ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

ഒരു കോശം വംശമാകുമ്പോള്‍ - 28

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 28 
ഭ്രൂണത്തിലെ വേഷവും സ്ഥാനവും പുതിയ കോശങ്ങള്‍ എങ്ങനെ തെരഞ്ഞെടുക്കുന്നു എന്നത്, ശാസ്ത്രത്തിന് അജ്ഞാതമാണ്. അചേതന കോശങ്ങള്‍ക്ക്, പരസ്പരധാരണ വഴി, അതീതബോധത്തിന്റെ നിര്‍ദേശമില്ലാതെ, ഇതു സാധിക്കുമോ? കോശങ്ങള്‍ ക്രമമായി വിഭജിച്ച് പരിണമിച്ച് കൂട്ടം ചേര്‍ന്ന് കൃത്യമായ ലയത്തില്‍ ഭ്രൂണത്തിന്റെ വ്യത്യസ്ത ഭാഗങ്ങളാകുന്ന പ്രക്രിയ, സര്‍വവ്യാപിയായ ഒരതീതബോധത്തിന്റെ പ്രചോദനവും നിര്‍ദേശവും കരുതലും വെളിവാക്കുന്നില്ലേ?

അധ്യായം/27 നാലാംഭാഗം

3.6 ഭ്രൂണം

ജസങ്കലനം നടന്ന അണ്ഡം എന്ന ഏകകോശം പെട്ടെന്ന് ഭ്രൂണമാകുന്നു. അണ്ഡത്തിന്റെ പാടയ്ക്കുള്ളില്‍, തുടര്‍ച്ചയായ വിഭജനങ്ങള്‍വഴി കോശം ഇരട്ടിക്കുന്നു. ഒന്ന് രണ്ടാകുന്നു. ഓരോ പാതിയും മൂലകോശത്തിന് സമാനമായി പൂര്‍ണകോശമാകുന്നു. രണ്ട് പിന്നെ നാലാകുന്നു. 15 മണിക്കൂര്‍ ഇടവിട്ട് ഇത് തുടരുന്നു. ജീവകണം (ആത്മാവ്) ഒരു കോശത്തില്‍ നിലനിന്ന് അതിലെ മറ്റെല്ലാ കോശങ്ങള്‍ക്കും ജീവശക്തി പ്രദാനം ചെയ്യുന്നു. കോശങ്ങള്‍ പെരുകുന്തോറും, അണ്ഡം കോശങ്ങളുടെ ഒരു പന്തായി, കോശഗോളം (morule) ആയി മാറുന്നു. ഇത്, അണ്ഡവാഹിനിക്കുഴലിലൂടെ ഉരുളുന്നു. ബീജസങ്കലനത്തിന്റെ ആ നാള്‍ ആകുമ്പോഴേക്കും കോശഗോളത്തില്‍, നൂറിലധികം കോശങ്ങളുണ്ടാകും. ആ സമയത്ത്, അണ്ഡത്തിലെ പോഷകങ്ങള്‍ വളരെ കുറഞ്ഞിരിക്കും. അപ്പോള്‍ നടുവില്‍ ഒരു വായുണ്ടാക്കി, കോശങ്ങളെല്ലാം ഉപരിതലത്തിലേക്ക് ഉയരുന്നു. അപ്പോള്‍ കോശഗോളം ഒരു കോശവലയം (Blastula) ആയിത്തീരുന്നു. (നടുവില്‍ വായുള്ള ഒരു വൃത്താകാര ഏകകോശ പാട) അണ്ഡവാഹനിക്കുഴലിലെ തരംഗങ്ങള്‍ ഉന്തുമ്പോള്‍, കോശവലയം ഗര്‍ഭപാത്രത്തിലെത്താന്‍ വെമ്പുന്നു. ഈ നേരത്ത്, അതിന്റെ ഉള്‍ഭിത്തി, പോഷകങ്ങള്‍ വന്നു വീണ്ടും നിറഞ്ഞിരിക്കും.

കോശവലയം ഗര്‍ഭപാത്രത്തില്‍ സമയത്തിനെത്തിയാല്‍, അത്, ഗര്‍ഭപാത്രത്തിന്റെ വീര്‍ത്ത അരഭിത്തിയില്‍ വീഴും. അതിന്റെ ദ്രവ ആവരണം അപ്പോഴേക്കും വഴുവഴുപ്പുള്ളതായിരിക്കും. കോശവലയത്തിന്റെ പാട, ഗര്‍ഭപാത്രത്തില്‍ ഒട്ടിപ്പിടിച്ചിരിക്കും. അപ്പോള്‍, ഗര്‍ഭപാത്രത്തെ സ്പര്‍ശിക്കുന്ന അതിന്റെ കോശങ്ങള്‍, സൂക്ഷ്മ സ്പര്‍ശിനികള്‍ പുറത്തേക്ക് വിടര്‍ത്തുകയും അവ ഗര്‍ഭപാത്രത്തിനകത്തെ ഉറച്ച, മൃദുലമായ അകഭിത്തി തുരന്ന് അവിടെയുള്ള പോഷകങ്ങള്‍ വലിച്ചെടുത്ത്, അവയെ മറ്റു കോശങ്ങള്‍ക്ക് വിതരണം ചെയ്യാന്‍, കോശവലയത്തിന്റെ വായിലേക്ക് പ്രസരിപ്പിക്കും. എല്ലാ കോശങ്ങളും വളര്‍ന്ന് വിഭജനം വഴി ഇരട്ടിച്ച്, ഉറച്ച പിണ്ഡമായി, കോശവലയത്തിന്റെ വായ നിറച്ച് അതിനെ വികസിപ്പിക്കുന്നു. പന്ത്രണ്ടാം ദിവസമോ അതിനടുത്തോ എത്തുമ്പോള്‍, ആ പിണ്ഡത്തില്‍ 100,000 ത്തിലധികം കോശങ്ങള്‍ ഉണ്ടായിരിക്കും. അപ്പോള്‍, പൊക്കിള്‍ക്കൊടിയും മറുപിള്ളയും ഉണ്ടാക്കാന്‍ സമയമായി (വിഭജനവും ഇരട്ടിക്കലും തുടരും).

ഇതുവരെ, സങ്കലനം ചെയ്ത് അണ്ഡത്തിന്റെ, അഥവാ മൂലകോശത്തിന്റെ പകര്‍പ്പുകളാണുണ്ടായത്; എന്നാല്‍, ഇനി മൃദുലമായ മസ്തിഷ്‌ക കോശങ്ങള്‍, കനത്ത അസ്ഥികോശങ്ങള്‍, ഇലാസ്റ്റിക് പേശി കോശങ്ങള്‍, നാരുപോലുള്ള ഞരമ്പുകോശങ്ങള്‍, സ്രവിക്കുന്ന ഗ്രന്ഥികോശങ്ങള്‍ തുടങ്ങിയ സവിശേഷതകള്‍ക്കു നേരമായി. ജീവശക്തി പ്രസരിപ്പിക്കുന്ന ഒരാത്മാവും ഓരോ ശരീരഭാഗത്തിന്റെയും രൂപകല്‍പന വഹിക്കുന്ന ജീനുകളും ഓരോ കോശത്തിലുമടങ്ങിയതിനാല്‍, കോശവലയത്തിന്, ഈ രൂപാന്തരങ്ങള്‍ക്ക് ശേഷിയുണ്ട്. ഓരോ കോശത്തിലും 46 വിവരക്കെട്ടുകളില്‍ മൊത്തം ശരീരത്തിന്റെ വിശദമായ ഘടനയുള്ളതിനാല്‍, അതിലൊരു കെട്ടഴിച്ച് അതിലൊരു ജീനെടുത്ത് അതിലൊരു ഭാഗത്തെ അനുഗമിച്ച്, ശരീരത്തിലെ ഒരു സവിശേഷഭാഗത്തിന്റെ ഒരു ഘടകമാകാനുള്ള തീരുമാനം ഇനി, ഒരു കോശത്തിനുള്ളതാണ്. അങ്ങനെ, ഒരു ഭ്രൂണമുണ്ടാകാന്‍, കോശവലയത്തിലെ ചില കോശങ്ങള്‍ മസ്തിഷ്‌ക കോശങ്ങളാകുന്നു; ചിലവ ഹൃദയ കോശങ്ങളാകുന്നു, ചിലവ അസ്ഥി കോശങ്ങളാകുന്നു, ചിലവ പേശി കോശങ്ങളാകുന്നു; ക്രമമായി, നിരവധി കുഴികള്‍ക്കും ചാലുകള്‍ക്കും സ്ഥലം വിട്ട്, വടിവുള്ള ഭ്രൂണമാകാന്‍, അവയെല്ലാം വേണ്ട സ്ഥലത്ത് നില്‍ക്കുന്നു.

എത്ര സങ്കീര്‍ണമാണ് ഇത്! എങ്ങനെയാണ് ഒരു കോശം അതിലെ ആയിരക്കണക്കായ ജീനുകളില്‍ നിന്ന് ഒന്നെടുക്കുകയും മറ്റുള്ളവയെ തള്ളുകയും ചെയ്യുന്നത്? ഭ്രൂണത്തിലെ ഒരു ബിന്ദു, രണ്ടസ്ഥികളുടെ സന്ധിയാകാം, ഒരു പേശിയാകാം, ഒരു ഞരമ്പാകാം, ഒരു സിരയാകാം-എല്ലാം ഒന്നില്‍നിന്ന് ഭിന്നമാണ്, എന്നാല്‍ ഭൗതികമായി പരസ്പരം ബന്ധിതമാകണം. ഒരു കോശത്തിന് അതിന്റെ വേഷത്തെപ്പറ്റി തികഞ്ഞ ബോധമുണ്ടാകണം-ഒരസ്ഥി, ഒരു ഞരമ്പ്, ഒരു പേശി, വേറെ എന്തോ. ആ സവിശേഷഭാഗമായി മാറും മുന്‍പ്, ആ കോശം അതറിയണം. അത് ഭ്രൂണത്തിലെ ഏത് ഭാഗമാകുമെന്ന് അത് എങ്ങനെ അറിയുന്നു? ഭ്രൂണത്തിലെ ഒരു ഭാഗത്തും ഒരു കോശം വഴിതെറ്റി എത്തരുത്. ഒരസ്ഥികോശം ഒരു പേശിയുടെയോ ഒരു പേശികോശം ഒരസ്ഥിയുടെയോ ഘടകമാകരുത്. കൈകള്‍ തുല്യനീളമുള്ളതാകണം, പക്ഷേ, വിരലുകള്‍ക്ക് പല നീളമാകണം, അവയ്ക്ക് കൃത്യമായ രൂപവും വലിപ്പവുമുള്ള അസ്ഥികളും സന്ധികളും വേണം.

തുടയുടെ അസ്ഥി നേരെ വേണം; വാരിയെല്ലുകള്‍ അര്‍ധവൃത്തത്തിലാകണം. ഒരവയവത്തിന്റെ സവിശേഷഭാഗത്തിന്, കൃത്യ എണ്ണം കോശങ്ങള്‍ കൂടിച്ചേരണം; കുറയാനോ കൂടാനോ വയ്യ. ബീജത്തില്‍ പുരുഷശരീരത്തിനുള്ള രൂപകല്‍പനയും അണ്ഡത്തില്‍ പെണ്‍ശരീരത്തിനുള്ള രൂപകല്‍പനയുമുണ്ട്; അപ്പോള്‍ സംയോജിത അണ്ഡത്തിലും അതിന്റെ സന്തതി കോശങ്ങളിലും പുരുഷ, സ്ത്രീശരീരങ്ങളുടെ രൂപകല്‍പനകളുണ്ട്. ഭാവി പ്രത്യുല്‍പാദനശേഷി സംരക്ഷിക്കാന്‍, വികസിക്കുന്ന ഭ്രൂണം ഏകലിംഗമായിരിക്കാന്‍ ശ്രദ്ധവേണം. എന്നുവച്ചാല്‍, ഒരു ഭ്രൂണത്തിന്റെ ഒരു ലിംഗത്തിന്റെ രൂപഭാവങ്ങള്‍ മാത്രമേ വികസിക്കാവൂ.

എതിര്‍ലിംഗത്തിന്റെ രൂപഭാവങ്ങള്‍ വികസിക്കാതെ കിടക്കണം (പുരുഷനിലെ മുലകളും സ്ത്രീയിലെ യോനീച്ഛദവും പോലെ). ഒരു കോശം ഒരു വംശമാകുമ്പോള്‍, ഈ വശങ്ങളെല്ലാം ശ്രദ്ധിക്കണം. ഭ്രൂണത്തിലെ വേഷവും സ്ഥാനവും പുതിയ കോശങ്ങള്‍ എങ്ങനെ തെരഞ്ഞെടുക്കുന്നു എന്നത്, ശാസ്ത്രത്തിന് അജ്ഞാതമാണ്. അചേതന കോശങ്ങള്‍ക്ക്, പരസ്പരധാരണ വഴി, അതീതബോധത്തിന്റെ നിര്‍ദേശമില്ലാതെ, ഇതു സാധിക്കുമോ? കോശങ്ങള്‍ ക്രമമായി വിഭജിച്ച് പരിണമിച്ച് കൂട്ടംചേര്‍ന്ന് കൃത്യമായ ലയത്തില്‍ ഭ്രൂണത്തിന്റെ വ്യത്യസ്ത ഭാഗങ്ങളാകുന്ന പ്രക്രിയ, സര്‍വവ്യാപിയായ ഒരതീതബോധത്തിന്റെ പ്രചോദനവും നിര്‍ദേശവും കരുതലും വെളിവാക്കുന്നില്ലേ?

കോശപരിണാമം ലളിതമല്ല. എല്ലാ പട്ടുനൂല്‍ പുഴുക്കളും ഒരിനം ശലഭമായേ പരിണമിക്കുന്നുള്ളൂ; എന്നാല്‍, കോശവലയത്തിലെ ഒരിനം കോശങ്ങള്‍ പലയിനം കോശങ്ങളായാണ് പരിണമിക്കേണ്ടത്-മസ്തിഷ്‌കം, അസ്ഥി, പേശി, ഗ്രന്ഥി കോശങ്ങള്‍ എന്നിങ്ങനെ. ഇവ രൂപത്തിലും വലിപ്പത്തിലും നിറത്തിലും കര്‍മശേഷിയിലും വ്യത്യസ്തമാണ്. അസ്ഥികോശങ്ങള്‍ കട്ടിയുള്ളതും തറയ്ക്കുന്നതുമാണ്. പേശി കോശങ്ങള്‍ മൃദുവും സങ്കോചിക്കുന്നതും ഇലാസ്തികവുമാണ്. ഞരമ്പുകോശങ്ങള്‍ അവയുടെ ശാഖകളും നാരുകളുമായി നീണ്ടതാണ്. അവയില്‍ ചിലവ, കാലറ്റം മുതല്‍ നട്ടെല്ലുവരെയുണ്ട്. റെറ്റിനയുടെ സൂചികോശങ്ങള്‍ ചെറുതും സൂക്ഷ്മവുമാണ്; ഒരു ചതുരശ്ര മില്ലിമീറ്ററില്‍ അത്തരം 1,50,000 കോശങ്ങള്‍ കാണും. കണ്ണിലെ കോല്‍ കോശങ്ങള്‍ പ്രകാശത്തോടും സൂചികോശങ്ങള്‍ നിറങ്ങളോടും ആന്തരകര്‍ണത്തിലെ സ്വനപേടകത്തിലെ രോമകോശങ്ങള്‍ ശബ്ദത്തിനോടും മാത്രം പ്രതികരിക്കുന്നു.

ഞരമ്പുകോശങ്ങള്‍ അനുഭൂതികളും സ്പന്ദനങ്ങളും വിനിമയം ചെയ്യുന്നു; ഗ്രന്ഥികോശങ്ങള്‍ രക്തചാലില്‍ നിന്ന് വൈദ്യുത കണങ്ങള്‍ ആവാഹിച്ച് ഹോര്‍മോണുകള്‍, ദീപനരസങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ ഉല്‍പാദിപ്പിച്ച് രക്തചാലിലേക്ക് സ്രവിക്കുന്നു. അസ്ഥികോശങ്ങള്‍ വെളുപ്പാണ്; പേശികോശങ്ങള്‍ ചുവപ്പോ തവിട്ടോ; ഇന്ദ്രിയ ഞരമ്പുകോശങ്ങള്‍ ചാരം; ചലന ഞരമ്പുകോശങ്ങള്‍ വെള്ള. പ്രത്യേക മേഖലകള്‍ ഒഴിച്ചാല്‍ ത്വക്‌കോശങ്ങള്‍ക്ക് ഒറ്റനിറമായിരിക്കണം. ഗ്രന്ഥികോശങ്ങള്‍ വ്യത്യസ്തങ്ങളാണ്. കോശവലയത്തിലെ ഒരേയിനം കോശങ്ങളാണ് വ്യത്യസ്ത കോശങ്ങളായി മാറി ഭ്രൂണമാകുന്നത്.

എല്ലാം ഭ്രൂണങ്ങളിലും സുന്ദരമായ ശരീരരൂപങ്ങള്‍ക്കായി, ഈ സങ്കീര്‍ണ രൂപാന്തരങ്ങള്‍ കൃത്യമായ ക്രമത്തിലും ലയത്തിലും നടക്കുന്നു. ഒരു ബോധ ഏകകത്തിന്റെ നിര്‍ദേശമില്ലാതെ ഇവ നടക്കുമോ? അങ്ങനെ ഒന്നുണ്ടെങ്കില്‍ അത്, എല്ലാ ഭ്രൂണത്തിലും ശരീരരൂപങ്ങളിലുമുണ്ടാകണം. എല്ലാ ജീവജാലങ്ങളിലും പ്രത്യുല്‍പാദന പ്രക്രിയ ഏതാണ്ട് സമാനമാണ്. ഈ സമാനത, അത് എല്ലാ ജീവജാലത്തിലും നിര്‍ദേശിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഏകകത്തിന്റെ പ്രാപഞ്ചിക സ്വഭാവം വെളിവാക്കുന്നു. ഭ്രൂണങ്ങളില്‍, സര്‍വവ്യാപിയായ സൃഷ്ടികര്‍ത്താവ് പ്രവര്‍ത്തിക്കുന്നുവെന്ന് മഹാനാരായണ ഉപനിഷത് (1:1) പറയുന്നു.

                            3.7 കാഴ്ച


നാം ഒരു വസ്തുവിനെ കാണുന്നതിനെപ്പറ്റി ആലോചിക്കുമ്പോള്‍, കണ്ണുകള്‍ ആ ദിശയിലേക്ക് മാറി അതിന്റെ കൃത്യമായ കാഴ്ച പിടിച്ചെടുക്കുന്നു. അതു തത്സമയം സംഭവിക്കുന്നു. വസ്തുവിന്റെ പ്രതിഫലനം കണ്ണിന്റെ റെറ്റിനയില്‍ കൃത്യമായി കേന്ദ്രീകരിച്ചാലേ, ഇതു നടക്കൂ. കണ്ണില്‍നിന്ന് വസ്തുവിലേക്കുള്ള ദൂരത്തിന് പറ്റിയ വളവ് കണ്ണുകളിലെ ലെന്‍സുകള്‍ക്ക് ഉണ്ടാകണം. ലെന്‍സിന് ചുറ്റുമുള്ള തൊങ്ങല്‍ കോശങ്ങള്‍ ഒരുന്തല്‍ അഥവാ തള്ളല്‍ ഇലാസ്തിക ലെന്‍സിലുണ്ടാക്കിയാണ് അതിന്റെ വളവ്, വക്രത, സന്ദര്‍ഭത്തിനു ചേര്‍ന്നതാക്കുന്നത്. ദൂരത്തും അടുത്തുമുള്ള വസ്തുക്കള്‍ കാണുന്നതിനിടയില്‍, ലെന്‍സിന്റെ വളവ് മാറ്റുന്നത് കൃത്യതയോടെ വേണം.
കണ്ണില്‍നിന്ന് വസ്തുവിന്റെ കൃത്യമായ ദൂരവും ലെന്‍സിന്റെ കൃത്യമായ വളവും, വേണ്ട തള്ളലും അറിയുന്നത് ആര്‍ക്കാണ്? അത് അചേതനമായ തൊങ്ങല്‍ കോശങ്ങള്‍ (രശഹശമൃ്യ ാൗരെഹല)െക്കാണോ? അതോ ഇതെല്ലാം അതിബോധമുള്ള സര്‍വശക്തന്‍ നിര്‍ദ്ദേശിക്കുന്നതാണോ? അങ്ങനെ ഒന്നുണ്ടെങ്കില്‍ അത് സര്‍വവ്യാപിയായിരിക്കണം; എല്ലാ ജീവജാലങ്ങളുടെയും കണ്ണുകള്‍ക്ക് ഒരുപോലെ ഗോചരമായിരിക്കണം; എത്രയോ മുകളില്‍ പറക്കുന്ന പക്ഷിയുടെ ചെറിയ കണ്ണുകള്‍വരെ.

No comments:

Post a Comment