ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, April 24, 2017

ദ്വന്ദങ്ങള്‍ അസ്തമിക്കുന്നതാണ് യോഗം



അര്‍ജ്ജുനനെ ഉപാധിയാക്കിവച്ചുകൊണ്ട് സകലലോകര്‍ക്കും വേണ്ടി പറഞ്ഞതാണ് ഗീത. ഓരോരുത്തര്‍ക്കും അവരുടേതായ കര്‍മ്മഭൂമി; ചിലര്‍ക്ക് യുദ്ധം, ചിലര്‍ക്ക് കുടുംബപ്രാരാബ്ധം, ചിലര്‍ക്ക് പഠനം, ചിലര്‍ക്ക് കായ യുദ്ധവും കൊലയും നടക്കാന്‍ പോകുന്ന കുരുക്ഷേത്രയുദ്ധഭൂമിയില്‍ വച്ചാണ് തന്റെ ബന്ധുക്കളോടുള്ള മമതകൊണ്ട് തളര്‍ന്നുപോയ അര്‍ജ്ജുനനെ ഉയിര്‍ത്തെഴുന്നേല്പിക്കാന്‍ പര്യാപ്തമായ തത്വവിജ്ഞാനധാരയായ ഭഗവദ്ഗീത കൃഷ്ണന്‍ ഉപദേശിച്ചത്.

‘അര്‍ജ്ജുനനെ എന്തിനു യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചു’ എന്നു പ്രത്യേകം ചോദിക്കേണ്ടതില്ല; കാരണം, ഇവിടെ നന്മയോ തിന്മയോ പ്രത്യേകിച്ചൊന്നുമില്ല എന്നു ഭഗവാന്‍ തന്നെ മറ്റൊരു സന്ദര്‍ഭത്തില്‍ ഉദ്ധവരോട് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. പോരാത്തതിന് അര്‍ജ്ജുനന്‍ ഒരു സൈനികനാണ്; സ്വരാജ്യത്തെ ശത്രുക്കളില്‍നിന്നും സംരക്ഷിക്കുക എന്നതാണ് സൈനികനില്‍ അര്‍പ്പിതമായ കര്‍മ്മം. അതില്‍ നിന്നും ഏതൊരു കാരണവശാലും പിന്തിരിയുന്നത് അഭികാമ്യമല്ല; അങ്ങനെ ചെയ്താല്‍ രാഷ്ട്രം തകര്‍ന്നുതരിപ്പണമാകും. ‘എല്ലാം എന്റെ തന്നെ ഭാഗമായി കരുതുക; ഇതു ഗുണം, ഇതു ദോഷം എന്നു വേര്‍തിരിച്ചു കാണുന്നത് ദോഷം; അങ്ങനെ വേര്‍തിരിച്ചു കാണാത്ത ഗുണം. വ്യത്യാസം കാണുന്നതെല്ലാം മനസ്സിന്റെ ഓരോ കാഴ്ചപ്പാടുകള്‍ മാത്രം’ എന്നു ഭഗവാന്‍ പറഞ്ഞു. അതിനാല്‍ യുദ്ധത്തെ ക്രൂരപ്രവൃത്തി (ദോഷം) എന്നോ, ഈശ്വരഭജനത്തെ സദ്പ്രവര്‍ത്തി എന്നോ പറയേണ്ടതില്ല.

അതത് സമയത്തെ സാഹചര്യം എന്താവശ്യപ്പെടുന്നുവോ അതാണ് ഒരാള്‍ക്ക് ആ സമയത്തെ ധര്‍മ്മം. യുദ്ധം ചെയ്യുമ്പോള്‍ ആ സമയത്തെ സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് ഭംഗിയായി യുദ്ധം ചെയ്യുക; ഒരു സമയത്ത് ഈശ്വരഭജനം ചെയ്യുമ്പോള്‍ അതു വളരെ ഭംഗിയായി ചെയ്യുക. ‘ഇന്നത് നീചം’, ‘ഇന്നത് മാത്രം നന്മ’ എന്ന വേര്‍തിരിവുകള്‍ ഇല്ലാതിരിക്കുന്നതുതന്നെ നന്മ. സാഹചര്യമനുസരിച്ച്, ‘താന്‍ ചെയ്യുന്നു’ എന്ന ധാരണ ലവലേശമില്ലാതെ കര്‍മ്മം ചെയ്യുക; അതിനെ സ്വധര്‍മ്മം എന്നുപറഞ്ഞുപോലും ചെയ്യേണ്ടതില്ല. വിശ്വരൂപദര്‍ശനം നല്ല സുവ്യക്തമായി അറിഞ്ഞ ഒരാള്‍ ‘എന്താണ് സ്വധര്‍മ്മം’ എന്നുപോലും ചോദിക്കുകയില്ല; എല്ലാം ഒരേയൊരു മഹാശക്തി നടത്തിക്കൊണ്ടുപോകുന്നു എന്ന ധാരണ ഉള്ളില്‍ പാറപോലെ ഉറയ്ക്കും.

പ്രപഞ്ചത്തിലെ സകലതും നടത്തിക്കൊണ്ടുപോകുന്ന ആ നിയതിക്കു വഴങ്ങിക്കൊടുക്കുകയാണ് ഏറ്റവും ഉചിതമായ വഴി; അവിടെ കര്‍തൃത്വവുമില്ല ഭോക്തൃഭാവവുമില്ല. പ്രകൃതിയിലേക്കൊന്നു കണ്ണോടിച്ചാല്‍ ഇതു വളരെ വ്യക്തം; കാറ്റ് വീശുന്നത് ‘താന്‍ ചെയ്യുന്നു’ എന്നുപറഞ്ഞുകൊണ്ടല്ല, അഗ്‌നി ജ്വലിക്കുന്നത് ‘താന്‍ ചെയ്യുന്നു’ എന്നുപറഞ്ഞുകൊണ്ടല്ല, ജലം ഒഴുകുന്നതും മരങ്ങള്‍ പൂത്ത് കായിടുന്നതും ഒന്നും ‘താന്‍ ചെയ്യുന്നു’ എന്നുപറഞ്ഞുകൊണ്ടല്ല; അതിനാല്‍ അവയ്‌ക്കൊന്നും യാതൊരുവിധ പാപഭാരങ്ങളുമില്ല. ഗീതാതത്വത്തെ വ്യക്തമായി അറിയേണ്ടതുണ്ട്.

കര്‍മ്മ-ഭക്തി-ജ്ഞാനമാര്‍ഗ്ഗങ്ങളെ യോഗമായി ചെയ്യുമ്പോള്‍ ഒരുവിധ കര്‍തൃത്വ-ഭോക്തൃത്വ ഭാവങ്ങളും പാപചിന്തയും ബാധിക്കുന്നില്ല. ‘കര്‍മ്മം ചെയ്യുന്ന ഒരാള്‍’, ‘ഭക്തി ചെയ്യുന്ന ഒരാള്‍’, ‘ജ്ഞാനമാര്‍ഗ്ഗത്തില്‍ ചരിക്കുന്ന ഒരാള്‍’ എന്നൊക്കെയുള്ള സകല ഭാവങ്ങളും വിട്ടുപോയി ആ സ്ഥാനത്ത് ഭഗവാന്‍ മാത്രം അവശേഷിക്കുന്നതാണ് ‘യോഗസ്ഥിതി’; ‘താന്‍ ചെയ്യുന്നു’ എന്ന തെറ്റിദ്ധാരണ അല്പംപോലും ഇല്ലാത്തതിനാല്‍ അയാളെ ഒരുവിധ ദുഃഖമോ പാപചിന്തകളോ ബാധിക്കുന്നില്ല. സകലപാപചിന്തകളും വിട്ടുപോയി, അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളായിത്തീരുന്നത്, ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവം അപ്പാടെ നീങ്ങി പ്രകൃതിയുടെ താളത്തിനു സ്വശരീരത്തെ വിട്ടുകൊടുക്കുമ്പോഴാണ്. അവിടെ ചെയ്യുന്നതും അനുഭവിക്കുന്നതുമെല്ലാം ഒരു പ്രത്യേക വ്യക്തിയല്ല; മറിച്ച് ഈശ്വരന്റെതന്നെ പ്രകടിതമായ പ്രകൃതി മാത്രം.
സുധാകരന്‍ നെടുമ്പിള്ളില്‍

No comments:

Post a Comment