ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

ബ്രഹ്മകണ ആവരണം - 16

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 16
ആത്മാവ്, സൂക്ഷ്മശരീര ആവരണം കൂടാതെ നിലനില്‍ക്കാത്തതിനാലും, ആത്മാവിന്റെ കര്‍മങ്ങളിലും അനുഭവങ്ങളിലും സൂക്ഷ്മശരീര ഇന്ദ്രിയങ്ങള്‍ വലിയ പങ്ക് വഹിക്കുന്നതിനാലും, ആത്മാവിനെ സംബന്ധിച്ച സമഗ്രജ്ഞാനത്തിന്, സൂക്ഷ്മശരീരത്തെയും അതിലെ ഇന്ദ്രിയങ്ങളെയും സംബന്ധിച്ച ജ്ഞാനം കൂടി ഉണ്ടാകണം. നമ്മുടെ അകത്തും നമുക്കു ചുറ്റും ഉള്ള പല പ്രതിഭാസങ്ങളെയും അറിയാന്‍ അത് സഹായിക്കും.

അധ്യായം/12സൂക്ഷ്മ ശരീരം അനശ്വരം



ആത്മാവിന് ചുറ്റും ഒരു സൂക്ഷ്മശരീരം ഉണ്ടാവുന്നതായി നാം കണ്ടു (പത്താം അധ്യായം). അത് ആത്മാവിന്റെ നിര്‍ണായക ആവരണമാണ്. കാരണം, അതിലാണ്, ബുദ്ധി, മനസ്സ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ എന്നിവയെല്ലാമുള്ളത്; അതാണ്, ജീവിതത്തെ നയിക്കുന്ന കര്‍മഭാവങ്ങളുടെ ശേഖരണ കേന്ദ്രവും.

അതിന് പേരുകള്‍ ഒരുപാടുണ്ട്. സംസ്‌കൃതപാഠങ്ങളില്‍, സൂക്ഷ്മശരീരം, ലിംഗശരീരം, ഭോഗദേഹം. പടിഞ്ഞാന്‍ തത്വചിന്തകര്‍ അതിനെ astral body, ethereal body, incorporeal body എന്നെല്ലാം വിളിച്ചു. സ്വാമി വിവേകാനന്ദന്‍ അതിനെ fine body എന്നുവിളിച്ചു. ബൈബിള്‍ അതിനെ ആത്മീയ ശരീരം (spiritual body) എന്നുവിളിക്കുന്നു. അതിന്റെ കേവല സ്വഭാവവും പദാര്‍ത്ഥരാഹിത്യവും വച്ച്, ശരീരത്തിനൊപ്പം ഒരു വിശേഷണം ചേര്‍ത്ത് ഓരോരുത്തരും അതിനെ ഓരോന്നു വിളിക്കുന്നു. ‘ശരീരം’ എന്നാല്‍, ഒരു ജീവിതത്തിന് മാത്രമുതകുന്ന ഭൗതികശരീരമാണ്. സൂക്ഷ്മശരീരമാകട്ടെ, അനശ്വരമാകുന്നു-ആത്മാവിനെപ്പോലെ അനശ്വരം. മസ്തിഷ്‌കം, ഹൃദയം, രക്തം എന്നിവ ഭൗതികശരീരത്തിന് എന്താണോ, അതാണ് ബുദ്ധി, മനസ്സ്, കര്‍മഭാവങ്ങള്‍ എന്നിവ, സൂക്ഷ്മശരീരത്തിന്. ഭൗതികശരീരത്തെക്കാള്‍ ഒട്ടും ചെറുതല്ല, അതിന്റെ പ്രാധാന്യം.

ഭഗവദ്ഗീതയില്‍ (15:7,8) സൂക്ഷ്മശരീരത്തെ സംബന്ധിച്ച പരാമര്‍ശവും അതിന്റെ നാനാര്‍ത്ഥങ്ങളും കഴിഞ്ഞ അധ്യായത്തില്‍ ചര്‍ച്ച ചെയ്തു.

ബൈബിളില്‍ സൂക്ഷ്മശരീരത്തെ സംബന്ധിച്ച പരാമര്‍ശം ഇതാണ്:
മരിച്ചവര്‍ എങ്ങനെയാണ് ഉയിര്‍പ്പിക്കപ്പെടുക? എങ്ങനെയുള്ള ശരീരത്തോടെയാണ് അവര്‍ വരിക?

ഭൗതികശരീരമാണ് വിതയ്ക്കപ്പെടുന്നത്, ആത്മീയശരീരമാണ് ഉയിര്‍പ്പിക്കപ്പെടുന്നത്. ഭൗതികശരീരം ഉണ്ടെങ്കില്‍ ആത്മീയശരീരവും ഉണ്ട്.
(1 കോറിന്തോസുകാര്‍ 15:35,44)

‘ആത്മീയ ശരീരം’ എന്നാല്‍, അദൃശ്യമായ സൂക്ഷ്മശരീരം. ‘പ്രകൃതി ശരീരം’, ‘ഭൗതിക ശരീരം’ അഥവാ ‘പദാര്‍ത്ഥ ശരീരം’ ആകുന്നു. (ബൈബിളില്‍ natural body  എന്നാണ്). ‘ഭൗതിക ശരീരമാണ് വിതയ്ക്കപ്പെടുന്നത്’ എന്നുവച്ചാല്‍, ആത്മാവ്, ആ മനുഷ്യനാകാന്‍, ഒരു ഭൗതികശരീരത്തിലോ മറ്റൊരു ജീവനിലോ നടപ്പെടുന്നു എന്നര്‍ത്ഥം. ഒരാത്മാവ് ഒരു ബീജത്തില്‍ നടപ്പെടുമ്പോള്‍, ബീജത്തിന്റെ സൂക്ഷ്മശരീരരൂപം, ആത്മാവിന് പ്രകൃതിശരീരമാവുകയാണ് (ഐതരേയ ഉപനിഷത് 2:1). അപ്പോള്‍ ആ ബീജം, അതിന്റെ വാലാട്ടി ഗര്‍ഭജലത്തില്‍ മുന്നോട്ടുനീങ്ങാനാകുന്ന ഒരു ജീവജാലമാകുന്നു. ബീജം അണ്ഡവുമായി സങ്കലനം ചെയ്ത് മനുഷ്യനോ മറ്റൊരു ജീവിയോ ആകുമ്പോള്‍, ഭൗതികശരീരം, ആത്മാവിന് പ്രകൃതിശരീരമാവുകയാണ്. ബൈബിള്‍ തുടര്‍ന്നു പറയുന്നത്, ആത്മാവിന് ഭൗതിക ശരീരത്തിന് പുറമെ, ആത്മീയ ശരീരമുണ്ടെന്നും അത്, അന്ത്യവിധിനാള്‍, ആത്മീയ ശരീരത്തില്‍ ഉയിര്‍പ്പിക്കപ്പെടും എന്നുമാണ്. ശരീരം ജീര്‍ണിച്ച് ഏറെക്കാലത്തിനുശേഷമാണ് ആത്മാവ് ആത്മീയ ശരീരത്തില്‍ ഉയിര്‍ക്കുന്നത് എന്നര്‍ത്ഥം, ഇടവേളയിലും ആത്മാവ്, ആത്മീയ ശരീരത്തിലായിരുന്നു എന്നാണ്. അപ്പോള്‍, ആത്മീയ ശരീരം അഥവാ സൂക്ഷ്മ ശരീരം, ആത്മാവിന് സ്ഥിരമായ ആവരണമാണ്.

ഇന്ദ്രിയങ്ങളുടെ സഞ്ചിതരൂപമാണ് ശരീരം. സൂക്ഷ്മശരീരവും, പദാര്‍ത്ഥരഹിത ഇന്ദ്രിയങ്ങളുടെ സഞ്ചിതരൂപമാണ്. സൂക്ഷ്മശരീരം അദൃശ്യമായതിനാല്‍, ഇന്ദ്രിയങ്ങളും അദൃശ്യമാണ്. പദാര്‍ത്ഥരഹിതമായ ബുദ്ധി, മനസ്സ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ എന്നിവയാണ് അവ. സ്വപ്‌നാവസ്ഥയിലും ജഡാവസ്ഥയിലും, ഇവ വഴിയാണ് ആത്മാവ് അനുഭൂതികള്‍ അനുഭവിക്കുന്നത്. സൂക്ഷ്മ നേത്രങ്ങളാല്‍ അത് വ്യക്തികളെയും വസ്തുക്കളെയും കാണുന്നു; സൂക്ഷ്മ കാതുകള്‍ വഴി, അത് സംസാരിക്കുകയും മറ്റുശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നു; സൂക്ഷ്മ കാലുകള്‍ വഴി അത് വീടുകളിലും പൂന്തോട്ടങ്ങളിലും നടക്കുന്നു; സൂക്ഷ്മ വദനംവഴി അതു സംസാരിക്കുന്നു. അങ്ങനെ അങ്ങനെ. കാഴ്ചയ്ക്ക് കണ്ണും കേള്‍വിക്ക് കാതും നടത്തയ്ക്ക് കാലും വേണം. സ്വപ്‌നാവസ്ഥയില്‍ കാഴ്ച, കേള്‍വി തുടങ്ങിയ അനുഭൂതികളും നടത്തം, വര്‍ത്തമാനം തുടങ്ങിയ കര്‍മങ്ങളും കൃത്യമായി അനുഭവിക്കുന്നതിനാല്‍, അവ ഭൗതികശരീരത്തിലെ ഇന്ദ്രിയങ്ങള്‍ വഴിയല്ല എന്നതിനാല്‍, ആത്മാവിലെ അദൃശ്യശരീരത്തിലുള്ള ഇന്ദ്രിയങ്ങള്‍ വഴിയാണ് അവ അനുഭവിക്കുന്നതെന്ന് വ്യക്തം. ആ സൂക്ഷ്മശരീരത്തിന്റെ ഏറ്റവും വലിയ സവിശേഷത, നമ്മുടെ ജീവസംവിധാനത്തിലെ ഏറ്റവും വിസ്മയകരമായ കണികകള്‍, മനസ്സും ബുദ്ധിയും, സൂക്ഷ്‌മേന്ദ്രിയങ്ങളെ കൂടാതെ, അതിലുണ്ട് എന്നതാണ്.

ശങ്കരാചാര്യര്‍ (788-82) വിവേകചൂഡാമണിയില്‍ (97-ാം ശ്ലോകം) നിരീക്ഷിക്കുന്നു:

കര്‍മഫലങ്ങള്‍ അനുഭവിക്കുകയും വാസനകള്‍ (കര്‍മഭാവങ്ങള്‍)
അടങ്ങുകയും ചെയ്യുന്ന ലിംഗശരീരം അഥവാ സൂക്ഷ്മശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, പഞ്ചീകരണം (മിശ്രിതങ്ങള്‍) കൊണ്ടല്ല  (അപഞ്ചീകൃത ഭൂതസംഭവം).
പ്രകൃതിയില്‍നിന്ന് അവസാനമുണ്ടായ സൂക്ഷ്മകണികകളുടെ അഞ്ച് ഇനം തന്മാത്രകള്‍, ഇടകലര്‍ന്നാണ് പദാര്‍ത്ഥത്തിന്റെ സ്ഥൂലരൂപങ്ങള്‍ ഉണ്ടായതെന്ന് താമസിയാതെ നാം കാണും (അധ്യായം 14). ഈ അഞ്ചിരട്ടി ഇണചേരലാണ് പഞ്ചീകരണം. സംസ്‌കൃതത്തില്‍ പഞ്ചീകരണം വഴിയുണ്ടാകുന്ന ഏകകങ്ങളാണ് പഞ്ചീകൃതഭൂതങ്ങള്‍. അവയില്‍നിന്ന് ഭിന്നമായി, അവയില്‍പ്പെടാത്ത ഏകകങ്ങളാണ് അപഞ്ചീകൃതഭൂതങ്ങള്‍. പഞ്ചീകരണത്തിന് മുന്‍പുണ്ടായ, ബുദ്ധി, അഹം ബുദ്ധി, മനസ്സ്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍, അഞ്ച് തന്മാത്രകള്‍ എന്നിവയാണ് അവ. അവ പദാര്‍ത്ഥരഹിതങ്ങളാണ്. ഈ പദാര്‍ത്ഥരഹിത ഏകകങ്ങളുടെ സങ്കലനം വഴിയാണ് സൂക്ഷ്മശരീരമുണ്ടായത്. അതിനാല്‍, അത് പദാര്‍ത്ഥരഹിതവും അതുകൊണ്ടുതന്നെ, അദൃശ്യവുമാകുന്നു.

ആത്മാവിന്റെ ആകര്‍ഷണം നിമിത്തമാണ് സൂക്ഷ്മശരീരം ഉണ്ടായതെന്ന്, ഭഗവദ്ഗീത (15:7) വിവരിക്കുന്നു (അധ്യായം 10). ബ്രഹ്മകണങ്ങള്‍ വന്‍തോതില്‍ ഇളകിനടന്നപ്പോള്‍, അവ പ്രകൃതിയില്‍ നിലനിന്ന സൂക്ഷ്മ ഏകക കണങ്ങളെ ആകര്‍ഷിച്ചു. സൂക്ഷ്മകണങ്ങള്‍ ബ്രഹ്മകണങ്ങളെ വലയംചെയ്തപ്പോള്‍, അത് പൂര്‍ണമായ ആവരണമായി. ആ ആവരണമാണ് സൂക്ഷ്മശരീരം. സൂക്ഷ്മശരീരം ആവരണം ചെയ്ത ബ്രഹ്മകണമാണ് ആത്മാവ്. അതിനാല്‍, പ്രാരംഭം മുതല്‍, സൂക്ഷ്മശരീരത്തിന് അതിന്റെ കേന്ദ്രത്തില്‍ ആത്മാവുണ്ട്. ജീവന്‍ അഥവാ ആത്മാവ് വിടപറയുമ്പോള്‍, ഭൗതികശരീരം ജീര്‍ണിക്കുന്നു. ആത്മാവ് അഥവാ ജീവന്‍ സൂക്ഷ്മശരീരത്തില്‍ സ്ഥിരമായതിനാല്‍, സൂക്ഷ്മശരീരവും അനശ്വരമാണ്.

സൂക്ഷ്മശരീരമില്ലാതെ ആത്മാവില്ല (സമഷ്ടിയില്‍ അല്ലാതെ). അതുപോലെ, ആത്മാവ് കേന്ദ്രത്തിലില്ലാതെ സൂക്ഷ്മശരീരവും ഇല്ല. ആത്മാവ് എന്നുപറഞ്ഞാല്‍, ‘സൂക്ഷ്മശരീരത്തോടുകൂടിയ’ എന്നുതന്നെ അറിയണം. അതല്ലെങ്കില്‍, അതിനകത്തെ ബ്രഹ്മകണം എന്ന് പ്രത്യേകം ആ സന്ദര്‍ഭത്തില്‍ പറയണം. ബുദ്ധി, മനസ്സ് എന്നിവ സൂക്ഷ്മശരീരത്തിലായതിനാല്‍, സൂക്ഷ്മശരീരത്തിലെ ആത്മാവും അവയുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. ബ്രഹ്മസൂത്രങ്ങള്‍ (4:2:8) പറയുന്നത്, ആത്മാവ് ബ്രഹ്മനില്‍ ലയിച്ച് സ്വതന്ത്ര ഏകകത്വം വെടിയുന്നതിന്റെ അന്ത്യമുക്തി നിമിഷംവരെ, സൂക്ഷ്മശരീരം നിലനില്‍ക്കുന്നു എന്നാണ്. ആത്മാവ്, അതിന്റെ അസ്തിത്വത്തിലുടനീളം, സൂക്ഷ്മശരീരത്തെയും വഹിക്കുന്നു.

ആത്മാവ്, സൂക്ഷ്മശരീര ആവരണം കൂടാതെ നിലനില്‍ക്കാത്തതിനാലും, ആത്മാവിന്റെ കര്‍മങ്ങളിലും അനുഭവങ്ങളിലും സൂക്ഷ്മശരീര ഇന്ദ്രിയങ്ങള്‍ വലിയ പങ്ക് വഹിക്കുന്നതിനാലും, ആത്മാവിനെ സംബന്ധിച്ച സമഗ്രജ്ഞാനത്തിന്, സൂക്ഷ്മശരീരത്തെയും അതിലെ ഇന്ദ്രിയങ്ങളെയും സംബന്ധിച്ച ജ്ഞാനം കൂടി ഉണ്ടാകണം. നമ്മുടെ അകത്തും നമുക്കുചുറ്റും ഉള്ള പല പ്രതിഭാസങ്ങളെയും അറിയാന്‍ അത് സഹായിക്കും.

No comments:

Post a Comment