ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, September 26, 2017

സുദാമാവും ശ്രീകൃഷ്ണനും



'മാറത്തെ വിയര്‍പ്പു വെള്ളം കൊണ്ട് നാറും സതീര്‍ഥ്യനെ മാറത്തുണ്മയോട് ചേര്‍ത്തു ഗാഢം പുണര്‍ന്നു' 


ദരിദ്രനായ സുദാമാവും ( കുചേലനും)യാദവകുലത്തിന്റെ എല്ലാമെല്ലാമായ  കൃഷ്ണനും തമ്മില്‍ നല്ല കൂട്ടായിരുന്നു. സാന്ദീപനി മഹര്‍ഷിയുടെ ഗുരുകുലത്തില്‍ രാജാവിന്റെ മകനും ദരിദ്രനും ഒക്കെ ഒരു പോലെ തന്നെ. ഒരുപോലെ ഉറക്കം ഒരുപോലെ ഭക്ഷണം ഒരുപോലെ ജോലികള്‍. അവരങ്ങനെ കളിച്ചും ചിരിച്ചും പഠിച്ചും ഗുരുകുലത്തിങ്ങനെ കഴിഞ്ഞു. വിദ്യാഭ്യാസം കഴിഞ്ഞതോടെ കൃഷ്ണന്‍  ദ്വാരകയിലേക്കു പോയതോടെ കൂട്ടുകാര്‍ക്കു തമ്മില്‍ കാണാന്‍ സാധിക്കാതെയായി.
അങ്ങനെ കാലമേറെ കഴിഞ്ഞു. കൃഷ്ണന്‍ രാജാവായില്ലെങ്കിലും രാജകാര്യങ്ങളും കുടുംബകാര്യങ്ങളും ഒക്കെ നോക്കി കഴിയാന്‍ തുടങ്ങി.
എന്നാല്‍ കുചേലനോ? കൂടുതല്‍ കൂടുതല്‍ ദരിദ്രനായി. അങ്ങനെയിരിക്കെ കുട്ടികളുടെ വിശപ്പും പട്ടിണിയും കണ്ടു സഹിക്കാനാകാതെ കുചേല പത്നി സുശീല ഭര്‍ത്താവിനോട് കൃഷ്ണനെപ്പോയി കാണുവാന്‍ ആവശ്യപ്പെട്ടതും മടിച്ചു മടിച്ചാണെങ്കിലും കുചേലന് വഴങ്ങേണ്ടി വന്നതും വെറും കയ്യോടെ പോകാന്‍ വൈയ്യാത്തതിനാല്‍ അവില് കൊണ്ട് പോയതും കുചേലന്റെ തലവെട്ടം ദൂരെക്കണ്ട കൃഷ്ണന്‍ മട്ടുപ്പാവില്‍ നിന്നോടിയ ആ ഓട്ടവും കൃഷ്ണന്റെ വരവ് കണ്ടു അമ്പരന്നു നിന്ന കുചേലന് ലഭിച്ച സ്വീകരണവും തട്ടിപ്പറിച്ചെടുത്ത അവിൽ വാരിവാരിത്തിന്നതും രുക്മിണി 'മതിയെന്റെ കൃഷ്ണ' എന്ന് പറഞ്ഞതും ഭക്ഷണ പുണ്യം പങ്കു വെച്ചു.


പറയാനുള്ളത് ആ സൗഹൃദത്തെ കുറിച്ചാണ്.രണ്ടു വ്യക്തികളെക്കുറിച്ചാണ്. പുണ്യം പങ്കു വെക്കാനിടയാക്കിയ ഒരു ശുദ്ധമനസ്സിന്റെ സമര്‍പ്പണമായ ആ അന്നമാഹാത്മ്യത്തെ കുറിച്ചാണ് .


കൃഷ്ണനും കുചേലനും തമ്മില്‍  ഒരുപാട് അന്തരമുണ്ടായിരുന്നു.. ഒരുമിച്ചു കളിച്ചവരെങ്കിലും ഇത്രകണ്ട് സൗഹൃദം കാണിക്കണ്ട കാര്യമൊക്കെ കൃഷ്ണനുണ്ടായിരുന്നോ എന്ന് ഇക്കാലത്തു ന്യായമായും ചിന്തിച്ചു പോവും പലരും. എന്നാലത് കൃഷ്ണനായിരുന്നുവല്ലോ. സൗഹൃദങ്ങള്‍ക്ക് ഏറെ വില നല്‍കിയിരുന്ന കൃഷ്ണന്‍.


" മാറത്തെ വിയര്‍പ്പു വെള്ളം കൊണ്ട് നാറും സതീര്‍ഥ്യനെ
മാറത്തുണ്മയോട് ചേര്‍ത്തു ഗാഢം പുണര്‍ന്നു "


എന്ന രാമപുരത്തു വാര്യരുടെ വരികള്‍ മാത്രം മതി ആ സൗഹൃദത്തിന്റെ വ്യാപ്തി അളക്കാന്‍. കൂടാതെ കുചേലന്റെ ദൈന്യാവസ്ഥ കണ്ടപ്പോള്‍ മാത്രമാണത്രെ ധീരനായ ആ ചെന്താമരക്കണ്ണന്‍ കരഞ്ഞു പോയത് എന്നും വാര്യര്‍ പറഞ്ഞു വെക്കുന്നുണ്ട്.


ഒന്നോര്‍ത്തു നോക്കുക. സമ്ബന്നതയുടെ മടിത്തട്ടില്‍ സര്‍വ സുഖസൗകര്യങ്ങളില്‍ ജീവിക്കുന്ന ഒരു വ്യക്തി. ചെറുപ്പകാലത്തെ തന്റെ കൂട്ടുകാരനെ കണ്ടപ്പോള്‍ കാണിച്ച സ്നേഹത്തിന്റെ തീവ്രത !!
കെട്ടിപ്പിടിക്കുന്നു, സ്വയം കാലുകഴുകിക്കുന്നു , തുടയ്ക്കുന്നു, സപ്രമഞ്ചത്തിലിരുത്തുന്നു , വീശുന്നു, വെള്ളം കൊടുക്കുന്നു അങ്ങനെ എന്തൊക്കെ . കുചേലന്റെ കാര്യം പോട്ടെ , അരികില്‍ നിന്ന രുക്മിണി പോലും ഇതൊക്കെ കണ്ടു ആകെ പരിഭ്രമിച്ചവശായിപ്പോയി പോലും.. " കഴിഞ്ഞതൊക്കെ പെട്ടന്നങ്ങു മറക്കുന്നവന്‍" എന്ന് കൃഷ്ണനെക്കുറിച്ചു ആരോപണമുന്നയിക്കുവര്‍ ഇക്കഥ പാടെയങ്ങു മറക്കാറാ പൊതുവെയുള്ള പതിവ്.


ഇനിയാ അവിലിനെക്കുറിച്ചു. പണ്ട്, ഗുരുകുലത്തില്‍ , കൊടും കാട്ടില്‍, പെരും മഴയത്തു ഒരിക്കല്‍ വഴി തെറ്റിയലഞ്ഞപ്പോഴും കൃഷ്ണന്റെ വിശപ്പ് ശമിപ്പിച്ചത് കുചേലന്റെ പൊതിയിലെ ഭക്ഷണമായിരുന്നു പോലും.. അന്നും കുചേലന്‍ ആ ദാരിദ്രപ്പൊതി കൊടുക്കാന്‍ മടിച്ചിരുന്നു.
ഒടുവില്‍ കള്ളകൃഷ്ണന്‍ വിശന്നവശനായി അഭിനയിച്ചപ്പോഴാണ് നിവൃത്തിയില്ലാതെ കുചേലന്‍ ആ പൊതിക്കെട്ടഴിച്ചത്. അങ്ങനെ രണ്ടു തവണയായി കുചേലന്‍ കൃഷ്ണന് അന്നദാനം നടത്തി.കുചേലന്റെ കല്ലും മണ്ണും നിറഞ്ഞ അവില് കണ്ട ശൗരി കാണിച്ച കൊതിക്കളികള്‍ വാര്യര് വര്‍ണ്ണിക്കുന്നുണ്ട്. ഭക്ഷണത്തെ , ബഹുമാനിക്കണമെന്ന വലിയ പാഠം കുട്ടികള്‍ക്കൊതികൊടുക്കുവാന്‍ ഇക്കഥ ഉപകരിക്കില്ലേ?
ഇനി കുചേലനെക്കുറിച്ചു. ബ്രാഹ്മണരുടെ ജോലി ധനസമ്ബാദനം മാത്രമായിരുന്നു എന്ന് പഴി പറഞ്ഞു നടക്കുന്നവര്‍ ഈ ദരിദ്രനായ ബ്രാഹ്മണന്റെ കാര്യവും സൗകര്യപൂര്‍വം അങ്ങ് മറന്നു കളയാറാ പതിവ്. കീറിയവസ്ത്രം ധരിച്ച്‌ ധരിച്ചു , സ്വന്തം പേര് പോലും വിസ്മൃതിയിലാണ്ടപ്പോഴും പുണ്യഗ്രന്ഥവും, ഓലക്കുടയും രുദ്രാക്ഷവുംഅല്ലാതെ മറ്റൊരു സമ്ബാദ്യവും ഇല്ലാതിരുന്നപ്പോഴും പരിപൂര്‍ണ്ണനായി അദ്ദേഹം സന്തുഷ്ടനായിരുന്നു.


ഒരിക്കല്‍ പോലും ഒരാളെയും പഴി പറഞ്ഞിട്ടില്ല .കുട്ടികളുടെ കരച്ചില്‍ കേട്ട് സഹിക്കാനാകാതെയാണ് സഹായത്തിനായി പോകാം എന്ന് തീരുമാനിച്ചത്. എത്തിയപ്പോള്‍ ലഭിച്ച സ്വീകരണം ഏറെ അമ്ബരപ്പിച്ചുവെങ്കിലും ഒരു ചെറു സഹായം പോലും ചോദിക്കാനാകാതെ മടങ്ങേണ്ടി വന്നു.


ജ്ഞാനികള്‍ക്ക് അങ്ങനെയാണ് പോലും.ആവശ്യങ്ങളൊന്നും ചോദിച്ചു വാങ്ങാന്‍ സാധിക്കില്ലത്രേ


ഓം നമോ വാസുദേവായ നമഃ

No comments:

Post a Comment