ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, September 14, 2017

മായയും വ്യാമോഹവും



മായ എന്ന പദം നിങ്ങള്‍ മിക്കവരും കേട്ടിട്ടുണ്ടാകാം. അത്‌ സാധാരണമായി ജാലകം അല്ലെങ്കില്‍ വ്യാമോഹം എന്ന അര്‍ത്ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌. എന്നാല്‍ (അതു ശരിയല്ല) വേദാന്തത്തിന്റെ മൂലസ്തംഭങ്ങളിലൊന്നാണ്‌ മായാവാദം. അത്‌ ശരിയായി മനസ്സിലാക്കിവയ്ക്കേണ്ടതാണ്‌. അതിനെ തെറ്റിദ്ധരിക്കാന്‍ വളരെ എളുപ്പമുള്ളതുകൊണ്ട്‌ അല്‍പ്പം ക്ഷമവേണമെന്ന്‌ ഞാന്‍ ആവശ്യപ്പെട്ടുകൊള്ളുന്നു.


മായ എന്ന പദത്തിന്‌ വൈദികസാഹിത്യത്തിലെ ഏറ്റവും പഴയ പ്രയോഗങ്ങളില്‍ ജാലം എന്ന അര്‍ത്ഥമുണ്ട്‌. എന്നാല്‍ ആ കാലത്ത്‌ (വേദാന്ത മായാവാദം ഉത്ഭവിച്ചിട്ടില്ല ഇന്ദ്രന്‍ മായകള്‍കൊണ്ട്‌ ബഹുരൂപങ്ങള്‍ ധരിച്ചു’ ഇത്യാദി വാക്യങ്ങളില്‍) ആ പദത്തിന്‌ ജാലവിദ്യയെന്നോ മറ്റോ തന്നെ അര്‍ത്ഥം. ഈ അര്‍ത്ഥത്തില്‍ പല പദങ്ങളും വേദത്തില്‍ കാണാം. പിന്നെ കുറേക്കാലത്തേക്ക്‌ ആ പദത്തിന്റെ പ്രയോഗമേ ഇല്ല. എങ്കിലും തല്‍സംബന്ധിയായ ഭാവന വളര്‍ന്നുവന്നു.


എന്തുകൊണ്ട്‌ നമുക്ക്‌ ഈ ജഗത്തിന്റെ രഹസ്യം മനസ്സിലാകുന്നില്ല എന്നൊരു ചോദ്യമുണ്ട്‌. അതിന്‌ സമാധാനം: ‘നാം പാഴ്‌വാക്കുകള്‍ പറയുന്നു; നാം ഇന്ദ്രിയതൃപ്തരാകുന്നു; നാം കാമങ്ങളുടെ പിന്നാലെ പായുന്നു; അതുകൊണ്ട്‌ നാം സത്യവസ്തുവിനെ മൂടല്‍മഞ്ഞുകൊണ്ടെന്നപോലെ മൂടിയിരിക്കുന്നു.’ ഈ സമാധാനം സാരഗര്‍ഭമാണ്‌. ഇതില്‍ മായ എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും, മഞ്ഞുപോലുള്ള ഒരു മൂടലാണ്‌ നമ്മുടെ അജ്ഞാനത്തിന്‌ കാരണമെന്നും, അത്‌ നമുക്കും സത്യത്തിനും മദ്ധ്യേ വന്നുനില്‍ക്കുന്നു എന്നും ഒരാശയമുണ്ട്‌. പിന്നീട്‌ വളരെക്കാലം കഴിഞ്ഞ്‌ ഒരുപനിഷത്തില്‍ മായാപദം വീണ്ടും പ്രത്യക്ഷമാകുന്നു. അപ്പോഴേക്കും അതിന്റെ അര്‍ത്ഥത്തില്‍ വലിയ പരിണാമം വന്നിരിക്കുന്നു. പുതിയ ഭാവനകള്‍ പലതും അതില്‍ ചേര്‍ന്നിരിക്കുന്നു. ഈ കാലത്തിനിടയ്ക്ക്‌ അതിനെ സംബന്ധിച്ച്‌ പല സിദ്ധാന്തങ്ങളും അവതരിപ്പിക്കുകയും ആവര്‍ത്തിക്കുകയും മാറ്റുകയും ചെയ്തിരിക്കണം. ഒടുവില്‍ ആശയം സ്ഥിരപ്പെട്ടു. ‘മായയെ പ്രകൃതിയെന്നും മായിയെ മഹേശ്വരനെന്നും അറിയുക’ എന്ന ശ്വേതാശ്വതരോപനിഷത്തില്‍ കാണുന്നു. എന്നാല്‍ ശ്രീശങ്കരാചാര്യരുടെ കാലംവരെ ദാര്‍ശനികന്മാരുടെ ഇടയില്‍ ഈ പദത്തിന്‌ പിന്നെയും അര്‍ത്ഥപരിണാമം വന്നു.


-സ്വാമി വിവേകാനന്ദന്‍


No comments:

Post a Comment