ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, August 18, 2019

ശ്രീലളിതാത്രിശതീ - 24



ശ്രീലളിതാത്രിശതീ വ്യാഖ്യാനം.



24.  ഏതത്തദിത്യനിർദേശ്യാ


ഏതത് - ഇത്, തത് - അത് എന്നു നിർദേശിക്കാൻ ആകാത്തവൾ. ഇതാ, ഇതാണ് ലളിതാംബിക എന്ന് ദേവിയെ നിർദ്ദേശിക്കാനാവില്ല. അതാ, അതാണ് ലളിതാംബിക എന്ന് ദൂരെ ചൂണ്ടിക്കാണിക്കാനുമാവില്ല. ദേവി അരൂപയാണ്. എല്ലാത്തിനും അപ്പുറത്തുള്ള പരമ ചൈതന്യമാണ്. പരാശക്തിയാണ്. വാക്കുകൾ കൊണ്ട് ആ ചൈതന്യത്തെ നിർദ്ദേശിക്കാൻ സാദ്ധ്യമല്ല. വാക്കുകളെ പ്രകാശിപ്പിക്കുന്നതും  അവയ്ക്ക് വാഗ്രൂപം നൽകുന്നതും ആ ചൈതന്യമാണ്. ചരാചരാത്മകമായ പ്രപഞ്ചത്തിലെ ഓരോ അണുവും അണുസംഘാതമായ ഓരോ വസ്തുവും വസ്തുക്കളുടെ പ്രവർത്തനം കൊണ്ടുണ്ടാകുന്ന ഓരോ പ്രതിഭാസവും ദേവിയാണ്. പക്ഷേ അവയിൽ ഏതെങ്കിലും ഒന്ന് ദേവിയാണ് എന്നു നിർദ്ദേശിച്ചാൽ ആ നിർദ്ദേശം അപൂർണ്ണമായിരിക്കും. 'മനോവാചാമഗോചരാ' എന്നു ലളിതാസഹസ്രനാമം ദേവിയെ സ്തുതിക്കുന്നത് ഇക്കാരണത്താലാണ്.

ലൗകികനായ ഉപാസകന് ഏതു രൂപത്തിലും ദേവിയെ ആരാധിക്കാം. ആ ആരാധന ഉപാസകനെ ദേവിയിലേക്കു നയിക്കും. കാലം കൊണ്ട് സാക്ഷാത്കരിക്കാനും കഴിഞ്ഞേക്കാം. ഇതാണ്, അതാണ് എന്നു നിർദ്ദേശിക്കാൻ സാദ്ധ്യമല്ല.


ഓം ഏതത്തദിത്യനിർദേശ്യായൈ നമഃ



25. ഏകാനന്ദചിദാകൃതി


അത്, ഇത് എന്ന് ഏതെങ്കിലും ഉപാധിയെ ആധാരമാക്കി ലളിതാംബികയെ നിർദ്ദേശിക്കാനാവില്ല എന്ന് മുൻനാമം സൂചിപ്പിച്ചു. അപ്പോൾ പിന്നെ ദേവിയുടെ രൂപം എന്ത്? ഏകമായ ആനന്ദവും ചിത്തും ആണ് ദേവീരൂപം. ദുഃഖ സ്പർശമില്ലാത്ത അഖണ്ഡമായ ആനന്ദം. അതു തന്നെയാണ് പരമജ്ഞാനവും. ഏതൊന്നറിഞ്ഞാൽ അറിയപ്പെടേണ്ടതായി മറ്റൊന്നും അവശേഷിക്കുന്നില്ലയോ ആ ജ്ഞാനം. അവിദ്യയുടെ സ്പർശമില്ലാത്ത ജ്ഞാനം തന്നെയാണ് ആനന്ദം. രണ്ടു പദങ്ങളും കുറിക്കുന്നത് ഒരേ കാര്യമാണ്. രണ്ടായി പറഞ്ഞത് ഉൾക്കൊള്ളാനുള്ള സൗകര്യത്തിനു വേണ്ടി. ആനന്ദവും ജ്ഞാനവും ഏകീഭവിച്ച ആ കൃതിയുള്ളവൾ.


ഓം ഏകാനന്ദചിദാകൃത്യൈ നമഃ


കടപ്പാട്  ശ്രീവത്സം 

No comments:

Post a Comment