ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, October 27, 2020

ജ്ഞാനപ്പാന - വ്യാഖ്യാനം / Jnanappana # 01



ഹരിഃ ശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ


ഓം നമോ ഭഗവതെ വാസുദേവായ


   ഗുരുവായൂരപ്പന്റെ ഒരു ഉത്തമ ഭക്തനായിരുന്നു പൂന്താനം. മലയാളത്തിൽ ജ്ഞാനപ്പാന, സന്താനഗോപാലം പാന എന്നീ കൃതികൾ അദ്ദേഹം രചിച്ചതാണ്.


   ജ്ഞാനപ്പാനയെപ്പറ്റി കേൾക്കാത്ത മലയാളികളുണ്ടാവില്ല തന്നെ! പി.ലീല എന്ന പ്രശസ്ത ഗായികയുടെ ദൈവീകമായ സ്വരത്തിൽ പൂന്താനത്തിന്റെ
ജ്ഞാനപ്പാന കേൾക്കുന്നത് കാതും, മനസ്സും കുളിർപ്പിക്കുന്ന ഒരനുഭവം തന്നെയാണ്!


അത്യന്തം ഗഹനമായ വേദാന്ത തത്ത്വങ്ങൾ ഉൾക്കൊണ്ടിട്ടുള്ളതിനാൽ ജ്ഞാനികൾക്ക് ധാരാളം അർത്ഥ തലങ്ങൾ കണ്ടെത്താനാവുന്നതും, തീർത്തും ലളിതമായ ഭാഷയിലായതിനാൽ  സാധാരണക്കാർക്ക് ലളിതമായി അർത്ഥം മനസ്സിലാക്കാൻ സാധിക്കുന്നതുമായ ഒരു ഉൽകൃഷ്ട കൃതിയാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാന !!



    ഈ ഒരു കൃതിയെ അർത്ഥസഹിതം പരിചയപ്പെടുത്തുക എന്ന ഒരു എളിയ ശ്രമം നടത്താനാണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. പൂന്താനം
എന്ന മഹാവ്യക്തിയെ കുറിച്ച് ഒന്നുരണ്ടു കാര്യങ്ങൾ പറഞ്ഞ ശേഷം നമുക്ക് കൃതിയിലേക്ക് കടക്കാം .


      മലപ്പുറം ജില്ലയിൽ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്തായിട്ടുള്ള ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു പൂന്താനത്തിന്റെ ജനനം. പൂന്താനം എന്നത് അദ്ദേഹത്തിന്റെ ഇല്ലത്തിന്റെ പേരായിരുന്നു. അദ്ദേഹത്തിന്റെ പേര് എന്താണെന്നറിയാത്തതിനാൽ ഇല്ലപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.


  ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന അദ്ദേഹത്തിന്, വിവാഹം കഴിഞ്ഞ് വളരെക്കാലം കഴിഞ്ഞിട്ടായിരുന്നു ഒരു ഉണ്ണി പിറന്നത്.നിർഭാഗ്യവശാൽ ചോറൂണിന്റെ അന്നു തന്നെ ആ ഉണ്ണി മരിച്ചു പോവുകയുമുണ്ടായി. അതോടെ അദ്ദേഹം ഭൗതിക വിഷയങ്ങളിൽ വിരക്തനാവുകയും, ഈശ്വര ചിന്തയിൽ മുഴുകുകയുമുണ്ടായി!


     പൂന്താനത്തിന്റെ ജീവിതത്തിൽ ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ട ചില ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. നമുക്ക് അതൊന്ന് പരിചയപ്പെടാം.


   പൂന്താനം ഗുരുവായൂരിൽ തിങ്കൾ ഭജനത്തിന് പോവുക പതിവായിരുന്നു. അക്കാലത്തൊക്കെ കാട്ടിലൂടെ ബഹുദൂരം നടന്നിട്ട് വേണമല്ലോ ഓരോ സ്ഥലത്തും എത്തിച്ചേരാൻ ! ഒരു നാൾ അദ്ദേഹം ഗുരുവായൂർ ക്ഷേത്രം ലക്ഷ്യമാക്കി അങ്ങിനെ നടന്നു പോകുന്ന സമയത്ത്, നാലഞ്ച് കൊള്ളക്കാർ എത്തി അദ്ദേഹത്തെ ആക്രമിക്കാൻ തുടങ്ങി. അദ്ദേഹം"ഗുരുവായൂരപ്പാ ! ഭഗവാനെ!" എന്ന് ഉച്ചത്തിൽ നിലവിളിച്ചു. പെട്ടന്ന് അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞ ഒരു ശ്ലോകവും ഉച്ചത്തിൽ ചൊല്ലി.


യാ ത്വരാ ദ്രൗപദീത്രാണേ
യാ ത്വരാ ഗജരക്ഷണേ
മയ്യാർത്തേ കരുണാ മൂർത്തേ!
സാ ത്വരാ ക്വ ഗതാ ഹരേ!

അർത്ഥം:
കരുണാനിധിയായ ഹരേ! ദ്രൗപദിയെ രക്ഷിക്കാൻ യാതൊരു തിടുക്കം കാട്ടിയോ ,ഗജേന്ദ്രനെ രക്ഷിക്കാൻ യാതൊരു തിടുക്കം കാട്ടിയോ, ഞാൻ കഷ്ടത്തിലായ അവസരത്തിൽ ആ തിടുക്കം എവിടെ പോയി?"



  പൂന്താനത്തിന്റെ പ്രാർത്ഥന സഫലമാക്കാനെന്നോന്നം,പെട്ടന്ന് ഒരാൾ കുതിരപ്പുറമേറി അവിടെയെത്തിച്ചേർന്നു! അത് മറ്റാരുമായിരുന്നില്ല,സാമൂതിരിയുടെ പടത്തലവനായ മങ്ങാട്ടച്ചൻ ആയിരുന്നു!
അദ്ദേഹം കൊള്ളക്കാരെയെല്ലാം ആക്രമിച്ച് കീഴടക്കി, പൂന്താനത്തെ രക്ഷിക്കുകയും ചെയ്തു !!


തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന്, പ്രതിഫലമായി തന്റെ മോതിരം ഊരി സമ്മാനിച്ചിട്ട് രണ്ടുപേരും പിരിയുകയും ചെയ്തു!



     പിറ്റേദിവസം പൂന്താനം ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തി ഭഗവാനെ തൊഴുതു ! മേൽശാന്തി വന്ന് അദ്ദേഹത്തിന് പ്രസാദം കൊടുത്തു! കൂടെ ഒരു മോതിരവും !! പൂന്താനത്തിന് അത്ഭുതമായി!! ഇതെന്ത് ലീലയാണ് ഭഗവാനെ! ഇത് താൻ ഇന്നലെ മങ്ങാട്ടച്ചന് കൊടുത്ത മോതിരമാണല്ലൊ ! ഇതെങ്ങിനെ മേൽശാന്തിയുടെ കൈയ്യിലെത്തി ??


     പൂന്താനത്തിന്റെ അത്ഭുതഭാവം ദർശിച്ച മേൽശാന്തി പറഞ്ഞു: "ഇന്നലെ എനിക്ക് ഒരു സ്വപ്നദർശനമുണ്ടായി! രാവിലെ വിഗ്രഹത്തിൽ ഒരു മോതിരം കാണുമെന്നും, അത് പൂന്താനം ഇവിടെ തൊഴാനെത്തുമ്പോൾ അദ്ദേഹത്തിന് നൽകണമെന്നും നിർദ്ദേശിക്കുന്നതായിരുന്നു ആ സ്വപ്നം !!


സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു, മങ്ങാട്ടച്ചന്റെ രൂപത്തിൽ എത്തി തന്നെ രക്ഷിച്ചത് എന്ന് പൂന്താനത്തിന് മനസ്സിലാവുകയും ചെയ്തു !!


ഭഗവാന്റെ കരുണാകടാക്ഷം ഓർത്ത് ആ പരമഭക്തൻ ഗുരുവായൂരപ്പന് മുൻപിൽ കണ്ണീരോടെ സാഷ്ടാംഗ പ്രണാമം അർപ്പിച്ചു !!!


ഹരേ!!ഗുരുവായൂരപ്പാ !!
കാരുണ്യവാരിധേ!!


തുടരും ....

ചിന്താമണി വിശ്വനാഥൻ
സദ്ഗമയസത്സംഗവേദി

No comments:

Post a Comment