സമൂഹത്തിലെ മിക്ക ജനങ്ങള്‍ക്ക് ചെറുപ്പത്തിലെ വായിച്ചതും കേട്ടിട്ടുള്ളതുമായ വിവരങ്ങളില്‍ നിന്നായിരിക്കും ദേവീ-ദേവന്മാരെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത്. ഇങ്ങനെ കിട്ടുന്ന അല്പമായ വിവരം കാരണം ഈശ്വര വിശ്വാസവും അവരില്‍ കുറവായിരിക്കും. ദേവീ-ദേവന്മാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിരുന്നാല്‍ ഭഗവാനില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാവുകയും ഈ വിശ്വാസം പിന്നീട് ദൃഢമാകുകയും ദേവതോപാസനയും സാധനയും നല്ല രീതിയില്‍ നടക്കുകയും ചെയ്യും. അതുകൊണ്ടാണ് ഈ ലേഖനത്തില്‍ ശിവനെക്കുറിച്ചുള്ള വളരെ ഉപയോഗപ്രദമായ അധ്യാത്മശാസ്ത്രീയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശിവന്‍
ശിവന്‍ എന്നാല്‍ മംഗളകരവും കല്യാണസ്വരൂപവുമായ തത്ത്വം. ശിവന്‍ സ്വയം സിദ്ധനും സ്വയം പ്രകാശിയുമാണ്. ശിവന്‍ സ്വയം പ്രകാശിച്ചുകൊണ്ട് ഈ സമ്പൂര്‍ണ വിശ്വത്തെയും പ്രഭാമയമാക്കുന്നു. അതിനാലാണ് ശിവനെ പരബ്രഹ്മം എന്നു വിളിക്കുന്നത്. ശിവന്റെ കൃപ നേടുന്നതിനായി ഭക്തന്മാര്‍ മഹാശിവരാത്രി ദിവസം ഭക്തിഭാവത്തോടെ ശിവനെ ആരാധിക്കുന്നു. എപ്പോഴും നാമജപം ചെയ്തു കൊണ്ടിരിക്കുന്ന ഒരേയൊരു ദേവനാണ് ശിവന്‍. ശിവന്‍ എപ്പോഴും ബന്ധമുദ്രയില്‍ ആസനസ്ഥനായിരിക്കും.
ശിവലിംഗത്തിന് അര്‍ദ്ധപ്രദക്ഷിണം വയ്ക്കുന്നതിന്റെ കാരണമെന്ത് ?
പ്രദക്ഷിണം വയ്ക്കുമ്പോള്‍ ഓവ് മുതല്‍ തുടങ്ങി തന്റെ ഇടതുവശത്തു കൂടി നടന്ന് ഓവിന്റെ മറു വശം വരെ പോകുക. ഇനി ഓവ് മുറിച്ചു കടക്കാതെ തിരിച്ച് പ്രദക്ഷിണം തുടങ്ങിയ സ്ഥലം വരെ വന്ന് പ്രദക്ഷിണം പൂര്‍ണമാക്കുക. ഓവിന്റെ സ്രോതസ്സില്‍ നിന്നും ശക്തി ബഹിര്‍ഗമിക്കുന്നതിനാല്‍ സാധാരണ വ്യക്തി ആ ഓവിനെ വീണ്ടും വീണ്ടും മുറിച്ചു കടന്നാല്‍ അയാള്‍ക്ക് ശക്തിയുടെ ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശിവലിംഗത്തിന് അര്‍ദ്ധപ്രദക്ഷിണം മാത്രം വയ്ക്കുക. സ്വയംഭൂ അഥവാ വീട്ടിലെ ശിവലിംഗത്തിന് ഈ നിയമം ബാധകമല്ല.
ഭസ്മം, രുദ്രാക്ഷം എന്നിവയുടെ ആന്തരാര്‍ഥം
ഭസ്മം : ശരീരം നശ്വരമാണ് എന്ന കാര്യം സദാ സ്മരണയിലിരിക്കണം എന്ന് ഭസ്മം സൂചിപ്പിക്കുന്നു.
രുദ്രാക്ഷം : രുദ്രാക്ഷം ബീജമാണ്, അതൊരിക്കലും നശിക്കുകയില്ല. ആത്മാവും അതേ പോലെയാണ്. രുദ്രാക്ഷം ആത്മാവിന്റെ പ്രതീകമാണ്.
ശിവന് കൂവളയില എന്തിന്, എങ്ങനെ അര്‍പ്പിക്കണം ?
കൂവളത്തിലയില്‍ ശിവതത്ത്വം കൂടുതല്‍ ആകര്‍ഷിക്കാനുള്ള കഴിവുള്ളതിനാല്‍ ശിവന് അത് അര്‍പ്പി ക്കുന്നു. ശിവന് 3 ഇലകള്‍ ഒരുമിച്ചുള്ള കൂവളത്തിലകള്‍ അര്‍പ്പിക്കുമ്പോള്‍ ഇലയുടെ അഗ്രഭാഗം നമ്മുടെ നേരെ വരത്തക്ക രീതിയില്‍ ശിവലിംഗത്തില്‍ കമഴ്ത്തി വയ്ക്കുക. ഇതിലൂടെ ഇലകളില്‍നിന്നും നിര്‍ഗുണ തലത്തിലെ സ്പന്ദനങ്ങള്‍ കൂടുതല്‍ അളവില്‍ പ്രക്ഷേപിക്കപ്പെട്ട് ഭക്തര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നു.
മഹാശിവരാത്രി വ്രതത്തിന്റെ മഹത്ത്വം എന്താണ് ?
ശിവന്‍ രാത്രിയുടെ ഒരു യാമത്തില്‍ വിശ്രമിക്കുന്നു. ഈ യാമത്തിനെയാണ് ‘ മഹാശിവരാത്രി’ എന്നു പറയുന്നത്. ശിവന്റെ വിശ്രമസമയത്ത് ശിവതത്ത്വത്തിന്റെ പ്രവര്‍ത്തനം നില്‍ക്കുന്നു; അതായത് ആ സമയത്ത് ശിവന്‍ ധ്യാനാവസ്ഥയില്‍നിന്നും സമാധി-അവസ്ഥയിലേക്കു പോകുന്നു. ശിവന്റെ സമാധി-അവസ്ഥ എന്നാല്‍ ശിവന്‍ തനിക്കുവേണ്ടി സാധന ചെയ്യുന്ന സമയം. ഈ സമയത്ത്, അന്തരീക്ഷത്തിലെ തമോഗുണം ശിവന്‍ സ്വീകരിക്കാത്തതിനാല്‍ അന്തരീക്ഷത്തില്‍ തമോഗുണവും അതു കാരണം അനിഷ്ട ശക്തികളുടെ ബലവും വളരെയധികം വര്‍ധിക്കുന്നു. അതുകൊണ്ട് അനിഷ്ട ശക്തികളുടെ ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാനായി നാം മഹാശിവരാത്രി വ്രതം അനുഷ്ഠിച്ച് ശിവതത്ത്വം നേടാന്‍ ശ്രമിക്കുന്നു.
വ്രതത്തിന്റെ ഫലം : ‘മഹാശിവരാത്രി വ്രതം’ അനുഷ്ഠിക്കുന്നവരില്‍ എന്റെ കൃപാകടാക്ഷം താഴെ പറയും പ്രകാരമുണ്ടാകും
1. പുരുഷന്മാരുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ണ്ണമാകും,
2. കുമാരികമാര്‍ക്ക് ആഗ്രഹിക്കുന്നതുപോലുള്ള വരനെ കിട്ടും,
3. വിവാഹിത സ്ത്രീകളുടെ സൗഭാഗ്യം നിലനില്‍ക്കും,
എന്നിങ്ങനെ ശിവന്‍ സ്വയം ഭക്തന്മാര്‍ക്ക് വചനം നല്‍കിയിട്ടുണ്ട്.
എന്തുകൊണ്ടാണ് മഹാശിവരാത്രി ദിവസം ശിവന്റെ നാമം ജപിക്കുന്നത് ?
മഹാശിവരാത്രിക്ക് ലോകത്ത് വര്‍ധിക്കുന്ന തമോഗുണത്തില്‍ നിന്നും സംരക്ഷണം നേടുന്നതിനായി ശിവതത്ത്വത്തെ ആകര്‍ഷിച്ചെടുക്കുന്ന ശിവന്റെ നാമം കൂടുതലായി ജപിക്കുവാന്‍ ശ്രമിക്കുക. മഹാശിവരാത്രി ദിവസം ശിവതത്ത്വം മറ്റു ദിവസങ്ങളെക്കാള്‍ 1000 മടങ്ങ് കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നു. അതിന്റെ ഗുണം നേടുന്നതിനായി ‘ഓം നമഃ ശിവായ’ എന്ന നാമം എത്ര അധികം സാധിക്കുന്നുവോ അത്ര അധികം ജപിക്കുക.
ശിവജപം : നമഃ ശിവായ എന്നത് ശിവന്റെ പഞ്ചാക്ഷരീ മന്ത്രമാകുന്നു. ജപത്തിലെ ഓരോ അക്ഷരത്തിന്റെയും അര്‍ഥം ഇപ്രകാരമാണ് :
ന – എല്ലാവരുടേയും ആദിദേവന്‍
മ – പരമജ്ഞാനം നല്‍കുന്നവന്‍, മഹാപാതകങ്ങളെ നശിപ്പിക്കുന്നവന്‍
ശി – മംഗളകാരിയും ശാന്തവും ശിവാനുഗ്രഹം നേടിത്തരുന്നതും
വാ – വൃഷഭവാഹനം, വാസുകി, വാമമംഗി ശക്തി ഇവയുടെ പ്രതീകം
യ – പരമാനന്ദസ്വരൂപനും ശിവന്റെ ശുഭമായ വാസസ്ഥാനവും
അതിനാല്‍ ഈ 5 അക്ഷരങ്ങളെ ഞാന്‍ നമസ്‌കരിക്കുന്നു
No comments:
Post a Comment