ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, September 29, 2017

പാശുപതം , ഭഗവാൻ ശിവന്റെ അസ്ത്രം




ഉപമന്യു മഹർഷിയുടെ വാക്കുകൾ ഇങ്ങനെയാണ് . ശിവന് പിനാകം എന്ന് പേരോടുകൂടിയ ഒരു ചാപമുണ്ട് . ഇതാകട്ടെ മഴവില്ലുപോലെ ശോഭയുള്ളതും ഏഴു തലകൾ ഉള്ളതുമായ ഒരു മഹാസർപ്പമാണ് . ഉഗ്രമായ ദംഷ്ട്രകളോട് കൂടിയ ഈ ഏഴു തലകളിൽ നിന്നും സദാസമയവും കൊടും വിഷം വമിക്കുന്നുണ്ട് . ഈ മഹാചാപത്തിന്റെ ഞാണായ വാസുകീസർപ്പത്തെ ശിവൻ തന്റെ ഗളത്തിൽ അണിഞ്ഞിരിക്കുന്നു . ഈ ചാപത്തിൽ വച്ച് പ്രയോഗിക്കുന്ന ശിവന്റെ അസ്ത്രമാണ് മഹത്തായ പാശുപതം . ഈ അസ്ത്രം സൂര്യപ്രഭയോടും കാലാഗ്നി തുല്യവുമായതാണ് . ഈ അസ്ത്രമേറ്റാൽ സർവ്വബ്രഹ്മാണ്ഡവും ഭസ്മമായിപ്പോകും . ബ്രഹ്‌മാസ്‌ത്രമോ നാരായണാസ്ത്രമോ ഐന്ദ്രാസ്ത്രമോ ആഗ്നേയവാരുണങ്ങളോ ഈ അസ്ത്രത്തിന് തുല്യമാവുകയില്ല . മുൻപ് ഭഗവാൻ പരമശിവൻ ത്രിപുരത്തെ നശിപ്പിച്ചത് ഈ അസ്ത്രത്താലാണ് . ബ്രഹ്‌മാവും വിഷ്ണുവും ഉൾപ്പെടെയുള്ള ദേവന്മാരിൽ ആരും ഈ അസ്ത്രമേറ്റാൽ വധിക്കപ്പെടുന്നതാണ് . ഈ അസ്ത്രത്തിനു മേലായി മറ്റൊരസ്ത്രവുമില്ല .

[ മഹാഭാരതം അനുശാസനപർവ്വം അദ്ധ്യായം 14 ].




അർജ്ജുനനും പാശുപതവും

പാണ്ഡവരുടെ വനവാസക്കാലത്ത് അർജ്ജുനൻ യുധിഷ്ഠിരനിൽ നിന്നും മന്ത്രം സ്വീകരിച്ചു അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അസ്ത്രസമ്പാദനത്തിനായി വനത്തിലേക്ക് പുറപ്പെട്ടു . അവിടെ വച്ച് അദ്ദേഹം ഇന്ദ്രനെ ദർശിക്കുകയും അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം ഭഗവാൻ പരമശിവനെ പ്രത്യക്ഷനാക്കുവാനുദ്ദേശിച്ചു ഘോരമായ തപസ്സിൽ മുഴുകുകയും ചെയ്തു . അർജ്ജുനന്റെ തപസ്സിൽ പ്രീതനായ ഭഗവാൻ പരമശിവൻ ഒരു കിരാതന്റെ രൂപത്തിൽ വനത്തിൽ എത്തിച്ചേരുകയും അർജ്ജുനന്റെ തപസ്സു നോക്കി നിൽക്കുകയും ചെയ്തു . ആ സമയം മൂകൻ എന്നുപേരായ ഒരു അസുരൻ വലിയൊരു കാട്ടുപന്നിയുടെ രൂപത്തിൽ അര്ജ്ജുനന് നേരെ തേറ്റ ഉയർത്തിക്കൊണ്ടു പാഞ്ഞുവരികയും അർജ്ജുനൻ ആ അസുരന് നേരെ ശക്തമായ ഒരസ്ത്രം പ്രയോഗിക്കുവാൻ തുനിയുകയും ചെയ്തു . ആ സമയം കിരാതൻ അർജ്ജുനനെ തടുത്തുകൊണ്ടു ഇങ്ങനെ പറഞ്ഞു . " ഈ പന്നിയെ ആദ്യം ഉന്നം വച്ചതു ഞാനാണ് . അതിനാൽ ഇതിനെ വധിക്കേണ്ടതും ഞാനാണ് ". അർജ്ജുനൻ അത് വകവയ്ക്കാതെ അസ്ത്രമയയ്ക്കുകയും കിരാതനും ഒരസ്ത്രം പ്രയോഗിക്കുകയും ചെയ്തു . രണ്ടു അസ്ത്രങ്ങളും ഒരുമിച്ചേറ്റ് അസുരൻ പന്നിയുടെ രൂപം വെടിഞ്ഞു ചത്തുവീണു . തുടർന്ന് അർജ്ജുനനും കിരാതനും പന്നിയുടെ വധത്തെച്ചൊല്ലി തർക്കമാരംഭിച്ചു . അവർ തമ്മിൽ ഭയങ്കരമായ യുദ്ധം നടക്കുകയും ചെയ്തു. കിരാതനു നേരെ അർജ്ജുനൻ ആദ്യമായി ഒരു ശരമയച്ചു . വേടൻ അർജ്ജുനന്റെ ശരങ്ങളെ സസന്തോഷം ഏറ്റു . അവർ ശരങ്ങൾ പരസ്പരം വർഷിച്ചു . "ഹേ മന്ദ , ഇനിയും അയയ്ക്കൂ . ഇനിയും അസ്ത്രം പ്രയോഗിക്കൂ"- എന്ന് കിരാതമൂർത്തി വിളിച്ചു പറഞ്ഞു . അർജ്ജുനൻ പിന്നീട് സർപ്പവിഷോഗ്രങ്ങളായ ശരങ്ങൾ അയയ്ച്ചുവെങ്കിലും അതൊന്നും കിരാതനെ ബാധിക്കുകയുണ്ടായില്ല മുഹൂർത്തം ശരവർഷം 


തത് പ്രതിഗൃഹ്യ പിനാകധൃക്
അക്ഷതേന ശരീരേണ തസ്ഥൗ ഗിരിരിവാചല

[മഹാഭാരതം, വനപർവ്വം ,അദ്ധ്യായം 39 , ശ്ളോകം 37 കൈരാത ഉപപർവ്വം]


 ഒരു മുഹൂർത്ത നേരം പിനാകധാരിയായ ദേവൻ ശരമേറ്റുകൊണ്ടു നിന്നു .എന്നിട്ടും യാതൊരു മുറിവുമേൽക്കാത്ത പർവ്വതതുല്യമായ ശരീരത്തോടെ അദ്ദേഹം നിന്നു.


ഇത് കണ്ടു അർജ്ജുനൻ വിസ്മയഭരിതനായി . ആരായിരിക്കും ഈ കിരാതനെന്നു അർജ്ജുനൻ ചിന്തിച്ചു . മർമ്മഭേദികളായ അസംഖ്യം ബാണങ്ങൾ പ്രയോഗിച്ചിട്ടും കിരാതൻ ചിരിച്ചുകൊണ്ട് തന്നെ നിന്നു . ഒടുവിൽ ദിവ്യമായ അർജ്ജുനന്റെ ആവനാഴിയിലെ ബാണങ്ങൾ ഒടുങ്ങിപ്പോയി . തുടർന്ന് ഗാണ്ഡീവം കൊണ്ട് കിരാതനെ അടിക്കുകയും , ഞാണു കൊണ്ട് വലിക്കുകയുമൊക്കെ ചെയ്തു . കിരാതൻ വില്ലു പിടിച്ചുവാങ്ങി . അതോടെ വില്ലും അർജ്ജുനനു നഷ്ടമായി . തുടർന്ന് പർവ്വതഭേദിയായ വാളൂരി അർജ്ജുനൻ കിരാതന്റെ ശിരസ്സിൽ വെട്ടി . എന്നാൽ വാള് കിരാതന്റെ ശക്തമായ ശിരസ്സിലേറ്റു പൊട്ടിത്തകർന്നുപോയി . പിന്നീട് മുഷ്ടികൊണ്ട് പൊരുതി . മുഹൂർത്തനേരം പൊരുതിയെങ്കിലും മഹാദേവൻ അർജ്ജുനനെ പിടിച്ചു ഞെരിച്ചു ഞെക്കി മുറുക്കി വീർപ്പുമുട്ടിച്ചു ബോധം കെടുത്തി വീഴ്ത്തി . കുറച്ചു കഴിഞ്ഞു ബോധം വീണ്ടെടുത്ത അർജുനൻ ഇനി ഭഗവാൻ ശിവൻ തന്നെ ശരണമെന്നു നിനച്ചു ശിവപൂജയാരംഭിച്ചു . ശിവവിഗ്രഹത്തിൽ അർച്ചിച്ച പുഷ്പങ്ങൾ കിരാതന്റെ ശിരസ്സിൽ ശോഭിക്കുന്നത് കണ്ടു കിരാതരൂപത്തിലെത്തി തന്നെ പരീക്ഷിച്ചത് ഭഗവാൻ പരമശിവനാണെന്നു അര്ജ്ജുനന് മനസ്സിലായി . തുടർന്ന് അർജ്ജുനൻ കിരാതനോട് ക്ഷമായാചനം ചെയ്യുകയും , കിരാതരൂപത്തിൽ വന്ന ഭഗവാൻ ശിവൻ തന്റെ യഥാർത്ഥരൂപത്തിൽ അര്ജ്ജുനന് പ്രത്യകഷനായി പാശുപതാസ്ത്രം നല്കുകയും ചെയ്തു . തുടർന്ന് ഭഗവാൻ ഇങ്ങനെ പറഞ്ഞു . 


" അർജ്ജുനാ , ഇന്ദ്രൻ , യമൻ , വരുണൻ , കുബേരൻ , വായു തുടങ്ങി ഒരു ദേവന്മാർക്കും ഈ അസ്ത്രം സിദ്ധിച്ചിട്ടില്ലെന്നറിയുക . പ്രപഞ്ചത്തിലെ ത്രിലോകങ്ങളിലെ സർവ്വ ചരാചരങ്ങളും പാശുപതമേറ്റാൽ ഭസ്മമായിപ്പോകും . വാക്കു , നോട്ടം , മനസ്സ് , വില്ലു എന്നിവയാൽ പാശുപതം പ്രയോഗിക്കാവുന്നതാണ് ". 


തുടർന്ന് ആ അസ്ത്രത്തിന്റെ പ്രയോഗ - ഉപസംഹാര വിധികളും മന്ത്രങ്ങളുമെല്ലാം അര്ജ്ജുനന് ഉപദേശിച്ചിട്ടു ശിവൻ മറഞ്ഞു . ശിവനിൽ നിന്നും അർജ്ജുനൻ മഹത്തായ അസ്ത്രം നേടിയതറിഞ്ഞു അത്ഭുതസ്തബ്ധരായ ദേവന്മാർ അർജ്ജുനനിൽ വളരെയധികം പ്രീതരായിത്തീരുകയും അവരെല്ലാം അവരവരുടെ അസ്ത്രങ്ങൾ അര്ജ്ജുനന് നല്കി അനുഗ്രഹിക്കുകയും ചെയ്തു .
ശിവനിൽ നിന്നും പാശുപതാസ്ത്രം നേടിയെങ്കിലും അർജ്ജുനൻ ജീവിതത്തിലൊരിക്കലും അതുപയോഗിച്ചിട്ടില്ല . അത് ഉപയോഗിക്കാതിരിക്കാൻ അർജ്ജുനൻ തീരുമാനിക്കുന്നതിന് കാരണം വ്യാസമുനി വർണ്ണിച്ചിട്ടുണ്ട് .


അവലംബം : [ മഹാഭാരതം , ഉദ്യോഗപർവ്വം , അദ്ധ്യായം 196 , ശ്ളോകങ്ങൾ 7 മുതൽ 15 വരെ ]



"അർജ്ജുനാ , നിനക്ക് എത്ര ദിവസങ്ങൾ കൊണ്ട് ശത്രുസേനയെ നശിപ്പിക്കുവാൻ സാധിക്കും ?" - എന്ന് യുധിഷ്ഠിരൻ ചോദിച്ചതിന് മറുപടിയായി അർജ്ജുനൻ ഇങ്ങനെ പറയുന്നു. "വാസുദേവനോടു കൂടിയ രഥത്തിലേറി , ഇക്കണ്ട മൂന്നു ലോകവും ഭൂതവും ഭാവിയും വർത്തമാനവും സകല ചരാചരങ്ങളേയും വെറും ഒരു നിമിഷം കൊണ്ട് ഞാൻ മുടിച്ചു കളയുന്നതാണ് . അതിനു കാരണം, ദേവാധിദേവനായ മഹാദേവൻ നൽകിയ പാശുപതാസ്ത്രമാണ് . കിരാത ദ്വന്ദ്വയുദ്ധത്തിൽ ലഭിച്ച ആ മഹാസത്രം എന്റെ കൈവശമുണ്ട് .



ലോകസംഹാരത്തിനുവേണ്ടി ലോകനാഥനായ പശുപതി യുഗാന്തത്തിൽ ഉപയോഗിക്കുന്ന അസ്ത്രമാണത് . ഗംഗാപുത്രനായ ഭീഷ്മനോ , ദ്രോണനോ , കൃപനോ , അശ്വത്ഥാമാവിനോ , സൂതപുത്രനോ ഈ അസ്ത്രമില്ല . എന്നാൽ ദിവ്യാസ്ത്രം സാധാരണക്കാരായ പ്രജകളിൽ പ്രയോഗിക്കുന്നത് ശെരിയല്ലാത്തതു കൊണ്ട് , ആ അസ്ത്രം ഞാൻ ഉപയോഗിക്കുകയില്ല ." ഉദ്യോഗപർവ്വം , അദ്ധ്യായം 196 , ശ്ളോകങ്ങൾ 11 , 12 ,13 ശ്രദ്ധിക്കുക .
സാമരാനാപി ലോകാംസ്ത്രീൻ സർവ്വാൻ സ്ഥാവര ജംഗമാൻ



ഭൂതം ഭവ്യം ഭവിഷ്യം ച നിമേഷാദിതി മേ മതി : ( 11)
യദ് തദ്‌ ഘോരം പശുപതി പ്രദാദസത്രം മഹന്മമ
കൈരാതെ ദ്വന്ദ്വയുദ്ധേ തു തദിദം മയി വർത്തതേ ( 12 )
യദ് യുഗാന്തേ പശുപതി : സർവ്വ ഭൂതാനി സംഹരൻ
പ്രയുക്തേ പുരുഷവ്യാഘ്ര തദിദം മയി വർത്തതേ ( 13 )
(ഭാഷാ അർത്ഥം )


(അർജ്ജുനൻ യുധിഷ്ഠിരനോട് പറയുന്നു ) " ദേവന്മാരുൾപ്പെടെയുള്ള ( സാമരാനാപി = അമരന്മാർ ( ദേവന്മാർ ) ഉൾപ്പെടെ ) മൂന്നു ലോകവും സകല ചരാചരങ്ങളേയും , ഭൂതം ഭവ്യം ഭവിഷ്യത്തും ഒരു നിമിഷം കൊണ്ട് എനിക്ക് മുടിക്കുവാൻ സാധിക്കും . അതിനു തക്കതായ ഘോരമായ അസ്ത്രം - പശുപതിയായ ശിവൻ നൽകിയത് എന്റെ കൈവശമുണ്ട് . കൈരാത ദ്വന്ദ്വയുദ്ധത്തിൽ എനിക്ക് ലഭിച്ചതാണത് . യുഗാന്തത്തിൽ പശുപതിയായ ശിവൻ സർവ്വ ഭൂതങ്ങളേയും സംഹരിക്കാനാണ് ആ അസ്ത്രം ഉപയോഗിക്കുന്നത് . അത് എന്റെ കൈവശമുണ്ട് " .


അപ്പോൾ ഇതിൽ നിന്നും നമുക്ക് മനസ്സിലാകുന്നത് , ലോകത്തെ മുഴുവൻ നശിപ്പിക്കാനായി ശിവൻ യുഗാന്തത്തിൽ ഉപയോഗിക്കുന്ന അസ്ത്രമാണ് പാശുപതം എന്നാണു . ദേവന്മാരുൾപ്പെടെയുള്ള ത്രിലോകവും വെറും ഒറ്റ നിമിഷം കൊണ്ട് ആ അസ്ത്രം നശിപ്പിച്ചു കളയും . ദേവന്മാരിൽ പെടുന്നതാണല്ലോ ദേവേന്ദ്രനും മറ്റുമൊക്കെ ? അപ്പോൾ അവരും അർജ്ജുനൻ പാശുപതം പ്രയോഗിച്ചാൽ ചത്തൊടുങ്ങും . സർവ്വ ചരാചരങ്ങളും നശിച്ചു പ്രളയം വരും . അപ്പോൾ ലോകക്ഷേമത്തെ മുൻനിറുത്തിയാകണം അർജ്ജുനൻ ജീവിതത്തിലൊരിക്കലും മാരകമായ ഈ അസ്ത്രം ഉപയോഗിക്കാതിരുന്നത് .

No comments:

Post a Comment