കവി പ്രതിഭോത്ഥിതഃ വിച്ഛതി വിശേഷ അലങ്കാരഃ” എന്നും അലങ്കാരത്തെ സവിശേഷ രീതിയില്‍ കുന്തകന്‍ രേഖപ്പെടുത്തുന്നു. അലംകൃതമായതിനു മാത്രമേ കാവ്യത്വമവകാശപ്പെടാനാകൂ എന്ന കുന്തകമതം വ്യാഖ്യാതാക്കളുടെ അംഗീകാരം നേടുകയുണ്ടായി. ‘കാവ്യം ഗ്രാഹ്യമലങ്കാരാത്,’ ‘സൗന്ദര്യമലങ്കാരഃ’ എന്നീ നിര്‍വചനങ്ങളിലൂടെ കാവ്യതത്ത്വമായ അലങ്കാരത്തെ വാമനന്‍ മൂല്യനിര്‍ണയം ചെയ്യുന്നു. ‘കാവ്യാലങ്കാര സൂത്രവൃത്തി’യില്‍ ഇത് വായിക്കാം.



ലാവണ്യത്തിന്റെ അപൂര്‍വരുചിയാണ് അലങ്കാര ചര്‍ച്ചയില്‍ പ്രകടമാവുക. ഈ ‘സൗന്ദര്യധര്‍മ’ സങ്കല്‍പത്തെ ആധുനിക വിമര്‍ശകര്‍ മറന്നുകളഞ്ഞെന്ന് നിരൂപക മതമുണ്ട്. അപ്പയ്യദീക്ഷിതരുടെ വിചിത്രമായ അലങ്കാര സമീപനം ‘ചിത്രമീമാംസ’യില്‍ കാണുന്നു. ഉപമ മാത്രമേ ഒരേ ഒരലങ്കാരമായുള്ളൂ. ഇതിന്റെ വൈചിത്ര്യഭേദങ്ങളാണ് മറ്റെല്ലാ അലങ്കാരങ്ങളും.
കാവ്യബിംബത്തെക്കുറിച്ചുള്ള നൂതനവീക്ഷണങ്ങള്‍ ഒരര്‍ത്ഥത്തില്‍ അലങ്കാര ചര്‍ച്ചയുടെ ഭാഗം തന്നെയാണ്. അലങ്കരണധര്‍മ്മം മാത്രമേ കാവ്യബിംബങ്ങള്‍ പലപ്പോഴും നിര്‍വഹിക്കാറുള്ളൂവെങ്കിലും അലങ്കാരങ്ങളേറെയും കാവ്യബിംബങ്ങളായി രൂപപ്പെടാറുണ്ട്.

അലങ്കാര വിധിയും ശാസ്ത്രവും പഴഞ്ചനെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി കൂടിയാണിത്.


ടി.എസ്. എലിയറ്റിന്റെയും പിന്നീട് ഐ.എ. റിച്ചാര്‍ഡ്‌സിന്റെയും ആധുനിക കാവ്യവീക്ഷണങ്ങള്‍ അലങ്കാര സിദ്ധാന്തത്തിനപ്പുറം സ്വകീയമായ കാവ്യമീമാംസാ തത്ത്വങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. ആധുനികോത്തര സാഹിത്യവിമര്‍ശനത്തില്‍ ഏറെയും ധൈഷണിക ചിന്തകളായി പിന്നീട് മൂല്യനിര്‍ണയം ചെയ്യപ്പെടുകയായിരുന്നു. അല്‍ത്തൂസര്‍, ഴാക് ലക്കാന്‍, ഫ്രോയിഡ് തുടങ്ങിയവരുടെ നവസിദ്ധാന്തങ്ങള്‍ സാഹിതീയ പാഠങ്ങളെയും അസാഹിതീയ പാഠങ്ങളെയും നവചരിത്രവാദപരമായ ദര്‍ശനമേഖലയില്‍ എത്തിക്കുന്നു. അവിടെയൊന്നും അലങ്കാരാദി സാഹിത്യമീമാംസാ വിചിന്തനങ്ങള്‍ അപ്രസക്തമാകുന്നില്ല.



ഡോ.കൂമുളി ശിവരാമന്‍

Tuesday, January 3, 2017

രീതിചിന്തയുടെ മൂല്യഅറകള്‍ - ഭാരതീയ കാവ്യമീമാംസ - 8


ഭരതന്റെ നാട്യശാസ്ത്രവേദിയില്‍ത്തന്നെ വിത്തിടുന്ന മീമാംസ ചിന്തയാണ് ‘രീതി’. നാട്യധര്‍മ്മിയായ ഭാഷാവിധാനത്തെക്കുറിച്ചുള്ള പതിനെട്ടാം അദ്ധ്യായമാണ് ഇതിന്റെ പ്രഭവം. ഭാഷ, വേഷം, ആചാരം എന്നിവയിലുള്ള സവിശേഷതയാണ്. ‘പ്രവൃത്തി’ ആവന്തി, ദാക്ഷിണാത്യ, പാഞ്ചാലി, ഉഡ്രമാഗധി എന്നീ നാലുവിധം പ്രവൃത്തികള്‍ നാട്യത്തിലുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇവ ദേശനാമവുമായി ബന്ധപ്പെട്ടതുതന്നെ. വൃത്തികളെക്കുറിച്ചുള്ള ആചാര്യസങ്കല്‍പ്പനവും രീതിസിദ്ധാന്തത്തിന്റെ ആമുഖമായി വിമര്‍ശകര്‍ ഗണിക്കുന്നു.


കൈശികി, സാത്വതി, ആരഭടി, ഭാരതി എന്നീ നാലുവൃത്തികളും ദേശനാമസംബന്ധി തന്നെയാണ്. വൈചിത്ര്യമുള്ള അനുഭവ സാക്ഷാത്ക്കാരത്തെ മുന്‍നിര്‍ത്തിയ ദര്‍ശന മനനങ്ങളില്‍ രീതിചിന്തയുടെ മുഖഭാഗങ്ങളാണ് സ്ഫുടീകരിക്കുക. വേഷവിലാസ വിന്യാസക്രമമല്ല ‘രീതി’യെന്ന് ഗ്രഹിക്കുമ്പോള്‍ ഭാഷാചിന്തയില്‍ മാത്രമാണ് ഈ സിദ്ധാന്തം ഊന്നിനില്‍ക്കുന്നതെന്ന് മനസ്സിലാകും. എന്നാല്‍ പില്‍ക്കാലമീമാംസകര്‍ രീതിയെ കുറിക്കാന്‍ വൃത്തി ശബ്ദം തന്നെ ആശ്രയിക്കുന്നു.


രാജശേഖരനും രുദ്രടനും മമ്മടനും ഉദ്ഭടനും അവരുടെ വ്യാഖ്യാനപരികല്‍പനകളില്‍ രീതിസിദ്ധാന്തത്തിന്  വ്യത്യസ്തതലങ്ങള്‍ കണ്ടെത്തുന്നു. ഒരര്‍ത്ഥത്തില്‍ പദരചനയെക്കുറിച്ചുള്ള സുക്ഷ്മ ചിന്തകള്‍ തന്നെയാണ് അവയെല്ലാം. ബാണഭട്ടന്‍ ‘ഹര്‍ഷചരിത’ത്തില്‍ മൂന്നു ദിക്കും ഒരു ദേശവും വിഷയസംബന്ധിയായി ചൂണ്ടിക്കാട്ടുന്നു. വൈദര്‍ഭമെന്ന ദാഷിണാത്യവും ഗൗഢീയമെന്ന ഗൗഡഭാഷയുമാണ് അവിടെ പരാമര്‍ശ വിഷയം.  പില്‍ക്കാലം വൈദര്‍ഭം ഒന്നാന്തരം, ഗൗഢീയം രണ്ടാതരം എന്നീ ശ്രേണീതലങ്ങള്‍ ഉടലെടുത്തതായി ഭാമഹാലങ്കാരം തെളിവുനല്‍കുന്നുണ്ട്. ആചാര്യ ദണ്ഡി ‘രീതി’യെന്നല്ല ‘മാര്‍ഗ്ഗ’മെന്ന സംജ്ഞയാണ് പ്രയോഗിക്കുന്നത്.



രീതി സിദ്ധാന്തത്തിന് സമഗ്രമായ രൂപഭാവസ്പര്‍ശം നല്‍കുകയായിരുന്നു വാമനന്‍. കാവ്യാലങ്കാര സൂത്രവൃത്തിയില്‍ രീതിയുടെ അനിഷേധ്യമായ സങ്കല്‍പ്പസാക്ഷ്യങ്ങള്‍ ശാസ്ത്രീയ നിരീക്ഷണത്തോടെ ആചാര്യന്‍ അടയാളപ്പെടുന്നു. ഒരര്‍ത്ഥത്തില്‍ കാവ്യമാര്‍ഗ്ഗങ്ങളെ ഗുണാശ്രിതമെന്നെണ്ണുന്ന ദണ്ഡിയുടെ മാതൃകാശയത്തെ പിന്തുടരുകയാണ് വാമനന്‍. ‘രീതി’ സംജ്ഞ ആദ്യമായി പ്രയോഗിക്കുന്നതും ഈ ആചാര്യന്‍തന്നെ.


‘രീതിരാത്മാകാവ്യസ്യ’ എന്ന സൂത്രത്തില്‍ കാവ്യാത്മാവ് രീതിയാണെന്ന് വീക്ഷിക്കുന്ന വാമനന്‍ ‘വിശിഷ്ടപദ രചനാരീതി’യെന്ന് വ്യാഖ്യാനിച്ചുറപ്പിക്കുന്നു. ‘വിശിഷ്ടം’ എന്നത് ഗുണരൂപമായ സംവര്‍ഗ്ഗമാണ്. ‘വിശേഷോഗുണാത്മാ’ എന്ന് സ്പഷ്ടമായി അത് സൂത്രപ്പെടുത്താനും ആചാര്യന്‍ നിയുക്തനാവുന്നു. ഗുണങ്ങളില്‍ അധിഷ്ഠിതമാണ് കാവ്യാത്മാവായ രീതിയെന്ന് ചുരുക്കം.

”സമഗ്രഗുണമുള്ളത് വൈദര്‍ഭീ, ഓജകാന്തി മതിയാണ് ഗൗഡിയാ, മാധുര്യ സൗകുമാര്യം ചേര്‍ന്നത് പാഞ്ചാലീ”എന്ന് വൈദര്‍ഭിയെ ആചാര്യന്‍ വിഭജിക്കുന്നു. ശബ്ദാര്‍ത്ഥങ്ങള്‍ രണ്ടിലും ഗുണങ്ങള്‍ വര്‍ത്തിക്കുന്നു. ദേശസംബന്ധിയല്ല, കാവ്യധര്‍മ്മങ്ങളാണ് രീതിവൈചിത്ര്യത്തിന് കാരണം.
രുദ്രടന്‍ ‘ലാടീയ’ എന്നൊരു രീതിയെ കല്‍പിക്കുന്നുണ്ട്. ഗുണരീതിയില്‍ തമ്മിലുള്ള ബന്ധം ദണ്ഡിയും വാമനനും സ്വീകരിക്കുന്നു. ആനന്ദവര്‍ദ്ധനന്‍ രീതി സംജ്ഞക്ക് പകരം ‘സംഘടന’യെന്നാണ് പ്രയോഗിക്കുന്നത്. ഇതാകട്ടെ കവിതയുടെ ആത്മാവല്ല വ്യഞ്ജകതത്ത്വം മാത്രമാണെന്ന് പഠിച്ചറിയുന്നു. അസമാസ, മധ്യസമാസ, ദീര്‍ഷ സമാസ എന്ന് സംഘടനയെ മൂന്നായി വിഭജിക്കുകയാണ് ധ്വന്യാചാര്യന്‍.


ഭാഷാരചനയെയും തുടര്‍ന്ന് അതിന്റെ അനന്ത സാധ്യതകളെയും കാവ്യസാമാന്യമായ ചില ചിന്താധാരകളെ  മുന്‍നിര്‍ത്തി മൂല്യനിര്‍ണ്ണയം ചെയ്യുക മാത്രമാണ് രീതി സിദ്ധാന്തകാരനും രീതി വാദികളും. ഭാഷാചിന്തയുടെ അന്തര്‍വൃത്തിയൊ ആധാരശിലയൊ അവര്‍ പരിഗണിക്കാതെ പോയെന്ന് നിരൂപകമതമുണ്ട്. എന്നാല്‍ കാവ്യഭാഷയുടെ ആധുനിക ചിന്താധാരകള്‍ക്ക് രീതിസിദ്ധാന്തം തുറന്ന സൂക്ഷ്മമായ അറകള്‍ മൂല്യമേറിയതാണ്. പാശ്ചാത്യരുടെ ശൈലിയുമായി രീതിയെ ചിലര്‍ സമന്വയിക്കുന്നത് ചിന്താക്കുഴപ്പമുണ്ടാക്കും.


ഡോകൂമുള്ളി ശിവരാമന്‍

Monday, January 2, 2017

ജീവിതംപോലെ ഔചിത്യം - ഭാരതീയ കാവ്യമീമാംസ - 7



ഔചിത്യമെന്ന കവിതയിലെ സര്‍വാംഗീണമായ തത്ത്വത്തെ സിദ്ധാന്തീകരിച്ച ക്ഷേമേന്ദ്രന്‍ കാവ്യജീവിതം തന്നെ ഔചിത്യമാണെന്ന് വാദിച്ചു. രസത്തിന്റെ ദര്‍ശനപരതയാണ് ഔചിത്യമെന്ന് പറയുമ്പോഴും കാവ്യാത്മാവ് രസം തന്നെയെന്നാണ് ക്ഷേമേന്ദ്രപക്ഷം.
ജീവിതത്തിന്റെ സമഗ്ര ചൈതന്യത്തെയും ജീവിതവ്യമാക്കുന്ന തത്വമാണ് ഔചിത്യം. 11- നൂറ്റാണ്ടില്‍ ക്ഷേമേന്ദ്രനാണ് ‘ഔചിത്വ വിചാര ചര്‍ച്ച’ എന്ന ഗ്രന്ഥത്തിലൂടെ ഔചിത്യ സിദ്ധാന്തപരമായ അടിത്തറ നല്‍കിയത്. ഔചിത്യമെന്ന പദം പ്രയോഗിക്കാതെ ഔചിത്യ സങ്കല്‍പം നിഴലിക്കുന്നതാണ് നാട്യശാസ്ത്രത്തിലെ ഗുണദോഷ വിചിന്തനം ചര്‍ച്ച. ഭാമഹന്റെ ‘കാവ്യാലങ്കാര’ത്തിലെ ദോഷവിചിന്തനവും ഔചിത്യ സങ്കല്‍പത്തിലധിഷ്ഠിതമാണ്. ഔചിത്യമെന്ന സംജ്ഞ ആദ്യം പ്രയോഗിക്കുന്നത് മീമാംസകാരനായ രുദ്രടനാണ്. ആനന്ദവര്‍ദ്ധനന്‍ കാവ്യത്തിന്റെ കാഴ്ചപ്പാടിലൊന്നായി ഔചിത്യത്തെ അംഗീകരിക്കുന്നു.



കവി കാവ്യത്തിന്റെ സൂക്ഷ്മ ഘടകങ്ങളിലെല്ലാം ‘ഉചിതാനുചിത വിവേകം’ പുലര്‍ത്തണമെന്ന് ധ്വന്യാലോകകാരന്‍ ഉറപ്പിക്കുന്നു. രസചര്‍ച്ചയുടെ വിചിന്തന വിശേഷങ്ങളിലെല്ലാം ഉചിതജ്ഞതക്ക് വേണ്ടി ആചാര്യന്‍ വാദിക്കുന്നുണ്ട്.


”അനൗചിത്യാദൃദേ നാന്യദ്
രസഭംഗസ്യ കാരണം
പ്രസിദ്ധൗചിത്യ ബന്ധസ്തു
രസസ്യോപനിഷത് പരാ”


രസംഭംഗത്തിന് കാരണം അനൗചിത്യമാണെന്ന് സൂചിപ്പിച്ച് ഔചിത്യാനുവര്‍ത്തനം രസത്തിന്റെ തന്ത്രരഹസ്യമാണെന്ന് സൂചിപ്പിക്കുകയാണ് ആനന്ദവര്‍ദ്ധനന്‍.

മുഖ്യമീമാംസാ വിഷയമായി ഔചിത്യത്തെ അനുയാനം ചെയ്യുന്ന കുന്തകനും ‘ശബ്ദാനൗചിത്യ വിചാരത്തെ’ ഉണര്‍ത്തി നിര്‍ത്തുന്ന വ്യക്തിവിവേകകാരനായ മഹിമഭട്ടനും ഔചിത്യവ്യാഖ്യാനത്തിന് നവമാനമേകുന്നുണ്ട്. ”ഏത് ഏതൊന്നിന് സദൃശകാരിയാണോ അതുതന്നെ ഉചിതം. ഉചിതജ്ഞതയുടെ ഭാവം ഔചിത്യം.”

”ഉചിതം പ്രാഹരാചാര്യാ:
സദൃശം കിലയസ്യതത്
ഉചിതസ്യ ചയോ ഭാവ-
സ്തദൗചിത്യം പ്രചക്ഷതേ”

എന്നാണ് നിര്‍വചനസൂത്രം. ഗുണം ഗുണമായും അലങ്കാരം അലങ്കാരമായും കാവ്യത്തില്‍ അങ്ങുമിങ്ങുമുണ്ടാവും. എന്നാല്‍ കാവ്യത്തിന്റെ സ്ഥിര ജീവിതം ഔചിത്യം തന്നെയെന്ന് ആചാര്യന്‍ സ്ഥാപിക്കുന്നു. ഇരുപത്തിയേഴ് ഔചിത്യബിന്ദുക്കള്‍ കാവ്യത്തിലുണ്ടെന്നാണ് ക്ഷേമേന്ദ്രമതം. പദം, വാക്യം, ഗുണം, അലങ്കാരം, രസം, ക്രിയ, പ്രബന്ധാര്‍ത്ഥം തുടങ്ങിയ ഔചിത്യസ്ഥലികളാണവയെന്ന് രേഖപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ ഔചിത്യബിന്ദുക്കള്‍ ജീവിതംപോലെ അനന്തമാണെന്ന് കാണാം. രസാത്മകമായ കാവ്യത്തിന്റെ അനശ്വരമായ ജീവനമാണ് എന്ന് ചൂണ്ടിക്കാട്ടി ശാസ്ത്രീമായ രീതിയിലാണ് ക്ഷേമേന്ദ്രന്‍ ഔചിത്യത്തെ പ്രതിഷ്ഠിക്കുന്നത്. അദ്ധ്യാത്മരാമായണത്തിലെ കണ്ടു താന്‍ സീതയെ എന്ന ഹനുമദ് വചനം പദൗചിത്യത്തിന്റെ ഉദാഹരണമായി ഉദ്ധരിക്കാം. യഥാര്‍ത്ഥത്തില്‍ പദധ്വനിയും പദൗചിത്യവും സദാ ഏകമെന്നെണ്ണാന്‍ പ്രയാസമില്ല.



കവിതയുടെ ലയാത്മകത്വത്തിന്റെ നിയാമകം തന്നെ ഔചിത്യമാണെന്ന് കണ്ടെത്തുന്ന ക്ഷേമേന്ദ്രന്‍ കലയുടെ ലാവണ്യ തത്വമായി ഔചിത്യത്തെ മൂല്യനിര്‍ണയം ചെയ്തിട്ടുണ്ട്. രസപരതന്ത്രതയാണ് ഔചിത്യം എന്ന് അഭിനവഗുപ്തന്‍ സിദ്ധാന്തിക്കുന്നു. ഔചിത്യരഹിതമായ കാവ്യം കാവ്യാഭാസം തന്നെയെന്ന് ആചാര്യന്‍. യുക്തിപൂര്‍വം സമര്‍ത്ഥിക്കുന്നുണ്ട്. രസം രസാഭാസമായി മാറുന്നത് അനൗചിത്യം മൂലമാണെന്ന് തെളിയിക്കാന്‍ ആചാര്യന്‍ ഉദാഹരണം നല്‍കുന്നു.

ഔചിത്യമെന്ന കവിതയിലെ സര്‍വാംഗീണമായ തത്വത്തെ സിദ്ധാന്തീകരിച്ച ക്ഷേമേന്ദ്രന്‍ കാവ്യജീവിതം തന്നെ ഔചിത്യമാണെന്ന് വാദിച്ചു. രസത്തിന്റെ ദര്‍ശനപരതയാണ് ഔചിത്യമെന്ന് പറയുമ്പോഴും കാവ്യാത്മാവ് രസം തന്നെയെന്നാണ് ക്ഷേമേന്ദ്രപക്ഷം. കാവ്യരചനയും വായനയും ഭാഗഭാക്കായി ഏറ്റുവാങ്ങേണ്ട ഉചിതോചിതമായ ചിന്താപദ്ധതിയാണ് ‘ഔചിത്യവിചാരം.’ രസം ധ്വനി ലാവണ്യം തുടങ്ങി കാവ്യഹൃദയത്തിലേക്കുള്ള പ്രകാശമാര്‍ഗ്ഗമാണത്.


ഡോ.കൂമുളി ശിവരാമന്‍

Sunday, January 1, 2017

അനുമാനത്തിന്റെ അന്തരംഗം - ഭാരതീയ കാവ്യമീമാംസ - 6

അര്‍ത്ഥത്തില്‍നിന്ന് അര്‍ത്ഥാന്തരങ്ങള്‍ ജനിക്കുന്നത് അനുമാനം വഴിയാണെന്ന മഹിമഭട്ടന്റെ സൈദ്ധാന്തിക വീക്ഷണം പാശ്ചാത്യ ചിന്തകനായ ദെറിദയുടെ ചിഹ്‌നക/ചിഹ്‌നിത/യോഗങ്ങളായി അര്‍ത്ഥത്തിന്റെ സ്വച്ഛന്ദലീല തുടര്‍ന്നുവരുന്ന അപനിര്‍മ്മാണ വാദം ഓര്‍മ്മിപ്പിക്കുന്നു.

വിളക്കുള്ളേടത്ത് വെളിച്ചമുണ്ടാവണം, പുകയുള്ളിടത്ത് തീയുണ്ടാവണം, നിലാവുള്ളിടത്ത് ചന്ദ്രനുണ്ടാവണം. ഒന്നുള്ളിടത്ത് അനിവാര്യസംബന്ധിയായ മറ്റൊന്ന് ഒന്നിച്ചുചേര്‍ന്നിരിക്കും എന്ന അവസ്ഥ ലോകനിയമമാണ്; പ്രകൃതിപരമാണ്. ഒരു വസ്തുവിന്റെ സാന്നിധ്യത്തില്‍ അതുമായി സഹജബന്ധമുള്ള മറ്റൊന്നിന്റെ സാന്നിധ്യം ഊഹിച്ചെടുക്കുകയാണ് അനുമാനം. ‘അനുമാനം’ എന്നത് താര്‍ക്കികമായ സംജ്ഞയാണ്. അനുമാന സിദ്ധാന്തത്തിന്റെ അന്തരംഗം ഗ്രഹിക്കാന്‍ ‘സഹജസാന്നിധ്യം’ എന്ന പ്രകൃതിപാഠം ഉണ്ടായാല്‍ മതി.

‘അവിനാഭാവ’ത്തിന് ‘വേര്‍പെട്ടിരിക്കായ്ക’ എന്നാണ് അര്‍ത്ഥം. ‘അവിനാഭാവജ്ഞാന പൂര്‍വകമായി ഒന്നില്‍നിന്ന് മറ്റൊന്നിന്റെ ജ്ഞാനമുണ്ടാകുന്നതാണ് അനുമാനം’ എന്ന് കുട്ടികൃഷ്ണമാരാര്‍ വ്യക്തമാക്കുന്നു. ‘വ്യക്തിവിവേക’മെഴുതിയാണ് മഹിമഭട്ടന്‍ അനുമാനസിദ്ധാന്തത്തിന്റെ ആചാര്യസ്ഥാനീയനാവുന്നത്. അഭിധയില്‍ത്തന്നെ ലക്ഷണയെയും വ്യഞ്ജനയെയും ദര്‍ശിച്ച ഭട്ടനായകന്റെ പിന്തുടര്‍ച്ചക്കാരനായാണ് ചില വ്യാഖ്യാതാക്കള്‍ ആചാര്യനെ വിലയിരുത്തുന്നത്. ധ്വനി സിദ്ധാന്തത്തിന്റെ മൗലികതയെയാണ് ‘വ്യക്തിവിവേകം’ ചോദ്യംചെയ്തത്. അനുമാനം ഒരലങ്കാരം മാത്രമായി പിന്നീട് വന്ന കാവ്യശാസ്ത്രകാരന്മാരില്‍ ചിലര്‍ അടയാളപ്പെടുത്തുന്നു.

മുഖ്യാര്‍ത്ഥം കേള്‍ക്കുംപടി ബോധ്യമാകുന്ന അര്‍ത്ഥമാണ്. ഉപരിവിചിന്തനത്തില്‍ ഉളവാകുന്ന അര്‍ത്ഥമാണ് ഗൗണം. ഇവ രണ്ടും ചേര്‍ന്നാണ് മൂന്നാമതൊരര്‍ത്ഥം അനുമാനിക്കപ്പെടുക. അനുമേയാര്‍ത്ഥം ഇതുതന്നെ. വസ്തു, അലങ്കാരം, രസാദികള്‍ എന്നിവയായി അനുമേയാര്‍ത്ഥം മൂന്നുവിധം വരാം. രസം എപ്പോഴും അനുമാനസിദ്ധമാണ്. യഥാര്‍ത്ഥത്തില്‍ ധ്വനി സിദ്ധാന്തത്തിന്റെ ആവര്‍ത്തനം തന്നെയാണിതെന്ന് പണ്ഡിതമതമുണ്ട്. കാവ്യത്തിന്റെ പരമലക്ഷണം രസംതന്നെയെന്ന് മഹിമഭട്ടന്‍ വാദിക്കുന്നു. രസാദിരൂപമായ അര്‍ത്ഥമാണ് കാവ്യാത്മാവ് എന്നുതന്നെയാണ് ആനന്ദവര്‍ദ്ധനനും പറഞ്ഞതെന്ന് വ്യാഖ്യാനിച്ചുറപ്പിക്കുകയാണ് ‘വ്യക്തിവിവേകം.’ യഥാര്‍ത്ഥത്തില്‍ ‘ധ്വനിതാര്‍ത്ഥം’ എന്നതിന് പകരം ‘അനുമേയാര്‍ത്ഥം’ എന്ന പരികല്‍പനയിലാണ് ആചാര്യന്‍ വാദമുഖമുന്നയിക്കുന്നത്.

അര്‍ത്ഥത്തില്‍നിന്ന് അര്‍ത്ഥാന്തരങ്ങള്‍ ജനിക്കുന്നത് അനുമാനം വഴിയാണെന്ന മഹിമഭട്ടന്റെ സൈദ്ധാന്തിക വീക്ഷണം പാശ്ചാത്യ ചിന്തകനായ ദെറിദയുടെ ചിഹ്‌നക/ചിഹ്‌നിത/യോഗങ്ങളായി അര്‍ത്ഥത്തിന്റെ സ്വച്ഛന്ദലീല തുടര്‍ന്നുവരുന്ന അപനിര്‍മ്മാണ വാദം ഓര്‍മ്മിപ്പിക്കുന്നു. കാവ്യത്തിലെ വസ്തു, അലങ്കാരം, രസം തുടങ്ങിയവയുടെ അനുമേയത്വം മഹിമഭട്ടന്‍ അംഗീകരിക്കുന്നുണ്ട്. ഉപരിവിചിന്തനത്തില്‍ ധ്വന്യാചാര്യന്റെ സിദ്ധാന്തപ്രമാണങ്ങളിലെ അപൂര്‍വ നിരീക്ഷണങ്ങള്‍ വ്യത്യസ്തമായ ഭാഷയിലും ശൈലിയിലും ആവിഷ്‌കരിക്കുകയായിരുന്നു വ്യക്തിവിവേകകാരന്‍.

ധ്വനി സിദ്ധാന്തത്തിന്റെ സൂക്ഷ്മസമൃദ്ധമായ ഒരു രൂപാന്തരീകരണം മാത്രമാണ് അനുമാന സിദ്ധാന്തം പങ്കുവയ്ക്കുന്നതെന്ന് വാദിച്ചവരുണ്ട്. മൗലികത അവകാശപ്പെടാനില്ലാത്തതാണ് ‘അനുമാനവാദ’ത്തിന്റെ ദൗര്‍ബല്യം. ലാവണ്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല ന്യായശാസ്ത്രത്തിന്റെ ബൗദ്ധികതലങ്ങളില്‍ നിന്നാണ് അനുമാനത്തെ പ്രതിഷ്ഠിക്കാന്‍ മഹിമഭട്ടന്‍ ശ്രമിച്ചത്. സിദ്ധാന്ത വിശേഷത്തിന്റെ സ്വത്വം അവിടെ നഷ്ടമാവുകയായിരുന്നു.

അടുത്തത്:ഔചിത്യ വിചാരം

Friday, December 30, 2016

വക്രോക്തി ജീവിതം - ഭാരതീയ കാവ്യമീമാംസ - 5

വക്രമായ ഉക്തിയാണ് വക്രോക്തി. ‘വളച്ചുകെട്ടി പറയല്‍’ എന്നര്‍ത്ഥം. കവിതയുടെ ആശയാനുഭൂതി സംക്രമണം വാച്യമല്ല, വ്യംഗ്യവും രസധ്വനിയുമാണെന്ന സിദ്ധാന്ത പശ്ചാത്തലത്തില്‍ വേണം വക്രോക്തി വാദത്തെ വിശകലനം ചെയ്യാന്‍. കാവ്യത്തിന്റെ ലാവണ്യാത്മകമായ നിയോഗ ചര്‍ച്ചയിലാണ് കുന്തകന്റെ ‘വക്രോക്തി ജീവിതം’ എന്ന മീമാംസാഗ്രന്ഥം ശ്രദ്ധേയമാകുന്നത്. ലക്ഷ്യാര്‍ത്ഥവും വ്യംഗാര്‍ത്ഥവും ആചാര്യന്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ലക്ഷണയെയും വ്യഞ്ജനയെയും സ്വീകരിക്കാതെ ‘അഭിധ’യെ മാത്രമാണ് കാവ്യചിന്തയില്‍ മുന്‍നിര്‍ത്തുന്നത്. ഒരര്‍ത്ഥത്തില്‍ ധ്വനിസിദ്ധാന്തത്തെ നിരാകരിക്കുകയാണ് വക്രോക്തി ദര്‍ശനം.

ആവിഷ്‌കരണത്തിന്റെ അപൂര്‍വത്തില്‍ കാവ്യഭാഷകൊണ്ട് സാധിക്കുന്ന ഉക്തിവ്യതിയാനമാണ് കുന്തകന്‍ വക്രോക്തികൊണ്ട് വിവക്ഷിക്കുക. എന്നാല്‍ ‘വളച്ചുകെട്ടി പറയല്‍’ എന്നര്‍ത്ഥത്തിനു പകരം വൈവിധ്യവും വൈചിത്ര്യവുമുള്ള കാവ്യാവിഷ്‌കാരകൗതുകമാണ് ‘വക്രോക്തി’ എന്ന സംജ്ഞ സൂചിപ്പിക്കുന്നത്. നാലുവര്‍ഷം കഴിഞ്ഞു എന്ന സാമാന്യവ്യവാഹത്തിന് പകരം ‘നാലുവട്ടമിഹ പൂത്തു കാനനം’ എന്ന് കുമാരനാശാന്‍ എഴുതുമ്പോള്‍ അത് കവിതയായി എന്ന് കുന്തകമതമനുസരിച്ച് ഇത് ഉദാഹരിക്കാം.


”ശബ്ദാര്‍ത്ഥൗ സഹിതൗ വക്ര-
കവി വ്യാപാര ശാലിനി
ബന്ധേ വ്യവസ്ഥിതൗ കാവ്യം
തദ്വിദാഹ്ലാദ കാരിണി”

ഭാവപ്രകാശത്തിനുള്ള ഉപാധിസങ്കേതമാണ് വക്രോക്തി. ‘കവി വ്യാപാര വക്രതയുടെ’ ഫലത്തെയാണ് കുന്തകന്‍ വക്രോക്തിയെന്ന് പേരിട്ട് വിളിക്കുന്നത്. ശബ്ദം എന്നത് വിവക്ഷിതമായ അര്‍ത്ഥത്തിന്റെ വാഹനം മാത്രമാണെന്നും, ആ ശബ്ദത്തിന്റെ ആഹ്ലാദാനുഭൂതി സ്വാംശീകരിക്കുന്ന അര്‍ത്ഥരുചിയാണ് യഥാര്‍ത്ഥ അര്‍ത്ഥമെന്നും ആചാര്യന്‍ കണ്ടെത്തുന്നു. ശബ്ദാര്‍ത്ഥങ്ങളുടെ അപൂര്‍വ സങ്കലനവും സഹിതത്വവുമാണ് സാഹിത്യലക്ഷണമെന്ന് ചുരുക്കം. വക്രകവി വ്യാപാരമാണ് ഇതിന് കാരണഭൂതമായി നില്‍ക്കുന്നത്. ശബ്ദാര്‍ത്ഥങ്ങള്‍ അലങ്കാര്യവും വക്രോക്തി അവയുടെ അലങ്കാരമാണെന്നും കുന്തകന്‍ സ്ഥാപിക്കുന്നു. അലംകൃതമായതിന് മാത്രമെ കാവ്യത്വമുണ്ടാകൂ എന്നാണ് ആചാര്യമതം. കവിതയുടെ ‘കാവ്യത്വ’ത്തെയാണ് വക്രോക്തിയെന്ന അഭിധാനമേകി കുന്തകന്‍ ആദരിക്കുന്നത്.

കവി വ്യാപാരം അനന്തവും വക്രതാ സാധ്യതകള്‍ വിപുലവുമാണ്. ഉപമാദ്യലങ്കാരങ്ങളെല്ലാം ആചാര്യന് വക്രോക്തിയുടെ ഉക്തിവൈചിത്ര്യങ്ങള്‍ മാത്രമാണ്. നൈസഗര്‍ഗികവും അപൂര്‍വവുമായ ലാവണ്യധര്‍മമാണ് വക്രോക്തിയെന്ന് എസ്.കെ.ഡെയെപ്പോലുള്ള വ്യാഖ്യാതാക്കള്‍ മൂല്യനിര്‍ണയം ചെയ്തിട്ടുണ്ട്. കവി വ്യാപാരങ്ങളുടെ വിസ്മയവും വിചിത്രവുമായ വ്യവഹാരശ്രേണിയില്‍ വക്രോക്തി ലോകം അതീത സാധ്യതാപ്രകൃതിയുടെ മായാലോകം തുറക്കുന്നു. എങ്കിലും പ്രാമുഖ്യമേറിയ ആറുതരം വക്രതകളുടെ പട്ടിക കുന്തകന്‍ പേരിട്ട് നിരത്തുന്നുണ്ട്. വര്‍ണവിന്യാസ വക്രത, വാക്യവക്രത, പ്രകരണവക്രത, പ്രബന്ധ വക്രത, പദപൂര്‍വാര്‍ധ വക്രത, പദപരാര്‍ധ വക്രത. വര്‍ണാവര്‍ത്തനത്തിന്റെ അസാധാരണതയാണ് വര്‍ണവിന്യാസ വക്രത.


”അക്കുംഭി വക്ത്രന്റെയിടത്തുകൊമ്പൊന്നു
നിര്‍ഘാത ഘോരരാവമായ് നിലത്തും’
എന്ന വള്ളത്തോള്‍ വരി ഇതിനുദാഹരിക്കാം.

പ്രാതിപദികവും ധാതുരൂപവുമായ പ്രയോഗവിചിത്രതയെയാണ് പദപൂര്‍വാര്‍ധ വക്രതകൊണ്ട് ലക്ഷ്യമാക്കുന്നത്. ‘അമ്പിളിക്കല ചൂടുന്ന തമ്പുരാന്‍ താപനാശനന്‍’ എന്ന വരിയിലെ ‘അമ്പിളിക്കല’ എന്ന വാക്ക് ശീതകിരണനായും താപനാശനനായും പാരസ്പര്യം നേടുന്നു.
പദപരാര്‍ധവക്രതയെ പ്രത്യയവക്രത എന്നും പറയും. കാലം, കാരകം, സംഖ്യ തുടങ്ങിയ അംശങ്ങളിലാണ് പ്രത്യവക്രത പ്രത്യക്ഷപ്പെടുക. കല്‍പനാശക്തിയില്‍ തിളങ്ങുന്ന വാക്യവക്രതയില്‍ അലങ്കാരങ്ങളാണ് ആവിര്‍ഭവിക്കുക.


പ്രകരണ വക്രത കൃതിയുടെ സവിശേഷ സന്ദര്‍ഭത്തെ ഹൃദയഹാരിയാക്കുന്ന കവിതന്ത്രത്തില്‍ ചേര്‍ക്കുന്നു. കുമാരനാശാന്റെ ലീലാ കാവ്യത്തില്‍ അശോകപ്പൂങ്കുലയുടെ ദര്‍ശനവും സുഗന്ധവും ഇതിന് ഉദാഹരിക്കാം.

സമഗ്രകാവ്യമാണ് പ്രബന്ധം. കാവ്യത്തില്‍ വ്യാപിയായ വക്രതയാണ് പ്രബന്ധവക്രത. മൂലകാവ്യത്തിലെ ഒരു രസത്തിന്റെ സ്ഥാനത്ത് മറ്റൊരു രസം പ്രതിഷ്ഠാപിതമാകുന്നു.

എന്തുപറയുന്നു എന്നതിനപ്പുറം എങ്ങനെ പറയുന്നു എന്ന അന്വേഷണത്തില്‍ നിന്നാണ് കുന്തകന്റെ വക്രോക്തിസിദ്ധാന്തം രൂപപ്പെടുന്നത്. കാവ്യശൈലിയിലെ ‘വ്യതിരേക’ങ്ങളാണ് ഇത്തരമൊരു ചിന്താപഥത്തെ ഉണര്‍ത്തുക. ആധുനിക ശൈലീസിദ്ധാന്തവുമായി വക്രോക്തി ദര്‍ശനം സമരസപ്പെടുന്നു.

Thursday, December 29, 2016

ധ്വനിസിദ്ധാന്തത്തിന്റെ അനന്തസാധ്യതകള്‍ - ഭാരതീയ കാവ്യമീമാംസ - 4

പാശ്ചാത്യ മീമാംസാദര്‍ശനത്തിന്റെ ആധുനിക പരിപ്രേക്ഷ്യത്തില്‍ ആനന്ദന്റെ ധ്വനിതത്വം ഏറെ പ്രസക്തമാണ്. ദെറിദയുടെ അപനിര്‍മാണ വാദം അര്‍ത്ഥത്തെക്കുറിച്ചുള്ള അനന്തമായ സാധ്യതകളുടെ പ്രവാഹത്തെ അടയാളപ്പെടുത്തുന്നു. അര്‍ത്ഥത്തിനുപരി ചിഹ്നമൊ ചിഹ്നവ്യൂഹമൊ ആയി ചിഹ്നാദേശങ്ങളുണ്ടാകുന്നു എന്നാണ് ദരിദയുടെ പ്രമാണം. സംവേദന സര്‍വസ്വങ്ങളിലും സ്വച്ഛന്ദലീല യാണെന്നും എഴുത്ത് അനിശ്ചിതത്വത്തിന്റെ അംശമാണെന്നും ദരിദ എഴുതുന്നു.


ഭാഷയുടെ ‘ഭാഷ’യാണ് കവിത. കവിതയുടെ ലാവണ്യതത്വം സൂക്ഷ്മാന്വേഷണ വിധേയമാക്കിയ ആനന്ദവര്‍ധനന് ലഭിച്ച വെളിച്ചമാണ് ധ്വനി. കാശ്മീരദേശത്തുകാരനായ ആചാര്യന്‍ ക്രി. ഒമ്പതാം നൂറ്റാണ്ടിലാണ് ‘ധ്വന്യാലോക’മെന്ന മീമാംസാഗ്രന്ഥം രചിക്കുന്നത്. ഭാഷയെന്ന നിലയില്‍ കാവ്യത്തിലെ ധ്വനിയെ കേള്‍ക്കുകയല്ല ‘ദര്‍ശിക്കുകയാണ്’ ധ്വന്യാചാര്യന്‍. ശരീരവും ആത്മാവുംപോലെ കാവ്യാര്‍ത്ഥത്തിന് വാച്യം, പ്രതീയമാനം എന്നീ രണ്ടു പ്രഭേദങ്ങളാണ് ആചാര്യന്‍ സങ്കല്‍പ്പിക്കുക. ധ്വനിശബ്ദംകൊണ്ട് വ്യുല്‍പത്തിയാല്‍ വ്യവഹരിക്കുന്ന അര്‍ത്ഥാന്തരങ്ങളുണ്ട്. 1. വാച്യാര്‍ത്ഥവും വാചകശബ്ദവും ധ്വനി. 2. വ്യംഗാര്‍ത്ഥം തന്നെ ധ്വനി. 3. വ്യഞ്ജനാവ്യാപാരമാണ് ധ്വനി. വ്യംഗാര്‍ത്ഥം/വ്യംഗാര്‍ത്ഥപ്രധാനമായ കാവ്യം എന്നീ രണ്ടര്‍ത്ഥങ്ങള്‍ ‘ധ്വനി’ എന്ന സംജ്ഞയില്‍ ഉള്ളടങ്ങിയിട്ടുണ്ട്.



കാവ്യത്തിന്റെ ആത്മാവ് ധ്വനിയാണെന്ന ചിന്ത പൈതൃകപരമാണെങ്കിലും അത് ലക്ഷ്യാര്‍ത്ഥമാണെന്ന് വാദിക്കുന്നവരും നിര്‍വചനാതീതമാണെന്ന് കരുതുന്നവരുമുണ്ട്.

‘പ്രതീയമാനം പുനരന്യദേവ
വസ്ത്വസ്തി വാണീഷു മഹാകവീനാം
യത്തത് പ്രസിദ്ധാവയവാതിരിക്തം
വിഭാതി ലാവണ്യമിവാംഗനാസു’
(ധ്വന്യാലോകം-1-4)


ഓരോ അവയവഭംഗിക്കും അപ്പുറമാണ് സ്ത്രീലാവണ്യം. കടലില്‍ ഉപ്പെന്നപോലെ ലയാത്മകമായ നിലയിലാണ് കവിതാലാവണ്യം. അന്തര്‍ലീനമായ ഈ ലാവണ്യം പ്രകാശിപ്പിക്കുകയാണ് ധ്വനിയുടെ ധര്‍മം. വാച്യത്തിന്റെ പ്രകാശനമിടുക്കില്‍ വിപരീതം പോലും പ്രതീയമാനത്തില്‍ വിധിരൂപം പ്രാപിക്കാമെന്ന് ധ്വന്യാചാര്യന്‍ സോദാഹരിക്കുന്നുണ്ട്. ഇതര വാഗുപായങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത കാവ്യലാവണ്യം ധ്വനിതന്ത്രത്തിലൂടെ നിഷ്പന്നമാകുന്നു. കവിതയുടെ ലീനലാവണ്യമാണ് ധ്വനി പ്രകാശിപ്പിക്കുന്നത്. രസാനുഭൂതിയില്‍ ആത്മാവുതന്നെയാണ് പാഠം. കാവ്യാത്മാവ് രസധ്വനിയായി പുനഃസൃഷ്ടിക്കപ്പെടുന്നു. ലാവണ്യത്തിന്റെ, സമഗ്രപ്രകാശനമാണ് ധ്വനിധര്‍മം.


അഭിധാമൂല വ്യംഗ്യം (വിവക്ഷിതാന്യ പരവാച്യധ്വനി) ലക്ഷണാമൂല വ്യംഗം (അവിവക്ഷിത വാച്യധ്വനി) തുടങ്ങി ധ്വനി ചിന്ത സൂക്ഷ്മാല്‍ സൂക്ഷ്മമായ കാവ്യചിന്തനസത്തയുടെ അന്തര്‍ലോകത്തിലേക്ക് സഞ്ചരിക്കുന്നു. അസംലക്ഷ്യക്രമധ്വനിതന്നെ എട്ടുതരത്തില്‍ നിര്‍ണയിക്കപ്പെടുന്നു. രസധ്വനി, ഭാവധ്വനി, രസാഭാസം, ഭാവാഭാസം, ഭാവോദയം, ഭാവസന്ധി, ഭാവശാന്തി, ഭാവശബളത എന്നിങ്ങനെ അവ ക്രമപ്പെടുത്താം. രസധ്വനിയില്‍ രസം അംഗിയായി വരണമെന്ന് നിരീക്ഷണമുണ്ട്. വസ്തുധ്വനി, അലങ്കാരധ്വനി, ഭാവധ്വനി, രസധ്വനി എന്നിങ്ങനെ നാല് സംവര്‍ഗ്ഗങ്ങളായി വ്യംഗ്യാര്‍ത്ഥ സ്വഭാവം മുന്‍നിര്‍ത്തി ഇവയെ തരംതിരിക്കുന്നുണ്ട്. രസത്തിന്റെ പ്രാമാണ്യം മുന്‍നിര്‍ത്തി ധ്വനിയില്‍ മുഖ്യസ്ഥാനം രസധ്വനി തന്നെ കൈക്കലാക്കുന്നു.


”യത്രാര്‍ത്ഥഃ ശബ്‌ദോവാ തമര്‍ത്ഥമുപസര്‍ജ്ജനീകൃതസ്വാര്‍ത്ഥൗ
വ്യങ്ക്തഃ കാവ്യ വിശേഷഃ സധ്വനിരിതി സുരിഭിഃകഥിതഃ”


ശബ്ദം അതിന്റെ അര്‍ത്ഥത്തെയും അര്‍ത്ഥാന്തരങ്ങളെയും അപ്രധാനമാക്കി പ്രതീയമാനത്തിന്റെ സരണിയെ പ്രത്യുല്‍പ്പാദിപ്പിക്കുന്നത് ‘ധ്വനി (കാവ്യം)’ എന്ന് പൂര്‍വസൂരികളുടെ നിരീക്ഷണം മാനിച്ച് ആനന്ദവര്‍ദ്ധനന്‍ നിര്‍വചനമേകുന്നു. മഹാകവികളുടെ ഉജ്ജ്വലപ്രതിഭയാണ് വ്യഞ്ജകധര്‍മത്തെ കാവ്യത്തില്‍ ഉണര്‍ത്തിയെടുക്കുകയെന്ന് ആചാര്യന്‍ അനുബന്ധ സൂചികയായി വ്യക്തമാക്കീട്ടുണ്ട്.


മഹാകവികളുടെ വാക്കിനുള്ളില്‍ മഹാതേജസ്സേറി നില്‍ക്കുകയാണ് ‘ധ്വനി.’ അനശ്വരകാവ്യത്തില്‍ വാക്കുകള്‍ കേവലം വാചകധര്‍മമല്ല അനുഷ്ഠിക്കുക; അവ വ്യഞ്ജകധര്‍മത്തെയാണ് പുനഃസൃഷ്ടിക്കുക. കാവ്യത്തിലെ പ്രതീയമാനമായ രസത്തെ ആശ്രയിക്കുന്ന ഗുണങ്ങള്‍ മാധുര്യം, ഓജസ്സ്, പ്രസാദം എന്നിവയാണ്. ശബ്ദാര്‍ത്ഥങ്ങളും ഗുണാലങ്കാരങ്ങളും കാവ്യത്തില്‍ രസാനുരൂപമായി വിന്യസിക്കപ്പെടണമെന്ന് ആചാര്യന്‍ വിധിക്കുന്നു. ‘അനൗചിത്യം തന്നെയാണ് രസഭംഗ കാരണം’ എന്ന ആനന്ദവര്‍ധനന്റെ പ്രസിദ്ധമായ നിരീക്ഷണം ഈ പ്രകരണത്തിലാണ്.


വ്യംഗ്യം പ്രതീയമാനമായിത്തീരുന്ന ചില സന്ദര്‍ഭത്തില്‍ വാച്യത്തെ അപേക്ഷിച്ച് ഗുണീഭൂതം (അപ്രധാനം) ആയിത്തീരും. ആ കാവ്യവിശേഷണത്തെയാണ് ആചാര്യന്‍ ‘ഗുണീഭൂതവ്യംഗ്യം’ എന്ന് അടയാളപ്പെടുത്തുന്നത്. വാച്യത്തിന്റെ ചമല്‍ക്കാരമാണ് ഇവിടെ ‘അലങ്കാര’ പദവിയര്‍ഹിക്കുക. എട്ടുവിധമാണത്. ധ്വനിതത്ത്വത്തിന്റെ പ്രമാണത്തില്‍ ഉത്തമം/മാധ്യമം/അധമം എന്ന് കാവ്യത്തെ വേര്‍തിരിക്കുകയാണ് ധ്വന്യാലോകകാരന്‍. ധ്വനി കാവ്യം ഉത്തമം. ഗുണീഭൂതകാവ്യം മധ്യമം. വാച്യാര്‍ത്ഥ കാവ്യമാകട്ടെ അധമവും.


‘കാവ്യസ്യാത്മാധ്വനി’യെന്ന സൂത്രത്തില്‍ കാവ്യത്തിന്റെ ആത്മാവ് ‘രസധ്വനി’ തന്നെയെന്ന് ആചാര്യന്‍ ധ്വനിപ്പിക്കുന്നു. ധ്വനി കാവ്യത്തെ ധ്യാനകാവ്യമായെണ്ണുകയാണ് ‘ധ്വന്യാലോകം.’ ധ്വനന പ്രക്രിയയ്ക്കുപരി ധ്വനിതാര്‍ത്ഥമായാണ് കാവ്യാത്മാവ് എന്ന് വ്യാഖ്യാന ശങ്കയ്ക്കിടയില്ലാത്തവിധം സ്പഷ്ടമാവുന്നു. കാവ്യം അനുഭൂതി വ്യഞ്ജകമായിരിക്കണമെന്ന ദര്‍ശനസീമയിലാണ് രസധ്വനിസിദ്ധാന്തം പ്രശോഭിതമാകുന്നത്. അഭിനവഗുപ്തന്റെ ആശയത്തില്‍ രസധ്വനിപോലും രസത്തിലേക്കുള്ള സഞ്ചാരപഥമാണ്. അഭിവ്യക്തി എന്ന തിരിച്ചറിവ് സഹൃദയ ഹൃദയകേന്ദ്രീകൃതമാണെന്ന് സൂചിപ്പിച്ചുകൊണ്ട് രസാഭിവ്യക്തി ഭാഷയുടെ വ്യാപാരമല്ലെന്ന് പറഞ്ഞുവെയ്ക്കുകയാണ്.


പാശ്ചാത്യ മീമാംസാദര്‍ശനത്തിന്റെ ആധുനിക പരിപ്രേക്ഷ്യത്തില്‍ ആനന്ദന്റെ ധ്വനിതത്വം ഏറെ പ്രസക്തമാണ്. ദെറിദയുടെ അപനിര്‍മാണ വാദം അര്‍ത്ഥത്തെക്കുറിച്ചുള്ള അനന്തമായ സാധ്യതകളുടെ പ്രവാഹത്തെ അടയാളപ്പെടുത്തുന്നു. അര്‍ത്ഥത്തിനുപരി ചിഹ്നമൊ ചിഹ്നവ്യൂഹമൊ ആയി ചിഹ്നാദേശങ്ങളുണ്ടാകുന്നു എന്നാണ് ദരിദയുടെ പ്രമാണം. സംവേദന സര്‍വസ്വങ്ങളിലും സ്വച്ഛന്ദലീലയാണെന്നും എഴുത്ത് അനിശ്ചിതത്വത്തിന്റെ അംശമാണെന്നും ദരിദ എഴുതുന്നു. ആനന്ദവര്‍ദ്ധനന്റെ രസധ്വനിസിദ്ധാന്തത്തിലെ വ്യംഗാര്‍ത്ഥരുചിയെപ്പറ്റിയുള്ള അനന്തസാധ്യതകള്‍ ദരിദയുടെ അപനിര്‍മാണ ദര്‍ശനത്തിന് ആധാരശിലയായി വര്‍ത്തിക്കുന്നുണ്ടെന്ന് ആധുനിക കാവ്യചിന്തകന്മാര്‍ രേഖപ്പെടുത്തീട്ടുണ്ട്.


ഡോ. കൂമുള്ളി ശിവരാമന്‍
ജന്മഭൂമി

Tuesday, December 27, 2016

രസചിന്തകളുടെ ജ്ഞാനപഥങ്ങള്‍ - ഭാരതീയ കാവ്യമീമാംസ - 3

ഭാരതീയ കാവ്യമീമാംസയുടെ ആത്മസാരഥ്യം വഹിക്കുക രസശാസ്ത്രമാണ്. അദ്ധ്യാത്മചിന്തയുടെ അതീതതലവും ലാവണ്യ വിഷയത്തിന്റെ അനുഭൂതിതലവും രസാനന്ദത്തിന്റെ ആത്മാംശത്തിലലിയുന്നു. രസവാദാചാര്യന്മാരില്‍ പ്രമുഖര്‍ ബ്രഹ്മാനന്ദ സോദരമായ ദൈവികാനുഭവമായി കാവ്യാനുഭവ സാക്ഷാത്ക്കാരത്തെ അടയാളപ്പെടുത്തിയവരാണ്. ഭാരതീയ രസാനന്ദ ദര്‍ശനം ലൗകികാലൗകികമായ വ്യത്യസ്തബിന്ദുക്കളെ ഏകാത്മകമായി രേഖപ്പെടുത്തുന്നുണ്ട്.


‘സര്‍വം രസമയം ജഗത്’, ‘സര്‍വം ബ്രഹ്മമയം ജഗത്’ എന്നീ ഉപനിഷദ് വാക്യം ബ്രഹ്മം തന്നെ ‘രസ’മെന്ന് ദര്‍ശിക്കുന്നു. ‘അവന്‍ രസമാണ്’ (രസോ വൈ സഃ) എന്ന തൈത്തരീയോപനിഷത്ത് ലളിതമായി ഗഹനസത്യം ആവിഷ്‌കരിച്ചിട്ടുണ്ട്. രസാനുഭവം തന്നെ ആനന്ദമായിത്തീരുന്നു എന്ന് ഈ ആശയം വിശദീഭൂതമാകുന്നു. രസശബ്ദം ‘കാമശാസ്ത്ര’ത്തില്‍ സമാനാര്‍ത്ഥഗരിമയിലാണ് പ്രയോഗിക്കുന്നത്. ഭരതമുനി ‘നഹി രസാമൃതേ കശ്ചിദര്‍ത്ഥഃ പ്രവര്‍ത്തതേ’ എന്ന് ചൊല്ലിയാണ് രസത്തെ ‘രസരാജ’നാക്കുന്നത്.


രസം എന്ന പദത്തില്‍നിന്ന് ആനന്ദത്തെയോ, ആനന്ദം എന്ന വാക്കില്‍നിന്ന് രസത്തെയൊ പിരിച്ചെടുക്കുക സാധ്യമല്ല. യഥാര്‍ത്ഥത്തില്‍ രസം ബ്രഹ്മാനന്ദരസമായും ആനന്ദം സച്ചിദാനന്ദമായും ഉപനിഷത്തിന്റെ അതിഭൗതിക ലാവണ്യശാസ്ത്രത്തില്‍ ബിംബകല്‍പനയെന്നോണം ശരീരവും ആത്മാവും കടന്നുവരുന്നുണ്ട്. കാവ്യശരീരവും കാവ്യാത്മാവും യഥാക്രമം ലയാത്മകമായ ‘രാസപ്രക്രിയ’യിലൂടെ രസവും ആനന്ദവുമായി സഹൃദയനില്‍ ഉണരുന്നു. സര്‍ഗതലവും ആസ്വാദനരഥ്യയും സമ്മേളിക്കുന്ന അപൂര്‍ണ രസവിചാരത്തെ ചൈതന്യവത്താക്കുന്നുണ്ട്. ‘കവിഹൃദയാഖ്യ’മാണ് സാരസ്വത തത്വമെന്ന് പൈതൃകം സൂചിപ്പിക്കുന്നത് ഈയര്‍ത്ഥത്തില്‍ തന്നെ. സൂക്ഷ്മശരീരവും സ്ഥൂലശരീരവും ചേര്‍ന്നു നില്‍ക്കുന്നതുപോലെ നടനും കഥാപാത്രവും മേളിക്കുകയാണെന്ന ചിന്ത സാംഖ്യകാരികയില്‍ കാണാം. കവി, കാവ്യം, സഹൃദയന്‍ എന്നീ ത്രിത്വത്തിന്റെ അരങ്ങില്‍ രസശാസ്ത്രം അനന്തമായി നടനം ചെയ്യുന്നു. അഭിനവഗുപ്തന്‍ ‘രസം തന്നെയാണ് നാട്യ’മെന്ന് ഔചിത്യപൂര്‍വം ഇത് കണ്ടെത്തുന്നുണ്ട്.


ഭരതമുനിയുടെ രസസൂത്രമാണ് രസദര്‍ശനത്തിന് പിന്നീടുണ്ടായ അപൂര്‍വങ്ങളായ വ്യാഖ്യാനങ്ങള്‍ക്കും വ്യാഖ്യാനഭേദങ്ങള്‍ക്കും പ്രഭവമായി പ്രകാശിക്കുക. ‘വിഭാവാനുഭാവ വ്യഭിചാരി സംയോഗാദ്രസ നിഷ്പത്തി’ എന്ന നാട്യശാസ്ത്രസൂത്രം കലാചിന്തകരില്‍ തീപ്പൊരിയായി. ധൈഷണിക ചിന്തയില്‍ അത് വിസ്മയദീപ്തിയായി പ്രശോഭിച്ചു. രചനയിലെ സ്ഥായീഭാവം വിഭാവാനുഭാവ സഞ്ചാരി ഭാവങ്ങളാല്‍ പരിപോഷിക്കപ്പെട്ട് സഹൃദയ ഹൃദയത്തില്‍ ജനിക്കുന്ന രസത്തെ കാവ്യശാസ്ത്രത്തിന്റെ പ്രഭവ പ്രചുരിമയായി മനീഷികള്‍ വളര്‍ത്തിയെടുക്കുകയായിരുന്നു.


നാട്യശാസ്ത്ര രസസൂത്രമനുസരിച്ച് വിഭാവം രണ്ടുവിധമുണ്ട്. ആലംബന വിഭാവവും ഉദ്ദീപന വിഭാവവും. ഭാവം ആരെ ആശ്രയിച്ചാണോ ഉണ്ടാകുന്നത് അത് (അയാള്‍) ആലംബനും, ജാഗരിത ഭാവത്തെ ഉദ്ദീപിപ്പിക്കുന്നത് ഉദ്ദീപനം. ശകുന്തളക്ക് ദുഃഷ്യന്തനും ദുഃഷ്യന്തന് ശകുന്തളയും, സഹൃദയന് ആ കഥാപാത്രങ്ങളും ഭാവാലംബനങ്ങളത്രെ. നിലാവും പൂക്കളും സംഗീതവും മറ്റും രതിഭാവത്തെ ഉദ്ദീപിപ്പിക്കുന്ന ഉദ്ദീപന വിഭാവങ്ങളാണ്. ‘വിഭാവം’ കാരണമാണ്, ‘അനുഭാവം’ കാര്യമാണ്. കടാക്ഷം, രോമാഞ്ചം തുടങ്ങിയവ അനുഭാവങ്ങളാണ്.


ഇവയുടെ സംയോഗത്താല്‍ രസം നിഷ്പന്നമാകുന്നു. ലാവണ്യത്തിന്റെ സര്‍ഗതലവും ആസ്വാദനതലവും ബന്ധിപ്പിക്കുന്ന രസസംജ്ഞ ഭാരതീയമീമാംസയുടെ അപൂര്‍വായ മാനബിന്ദുവാണ്. ഫ്രഞ്ച് ഇന്തോളജിസ്റ്റായ ലൂയി റെനൗ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. കവി, കാവ്യം, സഹൃദയന്‍ എന്നീ ത്രിത്വങ്ങളെ ഏകീഭവിപ്പിക്കാന്‍ രസചര്‍ച്ചയില്‍ ആലങ്കാരികന്മാര്‍ക്ക് സാധ്യമാവുന്നു എന്നര്‍ത്ഥം. ‘രസം തന്നെ നാട്യം,’ ‘കാവ്യവും നാട്യം തന്നെ’ എന്ന അഭിനവഗുപ്തന്റെ വചനം വിഖ്യാതമാണ്. ശൃംഗാരം കരുണം വീരം രൗദ്രം ഹാസ്യം ഭയാനകം ബീഭത്സം അദ്ഭുതം ശാന്തം എന്നീ നവരസചര്‍ച്ച തന്നെ സാഹിത്യസംസ്‌കൃതിയുടെ സമഗ്രരസത്തെയും ആവിഷ്‌കരിക്കുകയായിരുന്നു.

രസശാസ്ത്രം രസദര്‍ശനമായി വളര്‍ച്ച പൂണ്ടത് കശ്മീരദേശീയരായ നാല് ആചാര്യ പ്രമുഖരിലൂടെയാണ്. ഭട്ടലോല്ലടന്‍, ശ്രീശങ്കുകന്‍, ഭട്ടനായകന്‍, അഭിനവഗുപ്തന്‍ എന്നീ മനീഷികള്‍ ‘രസ’ത്തിന്റെ രസച്ചരട് മുറുക്കി കലാദര്‍ശന സമീക്ഷയില്‍ കാലാതീതമായ ആശയങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. അഭിനവഗുപ്തന്റെ അഭിവ്യക്തിവാദവും ഇതോടൊപ്പം പ്രസക്തമാണ്. ഭട്ടലോല്ലടന്റെ ‘ഉല്‍പത്തി വാദം’ വിഭാവനുഭാവ വ്യഭിചാരികളിലൂടെ പരിപോഷിക്കപ്പെടുന്ന സ്ഥായിഭാവം തന്നെയാണ് രസമെന്ന് ഉപദര്‍ശിക്കുന്നു. രസം നടനിലും പ്രതീതമാണെന്ന് ആചാര്യന്‍ വാദിച്ചു.


വിഭാവാനുഭാവ വ്യഭിചാരികളിലൂടെ അനുമിതിയായി നടനിലൂടെ സ്ഥായിഭാവമാകുന്ന രസം നിഷ്പന്നമാകുന്നു എന്നാണ് ശ്രീശങ്കുകന്റെ ‘കാവ്യാനുശാസന’ത്തിലെ അനുമിതി വാദം. ലോല്ലടനും ശങ്കുകമതാനുസാരിയായി രസം വിഷയസ്ഥിതമാണെന്ന് പറയുന്നു. ഭട്ടതൗതനാകട്ടെ പ്രേക്ഷകനിലാണ് രസനിഷ്പത്തിയെന്ന് കണ്ടെത്തുകയാണ്. ആംഗിക വാചിക ആഹാര്യ സാത്വികാഭിനയത്തിലൂടെ നടനരൂപം ആച്ഛാദിതമായിത്തീര്‍ന്ന് സഹൃദയന്‍ നാട്യത്തില്‍ തന്മയീഭവിക്കുകയാണെന്ന് ആചാര്യന്‍ പറയുന്നു. ഇന്ദ്രിയജ്ഞാനത്തിനുമേല്‍ ധ്യാനസ്ഥമാകുന്ന മനസ്സിന്റെ സാക്ഷാത്കാരമാണ് ‘അനുവ്യവസായ’മെന്ന് ദര്‍ശിക്കാം.

ഭട്ടനായകന്റെ ഭുക്തിവാദം രസചര്‍ച്ചയുടെ വേദാന്തമുഖം പ്രദര്‍ശിപ്പിക്കുന്നു. അഭിധ, ലക്ഷണ, വ്യഞ്ജന എന്നീ ശബ്ദമൂല്യങ്ങളില്‍ അഭിധയെ മാത്രമാണ് ഈ ആചാര്യന്‍ അംഗീകരിക്കുക. സ്ഥായി തന്നെ ഭാവിതമായിത്തീര്‍ന്ന് രസത്വം പ്രാപിക്കുകയാണെന്നാണ് ഭുക്തിവാദമതം. ബ്രഹ്മാനന്ദ സദൃശം മാത്രമാണ് രസാനന്ദം. യഥാര്‍ത്ഥ രസാനുഭവം പ്രകാശാനന്ദമയമാകുന്നു എന്ന് ചുരുക്കം. ചോറ് ഉണ്ണുക എന്ന് പറയണമെങ്കില്‍ അതിനുമുന്‍പെ അത് പാകം ചെയ്യണം. യഥാര്‍ത്ഥത്തില്‍ രസം മുമ്പേ തയ്യാറാണ്. ആ സിദ്ധരസമാണ് സഹൃദയന്‍ ആസ്വദിക്കുന്നത്. ആത്മനിഷ്ഠമാണ് രസം എന്ന് താല്‍പര്യം.

രസശാസ്ത്ര വ്യാഖ്യാന ചരിത്രത്തില്‍ അഭിനവഗുപ്തന്റെ അഭിവ്യക്തിവാദം അപൂര്‍വതകൊണ്ടും യുക്തികടാക്ഷത്തിലും സമഗ്രതയാവഹിക്കുന്നു. ‘അഭിനവഭാരതി’യും ‘ധ്വന്യാലോകലോചനവും’ എഴുതിയ ആചാര്യന്റെ രസമീമാംസാ തത്വത്തിന്റെ കേന്ദ്രാശയം സ്ഥായിഭാവത്തിനപ്പുറമായി രസം പ്രതീതി സമയത്തു മാത്രമെ അനുഭവവേദ്യമാകൂ എന്നാണ്. രത്യാദിസ്ഥായിഭാവങ്ങള്‍ സാധരണീകൃതമായ നിലയില്‍ വ്യഞ്ജിച്ച് ശൃംഗാരം തുടങ്ങിയ രസങ്ങളായി അഭിവ്യക്തമാവുകയാണെന്ന് അഭിനവഗുപ്തന്‍ സിദ്ധാന്തിക്കുന്നു. രസികനില്‍ സ്ഥായിഭാവം വാസനാ പ്രകൃതിയായി ലയിച്ചുകിടക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ രസാസ്വാദം ആത്മാസ്വാദം തന്നെയാണെന്നുമുള്ള ആചാര്യവാദം ആത്മാവിനെയും ജന്മപരമ്പരകളെപ്പറ്റിയുമുള്ള മനഃശാസ്ത്രാപഗ്രഥന മാനങ്ങളില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. സുഖദുഃഖാദികളല്ല രസം. അത് ബോധലയമായ ‘സംവിദ് വിശ്രാന്തി’യെന്ന അനന്താനന്ദമാണെന്ന് അഭിനവ ഗുപ്തനറിയുന്നു.


രസസിദ്ധാന്തത്തിന്റെ ആധാരശിലയായി രസത്തെ ജ്ഞാനമാക്കുന്ന അഭിവ്യക്തിവാദമാണ് ആധുനിക മീമാംസകര്‍ പൊതുവെ സ്വീകരിക്കുന്നത്.

ഭരതമുനിയുടെ ‘രസസൂത്രം’, അരിസ്റ്റോട്ടിലിന്റെ ‘കഥാര്‍സിസ്’, ബുച്ചറിന്റെ ‘സാധാരണീകരണം’ ഐ.എ. റിച്ചാര്‍ഡ്‌സിന്റെ ‘ഒബ്ജക്ടീവ് കോറിലേറ്റീവ്’ തുടങ്ങിയ അനന്വയ ജ്ഞാനപഥങ്ങള്‍ രസദര്‍ശനത്തെ രസികരസനയില്‍ അനശ്വരമാക്കുന്നു.


ഡോ.കൂമുള്ളി ശിവരാമന്‍
ജന്മഭൂമി:

Saturday, December 24, 2016

കാവ്യസ്വരൂപത്തിന്റെ വിശ്വരൂപം - ഭാരതീയ കാവ്യമീമാംസ - 2


കാവ്യഹേതു

പ്രതിഭ, വ്യുല്‍പത്തി, അഭ്യാസം എന്നിവ ചേര്‍ന്ന ‘കവി നിമിത്ത’മാണ് കാവ്യഹേതുവായി മമ്മടന്‍ (കാവ്യപ്രകാശം) കണ്ടെത്തുന്നത്.


‘ശക്തിര്‍ നിപുണതാ ലോക
ശാസ്ത്ര കാവ്യാദ്യവേക്ഷണാത്
കാവ്യജ്ഞ ശിക്ഷയഭ്യാസ
ഇതിഹേതുസ്തദുദ്ഭവേ”


എന്ന കാരിക അതിന്റെ സൂക്ഷ്മവിചിന്തനത്താല്‍ ശ്രദ്ധേയമാണ്. ‘ശക്തി’ സര്‍ഗശക്തിയായ പ്രതിഭ തന്നെ. ‘കവിത്വബീജം പ്രതിഭതന്നെ’യെന്ന് ‘കാവ്യാലങ്കാര സൂത്ര’ത്തില്‍ വാമനനും വാദിക്കുന്നു. ജന്മാന്തര സംസ്‌കൃതിയാണ് പ്രതിഭയെന്ന് ആചാര്യന്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. രുദ്രടനും പ്രതിഭയുടെ പ്രാധാന്യം വെളിവാക്കി ‘ശക്തിര്‍വ്യുല്‍പത്തിരഭ്യാസ’ എന്ന് നിര്‍വചിക്കുകയാണ്. പ്രതിഭയെ കാരയിത്രിയെന്നും ഭാവയിത്രിയെന്നും വിഭജിക്കുകയാണ് രാജശേഖരന്‍. കവി പ്രതിഭ ഒന്നുമാത്രമാണ് കാവ്യകാരണമായി ജഗന്നാഥന്‍ ‘രസഗംഗാധര’ത്തില്‍ രേഖപ്പെടുത്തുക. ഭട്ടതൗതനാകട്ടെ (കാവ്യകൗതുകം) പ്രതിഭയെ പ്രജ്ഞയുമായി ബന്ധപ്പെടുത്തുന്നു. അപൂര്‍വവസ്തു നിര്‍മാണക്ഷമമായ പ്രജ്ഞയാണ് പ്രതിഭയെന്ന് അഭിനവഗുപ്തന്‍ സിദ്ധാന്തിക്കുന്നു. മഹിമഭട്ടന്‍ ശിവന്റെ മൂന്നാംകണ്ണായി പ്രതിഭയെ പ്രതീകവല്‍ക്കരിക്കുകയാണ്.


”നൈസര്‍ഗ്ഗികീ ച പ്രതിഭ
ശ്രുതം ച ബഹുനിര്‍മലം
അമന്ദശ്ചാഭിയോഗസ്യാഃ
കാരണം കാവ്യസമ്പദഃ”


എന്ന് ആചാര്യദണ്ഡി കാവ്യാദര്‍ശത്തില്‍ ദര്‍ശനമൊരുക്കുന്നു. നൈസര്‍ഗികമായ പ്രതിഭ, വ്യുല്‍പത്തി, അമന്ദമായ അഭ്യാസം എന്നിവ കാവ്യസമ്പത്തിന് ഹേതുവാണെന്ന് വിവേചിച്ചറിയുകയാണ് ആചാര്യന്‍. അന്തര്‍ജ്ഞാനത്തിന്റെയും അഗാധമായ അനുഭവാനുഭൂതിയുടെയും സാംസ്‌കാരികദര്‍ശനങ്ങളുടെയും ആവിഷ്‌കാരമാണ് കവിതയായി ഉത്ഭവംകൊള്ളുന്നത് എന്നാണ് ഭാരതീയാചാര്യന്മാരുടെ നിഗമനം. കാവ്യരൂപ പ്രഭവം രസാനുഭവമേഖലയിലാണെന്ന് മീമാംസകര്‍ നിരീക്ഷിക്കുന്നു. കാവ്യഹേതുവിന്റെ സങ്കീര്‍ണവും വിശദീഭൂതവുമായ അടിവേരുകള്‍ അന്വേഷിച്ച് കവിയും സഹൃദയനും വന്നെത്തുന്ന ദര്‍ശന സംസ്‌കൃതി ഭാരതീയമായ ഏകസത്തയെ കുറിക്കുന്നു.


കാവ്യപ്രയോജനം

യശസ്സ്, ധനം, വിശ്വവിജ്ഞാനം, മംഗളം, പരമാനുഭൂതി, ഉപദേശം എന്നിവയാണ് കാവ്യപ്രയോജനമായി മമ്മടന്‍ ഗണിക്കുന്നത്.
”കാവ്യം യശസേളര്‍ത്ഥകൃതേ
വ്യവഹാരവിദേ ശിവേതരക്ഷതയേ
സദ്യ പര നിര്‍വൃതയേ
കാന്താസമ്മിതതയോപദേശയുജേ”

എന്ന് ‘കാവ്യപ്രകാശ’ത്തില്‍ ആചാര്യന്‍ കാരിക ചമയ്ക്കുന്നു.

 ഹിതോപദേശവും വിശ്രാന്തിയും നാട്യഫലമായെണ്ണുന്ന ഭരതന്റെ വീക്ഷണം ഇവിടെ സ്മരണീയമാണ്. ഭാമഹനും ദണ്ഡിയും വാമനനും ആനന്ദവര്‍ദ്ധനനും കുന്തകനും വിശ്വനാഥനും രുദ്രടനും മഹിമഭട്ടനും കാവ്യഫലത്തെ അന്വേഷിച്ച് വിവിധ സിദ്ധാന്തരാശിക്ക് ജന്മം നല്‍കിയവരാണ്. സഹൃദയഹൃദയപ്രീതിയാണ് കാവ്യപ്രയോജനമായി ആനന്ദവര്‍ദ്ധനന്‍ രേഖപ്പെടുത്തുന്നത്.


”ധര്‍മ്മാര്‍ത്ഥ കാമ മോക്ഷേഷു
വൈചക്ഷണ്യം കലാസുച
പ്രീതിം കരോതി കീര്‍ത്തിം ച
സാധു കാവ്യ നിബന്ധനം”


വാഗീശ്വരിയുടെ സാഫല്യമായി കവിതയെ ദര്‍ശിക്കുന്ന ഭാമഹന്‍ ധര്‍മാര്‍ത്ഥകാമമോക്ഷമായ പുരുഷാര്‍ത്ഥത്തിലും കലയിലും വിചക്ഷണതയരുളുകയാണ് കാവ്യധര്‍മമെന്ന് ‘കാവ്യാലങ്കാര’ത്തില്‍ കണ്ടെത്തുന്നു.

കവിത ലോകപ്രകാശമെന്നെണ്ണുന്ന ദണ്ഡി സര്‍വകാലത്തെയും സമന്വയിപ്പിക്കുകയാണ് കാവ്യപ്രയോജനമായി കരുതുന്നത്. ചരിത്രസങ്കല്‍പ വീക്ഷണങ്ങള്‍ക്ക് അനശ്വരത പകരുകയാണ് കവിതയെന്ന് ആചാര്യന്‍ പറയുന്നു. സത്കാവ്യം പ്രീതിക്കും കീര്‍ത്തിക്കും കാരണമാവുക നിമിത്തം ദൃഷ്ടാര്‍ത്ഥവും അദൃഷ്ടാര്‍ത്ഥവുമാണെന്ന് വാമനന്‍ സങ്കല്‍പ്പിക്കുന്നുണ്ട്. കുന്തകനും വിശ്വനാഥനും പുരുഷാര്‍ത്ഥംതന്നെയാണ് കാവ്യപ്രയോജനമെന്ന് നിസ്സംശയം രേഖപ്പെടുത്തുകയായിരുന്നു. വിധിനിഷേധങ്ങളുടെ ബോധപ്രകാശനമാണ് കാവ്യപ്രയോജനമെന്ന് ചൂണ്ടിക്കാട്ടുന്ന മഹിമഭട്ടനും, കവി അര്‍ത്ഥവും അനര്‍ത്ഥോപശമവും കാവ്യത്തിലൂടെ നേടുന്നുവെന്ന് വീക്ഷിക്കുന്ന രുദ്രടനും കാവ്യാത്മാവിന്റെ സാംസ്‌കാരിക പ്രകാശത്തെ സ്പര്‍ശിക്കാതെ പോകുന്നു. ആഹ്ലാദവും ഗുരുരാജദേവതാ പ്രസാദവും കാവ്യത്തിന്റെ ഉപലബ്ധിയായി ജഗന്നാഥാചാര്യന്‍ സൂചിപ്പിക്കുന്നുണ്ട്. മനസ്സിന്റെ സംസ്‌കാര പ്രതിഷ്ഠയാണ് കാവ്യപ്രയോജനമെന്ന് വാല്മീകി രാമായണ കാവ്യത്തിലൂടെ സിദ്ധാന്തിക്കുകയാണ്. രാമായണ കാവ്യം ലവകുശന്മാര്‍ വായിച്ചുകേട്ടാണ് രാമന്‍ സ്വയം പൂര്‍ണമനുഷ്യനിലേക്കുയരുന്നത്. നൈമിശാരണ്യത്തിലെ അശ്വമേധരംഗം ധ്വന്യാത്മകമായി ഈ സത്യം അനശ്വരതയില്‍ അടയാളപ്പെടുത്തുന്നു.

സാഹിത്യത്തിന്റെ മാനവിക പ്രഭവത്തെയും സാംസ്‌കാരിക മൂല്യസങ്കല്‍പ്പത്തെയും കാലാതീതമായി സിദ്ധാന്തിക്കുകയായിരുന്നു ഭാരതീയ കാവ്യമീമാംസകന്മാര്‍. ധൈഷണിക പ്രഭാവത്തോടെ യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പശ്ചാത്തലത്തില്‍ കാവ്യശാസ്ത്രത്തെ സൂക്ഷ്മനിര്‍ണയം ചെയ്യുകയായിരുന്നു ആചാര്യന്മാര്‍. രസം, ധ്വനി, വക്രോക്തി, അനുമാനം, ഔചിത്യം, രീതി, അലങ്കാരം എന്നീ സിദ്ധാന്ത മാര്‍ഗ്ഗം വിരചിക്കുകയായിരുന്നു



ജന്മഭൂമി
ഡോ.കൂമുള്ളി ശിവരാമന്‍