ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, April 25, 2017

സുഷുപ്തിയുടെ പശ്ചാത്തലം



സുഷുപ്തിയില്‍ ബോധാവസ്ഥ ഇല്ലാതാകുന്നില്ലെന്നും, ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ ത്രികാലഭേദങ്ങള്‍ക്കതീതമായ പ്രജ്ഞാവൈഭവം സുഷുപ്തിയുടെ ആ ഘട്ടത്തിലും ചിലപ്പോള്‍ പരിമിത ബോധതലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടെന്നതിനുമുള്ള ഒരു ഉദാഹരണം സ്വന്തം അനുഭവത്തില്‍ നിന്നു പറയാം. ഇങ്ങനെയുള്ള അനുഭവങ്ങള്‍ പൊതുവെ എല്ലാവരിലും പ്രസക്തമാണ് എന്നാല്‍ തിരക്കുകള്‍ക്കിടയില്‍ ബോധത്തിന്റെ അജ്ഞാതമാനങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന ഇത്തരം അനുഭവങ്ങള്‍ വിഗണിക്കപ്പെടുകയാണ് പതിവ്.

പയ്യന്നൂരില്‍ താമസിച്ചിരുന്ന കാലം രാവിലെ അഞ്ചുമണിക്കുള്ള ട്രെയിന്‍ കിട്ടാന്‍ മൂന്നരയ്ക്ക് തന്നെ ഉണര്‍ന്നു തയ്യാറാകണം. ആഗ്രഹിക്കുന്ന സമയത്ത് സാധാരണയായി ഉണരുമെന്നതിനാല്‍ അലാറത്തിന്റെ സഹായം തേടാറില്ല. പക്ഷേ അന്ന് അങ്ങനെ ഉണര്‍ന്നില്ല. ഗാഢനിദ്രയിലായിപ്പോയി. അപ്പോള്‍ ശക്തമായ ഒരു സ്വപ്നം മനസ്സിന്റെ യവനികയില്‍ തെളിഞ്ഞുവന്നു. മംഗലാപുരത്തുനിന്നുള്ള ട്രെയിന്‍ വേഗത്തില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിയെത്തുന്നു. അത് കിട്ടാനായി പാളത്തിന് സമാന്തരമായുള്ള റോഡിലൂടെ ഒരാള്‍ അതിവേഗം ഓടുന്നു. പെട്ടെന്ന് ഉണര്‍ന്നെഴുണീറ്റു. കൃത്യം മൂന്നരമണി! സുഷുപ്തിയുടെ അവസരത്തില്‍ മസ്തിഷ്‌കത്തില്‍ നിന്ന് പശ്ചാത്തലത്തിലേത്ത് മാറിനിന്ന ബോധത്തിന്റെ കാലാതീതമായ ഒരു മാനം അങ്ങനെ സ്വപ്നംവഴി മസ്തിഷ്‌കത്തിലൂടെ ഇടപെട്ട് ജാഗ്രദവസ്ഥയെ പ്രവര്‍ത്തനരംഗത്തേക്ക് വിളിച്ചുണര്‍ത്തുകയായിരുന്നു.

കാലത്തെ ലംഘിച്ച് ഭാവിസംഭവങ്ങളുടെ സൂചനപോലും നേരത്തെ അറിയിക്കുന്ന സ്വപ്നങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. ഫ്രോയിഡുള്‍പ്പെടെയുള്ള മനശ്ശാസ്ത്രജ്ഞന്മാര്‍ ഇതേക്കുറിച്ച് ആശയക്കുഴപ്പത്തിലായിട്ടുണ്ട്. ഇവയെ സ്വന്തം സിദ്ധാന്തങ്ങളുടെ പരിധിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തില്‍ പലരും പരാജയപ്പെടാറുമുണ്ട്. സുഷുപ്തിയെയും മരണത്തെയുമൊക്കെ അതിക്രമിച്ചു നില്‍ക്കുന്ന ഒരു മാനമാണ് ബോധത്തിനുള്ളതെന്നു സൂചിപ്പിക്കുന്നവയാണ് ഇത്തരം അനുഭവങ്ങള്‍. സുഷുപ്തി, സ്വപ്നം, ജാഗ്രദ് എന്നീ ബോധാവസ്ഥകള്‍ പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ്. ഇതിനെയൊക്കെപ്പറ്റി അല്‍പ്പമൊന്ന് അദ്ഭുതപ്പെട്ടിട്ട് നിഗൂഢമെന്ന് തള്ളിക്കളഞ്ഞിട്ട് പ്രായോഗികരാകുകയാണ് നമ്മുടെ സാധാണ പതിവ്. ‘പ്രായോഗിക’ മനുഷ്യന്‍ ഇന്ന് എത്തിനില്‍ക്കുന്നത് എവിടെയാണ്? എല്ലാവരേയും തീച്ചൂളയില്‍ വരട്ടിയെടുക്കാന്‍ ഇന്ന് അധികം പേരൊന്നും ആവശ്യമില്ല, ചില ഭ്രാന്തമനസ്സുകള്‍ ചില ബട്ടണുകള്‍ അമര്‍ത്തിയാല്‍ മതി.

പിടികിട്ടാത്തവയെ അന്ധവിശ്വാസം, നിഗൂഢത എന്നൊക്കെ തള്ളിക്കളയാതെ ബോധത്തിന്റെ സ്വഭാവത്തെയും ഉദാത്ത സാധ്യതകളെയും കുറിച്ച് ശാസ്ത്രീയമായി ആഴത്തില്‍ മനസ്സിലാക്കുവാനുള്ള ശ്രമമാണ് ഈ ഭ്രാന്തിനുള്ള പ്രതിവിധി. ധ്യാനത്തിന്റെ പ്രസക്തിയെക്കുറിച്ച് ശാസ്ത്രീയവും യുക്തിയുക്തവുമായി അറിയാനുള്ള ശ്രമത്തില്‍ ഇക്കാര്യങ്ങളെല്ലാം പരിഗണനയില്‍ കൊണ്ടുവരുന്നത് സഹായകമാകും.

ബോധം ദ്രവ്യത്തിന്റെ യാദൃച്ഛിക ഉല്‍പ്പന്നമാണെന്ന 18-ാം ശതകത്തിലെ ശാസ്ത്രവീക്ഷണത്തിന്റെ സ്വാധീനതയില്‍ നിന്ന് ശാസ്ത്രം ഇന്ന് വിമുക്തമാകേണ്ടിയിരിക്കുന്നു. കട്ടി വസ്തുവായ അനേകമനേകം പരമാണുക്കളുടെ സംഘാതങ്ങളില്‍ നിന്ന് രൂപംപ്രാപിച്ച സൂക്ഷ്മ സ്ഥിതികളായാണ് വൈദ്യുതിയേയും ബോധത്തെയുമൊക്കെ ശാസ്ത്രം പരിഗണിച്ചത്. മൂര്‍ത്തമായ എല്ലാത്തിന്റെയും അടിസ്ഥാനം അമൂര്‍ത്തമായ ഊര്‍ജമാണ് എന്ന് ശാസ്ത്രം ഇന്ന് കണ്ടെത്തിയതോടെ വൈദ്യുതി ദ്രവ്യത്തിന്റെ ഒരു ഉല്‍പ്പന്നമല്ല, അതിന്റെ തന്നെ അടിസ്ഥാന ശക്തിയാണെന്ന് വ്യക്തമായി. അപ്പോള്‍ ബോധത്തിന്റെ അടിസ്ഥാനം അന്വേഷിച്ചു ചെല്ലേണ്ടത് ദ്രവ്യത്തിലല്ല ഊര്‍ജ്ജത്തിലാണ്. രണ്ടും ഒന്നുതന്നെയാണോ? ആണെന്നാണ് വേദാന്തത്ത്വദര്‍ശനം-ശിവ-ശക്തി!

No comments:

Post a Comment