ശ്രീലളിതാത്രിശതീ വ്യാഖ്യാനം
9.കരുണാമൃതസാഗരാ
കരുണയാകുന്ന അമൃതത്തിനു സമുദ്രമായവൾ. തന്റെ സന്താനങ്ങളായ എല്ലാജീവികളോടും കാരുണ്യമുള്ളവളാണ് ലളിതാംബിക. ദേവിയുടെ കാരുണ്യം അമൃതം പോലെയാണ്. ജരാനരകളും മൃത്യുവും ഒഴിവാക്കുന്ന ദിവ്യൗഷധമാണ് അമൃതം . ദേവിയുടെ കാരുണ്യം എല്ലാ ആപത്തുകളെയും നശിപ്പിക്കുന്നു. ദേവീ കാരുണ്യത്തിന് അളവില്ല. സീമകളുമില്ല. അതിനാൽ സാഗരം എന്ന പ്രയോഗം. പാൽക്കടൽ കടഞ്ഞുകിട്ടിയ സത്താണ് അമൃതം.
കരുണയാകുന്ന അമൃതം നിറഞ്ഞ സമുദ്രമായി ദേവിയെ കല്പിച്ചിരിക്കുന്നു.
ലളിതാസഹസ്രനാമത്തിൽ 'കരുണാരസസാഗരാ' എന്ന നാമം ഈ ആശയം അവതരിപ്പിച്ചിരിക്കുന്നു.
ഓം കരുണാമൃതസാഗരായൈ നമഃ
10. കദംബകാനനാവാസാ
കദംബവൃക്ഷങ്ങൾ നിറഞ്ഞ ഉദ്യാനത്തിൽ വസിക്കുന്നവൾ. കദംബം കല്പകവൃക്ഷമാണെന്ന് ആചാര്യന്മാർ. സന്താനം, ഹരിചന്ദനം, മന്ദാരം, പാരിജാതം, കദംബം (കല്പവൃക്ഷം) എന്ന് ദേവ വൃക്ഷങ്ങൾ അഞ്ച്. ഇവ യഥാക്രമം മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം, ഹൃദയം എന്നിവയെ കുറിക്കുന്നുവെന്ന് ആചാര്യ മതം. ഈ പക്ഷത്തിൽ സദ്വാസനകൾ ഉളവാക്കുന്ന ഭക്തരുടെ ഹൃദയങ്ങളിൽ വസിക്കുന്നവൾ എന്നു വ്യാഖ്യാനം. ദേവിയെ സ്തുതിക്കുന്ന സ്ത്രോത്രങ്ങളിൽ മിക്കതിലും കദംബ വൃക്ഷത്തിനും കാദംബരിക്കും ആചാര്യന്മാർ സ്ഥാനം നല്കിക്കാണുന്നു. കദംബ വൃക്ഷങ്ങളാൽ ചുറ്റപ്പെട്ട ചിന്താമണി ഗൃഹത്തിൽ ദേവി വിരാജിച്ചരുളുന്നതായി സങ്കല്പം.
ഓം കദംബകാനനാവാസായൈ നമഃ
കടപ്പാട് ശ്രീവത്സം
No comments:
Post a Comment