ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, July 3, 2017

ഓം ശരവണ ഭവഃ ഭാഗം :- 2

ഭാഗം :- 2



 വേൽമുരുകാ ഹരഹരോ
                        ഹരഹരാ..... 


കാണുമാറാകണം കാണുമാറാകണം
കാർത്തികേയ നിന്നെ കാണുമാറാകണം 

ശിവ-പാർവ്വതിമാർ സന്തോഷത്തോടെ കൈലാസത്തിൽ വസിച്ചു. എന്നാൽ വളരെ കാലമായിട്ടും ശിവപുത്രൻ അവതരിച്ചില്ല. അതിനാൽ ദേവന്മാർ വീണ്ടും ശിവ-പാർവ്വതിമാരെ കാണാൻ കൈലാസത്തിൽ എത്തി അവരെ സ്തുതിച്ചു. ശിവ-പാർവ്വതി പുത്രനായി സ്കന്ദന് ജന്മം നൽകി ദേവാദികളുടെ ദുഃഖത്തിന് ശമനമുണ്ടാകണമെന്ന് ബ്രഹ്മാവ്  വിഷ്ണു തുടങ്ങിയവർ ശ്രീ പരമേശ്വരനോട് അഭ്യർത്ഥിച്ചു. തുടർന്നു ഭഗവാൻ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങ്ങളിൽ നിന്നും അഞ്ചു ദിവ്യജ്യോതിസ്സുകളും പാർവ്വതീദേവിയുടെ മുഖത്ത് നിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു. ആ ദിവ്യജ്യോതിസ്സുകളെ ശിവനും പാർവ്വതിദേവിയും ചേർന്ന് അഗ്നിദേവനു നൽകി. അഗ്നിദേവൻ ദിവ്യജ്യോതിസിനെ ഗംഗാദേവിക്ക് നൽകുവാൻ യാത്രയായി. വഴിമദ്ധ്യ അഗ്നിദേവന് ഈ ദിവ്യജ്യോതിസിന്റെ താപം താങ്ങാൻ കഴിയാതെ വായുദേവനെ ഏൽപ്പിച്ചു. വായുദേവനും ഏതാനും നാഴിക പിന്നിട്ടപ്പോൾ തളർന്നു. പിന്നെ അഗ്നിദേവന് ഇതു കൈമാറി. അങ്ങനെ അഗ്നിദേവനും വായൂദേവനും ചേർന്ന് ഈ ദിവ്യജ്യോതിയെ ഗംഗയിൽ നിക്ഷേപിക്കുകയും ചെയ്തു. ഗംഗാദേവിക്കും ഈ തേജസ്സിനെ അതികനേരം വഹിക്കുവാൻ കഴിഞ്ഞില്ല. പിന്നീട് ബ്രഹ്മദേവന്റെ നിർദേശപ്രകാരം ഗംഗ ഈ തേജസ്സിനെ ശരവണ പൊയ്കയിൽ എത്തിച്ചു. നാളുകൾ കടന്നു നീങ്ങി. അങ്ങനെ ഒരു നാൾ ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ബാലസൂര്യനു തുല്യമായ ശരീര കാന്തിയോടു കൂടി ഒരു ആൺകുട്ടി പിറന്നു. ആ കുട്ടിയാണ് *ശ്രീ സുബ്രഹ്മണ്യൻ*.


ശരവണത്തിൽ പിറന്ന ആ ദിവ്യ സായുജ്യത്തിൽ എല്ലാവരും ആനന്ദിച്ചു. ആ ദിവ്യാവതാരത്തെ ഒരു നോക്കു കാണാനായി ബ്രഹ്മവിഷ്ണുവും ദേവേന്ദ്രനും ദേവന്മാരും മാമുനിമാരും ശരവണപ്പൊയ്കയുടെ തീരത്തെത്തി. വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരയ ആറു ദേവിമാർ സുബ്രഹ്മണ്യനെ മുല കൊടുത്ത് വളർത്തുവാൻ എത്തി. അവർ ആ ശിശുവിനെ വാരിപ്പുണർന്ന് പാലൂട്ടാൻ വെമ്പൽപൂകി. അവർ പരസ്പരം മത്സരിച്ചു. ഇതുകണ്ട ആ ബാലൻ ആറുപേർക്കും മുന്നിൽ ആറു ബാലനായി തീർന്നു. അങ്ങനെ ശരവണപ്പൊയ്ക  ശ്രീകുമാരന്റെ അത്ഭുത ലീലകൾ കൊണ്ട് പ്രകാശമയമായി. ശ്രീകുമാരനെ ദർശിക്കുവാൻ വന്ന ദേവന്മാർ കുമാരനെ പല നാമങ്ങളും നൽകി.


👉 അതിശ്രേഷ്ഠമായ ബ്രഹ്മത്തില്‍ നിന്ന് ഉത്ഭവിച്ചതിനാൽ *ശ്രീ സുബ്രഹ്മണ്യൻ*

👉 വൈശാഖ മാസത്തിലെ വിശാഖ നക്ഷത്രത്തിൽ ജനിച്ചതിനാൽ *വൈശാഖന്‍‍, വിശാഖദത്തൻ.*

👉 ഉയര്‍ന്ന കാന്തിയോട് കൂടിയവനായി ജനിച്ചതിനാൽ *ശ്രീകുമരൻ*

👉 അഗ്നിയിൽ നിന്നും പിറവിയെടുത്തതിനാൽ  *ബാഹുലേയൻ.*

👉 വായു വഹിച്ചതിനാൽ *വായുവാഹനൻ*

👉 ഗംഗയുടെ മകനായതിനാൽ *ഗംഗേയൻ, കാങ്കേയന്‍*

👉 ശരവണപ്പൊയ്കയിൽ ജനിച്ചതിനാൽ *ശരവണഭവൻ, ശരവണന്‍*

👉 കാർത്തികമാർ പാലൂട്ടി താരാട്ടു പാടിയതിനാൽ *കാർത്തികേയൻ*

👉 കാർത്തികമാർക്ക് പാലൂട്ടാൻ വേണ്ടി ആറുരൂപം കൈകൊണ്ടതിനാൽ *ആറുമുഖൻ, ഷണ്മുഖൻ*

അങ്ങനെ ആറു ശിശുകളായി പിറവിയെടുത്ത ശ്രീകുമാരനും ശ്രീശങ്കരനും രണ്ടല്ല, ഒന്നാണ് എന്ന ഓങ്കാരസത്യം മനസ്സിലാക്കിയ ദേവവാസികൾ *ഹരഹരോ ഹരഹരാ..*യെന്ന് ചൊല്ലി ശ്രീകുമരനെ സ്തുതിച്ചു.


അങ്ങനെ ഒരു നാൾ ശിവശങ്കരനും ശ്രീ പാർവ്വതി ദേവിയും ഋഷവാഹനാരൂഢരായി ശരവണപ്പൊയ്കയിൽ എത്തി. ശ്രീ പാർവ്വതിദേവി മാതൃഹൃദയത്തിന്റെ താരാട്ടു പാട്ടുമായി ശിശുക്കളെ ലാളിക്കാൻ വെമ്പൽ കൊണ്ടു. അങ്ങനെ ലോകജനനി ആറ് കുമാരന്മാരെ ഒന്നായ രൂപമാക്കി മാറ്റി, ആറുമുഖങ്ങളുള്ള ആറുമുഖദേവനായി അനുഗ്രഹിച്ചു. ആറു രൂപത്തെ ഒന്നായി കണ്ട്, ഈ വിശ്വലോകം ഒന്നാണെന്ന സന്ദേശം ലോകത്തിന് അരുൾ ചെയ്തു. അങ്ങനെ ശ്രീകുമാരനെ ലോകമാതാവായ ശ്രീ പാർവ്വതി അനുഗ്രഹിച്ചപ്പോൾ ശ്രീകുമാരൻ ഏകരൂപനായി, *സ്കന്ദദേവനായി* ഭവിച്ചു. ആ ധന്യമുഹൂർത്തത്തിന് എല്ലാ ദേവന്മാരും സാക്ഷ്യംവഹിച്ചു.



👉 ശക്തിയാല്‍ ചേര്‍ക്കപ്പെട്ടതിനാലും ശിവനിൽ നിന്ന് സ്കലിച്ചതിനാലും *സ്കന്ദദേവനൻ* എന്നും പേരുവന്നു.

അങ്ങനെ ശ്രീകുമാരനെയും കൊണ്ട് ശിവ- പാർവ്വതിമാർ കൈലാസത്തിൽ പോയി. ശിവഭഗവാൻ പത്നിയോടും പുത്രനോടും ഒന്നിച്ച് സുവർണ്ണക്ഷേത്രത്തിലെ രത്നസിംഹാസനത്തിൽ ഉപവിഷ്ടനായി. മദ്ധ്യത്തിൽ ശ്രീകുമാരനും, വാമഭാഗത്തായി പാർവ്വതി ദേവിയും ഉപവിഷ്ടയായി. അതുവരെ നിശ്ശബ്ദമായിരുന്ന കൈലാസാദ്രി ശൃഗങ്ങൾ അന്നുമുതൽ അനക്കം വച്ചു തുടങ്ങി. പിന്നീട് ബ്രഹ്മലോകത്തിൽ നിന്ന് യുദ്ധവിദ്യയും, അസ്ത്രവിദ്യയും, സകല ശാസ്ത്രവിദ്യയും ശ്രീകുമാരൻ നേടിയെടുത്തു.


അങ്ങനെ ആ നാൾ വന്നെത്തി. ബ്രഹ്മവിഷ്ണുമഹേശ്വരാദികൾ കുമാരനെയും കൊണ്ട് കുരുക്ഷേത്രത്തിലെ സരസ്വതി തീർത്ഥത്തിൽ പോയി. അവിടെ വച്ച് ത്രിമൂർത്തികൾ ശ്രീകുമാരനെ ദേവന്മാരുടെ സേനാപതിയായി അഭിഷേകം ചെയ്തു.


👉 അങ്ങനെ ദേവന്മാരുടെ സേനാപതിയെ *ദേവസേനാപതി* എന്നു വിളിച്ചു.

ശ്രീ മുരുകൻ അഭിഷേകം ചെയ്യപ്പെട്ടതിനു ശേഷം ദേവകൾ ആ സേനാപതിക്ക് പരാക്രമികളായ സേനകളെ സംഭാവന ചെയ്തു. ഘണ്ടാകർണ്ണൻ, ലോഹിതാക്ഷൻ, കമുദമാലി, സ്ഥാണു, സംക്രമൻ, വിക്രമൻ എന്ന് തുടങ്ങി നൂറ്റിയെട്ട് സേനാനായകന്മാരെ കിട്ടി. ഇതിനു പുറമേ ഗരുഡൻ അതിവേഗത്തിൽ പറക്കുന്ന സ്വപുത്രനായ മയിലിനേയും, അരുണൻ സ്വപുത്രനായ കോഴിയേയും നൽകി. അഗ്നി ശക്തിവേലും, ബൃഹസ്പതി ദണ്ഡും കടില കമണ്ഡലവും വിഷ്ണു മാലയും ശിവൻ പതക്കവും നൽകി.



👉വേല്‍ ആയുധമാക്കിയതിനാൽ *വേലായുധൻ*

👉 മയൂരത്തെ വാഹനം ആക്കിയതിനാൽ *മയൂരവാഹനൻ*

👉 കടമ്പമാല അണിഞ്ഞതിനാൽ *കടമ്പന്‍‍*

സുബ്രഹ്മണ്യനെ സേനാപതിയായി അഭിഷേകം ചെയ്യപ്പെട്ടതോടു കൂടി ദേവന്മാർക്ക് ഒരു ഉണർവ്വുണ്ടായി. അങ്ങനെ വീണ്ടും ദേവാസുരയുധത്തിന് തുടക്കമായി. പോർക്കളത്തിലേക്ക് സർവ്വായുധധാരിയായി ശ്രീ സുബ്രഹ്മണ്യനും എണ്ണിയാൽ ഒടുങ്ങാത്ത ഭൂതഗണങ്ങളും ശിവഗണങ്ങളും നൂറ്റിയെട്ട് സേനാനായകന്മാരും എത്തി. തുടർന്ന് സ്കന്ദൻ ഘോരയുദ്ധം ചെയ്ത് താരകാസുരനെയും സിംഹവക്രതനെയും വധിച്ചു. അതിനു ശേഷം അവരുടെ ജ്യേഷ്ഠനായ ശൂരപദ്മാസുരനുമായി സ്കന്ദൻ അനേക കാലം യുദ്ധം ചെയ്തു. മായാവിയായ ശൂരപദ്മാസുരൻ തന്റെ മായ കൊണ്ട് സ്കന്ദനെ മറച്ചു കളഞ്ഞു. ഇതുകണ്ട ദേവന്മാരും പാർവ്വതീ ദേവിയും വളരെയധികം ദുഃഖിതരായി. അവർ കഠിനമായ വ്രതനിഷ്ഠയോടെ *ഷഷ്ഠിവ്രതം* അനുഷ്ഠിക്കുകയും അതിന്റെ ഫലമായി സ്കന്ദൻ ശൂരപദ്മാസുരന്റെ മായയെ ഇല്ലാതാക്കി അവനെ വധിക്കുകയും ചെയ്തു.  അങ്ങനെ ദേവന്മാരും പാർവതിദേവിയും എടുത്ത ഈ ഷഷ്ഠിവ്രതമാണ് *സ്കന്ദഷഷ്ഠി*യെന്നു പറയുന്നത്.


അസുരന്മാരെ വധിച്ച് ദേവന്മാർക്ക് ദേവലോകം തിരിച്ചുനൽകിയ ശ്രീ സുബ്രഹ്മണ്യൻ കൈലാസത്തിലേക്ക് തിരിച്ചു പോയി.


👉 അങ്ങനെ അസുരന്മാരെ പരാജയപ്പെടുത്തി ജയത്തോടെ തിരിച്ചു വന്നതിനാൽ *വേലൻ*
എന്നും പേരുവന്നു.


ശ്രീ വേലായുധന്റെ മാഹാത്മ്യ കഥകൾ ഇവിടെ അവസാനിക്കുന്നില്ല. ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് ഒരോ മഹാത്മ്യ കഥകളിൽ നിന്നും ഒരോ നാമങ്ങൾ ലഭിച്ചിട്ടുള്ളതായി കാണാൻ സാധിക്കും. അതിന് ഉദാഹരണമാണ് ഗുഹൻ, ആണ്ടവൻ, വള്ളിമണാളൻ, സ്വാമിനാഥൻ തുടങ്ങിയ നാമങ്ങൾ.


  വേൽമുരുക ഹരോഹര
  ശ്രീമുരുക ഹരോഹര
  കാർത്തികേയ ഹരോഹര
  ആദിരൂപ ഹരോഹര

No comments:

Post a Comment