ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, August 25, 2019

ശ്രീലളിതാത്രിശതീ - 31




ശ്രീലളിതാത്രിശതീ വ്യാഖ്യാനം



31. ഏനഃകൂടവിനാശിനീ


_ഏനസ് എന്നതിന് പാപം, ദുരിതം, ആപത്ത്, എന്നൊക്കെ ബന്ധപ്പെട്ട അർത്ഥങ്ങൾ. കൂടം - സമൂഹം, ഏനസ്സുകളുടെ സമൂഹത്തെ നശിപ്പിക്കുന്നവൾ. ദേവിയെ സ്മരിക്കുന്ന നിമിഷത്തിൽ ഏനസ്സുകൾ - അവ പാപങ്ങളായാലും പാപജന്യമായ ദുരിതങ്ങളായാലും സ്വയം നശിക്കും. ആപദി കിം കരണീയം സ്മരണീയം ചരണയുഗളമംബായാഃ ( ആപത്തിൽ എന്താണ് ചെയ്യേണ്ടത്? അമ്മയുടെ തൃപ്പാദങ്ങൾ രണ്ടും സ്മരിക്കണം ) എന്ന് പ്രഥിതമായ സൂക്തമാണല്ലോ.


" _മേരുപർവ്വതമാത്രോ fപി രാശിഃ പാപസ്യ കർമണഃ_
_കാത്യായനീം സമാസാദ്യ നശ്യതി ക്ഷണമാത്രതഃ_
_ദുർഗാർചനരതോ നിത്യം മഹാപാതകസംഭവൈഃ_
_ദോഷൈർന്നലിപ്യതേ വീര പദ്മപത്രമിവാംഭസി_ "



_(മേരു പർവ്വതത്തോളം കുന്നുകൂടിയ പാപങ്ങൾപോലും കാത്യായനീ ദേവിയെ സ്മരിക്കുന്ന നിമിഷത്തിൽ നശിക്കുന്നു. താമരയിലയിൽ ജലം പറ്റാത്തതുപോലെ ദുർഗ്ഗാദേവിയെ അർച്ചിക്കുന്നവനിൽ മഹാപാതക സംഭവങ്ങളായ ദോഷങ്ങൾ പറ്റാതാകുന്നു) എന്ന് പദ്മപുരാണം._
" _കൃതസ്യാഖിലപാപസ്യ ജ്ഞാനതോ f ജ്ഞാനതോപി വാ_
_പ്രായശ്ചിത്തം പരം പ്രോക്തം പരാശക് തേഃ പദസ്മൃതിഃ_ "
_(അറിഞ്ഞോ അറിയാതേയോ ചെയ്തുപോയ എല്ലാ പാപങ്ങൾക്കും സർവ്വശ്രേഷ്ഠമായ പ്രായശ്ചിത്തം പരാശക്തിയുടെ പാദസ്മരണമാണ്  എന്ന് ബ്രഹ്മാണ്ഡപുരാണം. നിഷ്പാപാ, പാപനാശിനീ, പാപാരണ്യദവാനലാ തുടങ്ങി പല നാമങ്ങളാൽ ലളിതാസഹസ്രനാമം ഈ ആശയം ആവിഷ്കരിക്കുന്നു.



ഓം ഏനഃകൂടവിനാശിന്യൈ നമഃ



32.ഏകഭോഗാ


_ഏകനായ കാമേശ്വരനോടു ചേർന്നു ഭോഗം അനുഭവിക്കുന്നവൾ. ശിവനും ശിവയും രണ്ടല്ല. പ്രപഞ്ചോത്പത്തി കാരണമായ ലളിതാംബികതന്നെ ശിവശക് ത്യൈക്യരൂപിണിയായി പ്രപഞ്ചത്തെ അനുഭവിക്കുകയും ചെയ്യുന്നതിനാൽ ഏകഭോഗ എന്നു നാമം. ഭോഗത്തിനു ശരീരമെന്നും അർത്ഥം. പ്രപഞ്ചമാകെ ലളിതാംബികയുടെ ശരീരമാണ്. പ്രപഞ്ചത്തിലുള്ള എല്ലാ ജീവികളും വസ്തുക്കളും ദേവിയുടെ അവയവങ്ങൾ. അങ്ങനെ ഏകശരീരയായി വർത്തിക്കുന്നതിനാലും ഏകഭോഗ._
_ഭോഗശബ്ദത്തിനു സർപ്പശരീരമെന്നും സർപ്പത്തിന്റെ ഫണമെന്നും അർത്ഥമുണ്ട്. മൂന്നരച്ചുറ്റായ സർപ്പത്തിന്റെ ആകൃതിയിൽ മുലാധാരത്തിൽ ഉറങ്ങുകയും അനുകൂല സാഹചര്യത്തിൽ ഉണർന്നുയർന്നു സഹസ്രാരത്തെ പ്രാപിക്കുകയും ചെയ്യുന്ന കുണ്ഡലിനീരൂപത്തിൽ വർത്തിക്കുന്ന ചൈതന്യമെന്ന് ഈ പക്ഷത്തിൽ അർത്ഥം.


_ഭോഗത്തിനു സുഖസാക്ഷാത്കാരം എന്നു സാമാന്യമായ വ്യാവഹാരികാർത്ഥം. ദേവീ ഭക്തന്മാർക്ക് എല്ലാ സുഖങ്ങളും സാക്ഷാത്കരിക്കാൻ കഴിയുമെന്നു വ്യംഗ്യ സൂചന. 'ഭോഗിനീ ' എന്നു ലളിതാസഹസ്രനാമം.


ഓം ഏകഭോഗായൈ നമഃ


_ശ്രീവത്സം കടപ്പാട് 

No comments:

Post a Comment