ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, September 22, 2017

ശ്രീകൃഷ്ണന്‍ വിപ്രപത്നികള്‍ക്ക് അനുഗ്രഹം നല്‍കുന്നു – ഭാഗവതം (241)



ശ്രീകൃഷ്ണന്‍ വിപ്രപത്നികള്‍ക്ക് അനുഗ്രഹം നല്‍കുന്നു – ഭാഗവതം (241)
ധിഗ്ജന്‍മ നസ്ത്രിവൃദ്വിദ്യാം ധിഗ്‌വ്രതം ധിഗ്ബഹുജ്ഞതാം
ധിക് കുലം ധിക്ക്രിയാദാക്ഷ്യം വിമുഖാ യേ ത്വധോക്ഷജേ (10-23-39)


നൂനം ഭഗവതോ മായാ യോഗിനാമപി മോഹിനീ
യദ്വയം ഗുരവോ നൃണാം സ്വാര്‍ത്ഥേ മുഹ്യാമഹേ ദ്വിജാഃ (10-23-40)


അഹോ വയം ധന്യതമാ യേഷാം നസ്താദൃശീഃ സ്ത്രിയഃ
ഭക്ത്യാ യാസാം മതിര്‍ജ്ജാതാ അസ്മാകം നിശ്ചലാ ഹ‍രൗ (10-23-49)



ശുകമുനി തുടര്‍ന്നു:


ഭഗവാന്‍ കൃഷ്ണന്‍ ആ മഹതികളെ സ്വാഗതം ചെയ്തു: “ഞാന്‍ നിങ്ങളുടെയെല്ലാം ആത്മാവുതന്നെയായതുകൊണ്ട്‌ നിങ്ങള്‍ ഇത്ര ഭക്തിയുളളവരായതില്‍ അത്ഭുതമൊന്നുമില്ല. മാത്രമല്ല, ഇവിടെ വരുന്നുതുകൊണ്ടുണ്ടായേക്കാവുന്ന ഭവിഷ്യത്തുക്കളെപ്പറ്റി നിങ്ങള്‍ വ്യാകുലരുമല്ല. ഇനി നിങ്ങള്‍ സ്വന്തം വീടുകളിലേക്കു‌ തിരിച്ചുപൊയ്ക്കൊളളൂ. ഭര്‍ത്താക്കന്മാര്‍ നിങ്ങളെ കാത്തിരിക്കുന്നു. യാഗകര്‍മ്മം പൂര്‍ത്തിയാക്കണമല്ലോ.” എന്നാല്‍ സ്ത്രീകള്‍ കൃഷ്ണനോടു പറഞ്ഞു:


“ശാസ്ത്രപ്രകാരം അവിടുത്തെ പാദാരവിന്ദങ്ങളെ പ്രാപിച്ചവര്‍ക്ക്‌ പ്രാപഞ്ചികമായ ജീവിതത്തിലേക്ക്‌ തിരിച്ചു പോകേണ്ടതില്ല. ഞങ്ങള്‍ക്ക്‌ മാതാപിതാക്കളോടോ ഭര്‍ത്താക്കന്മാരോടോ കുട്ടികളോടോ ഒന്നും ഇപ്പോള്‍ യാതൊരു മമതയുമില്ല. എന്നാല്‍ അവിടുത്തെ പാദങ്ങളെ സ്പര്‍ശിച്ച തുളസീദളങ്ങളോട്‌ ഞങ്ങള്‍ക്ക്‌ എത്ര പ്രിയമാണെന്നോ? മാത്രമല്ല അനുവാദമില്ലാതെ ഇങ്ങോട്ടുവന്നതുകൊണ്ട്‌ ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ഞങ്ങളെ നിരസിക്കുകയും ചെയ്യും. കൃഷ്ണനാകട്ടെ അവരുടെ ഭര്‍ത്താക്കന്മാര്‍ അവരെ സ്വീകരിക്കുമെന്നുറപ്പു നല്‍കി. മാത്രമല്ല അവര്‍ക്ക്‌ സ്ത്രീകളോട്‌ നീരസം തോന്നുകയുമില്ല എന്നും കൃഷ്ണന്‍ പറഞ്ഞു. ഭൗതികമായ അടുപ്പമോ സാമീപ്യമോ ഈ ലോകത്തില്‍ ഭക്തി വളര്‍ത്തുകയില്ല തന്നെ. ഏറ്റവും പ്രധാനപ്പെട്ട കാര്യം മനസ്സിനെ എന്നിലുറപ്പിച്ചു നിര്‍ത്തുക എന്നതാണ്‌. കൃഷ്ണനും കൂട്ടുകാരും ഭക്ഷണം കഴിക്കാനിരുന്നു. സ്ത്രീകള്‍ മടങ്ങിപ്പോയി.
ബ്രാഹ്മണര്‍ യാഗം പൂര്‍ത്തിയാക്കി. ബ്രാഹ്മണസ്ത്രീകളിലൊരാള്‍ ഭര്‍ത്താവിന്റെ അനുവാദമില്ലാത്തതിനാല്‍ കൃഷ്ണനെ കാണാന്‍ പോയിരുന്നില്ല. എന്നാല്‍ അവര്‍ കൃഷ്ണനില്‍ തീവ്രഭക്തയായി സമാധിയടഞ്ഞ് ശരീരമുപേക്ഷിച്ചു.


ഇതെല്ലാം കണ്ട്‌ ബ്രാഹ്മണര്‍ സ്വയം ശപിച്ചു. ഞങ്ങളുടെ ജന്മവും ശാസ്ത്രപ്രകാരമുളള വ്രതങ്ങളും ജ്ഞാനസമ്പാദനവും കുലമഹിമയും യാഗം നടത്തുന്നതിലുളള കാര്യക്ഷമതയുമെല്ലാം നിന്ദാത്മകവും പൊങ്ങച്ചവുമത്രെ. കാരണം ഇവയെല്ലാംകൊണ്ട്‌ ഞങ്ങള്‍ ഭഗവാനില്‍ നിന്നകന്നുപോയിരിക്കുന്നു. ഭഗവാന്റെ മായാശക്തി അപാരം തന്നെ. യോഗിവര്യരെപ്പോലും മോഹിപ്പിക്കാന്‍ അതിനു കഴിയും. ജനങ്ങളുടെ ഗുരുവെന്ന് സ്വയം അഭിനയിക്കുന്നുവര്‍ സ്വാര്‍ത്ഥമോഹികളത്രെ. എന്നാല്‍ ഈ സ്ത്രീകള്‍ ശാസ്ത്രാഭ്യാസമൊന്നും ഇല്ലാത്തവരാണ്‌. തപഃശ്ചര്യകളിലേര്‍പ്പെട്ട്‌ യാഗവിധികള്‍ പഠിച്ച നമ്മളേക്കാള്‍ അവരുടെയുള്ളില്‍ ഭഗവാനിലുളള അചഞ്ചലഭക്തി കൂടുതലത്രെ. തീര്‍ച്ചയായും ഇങ്ങനെയുളള സ്ത്രീകളെ നമുക്ക്‌ സഹധര്‍മ്മചാരികളായി ലഭിച്ചതുകൊണ്ട്‌ അവരിലൂടെ നമുക്കും ഭക്തിയുളവാകും. മൂന്നു ലോകത്തിന്റെയും അധിപനും വിശ്വസംരക്ഷകയായ ലക്ഷ്മിയുടെ പതിയുമായ ഭഗവാന് നമ്മുടെ കയ്യില്‍നിന്നും ഭക്ഷണം യാചിക്കേണ്ട ആവശ്യമൊന്നുമില്ല. അദ്ദേഹം വിശപ്പഭിനയിച്ച്‌ നമ്മുടെ ആത്മീയതയെ ഉണര്‍ത്തിയിരിക്കുന്നു. എന്നിട്ടും നമ്മളാ അവസരം വൃഥാവിലാക്കി. ഭഗവാന്‍ നമുക്ക്‌ മാപ്പേകട്ടെ.



അവര്‍ക്ക്‌ രാമകൃഷ്ണന്‍മാരെ കാണണമെന്നുണ്ടായിരുന്നുവെങ്കിലും ഭയം മൂലം അവരതിനു തുനിഞ്ഞില്ല. കംസനോടുളള ഭയമായിരുന്നു കാരണം. രാജാവായ കംസന്‌ ഈ സഹോദരന്മാരോടുളള വിദ്വേഷം അവര്‍ക്കറിയാമായിരുന്നു.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

No comments:

Post a Comment