ശ്രീലളിതാത്രിശതീ വ്യാഖ്യാനം
29. ഏഷണാരഹിതാദൃതാ
_ഏഷണാരഹിതരാൽ ആദരിക്കപ്പെടുന്നവൾ. എന്തിന്റെയെങ്കിലും നേർക്കുള്ള അഭിലാഷമാണ് ഏഷണ. പുത്രേഷണം, വിത്തേഷണ, ലോകേഷണ എന്ന് ഏഷണകളെ ആചാര്യന്മാർ മൂന്നായി പറയുന്നു. ഭൗതിക വസ്തുക്കളിലും ബന്ധുക്കളിലും പദവിയിലും പ്രശംസയിലും ഒക്കെയുള്ള ആഗ്രഹം മനുഷ്യനെ അനന്തമായ കാമങ്ങളുടെ ചങ്ങലയിൽ ബന്ധിച്ചു അവശനാക്കുന്നു. ഒരാഗ്രഹം സാധിച്ചാൽ അതിൽ നിന്നും ഒരായിരം ആഗ്രഹങ്ങൾ നാമ്പിടുന്നു. ഓരോന്നും സാധിക്കുമ്പോൾ ക്ഷണികമായ തൃപ്തിയും സുഖവും തോന്നുമെങ്കിലും അവ ദുഃഖത്തിലേക്കു നയിക്കുന്നു. ഏഷണയിൽ കുടുങ്ങിപ്പോയ വ്യക്തിക്ക് പരമസത്യത്തെക്കുറിച്ചോ ഈശ്വരനെക്കുറിച്ചോ ചിന്തിക്കാൻ സമയം കിട്ടാറില്ല. കാമക്രോധലോഭമോഹമദമാത്സര്യാദികൾ ഏഷണയുടെ സഹകാരികളാണ്. ഏഷണ ഉപേക്ഷിച്ച നിർമലമായ മനസ്സിൽ ജഗദംബികയുടെ സർവ്വമോഹനമായ രൂപം പ്രകാശിക്കും. ഏഷണാരഹിതന്മാരാൽ ആദരിക്കപ്പെടുന്നവളാണ് ലോകമാതാവ്._
ഓം ഏഷണാരഹിതാദൃതായൈ നമഃ
30. ഏലാസുഗന്ധിചികുരാ
_ഏലത്തിന്റെതുപോലെയുള്ള സുഗന്ധം സ്വാഭാവികമായി പ്രസരിക്കുന്ന തലമുടിയുള്ളവൾ.ദേവിയുടെ സ്ഥൂലരൂപ വർണ്ണനയുടെ ഭാഗമായ നാമം. ഉപാസ്യദേവതയുടെ രൂപം സങ്കല്പിച്ച് ഓരോ അവയവമായി വർണ്ണിച്ചു സ്തുതിക്കുന്നത് ആരാധനയുടെ ഭാഗമാണ്. ഇവിടെ ദേവിയുടെ ചികുരത്തിന്റെ സുഗന്ധം വർണ്ണിക്കുന്നു.
ഓം ഏലാസുഗന്ധിചികുരായൈ നമഃ
_ശ്രീവത്സം കടപ്പാട്
No comments:
Post a Comment