ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, May 28, 2018

പൗര്‍ണ്ണമി വ്രതം

ഓരോ മാസത്തിലേയും പൗർണമി (വെളുത്തവാവ് ) ദിവസം വീട്ടിൽ വിളക്കുതെളിയിച്ചു ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവർദ്ധനവിനും ദാരിദ്ര ദു:ഖനാശത്തിനും കാരണമാകുന്നു. അന്നേദിവസം ഒരിക്കലെടുത്തു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം .

ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ അത്യുത്തമമാണ് പൗർണ്ണമി വ്രതം. പൗർണ്ണമിവ്രതം അനുഷ്ഠിക്കുന്ന വിദ്യാർഥികൾക്ക് വിദ്യയിലുയർച്ച ലഭിക്കും. നാമങ്ങളിൽ ശ്രേഷ്ഠമാണ് വിഷ്ണുനാമം ,ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം, ആയിരം ശിവനാമത്തിനു തുല്യമാണ് ദേവിനാമം .
മാതൃരൂപിണിയാണ് ദേവി .മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപങ്ങളെയും കഴുകിക്കളയുന്നു.
മാതൃ സ്നേഹത്തിന്റെ അളവ് വിവരണാതീതമാണ്.

അതുപോലെ തെളിഞ്ഞ
മനസ്സോടെ ഭഗവതിയെ ധ്യാനിച്ചു പൗർണമി ദിനത്തിൽ ലളിതസഹസ്രനാമം ചെല്ലുന്നത് ദേവീപ്രീതികരമാണ്. ലളിതസഹസ്രനാമം ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനം മാത്രമായും ചൊല്ലാവുന്നതാണ്.

പൗർണ്ണമീവ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക.

കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം . സന്ധ്യക്ക്‌ നിലവിളക്കു കൊളുത്തി ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക. മംഗല്യവതികളായ സ്ത്രീകൾ ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റി പൗർണമി ദിവസം ചൂടുന്നത് ഭർത്തൃസൗഖ്യത്തിനും പുത്രഭാഗ്യത്തിനും ഉത്തമം.

ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ചിങ്ങം മാസത്തിലെ പൗർണമിവ്രതം കുടുംബഐക്യത്തിനും കന്നിയിലെ സമ്പത്ത് വർദ്ധനയ്ക്കും തുലാമാസത്തിലെ വ്രതം വ്യാധിനാശത്തിനും വൃശ്ചികത്തിലെ വ്രതം സത്കീർത്തിയും ധനുമാസത്തിലെ വ്രതം  ആരോഗ്യവർദ്ധനയ്ക്കും

കുംഭമാസത്തിലെ വ്രതം ദുരിതനാശത്തിനും മീനമാസത്തിലെ വ്രതം ശുഭചിന്തകൾ വർദ്ധിക്കുന്നതിനും മേടമാസത്തിലെ വ്രതം ധാന്യവർദ്ധനയും ഇടമാസത്തിലെ വ്രതം വിവാഹതടസം മാറുന്നത്തിനും മിഥുനമാസത്തിലെ വ്രതം പുത്രഭാഗ്യത്തിനും കർക്കിടകമാസത്തിലെ വ്രതം ഐശ്വര്യവർദ്ധനയ്ക്കും. കാരണമാവുന്നു.

ദീർഘ മംഗല്യത്തിനുള്ള മന്ത്രം

ലളിതേ സുഭഗേ ദേവി

സുഖസൗഭാഗ്യദായിനി

അനന്തം ദേഹി സൗഭാഗ്യം

മഹ്യം തുഭ്യം നമോനമ:

ദേവിയെ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം

യാ ദേവി സര്‍വ ഭൂതേഷു

മാതൃരൂപേണ സംസ്ഥിതാ

നമസ്തസ്യൈ നമസ്തസ്യൈ

നമസ്തസ്യൈ നമോ നമ:

ഓം ആയുര്‍ദേഹി ധനംദേഹി

വിദ്യാംദേഹി മഹേശ്വരി

സമസ്തമഖിലം ദേഹി

ദേഹിമേപരമേശ്വരി.

ഭദ്രകാളീ സ്തുതി

കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ

കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ

ലളിതാസഹസ്രനാമ ധ്യാനം

ഓംസിന്ദൂരാരുണവിഗ്രഹാം ത്രിനയനാംമാണിക്യമൗലി സ്ഫുരത്-

താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാം

പാണിഭ്യാമളിപൂർണ്ണരത്നചഷകം രക്തോത്പലം ബിഭ്രതീം

സൗമ്യാം രത്നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം.

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം

ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്മാം വരാംഗീം

സർവ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം

ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം സർവ്വസമ്പത്പ്രദാത്രീം.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം

സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം

അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം

ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

ദേവി സ്തുതി

ഓം സർവ്cവ ചൈതന്യരൂപാംതാം  ആദ്യാം ദേവീ ച ധീമഹി

ബുദ്ധിം യാനഹ: പ്രചോദയാത്

കാർത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ

സംസാര സാഗരേ മഗ്നം  മാമുദ്ധര  കൃപാമയി

ബ്രഹ്മ വിഷ്ണു ശിവാരാധ്യേ  പ്രസീത ജഗദംബികേ

മനോഭിലഷിതം ദേവീ വരം ദേഹി നമോസ്തുതേ


സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ

ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ "

സർവ്വ സ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ

ഭയേഭ്യ. സ്ത്രാഹിനോ ദേവീ ദുർഗ്ഗാ ദേവി നമോസ്തുതേ

ജ്വാലാകരാളമത്യുഗ്രം  അശേഷാസുരസൂധനം

ത്രിശൂലം പാദുനോ ദേവീ  ഭദ്രകാളീ നമോസ്തുതേ

കടപ്പാട്..

Tuesday, May 22, 2018

മരണഭയം മറികടക്കാൻ മഹാ മൃത്യുഞ്ജയ മന്ത്രം



ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്


നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെറിയുന്ന മന്ത്രമാണ് ഇത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം. 



ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ് ഇതിലെ വരികള്‍. ഒരു ദിവസം 108 , 1008  ആവൃത്തിയാണ് ഈ മന്ത്രം ജപിക്കേണ്ടത്. ഇനി അതിനു സാധിച്ചില്ല എങ്കിൽ കുറഞ്ഞത് ഒരാവൃത്തി എങ്കിലും ഈ മന്ത്രം ശുദ്ധിയോടെ ജപിക്കുന്നത് ഗുണം ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു.


മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്.നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു. 


ഈ ജന്‍മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.  ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ  സതിക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ മന്ത്രം കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പറയപ്പെടുന്നു. 

കടപ്പാട് ....

ഗുരുവായൂരപ്പന്റെ യശോദാമ്മ



ഗുരുവായൂരപ്പന്റെ ഭക്ത വാൽസല്യം



സുന്ദരിയും ഭക്തയുമായ ശ്രീദേവി അന്തർജനത്തെ പറവൂരിനടുത്തുള്ള കുരൂർ ഇല്ലത്തേക്ക് വേളി കഴിച്ചു കൊണ്ടുവന്നതാണ്.. അകാല വൈധവ്യം വിധിച്ച ആയമ്മക്ക് മക്കളും ഉണ്ടായിരുന്നില്ല. തന്റെ മാനസ ഗുരുവായ വില്വമംഗലത്തേപ്പോലെ കറ കളഞ്ഞ ഗുരുവായൂരപ്പ ഭക്തി. എല്ലാം മറന്ന് ഭഗവാനെ ഭജിച്ചു തുടങ്ങി.. ഉണ്ണികൃഷ്ണൻ മനസിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ് എന്ന പുന്താന ഈരടികളിൽ സർവ്വവും സമർപ്പിച്ച അമ്മ. സദാ ഗുരുവായൂരപ്പൻ ബാലക രൂപത്തിൽ തന്റെ കൂടെ ഉണ്ടെന്ന മട്ടിൽ വർത്തമാനവും കളി ചിരിയുമായി കാലം കടന്നു പോയി.. 



എന്നും ഏഴര വെളുപ്പിനെഴുന്നേറ്റ് കുളിച്ച് പൂജാമുറിയിൽ കയറി ഉണ്ണികൃഷ്ണനെ പ്രാർത്ഥിച്ചിട്ടേ ജലപാനം പോലുമുള്ളു.. കാലം കുറെ ആയി. പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും അമ്മ നാരായണ പൂജ മുക്കാറില്ല.. പൂജക്ക്  ഒരുക്കാൻ അയൽപക്കത്തെ ആളുകൾ ഒക്കെ സഹായിക്കും. ഒരു ദിവസം സഹായികളെ ആരെയും ഇല്ലത്തേക്ക് കണ്ടില്ല.കുരൂരമ്മ വിഷമിച്ചിരുന്നപ്പോൾ ഒറ്റത്തോർത്ത് ഉടുത്ത നല്ല മുഖശ്രീ ഉള്ള ഒരു  കരുമാടിക്കുട്ടൻ മുന്നിലേക്ക് വന്നു. താൻ അയൽപക്കത്തുള്ള കുട്ടിയാണെന്നും വീട്ടിൽ നിന്ന് അമ്മ പറഞ്ഞയച്ചതാണെന്നും പറഞ്ഞ് കുരുരമ്മയെ സഹായിക്കാൻ വന്നു.. ഉണ്ണി വളരെ നന്നായി പൂജക്ക് ഒരുക്കി കൊടുക്കും. കുറച്ചു ദിവസം കൊണ്ട് കുരൂരമ്മക്ക് ഉണ്ണിയെ കാണാതെ വയ്യന്നായി.. 


മഹാ വികൃതി ആണ് ഉണ്ണി. പൂജക്ക് ഒരുക്കുന്നിതിടയിൽ എന്നെ ആരോ വിളിക്കുന്നു എന്ന് പറഞ്ഞ് ഒറ്റ പോക്കാണ്. രാവിലെ അമ്മ പൂജാ മുറിയിൽ കയറി മണി അടിച്ചാൽ ഉടൻ ഉണ്ണി എത്തുകയും ചെയ്യും. ഈ ഉണ്ണിയെ കുളിപ്പിക്കുന്നതും ഒരുക്കുന്നതുമെല്ലാം അമ്മക്ക് ഒരു പാട് ഇഷ്ടമാണ്.ഒരു ദിവസം കുരൂരമ്മ തൈര് കലക്കിക്കൊണ്ടിരിക്കവേ ഉണ്ണി തൈര്കത്തിൽ കയ്യിട്ട് വെണ്ണ നക്കി തിന്നു.. ദേഷ്യം ഭാവിച്ച അമ്മ ഉണ്ണിയെ പറക്കൊട്ടക്കകത്ത് അടച്ചിടുക പോലുമുണ്ടായി..


അങ്ങിനെ ഇരിക്കെ അവിടെ അടുത്തുള്ള സ്ഥലത്ത് വില്വമംഗലം സ്വാമി എത്തിയിട്ടുണ്ടെന്നറിഞ്ഞ കുരുരമ്മ പിറ്റേ ദിവസത്തെ പൂജക്കും ഭക്ഷണത്തിനുമായി അദ്ദേഹത്തെ ഇല്ലത്തേക്ക് ക്ഷണിച്ചു. അതിരാവിലെ തന്നെ കുരൂരമ്മയും ഉണ്ണിയും കൂടി എല്ലാ തയാറെടുപ്പുകളും നടത്തി.
പക്ഷെ കുരൂരമ്മക്ക് കൊടുത്ത വാക്ക് വില്വമംഗലം മറന്നു പോയി. അദ്ദേഹം വേറൊരു സ്ഥലത്തേക്ക് പൂജക്ക് പോവാൻ തീരുമാനിച്ചു ..



കുരൂരമ്മ സ്വാമിയാർ വരുന്നതും നോക്കി ഇരിപ്പായി. അപ്പോൾ ഉണ്ണി പറഞ്ഞു അമ്മേ സ്വാമിയാർ വരില്ല. നമുക്ക് ഉണ്ടാക്കി വച്ചിരിക്കുന്ന അപ്പവും അടയും ഒക്കെ കഴിക്കാം. എനിക്ക് വിശക്കുന്നുമുണ്ട് എന്ന് പറഞ്ഞ് ഒരപ്പം എടുത്തു കടിച്ചു. പൂജാ ദ്രവ്യം നിർമ്മാല്യമായതിന്റെ വിഷമത്തിൽ അമ്മ ഉണ്ണിയെ കടകോലിന്റെ ചരട് കൊണ്ട് ഉമ്മറത്തെ തൂണിൽ കെട്ടിയിട്ടു.


അതേ സമയം വില്വമംഗലം വേറെ സ്ഥലത്തേക്ക് പൂജക്ക് തയാറായി ഇറങ്ങി. സഹായികൾ ശംഖനാദം മുഴക്കി. ശബ്ദം വരുന്നില്ല.. പലതവണ ശ്രമിച്ചിട്ടും ശംഖനാദം വരുന്നില്ല.. വില്വമംഗലം പരിഭ്രമിച്ചു. ഉണ്ണിക്കണ്ണനെ മനസാ സ്മരിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ ചെവിയിൽ ഭഗവാന്റെ ശബ്ദം കേട്ടു
" എന്റെ അമ്മക്ക് കൊടുത്ത വാക്ക് തെറ്റിച്ചില്ലേ വില്വം മംഗലം" എന്ന്.  അപ്പോൾ അദ്ദേഹത്തിന് കുരുരമ്മക്ക് കൊടുത്ത വാക്ക് ഓർമ്മ വന്നു.നേരെ അങ്ങോട്ടേക്ക് യാത്ര തിരിച്ചു. കുരുർ ഇല്ലത്ത് ചെന്ന അദ്ദേഹം കണ്ടതോ തന്റെ പൊന്നുണ്ണിയായ ഗുരുവായൂരപ്പനെ അതാ കുരൂരമ്മ  തൂണിൽ പിടിച്ചു കെട്ടിയിട്ടിരിക്കുന്നു..  കള്ള പുഞ്ചിരിയോടെ ഭഗവാൻ വില്വമംഗലത്തെ നോക്കി പരിഹസിച്ചു.  സ്വാമിയാർ കുരുരമ്മയുടെ കാൽക്കൽ സ്രാഷ്ടാംഗം വീണ് തൊഴുതു.ഉണ്ണിയുടെ കാൽക്കലും വീണ് തൊഴുതു. അപ്പോഴേക്കും ഉണ്ണിയെ കാണാതായി.  


തന്റെ കൂടെ കുറെ നാളായി സഹായിയായി വന്ന ഉണ്ണി സാക്ഷാത് ഗുരുവായൂരപ്പനായിരുന്നെന്ന്  വില്വമംഗലത്തിൽ നിന്നറിഞ്ഞ ആ സാധു  അധികം താമസിയാതെ ഭഗവദ്പാദം പൂകി..


"ഗുരുവായൂരപ്പ നിൻ മുന്നിൽ
ഞാനുരുകുന്നു കർപ്പൂരമായി
പല പല ജന്മം ഞാൻ നിന്റെ
കളമുരളിയിൽ സംഗീതമായി "


നാരായണ

Monday, May 21, 2018

ലോക ചികിത്സയുടെ ആചാര്യനായ ചരകമഹർഷി




ആയുര്‍വേദത്തിലെ ത്രിദോഷസങ്കല്‍പ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ചരകന്‍. രണ്ടായിരം വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന ആ പ്രതിഭ അന്ന്‌ 'ചരകസംഹിത'യില്‍ കുറിച്ചുവെച്ചത്‌ മിക്കതും ഇന്നും പ്രസക്തമാണ്‌.


ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളില്‍ പ്രധാനിയാണ്‌ ചരകന്‍. സുശ്രുതന്‍, വാഗ്ഭടന്‍ എന്നിവരാണ്‌ മറ്റു രണ്ടുപേര്‍. ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ മുഖ്യമാണ്‌ 'ചരകസംഹിത'. ആയുര്‍വേദ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും 'ചരകസംഹിത'യില്‍ പറയുന്നത്‌ രണ്ട്‌ സഹസ്രാബ്ദം കഴിഞ്ഞ്‌ ഇന്നും പ്രസക്തമാണെന്നു പറയുമ്പോള്‍, ചരകന്റെ പ്രാധാന്യം മനസിലാക്കാം. ദഹനം, ഉപാപചയപ്രവര്‍ത്തനങ്ങള്‍, ശരീരപ്രതിരോധം തുടങ്ങിയവ സംബന്ധിച്ച ആദ്യധാരണകള്‍ രൂപപ്പെടുത്തിയത്‌ ചരകനാണ്‌. വാതം, പിത്തം, കഫം എന്നിങ്ങനെ ആയുര്‍വേദത്തിലെ ത്രിദോഷ സങ്കല്‍പ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്‌. ത്രിദോഷങ്ങള്‍ തമ്മിലുള്ള തുലനാവസ്ഥ താളംതെറ്റുമ്പോഴാണ്‌ രോഗങ്ങളുണ്ടാകുന്നതെന്ന്‌ അദ്ദേഹം വാദിച്ചു. ആയുര്‍വേദം ഇന്നും പിന്തുടരുന്ന ചികിത്സാരീതി ഈ കഴ്ചപ്പാട്‌ ആധാരമാക്കിയുള്ളതാണ്‌.


വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക്‌ ചരകസംഹിത നല്‍കുന്ന ഉപദേശം ഇങ്ങനെയാണ്‌: 'തികച്ചും ആത്മാര്‍ത്ഥമായി രോഗികളുടെ ആരോഗ്യത്തിനായി പ്രവര്‍ത്തിക്കണം. രോഗികളെ വിഷമിപ്പിക്കുകയോ അവരുമായി കലഹിക്കുകയോ അരുത്‌, ജീവിതാവശ്യങ്ങള്‍ക്ക്‌ വേണ്ടിയാണെങ്കില്‍ കൂടിയും. അന്യസ്ത്രീകളെ സ്മരിക്കരുത്‌. രോഗിയുടെ കുടുംബകാര്യങ്ങള്‍ ആരോടും പറയരുത്‌. രോഗിയുടെ വീട്ടില്‍ മുന്‍കൂട്ടി അറിയച്ചശേഷം മാത്രമേ പോകാവൂ. തലകുനിച്ചു നടക്കണം. രോഗി മരിക്കുകയാണെന്നറിഞ്ഞാലും അത്‌ രോഗിയോടോ ബന്ധുക്കളോടോ പറയരുത്‌ '. 149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണം 'ചരകസംഹിത'യിലുണ്ട്‌. 341 സസ്യങ്ങളെപ്പറ്റിയും അവയില്‍ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും 'സംഹിത'യില്‍ വിവരിക്കുന്നു. ജന്തുക്കളില്‍ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ 'സംഹിത'യില്‍ കാണാം.



സംസ്കൃതത്തില്‍ ലഭ്യമായ ആദ്യവൈദ്യശാസ്ത്രഗ്രന്ഥമെന്ന്‌ വിശേഷിപ്പിക്കാവുന്നത്‌ ചരകസംഹിതയാണ്‌. ശാരീരം, വൃത്തി, ഹേതു, വ്യാധി, കര്‍മം, കാര്യം, കാലം, കര്‍ത്താവ്‌, കരണം, വിധി എന്നിങ്ങനെ പത്തായി ചരകസംഹിത പ്രതിപാദ്യ വിഷയങ്ങളെ വേര്‍തിരിക്കുന്നു. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരിരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കല്‍പസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളുള്ള 'ചരകസംഹിത', അറബിയും ഗ്രീക്കുമുള്‍പ്പെടെ ഒട്ടേറെ വിദേശ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. മനുഷ്യശരീരത്തിന്റെ ഘടനയെപ്പറ്റിയും ചരകന്‍ പഠനം നടത്തിയിരുന്നു. 360 അസ്ഥികള്‍ മനുഷ്യശരീരത്തിലുണ്ടെന്ന്‌ അദ്ദേഹം കണക്കു കൂട്ടി. മനുഷ്യ ഹൃദയത്തിന്‌ ഒറ്റ അറയേ ഉള്ളൂ എന്ന്‌ അദ്ദേഹം തെറ്റായി കരുതിയിരുന്നു.


മറ്റുപല പ്രാചീന ഭാരതീയശാസ്ത്രപ്രതിഭകളുടെയും കാര്യത്തിലെന്ന പോലെ, ചരകന്റെയും ജീവിതകാലത്തെക്കുറിച്ച്‌ വ്യത്യസ്താഭിപ്രായമുണ്ട്‌. 'സഞ്ചാരി', 'ചികിത്സകന്‍' എന്നൊക്കെയാണ്‌ 'ചരക'ന്‌ അര്‍ത്ഥം. ഒരു വൈദ്യകുലത്തിന്റെ പൊതുനാമമാണ്‌ ചരകനെന്ന്‌ ചില ചരിത്രപണ്ഡിതന്‍മാര്‍ കരുതുന്നു. 20 നൂറ്റാണ്ട്‌ മുമ്പാണ്‌ ചരകന്‍ ജീവിച്ചിരുന്നതെന്നാണ്‌ പൊതുനിഗമനം. 'യോഗദര്‍ശനം' രൂപപ്പെടുത്തിയ പതഞ്ജലിയും ചരകനും ഒരാളാണെന്നു വാദിക്കുന്നവരുമുണ്ട്‌. എ.ഡി. 100-നടുപ്പിച്ച്‌ കനിഷ്കരാജാവിന്റെ കൊട്ടാരം വൈദ്യനായിരുന്ന ചരകനെപ്പറ്റി ബൗദ്ധഗ്രന്ഥമായ 'ത്രിപിടക'ത്തില്‍ പറയുന്നുണ്ട്‌. നാഷണല്‍ സയന്‍സ്‌ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ കാലഗണനകമ്മറ്റി എത്തിയിട്ടുള്ള നിഗമനം ഇതാണ്‌: കനിഷ്കന്റെ കൊട്ടാരംവൈദ്യന്‍മാര്‍ക്ക്‌ നല്‍കിയിരുന്ന സ്ഥാനപ്പേരാണ്‌ 'ചരകന്‍' എന്നത്‌. കനിഷ്കന്റെ രാജധാനിയില്‍ ബി.സി.രണ്ടാംശതകത്തിനും എ.ഡി.ഒന്നാംശതകത്തിനും മധ്യേ ജീവിച്ചിരുന്ന കൊട്ടാരംവൈദ്യനായ കബിലബലന്‍ രചിച്ചതാണ്‌ 'ചരകസംഹിത'യെന്നാണ്‌ നിഗമനം.


കടപ്പാട്