കിം ഭദ്രം കിമഭദ്രം വാ ദ്വൈതസ്യാവസ്തുനഃ കിയത്
വാചോദിതം തദനൃതം മനസാ ധയാതമേവ ച (11-28-4)
യോഗധാരണയാ കാംശ്ചിദാസനൈര്‍ദ്ധാരണാന്വിതൈഃ
തപോമന്ത്രൗഷധൈഃ കാംശ്ചി ദുപസര്‍ഗ്ഗാന്‍ വിനിര്‍ദ്ദഹേത് (11-28-39)
കാംശ്ചിന്‍മാനുധ്യാനേന നാമസങ്കീര്‍ത്തനാദിഭിഃ
യോഗേശ്വരാനുവൃത്ത്യാ വാ ഹന്യാദശുഭദാഞ്ഛനൈഃ (11-28-40)
ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
അറിവുളളവന്‍, ഏകത്വം മാത്രമാണ് പരമസത്യം എന്നറിയാവുന്നതുകൊണ്ട് ലോകത്തുളള യാതൊന്നിനേയും പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ഇല്ല. നാനാത്വം എന്നത് ജീവന്റെ സുഷുപ്തിയായ അജ്ഞാനത്തിന്റെ സന്തതിയത്രെ. അതൊരു നീണ്ട സ്വപ്നം. കാര്യങ്ങള്‍ അങ്ങനെയായിരിക്കെ എന്താണ് നന്മ? എന്താണ് തിന്മ? ‘എന്തെല്ലാം വാക്കുകള്‍ കൊണ്ട് വിവരിക്കാമോ, എന്തെല്ലാം മനസ്സില്‍ ആലോചിക്കാമോ, അതെല്ലാം അസത്യമത്രെ.’
ഉദ്ധവര്‍ ചോദിച്ചു:
ഭഗവാനേ, ശരീരമെടുക്കുന്ന സത്ത എന്ത്?
ഭഗവാന്‍ കൃഷ്ണന്‍ അരുളി:
ഉറങ്ങിക്കിടക്കുന്ന ജീവാത്മാവ് ഈ വൈവിധ്യമാര്‍ന്ന ലോകത്തെ സ്വപ്നം കാണുന്നിടത്തോളവും, ഇന്ദ്രിയങ്ങളുമായും ഇന്ദ്രിയവസ്തുക്കളുമായും ഇടപഴകുന്ന കാലത്തോളവും, വിഘ്നങ്ങളെ മനസ്സായും അതിന്റെ മാറ്റങ്ങളായും ബന്ധമുണ്ടാക്കുന്ന കാലത്തോളവും, ഒരു ശരീരത്തില്‍ നിന്നു് മറ്റൊന്നിലേക്ക് മാറിമാറിപോകുന്നതായി അത് സ്വപ്നം തുടര്‍ന്നുകൊണ്ടേയിരിക്കും. ശരീരമായും ഇന്ദ്രിയങ്ങളുമായും ജീവശക്തിയുമായും മനസ്സുമായും താദാത്മ്യം പ്രാപിക്കുന്ന അന്തരാത്മാവിനെ ജീവന്‍ എന്നു പറയുന്നു. അജ്ഞാനാവസ്ഥയില്‍ ഈ ജീവനാണ് ദുഃഖമനുഭവിക്കുന്നതായി തോന്നുന്നത്. വാസ്തവത്തില്‍ ജീവനെ ദുഃഖം ബാധിക്കുന്നില്ല. വിവേകമുദിക്കുമ്പോള്‍ അതിന്റെ വെളിച്ചത്തില്‍ ഒരുവന്‍, തന്റെ ശരീരവും ലോകംതന്നെയും മാറ്റങ്ങള്‍ക്കു വിധേയമാകുന്നതില്‍ ആത്മാവിന് യാതൊരു പങ്കുമില്ലെന്നു മനസ്സിലാക്കുന്നു. അതോടെ ബന്ധമുക്തനായി വ്യാമോഹരഹിതനായി എല്ലാ ആര്‍ത്തികള്‍ക്കും ദുഃഖങ്ങള്‍ക്കും അതീതനായി ലോകത്ത് അലഞ്ഞുതിരിയാന്‍ അയാള്‍ക്കു കഴിയും. ദ്വൈതഭാവത്തിന് നിലനില്‍പ്പില്ല തന്നെ. സൃഷ്ടിക്കുമുന്‍പ് ഞാന്‍ മാത്രമേയുണ്ടായിരുന്നുളളു. സംഹാരത്തിനു ശേഷവും ഞാന്‍ മാത്രം. അതിനാല്‍ എന്തെന്തു രൂപഭാവങ്ങളിലാലോചിച്ചാലും ഞാന്‍ മാത്രമേ ഇപ്പോഴും നിലനില്‍ക്കുന്നുളളു. സ്വര്‍ണ്ണം എപ്പോഴും സ്വര്‍ണ്ണം തന്നെ. ഏതെല്ലാം രൂപങ്ങളിലുളള ആഭരണങ്ങളുടെ രൂപമെടുത്താലും സ്വര്‍ണ്ണം ഒന്നു തന്നെ. അതുകൊണ്ട് ഈ ദ്വൈതഭാവത്തിന്റെ മൂടല്‍മഞ്ഞിനു മുകളിലുയര്‍ന്ന് ആത്മജ്ഞാനപ്രകാശത്തില്‍ മുങ്ങാന്‍ വിവേകബുദ്ധി വളര്‍ത്തിയെടുക്കുക. അതുണ്ടാകുംവരെ വ്യാമോഹത്തിനടിപ്പെട്ട ജീവന്‍ പുതിയ ശരീരങ്ങളെടുത്തുകൊണ്ടേയിരിക്കും. ആത്മസാക്ഷാത്ക്കാരം എന്ന പരിപൂര്‍ണ്ണത എത്തിയാലല്ലാതെ മറ്റൊന്നും മോക്ഷദായകമല്ല. അതുണ്ടാവുംവരെ വൈവിധ്യഭാവസന്തതികളായ കാമവും ആര്‍ത്തിയും വീണ്ടുംവീണ്ടും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ശരിയായി ചികില്‍സിക്കാത്ത അസുഖം പോലെ. ‘പരിപൂര്‍ണ്ണതയിലെത്താന്‍ പരിശ്രമിക്കുന്ന യോഗിക്ക് പാതയില്‍ തടസ്സങ്ങള്‍ നേരിട്ടാല്‍ അവയെ തരണം ചെയ്യണം. ധ്യാനം കൊണ്ട്, അല്ലെങ്കില്‍ യോഗാഭ്യാസങ്ങള്‍ കൊണ്ട്, തപശ്ചര്യകള്‍ കൊണ്ട്, പച്ചമരുന്നുകള്‍ കൊണ്ട്, മന്ത്രജപംകൊണ്ട്, പൂജാദികളും എന്നെക്കുറിച്ചുളള അപദാന കീര്‍ത്തനങ്ങളും കൊണ്ട്, അതുമല്ലെങ്കില്‍ മഹായോഗികളെ ഭക്തിപുരസ്സരം സേവിച്ച്, വിഘ്നങ്ങളെ തരണം ചെയ്യണം.’ യോഗമഭ്യസിക്കുന്നവന്‍ എന്റെ കൃപയാല്‍ വിഘ്നങ്ങളാല്‍ കഷ്ടപ്പെടാനിടവരികയില്ല. അയാള്‍ താമസംവിനാ ഈശ്വരസാക്ഷാത്കാരം പൂകുന്നു.
പരിപൂര്‍ണ്ണതയില്‍ താഴെ – ആത്മസാക്ഷാത്കാരമെന്യേ യാതൊന്നിനും നമ്മെ മോചിപ്പിക്കാനാവില്ല. അതുവരെ ആര്‍ത്തിയും കാമവും വൈവിധ്യബോധത്തിന്റെ സന്തതികളായി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
No comments:
Post a Comment