ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, October 30, 2020

ബ്രഹ്മസൂത്രം ലളിതവ്യാഖ്യാനം ഭാഗം - 4



ഓം സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം
വന്ദേ ഗുരുപരമ്പരാം.




2. ജന്മാദ്യധികരണം
സൂത്രം 2:- ജന്മാദ്യസ്യ യതഃ


അസ്യ = ഇതിന്റെ, ജന്മാദി = ജന്മം മുതലായത്, യതഃ = യാതൊന്നിൽ നിന്നാകുന്നു

ഈ ജഗത്തിനു സൃഷ്ടി സ്ഥിതി സംഹാരങ്ങൾ അതിൽ നിന്നു സംഭവിക്കുന്നുവോ അതാണു ബ്രഹ്മം എന്നു സൂത്രതാല്പര്യം.

ഈയൊരു സൂത്രത്തിലാണ് ഭാഗവതം ആരംഭിക്കുന്നത് തന്നെ. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത് ? ബ്രഹ്മം എന്താണ് എന്നത് നേരെയങ്ങ് പറഞ്ഞാൽ പോരെ പിന്നെ എന്താണ് പ്രശ്നം. മനസ്സിനും ഇന്ദ്രിയങ്ങൾക്കും വിഷയമല്ലാത്ത ഒന്നിനു ഇങ്ങനയെ ലക്ഷണം പറയുവാൻ സാധിക്കൂ. തൈത്തരീയോപനിഷത്തിൽ ബ്രഹ്മലക്ഷണം ഇപ്രകാരമാണ്, "യതോ വാ ഇമാനി ഭൂതാനി ജായന്തേ, യേന ജാതാനി ജീവന്തി യത് പ്രയന്ത്യഭിസംവിശന്തി, തദ് ബ്രഹ്മ, തത് വിജിജ്ഞാസസ്വ ". യാതൊന്നിൽ നിന്ന് ഉണ്ടായി, യാതൊന്നുകൊണ്ട് നിലനിന്ന്, യാതൊന്നിലേക്ക് വിലയിക്കുന്നുവോ അതിനെ ബ്രഹ്മം എന്നറിഞ്ഞാലും.

എന്താണ് ജഗത് ? ഉണ്ടായി, നിലനിന്ന് , ഇല്ലാതെയാകുന്നത്. ഈ വിശ്വത്തിലെ ഏതു വസ്തു എടുത്താലും ഇതാണ് അവസ്ഥ. ഓരോ വസ്തുവും ഒരു നാമത്തോടുകൂടി കുറച്ചു കാലം നിലനിന്ന് ഇല്ലാതാകും. യഥാർത്ഥത്തിൽ ഇല്ലാതാകും എന്നല്ല, മറ്റൊരു രൂപത്തിലേക്ക് മാറുകയും, മറ്റൊരു നാമം സ്വീകരിക്കുകയും ചെയ്യും. ഒരു വസ്തുവും ഇവിടെ ഇല്ലാതാകുന്നില്ല എന്നുമാത്രമല്ല ഒന്നും പുതുതായി ഉണ്ടാകുന്നുമില്ല. ഉള്ളത് എന്നും ഉണ്ട് എന്നത് മാത്രമാണ് സത്യം.

ജഗത് എന്നാൽ സൃഷ്ടി, സ്ഥിതി, ലയം എന്നു പറഞ്ഞുവല്ലോ എന്നാൽ ഇതിന് ഒരു ദേവ സങ്കല്പം കൊടുത്താൽ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നു വരും. അതിനർത്ഥം ത്രിമൂർത്തികൾ ജഗത്തു തന്നെയാണ്. യാസ്ക്കന്റെ അഭിപ്രായ പ്രകാരം വസ്തുവിന് / പദാർത്ഥത്തിന് ആറുതരം വികാരങ്ങളുണ്ട്:- ജന്മം, നിലനിൽപ്, വളർച്ച, രൂപാന്തരപ്പെടൽ, ക്ഷയം, നാശം എന്നിവയാണത്. ഗീതയിൽ ഈ ആറുവികാരങ്ങളും ഇല്ലാത്തതാണ് ആത്മാവ് എന്നു പറഞ്ഞിരിക്കുന്നു (ഗീത : 2 - 20). ഗീത രണ്ടാം അദ്ധ്യായം ശ്ലോകം : 23, 24 ആത്മാവിന്റെ സ്ഥൂലഭാവത്തെ നിഷേധിക്കുന്നുമുണ്ട്. ഇത് അത്യന്തം സൂക്ഷ്മമാണെന്ന് പറയുന്നുമുണ്ട് (ഗീത: 2 - 25). എന്നാൽ യാസ്ക്കൻ പരാമർശിക്കുന്നത് ലോകത്തുള്ള പദാർത്ഥങ്ങൾക്കു കാണപ്പെടുന്ന വികാരങ്ങളെയാണ്. അതുകൊണ്ട് ഇത്തരം സൃഷ്ടി സ്ഥിതി ലയങ്ങൾ ബ്രഹ്മത്തിൽ ഇല്ല എന്നു മനസ്സിലാക്കണം. ഏതൊരു ബ്രഹ്മത്തിൽ നിന്നാണോ ജഗത്തിന്റെ ഉൽപത്തി, അവിടെ തന്നെയാണതിന്റെ സ്ഥിതിയും ലയവും എന്ന് വ്യക്തമായി ഗ്രഹിക്കേണ്ടതാണ്.

തുടരും...

വിഷ്ണു ശ്രീലകം
സദ്ഗമയ സത്സംഗവേദി

No comments:

Post a Comment