ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, July 8, 2017

ഓം ശരവണ ഭവഃ ഭാഗം:- 7 പഴനി ശ്രീ ദണ്ഡായുധപാണി ക്ഷേത്രം

ഭാഗം:- 7 

പഴനിമല  വാണരുളും  വേലായുധ വേൽ
പഴനിമല കോവിൽ എന്നു കേൾക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ഭക്തിഗാനം ഇതാണ്

പഴനിമലകോവിലിലെ പാൽക്കാവടി
ബാലസുബ്രഹ്മണ്യന്റെ  പീലിക്കാവടി.....


ഈ ഗാനത്തിൽ പറയുന്നത് എത്ര സത്യമാണ്. ദേവനു മുന്നിൽ കാവടിയെടുത്തു തുള്ളിയുറഞ്ഞു വരുന്ന അനേകം ഭക്തരില്ലാത്ത ഒരു ദിവസം പോലും ഇല്ലയെന്നു തന്നെ പറയാം. കാവടിയുടെയും വാദ്യമേളങ്ങളുടെയും ഹരഹരോ ഹരഹരാ.. എന്ന ഭക്തിമയമായ വിളിയിലും നമുക്കും ഒന്നുലയിച്ചു ചേരാം. ഞാൻ ഈ ക്ഷേത്രത്തിൽ ആറ് തവണ ദർശനം നടത്തിയിട്ടുണ്ട്. ഈ പുണ്യഭൂമിയിൽ ദർശനത്തിന് സാധിച്ചുതു തന്നെ വേലായുധന്റെ കൃപകൊണ്ട് തന്നെയാണ്. ഇനി നമുക്ക് ക്ഷേത്രത്തിന്റെ വിവരണത്തിലേക്ക് കടക്കാം.


പഴം നീയെന്ന പഴനി എന്ന നഗരത്തിലുള്ള പഴനി മലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ രണ്ട് മലകൾ ഉണ്ട് ഒന്ന് മുരുകന്റെ മല മറ്റൊന്ന് ഇഡുംബന്റെ (ഹിഡുംബന്റെ) മല. പഴനി മുരുകനെ ദർശിക്കുവാൻ പോകുന്നവർക്ക് ദൂരെ നിന്നു തന്നെ മലയെയും ക്ഷേത്രത്തെയും കാണാൻ സാധിക്കും. ഈ മലയ്ക്ക് താഴെയാണ്, മുരുകന്റെ അറുപടൈവീട് എന്നറിയപ്പെടുന്ന ആറു ഗൃഹങ്ങളില്‍ ഒന്നു സ്ഥിതിചെയ്യുന്നത്. ഇതിന്റെ പേര് തിരുഅവിനാന്‍കുടി എന്നറിയപ്പെടുന്നു. മുരുകദർശനത്തിന് മുമ്പ് മുരുകൻ തിരുഅവിനാൽ കുടിയിൽ വരാനുള്ള കാരണവും പഴനി എന്ന സ്ഥലനാമവും മലയും വരാനുള്ള കാരണത്തെയും ചുണ്ടിക്കാണിക്കുന്ന കഥയിലേക്ക് കടക്കാം.



മുരുകൻ പഴനിയിൽ

നാരദ മഹര്‍ഷി ഒരിക്കല്‍ പരമശിവന്റെ ഇരിപ്പിടമായ ദിവ്യമായ കൈലാസപര്‍വ്വതം സന്ദര്‍ശിക്കുകയുണ്ടായി. ആ അവസരത്തില്‍ നാരദന്‍ അദ്ദേഹത്തിനു ജ്ഞാനപഴം നല്കി. ഇത് വിജ്ഞാനത്തിനു വേണ്ടിയുള്ള അമൃത് ആയി കണക്കാക്കപ്പെടുന്ന ഒരു പഴമാണ്. തന്റെ പുത്രന്മാരായ ഗണപതിക്കും കാര്‍ത്തികേയനും തുല്യമായി നല്കാനായി അദ്ദേഹം അത് മുറിക്കാനായി ഭാവിച്ചപ്പോള്‍, പഴത്തിന്റെ അമൂല്യശക്തി നഷ്ടപ്പെട്ടു പോകുമെന്ന് പറഞ്ഞത് നാരദ മഹര്‍ഷി അത് തടഞ്ഞു. വിഷമഘട്ടത്തിലായ പരമശിവന്‍, പഴം തന്റെ ബുദ്ധിമാനായ മകനു നല്കാനായി ഒരു മത്സരം നിശ്ചയിച്ചു. ഈ ലോകത്തെ മൂന്നു പ്രാവശം വലംവെച്ചു വരുന്നതാരാണോ, അയാള്‍ക്ക് ഈ പഴം സമ്മാനമായി നൽകുമെന്നു പറഞ്ഞു. ഇതു കേട്ടപാടെ സുബ്രഹ്മണ്യന്‍ തന്റെ വാഹനമായ മയിലിന്റെ പുറത്ത് ലോകം ചുറ്റിവരാന്‍ പുറപ്പെട്ടു. എന്നാല്‍ ഗണപതി, തന്റെ മാതാപിതാക്കളായ പരമശിവനേയും, പാര്‍വ്വതിയേയും കവിഞ്ഞ് മറ്റൊരു ലോകമില്ലെന്ന വിശ്വാസത്താല്‍ അവരെ വലംവെക്കാന്‍ തുടങ്ങി. തന്റെ പുത്രന്റെ വിവേകത്തില്‍ സന്തുഷ്ടനായ പരമശിവന്‍ ജ്ഞാന പഴം ഗണപതിക്കു തന്നെ നല്കി. കാര്‍ത്തികേയന്‍ തിരിച്ചുവന്നപ്പോള്‍ തന്റെ പ്രയത്‌നം പാഴായതറിഞ്ഞ് ക്രുദ്ധനായി. ദേഷ്യവും, വിഷമവും കൊണ്ട് വലഞ്ഞ കാര്‍ത്തികേയന്‍ കൈലാസ പര്‍വ്വതത്തില്‍ നിന്നു പോകാന്‍ തീരുമാനിച്ചു. അവിടെന്ന് യാത്ര തിരിച്ച് ദക്ഷിണദേശത്തുള്ള തിരുവാവിനം കുടിയിൽ എത്തി. പുത്രന്റെ അഭാവം കൈലാസത്തിൽ മാതാപിതാക്കളെ ദുഃഖിതരാക്കി. ഒടുവിൽ അദ്ദേഹത്തെ തിരിച്ചു കൈലാസത്തിലേക്കു വിളിക്കാന്‍ വന്ന മാതാപിതാക്കള്‍, കാര്‍ത്തികേയനെ സമാധാനിപ്പിക്കാന്‍ പറഞ്ഞ വാക്കാണ്, പഴം നീ. ഇതില്‍ നിന്നുമാണ് ഈ പ്രദേശത്തിനു പഴം നീ ലോപിച്ച് പഴനി എന്ന് പേരു വീണത്.



മുരുകമലയും ഹിഡുംബമലയും

മഹാമുനിയായ അഗസ്ത്യർ കൈലാസത്തിലെത്തി മഹാദേവനെ പൂജിച്ചു മടങ്ങുമ്പോൾ ഭഗവാന്റെ അനുഗ്രഹത്തോടെ രണ്ടു പർവതങ്ങൾ നേടി. ഹിഡുംബൻ എന്ന അസുരനായ അനുചരന്റെ തോളിൽ ഒരു ദണ്ഡിന്റെ രണ്ടറ്റങ്ങളിലായി മലകൾ എടുത്ത് തന്റെ പർണശാലയിലെത്തിക്കാൻ ചട്ടംകെട്ടിയ ശേഷം അഗസ്ത്യമുനി കൈലാസത്തിൽ നിന്നു മടങ്ങി. പഴനിക്കു സമീപമെത്തിയപ്പോൾ ക്ഷീണം കാരണം ഹിഡുംബൻ വിശ്രമിക്കാനായി ഈ മലകൾ തോളിൽ നിന്നിറക്കി. അവ പിന്നീട് ഉയർത്താൻ ശ്രമിച്ചെങ്കിലും അതിനായില്ല. കാരണം തേടിയ ഹിഡുംബന് മലകളിലൊന്നായ ശിവഗിരിയിൽ തേജ്വസാർന്ന ഒരു ബാലൻ കൗപീനം മാത്രം ധരിച്ച് വടിയും ധരിച്ചു നിൽക്കുന്നതാണ് കാണാനായത്. ഈ ബാലനാകട്ടെ, കൈലാസപർവതനിരയുടെ ഭാഗമായ മല തന്റേതാണെന്ന് ഹിഡുംബനോട് വാദിച്ചു. വാക്കുതർക്കത്തിനു ശേഷമുണ്ടായ യുദ്ധത്തിൽ ഹിഡുംബനെ ബാലൻ വധിച്ചു. ദിവ്യദൃഷ്ടിയിൽ ഇക്കാര്യം അറിഞ്ഞ അഗസ്ത്യമുനിയും ഹിഡുംബന്റെ ഭാര്യയ്ക്കൊപ്പം അവിടെയെത്തി ദിവ്യബാലനായ സുബ്രഹ്മണ്യനെ സ്തുതിച്ച് ക്ഷമ യാചിച്ചു. പ്രീതനായ ദണ്ഡായുധപാണി ഹിഡുംബനെ ജീവൻ നൽകി. പുനർജനിച്ച ഹിഡുംബനാവട്ടെ രണ്ടു വരങ്ങളാണ് ചോദിച്ചത്. ഒന്ന് തന്നെ പഴനിയാണ്ടവന്റെ ദ്വാരപാലകനാക്കണം. രണ്ട് മലകൾ താൻ കൊണ്ടു വന്നപോലെ പൂജാദ്രവ്യങ്ങൾ ക്ഷേത്രത്തിൽ കാവടിയായി കൊണ്ടു വരുന്നവരെ അനുഗ്രഹിക്കണം. ഈ രണ്ടു വരങ്ങളും മുരുകൻ ഹിഡുംബനു നൽകി. കുടെ വേൽമുരുകൻ മറ്റൊരു വരം കൂടി നൽകി "ഇതിലെ ഒരു മല എന്റെ പേരിലും മറ്റേ മല നിന്റെ പേരിലും അറിയപ്പെടും. എന്റെ മലയിൽ വന്ന് എന്നെ ദർശിക്കുന്ന ഭക്തന്മാർ നിന്നെ ദർശനം ചെയ്ത ശേഷമേ എന്നെ ദർശിക്കുവാൻ പാടുള്ളു. അതിനാൽ ഈ മലയുടെ മധ്യഭാഗത്തിൽ എന്റെ വഴികാട്ടിയായി നീ ഇരിക്കണം. മലകയറുന്ന ഭക്തൻ അടിവാരത്തിൽ വന്ന് ഗണപതിയെ വണങ്ങി മധ്യത്തിൽ വന്ന് നിന്നെയും വണങ്ങിയ ശേഷമേ മലമുകളിൽ വസിക്കുന്ന എന്നെ ദർശിക്കുകയുള്ളു.

No comments:

Post a Comment