ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, April 24, 2017

പിംഗള പഠിപ്പിച്ച പാഠം - ഭാഗവതത്തിലൂടെ.....


സ്പര്‍ശസുഖവും ശ്രോതൃസുഖവുംപോലെ പ്രധാനമാണ് രസനാസുഖവും. നാവിനുരുചിയുള്ള ഭക്ഷണത്തിനുവേണ്ടി ഒന്നുമാലോചിക്കാതെ പ്രവര്‍ത്തിച്ചതാണ് മത്സ്യത്തിനു പറ്റിയ പറ്റ്. ആരോ ചൂണ്ടയില്‍ കൊളുത്തിയിട്ട ആഹാര വസ്തുവിനെ ഓര്‍ത്ത് ചൂണ്ടക്കൊളുത്തില്‍ കേറിപ്പിടിച്ച മത്സ്യത്തിന് ജീവിതം നഷ്ടമാകുന്നു. അതുകൊണ്ട് രസനാസുഖത്തിനുവേണ്ടിയാകരുത് ആഹാരം. രസനാസുഖത്തിനെ ജയിക്കാന്‍ കഴിഞ്ഞാല്‍ തന്നെ മറ്റ് ഇന്ദ്രിയങ്ങളെ കീഴടക്കാന്‍ എളുപ്പമാകും.
”താവജ്ജിതേന്ദ്രിയോ ന സ്യാ-
ദ്വിജിതാന്യേന്ദ്രിയഃ പുമാന്‍
ന ജയേദ് രസനം യാവ-
ജ്ജിതം സര്‍വം ജിതേരസേ”

രസനയെ ജയിക്കാതെ മറ്റിന്ദ്രിയങ്ങളെയൊക്കെ ജയിച്ചാലും ഒരാള്‍ ജിതേന്ദ്രിയനാകുന്നില്ല. രസനയെ ജയിക്കാനായാല്‍ മറ്റ് ഇന്ദ്രിയങ്ങളെയെല്ലാം ജയിക്കാം. അതിനാണ് നിരാഹാരവ്രതവും മറ്റും വിധിച്ചിട്ടുള്ളത്.

പ്രകൃതിനിരീക്ഷണത്തിന്റെ ഭാഗമായി അവധൂതന്‍ വേശ്യാഗൃഹത്തിലും സന്ദര്‍ശിച്ചു. വിദേഹ നഗരത്തില്‍ പിംഗള എന്ന ഒരു വേശ്യാസ്ത്രീയുണ്ടായിരുന്നു. അവളില്‍നിന്ന് പഠിച്ചതെന്തെന്നറിയേണ്ടേ?

ദേഹത്തില്‍ അവശ്യം ആകര്‍ഷണത്തിനുള്ള പൂര്‍ണ പ്രയോഗാദികളൊക്കെ ചെയ്ത്, ആടയാഭരണങ്ങളുമണിഞ്ഞ് പിംഗള പുറത്തെ വാതില്‍ക്കല്‍ കാത്തുനിന്നു. രമിപ്പിക്കാന്‍ സമര്‍ത്ഥനും കൈവശം ഏറെ പണമുള്ളവനുമായ യുവാവിനെ ആകര്‍ഷിച്ച് സങ്കേതത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു ഉദ്ദേശ്യം. മാര്‍ഗത്തില്‍വരുന്ന പുരുഷന്മാരെയെല്ലാം അവള്‍ പ്രത്യേകം വീക്ഷിച്ചു. അവരുടെ ചെറുപ്പവും കീശയുടെ വലിപ്പവും എല്ലാം ശ്രദ്ധിച്ച് അവരെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ പലരും അവളരെ ശ്രദ്ധിക്കാതെ കടന്നുപോയി. ഇടയ്ക്കിടെ അകത്തുപോയി വീണ്ടും തീരിച്ചുവരും. മനസ്സ് വെപ്രാളപ്പെട്ടു കൊണ്ടേയിരുന്നു. ഇന്ന് ഇതുവരെ ആരും വന്നില്ലല്ലോ എന്നോര്‍ത്ത് വിഷമിച്ചു. കാത്തുകാത്തുനിന്ന് പാതിര കഴിഞ്ഞു. ആരെയും കിട്ടിയില്ല. ഉറക്കമൊഴിച്ചതുമാത്രം മിച്ചം. മുഖം വാടിത്തളര്‍ന്നു. ഒടുവില്‍ മനസ്സു മടുത്തു. അങ്ങനെ വൈരാഗ്യമുണ്ടായി. വിഷയങ്ങളോട് വെറുപ്പുവന്നു. സുഖാവഹമായ പരമജ്ഞാനത്തിലേക്ക് മനസ്സ് പ്രവേശിച്ചു. ജ്ഞാനമുദിച്ചപ്പോള്‍ പരമാനന്ദം സ്ഫുരിച്ചു. അവള്‍ ആനന്ദത്തിലാറാടി. ആനന്ദ നടനത്തിലായി. അവള്‍ പാടി.

ബാലിശമായ കാമപൂര്‍ത്തീകരണത്തിനു വേണ്ടിയുള്ള മോഹവലയത്തിലായിരുന്നു താനിതുവരെ.

”സന്തം സമീപേ രമണം രതി പ്രഭം
വിത്തപ്രദം നിത്യമിമം വിഹായ
അകാമദം ദുഃഖഭയാദിശോക
മോഹപ്രദം തുച്ഛമഹം ഭജേളജ്ഞാ”

മന്മഥ മന്മഥനായ സാക്ഷാല്‍ ഭഗവാന്‍ സമീപത്തു തന്നെയുണ്ടായിട്ടും ഞാന്‍ ഇതുവരെ തിരിച്ചറിഞ്ഞില്ലല്ലോ. രതിപ്രദനും രമിപ്പിക്കുന്നവനുമായി എന്നും എന്റെ നാഥനായി കൂടെയുണ്ടായിരുന്ന ഐശ്വര്യദാതാവായ ആ ഭഗവാനെ വിട്ടാണല്ലോ ഞാന്‍ കാമം നല്‍കാത്തവനും ദുഃഖഭയശോകങ്ങള്‍ മാത്രം നല്‍കുന്നവനുമായ തുച്ഛനായ കാമുകനെ മോഹിച്ചു നടന്നത്, കഷ്ടം.

എല്ലാം തരുന്ന ഭഗവാനെ വിട്ട് ഞാന്‍ എന്റെ മനസ്സിനെത്തന്നെ വഞ്ചിക്കുകയും ക്ലേശിപ്പിക്കുകയും ചെയ്തു. മലമൂത്രാദി ദുര്‍ഗന്ധപൂരിതമായ നവദ്വാര സംയുക്തമായ മുളങ്കൂടിനെയാണല്ലോ ഞാന്‍ ഇത്രനാളും കാമിച്ചത്. ദേഹാഭിമാനമില്ലാത്തവരുടെ നാടായ വിദേഹത്തില്‍ ഞാനൊരുത്തി മാത്രമാണ് മൂഢബുദ്ധി. കഷ്ടം. ഈ ദേഹത്തില്‍ തന്നെയിരിക്കുന്ന പുരുഷോത്തമനെ ആദരിക്കാതെ, ഒരിക്കലും നശിക്കാത്ത അച്യുതനെ വെടിഞ്ഞ് ഞാന്‍ അന്യത്തെ ആഗ്രഹിച്ചുവല്ലൊ.

ഏതായാലും ഇനി പരമപ്രേമത്തിന്റെ ഇരിപ്പിടമായ ആ നാഥനോടൊത്ത് മാത്രം ഇനി ഞാന്‍ രമിക്കും. അങ്ങനെ ഞാനും രമയെപ്പോലെയാകും.

”നൂനം മേ ഭഗവാന്‍ പ്രീതോ വിഷ്ണു കേനാപികര്‍മണാ
നിര്‍വേദോളയം ദുരാശായാ യന്മേ ജാതഃ സുഖാവഹഃ”

ഞാന്‍ എന്നോ ചെയ്ത ഏതോ കര്‍മത്തിനാല്‍ തീര്‍ച്ചയായും വിഷ്ണു എന്നോട് സംപ്രീതനാണ്. അതുകൊണ്ടാണ് ദുര്‍വിഷയങ്ങളില്‍ നിന്നും എനിക്ക് വൈരാഗ്യമുണ്ടാക്കിത്തീര്‍ത്തത്. ഈ സുഖം ഭഗവത് കാരുണ്യം തന്നെയാണ്.

ഇന്നു ഞാന്‍ മന്ദഭാഗ്യയല്ല, ഭാഗ്യവതി തന്നെയാണ്. ഇനി ഞാന്‍ ഗ്രാമ്യസംഗത്തേയും ദുരാശകളേയും വെടിഞ്ഞ് സര്‍വാധീശനായ ഭഗവാനെത്തന്നെ ശരണം പ്രാപിക്കും. കിട്ടുന്നതുകൊണ്ട് സന്തോഷിച്ചു ഞാന്‍ ജീവിക്കും. ഈ നാഥനോട് ചേര്‍ന്ന് രസിക്കും നിശ്ചയം. ”ആത്മൈവ ഹ്യാത്മനോ ഗോപ്താ” ആ പരമാത്മാവു തന്നെ ഈ ജീവാത്മാവിന്റെ രക്ഷിതാവായിരിക്കും. ആ പരമാത്മാവിനെത്തന്നെ ഞാന്‍ ശരണം പ്രാപിക്കും. ഇങ്ങനെയെല്ലാം പാടിയുറപ്പിച്ചുകൊണ്ട് പിംഗള അകത്തു ചെന്ന് സുഖമായിക്കിടന്നുറങ്ങി.

പിംഗളയില്‍നിന്ന് പഠിച്ച പാഠങ്ങള്‍ അവധൂതന്‍ യദു മഹാരാജാവിന് വിശദീകരിച്ചുകൊടുത്തു.

”ആശാഹി പരമം ദുഃഖം 
നൈരാശ്യം പരമം സുഖം
യഥാ സംഛിദ്യ കാന്താശാം 
സുഖം സുഷ്വാപ പിംഗളാ”

ആശയാണ് ദുഃഖത്തിന് കാരണമെന്നും ആശ ഒഴിവായാല്‍ പരമമായ സുഖം ലഭിക്കുമെന്നും പിംഗള എന്നെ പഠിപ്പിച്ചുതന്നു.

No comments:

Post a Comment