ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, April 20, 2017

ശാസ്താവും ബുദ്ധനും; പൊരുത്തക്കേടുകള്‍ ഏറെ


ചിലര്‍ ശാസ്താവിനെ ബുദ്ധനോട് തുലനം ചെയ്യുന്നു. എന്തേ ശ്രീബുദ്ധനോടിത്ര പ്രേമം എന്നു ചിന്തിക്കുമ്പോഴാണ് ഇവരുടെ ലക്ഷ്യം വ്യക്തമാകുന്നത്. ബുദ്ധമതം, ഏറെക്കാലമായി ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും മതപരിവര്‍ത്തനം നടത്തുന്നതിനുള്ള ഒരിടത്താവളമായിരുന്നു. എന്തിനേറെ, ക്രിസ്തുമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും ആവിര്‍ഭാവത്തിനു തന്നെ ബുദ്ധമതം ഉതകിയിട്ടുണ്ടെന്ന് നിസ്തര്‍ക്കമായ പണ്ഡിതാഭിപ്രായമാണ്.

പ്രതിഷ്ഠാ വിഗ്രഹങ്ങളിലെ ‘സാമ്യത’യാണ് പ്രധാനമായ ഒരു വാദഗതി. പരിശോധിക്കാം.

1. ശ്രീധര്‍മശാസ്താവ്/അയ്യപ്പന്‍ ശബരിമലയില്‍ സ്ഥിതിചെയ്യുന്നത്, വീരാസനത്തില്‍ കാല്‍പാദങ്ങള്‍ പീഠത്തില്‍ ഉറപ്പിച്ച വിധത്തിലാണ്. ശ്രീബുദ്ധനാകട്ടെ പത്മാസനത്തിലാണ്.

2. അയ്യപ്പന് ഇരുകാലുകളെയും ബന്ധിപ്പിക്കുന്ന ‘പട്ടബന്ധ’മുണ്ട്. ബുദ്ധന് അങ്ങനെ രൂപമില്ല.

3. ശാസ്താവിന് വലതുകൈ, കാല്‍മുട്ടില്‍ സ്പര്‍ശിച്ചുകൊണ്ട് ‘ചിന്മുദ്ര’ കാട്ടുന്നു. ബുദ്ധവിഗ്രഹങ്ങളില്‍ ഇരുകൈകളും മടിയില്‍.

4. ഇടതുകൈ, വലതുകാല്‍ മുട്ടുകളിലൂടെ നീട്ടി വച്ചിരിക്കുന്നു. ഇങ്ങനെയൊരു ഭാവം ബുദ്ധനില്ല.

5. അയ്യപ്പന്‍ നീലവസ്ത്ര ധാരിയാണ്-ബുദ്ധന്‍ പീത വസ്ത്രധാരി.

6. ശാസ്താവിന് ‘കുതിരയാണ്’വാഹനം. ആനയും പുലിയുംകൂടി വാഹന സങ്കല്‍പ്പമുണ്ട്-ബുദ്ധന് വാഹനമില്ല.

7. ശാസ്താവിന് ചുരികയും ചൂരല്‍ ദണ്ഡും അമ്പും വില്ലും ആയുധമായുണ്ട്. ആയുധ സങ്കല്‍പ്പം ബുദ്ധനില്ല.

8. ശാസ്താവ് മൃഗയാ (വേട്ട) വിനോദമാകുമ്പോള്‍ ബുദ്ധന്‍ അഹിംസാവാദിയാണ്.

9. അയ്യപ്പന്‍ മഹിഷീമര്‍ദ്ദനനും, യുദ്ധം ചെയ്യുന്നവനും (വാവര്‍) ഉദയനനെ വധിച്ച ദേവനുമാണ്.

10. ശാസ്താവ് ഹരിഹരസുതനാണ്. ബുദ്ധന്‍ മനുഷ്യപുത്രനാണ്.

11. ശ്രീധര്‍മശാസ്താവിന്റെ ചില വിഗ്രഹങ്ങളില്‍, പൂര്‍ണ, പുഷ്‌കല എന്ന ഭാര്യമാരും സത്യകന്‍ എന്ന പുത്രനേയും കാണാം. ശ്രീബുദ്ധന്റെ ഒരു രൂപത്തിലും ഇപ്രകാരമുള്ള സ്ഥിതിയില്ല.

12. ഓരോ ക്ഷേത്ര സങ്കല്‍പ്പത്തിലും ദേശാധിപത്യപരിധിയുണ്ട്. (സംരക്ഷണ മേഖല) അയ്യപ്പന് കടലോടുമല-പാണ്ഡി-രാമേശ്വര സംരക്ഷണമാണ് പ്രതിഷ്ഠാ സമയം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇന്ന് ഈ പരിധിക്കപ്പുറം അഖിലലോകമാണ്.

13. ബുദ്ധന്‍ മതസ്ഥാപകനാണ്, അയ്യപ്പന്‍ മതസ്ഥാപകനല്ല.

14. ബുദ്ധമതത്തില്‍ ”ബുദ്ധന്‍ ശരണം”, ”സംഘം ശരണം” എന്നതിലുപരി ”ദൈവം ശരണം” എന്ന ദര്‍ശനില്ല. ധര്‍മശാസ്താവ്, ഭൂതനാഥനും പരായഗുപ്തനും ആര്യതാതനും കലിയുഗവരദനും ശനികാരകനും സര്‍വോപരി താരകബ്രഹ്മവുമാണ്.

15. ശാസ്താവ്, ശരണം ഈ രണ്ടു പദങ്ങളെ ബുദ്ധനുമായി ബന്ധിപ്പിക്കുവാന്‍ ഉപയോഗപ്പെടുത്തുന്നു. ശാസിതനെന്നും ശരണാഗതര്‍ക്ക് ആശ്രയമെന്നതും ഗുണഗണങ്ങളാണ്. മിക്കവാറും എല്ലാ സഹസ്രനാമങ്ങളിലും കാണുന്നപദങ്ങളാണിവ.

ധര്‍മ്മ ശാസ്താവിന്റെ ഈശ്വരസങ്കല്‍പ്പവുമായി ഒരുതരത്തിലും ബുദ്ധമതത്വങ്ങളെ സാമ്യപ്പെടുത്തുവാനാകുകയില്ല. ആഗമ-നിഗമ, ചതുര്‍വേദ, ശ്രുതികളെ ബുദ്ധമതം അനുസന്ധാനം ചെയ്യുന്നില്ല. അതിനാല്‍ ഒരതിരുവരെ നിരീശ്വരപരമാണ് ബുദ്ധമതം. അതാണ് ഈ മതത്തിന്റെ ശിഥിലീകരണത്തിനും ക്ഷീണത്തിനും അടിസ്ഥാനപരമായ കാരണം.
ശ്രീധര്‍മശാസ്താവും അയ്യപ്പനും ശ്രീബുദ്ധനല്ല എന്നുറപ്പായും വിശ്വസിക്കാം.

സി.പി. ഗോപാലകൃഷ്ണന്‍

-----------------------------------------------------------------------------------------

മുകളിൽ കൊടുത്തിരിക്കുന്ന ലേഖനത്തില്‍ പൊരുത്തക്കേടുകള്‍



”ചിലര്‍ ശാസ്താവിനെ ബുദ്ധനോട് തുലനം ചെയ്യുന്നു” എന്നാരംഭിക്കുന്ന ആ ലേഖനത്തില്‍ സൂചിപ്പിച്ച ‘ചിലര്‍’, അതുപോലെ ‘പണ്ഡിതാഭിപ്രായമാണ്’ എന്നതിലെ പണ്ഡിതര്‍ ആരാണെന്ന് സൂചിപ്പിക്കാതെയാണ് തന്റെ അഭിപ്രായം വായനക്കാരില്‍ ചെലുത്തുവാന്‍ അദ്ദേഹം ശ്രമിക്കുന്നത്.

കൃതയുഗത്തിലെ കൂര്‍മ്മാവതാരത്തോടൊപ്പമാണ് പ്രത്യേക കാരണത്താല്‍ ധര്‍മ്മശാസ്താവ് ഹരിഹരപുത്രനായി ജന്മമെടുത്തത്. അതേസമയം, ത്രേതായുഗവും ദ്വാപരയുഗവും കഴിഞ്ഞ്, കലിയുഗം പകുതി പിന്നിട്ടപ്പോഴാണ് ശ്രീബുദ്ധ ജനനം (അവതാരം).

മലയാളികളടക്കം ഇതര സംസ്ഥാനങ്ങളിലെ ചെറു വിഭാഗമാണ് ബലരാമനെ ശ്രീ വിഷ്ണുവിന്റെ അവതാരമായി ആരാധിക്കുന്നത്. വിഷ്ണുവിന്റെ ശയനവാഹിയായ അനന്തനായിരുന്നു, ശ്രീരാമാവതാരത്തില്‍ ലക്ഷ്മണനും ശ്രീകൃഷ്ണാവതാരത്തില്‍ ബലരാമനും. ഇതര സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം ജനങ്ങള്‍ക്ക് ശ്രീബുദ്ധന്‍ വിഷ്ണുവിന്റെ, ശ്രീകൃഷ്ണനുശേഷമവതരിച്ച നവമാവതാരമാണ്.

മഞ്ചേശ്വരത്തെ ഒരു ക്ഷേത്രത്തിലും എറണാകുളത്തെ ആഞ്ജനേയ ക്ഷേത്രത്തിലും ശ്രീകോവിലിന് ചുറ്റുമുള്ള ദശാവതാര ബിംബങ്ങളില്‍ ബലരാമനില്ല. എന്നാല്‍ ശ്രീബുദ്ധനുണ്ട്.
ശ്രീ മാധ്വാചര്യന്റെ അദ്വൈത സിദ്ധാന്തത്തെ അനുകരിക്കുന്ന ഹൈന്ദവ സമുദായക്കാരാണ് ശ്രീബുദ്ധനെ അവരുടെ ഹിന്ദുക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

പൂജാവേളയില്‍, ”ഓം മത്സ്യായ നമഃ, രാമായ നമഃ, കൃഷ്ണായ നമഃ” എന്നതിനു ശേഷം ബൗദ്ധായ നമഃ, കല്‍ക്കൈ നമഃ എന്നുച്ചരിച്ചാണിവര്‍ പൂജ നടത്തുന്നതെന്ന കാര്യം ഗോപാലകൃഷ്ണനദ്ദേഹത്തിന് അറിയില്ലായെന്ന് തോന്നുന്നു.

വാ. ലക്ഷ്മണ പ്രഭു, എറണാകുളം






No comments:

Post a Comment