ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, October 30, 2020

സനാതനം # 67



ഭക്തിയോഗം


ജീവിതത്തിലെ അതിവിശിഷ്ടമായ ഒരു ഭാവമാണ് പ്രേമം. ജീവികളോടോ, വസ്തുക്കളോടോ ഉള്ള ആരാധന, സ്നേഹം, ആകർഷണം ഇവയൊക്കെ പ്രേമമാകാം. പ്രേമം ഈശ്വരോന്മുഖമാകുമ്പോൾ അതിനെ ഭക്തി എന്ന് പറയാം. 'സാ തസ്മിൻ പരമപ്രേമരൂപാ' എന്നാണ് നാരദഭക്തിസൂത്രത്തിൽ ഭക്തിക്ക് നൽകിയിട്ടുള്ള നിർവ്വചനം. അനന്തമായ ഈശ്വരസ്നേഹമാണ് ഭക്തി എന്ന് ഈ സൂത്രം സൂചിപ്പിക്കുന്നു. സ്വാർത്ഥസ്പർശമില്ലാത്തതും, ഫലം പ്രതീക്ഷിക്കാത്തതും, സമർപ്പണവിധേയവുമായ ഈശ്വരോപാസനയാണ്  ശുദ്ധഭക്തിയുടെ അടിസ്ഥാനം.



നമ്മുടെ ഭക്തി കായികതലങ്ങളിലും വാചികതലങ്ങളിലുമായി ഒതുങ്ങിപ്പോകുന്നു. കായികതലം എന്നു പറഞ്ഞാൽ വ്രതാനുഷ്ഠാനങ്ങളും അതുപോലെ പുണ്യസ്ഥലസന്ദർശനം, തീർത്ഥയാത്ര എന്നിവയൊക്കെ ഉൾപ്പെടുന്നു. നാമജപം, സ്തുതികൾ, മന്ത്രങ്ങൾ എന്നിവയൊക്കെയാണ് വാചികതലം. നമ്മുടെ ഓരോ ആവശ്യത്തിനുവേണ്ടി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതല്ല യഥാർത്ഥ ഭക്തി. മോക്ഷം ആഗ്രഹിക്കുന്ന ഭക്തൻ എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയല്ല പ്രാർത്ഥിക്കുന്നത്. മോക്ഷത്തിനു വേണ്ടി മാത്രമാണ്. ഇതിനെയാണ് അനന്യഭക്തി എന്ന പറയുന്നത്.



നാം പ്രപഞ്ചത്തിന്റെ പ്രവർത്തനത്തെ കുറിച്ചും, നമ്മുടെ തന്നെ ആന്തരാവയവങ്ങളുടെ സമന്വയവും, പാരസ്പര്യവും ചേർന്ന പ്രവർത്തനത്തെ കുറിച്ചും ഒന്ന് ചുഴിഞ്ഞ് ചിന്തിച്ചാൽ ഈശ്വരന്റെ മഹത്ത്വത്തെ നമ്മുടെ ബുദ്ധി കൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ. ഋതുക്കൾ മാറി മാറി വരികയും, ഭൂമി സ്വയം സഞ്ചരിക്കുകയും, അത് സൂര്യനെ വലം വെച്ചു കൊണ്ടിരിക്കുകയും ഇങ്ങനെ പുനരാവർത്തി സ്വഭാവത്തോടും, നിയാമകമായും ഈ പ്രപഞ്ചത്തെ മുന്നോട്ട് നയിക്കുന്ന ബോധം എന്താണ്? ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് ജീവന്റെ സാന്നിദ്ധ്യത്തിൽ ശരീരത്തെ ചൈതന്യവത്താക്കി നിർത്തുന്ന ആ മഹാശക്തി എന്താണ്? ആ പരമകാരണത്തോടുള്ള ഇഷ്ടമാണ്, പ്രേമമാണ് ഭക്തി.



തുടരും.......

©സദ്ഗമയ സത്സംഗവേദി

No comments:

Post a Comment